ആഴക്കടലിലെ ഇരുട്ടും നരകത്തിലെ ഇരുട്ടും

അബ്ദുൽ മാലിക് സലഫി

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ടൈറ്റൻ എന്ന സമുദ്ര പേടകത്തിൽ യാത്രതിരിച്ച അഞ്ചുപേർ കടലിനടിയിൽവച്ച് ആ പേടകം പൊട്ടിത്തെറിച്ച് മരണപ്പെട്ട വാർത്തയാണ് കഴിഞ്ഞ മാസം മാധ്യമങ്ങൾ ഏറെ ചർച്ച നടത്തിയത്.

ഭൂമിയുടെ എഴുപത് ശതമാനമുള്ള കടലിലെ അത്ഭുതങ്ങൾ ഇന്നും മനുഷ്യനു മുന്നിൽ അജ്ഞാതമായിത്തന്നെ തുടരുന്നു.

വിരലിലെണ്ണാവുന്ന കിലോമീറ്ററുകൾ മാത്രമെ കടലിനടിയിലേക്ക് മനുഷ്യൻ എത്തിയിട്ടുള്ളൂ. അതു തന്നെയും ഏറെ കാലത്തെ പരിശ്രമത്തിനുശേഷം. കടലിന്റെ ആഴവും അതിനടിയിലെ ഇരുട്ടും മനുഷ്യർക്ക് ഇന്നും വലിയ വെല്ലുവിളിയാണെന്നർഥം! കടലിനടിയിൽ അനുഭവപ്പെടുന്ന ശക്തമായ സമ്മർദം പരീക്ഷണങ്ങൾക്കു മുന്നിൽ വലിയ പ്രതിസന്ധിയാണ്!

മനുഷ്യർ കണ്ടിട്ടില്ലാത്ത ജീവികൾ, ഗർത്തങ്ങൾ, പർവതങ്ങൾ, ചുഴികൾ... അങ്ങനെ പലതും കടലിനടിയിൽ ഉണ്ടത്രെ!

മനുഷ്യൻ പോലും നുരുമ്പിപ്പോകുന്ന തരത്തിലുള്ള സമ്മർദത്തെ അതിജീവിക്കാൻ പാകത്തിലുള്ള ജീവികളാണ് കടലിനടിയിലുള്ളത്! എല്ലാം മഹാത്ഭുതങ്ങൾ! മനുഷ്യൻ വസിക്കുന്ന ഭൂമിയിൽ അല്ലാഹു സംവിധാനിച്ചതാണിതൊക്കെ!

അഹങ്കാര സ്വരത്തോടെ കടലിൽ ഇറങ്ങിയവരെ ആഴ്ത്തിക്കളഞ്ഞ ചരിത്രവും കടലിന് പറയാനുണ്ട്. ഫിർഔനും കൂട്ടരും അതിനുദാഹരണമാണ്.

ഒരിക്കലും മുങ്ങില്ല എന്ന ഗമയോടെ യാത്രതിരിച്ച ആർഎംഎസ് ഒളിമ്പിക്, ആർഎംഎസ് ടൈറ്റാനിക്, എച്ച്എംഎച്ച്എസ് ബ്രിട്ടാനിക് എന്നീ പടുകൂറ്റൻ ആഡംബര കപ്പലുകൾ ഇന്ന് കടലിനടിയിലാണ്.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര ദുരന്തങ്ങളാണ് ഈ ‘അഹങ്കാര’ കപ്പലുകളുടെ അന്ത്യം!

ഇന്ന് മനുഷ്യർക്ക് ഏറ്റവും സുപരിചിതമായ അഞ്ച് പദങ്ങളിൽ ഒന്ന് ‘ടൈറ്റാനിക്’ ആണത്രെ! അതെ, കടൽ മനുഷ്യന് നൽകുന്നത് ശക്തമായ സന്ദേശം തന്നെ! സ്രഷ്ടാവിന്റെ ശക്തിയും മനുഷ്യന്റെ ദുർബലതയും കടൽ അറിയിക്കുന്നുണ്ട്.

കടലിനടിയിലെ ഇരുട്ട്

മനുഷ്യർ സമുദ്രശാസ്ത്രം പഠിച്ചുതുടങ്ങുന്നതിനു മുമ്പുതന്നെ, സമുദ്രാന്തർഭാഗത്തെ ഇരുട്ടിനെ കുറിച്ചും ഭീകരതയെ കുറിച്ചും ക്വുർആൻ വെളിപ്പടുത്തിയിട്ടുണ്ട്!

