ശിരോവസ്ത്രവാദങ്ങൾ പരിസമാപ്തിയിലേക്ക്

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

( വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 23)

ഹുസേഫാ അഹ്‌മദിക്ക് ശേഷം ദേവദത്ത് കാമത്ത് ആയിരുന്നു രണ്ടംഗ ബെഞ്ചിന് മുമ്പാകെ തുടർവാദങ്ങൾ സമർപ്പിക്കാൻ സന്നിഹിതനായത്. ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയിൽ പ്രാരംഭ വാദങ്ങൾ സമർപ്പിച്ചിരുന്നത് കാമത്ത് ആയിരുന്നു. വളരെ പ്രൗഢവും ഹൃസ്വവുമായ വാദങ്ങളിലൂടെ ജഡ്ജുമാരുടെയും നിയമപണ്ഡിതരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കാമത്ത് മതനിരപേക്ഷ സമൂഹത്തിന്റെ ശബ്ദമായിരുന്നു കോടതിയിൽ എത്തിച്ചത്. തികഞ്ഞ ഹിന്ദുമത വിശ്വാസിയായ കാമത്ത് അഭിഭാഷകർക്കി ടയിലെ ആത്മീയസ്വരൂപമായിട്ടാണ് അറിയപ്പെടുന്നത്. ഗാന്ധിജിയുടെ ആഹ്വാനം കേട്ട് ജോലി ഒഴിവാക്കി സ്വാതന്ത്ര്യ സമരത്തിലേക്ക് ചാടിപ്പുറപ്പെട്ട ഭാരതത്തിലെ അറിയപ്പെടുന്ന നിയമജ്ഞനായിരുന്ന പി.എസ്. കാമത്തിന്റെ പേരമകൻ കൂടിയാണ് കർണാടകയിലെ കാർവാർ സ്വദേശിയായ ദേവദത്ത് കാമത്ത്. കോൺഗ്രസിന്റെ അറിയപ്പെടുന്ന അഭിഭാഷക മുഖം കൂടിയായ കാമത്ത് നേരത്തെ കർണാടകയുടെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു. മുസ്‌ലിം വിദ്യാർഥിനികളുടെ മൗലികാവകാശമായ തലമറക്കലിനെതിരെ നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാറുകൾക്കോ കേന്ദ്ര സർക്കാറിനോ അവകാശമില്ല എന്ന വാദമായിരുന്നു പ്രാരംഭഘട്ടത്തിൽ കാമത്ത് രണ്ടംഗ ബെഞ്ചിന്റെ മുമ്പാകെ കൊണ്ടുവന്നിരുന്നത്.

പബ്ലിക് ഓർഡർ: എ.ജി തെറ്റിദ്ധരിപ്പിക്കുന്നു

ഭരണഘടനയിൽ പറയപ്പെട്ട ‘Public Order’ എന്ന അർഥത്തിലല്ല, മറിച്ച് ‘Law and order’ എന്ന അർഥത്തിലാണ് കർണാടക സർക്കാർ സർക്കുലറിൽ പ്രസ്തുത പദം ഉപയോഗിച്ചിട്ടുള്ളത് എന്നായിരുന്നു എ.ജി വാദിച്ചത്. എന്നാൽ Public Order എന്ന പദത്തിന്റെ കന്നഡയിലുള്ള പദമായ ‘സാർവ്വജനിക് സുവ്യവസ്ഥേ’ എന്ന പദം തന്നെയാണ് സർക്കുലറിലും ഉപയോഗിച്ചിട്ടുള്ളത് എന്ന് കാമത്ത് ചൂണ്ടിക്കാട്ടി. ഇതേ പദംതന്നെയാണ് ഭരണഘടനയുടെ കന്നഡ പരിഭാഷയിലും ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് Law and order വാദം ഉയർത്തിക്കാട്ടി സർക്കുലറിനെ രക്ഷപ്പെടുത്താനുള്ള എ.ജിയുടെ ശ്രമം പാഴ്‌വേലയാണ് എന്ന് കാമത്ത് തുറന്നടിച്ചു. മാത്രവുമല്ല സർക്കാർ സമർപ്പിച്ച ഹരജികളിൽ ‘Public Order’ എന്ന പദംതന്നെയാണ് ഉപയോഗിച്ചിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാമത്ത്: ‘സർക്കുലറിൽ പറയുന്നത് ഐക്യം, സമത്വം, പൊതുക്രമം (Public Order) എന്നിവ പാലിച്ചുകൊണ്ടായിരിക്കണം കുട്ടികൾ സ്‌കൂളുകളിലേക്ക് വരേണ്ടത് എന്നാണ്. എന്നാൽ ഇത് ആരാണ് തീരുമാനിക്കേണ്ടത്?’

