വിദ്യാലയങ്ങളിൽ മതേതരത്വ പഠനം അനിവാര്യം

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 സെപ്തംബർ 09 , 1445 സ്വഫർ 24

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 32)

ലോകത്തിലെ വിവിധ കോടതികളിൽ ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അവകാശങ്ങളുമായി ബന്ധപ്പെട്ടു നടന്ന വാഗ്വാദങ്ങളും കോടതി വിധികളും ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിച്ച ജസ്റ്റിസ് ധൂലിയ കർണാടക മുൻസർക്കാരിന്റെയും കർണാടക ഹൈക്കോടതിയുടെയും വാദങ്ങളെ ഒന്നൊന്നായി പൊളിച്ചടുക്കുകയായിരുന്നു. വിവിധ കോടതി വിധികളിൽനിന്നും സന്ദർഭത്തിനനുസരിച്ച് അടർത്തിയെടുത്ത വാക്കുകൾ തങ്ങൾക്കനുകൂലമായി ഉപയോഗിക്കുകയായിരുന്നു കർണാടക ഹൈക്കോടതി ചെയ്തതെന്ന് അദ്ദേഹം സമർഥിച്ചു. മാത്രവുമല്ല, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കാൾ വലുതല്ല യൂണിഫോം വസ്ത്രരീതിയെന്നും മറ്റെല്ലായിടങ്ങളിലും സാംസ്‌കാരിക സ്വത്വം നിലനിർത്താനുള്ള അവകാശങ്ങൾ ന്യൂനപക്ഷങ്ങൾക്കുണ്ട് എന്നപോലെത്തന്നെ വിദ്യാലയങ്ങളിലും അത് പാലിച്ചുപോരാൻ അവർക്കവകാശമുണ്ട് തുടങ്ങി അദ്ദേഹം നിരത്തിയ നിയമാനുസാരമായ വാദങ്ങൾക്ക് മുമ്പിൽ കർണാടകയുടെ വാദങ്ങൾ നിഷ്പ്രഭമാവുകയും ചെയ്തു. മറ്റിടങ്ങളിലാവാം, സ്‌കൂളുകളിൽ പാടില്ല എന്ന കർണാടകയുടെ ‘വ്യുത്പന്ന അവകാശ’ (Derivates right) വാദത്തെയും അദ്ദേഹം കശക്കിയെറിഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത ഭൂരിപക്ഷ സമുദായത്തിനുണ്ട് എന്ന യാഥാർഥ്യം നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ ഭാഗമാണ് എന്നുകൂടി അദ്ദേഹം വ്യക്തമാക്കിയതോടെ സുപ്രീംകോടതിയുടെ ചുമരുകളിൽ ജനാധിപത്യ മതനിരപേക്ഷ തത്ത്വങ്ങൾ പ്രതിധ്വനിച്ചു.

വർഗീയതയിലും അസഹിഷ്ണുതയിലും അധിഷ്ഠിതമായ ചിന്താഗതികൾ നമ്മുടെ സമൂഹത്തിൽ വ്യാപകമാക്കാൻ ചിലർ ശ്രമിക്കുമ്പോൾ, വിദ്യാലയങ്ങളെ മതനിരപേക്ഷതയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും പാഠശാലകളാക്കി മാറ്റിയെടുക്കാനാണ് ഉത്തരവാദിത്തബോധമുള്ള പൊതുസമൂഹം യത്‌നിക്കേണ്ടത് എന്ന വളരെ സുപ്രധാനമായ പോയിന്റിലേക്കാണ് അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിച്ചത്. അദ്ദേഹത്തിന്റെ സുപ്രധാനമായ നിരീക്ഷണങ്ങളാണ് താഴെ ചേർക്കുന്നത്:

വിദ്യാലയങ്ങൾ സഹിഷ്ണുതയുടെ വിളനിലങ്ങളാവട്ടെ

നമ്മുടെ സമ്പന്നമായ ബഹുസ്വര സംസ്‌കാരത്തെയും വൈവിധ്യത്തെയും കുറിച്ചുള്ള അവലോകനം ഇന്നത്തെ നമ്മുടെ സാഹചര്യത്തിൽ പ്രധാനമാണ്. നമ്മുടെ വിദ്യാലയങ്ങളിൽ, പ്രത്യേകിച്ചും നമ്മുടെ പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിൽ പഠിക്കുന്ന കുട്ടികളുടെ പ്രായം പ്രത്യേകം നാം ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യങ്ങളിലൂടെ വളർന്നുവരുന്ന നമ്മുടെ കുട്ടികൾക്ക് ഉപദേശവും മാർഗനിർദേശവും നൽകേണ്ട ഉത്തരവാദിത്തം നിർവഹിക്കേണ്ടത് നമ്മുടെ വിദ്യാലയങ്ങളാണ്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരോടും വ്യത്യസ്ത ഭക്ഷണം കഴിക്കുന്നവരോടും വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്നവരോടും സഹിഷ്ണുതയുടെ വാതായനങ്ങൾ തുറന്നിടുവാനാണ് നമ്മുടെ ഭരണഘടന ഉദ്‌ഘോഷിക്കുന്നത്. വ്യത്യസ്ത മതങ്ങളോടും ഭാഷകളോടും സംസ്‌കാരങ്ങളോടും സംവേദനക്ഷമതയും സഹാനുഭൂതിയും സഹവർത്തിത്വവും വളർത്തിയെടുക്കേണ്ട സമയമാണ് വിദ്യാഭ്യാസ കാലഘട്ടം. നമ്മുടെ വൈവിധ്യത്തെ കുറിച്ച് വേവലാതിയല്ല വേണ്ടത്, മറിച്ച് അതിനെക്കുറിച്ച് സന്തോഷിക്കുകയും ആഘോഷിക്കുകയുമാണ് വേണ്ടത്. വിദ്യാർഥികാലഘട്ടം അതിനുള്ളതായിരിക്കണം. നാനാത്വത്തിലാണ് നമ്മുടെ ശക്തിയെന്ന് അവർ തിരിച്ചറിയേണ്ട സമയമാണിത്.

