അർഥം തേടി അലയുന്ന ‘പ്രവാചകൻ!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 മെയ് 27 , 1444 ദുൽഖഅ്ദ 07

( ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 17 )

കുർആൻ എന്റെ വായിൽനിന്ന്

1883ൽ അവതരിച്ച ചില ഇംഗ്ലീഷ് ‘വഹ്‌യു’കളുടെ ആമുഖം ഉർദു പേർഷ്യൻ ഭാഷകളിലാണ്. “സന്തോഷിക്കുക, നിന്റെ സമയം അടുത്തിരിക്കുന്നു. മുഹമ്മദീയരുടെ കാലടികൾ ഒരു ഉയർന്ന മിനാരത്തിൽ ഉറച്ചുനിൽക്കുന്നു. പരിശുദ്ധ നബി മുഹമ്മദ് ﷺ പ്രവാചകന്മാരുടെ നേതാവ്. ദൈവം നിന്റെ എല്ലാ കാര്യങ്ങളും ശരിയാക്കും. നീ ഉദ്ദേശിച്ചതെല്ലാം നിനക്ക് നൽകും. വിശുദ്ധ കുർആൻ അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ വായിലെ വചനങ്ങളുമാണ് എന്നാണ് അടയാളത്തിന്റെ താൽപര്യം. അല്ലാഹു തന്റെ നന്മയുടെ കവാടങ്ങൾ തുറന്നിരിക്കുന്നു. അവന്റെ നിർമലമായ കരുണാകടാക്ഷം അവരിലേക്ക് ശ്രദ്ധ ചെലുത്തിയിരുന്നു. The days shall come, when God shall help you. Glory be to the Lord. God maker of earth and heaven..’’ (പേജ് 77).

ലഭിക്കുന്ന ആൾക്ക് അറിയാത്ത ഭാഷയിൽ സന്ദേശം നൽകുന്നത് വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് മിർസാ ഖാദിയാനിതന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് എത്രമാത്രം ശരിയാണെന്ന് തെളിയിക്കുന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഇനി പറയുന്നത്.

അർഥം തേടി അലയുന്ന ‘പ്രവാചകൻ!’

പത്തു വർഷത്തിലേറെക്കാലം തന്റെ ശിഷ്യനും സഹായിയുമായിരുന്ന ലുധിയാന സ്വദേശി മീർ അബ്ബാസ് അലി ഷാക്ക് 1883 ഡിസംബർ 12ന് മിർസാ ഖാദിയാനി ഒരു കത്തയച്ചു.

“ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ഈ ആഴ്ച എനിക്ക് അവതരിച്ച കുറെ ഇൽഹാമുകൾ ഇങ്ങനെയാണ്: ‘പ്രഷ്യൻ ഉമർ പിറാത്തൂസ് അല്ലെങ്കിൽ പിലാത്തോസ്.’ അവതരണത്തിന്റെ ശീഘ്രത മൂലം എന്താണെന്ന് മനസ്സിലായിട്ടില്ല. ഉമർ അറബി വാക്കാണ്. മറ്റ് രണ്ടിന്റെയും അർഥവും അവ ഏത് ഭാഷയാണെന്നും അറിയിക്കണം.’’

‘ഹുവ ശഅ്‌നാ നഅ്‌സൻ’ ഏതു ഭാഷയാണ് എന്നറിയില്ല. ഹിബ്രു ആണെന്ന് തോന്നുന്നു. പിന്നെ അറബിയിൽ ‘അല്ലയോ ദാവൂദ്, ജനങ്ങളോട് ഗുണകാംക്ഷയോടും നിർമല ഹൃദയത്തോടും കൂടി പെരുമാറുക’ എന്ന് പറഞ്ഞു. പിന്നെ You must do what I told you ഞാൻ പറഞ്ഞത് നീ ചെയ്തു കൊള്ളുക’ എന്ന് തർജമ സഹിതം അവതരിച്ചു. തുടർന്ന് “Though all men should be angry, but God is with you. He shall help you. Words of God cannot be exchange’ എന്ന് പറഞ്ഞു. പിന്നെ പറഞ്ഞത് അൽപം മാത്രമെ ഓർമയുള്ളൂ. I shall help you. You have to go Amirtsar.’ തുടർന്ന് പറഞ്ഞതിന്റെ അർഥം മനസ്സിലായിട്ടില്ല.”He halts in zilla Peshawar’’(പേജ് 91-92).

