അഭിപ്രായ സ്വാതന്ത്ര്യം; കർണാടകയുടെ വ്യാഖ്യാനം

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 18)

എസെൻഷ്യൽ ടു റിലീജിയൻ,’ ‘എസെൻഷ്യലി റിലീജ്യസ്’ തുടങ്ങിയ പദങ്ങളിൽ കടിച്ചുതൂങ്ങി സമയമേറെ കളഞ്ഞ കർണാടക എ.ജി പ്രഭുലിംഗ് നവാദ്ഗി അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 19ാം അനുച്ഛേദം ഉറപ്പുവരുത്തുന്ന അവകാശങ്ങളിൽ ശിരോവസ്ത്രം വരില്ലെന്ന വളരെ ആശ്ചര്യകരമായ വാദമാണ് മുന്നോട്ടുവച്ചത്. ഭരണഘടന നൽകുന്ന അവകാശത്തെ ഒരു സർക്കാർ സർക്കുലറിലൂടെ നിരോധിക്കുവാനോ നിയന്ത്രിക്കുവാനോ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെ അച്ചടക്കം എന്ന ആയുധമുപയോഗിച്ച് ഇല്ലാതാക്കാനാണ് എ.ജി ശ്രമിക്കുന്നത്. അച്ചടക്കം, ഐക്യം, തുല്യത തുടങ്ങിയ നൈതികമായ ആശയങ്ങളെ വിദ്യാലയങ്ങളിൽ ഊട്ടിയുറപ്പിക്കുക എന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത് എന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്. എന്നാൽ ശിരോവസ്ത്രം എങ്ങനെയാണ് അച്ചടക്കം, ഐക്യം, തുല്യത എന്നിവക്ക് തടസ്സമാകുന്നത് എന്ന ചോദ്യത്തിന് മുമ്പിൽ അദ്ദേഹം മൗനിയാവുകയും ചെയ്യുന്നു. തുടർന്ന് അദ്ദേഹം തന്റെ വാദം സമർഥിക്കാൻ വേണ്ടി 19ാം അനുച്ഛേദത്തിന് സ്വന്തമായ വ്യാഖ്യാനം നൽകുന്ന കാഴ്ചയാണ് കോടതിയിൽ കണ്ടത്.

അനുച്ഛേദം 19: എ.ജിയുടെ വാദങ്ങൾ

19ാം അനുച്ഛേദത്തിൽ വസ്ത്രം പെടില്ലെന്നാണ് എ.ജിയുടെ പക്ഷം. എ.ജി പറയുന്നത് ഇങ്ങനെ: ‘ഫ്രീഡം ഓഫ് സ്പീച്ച്’ എന്നത് ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യം മാത്രമാണ്. അതിൽ വസ്ത്രം ഉൾപ്പെടുന്നില്ല. സ്പീച്ച് (ആശയവിനിമയം) മാത്രമാണ് അതിലുള്ളത്. വസ്ത്രത്തെ 19ാം അനുച്ഛേദത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഭിന്നലിംഗരുടെ (Transgender) കാര്യത്തിൽ മാത്രമാണ്. ഭിന്നലിംഗർക്ക് മാത്രമാണ് പ്രത്യേക വസ്ത്രസ്വാതന്ത്ര്യം 2014ലെ ‘നൽസ’ വിധിയിലൂടെ നൽകിയിട്ടുള്ളത്. ഇങ്ങനെ ട്രാൻസ്‌ജെൻഡറുകൾ നേടിയതുപോലെയുള്ള ഒരു വിധി സ്‌കൂളുകളിൽ പ്രത്യേകതരം യൂണിഫോം ധരിക്കാൻ ഇന്ത്യൻ സമൂഹത്തിലെ ഒരു വിഭാഗവും നേടിയിട്ടില്ല.

