ഐകമത്യം മഹാബലം

നബീൽ പയ്യോളി

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

കർണാടക തെരഞ്ഞെടുപ്പ് രാജ്യത്തെ രാഷ്ട്രീയരംഗത്തെ വഴിത്തിരിവാകും എന്ന് തുടക്കം മുതൽതന്നെ പി.സി.സി അധ്യക്ഷൻ ഡികെ ശിവകുമാർ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. അത് യാഥാർഥ്യ ബോധത്തോടെയുള്ള പ്രഖ്യാപനമായിരുന്നു എന്ന് കാലം തെളിയിച്ചു.

കർണാടകയിൽ കോൺഗ്രസ്സ് നേടിയ ആധികാരിക വിജയം രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും ജനാധിപത്യ വിശ്വാസികൾക്കും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആത്മവിശ്വാസത്തോടെ കരുത്ത് പകർന്നു. ഫാസിസ്റ്റ് ക്യാമ്പിൽ എന്തെന്നില്ലാത്ത മൂകതയും കാണാം. ജനാധിപത്യത്തെ തകർക്കാൻ സർവ തന്ത്രങ്ങളും പയറ്റിയ തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടത് വെറുപ്പിന്റെ ശക്തികളെ തെല്ലൊന്നുമല്ല തളർത്തിയത്.

കർണാടക തെരഞ്ഞെടുപ്പ് വിജയത്തിന് പലഘടകങ്ങളും കാരണമായിട്ടുണ്ട്. സാധാരണക്കാരന്റെ അടിസ്ഥാന പ്രശനങ്ങൾ അഡ്രസ്സ് ചെയ്യാനും മുഴുവൻ ജനങ്ങളെയും ചേർത്ത് നിർത്താനും സാധിച്ചു എന്നതാണ് വിജയ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനം. ആദിവാസികളും മുസ്‌ലിംകളും സ്ത്രീകളും കുട്ടികളും തൊഴിൽരഹിതരും അടക്കം പ്രത്യേക പരിഗണനയർഹിക്കുന്ന ജനവിഭാഗങ്ങൾക്ക് പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അവരെ കേൾക്കാൻ തയ്യാറായതുമാണ് വലിയൊരു വിഭാഗം ജനതക്ക് പ്രതീക്ഷ നൽകിയതും അവർ തങ്ങളുടെ സമ്മതിദാനാവകാശം ജനാധിപത്യത്തെ പുതുവഴികളിലേക്ക് നയിക്കും വിധം വിനിയോഗിച്ചതും.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി അഞ്ച് പദ്ധതികൾ കോൺഗ്രസ്സ് ജനങ്ങൾക്ക് നൽകുകയും അത് നടപ്പിലാക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ പദ്ധതി എന്നിവയായിരുന്നു വാഗ്ദാനങ്ങൾ. അത് തെരഞ്ഞടുപ്പു സമയത്തെ പാഴ്‌വാഗ്ദാനങ്ങളല്ല എന്ന് സിദ്ധരാമയ്യ സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഏറ്റവുമധികം സമയം ചെലവഴിച്ച സംസ്ഥാനം എന്നത് കൂടി കർണാടക തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന് വിലയിരുത്തപ്പെടുന്നു. എല്ലാ വിഭാഗം ജനങ്ങളുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പരിഹാരങ്ങൾ തേടാനും ഈ യാത്രക്ക് സാധിച്ചു എന്ന് വേണം കരുതാൻ. അതോടൊപ്പം ബിജെപി ഭരണത്തിന്റെ ഫലമായി ഉണ്ടായ തൊഴിലില്ലായ്മയും വർഗീയതയും ക്രമസമാധാന പ്രശ്‌നങ്ങളും വിലക്കയറ്റവും അഴിമതിയും അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യാൻ കോൺഗ്രസ്സിന് സാധിച്ചു എന്നതും ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനും പിന്തുണ ലഭിക്കാനും കാരണമായിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സാധാരണ ജനങ്ങളോട് ചേർന്നുനിന്ന് ഭരണം നിർവഹിക്കാനും സാധിച്ചാൽ ശൈഥില്യം വിതക്കുന്നവരിൽനിന്നും നാടിനെ രക്ഷിക്കാൻ സാധിച്ചേക്കും.