ഇംഗ്ലീഷ് വഹ്‌യുകളുടെ അർഥവും തേടി ഒരു ഹിന്ദു പയ്യന്റെ പിറകെ പോയതും ‘കാലഹരണപ്പെട്ട ഭാഷാപ്രയോഗങ്ങൾ മനസ്സിലായില്ല’ എന്ന അവന്റെ മറുപടിയുമൊക്കെ തുടർന്ന് എഴുതിയിട്ടുണ്ട്. ഒടുവിൽ പ്രവാചകന്റെ ഗതികേടും വിഷയത്തിലെ പന്തികേടും മനസ്സിലാക്കി മീർ അബ്ബാസ് അലി മിർസാ ഖാദിയാനിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.

വഹ്‌യുകളുടെ ഇലാസ്തികത

1882 ഡിസംബർ 30ന് മിർസാ ഖാദിയാനിക്ക് ലഭിച്ച വഹ്‌യിൽ അല്ലാഹു അബ്ബാസലിയെ വളരെയേറെ പ്രശംസിച്ചതായി അറിയിച്ചുകൊണ്ട് എഴുതിയ കത്ത് കൂടി വായിക്കുക:

“വളരെ അത്ഭുതകരമായ ഒരു ജാഗ്രദ് ദർശനമാണ് ഇന്നുണ്ടായത്. അതിൽ താങ്കളുടെ പട്ടണവും കാണാനായി. ലുധിയാനക്കാരനായ പേരറിയാത്ത ഒരാളുടെ സ്വദേശത്തെ പറ്റിയാണ് വെളിപ്പെടുത്തിയത്. അയാളുടെ പേരും വിലാസവും താമസസ്ഥലവും അടയാളങ്ങളും ഒക്കെ പറഞ്ഞുതന്നു. ഇപ്പോൾ പ്രത്യേകമായി താമസം ലുധിയാന ആണെന്ന് മാത്രമെ ഓർമയുള്ളൂ. ഒപ്പം അദ്ദേഹത്തിന്റെ സവിശേഷഗുണങ്ങൾ എഴുതി കാണിച്ചു. ‘സോദ്ദേശ്യമുള്ളവൻ, വേരുകൾ ഭൂമിയിൽ ഉറച്ചവനും ആകാശത്ത് ശാഖകളുള്ളവനും’ എന്നുവച്ചാൽ ഉദ്ദേശ്യത്തിൽ കരുത്തും പൂർണതയുമുണ്ട്, ചാഞ്ചാട്ടമോ പോരായ്മകളോ ഇല്ല എന്ന്. പിന്നീട് പ്രഭാത സമയത്ത് കാണിച്ച കടലാസിൽ ‘ഉദ്ദേശ്യശുദ്ധിയുള്ള ഒരാൾ ലുധിയാനയിൽ ഉണ്ട്’ എന്ന് എഴുതിയിരിക്കുന്നു. പേരും വിലാസവും പറഞ്ഞിരുന്നെങ്കിലും ഓർമിക്കുന്നില്ല’’ (പേജ് 45).

കത്തുകളുടെ സമാഹാരമായ ‘മക്തൂബാതെ അഹ്‌മദിയ്യ’ ഒന്നാം വാള്യം പേജ് നാലിലും നമുക്കിത് വായിക്കാവുന്നതാണ്. കത്തെഴുതി വിവരമറിയിച്ച സ്ഥിതിക്ക് ആ ‘വഹ്‌യ്’ തന്നെപ്പറ്റിയാണെന്ന് ആ സാധു വിചാരിച്ചുകാണും. പക്ഷേ, മിർസയുടെ കാപട്യം മനസ്സിലാക്കാൻ അടുത്ത നമ്പറിലുള്ളത് വായിച്ചാൽ മതി. ദിവസങ്ങൾക്കുശേഷം 1883 ജനുവരി 18ന് നവാബ് അലി മുഹമ്മദ് ഝജറിന് മിർസ എഴുതിയത് ഇങ്ങനെ:

