മിർസാ ഗുലാം എന്ന രുദ്ര ഗോപാലൻ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 മെയ് 06 , 1444 ശവ്വാൽ 14

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 14)

സുൽത്താൻ

1907 മാർച്ച് 28ന് അവതരിച്ചത്: ‘സുൽത്താൻ അബ്ദുൽ ക്വാദിർ’ ഈ ഇൽഹാമിൽ എന്നെ സംബോധന ചെയ്ത പുതിയ പേരാകുന്നു. സുൽത്താൻ മറ്റുള്ളവരുടെ ഭരണാധികാരി ആവുന്നപോലെ എന്നെ എല്ലാ ആത്മീയ ദർബാരികളുടെയും സുൽത്താൻ ആക്കിയിരിക്കുന്നു. അതായത് അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുന്നവർ എന്നെ അനുസരിക്കാതെ, അഥവാ സ്വന്തം ചുമലിൽ എന്റെ അനുസരണത്തിന്റെ നുകം പേറാതെ, ആ ബന്ധത്തിന് നിലനിൽപില്ല. അബ്ദുൽ ക്വാദിർ ജീലാനി പറഞ്ഞപോലെ ‘എല്ലാ ഔലിയാക്കളുടെയും പിരടിയിലാണ് എന്റെ കാലുകൾ വച്ചിരിക്കുന്നത്’(പേജ് 599).

അബ്ദുൽ ക്വാദിർ ജീലാനി(റ)യെപ്പോലെ മഹാന്മാരായ സൂഫിവരന്മാരുടെ സുൽത്താനാണ് താൻ എന്നാണ് വാദം.

‘19.7.1905 നാണ് വഹ്‌യ് വന്നത്. അതിൽ മുമ്പൊന്നും കേട്ടിട്ടില്ലാത്ത ഒരു പേരാണ് അല്ലാഹു എന്നെ വിളിച്ചത്. മുഹമ്മദ് മുഫ്‌ലിഹ്, വിജയിയായ മുഹമ്മദ് എന്നർഥം’(പേജ് 471).

സമാധാനത്തിന്റെ രാജകുമാരൻ

“ഒരിക്കൽ രണ്ടാം ഖലീഫ ബഷീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് പറഞ്ഞു: മസീഹിന്റെ പേരുകളിൽ അല്ലാഹു അദ്ദേഹത്തെ വിളിച്ച ഒരു പേരാണ് ‘സമാധാനത്തിന്റെ രാജകുമാരൻ’ എന്നത്’’ (പേജ് 677).

ശിപാർശകൻ

‘അല്ലാഹു തന്റെ വഹ്‌യിൽ എന്നെ ശഫീഉല്ലാഹ് എന്ന് വിളിച്ചു. അല്ലാഹുവിനോട് അവന്റെ അടിമകൾക്ക് വേണ്ടി ശിപാർശ ചെയ്യുന്നവൻ എന്നാണ് അതിന്റെ അർഥം’ (പേജ് 566).

അല്ലാഹുവിന്റെ സമ്മതപ്രകാരം ശിപാർശ ചെയ്യാൻ ഒരാൾക്ക് മാത്രമെ അർഹതയുള്ളൂ എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. അത് മറ്റാരുമല്ല, സൃഷ്ടികളിൽ ശ്രേഷ്ഠനും പ്രവാചകന്മാരുടെ നേതാവുമായ മുഹമ്മദ് നബി ﷺയാണ്.

മറ്റൊരു വഹ്‌യ് ഇങ്ങനെ: ‘അല്ലയോ അല്ലാഹുവിന്റെ മിശി ഹാ, ഞങ്ങൾക്ക് വേണ്ടി ശിപാർശ ചെയ്യേണമേ’ (പേജ് 635).

