സമയത്തിനെന്തൊരു വേഗം!

ഷഹബാസ് വള്ളുവമ്പ്രം

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

ഒന്നിനും സമയമില്ല’-നമ്മുടെ ദൈനംദിന ജീവിതത്തിൽ, സാമൂഹിക വ്യവഹാരങ്ങളിൽ നിരന്തരമായി കേൾക്കാറുളള; അല്ലെങ്കിൽ നമ്മൾതന്നെ പറയാറുളള ഒരു പരാതിയാണിത്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിൽ അമൂല്യവും സർവ പ്രധാനവുമായ ‘സമയം’ കൊണ്ട് അവൻ ബന്ധിതനാണ്.

ഹസനുൽ ബസ്വ്‌രി(റഹി) പറയുന്നതായി കാണാം: “അല്ലയോ മനുഷ്യാ, നീ എതാനും ചില ദിനങ്ങൾ മാത്രമാകുന്നു. ഓരോ ദിനവും കടന്നുപോകുമ്പോൾ നിന്നിലെ ചില കാര്യങ്ങൾ തീരുകയാണ്.’

ഓരോരുത്തർക്കും നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞാൽ ഐഹികജീവിതത്തോട് വിടപറയുകയെന്നതല്ലാതെ മറ്റൊരു പോംവഴിയുമില്ല. കടന്നുപോകുന്ന ഒരു നിമിഷംപോലും തിരികെ ലഭ്യമല്ല എന്നത് തികഞ്ഞ യാഥാർഥ്യമാണ്. താൻ നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ചോർത്ത് മനുഷ്യൻ വിലപിക്കുന്ന രണ്ട് സന്ദർഭങ്ങൾ ക്വുർആൻ എടുത്തുപറയുന്നത് കാണാം. അതിലൊന്ന് മരണം ആസന്നമാകുമ്പോഴുളള ഖേദപ്രകടനമാണ്. അല്ലാഹു പറയുന്നു: “നിങ്ങളിൽ ഓരോരുത്തർക്കും മരണം വരുന്നതിനു മുമ്പായി നിങ്ങൾക്ക് നാം നൽകിയതിൽനിന്ന് നിങ്ങൾ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവൻ ഇപ്രകാരം പറഞ്ഞേക്കും: ‘എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കിൽ ഞാൻ ദാനം നൽകുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്’’(ക്വുർആൻ 63:10).

രണ്ടാമത്തെത് നരകത്തിനർഹരായവരുടെ വിലാപമാണ്. അല്ലാഹു പറയുന്നു: “അവർ അവിടെ വെച്ച് മുറവിളികൂട്ടും: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്) ചെയ്തിരുന്നതിൽനിന്ന് വ്യത്യസ്തമായി ഞങ്ങൾ സൽകർമം ചെയ്തുകൊള്ളാം.’ (അപ്പോൾ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാൻ മാത്രം നിങ്ങൾക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാൽ നിങ്ങൾ അനുഭവിച്ചുകൊള്ളുക. അക്രമികൾക്ക് യാതൊരു സഹായിയുമില്ല’’ (ക്വുർആൻ 35:37).

അല്ലാഹു അനുഗ്രഹമായി നൽകിയ സമയത്തിന് നല്ല വിലയുണ്ടായിരുവെന്ന് ചിന്തിക്കുന്ന ഭയാനകമായ നിമിഷങ്ങളെപ്പറ്റിയാണ് ഈ സൂക്തങ്ങളിൽ പരാമർശിക്കുന്നത്. ‘താക്കീതുകാരൻ’ എന്ന പ്രയോഗം നരബാധിക്കുന്നതിനെപ്പറ്റിയാണെന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി തഫ്‌സീറുകളിൽ കാണാം. അഥവാ ഈ ലോകത്ത് ഒരാൾ ജീവിച്ചുതീർത്ത കാലത്തെ അടയാളപ്പെടുത്തുന്ന, മരണത്തെപ്പറ്റി ഓർമപ്പെടുത്താനുതകുന്ന ഒരു മുന്നറിയിപ്പുക്കാരൻ സ്വശരീരത്തിൽനിന്നുതന്നെ പ്രകടമായിട്ടും കാര്യം ഗ്രഹിക്കാതിരുന്നതിനെപ്പറ്റി അവൻ ചോദിക്കപ്പെടുമെന്നർഥം.

