വിശുദ്ധ ക്വുർആൻ പ്രപഞ്ച സ്രഷ്ടാവിന്റെ സന്ദേശം

ശമീർ മദീനി

2023 ഏപ്രിൽ 01, 1444 റമദാൻ 10

നമുക്ക് ജീവൻ നൽകിയ, ശ്വസിക്കുവാൻ വായുവും കുടിക്കുവാൻ വെള്ളവും നൽകിയ, വാസയോഗ്യമായ നിലയിൽ ഭൂമിയെ സംവിധാനിച്ച കരുണാവാരിധിയായ നമ്മുടെ സ്രഷ്ടാവ് അവന്റെ പക്കൽനിന്നുള്ള കുറ്റമറ്റ മാർഗനിർദേശങ്ങളുമായി കാലാകാലങ്ങളിൽ നിരവധി ദൂതന്മാരെ നിയോഗിച്ചയച്ചു. എന്താണ് നമ്മുടെ ജീവിത ലക്ഷ്യമെന്നും എന്താണ് നന്മ-തിന്മകളെന്നും നാം എങ്ങനെ ജീവിക്കണമെന്നും അവരിലൂടെ കാരുണ്യവാനായ നമ്മുടെ സ്രഷ്ടാവ് നമ്മെ പഠിപ്പിച്ചു.

“സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായ ദൂതൻമാരായിരുന്നു അവർ. ആ ദൂതന്മാർക്ക് ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ ഒരു ന്യായവും ഇല്ലാതിരിക്കാൻ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു’’ (4:165).

ദൈവനിയുക്തരായ ആ പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി ﷺ . അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ. ദൈവവചനമാകുന്ന ക്വുർആനും അതിന്റെ പ്രായോഗിക വിവരണമായ പ്രവാചക ജീവിതവും അഥവാ സുന്നത്തുമാണ് മനുഷ്യരാശിക്കു മുന്നിൽ മോക്ഷത്തിനുള്ള മാർഗമായി ശേഷിക്കുന്നത്.

മുഹമ്മദ് നബി ﷺ പറയുന്നു: “എന്റെയും എനിക്ക് മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഇപ്രകാരമാണ്: ഒരാൾ ഒരു മന്ദിരം നിർമിച്ചു. അതിനെ വളരെ സുന്ദരവും സുഭഗവുമാക്കി. ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവാക്കിവച്ചു. ജനങ്ങളതിനെ ചുറ്റിനടന്ന് കാണുകയും അതിന്റെ ഭംഗി കണ്ട് അത്ഭുതം കൂറുകയും ചെയ്തു. എന്തുകൊണ്ട് ഈ കല്ലുകൂടി വെച്ചില്ല എന്നവർ പറയുകയുണ്ടായി. ഞാനത്രെ ആ കല്ല്. ഞാൻ അന്ത്യപ്രവാചകനാണ്’’ (ബുഖാരി, മുസ്‌ലിം).

ആ പ്രവാചകനും ആ വേദഗ്രന്ഥവും ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിലേക്കുള്ളതല്ല: “പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ നിങ്ങൾ നേർമാർഗം പ്രാപിക്കാം’’ (7:158).

“നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത് നൽകുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല’’ (34:28).

“തന്റെ ദാസന്റെ മേൽ സത്യാസത്യ വിവേചനത്തിനുള്ള പ്രമാണം (ക്വുർആൻ) അവതരിപ്പിച്ചവൻ അനുഗ്രഹപൂർണനാകുന്നു. അദ്ദേഹം (റസൂൽ) ലോകർക്ക് ഒരു താക്കീതുകാരൻ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്’’ (25:1).

ക്വുർആൻ ദൈവികമോ?

മറ്റു ദൂതന്മാർക്ക് നൽകപ്പെട്ട ദൈവികഗ്രന്ഥങ്ങൾ ഓരോ പ്രത്യേക കാലഘട്ടങ്ങളിലേക്കും പ്രത്യേക സമൂഹങ്ങളിലേക്കും മാത്രമായി ഇറക്കപ്പെട്ടതായിരുന്നു. ആ കാലഘട്ടങ്ങൾക്ക് ശേഷം അവയുടെ ദൗത്യമവസാനിച്ചു. പിൽകാലക്കാരായ മനുഷ്യർ ആ വേദഗ്രന്ഥങ്ങളിൽ അവരുടെ താൽപര്യത്തിനനുസരിച്ച് പലതും കൂട്ടിച്ചേർത്തു. പലതും ഒഴിവാക്കി. എന്നാൽ ലോകാവസാനം വരെയുള്ള സർവ മനുഷ്യർക്കുമായി ലോകരക്ഷിതാവ് അവതരിപ്പിച്ച വേദഗ്രന്ഥമെന്ന നിലയിൽ അതിന്റെ സംരക്ഷണ ചുമതല അവൻ തന്നെ ഏറ്റെടുക്കുകയും ചെയ്തു:

“തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (15:9).

മുൻ വേദഗ്രന്ഥങ്ങളെ ശരിവെച്ചും അവയുടെ അടിസ്ഥാനാശയങ്ങളെ സംരക്ഷിച്ചുകൊണ്ടും ക്വുർആൻ കൃത്യമായ മാർഗദർശക ഗ്രന്ഥമായി ഇന്നും നിലകൊള്ളുന്നു.