അവസാനകാലത്ത് മിർസാ ഗുലാം ഖാദിയാനിയെ പലതവണ സംബോധന ചെയ്തത് അനുഗൃഹീത നേതാവ് എന്നായിരുന്നുവത്രെ! ‘നീ അനുഗൃഹീതനായ നേതാവാകുന്നു. നിഷേധികളുടെ മേൽ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ’ (പേജ് 635).

161 വചനങ്ങളുള്ള ഒരു ‘സൂറ’ യുടെ 16,17 സൂക്തങ്ങൾ ഇങ്ങനെ വായിക്കാം: ‘തീർച്ചയായും നീ നമ്മുടെ കൺമുമ്പിൽ തന്നെയുണ്ട്. നിനക്ക് നാം ഭരമേൽപിക്കുന്നവൻ (മുതവക്കിൽ) എന്ന് പേരിട്ടിരിക്കുന്നു’ (പേജ് 294).

അല്ലാഹു ചോദിക്കുമത്രേ!

‘ഒരു ജാഗ്രദ് ദർശനത്തിൽ മാലിയർകോട്ടിലെ നവാബിന്റെ ചിത്രം കാണിച്ചുകൊണ്ട് അവതരിച്ച ഇൽഹാം ‘ഹുജ്ജതുല്ലാഹ്’ എന്ന് മാത്രമായിരുന്നു. വിശദീകരണം തോന്നിപ്പിച്ചത് ഇങ്ങനെ: താങ്കൾ സ്വന്തം സമൂഹത്തിലും സഹോദരങ്ങളിലും നിന്ന് വേർപ്പെട്ടത് വ്യക്തിപരമായ കാര്യത്തിനല്ല. പുനരുത്ഥാനദിനത്തിൽ അവരോട് ചോദിക്കും; ഇന്നയാൾ നിങ്ങളിൽനിന്ന് വ്യത്യസ്തമായി സത്യത്തെ കണ്ടെത്തി സ്വീകരിച്ചുവല്ലോ. നിങ്ങൾ എന്തുകൊണ്ട് അത് ചെയ്തില്ല? നിങ്ങളെപ്പോലെ ഒരാളായിരുന്നു അദ്ദേഹവും. അല്ലാഹു അദ്ദേഹത്തിന് ഹുജ്ജതുല്ലാഹ് എന്ന പേര് വെച്ചിരിക്കുന്നു. ഇവർക്ക് രചനയിലൂടെയും പ്രഭാഷണത്തിലൂടെയും മറ്റെല്ലാ നിലക്കും താങ്കൾ ഹുജ്ജത്ത് പൂർത്തീകരിക്കണം’ (പേജ് 383).

ക്വുർആനിലും അന്ത്യദൂതനിലും വിശ്വസിച്ചവർക്ക് ഈ ചോദ്യത്തിന് മറുപടി പറയാൻ ഒട്ടും പ്രയാസമുണ്ടാവില്ല.

അടുത്ത ‘വഹ്‌യ്’ ഇങ്ങനെ വായിക്കാം: ‘സൽമാൻ നമ്മിൽ പെട്ടവനാണ്; അഹ്‌ലുബൈത്തിൽ.’ ‘ഈ ഇൽഹാമിലൂടെ അല്ലാഹു എനിക്ക് നൽകിയ പേരാണ് സൽമാൻ’ (പേജ് 314).

താൻ സൽമാനുൽ ഫാരിസിയുടെ വംശപരമ്പരയിൽ പെട്ടവനാണ് എന്ന അവകാശവാദം ഉന്നയിക്കുന്നതിന്റെ മുന്നോടിയായാണ് ഇങ്ങനെയൊരു ഇൽഹാം സമർപ്പിച്ചിട്ടുള്ളത്.

ബിൻനബി

ഒരിക്കൽ അല്ലാഹു ഇങ്ങനെ മിർസാ ഖാദിയാനിയെ വിളിച്ചുവത്രെ: ‘അല്ലാഹുവിന്റെ ദൂതരുടെ പുത്രാ, നിശ്ചയം, ഞാൻ നിന്റെ കൂടെയുണ്ട് ‘ (പേജ് 490).