“ഇന്ന് സുബ്ഹിനോടടുത്ത് ഒരു ജാഗ്രദ് ദർശനത്തിൽ ഒരു കടലാസ് എന്റെ നേരെ നീട്ടുന്നതായി ഞാൻ കണ്ടു. അതിൽ എഴുതിയിരുന്നത് ‘സദുദ്ദേശ്യമുള്ള ഒരാൾ ലുധിയാനയിൽ ഉണ്ട്’ എന്നായിരുന്നു. പിന്നെ അയാളുടെ വീടിന്റെ അഡ്രസ്സ് എനിക്ക് പറഞ്ഞുതന്നു. പേരും പറഞ്ഞുവെങ്കിലും ഓർമയിലില്ല. പിന്നീട് ഉദ്ദേശ്യശുദ്ധിയെയും വിശ്വാസദാർഢ്യതയെയും പ്രശംസിച്ചുകൊണ്ട് കടലാസിൽ എഴുതിക്കാണിച്ചു; ‘ഭൂമിയിൽ വേരുറച്ചവനും ആകാശത്ത് ശാഖയുള്ളവനും’ എന്ന്. ഈ വ്യക്തി ആരാണെന്ന് എനിക്കറിയില്ല. താങ്കളെയാണ് അല്ലാഹു ഉദ്ദേശിച്ചത് എന്ന് ഞാൻ സംശയിക്കുന്നു’’ (പേജ് 59).

രണ്ട് കത്തുകളിലെയും വഹ്‌യുകളിലെയും വാക്കുകളിൽ ഒരു വ്യത്യാസവുമില്ല. തീയതിയും അഡ്രസ്സൂം മാത്രമെ മാറ്റമുള്ളൂ. ഒരേ വഹ്‌യ് തന്നെ രണ്ടുപേർക്കും ചാർത്തിക്കൊടുക്കുകയാണ് ഈ ‘പ്രവാചകൻ!’

മിർസാ ഖാദിയാനി, അബ്ബാസലി ഷാക്ക് 200ലേറെ കത്തുകൾ എഴുതിയിട്ടുണ്ട്. കത്തുകളുടെ സമാഹാരമായ മക്തൂബാത് ഒന്നാം വാള്യത്തിലെ മുഴുവൻ കത്തുകളും അദ്ദേഹത്തിന് എഴുതിയതാണ്.

1883 ഡിസംബർ 12ന് എഴുതിയ കത്തിലെ, തങ്ങൾക്ക് ആവശ്യമുള്ളതെന്ന് തോന്നിയ ഭാഗം മാത്രമാണ് തദ്കിറയിൽ എടുത്തെഴുതിയിട്ടുള്ളത്.

സ്ത്രീവിരുദ്ധ വഹ്‌യ്

മിർ അബ്ബാസലി ഷാ ഖാദിയാനി മതം ഉപേക്ഷിച്ചപ്പോൾ നേരത്തെ അദ്ദേഹത്തെക്കുറിച്ച് വഹ്\യവതരിച്ച കാര്യം ആരോ മിർസയെ ഓർമപ്പെടുത്തി. ഈമാനിന്റെ കരുത്തും വേരുറപ്പും ആകാശം മുട്ടുന്ന ശിഖരങ്ങളും മിർസയെ അലോസരപ്പെടുത്തിയെന്നും ഉത്തരം മുട്ടിയെന്നും നിങ്ങൾ കരുതിയോ? ഈ മറുപടി വായിച്ചു നോക്കുക:

‘‘മീർ സാഹിബിന്റെ തലയിലെഴുത്തിൽ തന്നെ ഈ ചാഞ്ചാട്ടം രേഖപ്പെടുത്തിയിരുന്നു എന്നാണ് ഇൽഹാമിലെ സ്ത്രീലിംഗ പ്രയോഗത്തിൽനിന്ന് മനസ്സിലാവുക. എങ്കിലും ഈസാ മസീഹിനോട് തന്റെ അരുമശിഷ്യൻ യൂദാസ്‌കറിയോത്തി ചെയ്തതിന് അപ്പുറമല്ലല്ലോ ഇയാൾ എന്നോട് ചെയ്തത്. ഞാൻ ഒരിക്കൽ കൂടി മസീഹിനോട് സമരസപ്പെട്ടു എന്നതാണ് ആത്യന്തികഫലം’’ (ആസ്മാനീ ഫൈസല, പേജ് 36).

