പ്രൊഫഷണലുകൾ നേരിടുന്ന പ്രശ്‌നങ്ങൾ; പരിഹാരം അകലെയല്ല

ഡോ. ഫഹീം

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

പുറംമോടികളില്ലാതെ ജീവിതത്തിലേക്ക് നമുക്കൊന്നു കണ്ണോടിച്ചുനോക്കാം. ഒന്ന് സമാധാനത്തോടെ ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ സമയം കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള ഷെഡ്യൂളുകൾ. പലതുമോർത്ത് ഇടയ്ക്കിടെ ഞെട്ടിയുണരുന്ന രാത്രികൾ. തന്റെ കരിയർ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി മനസ്സിലെ സ്‌ക്രീനിൽ പലപ്പോളായി തെളിഞ്ഞ് വരുന്നതുമൂലമുണ്ടാകുന്ന ഉൾക്കിടിലങ്ങൾ. ജോലിസ്ഥലത്ത് തന്റെ ഇമേജ് പടുത്തുയർത്താനും കൂടുതൽ ഇൻകം ജനറേറ്റ് ചെയ്യാനും തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് എടുത്തുചാടാൻ വിധിക്കപ്പെട്ടവർ. സ്‌കൂൾ പഠനം, എൻട്രൻസ് പരീക്ഷ, പ്രൊഫഷണൽ ഡിഗ്രി, പലതരത്തിലുള്ള ട്രൈനിങ്ങുകൾ തുടങ്ങി കരിയർ പടുത്തുയർത്തുകയും പണം സമ്പാദിക്കുകയും മാത്രമാണ് ജീവിത ലക്ഷ്യമെന്ന തരത്തിൽ തനിക്കു ചുറ്റും മുഴങ്ങിക്കേൾക്കുന്ന ആശയങ്ങൾ ഹൃദയത്തിലേക്ക് ആവാഹിച്ചുകൊണ്ടു പ്രയാണം ചെയ്യുന്നവർ...

നീറിപ്പുകയുന്ന കുടുംബ പ്രശ്‌നങ്ങളുള്ള പല പ്രൊഫഷണലുകളും അത് പുറത്തുകാണിക്കാതെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നവരാണ്. തന്റെ മക്കൾ ലഹരിയിലേക്കും കടിഞ്ഞാണില്ലാത്ത ലോകത്തേക്കും ഓഴുകിപ്പോകുമോയെന്ന ഭയം എല്ലാവരുടെയും മനസ്സിൽ തളംകെട്ടിനിൽക്കുന്നുണ്ട്.

പ്രൊഫഷണലുകളുടെ ലോകത്തുകൂടി സഞ്ചരിച്ചാൽ പലതരം ആളുകളെ നമുക്ക് കാണാൻ സാധിക്കും. സോഷ്യൽ സ്റ്റാറ്റസിലും വീടിലും കാറിലും ബാങ്ക് ബാലൻസിലും മക്കളുടെ വിദ്യാഭ്യാസത്തിലും പെരുമ നടിക്കുന്നവർ. സോഷ്യൽ മീഡിയയുടെയും വിനോദത്തിന്റെയും അതിരുകളില്ലാത്ത ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ. ആരെയൊക്കെയോ ആകർഷിക്കാൻവേണ്ടി അണിഞ്ഞൊരുങ്ങുന്നവർ. സോഷ്യൽ മീഡിയയിൽ മുളപൊട്ടുന്ന വളച്ചൊടിച്ചതും പശ്ചാത്തലം മനസ്സിലാക്കാതെയുമുള്ള ഇസ്‌ലാം വിമർശനങ്ങളുടെയും ബോധപൂർവം സൃഷ്ടിച്ചെടുത്ത ഇസ്‌ലാംവിരുദ്ധ പൊതുബോധത്തിന്റെയും സ്വാധീനവലയത്തിനാൽ ഇസ്‌ലാമിക മൂല്യങ്ങളിൽനിന്ന് പുറംതിരിഞ്ഞു നടക്കുന്നവർ...

തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന പ്രൊഫഷണൽ സുഹൃത്തേ, ഒരൽപ സമയത്തേക്ക് നമുക്ക് നമ്മെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കാം...

നമ്മുടെ മനസ്സ് ഇപ്പോഴും അസ്വസ്ഥമല്ലേ? സന്തോഷങ്ങൾ സ്റ്റാറ്റസ് വീഡിയോകളിൽ മാത്രമായി ഒതുങ്ങുകയല്ലേ? ജീവിതത്തെ ഒരൽപംകൂടി യഥാർഥ്യബോധത്തോടെ നമുക്കു നോക്കിക്കണ്ടുകൂടേ? നമ്മുടെ മനസ്സിലെ കനലണയാത്തതെന്തുകൊണ്ടാണ്?

ഉത്തരം ലളിതമാണ്! പ്രപഞ്ചനാഥനെയും അവൻ നിർണയിച്ചുതന്ന ജീവിത ലക്ഷ്യത്തെയും വിസ്മരിച്ച് നാം മാറി സഞ്ചരിക്കാൻ തീരുമാനിച്ചത്തിന്റെ പരിണിതഫലം തന്നെയാണ് നമ്മെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്.

