പുണ്യത്തിന്റെ വിവിധ വഴികൾ

ഡോ. ടി. കെ യൂസുഫ്

2023 ജൂൺ 03 , 1444 ദുൽഖഅ്ദ 14

ഒരു മനുഷ്യന്റെ ആയുസ്സ് അവൻ ജനിക്കുന്നതിന് മുമ്പുതന്നെ കണക്കാക്കപ്പെട്ടതാണെങ്കിലും ചില സൽകർമങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ അത് വർധിപ്പിക്കാനാകുമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. അതോടൊപ്പം ഒരാൾക്ക് ലഭിച്ച ആയുസ്സ് കുറഞ്ഞകാലമാണെങ്കിലും മരണശേഷവും പ്രതിഫലം കിട്ടുന്ന പ്രവർത്തനങ്ങളും അനേകം ഇരട്ടി പ്രതിഫലം ലഭിക്കുന്ന സൽകർമങ്ങളും അനുഷ്ഠിച്ചുകൊണ്ട് നമ്മുടെ ക്രിയാത്മകമായ ആയുസ്സിനെ വർധിപ്പിക്കാനാകും.

കുടുംബബന്ധം ചേർക്കുന്നത് ആയുസ്സ് വർധിക്കുന്നതിനും ആഹാരത്തിൽ വിശാലത ലഭിക്കുന്നതിനും നിമിത്തമാകുമെന്ന് നബി ﷺ അരുളിയിട്ടുണ്ട്.

അനസ്ബ്‌നു മാലികി(റ)ൽനിന്ന് ഉദ്ധരിക്കുന്നു, നബി ﷺ പറഞ്ഞു: “ആർക്കെങ്കിലും തന്റെ ഉപജീവനത്തിൽ വിശാലത ഉണ്ടാകണമെന്നും തന്റെ ആയുസ്സ് ദീർഘിപ്പിക്കപ്പെടമെന്നും താൽപര്യമുണ്ടെങ്കിൽ അവൻ കുടുംബബന്ധം ചേർത്തുകൊള്ളട്ടെ’’ (ബുഖാരി).

ശൈഖ് മുഹമ്മദ് ഇബ്‌നു ഇബ്‌റാഹീമുൽ ഹമദ് ഈ ഹദീസിനെ വിശദീകരിച്ചത് ഇവിടെ നൽകുന്നത് ഉപകാരപ്രദമാണെന്ന് കരുതുന്നു:

“പ്രസ്തുത ഹദീസിൽ പറഞ്ഞ ആയുസ്സിന്റെ വർധനവ്, ഉപജീവനത്തിന്റെ വിശാലത എന്നിവയുടെ ആശയത്തെക്കുറിച്ച് പണ്ഡിതന്മാർ പറഞ്ഞത് താഴെ പറയും പ്രകാരമാകുന്നു:

1. വർധനവ് കൊണ്ടുള്ള ഉദ്ദേശ്യമെന്താണെന്നാൽ; കുടുംബബന്ധം ചേർക്കുന്നവന്റെ ആയുസ്സിൽ അല്ലാഹു അനുഗ്രഹം ചൊരിയുകയും അവന് ശാരീരികവും മാനസികവുമായ ശക്തിയും തീരുമാനങ്ങൾ നടപ്പിൽ വരുത്താനുള്ള ഇച്ഛാശക്തിയും നൽകി അവന്റെ ജീവിതം സുഖസുന്ദരമാക്കിത്തീർക്കുകയും ചെയ്യും.

2. വർധനവ് അതിന്റെ യഥാർഥ അർഥത്തിൽ തന്നെ: അപ്പോൾ കുടുംബബന്ധം ചേർക്കുന്നവന് അവന്റെ ആയുസ്സ് അല്ലാഹു വർധിപ്പിക്കുകയും അവന്റെ ഉപജീവനത്തിൽ സുഭിക്ഷത നൽകുകയും ചെയ്യുമെന്ന് സാരം.

