ദൃഷ്ടാന്തങ്ങൾ; പ്രകൃതിയിലും മനുഷ്യരിലും

ഷാഹുൽ പാലക്കാട്‌

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

(ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു?  7)

E45. പർവതങ്ങൾ

“ഭൂമിയെ നാം വിരിപ്പും പർവതങ്ങളെ ആണി(ഔതാദ്)കളുമാക്കിയില്ലേ?’’ (ക്വുർആൻ 78:6).

‘ഔതാദ്’ എന്നാൽ ആണി, കുറ്റി എന്നൊക്കെയാണ് അർഥം. ഇവിടെ പർവതങ്ങൾ ഭൂമിക്ക് ആണികളാണ് എന്നാണ് ക്വുർആൻ വിശേഷിപ്പിക്കുന്നത്. ആണിയെന്നാൽ ഉറപ്പായും അതിന്റെ വേരുകൾ ഭൂമിയിലേക്ക് ആഴ്ന്നിരിക്കണം. ഇവിടെ ഒരു ജിയോളജി ടെക്സ്റ്റ് ബുക്കിലെ ഒരു ഭാഗത്ത് ഇങ്ങനെ കാണാം:  “ഏറ്റവും പ്രധാനപ്പെട്ട കാര്യം, പർവതങ്ങൾക്ക്  താഴേക്ക് വ്യാപിക്കുന്ന വേരുകളുണ്ട്,  വേരുകൾ പൊതുവെ, ശ്രേണിയുടെ ഉയരത്തെക്കാൾ 5-6 മടങ്ങ് ആഴത്തിലെത്തിയിരിക്കും’’ (http://www.geology.wisc.edu/~chuck/Classes/Mtn_and_Plates/mtn_roots.html).

ക്വുർആൻ ദൈവത്തിങ്കൽ നിന്നുമല്ലായിരുന്നെങ്കിൽ ആധുനിക ഗവേഷണ ഫലങ്ങളുമായുള്ള ഈ ഉൾച്ചേർച്ച സാധ്യമല്ല.

E46. ബീജസങ്കലനം

കൂടിച്ചേർന്നുണ്ടായ ‘നുത്വ‌്ഫ’ യാണ് ശിശുനിർമിതിക്ക് നിമിത്തമാവുന്നതെന്ന് ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. ക്വുർആൻ പറയുന്നത് നോക്കുക: “നുത്വ‌്ഫതുൻ അംശാജിൽ (കൂട്ടിച്ചേർന്നുണ്ടായ ബീജം) നിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; നാം അവനെ പരീക്ഷിക്കുവാൻ. അങ്ങനെ നാം അവനെ കേൾക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു’’ (76:2).

പുരുഷ-സ്ത്രീ സ്രവങ്ങളുടെ സംയോജനത്തിൽനിന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന വസ്തുത പ്രവാചകൻ ﷺ വ്യക്തമായി പറയുന്ന ഹദീസും സ്വഹീഹു മുസ്‌ലിമിൽ കാണാം.

പുരുഷന്റെ നുത്വ‌്ഫയും സ്ത്രീയുടെ നുത്വ‌്ഫയും കൂടിച്ചേർന്നുണ്ടാകുന്ന നുത്വ‌്ഫയെക്കുറിച്ചാണ് ക്വുർആനിൽ ‘നുത്വ‌്ഫതുൻ അംശാജ്’ എന്ന് പറഞ്ഞിരിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. പ്രത്യുല്പാദനത്തെയും കുഞ്ഞിന്റെ ലിംഗനിർണയം, വിധി എന്നിവയെയുമെല്ലാം കുറിച്ച് പ്രതിപാദിക്കുന്ന ഹദീസുകളിലും സ്ത്രീ-പുരുഷ സ്രവങ്ങളുടെ സംയോജനത്തെക്കുറിച്ച പരാമർശങ്ങൾ കാണാം. കുഞ്ഞിന്റെ രൂപപ്പെടലിനെ സംബന്ധിച്ച നിരവധി മിത്തുകൾ നിലനിന്നിരുന്ന ലോകത്താണ് ക്വുർആനിന്റെ കൃത്യമായ വിവരണം വരുന്നത്. ആർത്തവരക്തം കട്ടപിടിച്ചാണ് കുഞ്ഞുണ്ടാവുന്നത് എന്നും, ആൺബീജമോ പെൺബീജമോ മാത്രമാണ് കുഞ്ഞുണ്ടാകുന്നതിൽ പങ്കുവഹിക്കുന്നത് എന്നുമൊക്കെയുള്ള നിരവധി പ്രാചീന വീക്ഷണങ്ങൾ നിലനിന്നിരുന്നു. അവയ്ക്ക് നടുവിൽ നിന്നാണ് സ്ത്രീ -പുരുഷ ബീജ സംയോജനത്തെയും സിക്താണ്ടത്തെ സംബന്ധിച്ചും ക്വുർആൻ പറഞ്ഞത്. ആ പദാവലി ശാസ്ത്രീയമായ കൃത്യത ഉൾക്കൊള്ളുന്നു എന്ന് ഇന്ന് നമുക്കറിയാം.