ഭാവപ്രകടനത്തിനുള്ള അവകാശം

എ.ജി ഇത് പറഞ്ഞപ്പോൾ ‘ഫ്രീഡം ഓഫ് സ്പീച്ച്’ എന്ന് മാത്രമല്ല അതിന്റെ കൂടെ ‘എക്‌സ്പ്രഷൻ’ (ഭാവപ്രകടനം) എന്ന ഒരു വാക്കുകൂടിയുണ്ട് എന്ന് ജസ്റ്റിസ് ഗുപ്ത ഓർമിപ്പിച്ചു. അതിന് വളരെ വിചിത്രമായ മറുപടിയാണ് എ.ജി നൽകിയത്. ‘എക്‌സ്പ്രഷൻ എന്നത് ഏകപക്ഷീയമല്ല, മറിച്ച് അത് ഉഭയകക്ഷീയമാണ് (bilateral). ശിരോവസ്ത്രം ഏത് തരത്തിലുള്ള എക്‌സ്പ്രഷനാണ് എന്ന് വ്യക്തമല്ല, അതിനായി പ്രത്യേക ഹരജി സമർക്കപ്പെട്ടിട്ടില്ല.’ ഇങ്ങനെ ഒട്ടും വ്യക്തതയില്ലാത്ത വാദങ്ങളായിരുന്നു എ.ജിയുടെ മറുപടി. ഒരു പെൺകുട്ടിക്ക് ഒരു മാളിൽ ശിരോവസ്ത്രം ഉപയോഗിക്കാം, എന്നാൽ അത് സ്‌കൂളിൽ പാടില്ല എന്ന് പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല എന്ന കപിൽ സിബലിന്റെ വാദം ജസ്റ്റിസ് ധൂലിയ എ.ജിയെ ഓർമിപ്പിച്ചു. ശിരോവസ്ത്രം ഉപയോഗിക്കുക എന്ന അവകാശത്തെ സർക്കാർ എടുത്തുകളഞ്ഞിട്ടില്ല എന്നും മറിച്ച് സ്‌കൂളുകളിൽ അതിന് നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമുള്ള പതിവ് മറുപടിയായിരുന്നു എ.ജിക്ക് ഉണ്ടായിരുന്നത്. എന്നാൽ Public Order, Health, Moraltiy ഇവയിൽ ഏതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം എന്ന് വ്യക്തമാക്കണമെന്ന് ധൂലിയ ആവശ്യപ്പെട്ടപ്പോൾ പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് 19ാം അനുച്ഛേദത്തിൽ വരുന്നില്ലെന്നും അത് 21ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു എ.ജി.

അടിച്ചേൽപിക്കൽ തന്നെയാണ് നയം

എ.ജി തുടരുന്നു: ‘കർണാടകയെ സംബന്ധിച്ചിടത്തോളം അതിന്റെ വിദ്യാഭ്യാസ ചട്ടങ്ങളാണ് പ്രധാനം. ചട്ടങ്ങൾ സമ്പൂർണമാണ്. അത് അനുസരിക്കുക എന്നത് ഓരോ സ്‌കൂളിനും അവിടെയുള്ള വിദ്യാർഥികൾക്കും നിർബന്ധമാണ്. ചട്ടങ്ങൾ അനുശാസിക്കുന്ന വിധത്തിലുള്ള യൂണിഫോം ധരിക്കൽ എല്ലാവ ർക്കും നിർബന്ധമാണ്. ബച്ചൻ സിംഗ് വധശിക്ഷാ കേസിൽ 19ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് വാദമുയർന്നപ്പോൾ അത് അംഗീകരിക്കാതെ വധശിക്ഷയെ അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.’ എ.ജിയുടെ വാദം കേട്ട ജസ്റ്റിസ് ഗുപ്ത ‘പ്രധാനപ്പെട്ട ലക്ഷ്യം നടപ്പാക്കുമ്പോൾ അതുമൂലമുണ്ടാകുന്ന അനുബന്ധ പ്രശ്‌നങ്ങളെ ഗൗനിക്കേണ്ടതില്ല എന്നാണോ താങ്കൾ പറഞ്ഞുവരുന്നത്’ എന്നുചോദിച്ചപ്പോൾ ‘അതെ’ എന്നായിരുന്നു എ.ജിയുടെ മറുപടി.

എ.ജി തുടരുന്നു: ‘യൂണിഫോം നിയമത്തിന് വിരുദ്ധമായി മൗലികാവകാശങ്ങളുടെ പേരിൽ മറ്റൊരു വസ്ത്രവും അംഗീകരിക്കാൻ സർക്കാറിന് ബാധ്യതയില്ല. മാത്രവുമല്ല, 19ാം അനുച്ഛേദപ്രകാരം വരുന്ന എക്‌സ്പ്രഷൻ എന്താണെന്നും അത് ആരോടാണ് എന്നും അവർ വ്യക്തമാക്കേണ്ടതുണ്ട്. വസ്ത്രം ധരിക്കൽ ആരോടെങ്കിലും എന്തെങ്കിലും ‘എക്‌സ്പ്രസ്’ ചെയ്യലാവുകയില്ല. ഇസ്‌ലാം അത് നിർബന്ധമാക്കിയിട്ടുണ്ട് എന്ന് മാത്രമാണ് അവർ പറയുന്നത്. അതിൽ എവിടെയാണ് എക്‌സ്പ്രഷൻ?’