1905 നവംബർ 20നാണ് ഈ വഹ്‌യ് അവതരിച്ചത്. തനിക്ക് തോന്നിയപോലെയൊക്കെ അല്ലാഹു സംബോധന ചെയ്യുന്നു എന്നാണ് മിർസ പറയുന്നത്.

ദിവ്യപ്രഭാവം

‘‘സ്വപ്നത്തിൽ മുഹമ്മദ് ഹുസൈൻ ബട്ടാലവിയെയും മൗലവി അബ്ദുല്ലാ ചക്ടാലവിയെയും ഞാൻ കണ്ടു. ഞാൻ അവരോട് പറഞ്ഞു: ‘റമദാനിൽ സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിച്ചു. നിങ്ങൾ ഇരുവരുടെയും നാഥന്റെ ഏത് ദൃഷ്ടാന്തത്തെയാണ് കളവാക്കുന്നത്?’ പിന്നീട് ഞാൻ സ്വപ്നത്തിൽ തന്നെ മൗലവി അബ്ദുൽകരീമിനോട് പറഞ്ഞു: ഈ സൂക്തത്തിൽ ‘ആലാ’ (പ്രതിഭാസം) എന്നതുകൊണ്ട് എന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളത് ’’(പേജ് 361).

റമദാനിലെ സൂര്യചന്ദ്ര ഗ്രഹണങ്ങൾ അല്ല, താൻ തന്നെയാണ് വഹ്‌യിൽ പറയപ്പെട്ട ദൃഷ്ടാന്തം എന്നാണ് മിർസ അവകാശപ്പെടുന്നത്.

ക്വമറുൽ അമ്പിയാഅ്

സുദീർഘമായ ഒരു സൂക്താവലിയിൽ 310ാമത്തെ വചനം ഇങ്ങനെയാണ്: ‘നബിമാരുടെ ചന്ദ്രൻ വരും. നിന്റെ കാര്യം പൂർത്തീകരിക്കും’ (പേജ് 561).

ഇവിടെ ക്വമറുൽ അമ്പിയാഅ് എന്ന് പ്രയോഗിച്ചത് തന്നെക്കുറിച്ചാണെന്ന് മിർസ അവകാശപ്പെടുന്നു.

26.12.1905ന് അവതരിച്ച വഹ്‌യിൽ അല്ലാഹു ഇങ്ങനെ സംബോധന ചെയ്തത്രെ: ‘ഹേ ചന്ദ്രാ, ഹേ സൂര്യാ നീ എന്നിൽനിന്നാണ്, ഞാൻ നിന്നിൽനിന്നും’ (പേജ് 500).

സമീന്ദാർ

‘വളരെ തെളിഞ്ഞ ഒരു ജാഗ്രദ് ദർശനത്തിൽ വെളിപ്പെട്ടു: ഹാരിസ് എന്ന പേരിൽ ഒരാൾ, അഥവാ ഹർറാസ് വരാനുണ്ടെന്ന് അബൂദാവൂദ് എഴുതിയത് ഈ വിനീതനെ ഉദ്ദേശിച്ചുകൊണ്ടാകുന്നു’ (പേജ് 141,142).

തെളിഞ്ഞ ദർശനമാണ്, പക്ഷേ, പേര് ഹാരിസ് ആണോ ഹർറാസാണോ എന്ന് ഒരു കൃത്യതയുമില്ല!

‘ഹാരിസ് എന്നാൽ സമീന്ദാർ, ഹർറാസ് എന്നാൽ വലിയ ജന്മി. ഈ രണ്ട് പദവികളും മസീഹിന് നന്നായി ചേരും’ എന്നാണ് അടിക്കുറിപ്പിലെ വിശദീകരണം.