പൂച്ച വീണ പോലെ അയാൾ നാലുകാലിൽ തന്നെ! പക്ഷേ, കാര്യം നിസ്സാരമല്ല. ‘അസ്വ്‌ലുഹാ’ എന്ന് വഹ്‌യിൽ സ്ത്രീലിംഗ സർവനാമം പ്രയോഗിച്ചത്, അദ്ദേഹത്തിന്റെ കാലുമാറ്റത്തിന്റെ സൂചനയായിരുന്നു എന്നാണ് മിർസയുടെ മറുപടി. സ്ത്രീസമൂഹത്തെ അങ്ങേയറ്റം ഇകഴ്ത്തുന്ന ഒരു പ്രസ്താവനയാണ് ‘കാലത്തിന്റെ പരിഷ്‌കർത്താവ്’ ഇവിടെ നടത്തിയിട്ടുള്ളത്.

സ്ത്രീകൾ വേണ്ട

സ്ത്രീവിരുദ്ധത മിർസയെ നിയോഗിച്ച യലാശുവിന്റെ സ്വഭാവമാണെന്ന് തന്നെയാണ് അടുത്ത വഹ് യ് വായിച്ചാൽ മനസ്സിലാക്കുക.

1906 മാർച്ച് 13: ‘ആണുങ്ങളെ എത്രവേണമെങ്കിലും കൂടെ കൊണ്ടുപോവുക; എന്നാൽ പെണ്ണുങ്ങൾ പോകേണ്ട’ (പേജ് 514) എന്ന് വഹ്‌യ് വന്നു.

ഖാദിയാനി പ്രവാചകനോ ക്രോഡീകരിച്ചയാളോ ഒരു വിശദീകരണവും ഇതിന് നൽകിയിട്ടില്ല. അനുയായികളാകട്ടെ, ഏത് കാലത്തും ഇതിന്റെയൊക്കെ മറുപടി നൽകുക തങ്ങളുടെ ബാധ്യതയായി കരുതുന്നുമില്ല. കരുതിയിട്ടും കാര്യമില്ല. അവർക്കതിന് സാധിക്കില്ലല്ലോ.

‘‘അതിനിടെ മറ്റൊരു സംഭവമുണ്ടായി. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു വിദ്യാർഥി എന്നെ കാണാൻ വന്നു. അവരുടെ മുമ്പിൽ വച്ച് എനിക്കൊരു ഇൽഹാം അവതരിച്ചു.. ‘This is my enemy’ ഇവനെന്റെ ശത്രുവാകുന്നു.’ ഇത് ഇവനെപ്പറ്റിയാണെന്ന് മനസ്സിലായെങ്കിലും അക്കാര്യം വെളിപ്പെടുത്താതെ അവനോട് തന്നെ അതിന്റെ അർഥം ചോദിച്ചു. ഒടുവിൽ അവൻ ഉള്ളുനിറയെ കാപട്യവും മറ്റു പല ദൂഷ്യങ്ങളുമുള്ള ആളാണെന്ന് തെളിഞ്ഞു’’ (പേജ് 25).

A word and two girls

‘‘ഒരു ഇംഗ്ലീഷുകാരൻ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതായി സ്വപ്നം കണ്ടു. ശ്രദ്ധിച്ചു നോക്കിയപ്പോൾ ഇംഗ്ലീഷുകാരനല്ല, മൗലവി മുഹമ്മദലി എം.എ ആണ് ഈ വാക്കുകൾ ഉരുവിട്ടു കൊണ്ടിരിക്കുന്നത് എന്ന് കാണാൻ സാധിച്ചു. പിന്നീട് ഇംഗ്ലീഷിൽ ഇൽഹാം അവതരിച്ചു. A word and two girls- ഒരു വാക്കും രണ്ടു പെൺകുട്ടികളും’’ (പേജ് 505).

ഇതിന് യാതൊരു വിശദീകരണവും നൽകാൻ അന്ന് കഴിഞ്ഞില്ലെങ്കിലും മാസങ്ങൾക്ക് ശേഷം ഇക്കാര്യം വിശദീകരിക്കുന്നുണ്ട് മിർസാ ഖാദിയാനി.