നൽസ കേസും 19ാം അനുച്ഛേദവും

2014ലെ National Legal Services Authortiy (NALSA), Union of India എന്ന വളരെ പ്രസിദ്ധമായ കേസിൽ സുപ്രീംകോടതി ഭിന്നലിംഗരായ വ്യക്തികളുടെ അസ്തിത്വം അംഗീകരിക്കുകയാണ് ചെയ്തത്. ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം 19ാം അനുച്ഛേദത്തിന് കീഴിൽ വരില്ല എന്ന് സമർഥിക്കാൻ അനാവശ്യമായി എ.ജി അത് ഉദ്ധരിക്കുകയാണ് ചെയ്തത്. ട്രാൻസ്‌ജെൻഡറുടെ മാനസികമായ ലൈംഗികാഭിമുഖ്യം ഏതാണോ അതനുസരിച്ച് അവർക്ക് വസ്ത്രം ധരിക്കാവുന്നതാണ് എന്ന് കോടതി വിധി പറഞ്ഞത് 19ാം അനുച്ഛേദപ്രകാരമാണ്. ഈ ആനുകൂല്യം ട്രാൻസ്‌ജെൻഡർ സമൂഹത്തിന് മാത്രമാണ് ലഭിക്കുക എന്നത് എ.ജിക്ക് എവിടെനിന്നാണ് ലഭിച്ചത്? ഒരാളുടെ മാനസികമായ ലൈംഗികാഭിമുഖ്യം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ (Freedom of Speech & Expression) ഭാഗമായി കോടതി പരിഗണിക്കാനുള്ള കാരണമാണ് പരിശോധിക്കപ്പെടേണ്ടത്. എ.ജി ആദ്യം പറഞ്ഞത് അനുച്ഛേദം 19നെ അനുച്ഛേദം 19 മാത്രമാണ് നിയന്ത്രിക്കുന്നത് എന്നാണ്. എങ്കിൽ ഈ കേസിൽ മാനസികമായ ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യം എങ്ങനെയാണ് കോടതി നൽകിയത്? വിശ്വാസപരവും സാംസ്‌കാ രികവുമായ ആഭിമുഖ്യങ്ങളിൽ വൈവിധ്യം പുലർത്തുന്ന ഇന്ത്യൻ സമൂഹത്തിൽ അവയുടെ അടിസ്ഥാന ത്തിലുള്ള വേഷവിധാനങ്ങളും ഈ അനുച്ഛേദത്തിന്റെ പരിധിയിൽ വരും എന്നുതന്നെയാണ് നൽസ വിധി നൽകുന്ന പാഠം.

എ.ജിയുടെ ‘ഭാവപ്രകടനം’

അനുച്ഛേദം 19 ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്‌സ്പ്രഷൻ ആണ് ഉൾക്കൊള്ളുന്നത്. ഇവിടെ എ.ജി സ്പീച്ച് അഥവാ ‘ആശയവിനിമയം’ എന്നതിൽ മാത്രം ഊന്നുകയും എക്‌സ്പ്രഷൻ അഥവാ ‘ഭാവപ്രകടനം’ എന്നതിനെ സൗകര്യപൂർവം അവഗണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അത് കോടതി ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ വക എക്‌സ്പ്രഷന് ഒരു വ്യാഖ്യാനം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നു. എക്‌സ്പ്രഷൻ ഉഭയകക്ഷീയമാവണം അഥവാ ഒരാൾ അങ്ങോട്ടും മറ്റൊരാൾ ഇങ്ങോട്ടും നൽകുന്ന ഭാവപ്രകടനത്തിനു മാത്രമെ എക്‌സ്പ്രഷൻ എന്നുപറയൂ എന്ന, ഒട്ടും തിരിയാത്ത ഒരു വിശദീകരണമാണ് അദ്ദേഹം നൽകുന്നത്. എന്നാൽ നേരത്തെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വളരെ ആധികാരികമായി ഫ്രീഡം ഓഫ് എക്‌സ്പ്രഷനിൽ വസ്ത്രസ്വാതന്ത്ര്യംകൂടി ഉൾക്കൊള്ളുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടേത് പോസിറ്റിവ് സെക്കുലറിസം

ഇന്ത്യയുടെ സെക്കുലറിസം പോസിറ്റിവ് സെക്കുലറിസമാണ്. അത് നെഗറ്റിവ് സെക്കുലറിസമല്ല. മതപരമമായ സ്വത്വങ്ങളെ കാണിക്കാതിരുന്നു കൊണ്ടുള്ള സെക്കുലറിസത്തെയാണ് നെഗറ്റിവ് സെക്കുലറിസം എന്ന് പറയുന്നത്. നെഗറ്റിവ് സെക്കുലറിസത്തെ അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള രാഷ്ട്രങ്ങളിലാണ് ശിരോവസ്ത്രം പോലുള്ള മതപരമായ അടയാളങ്ങളെ പൊതുയിടങ്ങളിൽ നിരോ ധിച്ചിട്ടുള്ളത്. ഈ വ്യാഖ്യാനങ്ങൾ ഇന്ത്യൻ സെക്കുലറിസത്തിന് വന്നുഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഭരണഘടനാശിൽപികൾ അനുച്ഛേദം 19 അഥവാ ‘ഫ്രീഡം ഓഫ് സ്പീച്ച് & എക്‌സ്പ്രഷൻ’ ഭരണഘ ടനയിൽ എഴുതിച്ചേർത്തത്. അത് പോസിറ്റിവ് സെക്കുലറിസത്തിന്റെ ഭാഗമായിരുന്നു.