അതിൽ യാതൊരു സംശയവുമില്ല. “ആരോഗ്യവും ശുദ്ധവായുവും നല്ല ഭക്ഷണവും മാനസിക സന്തോഷവും ആയുർദൈർഘ്യന്റെ കാരണമാണ്. അതുപോലെത്തന്നെ കുടുംബബന്ധം ചേർക്കലിനെ ആയുർദൈർഘ്യത്തിന്റെ ദൈവികമായ ഒരു കാരണമായി നിശ്ചയിച്ചിരിക്കുകയാണ്. അഥവാ ഇഹലോകത്ത് ഇഷ്ടപ്പെട്ടത് കൈവരിക്കാനുള്ള കാരണങ്ങൾ രണ്ടാകുന്നു: ഒന്ന്, പഞ്ചേന്ദ്രീയങ്ങളുടെ പരിധിയിൽ പെട്ടതും ബുദ്ധിക്ക് മനസ്സിലാകുന്നതുമായവ. രണ്ട്, ദൈവികമായവ. ലോകത്ത് നടക്കുന്ന സർവ കാര്യങ്ങളുടെയും കാണങ്ങളുടെയും ഉടമസ്ഥനും തന്റെ ഇച്ഛപോലെ എല്ലാം നടത്തുന്നവനുമായ എല്ലാറ്റിനും കഴിവുള്ള ദൈവം കണക്കാക്കിയ കാര്യങ്ങൾ’’ (ബഹ്ജതു ക്വുലൂബിൽ അബ്‌റാർ- ഇബ്‌നു സഅദി, പേജ് 74, 75).

എന്നാൽ ഇക്കാര്യത്തിൽ ചിലർക്ക് സംശയങ്ങളുണ്ട്. അവർ പറയുന്നു: ‘ഭക്ഷണം തീരുമാനിക്കപ്പെട്ടതും ആയുസ്സ് നിർണയിക്കപ്പെട്ടതുമാണെങ്കിൽ ‘ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ അവർ ഒരു നാഴികനേരം വൈകിക്കുകയോ നേരത്തെയാക്കുകയോ ഇല്ല’ (അഅ്‌റാഫ് 34) എന്ന ക്വുർആൻ വചനത്തിന്റെ ആശയമെന്ത്? ഈ ആയത്തിനെയും മുൻചൊന്ന ഹദീസിനെയും എങ്ങനെ സംയോജിപ്പിക്കും?’

അതിനുള്ള മറുപടി ഇതാണ്: വിധി എന്നത് രണ്ടു തരമാണ്. ഒന്നാമത്തെത് സഥിരീകരിക്കപ്പെട്ടത് അഥവാ നിരുപാധികമായത്. അത് ഉമ്മുൽ കിതാബിൽ (ലൗഹുൽ മഹ്ഫൂദ്-വ്യക്തമായ ഗ്രന്ഥം) ഉള്ളതാകുന്നു. അതിന് മാറ്റമില്ല. രണ്ടാമത്തെത് സോപാധികമായത്. അത് മലക്കുകളുടെ ഏടുകളിലുള്ളതാണ്. മാറ്റത്തിരുത്തലുകൾ അതിലാണുള്ളത്; അഥവാ സംഭവിക്കുന്നത്.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറഞ്ഞിരിക്കുന്നു: ‘അവധി രണ്ട് തരമാകുന്നു. 1. അല്ലാഹുവിന്റെ അറിവിൽ മാത്രം പെട്ടതും നിരുപാധികമായതും. 2. സോപാധികമായത്. അതാണ് താഴെവരുന്ന പ്രവാചക വചനം വ്യക്തമാക്കുന്നത്: ‘തന്റെ ഭക്ഷണത്തിൽ വിശാലത നൽകപ്പെടുന്നതും അവധി നീട്ടിക്കിട്ടുന്നതും ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവൻ തന്റെ കുടുംബബന്ധം ചേർത്തിക്കൊള്ളട്ടെ.’