ക്വുർആൻ പറയുന്നതു നോക്കൂ: “എന്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക...’’ (ക്വുർആൻ 20:124).

ക്വുർആൻ ഉയർത്തിക്കാണിച്ച പരിഹാരമാർഗത്തിലേക്ക് നമുക്കും നടന്നടുക്കാം:

“...ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’ (ക്വുർആൻ 13:28).

പല അറിവുകളും നേടിയിട്ടുണ്ടെങ്കിലും ‘ഇത് (ക്വുർആൻ) സത്യമാണെന്ന് അവർക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക് കാണിച്ചുകൊടുക്കുന്നതാണ്’ എന്ന ക്വുർആനിക വചനത്തിന്റെ ആശയതലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ദൈവിക മാർഗദർശനത്തെക്കുറിച്ചുള്ള ദൃഢബോധ്യത്തിലേക്ക് ഉയരാൻ നാം എന്തുകൊണ്ട് സമയം കണ്ടെത്തുന്നില്ല?

‘തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു’ എന്ന് ക്വുർആൻ പറയുമ്പോൾ ആ മാർഗദർശനം കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ജീവിതത്തെ പരിവർത്തിപ്പിക്കാനുമുള്ള ഒരവസരവും പാഴാക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതില്ലേ?

കുടുംബകലഹങ്ങളുടെ കൈപ്പുനീര് രുചിച്ചു ജീവിതം തള്ളിനീക്കുന്ന പലർക്കും മധുരമുള്ള കുടുംബജീവിതം പകർന്നു നൽകുന്ന, കരിയർ കരിക്കുലത്തിൽ ഇടംപിടിക്കാത്ത, കുടുബജീവിതത്തിന് കെട്ടുറപ്പു നൽകുന്ന ഉപദേശങ്ങൾ നൽകാൻ മനുഷ്യ മനസ്സുകളെ സംവിധാനിച്ച സർവലോക രക്ഷതാവിനേ സാധിക്കുകയുള്ളൂ.

“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കും’’ (ക്വുർആൻ 65:2).

“വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്നപക്ഷം അവന്ന് അവന്റെ കാര്യത്തിൽ അല്ലാഹു എളുപ്പമുണ്ടാക്കിക്കൊടുക്കുന്നതാണ്’’ (ക്വുർആൻ 65:4).

കുടുംബപ്രശ്‌നങ്ങളുടെ നടുവിൽ നിൽക്കുന്ന ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് ക്വുർആൻ നൽകുന്ന പ്രതീക്ഷയുടെ കുളിർകാറ്റുകളായെത്തുന്ന ഇത്തരം വചനങ്ങൾക്കായി ഹൃദയകവാടങ്ങൾ നമുക്കൊന്ന് തുറന്നുകൊടുത്തുകൂടേ?

“അതിനാൽ സത്യവിശ്വാസികളായ ബുദ്ധിമാൻമാരേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ഒരു ഉൽബോധനം അവതരിപ്പിച്ചിരിക്കുന്നു’’(65:10) എന്ന്ക്വുർആൻ പറയുന്നത് നമ്മോടുകൂടിയാണ്.

“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (ക്വുർആൻ 3:185) എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ നാം ഇനിയും വൈകിപ്പോകരുത്. ഹൃദയമിടിപ്പുകൾ അടിച്ചുതീരുന്നതിനു മുമ്പായി പലതും നമുക്കു ചെയ്തുതീർക്കേണ്ടതായുണ്ട്.

പ്രൊഫഷണലുകളുടെ ജീവിതത്തിലെ വിവിധ വിഷയങ്ങളെ ഇസ്‌ലാമികമായി അപഗ്രഥിക്കുന്ന ‘Proface 3.0’ നിങ്ങൾക്കൊരു സുവർണാവസരമാണ്.

ധാർമികതയിലൂന്നിയ, പ്രൊഫഷണലുകളുടെ ജീവിതത്തെ സ്പർശിക്കുന്ന വിവിധ സെഷനുകൾ, കുടുംബ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഫാമിലി കൗൺസിലിങ്, കുട്ടികൾക്കായി പ്രത്യേകം വേദികൾ, കൗമാർക്കാർക്ക് ദിശാബോധം നൽകാൻ പ്രത്യേക പ്രോഗ്രാമുകൾ തുടങ്ങി ധാർമിക മൂല്യങ്ങൾ പകർന്നുനൽകുന്ന ഒരു വലിയ പ്രോഗ്രാം നിങ്ങൾക്കായി ഒരുക്കുകയാണ്. കുടുംബസമേതം രജിസ്റ്റർ ചെയ്യാൻ മറക്കരുത്. ഒരു ഒഴിവുദിവസം ക്രിയാത്മകമായി ചെലവഴിക്കാൻ, ഇരുലോകത്തിനും വേണ്ടി ചില തിരുത്തലുകൾക്ക് തയ്യാറാകാൻ നിങ്ങളെടുക്കുന്ന തീരുമാനം നന്മകളുടെ ലോകത്ത് കൂടുതൽ ഉത്സാഹത്തോടെ പ്രയാണം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കിയേക്കാം.