ഹജ്ജിനൊരുങ്ങി പുണ്യനഗരികൾ

നബീൽ പയ്യോളി

2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06

ഒരേ മന്ത്രധ്വനികളുമായി ലക്ഷക്കണക്കിന് മനുഷ്യർ ഒരുമിക്കുന്ന മഹാസംഗമത്തിന് സാക്ഷിയാവുകയാണ് പുണ്യനഗരികൾ. ധനികരും ദരിദ്രരുമായല്ല, ഏകനായ നാഥന്റെ അടിമകളായി, പ്രാർഥനാനിരതമായ മനസ്സുമായാണ് വിശ്വാസി സമൂഹം പുണ്യനഗരികളിൽ സംഗമിക്കുന്നത്. ഓർമവെച്ച നാൾമുതൽ കേട്ടുതുടങ്ങിയതാണ് ‘കഅ്ബ’ എന്ന വാക്ക്. നമസ്‌കാരത്തിൽ മുഖം തിരിക്കുന്നത് അതിന്റെ നേർക്കാണെന്ന് ചെറുപ്പത്തിലേ പഠിച്ചതാണ്. ആ വിശുദ്ധ ഗേഹം കാണുക എന്ന മോഹം സഫലീകരിക്കുവാനും പാപങ്ങൾ പശ്ചാത്താപത്തിലൂടെ കഴുകിക്കളഞ്ഞ,് സ്വീകാര്യയോഗ്യമായ ഹജ്ജ് ചെയ്ത്, മാതാവിന്റെ ഉദരത്തിൽനിന്നും പിറന്നുവീണ കുഞ്ഞിന്റെ നിർമല മനസ്സുമായി മടങ്ങാനുമുള്ള ആഗ്രഹം ഏതൊരു വിശ്വാസിയുടെയും മനസ്സിലുള്ളതാണ്. ഈ ആഗ്രഹ പൂർത്തീകരണത്തിന് കോടിക്കണക്കിന് അപേക്ഷകരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത് ലക്ഷം വിശ്വാസികളാണ് ഈ മഹാസംഗമത്തിനായി പുണ്യനഗരികളിൽ എത്തിച്ചേർന്നിട്ടുള്ളത്. വർണ, വർഗ, ഭാഷ, വേഷ വൈജാത്യങ്ങൾ അപ്രസക്തമാക്കി ശുഭ്രവസ്ത്ര ധാരികളായ പുരുഷന്മാരും ഹിജാബ് ധരിച്ച സ്ത്രീകളും ആകാശത്തേക്ക് കൈകളുയർത്തി മനമുരുകി പ്രാർഥിക്കുന്നത് ഏകനായ സ്രഷ്ടാവിനോട് മാത്രമാണ്. പാപങ്ങളെല്ലാം പൊറുക്കപ്പെട്ട് സ്വർഗാവകാശിയാവുക എന്നതാണ് ഓരോരുത്തരുടെയും ഉള്ളിലുള്ള അടങ്ങാത്ത ആഗ്രഹം.

ശക്തമായ ചൂടാണ് സുഊദി അറേബ്യയിലിപ്പോൾ; 40 മുതൽ 50 ഡിഗ്രിവരെ. ഹജ്ജിനെത്തുന്ന വിശ്വാസികൾക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കിയാണ് അല്ലാവുവിന്റെ അതിഥികളെ സുഊദി ഭരണകൂടം സ്വീകരിക്കുന്നത്. ശീതീകരിച്ച തമ്പുകളും താമസസ്ഥലങ്ങളും യാത്രാസൗകര്യങ്ങളുമാണ് ലഭ്യമാവുക. കടുത്ത ചൂടിൽനിന്നും ആശ്വാസമേകാൻ കുടകളും സൗജന്യമായി വിവിധ കമ്പനികൾ നൽകാറുണ്ട്. സദാസമയവും ചെറിയ കുളിരേകി ജലാംശം പ്രവഹിപ്പിക്കുന്ന സംവിധാനങ്ങൾ വഴിയിലുടെനീളം കാണാം; കുളിരേകും കാഴ്ചകൾ.