ജസ്റ്റിസ് ഗുപ്ത: ‘അത് തീരുമാനിക്കേണ്ടത് സ്‌കൂൾ മേലധികാരിയായ പ്രിൻസിപ്പാളാണ്.’

കാമത്ത്: ‘പൊതുക്രമം എന്നത് പ്രിൻസിപ്പാളിന് തീരുമാനിക്കാൻ സാധിക്കുന്ന കാര്യമല്ല. അതൊരു ഭരണകൂട വിഷയമാണ്.’

ഗുപ്ത: ‘താങ്കൾ പറയുന്നത് ഒട്ടും യുക്തിസഹമായി തോന്നുന്നില്ല. ഭരണകൂടമെന്ന് പറയുമ്പോൾ അത് പൊലീസോ സംസ്ഥാന മന്ത്രിസഭയോ ആയിരിക്കണം. അല്ലെങ്കിൽ പ്രിൻസിപ്പാൾ ആയിരിക്കണം.’

കാമത്ത്: ‘സംസ്ഥാന സർക്കാറിനെ രക്ഷപ്പെടുത്തുക എന്ന ജോലിയാണ് ഇവിടെ കർണാടക ഹൈക്കോടതി നിർവഹിച്ചിട്ടുള്ളത്. 2021വരെ വിദ്യാർഥിനികൾ ശിരോവസ്ത്രം ധരിച്ചിരുന്നില്ല എന്ന ഒട്ടും യാഥാർഥ്യബോധമില്ലാത്ത, അഹങ്കാരത്തോടെയുള്ള സർക്കാറിന്റെ പ്രസ്താവന എങ്ങനെയാണ് ഹൈക്കോടതി ശരിവെച്ചത്? സ്‌കൂളിൽ ചേർന്നത് മുതൽ തങ്ങൾ ശിരോവസ്ത്രം ധരിച്ചുവരുന്നുണ്ട് എന്ന് എന്തുകൊണ്ട് ഹരജിയിൽ പരാതിക്കാർ ബോധിപ്പിച്ചില്ല എന്ന ഹൈക്കോടതിയുടെ ചോദ്യം സർക്കാറിനെ രക്ഷപ്പെടുത്തുവാൻ വേണ്ടിയുള്ളത് മാത്രമാണ്. ഒട്ടും മനസ്സിലാവാത്ത ഇംഗ്ലീഷ് ആണ് ഹൈക്കോടതി ഉപയോഗിച്ചിരിക്കുന്നത്. "Pleadings are militantly absent’ (ഹരജികൾ സൈനികമായി അസന്നിഹിതമാണ്). ഇത് എന്തൊരു ഇംഗ്ലീഷ് ആണ്? ഇവിടെ സൈനികമായി എന്ത് കാര്യമാണുള്ളത്. ഏറെ തെറ്റിദ്ധാരണ പരത്തുന്ന പ്രയോഗമാണിത്.

നിയന്ത്രിക്കാൻ ആർക്കാണ് അധികാരം?

