പൊതുപരിസരങ്ങളിലെ മതവേഷങ്ങളും യൂണിഫോമും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഫെബ്രുവരി 04, 1444 റജബ് 12

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 13)

ശിരോവസ്ത്രം ഉപേക്ഷിച്ചതിന്റെ പേരിൽ ആരെയും മതത്തിൽനിന്ന് പുറത്താക്കിയിട്ടില്ല, അതുകൊണ്ടുതന്നെ അത് മതത്തിന്റെ അനിവാര്യ നിയമമല്ല തുടങ്ങിയ വാദങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസാരിച്ച സോളിസിറ്റർ ജനറൽ യൂണിഫോം പൊതുനിയമമാണെന്നും അത് പാലിക്കൽ നിർബന്ധമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു വാദം തുടർന്നത്. ഒരാൾക്കും അപകർഷത തോന്നാത്തവിധം വസ്ത്രം ധരിക്കുക എന്നതാണ് യൂണിഫോമിന്റെ ലക്ഷ്യമെന്നും ഏകത്വത്തിനും സമത്വത്തിനും വേണ്ടിയാണ് അത് നിർബന്ധമാക്കിയതെന്നും അത് അതിലംഘിക്കുന്നത് നിയമപരമായ പരിശോധനകൾക്ക് വിധേയമാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. യൂണിഫോം ലംഘിക്കുകയും സർക്കാർ നിയമത്തിനെതിരെ കോടതിയിൽ പോവുകയും ചെയ്തതുകൊണ്ടാണ് ഇത് കോടതിയിൽ പരിശോധിക്കപ്പെടേണ്ടിവന്നതെന്നും തുഷാർ മേത്ത പറഞ്ഞു.

ഇറാൻ പോലെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിലെ വനിതകൾ പോലും ഇന്ന് ഹിജാബിനെതിരെ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് വ്യക്തമാക്കുന്നത് ശിരോവസ്ത്രം നിർബന്ധമല്ല എന്ന കാര്യമാണ്. ക്വുർആനിൽ ഒരു കാര്യം പരാമർശിക്കുന്നതുകൊണ്ട് മതത്തിൽ അത് നിർബന്ധമാണെന്ന് ശഠിക്കുന്നത് ശരിയല്ല. അത് മാതൃകാപരമായ കാര്യമാണെന്നോ അനുവദിക്കപ്പെട്ട കാര്യമാണെന്നോ മാത്രമെ പറയാൻ സാധിക്കൂ.

വിശദീകരണം

ഒട്ടും ബലമില്ലാത്ത പിടിവള്ളികളിലാണ് എസ്.ജി തൂങ്ങിനിൽക്കുന്നത്. ഇറാനിൽ ശിരോവസ്ത്രത്തിനെതിരെ ഒരു വിഭാഗം സ്ത്രീകൾ രംഗത്തുവന്നത് കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തെ ശരിവെക്കാൻ ഉപയോഗിക്കുന്നത് എത്രമാത്രം ദൗർഭാഗ്യകരമാണ്! ഏതെങ്കിലും രാജ്യങ്ങളിൽ നടക്കുന്ന സമരങ്ങളെയാണോ ഇന്ത്യയിൽ ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നത്? ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം സമരം ചെയ്തതുകൊണ്ട് ശബരിമലയിലെ സ്ത്രീ പ്രവേശന നിരോധനം എന്ന അവരുടെ അടിസ്ഥാന നിയമം തെറ്റാണെന്ന് പറയാൻ സാധിക്കുമോ? ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനായി സമരം ചെയ്തതും ഹിന്ദു സ്ത്രീകൾ തന്നെയായിരുന്നല്ലോ! ഏതൊരു മതത്തിന്റെയും അടിസ്ഥാന നിയമം അതിന്റെ പ്രമാണങ്ങൾ പറയുന്നത് പ്രകാരമാണ് എന്ന യാഥാർഥ്യത്തെ മൂടിവെച്ച് ഇറാനിലേക്ക് പോയിട്ട് കാര്യമുണ്ടോ?

