സോളിസിറ്റർ ജനറലുടെ ദുർബല വാദങ്ങൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 10)

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കണ്ണും കരളും പഠിച്ചെടുത്തതുകൊണ്ട്, നിയമത്തിന്റെ നാനോന്മുഖമായ വശങ്ങളിലൂടെ സഞ്ചരിച്ച് ശിരോവസ്ത്ര നിരോധനമെന്ന കർണാടക സർക്കാറിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ശക്തവും പ്രൗഢവുമായ ന്യായവാദങ്ങൾ നിരത്തിക്കൊണ്ടാണ് ലോകപ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ദുഷ്യന്ത് ദവെ സംസാരം അവസാനിപ്പിച്ചത്. ബിജോയ് ഇമ്മാനുവൽ സ്‌റ്റേറ്റ് ഓഫ് കേരള, സൂപ്രണ്ട് ജനറൽ റാം മനോഹർ ലോഹ്യ, ഐ.ആർ.കൊയ്‌ലോ സ്‌റ്റേറ്റ് ഓഫ് തമിൾനാട്, യംഗ് ലോയേഴ്‌സ് കേരള (ശബരിമല) തുടങ്ങി വിവിധ കേസുകളുടെ വിധികൾ അദ്ദേഹം ഉദ്ധരിച്ചു. മതപരമായ അവകാശങ്ങൾക്ക് മീതെ ഒരു നിയമത്തിനും നിലനിൽക്കാൻ സാധിക്കില്ലെന്ന സന്ദേശമാണ് പ്രസ്തുത വിധികൾ നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിഫോം മൗലികാവകാശങ്ങളെക്കാൾ വലുതല്ലെന്നും മതസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ അവകാശങ്ങളുടെ പ്രാധാന്യം ഭരണഘടന അസ്സംബ്ലിയിൽ നടന്ന ചർച്ചകളിൽനിന്ന് വ്യക്തമാണെന്നും സൂചിപ്പിച്ച അദ്ദേഹം മുഴുവൻ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളണമെന്ന ടാഗോറിന്റെയും വിവേകാനന്ദന്റെയും സന്ദേശങ്ങൾ വായിച്ചുകേൾപിച്ചുകൊണ്ടാണ് വാദങ്ങൾക്ക് പരിസമാപ്തി കുറിച്ചത്.

ഇനി സർക്കാർ അഭിഭാഷകന്റെ ഊഴം

ശിരോവസ്ത്ര വിഷയത്തിൽ മുസ്‌ലിം പെൺകുട്ടികൾക്ക് വേണ്ടി സുപ്രീം കോടതിയിലെ ഏറ്റവും പ്രശസ്തരായ 18 അഭിഭാഷകരാണ് രണ്ടംഗ ബെഞ്ചിന് മുമ്പാകെ പോരാടിയത്. അവരിൽ അഞ്ച് പേരും വനിതകളായിരുന്നു. കർണാടക ഹൈക്കോടതി വിധിയുടെ അർഥശൂന്യത വ്യക്തമാക്കിക്കൊണ്ട് മുസ്‌ലിം പെൺകുട്ടികളുടെ ഭരണഘടനാപരമായ അവകാശത്തിനായി സുപ്രീം കോടതിയുടെ അകത്തളങ്ങളിൽ അക്ഷരാർഥത്തിൽ അവർ പൊരുതുകയായിരുന്നു. വാദങ്ങൾ പൂർത്തിയായിക്കഴിഞ്ഞ ശേഷം സർക്കാർ അഭിഭാഷകരെ മറുവാദങ്ങൾ സമർപ്പിക്കാനായി രണ്ടംഗ ബെഞ്ച് ക്ഷണിച്ചു. സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജനും കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് കെ നവാഡ്ഗിയുമാണ് ഹാജരായത്. സർക്കാർ അഭിഭാഷകർ എത്രതന്നെ മതേതര ചിന്താഗതിക്കാരാണെങ്കിലും മതേതര വിരുദ്ധ ചേരി നാട് ഭരിക്കുമ്പോൾ അവർക്ക് അനുകൂലമായി സംസാരിക്കുക എന്ന നിവൃത്തികേട് അവർക്കുണ്ടാവുക സ്വാഭാവികമാണ്. അത് ശിരോവസ്ത്രത്തിന്റെ വിഷയത്തിലും പ്രകടമായി.