‘ഇരു ഹറമുകളുടെ സേവകൻ’ എന്നാണ് സുഊദി രാജാവിന്റെ സ്ഥാനപ്പേര്. ഈ സ്ഥാനപ്പേരിനെ അന്വർഥമാക്കും വിധം വിശ്വാസിസമൂഹത്തിന് പരമാവധി സൗകര്യങ്ങൾ ഒരുക്കാനും ആധുനിക സാങ്കേതിക വിദ്യയുടെയും ലോകത്തെ മികച്ച വിദഗ്ധരുടെയും സേവനങ്ങൾ പുണ്യഗേഹങ്ങളുടെ വികസനത്തിൽ ഉപയോഗപ്പെടുത്താനും സുഊദി ഭരണാധികാരികൾ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. എന്നും എപ്പോഴും ഉണർന്നിരിക്കുന്ന ഇരു ഹറമുകൾ, ഏറ്റവും നല്ല ശബ്ദ, വെളിച്ച, ഗതാഗത സംവിധാനങ്ങൾ. സദാ സേവന സന്നദ്ധരായ ഉദ്യോഗസ്ഥർ, സേവകർ. ലക്ഷക്കണക്കിന് വിശ്വാസികൾ ആരാധനാകർമങ്ങൾക്ക് എത്തിക്കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ഹറമുകളും പരിസരവും എപ്പോഴും വൃത്തിയുള്ളതായിരിക്കും. ശൗച്യാലയങ്ങളും അങ്ങനെ തന്നെ. ജനലക്ഷങ്ങളുടെ അണമുറിയാത്ത സാന്നിധ്യമുള്ള ഇടങ്ങൾ എങ്ങനെ മനോഹരമായി നിലനിർത്താൻ സാധ്യമാവും എന്നതിന്റെ പാഠപുസ്തകം കൂടിയാണീ പുണ്യനഗരികൾ. ആളുകൂടിയാൽ ബഹളവും അരക്ഷിതത്വവും നിറയുന്ന ലോകത്ത് വിശ്വാസിസമൂഹം എത്ര സുരക്ഷിതവും ശാന്തവുമായാണ് ഒത്തുകൂടുന്നതെന്ന് കൂടി ലോകം പഠിക്കേണ്ടതുണ്ട്. അങ്ങനെ അനേകം മാതൃകകൾ പുണ്യഭൂമികളിൽനിന്നും ലോകത്തിന് പഠിക്കാനുണ്ട്.

വിശ്വാസികളുടെ ജിവിതത്തിലെ ഏറ്റവും വലിയ ആഗ്രഹപൂർത്തീകരണത്തിന് സാക്ഷ്യം വഹിക്കാൻ പുണ്യനഗരികൾ സർവസജ്ജമായിക്കഴിഞ്ഞു. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് തീർഥാടനമാണ് ഈ വർഷം നടക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നായി 20 ലക്ഷം തീർഥാടകരാണ് ഇത്തവണ ഹജ്ജിന് എത്തുന്നത്. അതിൽ രണ്ട് ലക്ഷം പേർ സുഊദിയിൽ താമസിക്കുന്നവരാണ്. ആയിരം ഫലസ്തീൻ പൗരന്മാർക്ക് സൗജന്യമായി ഹജ്ജ് നിർവഹിക്കാനുള്ള അവസരം ഇത്തവണ ലഭിച്ചിട്ടുണ്ട്. 2021ൽ പത്ത് ലക്ഷം വിശ്വാസികളാണ് ഹജ്ജ് നിർവഹിച്ചത്.

ഹാജിമാർക്ക് സേവനങ്ങൾ നൽകാൻ നൂറുകണക്കിന് കമ്പനികളാണ് സുഊദി ഹജ്ജ് ആന്റ് ഉംറ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവർത്തിക്കുന്നത്. ഹാജിമാർ കബളിപ്പിക്കപ്പെടാതിരിക്കാനും സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്താനും ശക്തമായ നിബന്ധനകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹജ്ജ് സേവന കമ്പനികൾ പ്രവർത്തിക്കുന്നത്. തീർഥാടകരുടെ ആവശ്യാനുസരണം വിവിധ കാറ്റഗറിയിലുള്ള സേവനങ്ങൾ ലഭ്യമാണ്. ഹാജിമാരുടെ രജിസ്ട്രേഷൻ സമയത്ത് അവർക്ക് ഇഷ്ടമുള്ള സേവനദാതാക്കളെ തെരഞ്ഞെടുക്കാൻ സാധിക്കും. യാത്ര പുറപ്പെടുന്നതുമുതൽ തിരിച്ച് പോകുന്നതുവരെയുള്ള മുഴുവൻ സൗകര്യങ്ങളും അവരുടെ പാക്കേജിൽ ഉൾപ്പെടും; യാത്ര, ഭക്ഷണം, താമസസൗകര്യങ്ങൾ തുടങ്ങിയവയെല്ലാം.