കാമത്ത്: ‘വിദ്യാലയ പശ്ചാത്തലത്തിൽനിന്ന് നോക്കുമ്പോൾ ഈ വിഷയകമായി നമുക്ക് ലഭ്യമാവുന്ന സുപ്രധാനമായ വിധിയാണ് ബിജോയ് ഇമ്മാനുവൽ ദേശീയഗാന കേസ്. എന്നാൽ ഹൈക്കോടതി പറയുന്നത് അത് മനഃസാക്ഷി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടത് മാത്രമാണ് എന്നാണ്. ഇതെന്തൊരു വ്യാഖ്യാനമാണ്? ഇവിടുത്തെ വിഷയം സർക്കാർ കൊണ്ടുവന്ന ശിരോവസ്ത്ര നിരോധനത്തിന് നിയമപരമായ സാധൂകരണം ഉണ്ടോ എന്നതാണ്. എന്നാൽ ഹൈക്കോടതി ആവശ്യപ്പെടുന്നത് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിനുള്ള തെളിവ് കൊണ്ടുവരൂ എന്നാണ്. വിഷയത്തെ തിരിച്ചടിക്കാനാണ് ഹൈക്കോടതി ശ്രമിക്കുന്നത്. ശിരോവസ്ത്രത്തിന് മേൽ നിയന്ത്രണം കൊണ്ടുവരാനുള്ള നിങ്ങളുടെ തെളിവ് എന്താണ് എന്നുതന്നെയാണ് ഞങ്ങൾക്ക് ആവർത്തിച്ച് ചോദിക്കാനുള്ളത്. എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസിന്റെ പരിശോധന ഈ ഘട്ടത്തിൽ അനിവാര്യമല്ല എന്നതാണ് എന്റെ അഭിപ്രായം. ഞാനത് ഹൈക്കോടതിയിൽതന്നെ പറഞ്ഞിട്ടുണ്ട്. അതിന് പകരം സർക്കാരിന്റെ നിയന്ത്രണ നടപടിക്കുള്ള ഭരണഘടനാപരമായ സാധുത എന്താണ് എന്നാണ് വ്യക്തമാക്കേണ്ടത്. അത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.’

ശ്രീകൃഷ്ണന്റെ ഫോട്ടോ

കാമത്ത്: ‘ഉദാഹരണത്തിന്, ഞാൻ കൃഷ്ണഭഗവാന്റെ ഒരു ഫോട്ടോ പോക്കറ്റിൽ സൂക്ഷിക്കുന്നു. ഫോട്ടോ സൂക്ഷിക്കാൻ പറ്റില്ലെന്ന് ഭരണകൂടം പറയുന്നു. ഇത് കോടതിയിലെത്തുമ്പോൾ ഫോട്ടോ സൂക്ഷിക്കാൻ എനിക്ക് അവകാശമുണ്ടോ എന്നല്ല കോടതി ചോദിക്കുക, മറിച്ച് ഫോട്ടോ സൂക്ഷിക്കുന്നതിന് മേൽ എന്തിനാണ് നിയന്ത്രണം എന്നാണ് കോടതി ചോദിക്കുക. സോളിസിറ്റർ ജനറൽ ഇവിടെ ഒരു കാവി വസ്ത്ര പ്രശ്‌നം പറഞ്ഞല്ലോ. എന്നാൽ ഇതിന്റെ നേർവിപരീത സാഹചര്യം പരിഗണിക്കുക. ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു ബ്രാഹ്‌മണ വിദ്യാർഥി ‘നാമം’ ധരിക്കുന്നു എന്ന് കരുതുക. അതിനെതിരെ കുറച്ചു കുട്ടികൾ പ്രതിഷേധിക്കുകയും അവർ പച്ചവസ്ത്രം ധരിക്കുകയും ചെയ്യുന്നു. അപ്പോൾ സർക്കാർ ഇനി ആരും ‘നാമം’ ധരിക്കരുത് എന്ന ഉത്തരവ് പുറപ്പെടുവിക്കുമോ?’

ഈ ചോദ്യങ്ങൾ കോടതിക്ക് മുമ്പാകെ സമർപ്പിച്ചുകൊണ്ട് കാമത്ത് വാദം അവസാനിപ്പിച്ചു.

