സമ്മേളനം ബാക്കിയാക്കിയ ചിന്തകൾ

റിഷാദ് പൂക്കാടഞ്ചേരി

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

ഇസ്വ്‌ലാഹി കൈരളി കാത്തിരുന്ന കൂടിച്ചേരലാണ് 2023 ഫെബ്രുവരി 12ന് കോഴിക്കോട് കടപ്പുറത്ത് നടന്നത്. 2023 ജനുവരി എട്ടിന് സമ്മേളന പ്രഖ്യാപനം നടന്നതു മുതൽ പ്രവർത്തകർ നിരന്തര പരിശ്രമത്തിലായിരുന്നു. വെറും 34 ദിവസങ്ങൾക്കിടയിൽ കേരളത്തിന്റെ മുക്കുമൂലകളിൽ ഇടതടവില്ലാത്ത പ്രബോധന പ്രവർത്തനങ്ങൾ നടന്നു. ‘മാനവ രക്ഷയ്ക്ക് ദൈവിക ദർശനം’ എന്ന പ്രമേയത്തിന്റെ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.

ഒരു നൂറ്റാണ്ടിലധികമായി കേരളീയ സമൂഹത്തിൽ നവോത്ഥാന പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന പ്രസ്ഥാനം മനുഷ്യമനസ്സുകളോട് സംവദിച്ചും ഉൽബോധിപ്പിച്ചും പ്രശ്‌നപരിഹാരമാർഗങ്ങൾ നിർദേശിച്ചും വളർച്ചയുടെ വഴിയിലാണെന്ന ആത്മവിശ്വാസം നൽകുന്ന സമ്മേളനം. തികഞ്ഞ അച്ചടക്കത്തോടെ യുവജനങ്ങളും വിദ്യാർഥികളും കാരണവന്മാരും സ്ത്രീകളും കടപ്പുറത്ത് സാകൂതം സമ്മേളനം വീക്ഷിച്ചു. തുടങ്ങും മുമ്പുതന്നെ സദസ്സ് നിറഞ്ഞുകവിഞ്ഞു! കിലോമീറ്ററുകൾക്കപ്പുറം എൽ.ഇ.ഡി സ്‌ക്രീനിലൂടെ മാത്രം സമ്മേളനം കണ്ട പതിനായിരങ്ങൾ! സദസ്സിൽ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന പ്രയാസങ്ങളെയെല്ലാം അവഗണിച്ച് ക്ഷമയോടെ, ഹൃദയം തുറന്ന്, സാകൂതം വൈജ്ഞാനിക സംഗമത്തിന് സാക്ഷികളായവർ!

സമയനിഷ്ഠ പാലിച്ച് തുടങ്ങിയ പരിപാടിയെ പക്വമായ വാക്കുകൾകൊണ്ട് അഭിസംബോധന ചെയ്ത അതിഥികൾ. സമകാലിക സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന അളന്നു മുറിച്ച വിഷയാവതരണങ്ങൾ. വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിന് ജനഹൃദയങ്ങളിൽ അതുല്യമായ സ്ഥാനം നേടിക്കൊടുത്തത് അത് ഉയർത്തിപ്പിടിച്ച തെളിമയുള്ള ആദർശവും കളങ്കരഹിതമായ നിലപാടുകളും തന്നെയാണ്.

പരിശുദ്ധ ക്വുർആനിലും പ്രവാചകനിൽനിന്ന് സ്ഥിരപ്പെട്ട ഹദീസുകളിലും വിശ്വസിക്കലും അതനുസരിച്ച് ജീവിതം നയിക്കലും മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. അതിൽനിന്ന് എപ്പോൾ സമൂഹം അകന്നുപോകുന്നുവോ അപ്പോൾ അപചയത്തിന് തുടക്കംകുറിക്കും എന്നതിൽ സംശയമില്ല.

മനുഷ്യന് കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും ചിന്തിക്കാനുള്ള മസ്തിഷ്‌കവും രുചിക്കാനുള്ള നാവും സ്പർശിക്കാനുള്ള ത്വക്കും ചലിക്കാനുള്ള കാലുകളും പിടിക്കാനുള്ള കൈകളും ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും തുടങ്ങി എണ്ണമറ്റ അനുഗ്രഹങ്ങൾ നൽകിയ, ഈ പ്രപഞ്ചത്തിലെ സർവസ്വവും സൃഷ്ടിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് മാത്രം പ്രാർഥിക്കുക, അവന്റെ മുമ്പിൽ മാത്രം ശിരസ്സ് നമിക്കുക, അവനിൽ പങ്കുചേർക്കാതിരിക്കുക... ഇതൊക്കെ അനുഗ്രഹ ദാതാവിനോടു കാണിക്കുന്ന നന്ദിപ്രകടനമാണ്. ഇസ്‌ലാമിന്റെ അന്തസ്സത്തയാണിത്.

എന്നാൽ രക്ഷാമാർഗമന്വേഷിക്കുന്നവർക്ക് മുമ്പിൽ ആത്മീയ വാണിഭത്തിന്റെ കെണിയൊരുക്കി മനുഷ്യന്റെ ആശയും കീശയും പോക്കറ്റടിക്കാനായി പൗരോഹിത്യം ഉണർന്നിരിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പുനരാനയിക്കാൻ ഈ ആത്മീയ വ്യാപാരികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. മുസ്‌ലിം നവോത്ഥാന ചരിത്രത്തെ അപനിർമിക്കാനും നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സലഫി പ്രസ്ഥാന ചരിത്രത്തെ തമസ്‌കരിക്കാനുമാണ് പൗരോഹിത്യം കഠിനാധ്വാനം ചെയ്യുന്നത്.