ഹാജിമാർ ഉപയോഗപ്പെടുത്തുന്ന, സുഊദിയിലെ 73000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ ഉപയോഗക്ഷമതയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ വിദഗ്ധരുടെ സംഘത്തിന്റെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സർവകലാശാല വിദ്യാർഥികൾ, ഹൈവേ പോലീസ്, പൊതുഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെയും സഹായത്തോടെയാണ് ക്രമീകരണങ്ങൾ നടക്കുന്നത്. ഡ്രോണുകളുടെ സഹായത്തോടെയുള്ള നിരീക്ഷണങ്ങളും സാങ്കേതികവിദ്യകളുടെ സഹായവും അപകടരഹിതവും സുരക്ഷിതവുമായ തീർഥാടനകാലം ഉറപ്പുവരുത്താൻ ഗതാഗത വകുപ്പ് നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്.

അതിന് പുറമെ ഹജ്ജ് സീസണിൽ ഹറമൈൻ ട്രെയിനുകൾ 34000ൽ അധികം സർവീസുകൾ നടത്തും. ഹജ്ജിന്റെ ഭാഗമായി വിശ്വാസികൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ ആവശ്യമായ ഗതാഗത സൗകര്യങ്ങൾ കുറ്റമറ്റ രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ വിഭാഗത്തിനും സമയക്രമം നൽകിയാണ് ഹജ്ജുമായി ബന്ധപ്പെട്ട മുഴുവൻ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ളത്. അത് കൃത്യമായി പാലിക്കാൻ ഹാജിമാർ തയ്യാറാവണം.

ഹജ്ജിന്റെ ദിനങ്ങളിൽ ഹാജിമാർ തങ്ങുന്ന മിനാ താഴ്‌വരയിൽ ശീതീകരിച്ച ടെന്റുകൾ (തമ്പുകൾ) പൂർണ സജ്ജമായിക്കഴിഞ്ഞു. അഗ്‌നിരക്ഷാ ഉപകരണങ്ങൾ അടക്കം തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായ ഹജ്ജ് നിർവഹിക്കാൻ ആവശ്യമായ മുഴുവൻ സൗകര്യങ്ങളും മിന താഴ്വരയിൽ ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സമയം ഹജ്ജുമായി ബന്ധപ്പെട്ട് വിശ്വാസികൾ ചെലവഴിക്കുന്നത് മിനയിലാണ്. ഒരു ലക്ഷത്തിലധികം ശീതീകരിച്ച തമ്പുകളാണ് മിന താഴ്വരയിലുള്ളത്. അതുകൊണ്ട് തന്നെ തമ്പുകളുടെ നഗരം എന്നാണ് മിന അറിയപ്പെടുന്നത്. 2.6 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയും വിധം 2.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട് മിനക്ക്.

‘ഹജ്ജ് അറഫയാണ്’ എന്ന പ്രവാചക വചനത്തിൽനിന്നും അറഫാദിനത്തിന്റെ പ്രാധാന്യം വ്യക്തമാണ്. നമിറ പള്ളിയിൽ നടക്കുന്ന അറഫ പ്രസംഗത്തിന് സുഊദി പണ്ഡിതസഭാംഗം നേതൃത്വം നൽകും. പ്രവാചകൻ ﷺ തന്റെ ആദ്യത്തെതും അവസാനത്തെതുമായ ഹജ്ജ് കർമത്തിന്റെ ഭാഗമായി അറഫയിൽ നടത്തിയ പ്രഭാഷണം ഇസ്‌ലാമിന്റെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനംകൂടിയായിരുന്നു. ഈ സ്ഥലത്തു സ്ഥിതിചെയ്യുന്ന നമിറ പള്ളി വർഷത്തിൽ ഒരിക്കൽ മാത്രമാണ് തുറക്കപ്പെടുന്നത്. അറഫാ ദിനത്തിൽ നടക്കുന്ന ഖുത്ബക്കും തുടർന്ന് ദുഹ്ർ, അസ്വ‌്ർ നമസ്‌കാരങ്ങൾ ജംആക്കി നമസ്‌കരിക്കാനും വേണ്ടി മാത്രം. നമിറ പള്ളിയിൽ ഏകദേശം നാലു ലക്ഷം വിശ്വാസികളെ ഉൾകൊള്ളാൻ സാധിക്കും. അറഫ മൈതാനത്തും അറഫയിലെ നമിറ പള്ളിയിലുമായാണ് ഹജ്ജിനെത്തുന്ന മുഴുവൻ വിശ്വാസികളും അറഫ ദിനത്തിൽ ചെലവഴിക്കുന്നത്.

