സ്വലാഹുദ്ദീൻ അയ്യൂബിയും യഹൂദരും

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

( യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും 10 )

യഹൂദികളുമായി ചരിത്രത്തിൽ ഏറ്റവും രൂക്ഷമായ പോരാട്ടം നടത്തി വിജയം കൈവരിച്ചത് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി(റഹ്) ആയിരുന്നു. യുദ്ധത്തിൽ യഹൂദർ സമാനതകളില്ലാത്ത പരാജയം ഏറ്റുവാങ്ങി. ഫലസ്തീനിൽനിന്നും അവർക്ക് ഇതരപ്രദേശങ്ങളിലേക്ക് ആത്മരക്ഷാർഥം പലായനം ചെയ്യേണ്ടിവന്നു. യുദ്ധത്തിനുശേഷം സമാധാനാവസ്ഥ കൈവന്ന സമയത്ത് സുൽത്വാൻ സ്വലാഹുദ്ദീന്റെ സ്വകാര്യ വൈദ്യനായിരുന്ന മൂസബിൻ മൈമൂൻ, സുൽത്വാനുമായി ഒരു മധ്യസ്ഥ ചർച്ചനടത്തി. വൈദ്യന്റെ വാക്കുകൾ വിശ്വസിച്ച സ്വലാഹുദ്ദീൻ യഹൂദർക്ക് ഫലസ്തീനിലേക്ക് മടങ്ങിവരാനുള്ള അനുമതിനൽകി.

ഇതോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഛിന്നഭിന്നമായി കഴിഞ്ഞിരുന്ന യഹൂദർ കൂട്ടത്തോടെ ഫലസ്തീനിലേക്ക് മടക്കയാത്രയാരംഭിച്ചു. സ്വലാഹുദ്ദീനുമായുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ട് വിവിധ നാടുകളിലേക്ക് അഭയാർഥികളായി കുടിയേറിയ യഹൂദർക്ക് ആ നാടുകളിൽ ഏറെ മർ ദനങ്ങളും പീഡനങ്ങളും അനുഭവിക്കേണ്ടിവന്നിരുന്നു. മധ്യസ്ഥ ചർച്ചയിൽ സുൽത്വാൻ അവരോട് ക്ഷമിച്ചതും വിട്ടുവീഴ്ച ചെയ്തതും യഹൂദരെ സംബന്ധിച്ചിടത്തോളം ഒരുവലിയ അനുഗ്രഹമായി ഭവിച്ചു.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ബൈതുൽ മുക്വദ്ദസ് സന്ദർശിക്കാനെത്തിയ മുന്നൂറിൽപരം യഹൂദ പണ്ഡിത-പുരോഹിതന്മാരെ സ്വലാഹുദ്ദീൻ അയ്യൂബി ഹാർദമായി സ്വാഗതം ചെയ്തു സ്വീകരിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. ‘സുൽത്വാൻ സ്വലാഹുദ്ദീൻ ബൈതുൽ മുക്വദ്ദസ് കീഴടക്കിയതിനെ തുടർന്ന് യഹൂദർ കൂട്ടത്തോടെ അങ്ങോട്ട് കുടിയേറി’യതായി ക്രി:1216ൽ ബൈതുൽ മുക്വദ്ദസ് സന്ദർശിച്ച സ്പാനിഷ് വംശജനായ യഹൂദകവി ‘യഹൂദ് അൽഖർസി’ രേഖപ്പെടുത്തുന്നു. ഫസ്തീനിൽ യഹൂദർ താമസിക്കുന്നതിനെ സുൽത്വാൻ സ്വലാഹുദ്ദീൻപോലും എതിർത്തിട്ടില്ലെന്നാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. ഇതരമതസ്ഥരോട് കാരുണ്യപൂർവം പെരുമാറാനുള്ള ഇസ്‌ലാമിന്റെ നിർദേശത്തെ ഭരണാധികാരി സവിനയം സ്വീകരിച്ചതിന്റെ അടയാളമായിട്ട് ഈ നടപടിക്രമങ്ങളെ മുസ്‌ലിം സമൂഹം വിലയിരുത്തുന്നു.