E47.  അടിമ സ്ത്രീ ഉടമക്ക് ജന്മം നൽകും

ലോകാവസാനത്തിന്റെ അടയാളങ്ങളിൽ ഒന്ന്  ‘അടിമസ്ത്രീ അവളുടെ ഉടമക്ക് ജന്മം നൽകുന്നതാകും’ എന്നതാണ് (മുസ്‌ലിം).

ഈ ഹദീസിന് വ്യത്യസ്ത വ്യാഖ്യാനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. ആധുനിക ലോകത്ത് കാണുന്ന വാടക ഗർഭധാരണ രീതിയായും ഇതിനെ കാണാവുന്നതാണ്. കാശുള്ളവർ സ്വന്തം മക്കളെ ഗർഭം ചുമക്കുന്നത് പോലും അമിതഭാരമായി കാണുകയും, കുഞ്ഞിനെ ഗർഭം ധരിക്കാൻ സ്ത്രീകളെ വാടകക്ക് എടുക്കുകയും ചെയ്യുന്ന അവസ്ഥ നിലവിലുണ്ട്. മറ്റൊരു ദമ്പതികളുടെ ഭ്രൂണത്തെ സ്വന്തം ഗർഭപാത്രത്തിൽ വഹിച്ച് പ്രസവിക്കുകയും തുടർന്ന് നവജാതശിശുവിനെ ദമ്പതികൾക്ക് തിരിച്ചേൽപിക്കുകയും ചെയ്യുന്നതിനെയാണ് ‘വാടക ഗർഭധാരണം’ അഥവാ ‘സറോഗസി’ എന്ന് പറയുന്നത്. രണ്ടുതരത്തിലാണ് ഇത്തരം ഗൽഭധാരണം നടക്കുന്നത്. വാടകക്കെടുക്കപ്പെടുന്ന സ്ത്രീയുടെതന്നെ അണ്ഡവും കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരിൽ പുരുഷന്റെ ബീജവും സംയോജിപ്പിച്ചുണ്ടാവുന്ന കുഞ്ഞിനെ പ്രസവിക്കുന്ന പഴയരീതിയാണ് ഇതിലൊന്ന്. ഈ രംഗത്ത് വൈദ്യശാസ്ത്രത്തിന്റെ കുതിച്ചോട്ടത്തോടെയാണ് രണ്ടാമത്തെ രീതി രംഗത്തുവന്നത്. കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരുടെ അണ്ഡവും ബീജവും സംയോജിപ്പിച്ചശേഷം ഗർഭം ധരിക്കാനും പ്രസവിക്കാനും തയ്യാറുള്ള സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും തുടർന്ന് പ്രസവശേഷം കുഞ്ഞിനെ അതിന്റെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്യുന്നതാണ് ‘ഗെസ്റ്റേഷനൽ സറോഗസി’ എന്നറിയപ്പെടുന്ന പുതിയ രീതി.  സമ്പന്നന്റെ കുഞ്ഞിനെ കാശിനുവേണ്ടി ഗർഭം ചുമക്കുകയും പ്രസവിക്കുകയും ചെയ്യുന്ന ആധുനികരീതി പ്രവാചക വചനവുമായി യോജിക്കുന്നു.

E48. രണ്ട് രക്തസാക്ഷികൾ

ഉമർ(റ), ഉസ്മാൻ(റ), അബൂബക്ർ സ്വിദ്ദീക്(റ) എന്നിവരുമായി പ്രവാചകൻ ﷺ ഒരിക്കൽ ഉഹുദ് മല കയറുന്ന സന്ദർഭത്തിൻ പർവതം ഒന്ന് ഉലയുകയുണ്ടായി. അന്നേരം പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “ഇളകാതിരിക്കൂ ഉഹുദ്! നിനക്ക് മുകളിൽ ഇപ്പോൾ ഉള്ളത് ഒരു പ്രവാചകനും ഒരു സ്വിദ്ദീക്വും രണ്ട് രക്തസാക്ഷികളുമാണ്’’(ബുഖാരി).