പദ്ധതി ആർ.എസ്.എസിന്റെ മുസ്‌ലിം ഉന്മൂലന സിദ്ധാന്തം

കർണാടക സർക്കാരിനും കേന്ദ്ര സർക്കാരിനും ശിരോവസ്ത്ര വിഷയത്തിൽ ഒരേ ‘രാഷ്ട്രീയ’മാണുള്ളത്. മുസ്‌ലിം അടയാളങ്ങളെ ഇല്ലായ്മ ചെയ്യുക എന്നത് മാത്രമാണത്. ആർ.എസ്.എസ്. സംഘ്പരിവാർ നേതാക്കളും അതിന്റെ ആശയ നിർമാതാക്കളും ഉണ്ടായ കാലംതൊട്ട് അവർ യോജിച്ചുനിൽക്കുന്ന വിഷയം മുസ്‌ലിം ഉന്മൂലനവും മുസ്‌ലിം സമുദായത്തിന്റെ സ്വത്വ അടയാളങ്ങളെ ഇല്ലാതാക്കലുമാണ് എന്ന കാര്യം ബുദ്ധിയും വിവേകവുമുള്ള എല്ലാ ഇന്ത്യക്കാർക്കും അറിയാവുന്ന കാര്യമാണ്. ആർ.എസ്.എസ് തൊടുത്തുവിട്ട മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ അപകടങ്ങളെ കുറിച്ച് മുസ്‌ലിം സമുദായം മനസ്സിലാക്കുന്നുണ്ടോ എന്നത് പുനർവിചിന്തനം നടത്തേണ്ട കാര്യമാണ്. ആർ.എസ്.എസുമായി മൃദുസമീപനം വേണമോ വേണ്ടയോ എന്ന വിഷയത്തിൽ പോലും മുസ്‌ലിം സമുദായത്തെ വിവിധ തട്ടുകളിൽ നിർത്താൻ അവർക്ക് സാധിക്കുന്നു എന്നതാണ് അവരുടെ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന കുതന്ത്ര രാഷ്ട്രീയത്തിന്റെ അപകടകരമായ പാർശ്വഫലങ്ങൾ.

സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ

സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്തയാണ് ആദ്യമായി സംസാരിച്ചു തുടങ്ങിയത്. അദ്ദേഹം സംസാരം തുടങ്ങിയത് ഇങ്ങനെയാണ്: ‘സർക്കാറിന്റെ സർക്കുലർ നിയമവിരുദ്ധമാണ് എന്നാണ് ഇവിടെ പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞത്. ശിരോവസ്ത്രം മതത്തിന്റെ അവിഭാജ്യഘടകം (Essential Religious Practice) ആണെന്നും അത് ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നുമാണ് അവർ തുടർന്നു പറഞ്ഞത്. വിശാല ബെഞ്ചിന് വിടണമെന്നും ചിലർ പറയുകയുണ്ടായി.’ തുഷാർ മേത്ത ഇത് പറഞ്ഞപ്പോൾ ഒരു മതാചാരം എസെൻഷ്യൽ ആണെങ്കിലും അല്ലെങ്കിലും അത് സംരക്ഷിക്കപ്പെടണമെന്നാണ് ശിരൂർ മഠം കേസ് ഉദ്ധരിച്ചുകൊണ്ട് ദുഷ്യന്ത് ദവെ ഇവിടെ പറഞ്ഞതെന്ന് ജസ്റ്റീസ് ഗുപ്ത പ്രതികരിച്ചു. ഒരു കേസിനെ മാത്രം ആസ്പദമാക്കി കാര്യങ്ങൾ തീരുമാനിക്കാൻ കഴിയില്ല എന്നായിരുന്നു എസ്.ജി.യുടെ മറുപടി.

