പ്രതീക്ഷയുടെ ചിറകുവിടർത്തി ഇന്ത്യ

 നബീൽ പയ്യോളി

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

രാജ്യം ആവശ്യപ്പെടുന്ന  മുന്നേറ്റത്തിന് ‘ഇന്ത്യ’യെന്നു പേരിട്ടതു മുതൽ പ്രതീക്ഷകളുടെ ചിറകുവിടർത്തുകയാണ് നമ്മുടെ ജനാധിപത്യ സമൂഹം. ഫാസിസ്റ്റ് ശക്തികൾക്ക് അജയ്യമായി തുടരാമെന്ന വ്യാമോഹത്തിന് കനത്ത തിരിച്ചടിയാണ് രാജ്യത്തെ മതേതര കക്ഷികളുടെ കൈകോർക്കലിലൂടെ സംഭവിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഐക്യപ്രഖ്യാപനം ബിജെപിയെ എൻഡിഎ എന്നൊരു മുന്നണിയുടെ ഭാഗം മാത്രമാണ് എന്ന് ഓർമിപ്പിക്കും വിധം സമ്മർദത്തിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ശുഭസൂചകമാണ്.

വെറുപ്പിന്റെ ശക്തികൾക്കെതിരെ രാജ്യത്തെ ജനാധിപത്യ ബോധമുള്ള 28 രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൈകോർക്കുന്നത് നിസ്സാരമായി കാണാവതല്ല, അത് ഗൗരവതരമായ നീക്കമാണെന്ന് ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ മുതൽ കുടുംബം, സമൂഹം, നാട്, ജോലി, സംഘടനകൾ തുടങ്ങി മനുഷ്യർ ഇടപെടുന്ന ഇടങ്ങളിലെല്ലാം അഭിപ്രായ വ്യത്യാസങ്ങളുള്ള മനുഷ്യരെയാണ് ചുറ്റുപാടും നമ്മൾ കണ്ടുവരുന്നത്. അൽപം പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത വിധം സ്വാർഥതയുടെ നേർക്കാഴ്ചകൾ ദിനേന നാം കാണുന്നു. ഈ സന്ദർഭത്തിൽ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിച്ചിരിക്കാനും ഒന്നിച്ചു മുന്നോട്ട് പോകാനും തീരുമാനിക്കുന്നത് ശക്തമായ പിന്തുണ നൽകേണ്ട അഭിനന്ദനർഹമായ നീക്കം തന്നെയാണ്.

സൂര്യനസ്യതമിക്കാത്ത സാമ്രാജ്യത്തിനുടമകളായിരുന്ന ബ്രിട്ടീഷുകാരെ അധികാരത്തിന്റെ അന്തഃപുരങ്ങളിൽനിന്നും വലിച്ചിറക്കി സാതന്ത്ര്യം പിടിച്ചുവാങ്ങിയ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തിന് അതേ അധികാര ഭ്രമത്തിൽ ഉന്മത്തരായവരെ താഴെയിറക്കാൻ ഒന്നിക്കാതിരിക്കാനാവില്ല. സർവവിധ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒന്നിച്ചുള്ള മുന്നേറ്റത്തിന് തീരുമാനിക്കുകയും അത് പ്രഖ്യാപിക്കുകയും മുഴുവൻ ജനങ്ങളുടെയും പിന്തുണ ആവശ്യപ്പെടുകയും ചെയ്യുന്നതോടൊപ്പം രാജ്യത്തുടനീളം ഇന്ത്യ സഖ്യം പൊതുയോഗങ്ങൾ സംഘടിപ്പിച്ചു ജനകീയ മുന്നേറ്റം സാധ്യമാക്കും. ഒക്ടോബർ ആദ്യവാരത്തിൽ ഭോപ്പാലിലാണ് ആദ്യ പൊതുയോഗം. തുടർന്ന് വിവിധയിടങ്ങളിൽ നടക്കുന്ന സംയുക്ത പൊതു സമ്മേളനങ്ങളിൽ ബിജെപി സർക്കാരിനെതിരായ പ്രചാരണ പരിപാടികൾക്ക് ജനകീയ മുഖം കൈവരിക്കും. സാധാരണ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ഉയർത്തിയാവും പ്രചാരണങ്ങൾ സംഘടിപ്പിക്കുക.

വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്‌നങ്ങൾ, സ്ത്രീകൾക്ക് നേരെറ്റിയുള്ള അതിക്രമം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ള പ്രചാരണങ്ങൾക്ക് ജനങ്ങൾക്കിടയിൽനിന്നും ലഭിച്ച പിന്തുണയും സ്വീകാര്യതയുമാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ വൻവിജയത്തിനു കാരണം എന്നത് പ്രതിപക്ഷ നിരയിലെ കക്ഷികൾക്ക് ബോധ്യമായ യാഥാർഥ്യമാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന  ജീവൽ പ്രശ്‌നങ്ങളെ കേൾക്കാനും പരിഹാരം കാണാനും സാധിക്കുന്നവർക്ക് മാത്രമെ അവരെ ചേർത്തുനിർത്താനും അവരുടെ പ്രതിനിധികളായി മാറുവാൻ സാധിക്കുംവിധം പ്രവർത്തിക്കാനും കഴിയൂ എന്ന തിരിച്ചറിവിലേക്ക് രാഷ്ട്രീയ പ്രസഥാനങ്ങൾ മാറിയിട്ടുണ്ട് എന്നുവേണം കരുതാൻ.

വിദ്വേഷത്തിന്റെ വിഷലിപ്ത വാർത്താമുഖങ്ങളായ 14 മാധ്യമ പ്രവർത്തകരെ ബഹിഷ്‌കരിക്കാനുള്ള സഖ്യത്തിന്റെ തീരുമാനം രാജ്യത്തെ മാധ്യമ പ്രവർത്തകർക്ക് പുനർവിചിന്തനം നടത്താനുള്ള സന്ദേശമാവും എന്ന് പ്രത്യാശിക്കാം. വായിൽ തോന്നിയത് വിളിച്ചുപറയാനും സത്യത്തിന്റെ വക്താക്കളെ വ്യക്തിഹത്യയും നുണപ്രചാരണങ്ങളും നടത്തി ഇല്ലായ്മ ചെയ്യാനുമുള്ള നീചശ്രമങ്ങൾക്ക് ഇടം നൽകാൻ തയ്യാറല്ലെന്ന ശക്തമായ സന്ദേശമാണ് ഈ ബഹിഷ്‌കരണ തീരുമാനത്തിലൂടെ സഖ്യം നൽകുന്നത്. ഫാസിസ്റ്റ് മെഗാഫോണുകളെ അവഗണിക്കുകയും ജനാധിപത്യ-മതനിരപേക്ഷ ആശയവിനിമയ സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതുതന്നെയാണ് ഇന്നിന്റെ ചുറ്റുപാട് ആവശ്യപ്പെടുന്നത്. അതിൽ സഖ്യത്തിന്റെ നിലപാടും കാഴ്ചപ്പാടുകളും ഒറ്റക്കെട്ടായ തീരുമാനവുമെല്ലാം ശുഭസൂചകമാണ്. വിഷപ്രചാരകർക്ക് മുഖംകൊടുക്കാൻ മനസ്സില്ലെന്ന് പ്രഖ്യാപിക്കുകവഴി വരുംദിനങ്ങളിലെ അജണ്ടകൾ തീരുമാനിക്കുന്നത് ഞങ്ങളാണ് എന്നുകൂടി പറയുകയാണ് സഖ്യം.