അവന് അവധി എഴുതിവെക്കാൻ അല്ലാഹു മലക്കിനോട് കൽപിച്ചിരിക്കുന്നു. അല്ലാഹു ഇപ്രകാരം പറയുകയും ചെയ്യുന്നു: ‘അവൻ കുടുംബബന്ധം ചേർക്കുന്നവനാണെങ്കിൽ അവന് ഞാൻ ഇന്നിന്ന പ്രകാരം വർധിപ്പിച്ചു കൊടുത്തിട്ടുണ്ട്’. വർധിപ്പിച്ചുവോ ഇല്ലയോ എന്ന് മലക്ക് അറിയുകയില്ല. എന്നാൽ അവന്റെ അവധി എന്നാണെന്ന് അല്ലാഹുവിന് അറിയാം. അത് എത്തിക്കഴിഞ്ഞാൽ പിന്നീട് മുന്തിക്കപ്പെടുകയോ പിന്തിക്കപ്പെടുകയോ ഇല്ല’’ (മജ്മൂഉൽ ഫതാവാ: 8/517).

ഭക്ഷണത്തെ കുറിച്ച് അത് വർധിക്കുമോ കുറയുമോ എന്ന് ചോദിക്കപ്പെട്ടപ്പോൾ ഇബ്‌നു തൈമിയ പറഞ്ഞു: ‘ഭക്ഷണം രണ്ട് തരമാണ്. 1. അവന് ഭക്ഷണമായി നൽകുമെന്ന് അല്ലാഹു മാത്രം അറിഞ്ഞത്. അതിന് മാറ്റമില്ല. 2. അവൻ എഴുതിവെച്ച് മലക്കുകളെ അറിയിച്ചത്. ഇത് കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ കൂടുകയും കുറയുകയും ചെയ്യും’ (മജ്മൂഉൽ ഫതാവാ: 8/540).

‘ഭക്ഷണം ലഭിക്കുന്ന കാരണങ്ങളും അല്ലാഹു കണക്കാക്കുകയും രേഖപ്പെടുത്തുകയും ചെയ്തതിന്റെ കൂട്ടത്തിൽ പെടുന്നതാണ്. ഒരു അടിമക്ക് ഭക്ഷണം നൽകുന്നത് അവന്റെ അധ്വാനംകൊണ്ടും സമ്പാദ്യംകൊണ്ടുമായിരിക്കുമെന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അധ്വാനത്തിനും സമ്പാദനത്തിനും അവനെ തോന്നിപ്പിക്കും. അത് സമ്പാദനംകൊണ്ടു മാത്രമെ ലഭ്യമാകൂ. സമ്പാദനംകൊണ്ടല്ലാതെ അല്ലാഹു കണക്കാക്കിയതുമുണ്ട്; അനന്തരസ്വത്ത് സമ്പാദനംകൊണ്ടല്ലാതെ ലഭ്യമാകുന്നതാണ്’’(മജ്മൂഉൽ ഫതാവാ: 8/540-541).

കുടുംബബന്ധം ചേർക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്ന് മറ്റു ചില ഹദീസുകളിലും അനുബന്ധമായി പറഞ്ഞിട്ടുണ്ട്. കുടുംബ ബന്ധം ചേർക്കുന്നിന്റെ ഏറ്റവും ചെറിയ രൂപം അവരോട് സലാം പറയുന്നതാണ്.

നബി ﷺ പറഞ്ഞു: ‘‘നിങ്ങൾ സലാം പറഞ്ഞിട്ടെങ്കിലും കുടുംബബന്ധങ്ങൾ ആർദ്രമാക്കുക’’ (ത്വബ്‌റാനി, ബൈഹകി).

കുടുംബസന്ദർശനം, രോഗസന്ദർശനം, പ്രശ്‌ന പരിഹാരം, സാമ്പത്തിക സഹായം തുടങ്ങിയ മാനുഷിക കടമകളെല്ലാം ബന്ധുക്കൾക്ക് വേണ്ടി ചെയ്യുമ്പോൾ അത് കൂടുതൽ പ്രതിഫലാർഹമാവുകയും നമ്മുടെ ജീവിതസമയം നീട്ടിക്കിട്ടാൻ സഹായകമായിത്തീരുകയും ചെയ്യും.