എസ്.ജി ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു

ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ല എന്നും വിദ്യാർഥികൾ യൂണിഫോം ധരിക്കണമെന്നു മാത്രമാണ് ഉത്തരവെന്നുമായിരുന്നു എസ്.ജിയുടെ വാദം. 2014ൽ സർക്കാർ ഇറക്കിയ ഉത്തരവിൽ യൂണിഫോം നിയമവിരുദ്ധമാണെന്ന പരാമർശം ഉള്ളതായി ദവെ പറയുകയുണ്ടായെന്ന് ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാട്ടിയപ്പോൾ പ്രസ്തുത രേഖ കഴമ്പില്ലാത്തതാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്നായിരുന്നു എസ്.ജിയുടെ മറുപടി. ‘രണ്ടു കാര്യങ്ങളാണ് എസ്.ജി കോടതി മുമ്പാകെ സമർപ്പിച്ചത്. ഒന്നാമത്തേത് 2021 വരെ ഒരു വിദ്യാർഥിനിയും ശിരോവസ്ത്രം ധരിച്ചിരുന്നില്ല. രണ്ടാമത്തേത് ശിരോവസ്ത്രം മാത്രം നിരോധിച്ചു എന്ന വാദം തെറ്റാണ്. ചിലർ കാവി ഷോൾ അണിഞ്ഞുവന്നപ്പോൾ അതും നിരോധിച്ചിട്ടുണ്ട്. സർക്കാർ അപ്രകാരം ചെയ്തില്ലായിരുന്നുവെങ്കിൽ ഭരണഘടനാപരമായ കടമകൾ നിർവഹിച്ചില്ല എന്നതിന്റെ പേരിൽ സർക്കാർ പ്രതിക്കൂട്ടിൽ ആകുമായിരുന്നു.’ തുഷാർ മേത്ത പറഞ്ഞു.

വിശദീകരണം:

സർക്കാർ അഭിഭാഷകൻ ഇവിടെ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത്. കാവി ഷോൾ എന്നത് ഏതെങ്കിലും മതവിഭാഗം അവരുടെ വേഷമായി സ്വീകരിച്ചുവരുന്ന ഒന്നല്ല. അതേസമയം ശിരോവസ്ത്രം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർ നൂറ്റാണ്ടുകളായി ധരിച്ചുവരുന്ന വേഷമാണ്. 2021 മുതൽ മാത്രമാണ് ശിരോവസ്ത്രം മുസ്‌ലിം വിദ്യാർഥിനികൾ അണിഞ്ഞുവന്നത് എന്ന സർക്കാർ വാദം സത്യമല്ല. സർക്കാർ സംവിധാനങ്ങളുടെ ദുഷ്‌ടോപദേശത്തിന്റെയും ഗൂഢാലോചനയുടെയും ഫലമായാണ് ചില കുട്ടികൾ കാവി ഷോൾ അണിഞ്ഞുവന്നത് എന്നതാണ് സത്യം. അത് മറച്ചുവെച്ചിട്ട് കാര്യമില്ല. കാവി ഷോളിന്റെ പിന്നിൽ തുടക്കത്തിൽ ദേവദത്ത് കാമത്ത് സൂചിപ്പിച്ച അസഹിഷ്ണുതാപരമായ എതിർപ്പ് അഥവാ ‘Hecklers Veto’ മാത്രമാണ് എന്നത് പശ്ചാത്തലങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