കർണാടകയിൽ നിന്നും ഊർജം ഉൾക്കൊണ്ട് കൂടുതൽ പ്രതിപക്ഷ കക്ഷികൾ കൈകോർക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. അതോടൊപ്പം ദൽഹി സർക്കാരിൻമേലുള്ള അമിതാധികാര പ്രയോഗത്തിന് സുപ്രീം കോടതി കടിഞ്ഞാണിട്ടതും അത് മറികടക്കാനുള്ള ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളും ഈ ഐക്യശ്രമത്തിന് ഹേതുവായിട്ടുണ്ട്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വിനി യാദവും കഴിഞ്ഞ കുറെ മാസങ്ങളായി നടത്തുന്ന പരിശ്രമങ്ങൾ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജനാധിപത്യം നിലനിന്നു കാണാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന നടപടികളൂം തീരുമാനങ്ങളും ചർച്ചകളുമാണ് ഇന്ദ്രപ്രസ്ഥത്തിൽ നടക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ നോക്കുകുത്തിയാക്കി പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പത്തൊൻപത് പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിച്ചത് പ്രതിപക്ഷ കക്ഷികൾ പൊതുവിഷയങ്ങളിൽ ഒറ്റക്കെട്ടായി നിന്ന് ഫാസിസത്തെ ചെറുക്കുമെന്ന സന്ദേശമാണ് നൽകുന്നത്.

ഇന്ത്യൻ ഫെഡറലിസത്തിൽ ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളതുകൊണ്ട് മാത്രം ബില്ലുകൾ പാസ്സാക്കാനോ നിയമനിർമാണം നടത്താനോ സാധ്യമല്ല; അത് രാജ്യസഭയിൽ കൂടി പാസ്സാവേണ്ടതുണ്ട്. അത്‌കൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകളും രാജ്യത്തിന്റെ മുന്നോട്ട് പോക്കിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ദൽഹി സർക്കാരിനെതിനെ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് തടയിടാൻ ആം ആദ്മി പാർട്ടി രാജ്യസഭയിൽ അംഗങ്ങളുള്ള പാർട്ടികളുടെ പിന്തുണ തേടിയതും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമാണെങ്കിലും സംസ്ഥാനങ്ങളെ പാടെ അവഗണിച്ച് സുഗമമായി ഭരണം നടത്തൽ ഇന്ത്യൻ ജനാധിപത്യ ക്രമത്തിൽ പ്രയാസമാണ്. അത്‌കൊണ്ട് തന്നെ ഓരോ തെരഞ്ഞെടുപ്പിനും അതിന്റെതായ പ്രാധാന്യമുണ്ട് എന്ന് നാം തിരിച്ചറിയണം.

ഐക്യമത്യം മഹാബലം

ഫാസിസ്റ്റ് കാലത്ത് ഐക്യം എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്. ഫാസിസം അധികാരത്തിന്റെ അന്തപുരങ്ങളിലേക്ക് നടന്നു കയറിയത് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണകൊണ്ടല്ല. മറിച്ച് ഭിന്നതയുടെ വിഷവിത്തുകൾ വിതറി രക്തപങ്കിലമായ പാതകളിലൂടെയാണ്. അസത്യവും അർധസത്യവും വെറുപ്പും വിതറി മനുഷ്യ മനസ്സുകളെ ഭിന്നിപ്പിച്ചാണവർ രാജ്യത്തെ തകർക്കാൻ ശ്രമിച്ചത്. അതിന്റെ പ്രത്യാഘാതങ്ങളാണ് നാമിന്ന് അനുഭവിക്കുന്നതും. ജനാധിപത്യത്തിൽ വോട്ടിന് വലിയ പ്രാധാന്യമുണ്ട്, ഓരോ വോട്ടും വിലപ്പെട്ടതാണ്. അത് ശരിയായി വിനിയോഗിക്കുക മാത്രമല്ല വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള ജാഗ്രതകൂടി നാമെല്ലാം പുലർത്തണം.

ഫാസിസത്തെ ജനാധിപത്യത്തിന്റെ ആയുധം കൊണ്ട് വീഴ്ത്തുക സാധ്യമാണെന്ന് കർണാടക തെളിയിച്ചത് നാം കണ്ടു. അതുകൊണ്ട് ഓരോ പാർട്ടിയും സ്വന്തം സാന്നിധ്യം തെളിയിക്കാൻ അവകാശവാദങ്ങൾ ഉന്നയിച്ച് വോട്ടുകൾ ഭിന്നിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. രാജ്യത്തിനു വേണ്ടി, ജനാധിപത്യത്തിനു വേണ്ടി, ജനങ്ങൾക്കു വേണ്ടി വിട്ടു വീഴ്ചയും പരസ്പര സഹകരവും കാണിക്കാൻ തയ്യാറാകണം. അത് താഴെ തട്ടുവരെയുള്ള പ്രവർത്തകരെ ബോധ്യപ്പെടുത്തണം. ജനങ്ങളെയൊന്നാകെ ബോധവൽക്കരിച്ച് മുന്നോട്ട് പോയാൽ നമുക്ക് രാജ്യത്തിന്റെ പാരമ്പര്യം തിരിച്ചുപിടിക്കാൻ സാധിക്കും.