‘‘മിയാൻ മൻസൂർ മുഹമ്മദിനും ഭാര്യ മുഹമ്മദീ ബീഗത്തിനും ഒരു ആൺകുട്ടി ജനിച്ചു. കുട്ടിക്ക് പേരിടാൻ വഹ്‌യ് അവതരിച്ചു; ആദ്യം രണ്ടെണ്ണം-ബഷീറുദ്ദൗല എന്നും ആലമേ കബാബ് എന്നും. അവൻ ജനിക്കുന്നതോടെ ഭൂകമ്പം പോലുള്ള നിരവധി പ്രവചനങ്ങൾ പുലരുമെന്നും നിരവധിപേർ ജമാഅത്തിൽ ചേരുമെന്നും നമ്മുടെ സമ്പത്തും സൗഭാഗ്യവും വർധിക്കുമെന്നുമാണ് ബഷീറുദ്ദൗല എന്നതിന്റെ വിവക്ഷ. അതേസമയം എതിരാളികളിൽ അങ്കലാപ്പും ദൗർഭാഗ്യവും വർധിച്ചു, ക്വിയാമത്തിന്റെ മാതൃക ഉണ്ടാകുമെന്നാണ് താൽപര്യമെന്നും വിശദീകരിക്കുന്നു’’ (പേജ് 533-534).

‘പ്രവാചക’ന്റെ ആരുമല്ലാത്ത ഒരു സ്ത്രീക്ക് മകൻ ജനിച്ചപ്പോൾ അവന് പേര് നിർദേശിച്ചുകൊണ്ട് വഹ്‌യ് അവതരിക്കുന്നു! ആ പേരിന്റെ വിവക്ഷപ്രകാരം ഖാദിയാനി പ്രവാചകന്റെ നിരവധി പ്രവചനങ്ങൾ പുലരുമെന്നും അതു കണ്ട് ആളുകൾ ജമാഅത്തിൽ ചേരുമെന്നും സമ്പത്തും സൗഭാഗ്യവും വർധിക്കുമെന്നും വ്യാഖ്യാനിക്കുന്നു! വല്ലാത്തൊരു ഗതികേടു തന്നെ.

അടുത്ത നമ്പറിൽ വീണ്ടും അതേ കുട്ടിക്ക് രണ്ടു പേരുകൾ കൂടി വഹ്‌യായി വന്നതിന്റെ വിവരണമാണ്. ‘‘ശാദീഖാൻ, കലിമതുല്ലാഖാൻ എന്നിവയാണ് ആ മഹദ് നാമങ്ങൾ. കലിമത്തുല്ലാഖാൻ എന്നാൽ അല്ലാഹുവിന്റെ കലാം അഥവാ a word എന്നർഥം. മൻസൂർ മുഹമ്മദ് ഖാന് രണ്ട് പെൺകുട്ടികളുമുണ്ട്. A word and two girls െഎന്ന പ്രവചനം എത്ര ഭംഗിയായി പുലർന്നു!’’ (പേജ് 534).

എന്നാൽ അതേ പേജിന്റെ അടിക്കുറിപ്പിൽ ഈ ഇൽഹാമിനെപ്പറ്റി രണ്ടാം ഖലീഫ ബഷീർ മഹ്‌മൂദ് അഹമ്മദിന്റെ ഒരു വിവരണമുണ്ട്.

‘ഒരു കലിമ കൊണ്ട് ഉദ്ദേശിച്ചത്, വാഗ്ദത്ത പരിഷ്‌കർത്താവിനെക്കുറിച്ച് (അത് രണ്ടാം ഖലീഫ തന്നെയാണ്) മൻസൂർ മുഹമ്മദ് എഴുതിയ പുസ്തകമാകുന്നു. അദ്ദേഹമാണ് ആദ്യമായി എന്നെപ്പറ്റി പുസ്തകം എഴുതിയത്. അദ്ദേഹത്തിന് രണ്ട് പെൺമക്കളുണ്ട്. അത് മൂന്നുമാണ് അദ്ദേഹത്തിന്റെ സ്മാരകങ്ങൾ! ഇൽഹാമിൽ നിന്ന് വ്യക്തമാകുന്നത്, അവർക്ക് ആൺകുട്ടികൾ ഉണ്ടാവുകയില്ല എന്നാണ് ’’ (പേജ് 534, അടിക്കുറിപ്പ്)

ഇല്ലാത്ത കുട്ടിക്ക് പേരുകൾ ഒമ്പത്!