നബി ﷺ ഇവിടെ തന്നെയും സ്വിദ്ദീകിനെയും(റ) പേരെടുത്ത് പറയുന്നു. എന്നാൽ ഉസ്മാൻ(റ), ഉമർ(റ) എന്നിവരെ രണ്ട് രക്തസാക്ഷികൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ഖലീഫമാരുടെ ഭരണകാലത്ത് രണ്ടുപേരും രക്തസാക്ഷികളായതിനു ചരിത്രം സാക്ഷിയാണ്. ഇവർ ഭാവിയിൽ രക്തസാക്ഷികളാകും എന്ന് നബി ﷺ മുൻകൂട്ടി അറിഞ്ഞത് എങ്ങനെയാണ്? അല്ലാഹു അറിയച്ചതുകൊണ്ട് എന്നു വ്യക്തം.  

E49. വെള്ളം കുടിക്കുമ്പോൾ.

ഒറ്റശ്വാസത്തിൽ വെള്ളം കുടിക്കരുതെന്നും രണ്ടോ മൂന്നോ വട്ടമായി നിർത്തി നിർത്തി കുടിക്കണ മെന്നും നബി ﷺ നിർദേശിച്ചതായി കാണാം.(രിയാദുസ്സ്വാലിഹീൻ).

അൽപാൽപമായി നിർത്തി മാത്രം വെള്ളം കുടിക്കുക എന്നത് ഇന്ന് വൈദ്യശാസ്ത്രം നൽകുന്ന ഉപദേശമാണ്. പൊടുന്നനെ വെള്ളം കുടിക്കുമ്പോൾ മനുഷ്യന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതം ഉണ്ടാകുമെന്നതാണ് കാരണം. അൽപമായി വെള്ളം കുടിക്കുമ്പോൾ ആദ്യം കരൾ ഉണരുകയും ജലത്തെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. ഉമിനീര് കലരാതെ നേരിട്ട് പൊടുന്നനെ തൊണ്ടയിലേക്ക് ഒഴിക്കുന്നത് ദഹന സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നു. അമിതമായി വെള്ളം വേഗത്തിൽ കുടിക്കുന്നത് കിഡ്‌നിയെ ബാധിക്കുന്നു. അത് hyponatremia എന്ന രോഗാവസ്ഥക്ക് കാരണമാകുന്നു. വെള്ളം സിപ് ചെയ്ത് പതുക്കെ കുടിക്കുക എന്ന ആധുനിക വൈദ്യശാസ്ത്ര ഉപദേശം തന്നെ നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു മനുഷ്യന് നൽകാൻ കഴിഞ്ഞത് എങ്ങനെയാകും?

E50. ഇരുന്നു കുടിക്കുക

അനസ്(റ) നിവേദനം: ‘നബി ﷺ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്നു’ (മുസ് ലിം).

ഇരുന്നുകൊണ്ട് വെള്ളം കുടിക്കുക എന്നതും ഒരു ആധുനിക വൈദ്യശാസ്ത്ര ഉപദേശമാണ്. വെള്ളം നിന്ന് കുടിക്കുന്നത് വേഗതയിൽ ഫുഡ് കനാലിലൂടെ അത് കടന്നുപോകുന്നതിനും ശക്തമായി പതിക്കുന്നതിനും കാരണമാകുന്നു. കാലക്രമേണ ഇത് വിവിധ ആന്തരികഭാഗങ്ങൾക്ക് ക്ഷതമേ ൽപിക്കുന്നു.

കരളിലേക്കോ ദഹനനാളത്തിലേക്കോ വേണ്ട ജലം ഇതിനാൽ ആവശ്യത്തിന് ലഭിക്കാതെ വരുന്നു. ഇതുമൂലം ഓക്‌സിജൻ ലെവൽ അവതാളത്തിലാകുന്നു. അത് ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിച്ചേക്കാം. വൃക്കകളിൽ ശുദ്ധീകരണ പ്രക്രിയ കൃത്യമായി നടക്കുന്നതും ഇരുന്ന് കുടിക്കുമ്പോഴാണ്.

ശാസ്ത്രം പഠിക്കാത്ത പ്രവാചകൻ ﷺ എങ്ങനെയാണ് കൃത്യമായി ഇത് മനസ്സിലാക്കിയത്?

E51. മസ്ജിദുകളുടെ വ്യാപനം

അനസുബ്‌നു മാലിക്(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: “അന്ത്യനാൾ സംഭവിക്കുകയില്ല; ജനങ്ങൾ പള്ളികളുടെ (മസ്ജിദ്) നിർമാണത്തിൽ മത്സരിക്കുന്നതുവരെ’’ (ഇബ്‌നുമാജ).