വൈദ്യരുടെ മകൻ

‘ഞാൻ നിനക്ക് കുഷ്ഠം, അന്ധത, പക്ഷാഘാതം പോലുള്ള, ആളുകൾ വെറുക്കുന്ന രോഗം ഒന്നും തരില്ല’ എന്ന് ‘അല്ലാഹു’ പറയുന്നത് ‘അബ്ദുൽ ഹകീം’ എന്ന് വിളിച്ചുകൊണ്ടാണ് (പേജ് 572).

വൈദ്യരുടെ മകനായതുകൊണ്ടാവാം അങ്ങനെ വിളിച്ചത്. അദ്ദേഹത്തിന്റെ മൂത്രവാർച്ചയും മരണകാരണമായ കോളറയും മനുഷ്യർ ഇഷ്ടപ്പെടുന്ന രോഗങ്ങളായിരിക്കും!

വീണ്ടും മറ്റൊരു പേരിൽ ‘അല്ലാഹു’ വിളിച്ചു: ‘അല്ലയോ അബ്ദുർറാഫിഅ്, നിശ്ചയം ഞാൻ നിന്നെ എന്നിലേക്ക് ഉയർത്തും’ (പേജ് 97).

ഗോപാലകൃഷ്ണൻ

ഈസായും മൂസായും ദാവൂദുമൊക്കെ ആയപോലെ കൃഷ്ണനും ഗോപാലനുമൊക്കെയായി മിർസ ഒടിമറിയുന്നതാണ് അടുത്ത ഘട്ടം. “1900ൽ ഒരു ദർശനത്തിൽ സംസ്‌കൃത പണ്ഡിതനെ ഞാൻ കണ്ടു. വലിയ കൃഷ്ണഭക്തൻ! എന്നോട് പറഞ്ഞു: ‘രുദ്രഗോപാലാ, നിന്റെ അസ്തിത്വം ഗീതയിൽ രേഖപ്പെടുത്തിയിരിക്കുന്നു.’ അന്നേരം ഞാൻ മനസ്സിലാക്കി, ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ഒരു ദൈവനിയുക്തനെ പ്രതീക്ഷിക്കുന്ന കാലമാണിത്...’’ (പേര് 311).

“പിന്നീടൊരിക്കൽ ചതുരത്തിലുള്ള ഒരു സിംഹാസനത്തിൽ ഹിന്ദുക്കൾക്കിടയിൽ ഇരിക്കുന്നതായി ഞാൻ കണ്ടു. അവർ എല്ലാവരും ഒരുപാട് രൂപ നേർച്ചയായി എനിക്ക് തന്നു കൊണ്ടിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വിളിച്ചുപറഞ്ഞു: ‘ഹേ കൃഷ്ണ ജീ, രുദ്രഗോപാൽ ജീ’’ (പേജ് 312).

ആര്യന്മാരുടെ രാജാവ്

“ഒരിക്കൽ ഞാൻ കൃഷ്ണനെ കണ്ടു, നീണ്ട നാസികയും വിടർന്ന നെറ്റിത്തടവും കറുത്ത നിറവുമുള്ള കൃഷ്ണൻ തന്റെ മൂക്കും നെറ്റിത്തടവും എന്റെ മൂക്കിന്മേലും നെറ്റിയിലും ചേർത്തുവച്ചു. അപ്പോൾ ഇൽഹാം അവതരിച്ചു: ‘ആര്യന്മാരുടെ രാജാവ് വന്നു’’ (പേജ് 312,313).

1902: “നിരവധി ഹിന്ദുക്കൾ നമുക്ക് മുമ്പിൽ സുജൂദിലെന്ന പോലെ പ്രണമിക്കുന്നതായി ഞാൻ രണ്ടു തവണ സ്വപ്നത്തിൽ കണ്ടു. ‘ഇത് അവതാരമാകുന്നു, കൃഷ്ണനാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് എന്റെ മുമ്പിൽ നിവേദ്യങ്ങൾ അർപ്പിച്ചു’’ (പേജ് 343).