ആകാശഭൂമികളെയും ഭൂമിയി ലെ സമുദ്രങ്ങളെയും സംവിധാനിച്ച അല്ലാഹുവിൽനിന്നുള്ളതാണ് ക്വുർആൻ എന്നത് വെളിവാക്കുന്ന ശക്തമായ തെളിവാണിത്. സത്യനിഷേധികളുടെ പ്രവർത്തനങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു:

‘‘അല്ലെങ്കിൽ ആഴക്കടലിലെ ഇരുട്ടുകൾ പോലെയാകുന്നു (അവരുടെ പ്രവർത്തനങ്ങളുടെ ഉപമ). തിരമാല അതിനെ പൊതിയുന്നു. അതിനുമീതെ വീണ്ടും തിരമാല. അതിനുമീതെ കാർമേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. അവന്റെ കൈ എടുത്താൽ അതുപോലും അവൻ കാണുമാറാകില്ല. അല്ലാഹു ആർക്ക് പ്രകാശം നൽകിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല’’ (ക്വർആൻ 24:40).

ഈ ആയത്തിൽനിന്ന് ഗ്രഹിക്കാവുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1. കടലിന് അഗാധമായ ആഴമുണ്ട്.

2. ആഴക്കടലിൽ കൊടും ഇരുട്ടാണ്.

3. സ്വശരീരം തന്നെ ദൃശ്യയോഗ്യമല്ലാത്ത ഇരുട്ടാണ് കടലിനടിയിൽ.

4. ഇത്തരം ഇരുട്ടുകളിൽനിന്ന് രക്ഷപ്പെടുത്തുന്നവൻ അല്ലാഹു മാത്രമാണ്.

5. സത്യനിഷേധികളുടെ പ്രവർത്തനങ്ങൾ ഇതിന് സമാനമാണ്. അവരുടെ പ്രവർത്തനങ്ങൾ അവർക്കുതന്നെ വെളിച്ചമേകില്ല. ശിർക്കിന്റെ ഇരുട്ട് കടലിലെ അന്ധകാരങ്ങൾക്ക് സമാനമാണ്. അതിൽ അകപ്പെട്ടവനെ രക്ഷിക്കാൻ അല്ലാഹുവിനല്ലാതെ കഴിയില്ല!

നരകത്തിന്റെ ആഴവും ഇരുട്ടും

സ്രഷ്ടാവിന്റെ കൽപനകൾ ധിക്കരിക്കുന്നവർക്കുള്ളതാണ് നരകം. അതിഭീകരമാണ് അതിന്റെ ആഴം! മനുഷ്യർക്ക് ഭൂമിയിൽ ഇന്ന് സഞ്ചരിക്കാൻ കഴിഞ്ഞ ആഴം ഏറെ പരിമിതമാണ്. അതേസമയം നമ്മുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറത്താണ് നരകത്തിന്റെ ആഴം!

നബി ﷺ പറഞ്ഞു:

‘‘ഒരു ഭീമൻ കല്ല് നരകത്തിന്റെ ചാരത്തുനിന്ന് ഇട്ടാൽ 70 വർഷം സഞ്ചരിച്ചാലും അത് അടിയിലെത്തുകയില്ല!’’(സ്വഹീഹു തർഗീബ്: 3671).

നോക്കൂ! എത്രയാണതിന്റെ ആഴം! ഒരു ഭീമൻ കല്ല് എത്ര വേഗതയിൽ സഞ്ചരിക്കും! എന്നിട്ടും 70 വർഷം കഴിഞ്ഞാലും അതിന്റെ അടിത്തട്ടിലെത്തുന്നില്ല എന്നാണെങ്കിൽ അതിന്റെ ആഴത്തെ കുറിച്ച് അല്ലാഹുവിനല്ലാതെ അറിയില്ല!

നരകാഗ്‌നിയുടെ ആഴങ്ങളിൽ ആരാണ് രക്ഷക്കെത്തുക? ആർക്കും സാധ്യമല്ല. ഭൂമിയിലെ ആഴങ്ങളിൽതന്നെ മനുഷ്യർക്ക് തങ്ങളുടെ സമാനരെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല!

സമ്പത്തിന്റെ മടിത്തട്ടിൽ പിറന്നവരായിരുന്നിട്ടും സാങ്കേതിക വിദ്യകൾ അഭ്യസിച്ചവരായിരുന്നിട്ടും അഞ്ചുപേരാണ് ടൈറ്റൻ ദുരന്തത്തിൽ മരിച്ചത്! മനുഷ്യർ ഭുമിയിൽതന്നെ നിസ്സഹായരാവുന്ന രംഗം! എന്നിരിക്കെ നരഗാഗ്‌നിയുടെ ആഴത്തിൽ ആര് രക്ഷിക്കാനെത്തും? ആരുമില്ല! ആഴമേറിയ നരകത്തിന്റെ അടിത്തട്ടിൽ വസിക്കാൻ വിധിക്കപ്പെടുന്നവരുടെ അവസ്ഥ എത്രമാത്രം ഭീകരമായിരിക്കും!