എ.ഡി.1137(ഹി.532)ൽ ഇറാക്കിലെ തിക്രീത്തിലായിരുന്നു സ്വലാഹുദ്ദീന്റെ ജനനം. ഇസ്‌ലാമിക വിശ്വാസാചാരങ്ങളിൽ കൃത്യനിഷ്ഠ പുലർത്തിയിരുന്ന അദ്ദേഹം ജമാഅത്തായി നമസ്‌കരിക്കുകയും സ്ഥിരമായി ക്വുർആൻ പാരായണം ശ്രവിക്കുകയും ചെയ്യുന്ന വിഷയത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുന്ദരമായ സ്വഭാവത്തിന്റെയും സുഗന്ധിയായ സംസാരത്തിന്റെയും ഉടമയെന്നാണ് ഫലസ്തീനിന്റെ ചരിത്രം രേഖപ്പെടുത്തിയ ഡോ.ത്വാരിഖ് സുവൈദാൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

എർസ്‌കെൻ ചിൽഡേഴ്‌സ് ഹാമിൽട്ടൺ

യൂറോപ്യൻ സമൂഹം ഏറെ ക്രൂരമായും അതേസമയം അറബ് മുസ്‌ലിം സമൂഹങ്ങൾ വളരെ താത്പര്യത്തിലും കാരുണ്യത്തിലും യഹൂദസമൂഹങ്ങളോട് അനുവർത്തിച്ചതിനെ താരത്മ്യം ചെയ്തുകൊണ്ട് എർസ്‌കെൻ ചിൽഡേഴ്‌സ് ഹാമിൽട്ടൺ (Erskine Hamilton Childers,1905-1974) എന്ന അയർലണ്ടുകാരനായ രാഷ്ട്രീയ ചിന്തകൻ രചിച്ച താരത്യപഠനം ഈ വിഷയത്തിൽ ഒട്ടനവധി ചരിത്രസത്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. സ്‌പെയിൽനിന്നും യഹൂദരുടെ സംഘം മൊറോക്കോയിലെത്തി അവിടുത്തെ അറബ്മുസ്‌ലിം സമൂഹത്തോട് തങ്ങളുടെ ദുരന്തപൂർണമായ അവസ്ഥയെപ്പറ്റി വിശദീകരിക്കുകയും സ്‌പെയിനിൽ തങ്ങൾ അനുഭവിച്ചുവരുന്ന മർദന-പീഡനങ്ങളിൽനിന്നും രക്ഷനേടാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തതായി ഈ രേഖകൾ സംസാരിക്കുന്നു. സ്‌പെയിനിലെ അവസാനത്തെ ഇസ്‌ലാമിക ഭരണകൂടമായിരുന്ന ‘ബനിൽഅഹ്‌മറി’ന്റെ ഭരണകാലത്ത് എല്ലാവിധത്തിലുള്ള സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ട് പരമസന്തോഷത്തിലും സുഖത്തിലുമായി യഹൂദസമൂഹം കഴിഞ്ഞുവന്നതായും ചരിത്രം രേഖപ്പെടുത്തുന്നു.