അമേരിക്കയും ക്യാപും മുടിസ്വാതന്ത്ര്യവും!

എസ്.ജി: ‘അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 19 (1) അനുച്ഛേദം ശിരോവസ്ത്രത്തിന് അവകാശം നൽകുന്നു എന്നാണ് ഇവിടെ പലരും വാദിച്ചത്. എന്നാൽ ഇഷ്ടമുള്ള വേഷം ഇഷ്ടമുള്ള സ്ഥലങ്ങളിൽ ധരിക്കുക എന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല.’ ഇതിനായി എസ്.ജി ഒരു അമേരിക്കൻ കോടതിവിധിയാണ് ഉദ്ധരിച്ചത്. അമേരിക്കയിലെ കോടതിയിൽ ഒരു അഭിഭാഷകൻ ‘ഓപ്പറേഷൻ തണ്ടർസ്‌റ്റോമിന്റെ’ വേഷമായ ‘ക്യാപ്’ ധരിച്ചു വരികയുണ്ടായി. 1975ൽ സൈഗോണിന്റെ പതനത്തെത്തുടർന്ന് ദക്ഷിണ വിയറ്റ്‌നാമിൽനിന്ന് പലായനം ചെയ്ത അഭയാർഥികളെ പുനരധിവസിപ്പിക്കാൻ വേണ്ടി രൂപംകൊണ്ട സിംഗപ്പൂർ സായുധസേനയുടെ രഹസ്യനാമമാണ് ഓപ്പറേഷൻ തണ്ടർസ്‌റ്റോം. ക്യാപ് ധരിച്ചുവന്ന അഭിഭാഷകനെ കോടതി വിമർശിച്ചു. ഒരു നിയന്ത്രിത ഫോറത്തിൽ ഇത്തരത്തിലുള്ള വേഷങ്ങൾ അനുവദിക്കാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. അതിലെന്ത് തെറ്റാണുള്ളത് എന്നായിരുന്നു എസ്.ജിയുടെ ചോദ്യം. കോവിഡ് നിയന്ത്രണമുള്ള കാലത്ത് വീഡിയോ വഴി കോടതിക്ക് മുമ്പാകെ പ്രത്യക്ഷപ്പെട്ട ചില അഭിഭാഷകർ കാഷ്വൽ വസ്ത്രം ധരിച്ചുവന്നപ്പോൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഒരു ലേഖനം താൻ തയ്യാറാക്കിയിരുന്നതായും എസ്.ജി അവകാശപ്പെട്ടു.

യു.എസ്. പോലീസ് സേനയിൽ മുടി വളർത്തുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവന്ന നിയമങ്ങളെ കുറിച്ചായിരുന്നു പിന്നീട് എസ്.ജി പരാമർശിച്ചത്. എന്നാൽ ഇത്തരം വിഷയങ്ങളിൽ ചില സമാന്തര നിയമങ്ങൾ ഉണ്ടെന്നായിരുന്നു ജസ്റ്റിസ് ഗുപതയുടെ മറുപടി. സായുധസേനയിലെ അംഗങ്ങൾക്കും വൈമാനികർക്കും ചില പ്രത്യേക നിയമങ്ങളുണ്ട്. സായുധസേനയിലെ അച്ചടക്കവും സാധാരണ സ്‌കൂളുകളിലെ വിദ്യാർഥികളിൽ നടപ്പാക്കുന്ന അച്ചടക്കവും തമ്മിൽ വൈരുധ്യമുണ്ട് എന്നായിരുന്നു ഗുപ്തയുടെ വിശദീകരണം. അച്ചടക്കത്തിന്റെ മാനദണ്ഡം വ്യക്തികൾക്കനുസരിച്ച് മാറുന്നത് ശരിയല്ല എന്നും നിയമം ആരെയും ഉപദ്രവിക്കാൻ വേണ്ടിയല്ല, മറിച്ച് എല്ലാവരെയും ഏകീകരിക്കുന്നതിന് വേണ്ടി മാത്രമാണെന്നുമായിരുന്നു സർക്കാർ വക്കീലിന്റെ മറുപടി.