പ്രവാചകൻﷺ പറയുകയുണ്ടായി: “അറുപത് വയസ്സുവരെ ആയുസ്സ് ലഭിച്ച ഒരാൾക്ക് അല്ലാഹുവിങ്കൽ യാതൊരു ന്യായവുമുണ്ടാവുകയില്ല’’ (ബുഖാരി).

പുതിയകാലത്ത് സമയലാഭത്തിനായി സർവവിധ സാങ്കേതികവിദ്യകളെയും ഉപയോഗപ്പെടുത്തിയിട്ടും സമയമില്ല എന്ന വേവലാതി തീരുകയല്ല; മറിച്ച് സമയമില്ല എന്ന പരാതി കൂടുകയാണ് ചെയ്യുന്നത്. അന്ത്യനാളിന്റെ അടയാളങ്ങൾ വിശദീകരിക്കവെ പ്രവാചകൻﷺ പറഞ്ഞു:

അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ പറയുകയുണ്ടായി: “സമയത്തിന്റെ ദൈർഘ്യം ചുരുങ്ങിയിട്ടല്ലാതെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ ഒരു വർഷം ഒരു മാസമായും ഒരു മാസം ഒരു ആഴ്ചയായും ഒരു ആഴ്ച ഒരു ദിവസമായും ഒരു ദിവസം ഒരു മണിക്കൂറായും ഒരു മണിക്കൂർ ഒരു ഈന്തപ്പനയുടെ പട്ട കത്തിയമരുന്നത്ര നൈമിഷകമായും തീരും’’ (അഹ്‌മദ്).

പ്രസ്തുത ഹദീസ് വിശദീകരിക്കവെ ഇമാം നവവി(റഹി) പറയുന്നു: “സമയം ചുരുങ്ങുന്നു എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സമയത്തിലെ ബറകത്ത് (പുണ്യം) നഷ്ടപ്പെടുക എന്നതാണ്.’’

ഒരുപറ്റം ആളുകൾ ചേർന്ന് ഇന്നു ചെയ്താൽ കിട്ടാത്ത ഗുണം ഒറ്റ നിമിഷത്തിൽ പൂർവികർക്ക് ലഭിച്ചിരുന്നു. ഇമാം ശാഫിഈ (റഹി) യുടെ കവിതയിൽ കാണാം: “മുൻഗാമികൾ മരണം വരിച്ചുവെങ്കിലും അവരുടെ ശ്രേഷ്ഠതകൾ മൺമറഞ്ഞുപോയിട്ടില്ല. അതേസമയം മറ്റൊരുകൂട്ടർ, അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ നിർജീവികളാണ്.’’

ഒരു മുസ്‌ലിം തന്റെ സമയത്തെ സക്രിയമായി ഉപയോഗിക്കുന്നവനായിരിക്കും. മരണത്തെക്കുറിച്ചുള്ള ചിന്തയും പരലോകബോധവും അവനെ കർമനിരതനാക്കിക്കൊണ്ടേയിരിക്കും.

നബിﷺയോടായി അല്ലാഹു കൽപിക്കുന്നു: “അതിനാൽ ഒന്നിൽ നിന്നൊഴിവായാൽ മറ്റൊന്നിൽ മുഴുകുക. നിന്റെ നാഥനിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക’’ (94:7,8).

സ്വന്തം ഗുണത്തിനായി സമയത്തെ വിനിയോഗിക്കാൻ അല്ലാഹുവിൽനിന്നുളള അനുഗ്രഹവും സഹായവും കൂടിയേ തീരൂ. തിൻമകളിൽനിന്ന് അകന്നുനിൽക്കുക, സൂക്ഷ്മത കൈക്കൊളളുക, വിവേകമതികളാവുക എന്നിവ സമയത്തിൽ അനുഗ്രഹം ലഭിക്കാനുതകുന്ന കാര്യങ്ങളിൽ പ്രധാനമാണ്. സിനിമ, മ്യൂസിക്, അശ്ലീല വീഡിയോകൾ, മനസ്സിനെ മരവിപ്പിക്കുന്ന തമാശകൾ തുടങ്ങിയ തിന്മകളുടെ സ്ഥാനത്ത് സൽകർമങ്ങൾ ഇടം പിടിക്കണം. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ അനുഗ്രഹ കവാടങ്ങൾ തുറക്കപ്പെടും.

അല്ലാഹു പറയുന്നു: “അന്നാട്ടുകാർ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കിൽ നാമവർക്ക് വിണ്ണിൽനിന്നും മണ്ണിൽനിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നു കൊടുക്കുമായിരുന്നു. എന്നാൽ അവർ നിഷേധിച്ചുതള്ളുകയാണുണ്ടായത്. അതിനാൽ അവർ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി’’ (ക്വുർആൻ 7:96).