സ്പാനിഷ് വംശജരായ ഖഷ്താലീൻ

ക്രി:1367ൽ സ്പാനിഷ് വംശജരായ ഖഷ്താലീൻ (Castilians) ഭരണകൂടം യഹൂദരെ ക്രൂരമായി വേട്ടയാടി. ആത്മരക്ഷാർഥം യഹൂദർ മുസ്‌ലിം ഭൂരിപക്ഷമായ ഗ്രാനഡയിലേക്ക് പലായനം ചെയ്തു. ബനിൽ അഹ്‌മർ വംശജനായ മുഹമ്മദ് അഞ്ചാമന്റെ കോട്ടത്തളത്തിലാണ് മുന്നൂറിൽപരം യഹൂദ കുടുംബങ്ങൾക്ക് അന്ന് അഭയം ലഭിച്ചത്. ഇബ്‌റാഹീം ബിൻ സർസാർ എന്ന യഹൂദൻ ബനിൽഅഹ്‌മറിന്റെ രാജസദസ്സിലും സാമുവൽ തഗ്‌റാല ബനീസീരിയുടെ രാജസദസ്സിലും ഭിഷഗ്വരനായി നിയോഗിക്കപ്പെട്ടു. ഖഷ്ത്താലിയൻ ഭാഷയിലും അറബിയിലും ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്ന യഹൂദരിലെ പ്രമുഖപണ്ഡിതന്മാരായ ഉസൈർ റുന്ദി, ഇസ്ഹാഖ് ബർഡോണിയൽ, അദ്ദേഹത്തിന്റെ മരുമകൻ ബുദാ എന്നിവരെ, ബനിൽ അഹ്‌മർ ഭരണകൂടത്തിലെ അവസാനത്തെ അധിപനായ അബ്ദുല്ലയുടെ നിർദേശമനുസരിച്ച് പരിഭാഷകന്മാരായി നിയോഗിക്കപ്പെട്ടു. ഇസ്‌ലാം പ്രഖ്യാപിച്ച ജീവകാരുണ്യം, ദയ, സ്‌നേഹപുരസ്സരമായ പെരുമാറ്റം തുടങ്ങിയ ആനുകൂല്യങ്ങളുടെ എറ്റവും മുഖ്യ ഉപഭോക്താക്കൾ മുസ്‌ലിം സമൂഹത്തിൽ അഭയാർഥികളായി എത്തപ്പെട്ട യഹൂദരായിരുന്നുവെന്ന് ഈ ചരിത്ര വസ്തുതകൾ വ്യക്തമാക്കുന്നു.

ഉസ്മാനി ഖിലാഫത്തിലെ യഹൂദർ

തുടർന്നുവന്ന ഉസ്മാനി ഖിലാഫത്തിലും യഹൂദർക്ക് അർഹമായ പരിഗണനയും പ്രാതിനിധ്യവും ലഭിച്ചു. ഖലീഫമാരായിരുന്ന ബായസീദ് രണ്ടാമനും സലിം ഒന്നാമനും ആവശ്യമായ ചികിത്സാവിധികൾ നിർണയിച്ചിരുന്നത് യൂസുഫ് ഹാമൂൻ എന്ന യഹൂദ ഭിഷഗ്വരനായിരുന്നു. തുടർന്ന് ഖലീഫയായി സ്ഥാനമേറ്റ സലിം രണ്ടാമന് വൈദ്യശാസ്ത്രവിധികൾ നിർണയിച്ചത് നേരത്തെ കൊട്ടാരം വൈദ്യനായിരുന്ന യൂസുഫ് ഹാമൂനിന്റെ മകൻ മൂസ ഹാമൂൻ എന്ന യഹൂദനായിരുന്നു. പരമ്പരാഗതമായി രാജകൊട്ടാരങ്ങളിൽ വൈദ്യശാസ്ത്ര വിദഗ്ധന്മാരായും രാജസദസ്സിലെ മുഖ്യഉപദേശികളായും മറ്റും ഉന്നതമായ സ്ഥാനങ്ങളിൽ യഹൂദർ അവരോധിക്കപ്പെട്ടിരുന്നതായും ഇസ്‌ലാമിക ഭരണകാലം അവരെ സംബന്ധിച്ചിടത്തോളം സുവർണകാലമായിരുന്നുവെന്നും ഈ സംഭവങ്ങൾ തെളിയിക്കുന്നു.