പ്രതിഷേധം ആസൂത്രിതമെന്ന് എസ്.ജി

എസ്.ജി.തുടരുന്നു: 2013 മാർച്ചിൽ ഉഡുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് (PUC) ബോർഡ് യൂണിഫോം നിഷ്‌കർഷിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരുന്നു. അതിൽ ശിരോവസ്ത്രം അനുവദിച്ചിരുന്നില്ല. 2014ൽ കോളേജ് ഡെവലപ്പ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കാനുള്ള സർക്കുലർ സർക്കാർ ഇറക്കിയതോടെ മറ്റുള്ള പി.യു.സികളും അതേമാർഗം അവലംബിച്ചു. വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന സമയത്ത് എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്നാണ് വിദ്യാർഥിനികൾ ഉറപ്പുകൊടുത്തത്. എന്നാൽ പിന്നീട് വളരെ പെട്ടെന്ന് ശിരോവസ്ത്രം അണിയുമെന്ന തീരുമാനത്തിലേക്ക് അവർ വരികയായിരുന്നു. 2022ൽ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് ശിരോവസ്ത്രത്തിന് വേണ്ടിയുള്ള മുറവിളി. വിദ്യാർഥിനികളിൽനിന്നും സ്വതസിദ്ധമായി വളർന്നുവന്ന ആവശ്യമായിരുന്നില്ല ഇത്. പി.എഫ്.ഐ നടത്തിയ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ് ഇപ്പോൾ നടക്കുന്ന വിവാദം. അധ്യയന വർഷത്തിന്റെ മധ്യത്തിലാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ വിവാദം സാമൂഹികമായ അശാന്തി സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.

എസ്.ജി തുടരുന്നു: ‘വിദ്യാർഥിനികൾ സ്വന്തം നിലക്ക് ചിന്തിച്ചുകൊണ്ടുണ്ടായ മുറവിളിയല്ല ഇപ്പോൾ കർണാടകയിൽ ഉണ്ടായിട്ടുള്ളത്. ശിരോവസ്ത്രം അണിയാതിരുന്ന ചിലർ പെട്ടെന്ന് അത് ധരിച്ചുകൊണ്ട് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അതിന്റെ പിന്നിൽ വലിയ ഗൂഢാലോചനകൾ ഉണ്ട്. അവ പുറത്തുകൊണ്ടുവരുന്നതിന് വേണ്ടിയുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തി അവർക്കെതിരെയുള്ള കുറ്റപത്രം തയ്യാറായി വരികയാണ്.’

വിശദീകരണം:

ചില സ്‌കൂൾ അധികൃതർ നിർമിക്കുന്ന നിയമങ്ങളെ ചോദ്യം ചെയ്യാൻ സാധിക്കാതെ വീർപ്പുമുട്ടിയാണ് പല വിദ്യാർഥിനികളും വിദ്യാലയങ്ങളിൽ കഴിയുന്നത് എന്ന യാഥാർഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് എസ്.ജി സംസാരിക്കുന്നത്. കർണാടകയിൽതന്നെ ശിരോവസ്ത്രം അനുവദിച്ചുകൊടുത്തിട്ടുള്ള ധാരാളം വിദ്യാലയങ്ങൾ ഉണ്ടായിരുന്നു എന്ന വസ്തുതയും മറച്ചുപിടിക്കുന്നു. പി.എഫ്.ഐ. എന്ന തീവ്രവാദ സംഘടന ഈ ആവശ്യം ഉന്നയിച്ചു എന്നതുകൊണ്ടുമാത്രം വിദ്യാർഥിനികളുടെ ആവശ്യം ന്യായമല്ലാതാകുന്നില്ല. അവരുടെ ആവശ്യം ഭരണഘടനാപരമാണോ എന്നും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ അനുസരിച്ചാണോ എന്നുമാണ് കോടതികൾ പരിശോധിക്കേണ്ടത്. സാമൂഹികമായ അശാന്തി ഉണ്ടാവുന്നത് മൗലികാവകാശങ്ങൾ ലംഘിച്ചത് മൂലമുണ്ടായ സാമൂഹികമായ അസമത്വം കാരണമാണെങ്കിൽ അങ്ങനെയുള്ള അസമത്വങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.

ഏതെങ്കിലും സംഘടനകൾ നിയമം കൈയിലെടുത്ത് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. നിയമം കൈയിലെടുത്ത് പ്രവർത്തിച്ചു എന്നതിന്റെ പേരിൽ മാത്രം ആവശ്യങ്ങൾ ന്യായമല്ല എന്ന് എങ്ങനെ വിധിയെഴുതും?

ക്രമസമാധാനം എന്ന തുറുപ്പുശീട്ട്

എസ്.ജി ന്യായീകരണം തുടരുന്നു: വിദ്യാർഥിനികൾ നേരത്തെ ശിരോവസ്ത്രം അണിഞ്ഞിരുന്നു എന്ന് അവർ നൽകിയ റിട്ട് പെറ്റിഷനിൽ വ്യക്തമാണല്ലോ എന്ന് ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ വസ്തുതയില്ല എന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ ഒട്ടും വ്യക്തമല്ലാത്ത മറുപടി.