പുതിയ വിദ്യാഭ്യാസ നയവും മതസൗഹാർദ പാഠങ്ങളും

ഇന്ത്യാ ഗവർമെന്റ് പുറത്തിറക്കിയ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ വിദ്യാഭ്യാസത്തിൽ സഹിഷ്ണുതയുടെയും പരസ്പര വിശ്വാസത്തിന്റെയും മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകതയും അത് അടിവരയിടുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമായി ചേർത്തിട്ടുള്ളത് ഇങ്ങനെയാണ്: ‘നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ സമത്വം ഉൾക്കൊള്ളുന്ന, ഉൽപാദനക്ഷമതയുള്ള സംശുദ്ധമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.’

മതസൗഹാർദ പാഠങ്ങൾ കോടതി വിധികളിൽ

പ്രസിദ്ധമായ അരുണ റോയ് -യൂണിയൻ ഓഫ് ഇന്ത്യ കേസിന്റെ വിധിയിൽ ജസ്റ്റിസ് ധർമാധികാരി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മതസഹിഷ്ണുതയുടെയും സംസ്‌കാരത്തിന്റെ വൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് പറയുന്നുണ്ട്. ധർമാധികാരിയുടെ വാചകങ്ങൾ ഇങ്ങനെയാണ്: ‘പ്രൈമറിതലം മുതലുള്ള സിലബസിൽ ഇവയെല്ലാം ഉൾപ്പെടുത്തേണ്ടതുണ്ട്. എല്ലാ മതങ്ങളുടെയും ആചാരങ്ങളിൽ വൈവിധ്യമുണ്ടെങ്കിലും അവയുടെ സാരാംശം ഒന്നുതന്നെയാണെന്നുള്ള അവബോധം വിദ്യാർഥികളിൽ വളർത്താൻ സാധിക്കണം.’ തുടർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘മതത്തോടുള്ള സമ്പൂർണ നിഷ്പക്ഷതയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുലർത്തിപ്പോരുന്ന മതപഠനങ്ങളോടുള്ള നിസ്സംഗ സമീപനവും ഇതുവരെ വ്യത്യസ്ത വിശ്വാസങ്ങൾ സ്വീകരിച്ചിട്ടുള്ള ആളുകൾക്കിടയിലുള്ള തെറ്റിദ്ധാരണകളും അസഹിഷ്ണുതയും ഇല്ലാതാക്കാൻ സഹായിച്ചിട്ടില്ല. അതിനാൽ വ്യത്യസ്ത മതങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ബഹുമാനിക്കാനും ഉതകുന്ന വിധത്തിൽ മതേതരത്വം (Secularism) എന്ന ആശയത്തെക്കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കേണ്ടതുണ്ട്.’