യഹൂദർ സ്‌പെയിനിൽ

മുസ്‌ലിം സൈന്യം സ്‌പെയിനിൽ അധിനിവേശം നടത്തിയപ്പോഴും എറ്റവുമധികം നേട്ടം ലഭിച്ചത് വേദഗ്രന്ഥത്തിന്റെ അനുയായികളായ യഹൂദർക്കായിരുന്നു. നേരത്തെ അവിടെ ഭരണം നിയന്ത്രിച്ചിരുന്നവർ യഹൂദരുടെ സമ്പത്തുകൾ കൊള്ളയടിക്കുകയും അവരുടെ ഭൂമിയും മറ്റും പിടിച്ചെടുത്ത് അവരെ ആട്ടിയോടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇസ്‌ലാമിക സമൂഹത്തിന്റെ കടന്നുവരവോടെ ഇതിനെല്ലാം പരിഹാരമുണ്ടായി. യഹൂദർക്ക് നഷ്ടപ്പെട്ട എല്ലാ സമ്പത്തുകളും ഇസ്‌ലാമിക ഭരണാധികാരികൾ അവർക്ക് തിരികെ നൽകി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ആരാധനാലയങ്ങൾ നിർമിക്കാനും സ്വതന്ത്രമായി ആരാധനാനുഷ്ഠാനങ്ങൾ നിർവഹിക്കാനും മതവിധികളിൽ അധിഷ്ഠിതമായി വ്യക്തിഗത പ്രശ്‌നങ്ങളിൽ വിധിനേടാനും യഹൂദർക്ക് മുസ്‌ലിം ഭരണാധികാരികൾ സ്വാതന്ത്ര്യം നൽകി.

ഇഗ്‌നസ് ഗോൾഡ് സിഹർ

മുസ്‌ലിം-ക്രൈസ്തവ-യഹൂദ സമൂഹങ്ങൾ തോളോടു തോൾ ചേർന്ന് ഐക്യത്തിലും സാഹോദര്യത്തിലും ജീവിച്ച ഒരു കാലത്തെപ്പറ്റി നന്ദിപൂർവം സ്മരിക്കുകയും ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തുകയും ചെയ്ത നിരവധി ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരെ നമുക്ക് വായിക്കാനാകും. ഈ പരമ്പരയിൽ പ്രത്യേകം എടുത്തുപറയേണ്ടുന്ന ഹംഗേറിയൻ ചരിത്രപണ്ഡിതനാണ് ഇഗ്‌നസ് ഗോൾഡ് സിഹർ എന്ന ഇസ്ഹാഖ് യഹൂദ (Ignac Gold Ziher, 1850-1921). അദ്ദേഹത്തിന്റെ വാക്കുകൾ കാണുക: “ഏഴാം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതൽതന്നെ മതസ്വാതന്ത്ര്യത്തിന്റെ തത്ത്വങ്ങൾ പ്രകടമാക്കുന്ന ഇസ്‌ലാമിക ഭരണകൂടങ്ങളുടെ സഹിഷ്ണുതാപരമായ മനോഭാവങ്ങൾ ഏറെ പ്രകടമാണ്. വേദഗ്രന്ഥത്തിന്റെ അനുയായികൾക്ക് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശം അവർക്ക് ലഭിച്ചുവന്നു. സഹിഷ്ണുതയുടെ ഇസ്‌ലാമിക മനോഭാവത്തിന് ഏറെ പഴക്കമുണ്ട്. സമകാലീനരായ അമുസ്‌ലിംകൾപോലും ഈ ആന്തരാത്മാവിനെ അംഗീകരിച്ചുപോന്നിട്ടുണ്ട്. മതത്തിൽ ബലപ്രയോഗമില്ലെന്ന അടിസ്ഥാന തത്ത്വത്തിൽനിന്നാണ് ഇതിന്റെ ഉത്ഭവം...’’