വിശദീകരണം

തണ്ടർസ്‌റ്റോം പോലെയുള്ള വിപ്ലവവീര്യം വളർത്തുന്ന ഒരു സംവിധാനത്തിന്റെ ക്യാപ് ധരിച്ചുവന്നതിനെയാണ് അമേരിക്കൻ കോടതി വിമർശിച്ചത്. കേവലം ഒരു ക്യാപിന്റെ പേരിലല്ല. ഒരു വിപ്ലവത്തിന്റെ ശൈലി ഉൾക്കൊള്ളുന്ന അടയാളങ്ങൾ നിയന്ത്രിക്കുന്നത് പോലെയാണോ നിത്യജീവിതത്തിൽ മതപരമായി ഒരാൾ ആചരിക്കുന്ന അടയാളങ്ങൾ? മാത്രമല്ല, അമേരിക്കയിലെ സ്‌കൂളുകളിൽ ഹിജാബ് അനുവദിച്ചുകൊണ്ട് അവിടെയുള്ള കോടതികൾ നൽകിയ ഉത്തരവുകൾ വാദങ്ങൾ സമർപ്പിക്കുന്ന വേളയിൽ വിദ്യാർഥിനികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കൻ കോടതി ക്യാപിനെ വിമർശിച്ചു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽതന്നെയും അവിടെ ശിരോവസ്ത്രം അനുവദിച്ചിട്ടുണ്ട് എന്ന യാഥാർഥ്യത്തെ സോളിസിറ്റർ ജനറലിന് നിഷേധിക്കാൻ സാധിക്കുമോ?

പട്ടാളത്തിൽ കഠിനമായ പല നിയന്ത്രണങ്ങളുമുണ്ട്. അത് പട്ടാളത്തിന്റെ പ്രവർത്തന സ്വഭാവമനുസരിച്ചാണ് നിശ്ചയിച്ചിട്ടുള്ളത്. അതുപോലെയാണോ വിദ്യാലയങ്ങൾ? വളരെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികളെ പഠിപ്പിക്കാൻ വിടുന്ന വിദ്യാലയങ്ങളെ പട്ടാളക്യാമ്പുമായി തുലനം ചെയ്യുന്നത് യുക്തിഹീനമാണ് എന്ന് പറയേണ്ടതില്ല.

എസ്.ജിയെ ജഡ്ജിമാർ പിടികൂടുന്നു

കുട്ടികൾ യൂണിഫോം ധരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അവർ ഒരു ‘മഫ്‌ളർ’ കൂടി ധരിക്കുന്നു എന്നുമാത്രമല്ലേ പറഞ്ഞിട്ടുള്ളുവെന്നുമായിരുന്നു ജസ്റ്റിസ് ധൂലിയയുടെ ചോദ്യം. ഒരു മതേതര വിദ്യാഭ്യാസ കേന്ദ്രത്തിൽ മതസ്വത്വം കാണിക്കുന്ന വേഷം പാടില്ല. ബാർ കൗൺസിൽ ഓഫ് ഇന്ത്യ നാളെ തിലകം ഉപയോഗിക്കുന്നത് വിലക്കിയാൽ പിന്നീട് നമുക്കത് കോടതിയിൽ ഉപയോഗിക്കാനുള്ള അനുവാദമില്ല. കാരണം തിലകം എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റീസിന്റെ ഭാഗമല്ല. ‘അപ്പോൾ യൂണിഫോം എന്നാൽ നിങ്ങൾ നിശ്ചയിക്കുന്നതിനപ്പുറം കൂട്ടിച്ചേർക്കാനോ കുറക്കാനോ പാടില്ല എന്നാണോ ഉദ്ദേശിക്കുന്നത്? ഒരു ബെൽറ്റ് ധരിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലേ?’ ജസ്റ്റിസ് ഗുപ്ത ചോദിച്ചു. ബെൽറ്റില്ലാതെ ഒരു പാന്റ് ധരിക്കാൻ സാധിക്കില്ലെങ്കിൽ ഒരു പക്ഷേ അത് ഉപയോഗിക്കുന്നതിന് വിരോധമുണ്ടാവില്ല എന്ന തപ്പിപ്പിടിച്ച മറുപടിയാണ് എസ്.ജിക്ക് നല്കാനുണ്ടായിരുന്നത്.