ഇതെല്ലാം രാജ്യത്തെ ജനാധിപത്യത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമാണ്. വൈവിധ്യങ്ങളെ ചേർത്തുനിർത്തി കോർത്തിണക്കിയ ഇന്ത്യയെന്ന പൂമാലയിലെ ഓരോ കണ്ണിയും നൽകുന്ന മനോഹാരിതയെ തല്ലിത്തകർത്ത് ഏകശിലാത്മക രാജ്യം സ്വപ്‌നം കാണുകയും അതിനുവേണ്ടി പണിയെടുക്കുകയും ചെയ്യുന്ന സംഘപരിവാരം തങ്ങളുടെ സർവ കുതന്ത്രങ്ങളും പ്രയോഗിക്കുമെന്നത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് വിവിധ കക്ഷികൾ ഐക്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഏജൻസികളെ വിട്ട് ഭയപ്പെടുത്താനും നിയമക്കുരുക്കിൽ പെടുത്തി കർമശേഷിയെ ഇല്ലാതാക്കാനും ശ്രമിക്കുമ്പോൾ ഒരേ മനസ്സോടെ ഒന്നിച്ചുനിന്ന് സർവ കുതന്ത്രങ്ങളെയും തകർത്തു കളയാൻ സാധിക്കുമെന്ന് കാണിച്ചുകൊടുക്കുകയാണ് രാജ്യം ചെയ്യേണ്ടത്.

ഒന്നും നടക്കില്ലെന്ന് തീർത്തു പറഞ്ഞവർക്ക് മുമ്പിൽ രാജ്യത്തുടനീളം നടന്ന് വിവിധ ജനവിഭാഗങ്ങളെ കേട്ടും കണ്ടും ചേർത്തുനിർത്തിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര രാജ്യത്തെ അടിസ്ഥാന ജന

വിഭാഗങ്ങളുടെ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള യാത്രകൂടിയായിരുന്നു. വൈവിധ്യങ്ങളെ മനോഹരമായി ചേർത്തുനിർത്തി, അസാധ്യമെന്ന് വിമർശകർ പരിഹസിച്ച പല നേട്ടങ്ങളും സാധ്യമാക്കിയ പാരമ്പര്യമുള്ളവരാണ് നമ്മൾ. കോടിക്കണക്കിന് അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായവരെ ബാക്കിയാക്കിയാണ് രാജ്യത്തെ കൊള്ളയടിച്ച ബ്രിട്ടീഷുകാർ രാജ്യം വിട്ടത്. അതിനുശേഷം അതിവേഗം വളർന്ന് ലോകത്തിന്റെ നെറുകയിലെത്തിയ രാജ്യമാണ് ഇന്ത്യ. ഇന്ന് ‘ചന്ദ്രയാൻ’ നേട്ടത്തിൽ നാം അഭിമാനം കൊള്ളുന്നു. രാജ്യത്തെ ജനങ്ങളെ ചേർത്തു നിർത്തി വളർത്തിയെടുത്ത ജനാധിപത്യ നായകരുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളെ കൂടുതൽ സ്മരിക്കേണ്ട സന്ദർഭമാണിത്.  

അതെ, സർവത്ര തകർന്ന; പ്രതീക്ഷയുടെ നാമ്പുപോലും അവശേഷിക്കുന്നില്ലെന്ന് കരുതിയിടത്തു നിന്നാണ് നമ്മൾ അഭിമാനംകൊള്ളുന്ന നേട്ടങ്ങളുടെ നീണ്ട പട്ടിക സാധ്യമാക്കിയത്. വെറുപ്പിന്റെ, സ്വാർഥതയുടെ, നശീകരണത്തിന്റെ ശക്തികൾക്ക് ജനതയെ പ്രതീക്ഷയോടെ മുന്നോട്ട് നയിക്കാൻ സാധ്യമല്ല. വെറുപ്പും ഭയവും വിദ്വേഷവും മാത്രമെ അത്തരം ശക്തികൾ എന്നും കൈമാറിയിട്ടുള്ളൂ. ദീർഘവീക്ഷണവും ജനാധിപത്യബോധ്യവും ചേർത്ത് മുൻഗാമികൾ ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾ തങ്ങളുടെ അക്കൗണ്ടിലേക്ക് വരവുവയ്ക്കാൻ ശ്രമിക്കുകയും ചരിത്രയാഥാർഥ്യങ്ങളെ തിരുത്തി നേട്ടങ്ങളുടെ വീരപരിവേഷം അണിയാൻ ശ്രമിക്കുകയും ചെയ്യുന്നവർ സ്വയം പരിഹാസ്യരാവും എന്നത് തീർച്ച; ചരിത്രം സാക്ഷി.