‘മുഹമ്മദ് നബിയും അനുയായികളും നിലകൊണ്ട ഇസ്‌ലാമിന്റെ യഥാർഥ സഹായികളാണ് വഹാബികൾ’ എന്ന് ഗോൾഡ് സീഹർ തന്റെ രചനയിൽ അവിതർക്കിതമായ നിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിനെ അതിന്റെ തനതായ ശൈലിലേക്ക് മടക്കികൊണ്ടുവരലാണ് വഹാബികളുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം ഇസ്‌ലാമിക വിശ്വാസത്തെയും ആചാരങ്ങളെയും ഏറെ തെറ്റുധരിപ്പിക്കാൻ പര്യാപ്തമായനിലയിലും ഇഗ്‌നസ് സിഹർ ഗ്രന്ഥരചന നടത്തിയത് വിസ്മരിക്കാനാവില്ല. ഇയാളുടെ നിരവധി ആരോപണങ്ങൾക്ക് വൈജ്ഞാനികമായി തടയിടാൻ മുസ്‌ലിം തത്ത്വചിന്തകന്മാർ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഒട്ടുമിക്ക കലാലയങ്ങളിലും ഇസ്‌ലാമിക സംസ്‌കാരം- നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ അക്കാദമിക സമൂഹത്തിന് പരിചയപ്പെടുത്തപ്പെടുന്നത് ഇത്തരം ഓറിയന്റലിസ്റ്റുകളുടെ രചനകളിലൂടെയാണ്. ഇന്ത്യയിൽ അലിഗർ മുസ്‌ലിം സർവകലാശാലയിലെ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിലെ ചുവരിൽ ഗോൾഡ് സീഹറിന്റെ ചിത്രം നേരത്തെതന്നെ സ്ഥാനംപിടിച്ചിട്ടുണ്ടായിരുന്നു.

അർനോൾഡ് ടോയ്ൻബി

മുസ്‌ലിം സമൂഹത്തിൽ കഴിഞ്ഞുവന്ന യഹൂദ-ക്രൈസ്തവ സമൂഹത്തോട് ഇസ്‌ലാം പ്രകടമാക്കിയ സഹിഷ്ണുതാപരമായ മനോഭാവത്തെ പ്രമുഖ ബ്രിട്ടീഷ് ചരിത്രനിരീക്ഷകനും പണ്ഡിതനുമായ അർനോൾഡ് ടോയ്ൻബി (Arnold J. Toynbee,1889-1975)യും തന്റെ ‘ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിൽ’ (A Study of History) അംഗീകരിച്ചിട്ടുണ്ട്. ലോകചരിത്രം, സംഭവങ്ങളുടെ ഉത്ഭവം, വളർച്ച, പതനം എന്നിവയെ അടിസ്ഥാനപ്പെടുത്തി രചിച്ച പന്ത്രണ്ട് വാല്യങ്ങളുള്ള ഗ്രന്ഥത്തിൽ ‘ഇസ്‌ലാം സ്വീകരിക്കാൻ അമുസ്‌ലിം സമൂഹങ്ങളെ നിർബന്ധിതരാക്കാനുള്ള ശ്രമത്തെക്കുറിച്ചോ, ഇതരമതങ്ങളെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സംഘടിത പീഡനത്തെക്കുറിച്ചോ ഞങ്ങൾക്ക് കേൾക്കാനായിട്ടില്ല’ എന്ന് ടോയ്ൻബി തുറന്നെഴുതിയിട്ടുണ്ട്. (A Study of History is a 12-volume universal history by the British historian Arnold J. Toynbee, published from 1934-1961).

ഇമ്മാനുവേൽ ദോബഷ്

പ്രമുഖ യഹൂദ പണ്ഡിതനായ ഇമ്മാനുവേൽ ദോബഷ് മുസ്‌ലിംകളെക്കുറിച്ച് രേഖപ്പെടുത്തിയത്കാണുക: “വിജ്ഞാനത്തിന്റെ ദീപശിഖ യൂറോപ്പിലേക്ക് വഹിച്ചുകൊണ്ടുവന്നത് മുസ്‌ലിം സമൂഹമാണ്. തത്ത്വചിന്ത, വൈദ്യം, ജ്യോതിശാസ്ത്രം, കവിത തുടങ്ങിയ വൈജ്ഞാനിക ശാഖകൾ അവർ കിഴക്കിനെയും പടിഞ്ഞാറിനെയും അഭ്യസിപ്പിച്ചു. ഗ്രീസിന്റെ പൈതൃകവും ശാസ്ത്രവും പുനരുജ്ജീവിപ്പിച്ചത് അവരായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ മുങ്ങിപ്പോയ ലോകത്തിൽ അവർ അറിവിന്റെ വെളിച്ചംകൊണ്ട് എല്ലാ ഭാഗവും നിറച്ചു. വൈജ്ഞാനികതയ്ക്ക് മുഖ്യപരിഗണ നൽകിക്കൊണ്ട് അവർ ശാസ്ത്രത്തിന് അടിത്തറയിടുകയും ചെയ്തു...’’