അനേകം ഇരട്ടി പ്രതിഫലം ലഭിക്കുന്ന ഒട്ടനവധി ആരാധനാകർമങ്ങൾ ഹദീസുകളിൽ വിവരിക്കുന്നുണ്ട്. ഉദാഹരണമായി, ഒറ്റക്ക് നമസ്‌കരിക്കുന്നതിനെക്കാൾ ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലം ജമാഅത്തായി നമസ്‌കരിക്കുന്നതിലൂടെ ലഭിക്കും. നമസ്‌കാരം പ്രവാചകന്റെ മദീനയിലെ പളളിയിലാകുമ്പോൾ ആയിരം ഇരട്ടിയാണ് പ്രതിഫലം, മസ്ജിദൂൽ ഹറാമിലാകുമ്പോൾ ഒരു ലക്ഷം ഇരട്ടിയും.

നബി ﷺ പറഞ്ഞു: ‘‘ആരെങ്കിലും വെളളിയാഴ്ച ദിവസം അഴുക്ക് നീക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ശരീരം നന്നായി വൃത്തിയാക്കുകയും കുളിക്കുകയും ചെയ്തു.(സംസർഗത്തിന് ശേഷമുളള കുളിയാണ് ഇതിന്റെ വിവക്ഷയെന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്) പിന്നീട് വേഗത കാണിച്ച് നേരത്തെ പോകുകയും ചെയ്തു (ഖുതുബ ആദ്യം മുതൽ ലഭിക്കുമാറ്). അവൻ നടന്നു പോയി, വാഹനത്തിൽ കയറിയില്ല, എന്നിട്ട് ഇമാമിനോട് അടുത്തിരുന്നു, ഖുത്വ‌്ബ ശ്രദ്ധിച്ചു. ഖുത്വ‌്ബ നിഷ്ഫലമാക്കിയില്ല. എങ്കിൽ അവന്റെ ഓരോ കാലടിക്കും ഒരു വർഷത്തെ പ്രതിഫലമുണ്ട്, അതായത് ഒരു വർഷം നോമ്പെടുക്കുന്നതിന്റെയും നമസ്‌കരിക്കുന്നതിന്റെയും’’ (അബൂദാവൂദ്, ഇബ്‌നുമാജ).

ദാനധർമം (സ്വദഖ) എന്നത് കേവലം സമ്പത്ത് ചെലവഴിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. മുതൽമുടക്കില്ലാത്ത ധാരാളം പുണ്യങ്ങൾ പ്രവാചകൻ വിശദീകരിച്ചിട്ടുണ്ട്. നല്ല വാക്ക് സ്വദഖയാണ്. ഒരാളെ സഹായിക്കുന്നതും കുടിവെള്ളം നൽകുന്നതും വഴിയിൽനിന്ന് ഉപദ്രവം നീക്കുന്നതും നന്മ കൽപിക്കുന്നതും തിന്മ വിരോധിക്കുന്നതുമെല്ലാം സ്വദഖയാണ്. സാമ്പത്തികശേഷിയില്ലാത്തവർക്കും ഇത്തരം കർമങ്ങൾ ചെയ്ത് കർമഫലങ്ങൾ വർധിപ്പിക്കാവുന്നതാണ്. ഈ കർമങ്ങളുടെയെല്ലാം പ്രതിഫലം കേവലം രണ്ട് റക്അത് ദുഹാ നമസ്‌കാരത്തിലൂടെ നേടാനാകും (മുസ്‌ലിം).