ലോക വിശ്വാസിസമൂഹവും പൊതുസമൂഹവും കാതോർക്കുന്ന പ്രഭാഷണമാണ് അറഫയിൽ നടക്കുന്നത്. അറബി ഭാഷയിൽ നടക്കുന്ന ഖുത്ബ തത്സമയം 14 ഭാഷകളിൽ കേൾക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ ശക്തമായ നിരീക്ഷണ സംവിധാങ്ങളാണ് നടപ്പിലാക്കുന്നത്. മൊബൈൽ ലബോറട്ടറിയടക്കം ആധുനിക പരിശോധനാ സംവിധാനങ്ങൾ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താൻ സജ്ജമാക്കിയിട്ടുണ്ട്. ഹജ്ജ് പദ്ധതികൾ സുഗമമായി നടപ്പിലാക്കാൻ 22000 പേരെ വിവിധ ജോലികൾക്കായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് മക്ക നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറും സർവസജ്ജരായ വളണ്ടിയർമാരും ഉദ്യോഗസ്ഥരും ഈ രംഗത്തുണ്ട്. ഈ വർഷം ഹജ്ജ് തീർഥാടകർക്ക് അവരുടെ താമസസ്ഥലത്ത് സംസം ബോട്ടിലുകൾ എത്തിക്കാനുള്ള പദ്ധതി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഒരുക്കിയിട്ടുണ്ട്.

ഹജ്ജിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ഏളുപ്പവുമാക്കാൻ വേണ്ടി തുടങ്ങിയ പദ്ധതിയാണ് ‘റോഡ് മക്ക.’ തീർഥാടകർക്ക് ഇലക്ട്രോണിക് വിസ ലഭ്യമാക്കുക, ബയോമെട്രിക് അടയാളങ്ങൾ രേഖപ്പെടുത്തുക തുടങ്ങിയവ അവരവരുടെ രാജ്യത്ത് പുറപ്പെടുന്ന എയർപോർട്ടിൽ തന്നെ പൂർത്തിയാക്കും. മലേഷ്യ, മൊറോക്കോ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഇത്തവണ പാദ്ധതിയുടെ ഭാഗമായി സേവനങ്ങൾ ലഭിച്ചത്. ബാഗേജ് പുറപ്പെടുന്ന എയർപോർട്ടിൽ സ്വീകരിച്ച് മക്കയിലെയും മദീനയിലെയും താമസസ്ഥലത്ത് എത്തിക്കുന്ന രീതിയിലാണ് പദ്ധതി. വരും വർഷങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കും എന്ന് പ്രതീക്ഷിക്കാം.

ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 23 ആശുപത്രികളും 140 ആരോഗ്യകേന്ദ്രങ്ങളും ഹാജിമാരുടെ മെഡിക്കൽ സേവനങ്ങൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. ഒരേസമയം 6100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുള്ളവയാണ് ഈ ആശുപത്രികൾ. ആംബുലൻസുകൾ, മെഡിക്കൽ രംഗത്തെ വിവിധ സ്റ്റാഫുകൾ, സന്നദ്ധസേവകർ തുടങ്ങിയവയും മുഴുവൻ സമയവും ലഭ്യമാണ്. കല്ലേറ് കർമം നിർവഹിക്കുന്ന ജംറകളിൽ 16 അത്യാഹിത കേന്ദ്രങ്ങൾ ഒരുക്കിയതായും അധികൃതർ വ്യക്തമാക്കി. മൊബൈൽ ക്ലിനിക്കുകൾ അടക്കമുള്ള മറ്റു സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹജ്ജിന് വരുന്നവർ കോവിഡ്, ഇൻഫ്‌ളുവൻസ തുടങ്ങിയ പ്രതിരോധ കുത്തിവയ്പുകൾ യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്വീകരിക്കൽ നിർബന്ധമാണ്. അതോടൊപ്പം നമസ്‌കാര സ്ഥലങ്ങളും മറ്റും കൃത്യമായ ഇടവേളകളിൽ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇവ നടപ്പിലാക്കുന്നത്.