ഈന്തപ്പനയോല കൊണ്ടു മേഞ്ഞ ഒരു മസ്ജിദ് നിർമിക്കുന്നത് പോലും അത്യന്തം ദുഷ്‌കരമായിരുന്ന ഒരു ഭൂമികയിൽനിന്നാണ് പ്രവാചകൻ ﷺ ഇത് പറയുന്നത്. ഇത് യാഥാർഥ്യമാകണമായിരുന്നുവെങ്കിൽ ചില കാര്യങ്ങൾ കൂടി സംഭവിക്കണമായിരുന്നു:

1. ഇസ്‌ലാം വിജയിക്കണം. മുസ് ലിംകൾ അവസാന കാലംവരെ നിലനിൽക്കണം, വ്യാപകമാകണം.

2. അവർ സാമ്പത്തികമായ ഉന്നതിയിൽ എത്തണം.

3. അവർക്ക് നല്ല മതപ്രതിപത്തിയുണ്ടാകണം.

4. മസ്ജിദ് നിർമാണം കൂടുതൽ എളുപ്പമാകണം.

മസ്ജിദ് നിർമാണത്തിലുള്ള ഈ അധികരണം ഭൂമിയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് ദൃശ്യമാണ്. സുഊദി അറേബ്യയിൽ ഒരു ഇടവഴിയുടെ രണ്ടറ്റങ്ങളിലായി പോലും മസ്ജിദുകൾ കാണാം. കേരളത്തിൽ ഒരു ഗ്രാമത്തിൽ പോലും രണ്ടോ മൂന്നോ മസ്ജിദുകൾ കാണാൻ തുടങ്ങി. സംഘടനകളുടെ ആധിക്യവും ഇതിനൊരു കാരണമാണ്.

E52. ബഹു പ്രപഞ്ചങ്ങൾ

ഈ ലോകമല്ലാതെ വ്യത്യസ്ത നിയമങ്ങൾ പിൻപറ്റുന്ന മറ്റു നിരവധി ലോകങ്ങൾ ഉണ്ടെന്നതിലേക്കുള്ള സൂചന കൂടി ക്വുർആൻ നൽകുന്നുണ്ട്.

“അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവൻ ഏഴു ആകാശങ്ങളാക്കിത്തീർത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവൻ നിർദേശിക്കുകയും ചെയ്തു’’ (41:12).

ഉപരിലോകങ്ങളെയും പ്രപഞ്ചത്തെതന്നെയും ‘അസ്സമാഅ്’എന്ന് വിശേഷിപ്പിക്കാം. ഈ സ്വഭാവത്തിൽ വ്യത്യസ്തമായ മറ്റു ലോകങ്ങൾ ഉണ്ടെന്നും അവയ്ക്ക് ദൈവം നിശ്ചയിച്ചത് വേറെ നിയമങ്ങളാണെന്നും ഈ സൂക്തത്തിൽനിന്നും അനുമാനിക്കാം. അരിസ്റ്റോട്ടിലിന്റെ ഭൗമകേന്ദ്രീകൃത പ്രപഞ്ചമാതൃക പന്ത്രണ്ടാം  നൂറ്റാണ്ടിൽതന്നെ ക്വുർആനിനെ ആധാരമാക്കി ഇസ്‌ലാമിക ലോകത്ത് വിമർശനവിധേയമായിട്ടുണ്ട്. സർവലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സർവസ്തുതിയും എന്ന ക്വുർആൻ വാക്യത്തിൽനിന്നും ഒരു പ്രപഞ്ചത്തിർതന്നെ ഒരുപാട് ലോകങ്ങളോ, അല്ലെങ്കിൽ പ്രപഞ്ചങ്ങൾ തന്നെയോ ഒരുപാട് ഉണ്ടാവുമെന്ന് വിശദീകരിച്ചാണ് ഭൂമിയെ ചുറ്റിയുള്ള ഏകപ്രപഞ്ചമെന്ന അരിസ്റ്റോട്ടിൽ മാതൃകയെ ഫക്രുദ്ദീനു റാസി (1149-1209) നിഷേധിക്കുന്നത്. (Adi Setia 2004, “Fakhr Al-Din Al-Razi on Physics and the Nature of the Physical World: A Preliminary Survey,” Islam & Science, 2). ബഹുപ്രപഞ്ചങ്ങൾ വ്യത്യസ്ത ഭൗതിക നിയമങ്ങളാൽ നിലനിൽക്കുകയെന്നത് ആധുനിക ശാസ്ത്ര രംഗത്ത് നിഷേധിക്കാൻ കഴിയാത്തൊരു അനുമാനമാണ്. Eternal inflation model മുതൽ String theory  വരെ അതിനുള്ള സാധ്യതകളെ മനസ്സിലാക്കിത്തരുന്നുമുണ്ട്.