ഇൽഹാം ലഭിച്ചുവെന്ന് വാദിക്കുന്നയാൾ പറയുന്നു മൻസൂർ മുഹമ്മദിന് കലിമത്തുല്ലാഖാൻ എന്ന ആൺകുട്ടിയും രണ്ടു പെൺകുട്ടികളും ആണുള്ളത് എന്ന്. ഈ ആൺകുട്ടിക്ക് മൊത്തം 9 പേരുകൾ അല്ലാഹു നിർദേശിച്ചിട്ടുണ്ട് എന്നും വിശദീകരിക്കുന്നു. അവ താഴെ പറയുന്നു:

1. കലിമതുൽ അസീസ് 2. കലിമത്തുല്ലാഖാൻ 3. Word 4. ബഷീറുദ്ദൗല 5. ശാദി ഖാൻ 6. ആലമെ കബാബ് 7. നാസിറുദ്ദീൻ 8. ഫാതിഹുദ്ദീൻ 9. അനുഗൃഹീത ദിനം! (പേജ് 537)

എന്നാൽ മകൻ ഖലീഫ പറയുന്നു; അല്ല, അയാൾക്ക് ആൺകുട്ടികൾ ഇല്ല. എന്നെക്കുറിച്ച് അയാൾ എഴുതിയ പുസ്തകമാണ് കലിമ. പിന്നെ രണ്ട് പെൺമക്കളും.

മേൽപറഞ്ഞ ഒമ്പത് പേരുകളുടെ ഇൽഹാം ഖലീഫ കണ്ടിട്ടില്ലേ? അതോ ബാപ്പ കളവു പറയുകയാണെന്നാണോ മകൻ ഖലീഫയുടെ വിശ്വാസം? അതുമല്ലെങ്കിൽ അവയൊക്കെയും തന്നെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേരുകളോ?

പേർഷ്യൻ വഹ്‌യുകൾ

മിർസാ ഖാദിയാനിയുടെ വഹ്‌യുകൾ അധികവും അറബി, ഉർദു ഭാഷകളിലാണ് അവതരിച്ചത്. പിന്നെ താരതമ്യേന അധികമുള്ളത് പേർഷ്യൻ ഭാഷയിലാണ്. ചില ഉദാഹരണങ്ങൾ കാണുക:

‘നീ എന്റെ സന്നിധാനത്തേക്കു വീണ്ടും വീണ്ടും വരുന്നുണ്ടല്ലോ. അതുകൊണ്ട് ദൈവം അനുഗ്രഹത്തിന്റെ മഴ നിന്നിലേക്ക് വർഷിക്കുന്നുവോ ഇല്ലേയെന്ന് നീ സ്വയം നിരീക്ഷിക്കുക. പാമരന്റെ പര്യവസാനം നരകത്തിലായിരിക്കും, വിഡ്ഢികളുടെ പരിണതി അപൂർവമായി മാത്രമെ നന്മയിലായിരിക്കൂ’ (പേജ് 560).

ഹിബ്രു വഹ്‌യുകൾ

മീർ അബ്ബാസ് അലിഷാക്കെഴുതിയ കത്തിലെ ഹിബ്രുവാണെന്ന് സംശയിക്കുന്ന ‘ഹുവ ശഅ്‌നാ നഅ്‌സൻ’ എന്നതിനു പുറമെ വേറെയും ചില ഹിബ്രു വഹ്‌യുകൾ തദ്കിറയിൽ കാണാം. 1882ൽ അവതരിച്ചതെന്നു പറയുന്ന സുദീർഘമായ ഒരു സൂക്താവലിയിലെ 32,33 സൂക്തങ്ങൾ ഇങ്ങനെയാണ്: ‘ഏലീ ഏലീ ലമ്മാ സിബഖ്തനീ ഏലി ഓസ്.’ എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? ഇൽഹാമിന്റെ രണ്ടാം വാക്യം ‘ഏലി ഓസ്’ അവതരിച്ചതിന്റെ വേഗതകൊണ്ട് വ്യക്തമായിട്ടില്ല, അർഥവും മനസ്സിലായിട്ടില്ല’’(പേജ് 71).

ഒരുപാട് വചനങ്ങൾ വിശുദ്ധക്വുർആനിൽനിന്ന് ഇയാൾ പകർത്തിയെഴുതിയത് നാം കണ്ടിട്ടുണ്ട്. ഈ വാക്യങ്ങൾ യേശുക്രിസ്തു കുരിശിൽ വച്ച് പറഞ്ഞതാണെന്ന് ബൈബിളിൽ കാണുന്നു. അവ തന്റെതാക്കി അവതരിപ്പിച്ചതാണ് ഖാദിയാനി പ്രവാചകൻ. സ്വന്തമായി ഒന്നും ഇല്ലാത്തവന്റെ ഗതികേട്!