പ്രതീക്ഷയുടെ ചിറകിലേക്കാണ് ‘ഇന്ത്യ’ രാജ്യത്തെ മുഴുവൻ ജനതയെയും വിളിക്കുന്നത്. വിലക്കയറ്റവും പട്ടിണിയും തൊഴിലില്ലായ്മയും വർഗീയതയും പെരുകുകയാണ്. മണിപ്പൂരിന്റെയും ഹരിയാനയുടെയും ഉത്തർപ്രദേശിന്റെയും തെരുവീഥികളിൽനിന്ന് ഉയരുന്ന പുകയും സഹോദരങ്ങളുടെ തേങ്ങിക്കരച്ചിലുകളും പിച്ചിച്ചീന്തപ്പെടുന്ന പെൺകുട്ടികളുടെ ആർത്തനാദങ്ങളും അടങ്ങിയിട്ടില്ല. ചരിത്രത്തിലെ മറ്റൊരു നിർണായകമായ ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുകയാണ്. നമുക്ക് നമ്മുടെ അഭിമാനവും മതനിരപേക്ഷ പാരമ്പര്യവും മുന്നേറ്റവും തിരിച്ചുപിടിച്ച് നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിക്കാൻ സാധിക്കണം. അതിനുള്ള, യാഥാർഥ്യബോധ്യത്തിലൂന്നിയ പ്രതീക്ഷയുടെ ചിറകാണ് ഇന്ത്യ മുന്നണി രാജ്യത്തിന് മുകളിൽ വിരിക്കുന്നത്. ആ തണലിനെ വിശ്വസിക്കാനും അതിൽ പ്രതീക്ഷയർപ്പിക്കാനും പരമാവധി പിന്തുണ നൽകാനും സാധ്യമാവുമ്പോഴേ മിനിമം ജാനാധിപത്യബോധ്യമെങ്കിലും നമ്മുടെ ഉള്ളിലുണ്ടെന്ന് വിശ്വസിക്കാൻ കഴിയൂ.

ഫാസിസം സർവായുധ സജ്ജരായി ഈ ഐക്യനീക്കത്തെ തകർക്കാൻ ശ്രമിക്കുമെന്ന തിരിച്ചറിവിൽനിന്നുതന്നെ അവരുടെ വിദ്വേഷ ഫാക്ടറിയിൽനിന്നും വമിക്കുന്ന വിഷവാതകങ്ങളെ അവഗണിച്ചും അതിനെതിരെ നിതാന്ത ജാഗ്രതപാലിച്ചും നമ്മുടെ അജണ്ടകളെ ആർക്കും വഴിതിരിച്ചുവിടാൻ സാധിക്കില്ലെന്ന ഉറച്ച ബോധ്യമുണ്ടാക്കിയും അത് ഓരോ നിമിഷവും ബോധ്യപ്പെടുത്തിയും മുന്നോട്ട് പോവുക എന്നതാണ് ഇന്ന് നമ്മുടെ രാജ്യം നമ്മോട് ആവശ്യപ്പെടുന്നത്. എന്റെയും നിങ്ങളുടെയും രാജ്യത്തിന്റെയും നിലനിപിന്ന് അത് അനിവാര്യമാണെന്ന തിരിച്ചറിവിൽനിന്ന് നിലപാടുകളും അഭിപ്രായങ്ങളും ആശയങ്ങളും രൂപപ്പെടുത്തിയെടുക്കാനുള്ള വിവേകമതികളായി നാം സ്വയം മാറുക. നമ്മുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നിലനിൽപിന് അത് അനിവാര്യമായ ഇന്നിന്റെ സാഹചര്യത്തിൽ; പ്രതീക്ഷയാണ് ഇന്ത്യ, നമുക്കുംരാജ്യത്തിനും.