സഞ്ജയ് ഹെഗ്‌ഡെ

കാമത്തിന് ശേഷം സഞ്ജയ് ഹെഗ്‌ഡെയാണ് ഹാജരായത്. പൗരത്വ വിഷയത്തിലുള്ള എൻ.ആർ.സി. കേസുകളിലും ഷാഹീൻബാഗ് കേസിലും ന്യൂനപക്ഷങ്ങളുടെ നാവായിരുന്നു ഹെഗ്‌ഡെ. 2012ലെ ഡൽഹി കൂട്ടബലാൽസംഗ കേസിൽ അമിക്കസ് ക്യൂറി ആയിരുന്ന ഹെഗ്‌ഡെ മർദിതരുടെ പടവാളായിട്ടാണ് അറിയപ്പെടുന്നത്. ശിരോവസ്ത്ര വിഷയത്തിലെ പ്രാരംഭവാദ ഘട്ടത്തിൽ ശിരോവസ്ത്രം നിരോധിക്കുകവഴി വിദ്യാർഥിനികളുടെ വിദ്യാഭ്യാസ അവകാശത്തെ ഹനിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്ന കാര്യത്തിൽ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.

വാദങ്ങൾ അവസാനിക്കുന്നു

ഹെഗ്‌ഡെ: ‘ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അടിസ്ഥാനത്തിൽ വളരെ വിശാലമായി ചർച്ച ചെയ്യേണ്ട വിഷയം കേവലം മതപരമായ അനിവാര്യത (Essential Practice) എന്നതിലേക്ക് ചുരുക്കിക്കൊണ്ടുവരുന്നത് ശരിയല്ല. കുറച്ചുകൂടി വിശാലമായ പ്രതലത്തിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ വളരെ സങ്കുചിതമായ വിഷയങ്ങളിൽ ചുരുക്കുന്നത് ശരിയല്ല എന്ന് മിറാജ്കർ കേസിൽ ജസ്റ്റിസ് ഗജേന്ദ്ര ഗാഡ്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാറിന് മതനിരപേക്ഷതക്ക് വിരുദ്ധമായി നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.’

മതനിരപേക്ഷത പ്രശോഭിച്ച പത്ത് ദിനങ്ങൾ

ഇന്ത്യയുടെ പരമോന്നത കോടതിയിൽ 2022 സെപ്റ്റംബർ 5 തിങ്കളാഴ്ച മുതൽ പത്ത് ദിവസം നീണ്ടുനിന്ന ദൈർഘ്യമേറിയ ചർച്ചകൾ അവസാനിച്ചത് സെപ്റ്റംബർ 22 വ്യാഴാഴ്ചയാണ്. സെപ്റ്റംബർ 5, 7, 8, 12, 14, 15, 19, 20, 21, 22 എന്നീ ദിവസങ്ങളിലാണ് കോടതി വാദം കേട്ടത്. ഓരോ ദിവസവും അഞ്ചോ ആറോ മണിക്കൂർ തുടർച്ചയായി വാദം നടന്നു. മുസ്‌ലിം മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഇത്രയും സുദീർഘമായ ചർച്ചകൾ നടന്ന മറ്റൊരു വിഷയവും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ സുപ്രധാന അനുച്ഛേദങ്ങളും വളരെ പ്രസിദ്ധമായതും അല്ലാത്തതുമായ പൂർവകാല വിധികളും സവിസ്തരം രണ്ടംഗ ബെഞ്ചിന്റെ മുമ്പിൽ ചർച്ചയായി. സൂക്ഷ്മവും സ്ഥൂലവുമായ നിരീക്ഷണങ്ങളിലൂടെ വാദങ്ങൾ കടന്നുപോയപ്പോൾ ഭാരതത്തിന്റെ മതനിരപേക്ഷതയുടെ സൗന്ദര്യം കോടതിയുടെ അകത്തളങ്ങളിൽ പ്രശോഭിച്ചു. മതനിരപേക്ഷതയെ തകർക്കാൻ ഒരുങ്ങിനിൽക്കുന്ന ഏകശിലാത്മക സംസ്‌കാരത്തിന്റെ വക്താക്കൾ ഭരണഘടനക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ തളർന്നുവീഴുന്നതിന് കോടതി പലപ്പോഴും സാക്ഷിയായി.

വാദങ്ങൾക്ക് പരിസമാപ്തി കുറിച്ചു. ഇനി വിധിയാണ്. വാദങ്ങൾ കഴിഞ്ഞ് മൂന്നാഴ്ചകൾക്ക് ശേഷം ഒക്ടോബർ 13നാണ് രണ്ടംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്.

അടുത്ത ലക്കത്തിൽ: ഹിജാബ് വിധികളുടെ അവലോകനം