E53: ആകാശത്തിന്റെ ഇടുക്കവും ഞെരുക്കവും

“ഏതൊരാളെ നേർവഴിയിലേക്ക് നയിക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ  ഇസ്‌ലാമിലേക്ക് അവൻ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാൻ  ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീർക്കുന്നതാണ്. അവൻ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേൽ അപ്രകാരം അല്ലാഹു ശിക്ഷ ഏർപെടുത്തുന്നു’’(6:125).

ഒരു തരത്തിലും ഉപരിലോകത്തിന്റെ സ്വഭാവമറിയാത്ത ഒരു കാലഘട്ടത്തിലാണ് ക്വുർആനിലെ ഈ വചനം അവതരിക്കുന്നത്. ഉപരിലോകത്തേക്ക് കയറുന്നവൻ അനുഭവിക്കുന്ന പോലെയുള്ള ഇടുക്കം എന്ന പ്രയോഗം ഇവിടെ കാണാം. ഒരു പരിധിക്കപ്പുറം ഉയരത്തിൽ അന്തരീക്ഷ മർദം വർധിക്കുകയും, ഓക്‌സിജന്റെ അളവ് കുറഞ്ഞുവരികയും ചെയ്യുന്നു. ഇതുമൂലം രക്തസമ്മർദം വർധിക്കുകയും ശ്വാസം മുട്ടലും ഇടുക്കവും ഞെരുക്കവും അനുഭവിക്കേണ്ടതായും വരുന്നു. എവറസ്റ്റിന്റെ ഉയരത്തിൽ മനുഷ്യന് കൃത്രിമ ശ്വസനമാർഗങ്ങളില്ലാതെ പോകാൻ കഴിയാതിരിക്കുന്നത് ഇതിനാലാണ്. എന്നാൽ ആധുനിക ലോകത്തെ ഈ അറിവ് എങ്ങനെയാണ് ക്വുർആനിൽ ഇടംപിടിച്ചത്? ഉപരിലോകത്തെ അന്തരീക്ഷം ഭൂമിയിൽനിന്നും വ്യത്യസ്തമാണ് എന്ന് പ്രവാചകൻ ﷺ അറിഞ്ഞത് എങ്ങനെയാവും? അത് ഞെരുക്കം ഉണ്ടാക്കും എന്നെങ്ങനെ പറഞ്ഞു? മുഹമ്മദ് ﷺ ദൈവത്താൽ നിയോഗിതനായ പ്രവാചകനാണ് എന്ന വിശദീകരണത്തിന് മാത്രമാണ് ഇതിനുത്തരം നൽകാനാവുക.

ദൈവത്തിൽ വിശ്വസിക്കാത്തവരുടെ മനസ്സിന് അനുഭവിക്കേണ്ടിവരുന്ന ഇടുക്കവും ഞെരുക്കവുമാണ് സൂക്തത്തിൽ പരാമർശ വിഷയം. മനുഷ്യ മനഃശാസ്ത്ര പഠനങ്ങൾ ദൈവവിശ്വാസം മനുഷ്യന് അനിവാര്യമാണ് എന്നും നാസ്തികത വിഷാദരോഗത്തിലേക്കും മാനസിക തകർച്ചയിലേക്കും വഴിയ്ക്കുന്നതായും പഠനങ്ങൾ പറയുന്നു. മാനസികമായ ഞെരുക്കങ്ങൾ അവർക്ക് അനുഭവിക്കേണ്ടിവരുന്നു.

“Scientific research in psychology over the past twenty-five years has demonstrated that religious belief is one of the most consistent correlates of overall mental health and happiness.” (Glynn, God: The Evidence, The Reconciliation of Faith and Reason in a Postsecular World, 60-61)

“മൊത്തത്തിലുള്ള മാനസികാരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും ഏറ്റവും സ്ഥിരതയുള്ള പരസ്പര ബന്ധങ്ങളിലൊന്നാണ് മതവിശ്വാസമെന്ന് കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി മനഃശാസ്ത്രത്തിലെ ശാസ്ത്രീയ ഗവേഷണം തെളിയിച്ചിട്ടുണ്ട്.’’

(തുടരും)