ഈ വർഷം ഹജ്ജിന് വരുന്നവർക്ക് ബലികർമത്തിനായി സർക്കാർ നേരിട്ടുതന്നെ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 720 റിയാൽ അടച്ച് ഓൺലൈൻ വഴിയും ഹജ്ജ് ട്രാക്ക് ആപ്പ് മുഖേനയും കൂപ്പണുകൾ കൈപ്പറ്റാം. അതിനോടൊപ്പം സുഊദി പോസ്റ്റും ബാങ്കുകളും മറ്റും വഴിയും കൂപ്പണുകൾ ലഭ്യമാവും. പത്തുലക്ഷം കൂപ്പണുകളാണ് ഈ പദ്ധതിവഴി ഒരുക്കിയിട്ടുള്ളത്. ആടുകളെ ബലിയറുക്കാൻ ആറു കേന്ദ്രങ്ങളും ഒട്ടകങ്ങൾക്കും മറ്റുമായി ഒരു കേന്ദ്രവുമാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജ് സേവനദാതാക്കളും സ്വകാര്യകമ്പനികളും അവരുടെ ഹാജിമാർക്കായി പ്രത്യേകം സംവിധാനങ്ങൾ വേറെയും ഒരുക്കിയിട്ടുണ്ട്. സർക്കാർ സംവിധാനം വഴിയുള്ള ബലി മാംസം മക്കയിലും പരിസരത്തുമുള്ള പാവങ്ങൾക്ക് വിതരണം ചെയ്യുകയും ബാക്കിയുള്ളവ വിദേശരാജ്യങ്ങളിലെ പാവങ്ങൾക്ക് എത്തിക്കുകയുമാണ് ചെയ്യുക.

ഇന്ത്യയിൽനിന്ന് ഹജ്ജ് കമ്മിറ്റി മുഖേന 1,40,020 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി 35,005 പേരുമാണ് ഹജ്ജിനെത്തുന്നത്. കേരളത്തിൽനിന്നും പതിനൊന്നായിരത്തോളം പേർക്കാണ് ഈ വർഷം അവസരം ലഭിച്ചിട്ടുള്ളത്. ഇന്ത്യൻ ഹജ്ജ് മിഷന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ഹാജിമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.

വിശുദ്ധ നഗരങ്ങൾ സന്ദർശിക്കുക, ഉംറയോ ഹജ്ജോ ചെയ്യുക എന്നത് നമ്മുടെയൊക്കെ സ്വപ്നമാണ്. മുമ്പത്തെപ്പോലെ ഉംറ വിസ ലഭിക്കാനുള്ള പ്രയാസങ്ങൾ ഇന്നില്ല, എളുപ്പത്തിൽ കാര്യങ്ങൾ നടക്കും. അതിന് ആഗ്രഹമുണ്ടാവുക എന്നതാണ് പ്രധാനം. ഉംറയോ ഹജ്ജോ ചെയ്യാൻ സാമ്പത്തികശേഷിയുണ്ടായിട്ടും മറ്റു തട സ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും അതിനോട് വിമുഖത കാട്ടുന്ന ചിലരെങ്കിലുമുണ്ട്. അത് ശിക്ഷാർഹമായ കാര്യമാണ്.

ലക്ഷക്കണക്കിന് രൂപ നമ്മൾ പല കാര്യങ്ങൾക്കായി ചെലവഴിക്കുന്നു. അതിൽനിന്നും ചെറിയ തുക മാറ്റിവെച്ച് സ്വരൂപിച്ചാൽ ലക്ഷം മടങ്ങ് പുണ്യം ലഭിക്കുന്ന ഹറമിൽ നമസ്‌കരിക്കാനും ഉംറ ചെയ്യാനും സാധിക്കും. ലാഭനഷ്ടക്കണക്കുകളിൽ മനഃസമാധാനം നഷ്ടപ്പെടാറാണ് പതിവ്. എന്നാൽ ലാഭം മാത്രം ലഭിക്കുന്ന പരലോകത്തേക്കുള്ള ഒരുക്കങ്ങൾ മനസ്സിന് കുളിരും സമാധാനവുമാണ് നൽകുക.