“(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്...’’ (5:48)

വിശുദ്ധ ക്വുർആനിന്റെ ദൈവികതയിൽ സംശയമുന്നയിക്കുന്നവരോട് സത്യസന്ധമായ അന്വേഷണത്തിനും പരിശോധനക്കും തയ്യാറാകുവാനും അതിനെ നിഷ്പക്ഷവും സത്യസന്ധവുമായ പഠനത്തിന് വിധേയമാക്കുവാനുമാണ് ക്വുർആൻ ആവശ്യപ്പെട്ടുന്നത്.

ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഏക ഗ്രന്ഥം:

ലോകത്ത് നിരവധി ഗ്രന്ഥങ്ങളുണ്ട്. അവയിൽ ഒന്ന് പോലും ദൈവിക ഗ്രന്ഥമാമെന്ന് സ്വയം അവകാശപ്പെടുന്നില്ല. എന്നാൽ ക്വുർആനാകട്ടെ ലോകസ്രഷ്ടാവായ അല്ലാഹുവിൽനിന്ന് അവതീർണമായ താണെന്ന് ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്:

“അലിഫ്‌ലാംറാ. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ. നിങ്ങൾ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയിൽ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു’’ (12:1-2)

“അലിഫ്‌ലാംറാ. മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവന്റെ മാർഗത്തിലേക്ക്’’ (14-1).

ക്വുർആൻ വെല്ലുവിളിക്കുന്നു

നിരക്ഷരനായ പ്രവാചകൻ ﷺ ക്വുർആനിന്റെ ദൈവികത നിഷേധിച്ച, വലിയസാഹിത്യകാരന്മാരടങ്ങുന്ന ശത്രുപക്ഷത്തോട്, നിങ്ങളെല്ലാവരും ഒത്തുചേർന്ന് ഇതുപോലെ ഒരു ഗ്രന്ഥം കൊണ്ടുവരാൻ കഴിയുമെങ്കൽ കൊണ്ടുവരൂ എന്ന് വെല്ലുവിളിച്ചു.

“(നബിയേ,) പറയുക: ഈ ക്വുർആൻ പോലൊന്ന് കൊണ്ടുവരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്നാലും തീർച്ചയായും അതുപോലൊന്ന് അവർ കൊണ്ടുവരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നതായാൽ പോലും’’ (17:88)

അതിന് സാധ്യമല്ലെങ്കിൽ പത്ത് അധ്യായമെങ്കിലും കൊണ്ടുവരൂ എന്ന് ആവർത്തിച്ചു വെല്ലുവിളിച്ചു:

“അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? പറയുക: എന്നാൽ ഇതുപേലെയുള്ള പത്ത് അധ്യായങ്ങൾ ചമച്ചുണ്ടാക്കിയത് നിങ്ങൾ കൊണ്ട്‌വരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ’’ (11:13).

അതിനും സാധ്യമല്ലെങ്കിൽ കേവലം ഒരൊറ്റ അധ്യായമെങ്കിലും കൊണ്ടുവരുവാൻ ക്വുർആൻ ആവശ്യപ്പെട്ടു:

“നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുർആനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റെത് പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ (അതാണല്ലോ വേണ്ടത്)’’ (2:23)

പതിനാലു നൂറ്റാണ്ടുകളായി ശത്രുക്കളുടെ കർണപുടങ്ങളിൽ അലയടിക്കുന്ന ഈ വെല്ലുവിളി ഏറ്റെടുക്കുവാൻ ഇതുവരെയും ക്വുർആനിന്റെ എതിരാളികൾക്ക് സാധിച്ചിട്ടില്ല എന്നത് അതിന്റെ ദൈവികത വിളിച്ചറിയിക്കുന്ന യാഥാർഥ്യമാണ്.

നൂറ്റാണ്ടുകളെ അതിജയിച്ച ഗ്രന്ഥം

കാലഹരണപ്പെട്ടു പോകാതെ സാഹിത്യസമ്പുഷ്ടത കൊണ്ടും ആശയ വൈപുല്യംകൊണ്ടും നിത്യനൂതനത്വം തുളുമ്പുന്നതാണ് വിശുദ്ധ ക്വുർആനിന്റെ സൂക്തങ്ങൾ. നിത്യവും ആവർത്തിച്ച് കേട്ടാലും ആവർത്തിച്ചാവർത്തിച്ച് പാരായണം ചെയ്താലും അതിനോട് ഒരു മടുപ്പോ വെറുപ്പോ വിശ്വാസികൾക്ക് ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും അതിലെ ഏതെങ്കിലും ഒരു പരാമർശം പോലും അബദ്ധമാണെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാൻ അതിന്റെ എതിരാളികൾക്ക് സാധിച്ചിട്ടില്ല.

വിശ്വസ്തനായ ജിബ്‌രീൽ എന്ന മലക്ക് മുഖേന അല്ലാഹുവിൽ നിന്ന് ലഭിച്ച സന്ദേശങ്ങളാണ് ക്വുർആൻ എന്ന അതിന്റെ അവകാശവാദത്തെ സത്യപ്പെടുത്തുന്നതാണ് നാം നേരിട്ടനുഭവിക്കുന്ന ഈ യാഥാർഥ്യവും.

“തീർച്ചയായും ഇത് (ക്വുർ ആൻ) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീൽ) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു; നിന്റെ ഹൃദയത്തിൽ. നീ താക്കീത് നൽകുന്നവരുടെ കൂട്ടത്തിലായിരിക്കുവാൻ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)’’ (26:192-195).

(തുടരും)