നവതേജ് സിംഗ് ജോഹർ കേസിലെ പരാമർശങ്ങൾ

2018ലെ നവതേജ് സിംഗ് ജോഹർ-യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഈ കോടതിയുടെ ഭരണഘടനാ ബെഞ്ച് വൈവിധ്യം, വിയോജിപ്പ്, സ്വാതന്ത്ര്യം, സഹിഷ്ണുത എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി പരാമർശിച്ചത് ഇങ്ങനെ വായിക്കാം: ‘ഭരണഘടന രാഷ്ട്രീയ അധികാര കൈമാറ്റം കൊണ്ടുവന്നെങ്കിലും അത് എല്ലാറ്റിനുമുപരിയായി, നീതിയാൽ ഭരിക്കുന്ന ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യമാണ് അതിന്റെ ആത്മാവ്. സംസ്‌കാരം, പ്രത്യയശാസ്ത്രം, ദിശാബോധം എന്നിവയുടെ വൈവിധ്യങ്ങളാണ് നീതിയിൽ അധിഷ്ഠിതമായ നമ്മുടെ ഭരണഘടന ഉൾക്കൊള്ളുന്നത്. എല്ലാ മേഖലയിലും വൈവിധ്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഭരണഘടനയുടെ അടിത്തറയുടെ ഉറപ്പ്. പൗരന്മാരുടെ വിശ്വാസങ്ങളിലും ആശയങ്ങളിലും ജീവിതരീതികളിലും ജനാധിപത്യമെന്ന നിലയിൽ, ഭരണഘടന ഒരിക്കലും ഏകീകരണം ആവശ്യപ്പെടുന്നില്ല. മുഖ്യധാരാ സംസ്‌കാരം എന്ന ആശയത്തെക്കുറിച്ചും ഭരണഘടന ചിന്തിച്ചിട്ടില്ല. മറ്റുള്ളവരിലെ വ്യത്യസ്തതയെ തിരിച്ചറിയാനുള്ള നമ്മുടെ കഴിവ് നമ്മുടെ വികാസത്തിന്റെയും പരിണാമത്തിന്റെയും അടയാളമായിട്ടാണ് കാണേണ്ടത്. അവ നഷ്ടപ്പെടുത്തുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകങ്ങൾ മാത്രമായിരിക്കും.’

സെന്റ് സ്റ്റീഫൻ കേസിലെ പരാമർശങ്ങൾ

1991ലെ സെന്റ് സ്റ്റീഫൻ കോളേജ്-യൂണിവേഴ്സിറ്റി ഓഫ് ഡൽഹി കേസിന്റെ വിധി ഈ വിഷയത്തിൽ കൃത്യമായ ദിശാബോധം നൽകുന്നുണ്ട്. സെന്റ് സ്റ്റീഫൻ കോളേജിന്റെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്വഭാവത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അപ്പീൽ. അനുച്ഛേദം 29, 30 എന്നിവ അനുസരിച്ച് ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായ സ്ഥാപനങ്ങൾ അവരുടെതായ സാംസ്‌കാരിക സ്വഭാവമനുസരിച്ച് നടത്താവുന്നതാണ്. ഇതിനെ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ.ജഗന്നാഥ ഷെട്ടി വിധി നടത്തിയതെങ്കിലും പ്രസ്തുത വിധിയിൽ രാജ്യത്തിന്റെ മതനിരപേക്ഷതക്കും വിവിധ മതസമൂഹങ്ങൾക്കിടയിലെ സഹിഷ്ണുതക്കും കോട്ടം തട്ടുന്ന വിധത്തിലുള്ള നടപടികൾ കോളേജുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലെന്ന് നിരീക്ഷിക്കുകയുണ്ടായി. മതസൗഹാർദ പാഠങ്ങൾക്ക് നമ്മുടെ വിദ്യാലയങ്ങളിൽ ഇടമുണ്ടാവണമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഈ കേസിൽ പ്രധാനമാണ്. ജസ്റ്റിസ് ജഗന്നാഥ ഷെട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്:

‘നമ്മുടെ വിദ്യാലയങ്ങളിൽ മതത്തിന്റെ പേരിലുള്ള അവകാശവാദങ്ങൾ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ സാധ്യതയുണ്ട്. ഏകതാനമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം അവകാശവാദങ്ങൾ അനുകൂലമാവില്ല. അത് മനുഷ്യരാശിയുടെ ശാപമായ മതഭ്രാന്തിലേക്കാണ് നയിക്കുക. മതേതര സ്വഭാവമുള്ള ന്യൂനപക്ഷ വിദ്യാലയങ്ങളാണെങ്കിൽപോലും അവിടങ്ങളിൽ പൊതുവായ മതേതരത്വ പാഠങ്ങൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണ്. ഒരേ മതത്തിന്റെ മാത്രം പാഠങ്ങൾ പഠിപ്പിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ മതേതര ജനാധിപത്യ സ്വഭാവത്തിന് തുരങ്കം വച്ചേക്കാം. മതേതരത്വ പാഠങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള രീതികൾ നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മതേതരത്വത്തിന്റെയും സമത്വത്തിന്റെയും സങ്കൽപത്തോട് ഒരിക്കലും പൊരുത്തപ്പെടുകയില്ല. ഏത് സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനമാണെന്ന് പരിഗണിക്കാതെ തന്നെ ഓരോ വിദ്യാഭ്യാസ സ്ഥാപനവും ദേശീയതയെ പാകം ചെയ്തെടുക്കുന്ന പാത്രങ്ങൾ എന്നപോലെ പ്രവർത്തിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും പങ്ക് വളരെ നിർണായകമാണ്. മറ്റുള്ളവരുടെ സംസ്‌കാരങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വളർത്തിയെടുക്കാൻ അവർ ശ്രമിക്കേണ്ടതുണ്ട്. അതിന്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യത്യസ്ത സമുദായങ്ങളിലെ വിദ്യാർഥികളുടെ ശരിയായ ‘മിശ്രിതം’ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.’

(അടുത്ത ലക്കത്തിൽ:

തുല്യവസ്ത്രത്തേക്കാൾ പ്രധാനം സഹിഷ്ണുതാബോധം)