ഏറ്റവും പ്രതിഫലാർഹമായ ആരാധനകളാണ് ഹജ്ജും ഉംറയും. എന്നാൽ അവയുടെ പ്രതിഫലം കുറഞ്ഞ സമയംകൊണ്ട് നേടാനുളള വഴിയും തിരുമേനി ﷺ കാണിച്ചുതന്നിട്ടുണ്ട്.

അനസി(റ)ൽ നിന്നും നിവേദനം, നബി ﷺ പറഞ്ഞു: ‘ആരെങ്കിലും സ്വുബ്ഹി ജമാഅത്തായി നമസ്‌കരിക്കുകയും പിന്നീട് അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് സൂര്യൻ ഉദിക്കുന്നതുവരെ ഇരിക്കുകയും പിന്നീട് രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്താൽ അവന് ഒരു ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലമുണ്ട്.’ നബി ﷺ പറഞ്ഞു: ‘പൂർണമായും, പൂർണമായും, പൂർണമായും’(തിർമുദി).

ഹജ്ജ് ഏറെ പ്രതിഫലാർഹമാണെങ്കിലും ശാരീരികവും സാമ്പത്തികവുമായ കഴിവുളളവർക്ക് മാത്രമെ അത് നിർബന്ധമുളളൂ. എന്നാൽ ഉംറ അത്ര പ്രയാസമില്ലാതെ നിർവഹിക്കാനാകും. ഉംറ റമദാനിൽ നിർവഹിക്കുകയാണെങ്കിൽ അത് തിരുദൂതരുടെ കൂടെ ഹജ്ജ് നിർവഹിച്ചതിന് തുല്യമാണ്.

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം: ‘നബി ﷺ അൻസ്വാരികളിൽ പെട്ട ഉമ്മു സിനാൻ(റ) എന്ന സ്ത്രീയോട് ചോദിച്ചു: ‘ഞങ്ങളുടെ കൂടെ ഹജ്ജ് ചെയ്യുന്നതിൽനിന്നും നിന്നെ എന്താണ് തടഞ്ഞത്?’ അവർ പറഞ്ഞു: ‘ഇന്ന വ്യക്തിക്ക് അതായത് തന്റെ ഭർത്താവിന് രണ്ട് ഒട്ടകങ്ങളാണുളളത്. അതിൽ ഒന്നിന്റെ പുറത്ത് അദ്ദേഹവും മകനും ഹജ്ജിന് പോയി. മറ്റേതിനെ ഉപയോഗിച്ച് ഞങ്ങളുടെ ഭൃത്യൻ നനയ്ക്കുകയാണ്.’ നബി ﷺ പറഞ്ഞു: ‘എങ്കിൽ റമദാനിലെ ഉംറ ഹജ്ജിന് പകരമാണ് -അല്ലെങ്കിൽ എന്റെ കൂടെയുളള ഹജ്ജിന്’(മുസ്‌ലിം).

ക്വുബാ പള്ളിയിലെ തഹിയ്യത്ത് നമസ്‌കാരത്തിന് ഉംറയുടെ പ്രതിഫലമുണ്ട്. അതുകൊണ്ട് പ്രസ്തുത പളളി സന്ദർശിക്കുന്ന സമയത്ത് ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കാറുണ്ട്.

ക്വുതൽ പുണ്യം നേടാനുളള മറ്റൊരു മാർഗം പളളിയിൽ ബാങ്ക് കൊടുക്കുന്നതാണ്. ബാങ്ക് കേൾക്കുന്നവരെല്ലാം അവന് വേണ്ടി പാപമോചനം തേടും, പളളിയിൽ നമസ്‌കരിക്കുന്നവരുടെ പ്രതിഫലവും അവന് ലഭിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ ജമാഅത്തിന് പങ്കെടുക്കുന്ന പള്ളിയിൽ ബാങ്ക് കൊടുക്കുകയാണെങ്കിൽ വർധിച്ച പ്രതിഫലം നേടാനാകും. സ്വുബ്ഹ്, ഇശാഅ് തുടങ്ങിയ നമസ്‌കാരങ്ങൾ ജമാഅത്തായി നിർവഹിക്കുകയാണെങ്കിൽ രാത്രി മുഴുവൻ നമസ്‌കരിച്ച പ്രതിഫലം ലഭിക്കും.