സർക്കാർ ക്രമസമാധാന പാലനത്തിനാണ് (Public Order) കൂടുതൽ മുൻഗണന നൽകുന്നത് എന്ന് എസ്.ജി. പറഞ്ഞപ്പോൾ ഏത് "Public Order’ന്റെ കാര്യമാണ് താങ്കൾ പറയുന്നത് എന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചു. ഒരു വിഭാഗം ശിരോവസ്ത്രം ധരിച്ചുവന്നു സ്‌കൂൾ കവാടത്തിന് പുറത്ത് സമരം ചെയ്തപ്പോൾ മറുവിഭാഗം കാവി ഷോൾ അണിഞ്ഞു വന്നു പ്രതിഷേധിച്ചു. അവരും സമരത്തിലേർപ്പെട്ടു. അത് സംഘട്ടനത്തിലേക്ക് നയിച്ചു. അതാണ് "Public Order’ നെ ബാധിച്ചു എന്ന് പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യം എന്നായിരുന്നു എസ്.ജിയുടെ മറുപടി. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം യൂണിഫോമിൽനിന്ന് വിടുതൽ നൽകിയാൽ അത് സ്വാഭാവികമായും ക്രമസമാധാനത്തെ ബാധിക്കുമെന്നും യൂണിഫോം നിർദേശിക്കപ്പെടാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ ഏകത, സമത്വം, ക്രമസമാധാനം എന്നിവയിൽ അധിഷ്ഠിതമായ വസ്ത്രം മാത്രമെ ധരിക്കാവൂ എന്നാണ് സർക്കുലർ നിർദേശിച്ചിട്ടുള്ളത് എന്നും സർക്കാർ അഭിഭാഷകനായ തുഷാർ മേത്ത പറഞ്ഞു.

വിശദീകരണം:

നിർദേശിക്കപ്പെട്ട യൂണിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കുവാനുള്ള അവകാശമാണ് വിദ്യാർഥിനികൾ ചോദിക്കുന്നത്. എന്നാൽ അവരുടെ ആവശ്യത്തെ തോൽപിക്കുന്നതിന് വേണ്ടി യൂണിഫോമിന്റെ നിറത്തിലുള്ള ഷോൾ അണിഞ്ഞുകൊണ്ടല്ല മറുവിഭാഗം പ്രതിഷേധവുമായി വന്നത്. യൂണിഫോമിന്റെ നിറവുമായി ബന്ധമില്ലാത്ത കാവി നിറത്തിലുള്ള ഷോൾ ആണ് ധരിച്ചത്. മാത്രവുമല്ല കാവി ഷോൾ അണിഞ്ഞു വന്നവരിൽ അധികവും ആൺകുട്ടികൾ ആയിരുന്നു എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാവി ഷോൾ അണിഞ്ഞതിന് മതപരമായ ന്യായീകരണമല്ല അതിലൂടെ വരുന്നത്. മറിച്ച് ശിരോവസ്ത്രത്തെ കാവി രാഷ്ട്രീയത്തിലൂടെ പ്രതിരോധിക്കുമെന്നാണ് ‘പ്രതിഷേധക്കാർ’ വ്യക്തമാക്കുന്നത്. കാവി വസ്ത്രം ഏകതയെയും സമത്വത്തെയും ക്രമസമാധാനത്തെയും പ്രതിനിധീകരിക്കുന്നു എന്ന് വ്യംഗ്യമായി സൂചിപ്പിക്കുക കൂടിയാണ് സർക്കാർ വക്കീൽ ചെയ്യുന്നത്.