‘‘1897 ജൂലൈ 28ന് ഇൽഹാം അവതരിച്ചു. തോപ്പ എന്നോ തപ്പോ എന്നോ ആണ് അവതരിച്ചത്. ഹിബ്രു ആണെന്ന് തോന്നുന്നു. ഒരു ഹിബ്രു നിഘണ്ടു കിട്ടിയാൽ അറിയാം. അന്വേഷിച്ചു നോക്കുക’’(പേജ് 658). എന്ത് കോപ്പായാലും അത് അന്വേഷിച്ചറിയേണ്ട ബാധ്യത പാവങ്ങളായ അനുയായികൾക്കാണ്!

സമുദായത്തിന്റെ ഭാഷയിൽ

ഇനിയുള്ള ചില വഹ്‌യുകൾ പ്രവാചകന്റെ സമുദായത്തിന്റെ ഭാഷയായ പഞ്ചാബിയിൽ ആണുള്ളത്.

‘‘1899 മാർച്ച് 10ന് ഒരു ഇൽഹാം അവതരിച്ചു: ഏറെ ദുർഘടമായ പാതകൾ താണ്ടിയാണ് വന്നതെന്ന് ആർക്കും പറയാനാവില്ല’’ (പേജ് 277).

സ്വപ്നത്തിൽ ഖാദിയാനി പ്രവാചകന്റെ മകൾ മുബാറക ബീഗം പഞ്ചാബി ഭാഷയിൽ പറയുന്ന ഒരു വാക്യമായാണ് ഈ വഹ്‌യ് അവതരിപ്പിച്ചിട്ടുള്ളത്.

1903ലെ ഒരു ഇൽഹാമിനെക്കുറിച്ച് മിർസാ ഗുലാം എഴുതുന്നു: ‘പഞ്ചാബി കവിതാവരികൾ ഇൽഹാമുകളായി രണ്ടുതവണ എനിക്ക് അവതരിച്ചിട്ടുണ്ട്. ലൗകികമായ എല്ലാ ആസ്വാദനങ്ങളിലും സ്വാർഥതയുടെ പങ്കാണ് കൂടുതൽ ഉണ്ടാവുക. ഇത് ഏറ്റവും ഭംഗിയായി സാക്ഷ്യപ്പെടുത്തിയ ഒരു പഞ്ചാബി കവിത ഇതാ: ‘നിന്റെ ലോകം മുഴുവൻ എന്റെ സ്വന്തമായിരുന്നെങ്കിൽ!’’

‘‘മറ്റൊരിക്കൽ ഞാൻ കണ്ടത്, ഒരു വിശാലമായ മൈതാനം, ഋഷിവര്യനെപ്പോലെ ഒരാൾ എന്റെ അടുത്തേക്ക് വരികയാണ്. അടുത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: ‘ആരുടെ വായിലാണോ ഇലാഹിനോടുള്ള സ്‌നേഹഗീതം തുളുമ്പുന്നത് അതാണ് ദർവേശുകളുടെ അടയാളം’’ (പേജ് 390).

1907 മാർച്ച് 28ന് പകുതി ഉർദുവിലും പകുതി പഞ്ചാബിയിലുമായി അവതരിച്ചതെന്ന് പറയുന്ന വഹ്‌യ് കാണുക: ‘എന്റെ ശത്രു നാശമടഞ്ഞു. ഇനി അവൻ ഇടപാടുകൾ നടത്തേണ്ടത് പടച്ചവനോട് തന്നെയാണ്’(പേജ് 599).

പഞ്ചാബുകാരനായ മിർസാ ഗുലാം അഹ്‌മദിന് 20 ജുസ്ഉള്ള ഗ്രന്ഥത്തിൽ 1600നടുത്ത് ‘വഹ്‌യുകൾ നൽകിയിട്ടും’ സ്വന്തം സമുദായത്തിന്റെ ഭാഷയിൽ അവതരിച്ചത് മേൽപറഞ്ഞ രണ്ടര എണ്ണം മാത്രമാണ്. കുർആൻ അവതരിപ്പിച്ച അല്ലാഹുവല്ല മിർസാ ഖാദിയാനിക്ക് വഹ്‌യ് നൽകുന്നത് എന്ന് ഇതിൽനിന്നും വ്യക്തമാണല്ലോ.