മഫ്‌ളർ പറ്റും; ശിരോവസ്ത്രം പറ്റില്ല!

യൂണിഫോമിനപ്പുറം ഒന്നും പാടില്ല എന്നുപറയുമ്പോൾ കാഴ്ചക്കുറവുള്ള ഒരു കുട്ടി എങ്ങനെ കണ്ണട വെക്കുമെന്നായിരുന്നു ജസ്റ്റിസ് ധൂലിയയുടെ ചോദ്യം. കണ്ണട മതവേഷമല്ല എന്ന് എസ്.ജി പറഞ്ഞപ്പോൾ എങ്കിൽ ഒരു മതവേഷമല്ലാത്ത വിധത്തിൽ ഒരാൾ തല മറയുന്ന മഫ്‌ളർ ധരിച്ചാൽ അതിലെന്താണ് കുഴപ്പം എന്ന് ധൂലിയ വീണ്ടും ചോദിച്ചു. ഉത്തരം മുട്ടിയ എസ്.ജി മതവേഷമല്ലെങ്കിൽ ധരിക്കാമെന്നും എന്നാൽ തല മാത്രം മറയുന്ന ഒരു ‘സ്‌കൾ ക്യാപ്’ പറ്റില്ലെന്നും പറഞ്ഞു. ശൈത്യകാലത്ത് ‘മഫ്‌ളർ’ അനിവാര്യമാവുമെന്ന് ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാട്ടിയപ്പോൾ കർണാടക അഡ്വക്കേറ്റ് ജനറൽ വിന്റർ ഡ്രസ്സ് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഒരു മഫ്‌ളർ അനുവദിക്കാമെങ്കിൽ പിന്നെ തലമറയുന്ന ശിരോവസ്ത്രം അനുവദിക്കുന്നതിൽ നിങ്ങളുടെ പ്രശ്‌നമെന്താണ് എന്നായിരുന്നു ധൂലിയയുടെ മറുചോദ്യം. മഫ്‌ളർ ക്യാപ് ഐക്യത്തിന് എതിരാവുന്നില്ലെന്നും എന്നാൽ ഹിജാബ് ശിരോവസ്ത്രം ഐക്യത്തിന് എതിരാണെന്നുമായിരുന്നു എസ്.ജിയുടെ കണ്ടുപിടുത്തം. മഫ്‌ളർ ധരിക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാണെന്നും ഹിജാബ് ധരിക്കുന്നത് പ്രസ്തുത കാരണത്താൽ അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ആരോഗ്യപരമായ കാരണങ്ങളാൽ ഒരാൾ തല മറച്ചാൽ നിങ്ങൾക്ക് വിരോധമില്ല എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത് എന്ന് ധൂലിയ ചോദിച്ചപ്പോൾ കർണാടകയിൽ തല മറച്ചിരിക്കേണ്ട വിധത്തിലുള്ള കഠിനമായ കാലാവസ്ഥ ഇല്ലെന്നു പറഞ്ഞു രക്ഷപ്പെടുകയായിരുന്നു എസ്.ജി. ഫ്രാൻസിലെ ഒരു കോടതിവിധി ഉദ്ധരിക്കാൻ എസ്.ജി തുനിഞ്ഞപ്പോൾ ജസ്റ്റിസ് ധൂലിയ ഇടപെട്ടു. ഫ്രാൻസിൽ പൊതുയിടങ്ങളിൽ പോലും മതവേഷങ്ങൾ നിരോധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഫ്രാൻസിലെ കാര്യങ്ങൾ ഇവിടെ കൊണ്ടുവരുന്നത് അർഥശൂന്യമാണെന്നായിരുന്നു ധൂലിയയുടെ നിലപാട്.