എസ്.ജിയെ ജഡ്ജുമാർ ക്രോസ് ചെയ്യുന്നു

എസ്.ജിയുടെ സംസാരം കേട്ട ജസ്റ്റിസ് ഗുപ്ത ഇങ്ങനെ ചോദിച്ചു: ‘മിസ്റ്റർ മേത്ത, താങ്കൾ ഉയർത്തിയ വാദം ശരിയെന്ന് തോന്നുന്നില്ല. വിദ്യാഭ്യാസ ചട്ടങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനാണ്, അല്ലാതെ വിദ്യാർഥികൾക്ക് മേൽ നിയന്ത്രണം കൊണ്ടുവരാനല്ല. വിദ്യാർഥികൾ പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ച് പറയുന്ന ഒന്നും സർക്കാറിന്റെ സർക്കുലറിൽ പറയുന്നില്ല.’ ഇതിനു മറുപടിയായി തുഷാർ മേത്ത പറഞ്ഞത് ‘വിദ്യാർഥികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുകയായിരുന്നു’ എന്നാണ്. വിദ്യാർഥികളെ നേരിട്ട് അഭിസംബോധനം ചെയ്തിട്ടില്ല തുടങ്ങിയ ദുർബലവാദങ്ങളാണ് അദ്ദേഹം നിരത്തിയത്.

ജസ്റ്റിസ് ധൂലിയയുടെ വളരെ പ്രസക്തമായ ഒരു ചോദ്യം ഇങ്ങനെയായിരുന്നു: ‘യൂണിഫോം എന്ന നിയമം ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ മുസ്‌ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുമായിരുന്നു എന്നാണോ പറയുന്നത്?’ എസ്.ജി അതിനു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ‘മാനേജ്‌മെന്റ് യൂണിഫോം നിർദേശിച്ചിട്ടില്ലെങ്കിൽ, സമത്വം, ഐക്യം എന്നീ ആശയങ്ങളുമായി ഒന്നിച്ചുപോകുന്ന വസ്ത്രങ്ങളാണ് അനുവദിക്കുക. ഏതെങ്കിലും പ്രത്യേക മതത്തിന്റെ അടയാളമായി വരുന്ന ഹിജാബ്, കാവി എന്നിവ അനുവദിക്കുകയില്ല. സ്‌കൂളുകളിൽ ഓരോ മതത്തിന്റെയും വക്താക്കളായിട്ടല്ല, കുട്ടികൾ വിദ്യാർഥികളായിട്ടാണ് പ്രവേശിക്കേണ്ടത്.’

വിശദീകരണം:

വിദ്യാർഥികളുടെ മൗലികാവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ സർക്കാറുകൾക്ക് അവകാശമില്ല. ഏതെങ്കിലും വിധേനയുള്ള നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ വരുത്തേണ്ടത് സ്‌കൂൾ അധികൃതരാണ്. എന്നാൽ വളഞ്ഞ വഴിക്ക് മൂക്ക് പിടിച്ചുകൊണ്ടുള്ള ഒരു അഭ്യാസത്തിനാണ് ഇവിടെ സർക്കാർ മുതിർന്നത്. സർക്കാറിന് ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരു കാര്യത്തിൽ സ്‌കൂൾ ഡെവലപ്പ്‌മെന്റ് കമ്മിറ്റികൾ വഴി രാഷ്ട്രീയവും അന്യമതദ്വേഷവും നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യൂണിഫോം നിയമം ഇല്ലെങ്കിൽ പോലും ശിരോവസ്ത്രം അനുവദിക്കുമായിരുന്നില്ല എന്ന സൂചന സർക്കാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെയാണ് പ്രകടമാക്കുന്നത്. സമത്വം, ഐക്യം എന്നീ പദങ്ങളിൽ കടിച്ചുതൂങ്ങി തങ്ങൾ വ്യാഖ്യാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന വിധത്തിൽ മാത്രം ഐക്യസമത്വങ്ങളെ നിർവചിക്കുക എന്ന ഞാണിന്മേൽ കളിയാണ് സർക്കാർ നടത്തുന്നത് എന്ന് സർക്കാർ അഭിഭാഷകന്റെ മറുപടിയിൽ നിന്നും വ്യക്തമാണ്.

(തുടരും)

അടുത്ത ലക്കത്തിൽ:

എസൻഷ്യൽ പ്രാക്റ്റിസും സർക്കാർ ദുർവ്യാഖ്യാനങ്ങളും