നബി ﷺ പറഞ്ഞു: ‘‘ആരെങ്കിലും ഇശാഅ് ജമാഅത്തായി നമസ്‌കരിച്ചാൽ അത് രാത്രിയുടെ പകുതി നമസ്‌കരിച്ചതിന് സമാനമാണ്. ആരെങ്കിലും ഇശാഉം ഫജ്‌റും ജമാഅത്തായി നമസ്‌കരിച്ചാൽ അത് രാത്രി മുഴുവൻ നമസ്‌കരിച്ചത് പോലെയാണ്’’ (അബൂദാവൂദ്).

ഈ രണ്ട് നമസ്‌കാരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് ജനങ്ങൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ നടക്കാൻ വയ്യാത്തവർ നിലത്ത് ഇഴഞ്ഞുകൊണ്ടെങ്കിലും ഇതിന് വരുമായിരുന്നുവെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.

ചില ആരാധനാകർമങ്ങൾക്ക് വമ്പിച്ച പ്രതിഫലം ലഭിക്കുമെന്ന് പറയുമ്പോൾ അത് ചിലർക്ക് അവിശ്വസനീയമായി തോന്നാറുണ്ട്. എന്നാൽ നന്മ ചെയ്യുന്നവർക്ക് പത്തിരട്ടി പ്രതിഫലം ലഭിക്കുമെന്ന് ക്വുർആൻ തന്നെ വ്യക്തമാക്കിയതാണ്. ഹദീസുകളിൽ നന്മകൾക്ക് എഴുനൂറിരട്ടിയും അതിലധികവും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്.

നമസ്‌കാരം കഴിഞ്ഞാൽ പിന്നീട് കൂടുതൽ പുണ്യം നേടാനാവുന്ന മറ്റൊരു ആരാധന വ്രതമാണ്. ഏറ്റവും പ്രാധാന്യമുള്ളത് റമദാൻ വ്രതമാണെങ്കിലും ഐച്ഛിക വ്രതങ്ങൾക്കും അതിന്റെതായ മഹത്ത്വമുണ്ട്. റമദാനിലെ നോമ്പിനെ തുടർന്ന് ശവ്വാലിലെ ആറ് ദിനങ്ങൾ കൂടി നോമ്പെടു ക്കുകയാണെങ്കിൽ അത് ഒരു വർഷം മുഴുവൻ നോമ്പനുഷ്ഠിക്കുന്നതുപോലെയാണെന്ന് ഹദീസിൽ കാണാം. നോമ്പെടുക്കുന്നതോടൊപ്പം മറ്റൊരാളെ നോമ്പ് തുറപ്പിക്കുകയാണെങ്കിൽ അയാളുടെ പ്രതിഫലത്തിൽ ഒട്ടും കുറയാതെ അത്‌പോലുളള പ്രതിഫലം നോമ്പ് തുറപ്പിച്ചവന് ലഭിക്കും. മറ്റൊരു പ്രധാനപ്പെട്ട ആരാധനാകർമം രാത്രിയിലെ നമസ്‌കാരമാണ്. ലൈലതുൽ ക്വദ്‌റിൽ അത് നിർവഹിക്കാനാകുകയാണെങ്കിൽ ഒരു ആയുസ്സിന്റെ പുണ്യം ഒരു ദിവസംകൊണ്ട് കരസ്ഥമാക്കാനാകും.

അധിക പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട മറ്റൊരു സൽകർമം ക്വുർആൻ പാരായണമാണ്. ക്വുർആൻ മുഴുവൻ പാരായണം ചെയ്യാൻ ഒരു ദിവസമോ അതിലധികമോ ആവശ്യമായിവരും. എന്നാൽ ഏതാനും മിനുട്ടുകൾകൊണ്ട് ചെറിയ സൂറത്തുകൾ പാരായണം ചെയ്ത് ക്വുർആൻ ഖതം തീർക്കുന്നതിന്റെ പുണ്യം നേടാനാകും.

അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം, നബി ﷺ ചോദിച്ചു: ‘ഒരു രാത്രി ക്വുർആനിന്റെ മൂന്നിൽ ഒന്ന് പാരായണം ചെയ്യുന്നത് നിങ്ങളെ അശക്തരാക്കുമോ?’ അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ആർക്കാണ് അതിന് കഴിയുക?’ തിരുമേനി ﷺ പറഞ്ഞു: ‘നിങ്ങൾ സുറത്തുൽ ഇഖ്‌ലാസ് പാരായണം ചെയ്യുക’(അഹ്‌മദ്).

ക്വുർആൻ പാരായണം കഴിഞ്ഞാൽ പിന്നീട് ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്നത് ദിക്‌റുകൾക്കാണ്. നബി ﷺ ഒരിക്കൽ ജുവൈരിയ്യ(റ)യുടെ അടുക്കൽനിന്ന് പ്രഭാത നമസ്‌കാര ശേഷം പുറത്ത് പോയി. പിന്നീട് ദുഹാ സമയത്ത് നബി ﷺ തിരിച്ച് വന്നു. അന്നേരം അവർ നമസ്‌കാര സ്ഥലത്തുതന്നെ ഇരിക്കുകയായിരുന്നു. അപ്പോൾ നബി ﷺ ചോദിച്ചു: ‘നീ ഞാൻ പോയ അതേ അവസ്ഥയിൽ തന്നെ ഇരിക്കുകയാണോ?’ അവർ പറഞ്ഞു: ‘അതെ.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘നിന്റെയടുക്കൽനിന്ന് പോയ ശേഷം ഞാൻ നാല് വാക്കുകൾ മുന്ന് തവണ പറയുകയുണ്ടായി. ഇന്ന് നീ പറഞ്ഞത് (ചൊല്ലിയത്) മുഴുവനുമായും തൂക്കിനോക്കിയാൽ അവയ്ക്കായിരിക്കും തൂക്കം കൂടുതൽ. ആ വാക്കുകൾ ഇതാണ്: അല്ലാഹുവിന്റെ വചനങ്ങൾ രേഖപ്പെടുത്തിയ മഷി കണക്കെ, അവന്റെ സിംഹാസനത്തിന്റെ തൂക്കം കണക്കെ, അവന്റെ മനസ്സിന്റെ തൃപ്തി കണക്കെ, അവന്റെ സൃഷ്ടികളുടെ എണ്ണം കണക്കെ, അവനെ സ്തുതിക്കുന്നതോടപ്പം ഞാൻ അവനെ വാഴ്ത്തുന്നു.’

പ്രാർഥനകളും പ്രകീർത്തനങ്ങളും വമ്പിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ കർമങ്ങളാണ്. ഇസ് ലാമിലെ എല്ലാ ആരാധനാകർമങ്ങൾക്കും ചില നിബന്ധനകളും നിയന്ത്രണങ്ങളുമുണ്ട്. എന്നാൽ ഒരിക്കലും അമിതമാകാത്തതും അധികമായി ചെയ്യാൻ കൽപിച്ചതുമായ കാര്യങ്ങളാണ് ദിക്‌റുകളും ദുആകളും. വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട പ്രാർഥനകളും പ്രകീർത്തനങ്ങളും ചൊല്ലുന്നതിന് പ്രത്യേകിച്ച് ശാരീരിക അധ്വാനമോ സാമ്പത്തിക ചെലവുകളോ ഒന്നുമില്ല. ഇരിക്കുമ്പോഴും കിടക്കുമ്പോഴും നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം ഇവ ഉരുവിട്ടുകൊണ്ട് ധാരാളം പ്രതിഫലം കരസ്ഥമാക്കാവുന്നതാണ്.

(അവസാനിച്ചില്ല)