എസ്.ജിയുടെ വാദങ്ങൾ ചുരുക്കത്തിൽ

എസ്.ജി തന്റെ വാദങ്ങൾ സംഗ്രഹിച്ചത് ഇങ്ങനെയായിരുന്നു: 1) യൂണിഫോം നിർദേശിക്കാൻ ബന്ധപ്പെട്ടവർക്ക് നിയമപരമായ അധികാരമുണ്ട്. 2) ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകാൻ സർക്കാരിന് നിയമപരമായ അധികാരമുണ്ട്. 3) പ്രസ്തുത അധികാരങ്ങൾ ഉപയോഗിക്കാൻ ബുദ്ധിപരവും യുക്തിപരവുമായ ന്യായീകരണങ്ങളുണ്ട്. 4) സർക്കാർ നിയമം മതങ്ങളെ പൊതുയിടങ്ങളിൽ ‘ന്യൂട്രൽ’ ആക്കുന്ന സ്വേച്ഛാപരമല്ലാത്ത വിധത്തിലുള്ളതാണ്. 5) അവർ ഇതൊരു എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസ് ആണെന്ന് വാദിച്ചുകൊണ്ടാണ് കോടതിയെ സമീപിച്ചതെങ്കിലും അതവർക്ക് സമർഥിക്കാൻ സാധിച്ചില്ല.

ദൈവത്തെ ഭയപ്പെടണോ, സ്‌നേഹിച്ചാൽ പോരേ?

ശിരോവസ്ത്രം എസെൻഷ്യൽ ആണെന്ന് തെളിയിക്കുന്ന വിശുദ്ധ ക്വുർആൻ വചനങ്ങൾ കോടതിയിൽ അഭിഭാഷകർ ഉദ്ധരിച്ച കാര്യം ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാണിച്ചപ്പോൾ അതെല്ലാം അനുവദനീയമായ കാര്യങ്ങൾ എന്ന നിലക്കുള്ള ക്വുർആൻ വചനങ്ങൾ ആണെന്നായിരുന്നു എസ്.ജിയുടെ മറുപടി. എന്നാൽ ശിരോവസ്ത്രം ഉപേക്ഷിക്കുന്നത് മരണശേഷം വിചാരണ ചെയ്യപ്പെടുന്ന സന്ദർഭത്തിൽ കുറ്റകരമായി രേഖപ്പെടുത്തുമെന്ന് വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അബ്ദുൽമജീദ് ധർ കോടതിയെ ധരിപ്പിച്ച കാര്യം ജസ്റ്റിസ് ഗുപ്ത എസ്.ജിയെ തെര്യപ്പെടുത്തി. ഇതിന് എസ്.ജി നൽകിയ മറുപടി ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു: ‘ഇവയെല്ലാം വിശ്വാസങ്ങൾ മാത്രമാണ്. എല്ലാ മതങ്ങൾക്കും ഈ തരത്തിലുള്ള വിശ്വാസങ്ങളുണ്ട്. അതുകൊണ്ട് അവ അനിവാര്യമായ ആചാരമായി മാറണമെന്നില്ല. ഹിന്ദുമതം, ക്രിസ്തുമതം, എല്ലാവർക്കും സ്വർഗനരകങ്ങളുമായി ബന്ധപ്പെട്ട വിശ്വാസമുണ്ട്. ദൈവഭയത്തെ കുറിച്ച് ആളുകൾ പറയുന്നു. എന്തിനാണ് നാം ദൈവത്തെ ഭയപ്പെടുന്നത്? ദൈവത്തെ സ്‌നേഹിച്ചാൽ പോരേ?’