നമസ്‌കാരം യഥാവിധി നിർവഹിക്കുക; അതുവഴി സമയം ക്രമീകരിക്കാനും നന്മകളിൽ മുൻകടക്കാനും സാധിക്കും. അല്ലാഹു പറയുന്നു: “...തീർച്ചയായും നമസ്‌കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു്’’(4:103).

ക്വുർആനുമായുളള അടുപ്പം സമയത്തെ ഫലപ്രദമായി ക്രമപ്പെടുത്താനുതകുന്നതാണ്. സലഫുകളുടെ ജീവിതം അനുഗ്രഹപൂരിതവും കർമങ്ങൾ കാലാതീതവുമായിത്തീരാൻ നിമിത്തമായത് ക്വുർആനുമായുളള അവരുടെ അഭേദ്യബന്ധമായിരുന്നുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പ്രഭാതസമയത്തെ ഉപയോഗപ്പെടുത്തുക; എന്തെന്നാൽ പ്രവാചകൻﷺ ബറകത്തിനായി പ്രത്യേകം എടുത്തുപറഞ്ഞ് പ്രാർഥിച്ച സമയമാണത്. ഇമാം അബൂദാവൂദ്(റഹി) ഉദ്ധരിച്ച ഹദീസിൽ കാണാം: “നബിﷺ യുദ്ധസൈന്യത്തിന് പുറപ്പെടാനായി പ്രഭാതസമയത്തെ തെരഞ്ഞെടുക്കാറുണ്ടായിരുന്നു.’’

കുടുംബബന്ധം കാത്തുസൂക്ഷിക്കുക; നബിﷺപറഞ്ഞു: “ആയുർദൈർഘ്യവും വിഭവസമൃദ്ധിയും ആഗ്രഹിക്കുന്നവൻ മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുകയും കുടുംബബന്ധം പുലർത്തുകയും ചെയ്തുകൊളളട്ടെ.’’

രാത്രി നമസ്‌കാരം നിലനിർത്തുക; നബിﷺയോട് രാത്രി നമസ്‌കാരം കൽപിക്കപ്പെട്ടതിന്റെ യുക്തിയെന്നോണം ക്വുർആൻ പറയുന്നു: “തീർച്ചയായും രാത്രിയിൽ എഴുന്നേറ്റുനമസ്‌കരിക്കൽ കൂടുതൽ ശക്തമായ ഹൃദയസാന്നിധ്യം നൽകുന്നതും വാക്കിനെ കൂടുതൽ നേരെ നിർത്തുന്നതുമാകുന്നു. തീർച്ചയായും നിനക്ക് പകൽ സമയത്ത് ദീർഘമായ ജോലിത്തിരക്കുണ്ട്’’(73:6,7).

അലസതയും നൈരാശ്യവും ഒഴിവാക്കുക; പ്രവാചകൻﷺ ഇപ്രകാരം ഉപദേശിക്കാറുണ്ടായിരുന്നു: “ഉപകാരപ്രദമായ കാര്യങ്ങളിൽ ഔൽത്സുക്യം കാണിക്കുക. അല്ലാഹുവിനോട് സഹായം ചോദിക്കുക. അശക്തനാവാതിരിക്കുക. വല്ല വിപത്തും വന്നുഭവിച്ചാൽ ‘ഞാൻ അങ്ങനെ ചെയ്തിരിന്നെങ്കിൽ’ എന്ന് ഖേദിക്കുന്നതിനു പകരം അല്ലാഹുവിന്റെ വിധിപ്രകാരം അവനുദ്ദേശിച്ചത് നടന്നു എന്ന് പറയുക. തീർച്ചയായും ‘അങ്ങനെയായിരുന്നെങ്കിൽ’ എന്നത് പിശാചിന് കവാടങ്ങൾ തുറന്ന് കൊടുക്കും.’’

പ്രത്യാശയായിരിക്കണം നമ്മെ നയിക്കേണ്ടത്; നിരാശ പാടില്ല. സൽകർമങ്ങളോടൊപ്പം റബ്ബിലേക്ക് ഉയരുന്ന ആത്മാർഥമായ പ്രാർഥനകൾ കൂടിയുണ്ടാകുമ്പോൾ അവനിൽനിന്നുളള സഹായവും നന്മകളിലേക്കുളള തുറവിയും നേടാനാകുമെന്നതിൽ സംശയമില്ല.