സ്ത്രീയുടെ യഥാർഥ സുരക്ഷാമാർഗങ്ങളെ അപഹസിക്കുകയും പരസ്യക്കമ്പോളങ്ങളിലെ ഉപഭോഗ വസ്തുവാക്കി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നവർ സ്ത്രീ വിമോചകരാണെന്ന് സ്വയം അവകാശപ്പെടുന്ന വിരോധാഭാസം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

കുടുംബ, സാമൂഹിക സംവിധാനത്തെ നമ്മുടെ നാടിന്റെ സ്വാഭാവികതയിൽനിന്നും പാശ്ചാത്യൻ ക്രമങ്ങളിലേക്ക് പറിച്ചുനടാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. സ്വവർഗ ലൈംഗികതയിലേക്കും അതിരില്ലാത്ത സ്വതന്ത്രതാവാദത്തിലേക്കും യുവസമൂഹത്തെ ബോധപൂർവം നയിക്കുന്നവർക്ക് അധികാരികളുടെ ഒത്താശ ലഭിക്കുന്നുണ്ട് എന്ന കാര്യം ഗൗരവത്തോടെ കാണേണ്ടതാണ്. അധികാരമുള്ള ഫാസിസവും പടരുന്ന ലിബറലിസവും വർത്തമാനകാലത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ സമുദായ നേതൃത്വം സമൂഹത്തിന് വഴിവിളക്കാവണം.

പൊതുസ്ഥലങ്ങളിൽ പരസ്യമായി ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികമാണെന്ന പൊതുബോധം വളർന്നുവരികയാണ്. ഒരാൾ വിവസ്ത്രനായി പൊതുസമൂഹത്തിലേക്ക് വന്നാൽ പോലും അത് തെറ്റല്ലെന്നും ‘സ്വന്തം ചോയിസ്’ എന്ന നിലയിൽ അത് തടയാൻ പാടില്ലെന്നുമുള്ള നിലപാടിലേക്കാണ് സമൂഹത്തെ കൊണ്ടുപോകുന്നത്. മൃഗരതിയെയും ശവഭോഗത്തെയുംവരെ ന്യായീകരിക്കുന്ന ലിബറലുകൾ കുടുംബ സംവിധാനത്തിന്റെയും ധാർമികതയുടെയും അലകും പിടിയും തകർക്കുകയാണ് ചെയ്യുന്നത്.

ഇതുപോലെ കേരളീയ സമൂഹം ഇന്ന് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങളിലേക്കുള്ള ശ്രദ്ധക്ഷണിക്കലായും മുന്നറിയിപ്പായും സമ്മേളനം മാറി എന്നത് ശ്രദ്ധേയമാണ്. അളന്നുമുറിച്ച വാക്കുകളിലുള്ള വിവേകപൂർണമായ വിഷയാവതരണങ്ങളും നൂതന സാങ്കേതികവിദ്യ ഫലവത്തായി ഉപയോഗപ്പെടുത്തിയ ട്രാഫിക് നിയന്ത്രണവും സമ്മേളനത്തിന്റെ പ്രത്യേകതയായി പൊതുവെ ആളുകൾ അഭിപ്രായപ്പെടുന്നത് കേൾക്കാനായി. സമ്മേളന നഗരിയിലെ നമസ്‌കാരം മുൻകാല മുജാഹിദ് സമ്മേളനങ്ങളുടെ അനുഭവം പകർന്നു. കടപ്പുറം വിട്ട് അവസാനത്തെ മുജാഹിദ് പ്രവർത്തകനും നാട്ടിലേക്ക് തിരിച്ചത് ഓർമപ്പുസ്തകത്തിൽ ഒരിക്കലും മറക്കാത്ത ഒരു ഏട് തുന്നിച്ചേത്തുകൊണ്ടാണെന്ന് നിസ്സംശയം പറയാം.

സങ്കുചിതമായ സംഘടനാ താൽപര്യങ്ങൾ മാത്രം മുൻനിർത്തി, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം പ്രചരിപ്പിച്ചവർ സമ്മേള നഗരിയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയത്തെ കണ്ട് സ്വയം അപഹാസ്യരായി മാറിയിരിക്കുകയാണ്.

സമ്മേളനം കഴിഞ്ഞെന്നേയുള്ളൂ, പ്രവർത്തനങ്ങൾ നിലച്ചിട്ടില്ല. ഗ്രാമ ഗ്രാമാന്തരങ്ങളിൽ തൗഹീദിന്റെ ശബ്ദം ഇനിയും ഉയർന്നുകേൾക്കണം. അധാർമികതകൾക്കെതിരിൽ ധാർമിക മുന്നേറ്റം തുടരണം. ലഹരികൾക്കെതിരെ, ലൈംഗിക അരാചകത്വത്തിനെതിരെ, വർഗീയതയ്ക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുമെതിരെ...അങ്ങനെ സകലവിധ തിന്മകൾക്കുമെതിരെയുള്ള നിരന്തര പോരാട്ടം തുടരണം.