ഫർളും ഫർള് അല്ലാത്തതും

ഇതിനുള്ള മറുപടിയായി ജസ്റ്റിസ് ധൂലിയ പറഞ്ഞു: ‘ക്വുർആനിൽ വരുന്ന നിർദേശങ്ങളെല്ലാം പാലിക്കപ്പെടൽ നിർബന്ധം (ഫർദ്) ആണെന്നാണ് ഹർജിക്കാരുടെ വാദം. ഒരു കാര്യം ഫർദ് ആണോ അല്ലയോ എന്ന് നാം കോടതികൾ അല്ലല്ലോ തീരുമാനിക്കേണ്ടത്. ഹൈക്കോടതി എന്തിനാണ് അങ്ങനെയൊരു ദിശയിലേക്ക് പോയത്? അത് ശരിയല്ലല്ലോ!’

എസ്.ജി: ‘വിശുദ്ധ ഗ്രന്ഥങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം മാത്രം അടിസ്ഥാനമായി സ്വീകരിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നത് ചില സന്ദർഭങ്ങളിൽ കുറ്റകരമായി മാറിയേക്കാം. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പരിശോധിക്കപ്പെടാനുള്ള അവസരങ്ങൾ കോടതികൾ ഒരുക്കുന്നത്. ചില രാജ്യങ്ങളിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദമില്ല. ഞാൻ ഏതെങ്കിലും മതങ്ങളെ വിമർശിക്കാൻ വേണ്ടി പറയുന്നതല്ല. ഇറാനിലെ ഒരു വനിതാ പൈലറ്റിന് ജോലിസ്ഥലത്തേക്ക് പോകണമെങ്കിൽ വീട്ടിൽനിന്ന് അവളുടെ ഭർത്താവ് അവളെ കാറിൽ കൊണ്ടാക്കിക്കൊടുക്കണം.’

ഇസ്‌ലാം കാര്യങ്ങളും ഹിജാബും

ഇസ്‌ലാം കാര്യങ്ങളായി നേരത്തെ അഭിഭാഷകൻ പാഷ അഞ്ച് കാര്യങ്ങൾ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട് എന്ന് ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാണിച്ചപ്പോൾ അവയിൽ ഹിജാബ് പെടില്ല എന്നായിരുന്നു എസ്.ജിയുടെ വാദം. ഈ സന്ദർഭത്തിൽ പാഷ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു. ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും അദ്ദേഹം പറഞ്ഞുതുടങ്ങി. അതിനിടയിൽ ജസ്റ്റിസ് ഗുപ്ത ഇടപെട്ടുകൊണ്ട് പറഞ്ഞു: ‘ഞാൻ ശിരോവസ്ത്ര വിഷയത്തിലെ കേരള ഹൈക്കോടതി വിധി വായിച്ചു. അതിൽ പറയുന്നത് ശിരോവസ്ത്രം ശരീഅത്ത് നിയമപ്രകാരം അനിവാര്യമായ ആചാരമാണ് എന്നാണ്. നാം ഇന്ത്യയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ശരീഅത്ത് നിയമപ്രകാരമാണോ? എന്റെ റീഡിംഗ് ശരിയല്ലേ?’ ‘ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം വിശ്വാസത്തിന്റെ അടിത്തറ ഉണ്ടാക്കാൻ സാധിച്ചേക്കാം. അങ്ങനെ വന്നാൽ നമ്മുടെ രാജ്യത്ത് എങ്ങനെ ഐക്യരൂപ്യമുണ്ടാക്കാൻ സാധിക്കും?’ എസ്.ജി ചോദിച്ചു. അതിനു പ്രതികരണമായി പാഷ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഇസ്‌ലാമിക കാര്യങ്ങൾ ക്ലിപ്തപ്പെടുത്തപ്പെടാതെ (മാീൃുവീൗ)െ ചിതറിക്കിടക്കുകയാണ് എന്ന് കരുതരുത്. ഇസ്‌ലാമിൽ എല്ലാ കാര്യങ്ങളും കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്.’

കൊലപാതകം എസൻഷ്യൽ ആകുമോ?