ഉണരുന്നതോടെ അവസാനിക്കുന്ന വെറും പാഴ് കിനാവുകളായി അവസാനിക്കുകയായിരുന്നു അവ. അവസാനകാലത്ത് വരും എന്ന് വിശ്വസിക്കപ്പെടുന്ന കൃഷ്ണാവതാരമാണ് താനെന്ന് മിർസാ ഖാദിയാനി വാദിച്ചെങ്കിലും ഹിന്ദുക്കൾ ആരും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല എന്നതാണ് ചരിത്രം!

തദ്കിറയിൽ ഇങ്ങനെ നിരവധി പേരുകളിൽ മിർസാ ഖാദിയാനിയെ സംബോധന ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ പറയാത്ത പലപേരുകളും ‘അല്ലാഹു തനിക്ക് വെച്ചിട്ടുണ്ട് ’എന്ന് അദ്ദേഹം ‘തതിമ്മയേ ഹഖീഖതുൽ വഹ്‌യി’ൽ എഴുതിയിട്ടുണ്ട്.

“അല്ലാഹുവിന്റെ പട്ടികയിൽ ഇബ്‌നു മർയം എന്ന് മാത്രമല്ല എനിക്ക് പേരുള്ളത്. ‘ബറാഹീനെ അഹ് മദിയ്യ’യിൽ അല്ലാഹു എന്റെ കൈകൾ കൊണ്ട് എഴുതിയ പേരുകൾ നിരവധിയാണ്. ഞാൻ ആദമാണ്, നൂഹാണ്, ഇബ്‌റാഹീമും മൂസയും ദാവൂദും ഈസയും മുഹമ്മദൂം ഞാൻ തന്നെ... അതുകൂടാതെ കൃഷ്ണന്റെയും രുദ്രഗോപാലന്റെയും പേരുകളും എനിക്കു നൽകപ്പെട്ടിരിക്കുന്നു’’ (പേജ് 84,85). ഇവിടെ പറഞ്ഞ ചില പേരുകൾ വഹ്‌യുകളുടെ സമ്പൂർണ സമാഹാരമെന്നവകാശപ്പെടുന്ന ‘തദ്കി റ’ യിൽ കാണാനില്ല. ഇടയ്‌ക്കെപ്പഴോ പേരുമാത്രം വിളിച്ചുണർത്തിയതാവാം!

മീർ മുഹമ്മദ് ഇസ്മയിൽ എഴു തി: “അല്ലാഹുവിന് 99 വിശിഷ്ട നാമങ്ങളുണ്ട്. മുഹമ്മദ് നബിﷺക്കുമുണ്ട് അത്രതന്നെ ഗുണനാമങ്ങൾ. എങ്കിൽ മസീഹിന് മാത്രം ഇല്ലാതിരിക്കുമോ? ഞാനവ എണ്ണി നോക്കി. അത്ഭുതമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ 99 നാമങ്ങൾ ഞാൻ ലിസ്റ്റ് ചെയ്തു. ‘അഹ്‌മദ്, മുഹമ്മദ്, മഹ്ദി, മസീഹ്, മറിയം, ആദം, നൂഹ്, ഇബ്‌റാഹീം, മൂസ, ഈസ, കൃഷ്ണൻ, രുദ്ര ഗോപാലൻ... അങ്ങനെ 99 നാമങ്ങൾ!’’

ഇങ്ങനെ നോക്കുമ്പോൾ ‘ആധുനിക പ്രവാചകന്റെ’ പേരു കൾ 99ൽ പോയിട്ട് പതിനായിരത്തിലും ഒതുങ്ങില്ല. പ്രവാചകന്മാർ തന്നെ ലക്ഷത്തിൽപരം നിയോഗിക്കപ്പെട്ടിട്ടുണ്ടല്ലോ.