ആഴത്തെക്കാൾ ഭീകരമാണ് നരകത്തിലെ കട്ടപിടിച്ച ഇരുട്ട്. ഇഹലോകത്തെ തീയിന് ചൂടിനൊപ്പം വെളിച്ചവും ഉണ്ടാവും. എന്നാൽ നരകത്തിലെ അഗ്‌നിക്ക് ഇഹലോകത്തെ ചൂടിനെക്കാൾ 69 ഇരട്ടി ചൂടുണ്ടാവും എന്നതാണ് പ്രാമാണങ്ങൾ നൽക്കുന്ന അറിവ്.

അതിന്റെ അഗ്‌നിയാവട്ടെ ടാറിനെക്കാൾ കറുത്തതായിരിക്കും! അഥവാ, ഒരു തുള്ളി പ്രകാശം പുറത്ത് വിടാത്ത അവസ്ഥ!

നബി ﷺ പറഞ്ഞു: ‘‘നരകത്തിലെ തീ നിങ്ങളുടെ ഈ തീ പോലെയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത് ടാറിനെക്കാൾ കറുത്ത തീ ആയിരിക്കും!’’ (സ്വഹീഹുത്തർഗീബ്: 3666).

നോക്കൂ! ടാർ എത്രമാത്രം കറുത്തതാണെന്ന് നമുക്കറിയാം. അതിനെക്കാൾ കറുത്തതായിരിക്കും നരകത്തീ എന്നാണ് നബി ﷺ പഠിപ്പിക്കുന്നത്! എന്തുമാത്രം ഇരുട്ടായിരിക്കും നരകത്തിലുണ്ടാവുക എന്നത് ഇതിൽനിന്നു വ്യക്തമാണ്.

പ്രകാശത്തിന്റെ കണികപോലും പുറത്ത് വരാത്ത കൂരിരുട്ടുള്ളതും അസഹനീയമായ ചൂടുള്ളതും ആഴമേറിയതുമായ നരകം! എന്തൊരു ഭയാനക ലോകം! ‘നരകം, എത്ര മോശമായ സങ്കേതം’ എന്ന് അല്ലാഹു ആവർത്തിച്ച് പറഞ്ഞിട്ടുള്ളത് വെറുതെയല്ല.

ആഴക്കടലിന്റെ അഗാധതയിൽ ഒറ്റപ്പെട്ട ഒരാളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ! ചുറ്റും കൂരിരുട്ട്! ശബ്ദിക്കാൻ പോലും കഴിയാത്ത അവസ്ഥ! ഭീകരജീവികൾ! കൊടും സമ്മർദവും തണുപ്പും! അയാളനുഭവിക്കുന്ന പ്രയാസങ്ങൾ അസംഖ്യവും അതിഭീകരവുമാണ്.

ഒരു പക്ഷേ, ചിലപ്പോൾ മനുഷ്യന്റെ ഭൗതിക സംവിധാനങ്ങളിലൂടെ അവന് രക്ഷപ്പെടാനായേക്കും. എന്നാൽ, നരകമോ? ഒരാൾക്കും രക്ഷപ്പെടാൻ കഴിയാത്ത, ഭീകരതയുടെ പര്യായം! അവൻ അട്ടഹസിക്കും! പക്ഷേ, ആര് കേൾക്കാൻ! ഭീകര ജീവികളാണ് നരകത്തിലുള്ളത്. അവിടെ ആരും തുണയുണ്ടാവില്ല! മരിക്കുമെന്നോ രക്ഷപ്പെടുമെന്നോ ഉള്ള പ്രതീക്ഷയും ഇല്ല.

അല്ലാഹു പറയുന്നു: ‘‘ആകയാൽ ഇന്ന് അവർ അവിടെ നിന്ന് പുറത്തയക്കപ്പെടുന്നതല്ല’’ (ക്വുർആൻ 46: 35).

‘‘അവിശ്വസിച്ചവരാരോ അവർക്കാണ് നരകാഗ്‌നി. അവരുടെ മേൽ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കിൽ അവർക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയിൽനിന്ന് ഒട്ടും അവർക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവർക്കും നാം പ്രതിഫലം നൽകുന്നു. അവർ അവിടെവച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്) ചെയ്തിരുന്നതിൽനിന്ന് വ്യത്യസ്തമായി ഞങ്ങൾ സൽകർമം ചെയ്തുകൊള്ളാം. (അപ്പോൾ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാൻ മാത്രം നിങ്ങൾക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാൽ നിങ്ങൾ അനുഭവിച്ചുകൊള്ളുക. അക്രമികൾക്ക് യാതൊരു സഹായിയുമില്ല’’ (35:36, 37).