കോടതിയുടെ സംശയങ്ങൾ ദൂരീകരിക്കത്തക്ക വിധമുള്ള ഒരു ഡോക്യുമെന്റ് താൻ തയ്യാറാക്കിയതായി അഡ്വ.ശംശാദ് ധരിപ്പിച്ചു. അവ കോടതിക്ക് കൈമാറാൻ ജസ്റ്റിസ് ഗുപ്ത ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു. ഇവയെല്ലാം ക്വുർആനിന്റെ വ്യാഖ്യാനങ്ങൾ മാത്രമാണെന്നും അവയെ താൻ ബഹുമാനിക്കുന്നുണ്ടെങ്കിലും ഇതിനു പുറമെയും ക്വുർആനിന് വ്യാഖ്യാനങ്ങൾ ഉണ്ടെന്ന മറുപടിയാണ് എസ്.ജി നൽകിയത്. തുടർന്ന് എസ്.ജി ഒരു ഉദാഹരണം പറഞ്ഞു: ‘ഒരാൾ എന്റെ സഹോദരനെ കൊലപ്പെടുത്തി എന്ന് കരുതുക. ഞാൻ പ്രതികാരം ചെയ്യാതെ എന്റെ സഹോദരന്റെ ആത്മാവിന് ശാന്തി ലഭിക്കില്ല എന്നതാണ് എന്റെ മതപരമായ വിശ്വാസം എന്ന് സങ്കൽപിക്കുക. ഈ സാഹചര്യത്തിൽ കൊലപാതകവും എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസ് ആവില്ലേ?’

ഹൈക്കോടതിയുടെ നിരീക്ഷണം തെറ്റാണെന്ന് ധൂലിയ

ഈ ചോദ്യത്തിന് മറുപടി പറയാതെ കർണാടക ഹൈക്കോടതിയുടെ ഇസ്‌ലാമിക പ്രമാണങ്ങളെ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചുകൊണ്ട് ജസ്റ്റിസ് ധൂലിയ പറഞ്ഞു: ‘കോടതി ഇസ്‌ലാമിക പ്രമാണങ്ങളുടെ ഒറിജിനൽ ടെക്സ്റ്റിലേക്ക് പോകാതെ ഏതോ വിദ്യാർഥി എഴുതിവെച്ച ഗവേഷണ പ്രബന്ധത്തെയാണ് അടിസ്ഥാനമാക്കിയത്. ക്വുർആനിനെ ആധികാരികമായി വ്യാഖ്യാനിച്ച മറ്റുള്ളവർ നേരെ വിരുദ്ധമായ വിശദീകരണമാണ് നൽകിയിട്ടുള്ളത് എന്ന കാര്യം ഹൈക്കോടതി പരിശോധിച്ചില്ല.’ കർണാടക ഹൈക്കോടതിയുടെ ക്വുർആൻ വ്യാഖ്യാന സമീപനം ഒഴിവാക്കാവുന്നതായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ സമ്മതിച്ചു. മതപരമായ അവകാശത്തിനായി കോടതിയെ സമീപിക്കുമ്പോൾ കോടതി ഭരണഘടനാനുസൃതമായാണ് വിധി പറയേണ്ടതെന്ന് അദ്ദേഹം സമ്മതിച്ചു. എസ്.ജിയുടെ സമ്മതത്തെ കുറിച്ച് ഇതാണ് ഞാൻ മുഖവിലക്കെടുക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ധൂലിയയുടെ പ്രതികരണം. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു മതവിഷയമല്ല, മറിച്ച് ഇത് യൂണിഫോം വിഷയം മാത്രമാണ് എന്നുപറഞ്ഞുകൊണ്ടാണ് സോളിസിറ്റർ ജനറൽ സംസാരം അവസാനിപ്പിച്ചത്.

അടുത്ത ലക്കത്തിൽ: കർണാടക അഡ്വക്കറ്റ് ജനറലിന്റെ വാദങ്ങൾ