‘സർവ ധർമ സമഭാവ’

സ്വാമി വിവേകാനന്ദനിലൂടെ പ്രസരിച്ച് മഹാത്മജിയിലൂടെ പ്രഘോഷണം ചെയ്യപ്പെട്ട ‘സർവ ധർമ സമ ഭാവ’ എന്ന ആശയമാണ് ഇന്ത്യൻ സെക്കുലറിസത്തിന്റെ അടിസ്ഥാനം. എല്ലാ മതങ്ങളുടെയും സമത്വമാണ് അത് ഉൽഘോഷിക്കുന്നത്. ഒരു മതത്തെയും നിരാകരിക്കാതെ, ഒരു മതത്തിനും മേൽക്കോയ്മ നൽകാതെ, എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനും എല്ലാ സംസ്‌കാരങ്ങളെയും അംഗീകരിക്കാനും സാധിക്കുക എന്ന മഹത്തായ കാഴ്ചപ്പാടാണ് ഇന്ത്യയുടെ സെക്കുലറിസം. അതുകൊണ്ടാണ് അതിനെ പോസിറ്റിവ് സെക്കുലറിസം എന്ന് വിളിക്കുന്നത്. ഈ പോസിറ്റീവ് സെക്കുലറിസത്തെ ഏതെങ്കിലും സ്ഥലങ്ങളിൽ അകാരണമായി നിരോധിക്കാനോ നിയന്ത്രിക്കാനോ ഒരു സർക്കാറിനും ഭരണഘടന അവകാശം നൽകിയിട്ടില്ല.

വധശിക്ഷാ കേസും 19ാം അനുച്ഛേദവും

ബച്ചൻസിംഗ് കേസ് അഥവാ വധശിക്ഷ കേസിനെ വീണ്ടും എ.ജി അനവസരത്തിൽ എടുത്തുദ്ധരിക്കാൻ ശ്രമിക്കുകയാണ്. വധശിക്ഷ മനുഷ്യത്വത്തിന് എതിരായതുകൊണ്ട് അത്തരം ശിക്ഷകൾ നടപ്പാക്കുന്നത് 19ാം അനുച്ഛേദത്തിന് എതിരാണ് എന്ന വാദം കോടതി അംഗീകരിച്ചിട്ടില്ല എന്നതിൽനിന്നും ലക്ഷ്യം നല്ലതാണെങ്കിൽ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിയന്ത്രിക്കുന്നതിന് വിരോധമില്ല എന്നാണ് വ്യക്തമാകുന്നത് എന്നുമാണ് എ.ജി പറയുന്നത്. എന്നാൽ ശിരോവസ്ത്ര നിരോധനത്തിലൂടെ എന്ത് ലക്ഷ്യമാണ് നേടാനുള്ളത്? വധശിക്ഷാ വിഷയത്തിൽ ക്രൂരമായി കൊലപാതകം നടത്തിയ ആളുകളെ ശിക്ഷിക്കുക എന്ന നൈതികമായ ലക്ഷ്യമുണ്ട്. എന്നാൽ ശിരോവസ്ത്രം നിരോധിക്കുന്നതിൽ എന്ത് നൈതിക ലക്ഷ്യമാണുളളത്? ഒരാൾക്ക് മറ്റൊരാളെ കൊല്ലാനുള്ള മൗലികാവകാശമില്ല. എന്നാൽ ഒരാൾക്ക് അയാൾ ഉദ്ദേശിക്കുന്നവിധം മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ട് ബച്ചൻസിംഗ് കേസിനെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശുദ്ധ വങ്കത്തമാണ്. മാത്രമല്ല, ജസ്റ്റിസ് ധൂലിയ പല ഘട്ടങ്ങളിലും ചൂണ്ടിക്കാണിച്ചതുപോലെ ശിരോവസ്ത്രത്തെ നിയന്ത്രിക്കണമെങ്കിൽ അവിടെ ക്രമസമാധാന ലംഘനമോ, ആരോഗ്യം, ധാർമികത എന്നിവക്ക് വിഘാതമാവുന്ന സംഭവങ്ങളോ ഉണ്ടാവണം. അത് ശിരോവസ്ത്ര വിഷയത്തിൽ ഉണ്ടായതായി തെളിയിക്കാൻ കഴിയുകയില്ല.

(തുടരും)

അടുത്തലക്കത്തിൽ:

മൗലികാവകാശങ്ങളും നിയന്ത്രണങ്ങളും