കടലിനടിയിൽനിന്ന് അല്ലാഹു ഉദ്ദേശിച്ചവരെ അവൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. യൂനുസ് നബി(അ) ഉദാഹരണം. ഭീമൻ മത്സ്യത്തിന്റെ ഉള്ളിൽ അകപ്പെട്ട് ആഴിയുടെ അന്ധകാരത്തിലാണ് അദ്ദേഹം ചെന്നുപെട്ടത്. ഇരുട്ടിനു മേൽ ഇരുട്ടുള്ള സ്ഥലം! ആ കൂരിരുട്ടുകളിൽ വെച്ചാണ് അദ്ദേഹം ഇപ്രകാരം പ്രാർഥിക്കുന്നത്:

‘‘അനന്തരം ഇരുട്ടുകൾക്കുള്ളിൽനിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ആരാധനക്കർഹനുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു’’ (21: 87).

അല്ലാഹു ആ വിളി കേട്ടു! അവൻ മാത്രമെ അത് കേൾക്കൂ! അവൻ രക്ഷിക്കുകയും ചെയ്തു:

‘‘അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും ദുഃഖത്തിൽനിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു’’ (21:88).

റബ്ബിനോട് എപ്പോൾ പ്രാർഥിച്ചാലും അനുദ്ദേശിക്കുന്ന സമയത്ത് ഉത്തരമുണ്ട്! പടപ്പുകളോടാണെങ്കിൽ ഉത്തരം കിട്ടില്ല എന്നു മാത്രമല്ല അതിനെക്കാൾ ഇരുട്ടിലേക്കാണവൻ ചെന്ന് ചാടുക!

ആഴക്കടലിൽവച്ചും പടപ്പുകളെ വിളിച്ച് തേടാൻ പഠിപ്പിക്കുന്ന പുരോഹിതർ ജീവിക്കുന്ന നാടാണ് നമ്മുടേത് എന്നത് ഏറെ കൗതുകമുണർത്തുന്ന കാര്യം തന്നെ! വായ പൂടുന്നതിന് മുമ്പ് പടപ്പുകളോടുള്ള തേട്ടങ്ങൾക്ക് ഉത്തരം കിട്ടും എന്നാണിവർ പഠിപ്പിക്കുന്നത്! വല്ലാത്ത അവസ്ഥ തന്നെ!

അല്ലാഹു പറയുന്നു: ‘‘പറയുക: ‘ഇതിൽനിന്ന് (ഈ വിപത്തുകളിൽനിന്ന്) അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിൽ ആയിക്കൊള്ളാം’ എന്ന് പറഞ്ഞുകൊണ്ട് അവനോട് നിങ്ങൾ താഴ്മയോടെയും രഹസ്യമായും പ്രാർഥിക്കുന്ന സമയത്ത് കരയിലെയും കടലിലെയും അന്ധകാരങ്ങളിൽനിന്ന് നിങ്ങളെ രക്ഷിക്കുന്നത് ആരാണ്?’’(6:63).

കടലിലെ അന്ധകാരങ്ങളിൽനിന്ന് രക്ഷിക്കാൻ റബ്ബിനല്ലാതെ കഴിയില്ല. അവൻതന്നെയാണ് നരകത്തിന്റെ അന്ധകാരങ്ങളിൽനിന്നും മനുഷ്യരെ രക്ഷിക്കാൻ കഴിയുന്നവൻ.

കബ്‌റിലെ ഇരുട്ടിലും വെളിച്ചം നൽകുന്നവൻ അവൻ മാത്രമാണ്. അവൻ ആകാശഭൂമികളുടെ വെളിച്ചമാണ്. അല്ലാഹു പറയുന്നു:

‘‘അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരിൽ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതിൽ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തിൽനിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നൽകപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തിൽനിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കിൽ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിൻമേൽ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താൻ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങൾക്ക് വേണ്ടി ഉപമകൾ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ’’ (24:35).

കടലിൽ ഇരുട്ടുണ്ട് എന്ന് പഠിപ്പിച്ച പ്രമാണങ്ങളാണ് നരകത്തെ കുറിച്ചും സംസാരിക്കുന്നത്. ആദ്യത്തെത് സത്യമാണെന്ന് നമുക്ക് ബോധ്യമായി. ആ ബോധ്യം നരകത്തിന്റെ വിഷയത്തിലും ഉണ്ടാകേണ്ടതുണ്ട്. അല്ലാഹു പറഞ്ഞതെല്ലാം സത്യമാണ്

‘‘അല്ലാഹുവിനെക്കാൾ സത്യസന്ധമായി വിവരം നൽകുന്നവൻ ആരുണ്ട്?’’(4:87) ആ ബോധ്യം കിട്ടിയവനാണ് ‘അന്ധകാരങ്ങളിൽ’നിന്ന് അൽപമെങ്കിലും വെളിച്ചം കിട്ടിയവൻ!