അഹ്‌മദ് ദീദാത്തിന്റെ നിരീക്ഷണം

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മതപ്രബോധകനും മതതാരത്മ്യ രംഗത്തെ പ്രഗത്ഭനുമായിരുന്ന അഹ്‌മദ് ദീദാത്ത്(റഹ്) അദ്ദേഹത്തിന്റെ പ്രശസ്തമായ Arab’s and Israel എന്ന രചനയിൽ അറബ് മുസ്‌ലിം സമൂഹവും ഇസ്രയേലിലെ നിലവിലെ യഹൂദരും തമ്മിലുള്ള പോരാട്ടത്തെ താരത്മ്യം ചെയ്യുന്നത് ഇങ്ങനെ വായിക്കാം: “1930 കാലത്ത് ജർമൻ നാസികൾ യഹൂദരോട് വർത്തിച്ച അതേ നയങ്ങളും പെരുമാറ്റരീതികളുമാണ് നിലവിലെ യഹൂദസമൂഹം ഫലസ്തീനിലെ അറബികളോട് അനുവർത്തിക്കുന്നത്.’’

നിസ്സാരരിൽ നിസ്സാരരായിട്ടായിരുന്നു യഹൂദരെ ജർമനിയിൽ അക്കാലത്ത് കണ്ടുവന്നിരുന്നത്. കേവലം മാനുഷികമായ പരിഗണനപോലും അർഹിക്കാത്ത ഏതോ ജന്തുക്കൾക്ക് സമാനരായിരുന്നു ജർമൻ നാസിയുഗത്തിലെ യഹൂദർ. ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്ന യഹൂദർക്ക് ജീവൻ നിലനിർത്തണമെങ്കിൽ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടുന്ന അവസ്ഥയായിരുന്നു. ജീവൻ വേണമെങ്കിൽ കൈയിൽ കിട്ടിയതും കെട്ടിപ്പെറുക്കി ജർമനി വിട്ടു പോകാനായിരുന്നു നാസിപ്പടയുടെ നിർദേശം. നിലവിലെ യഹൂദർ ഫലസ്തീനിലെ അറബികളോട് നിർദേശിക്കുന്നതും ഇതുതന്നെയാണ്. ‘കടക്കൂ പുറത്ത്’ എന്നത് ഇന്ന് യഹൂദർ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതിക പ്രയോഗമായി മാറിയിട്ടുണ്ട്. ഫലസ്തീനിലെ അറബികളെ ലക്ഷ്യമിട്ടുകൊണ്ട് യഹൂദർ രചിച്ച ഒട്ടവധി ഗ്രന്ഥങ്ങൾ ‘കടക്കൂ പുറത്ത്’ എന്ന ലേബലിൽ ഉള്ളതാണ്. ഈ പ്രയോഗംതന്നെ നേരത്തെ അഭയംനൽകിയ അറബ് ഫലസ്തീനികളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് വ്യക്തമാണ്. കാലങ്ങളായി നീറിപ്പുകയുന്ന അറബ്-ഇസ്രയേൽ പ്രശ്‌നത്തിനുള്ള ഏകപരിഹാരമായി യഹൂദ നേതാക്കളും അവരുടെ ആധുനിക വക്താക്കളും മുന്നോട്ടുവയ്ക്കുന്ന ഏക നിർദേശവും അറബികളുടെ കുടിയിറക്കം തന്നെയാണ്.

ടൈംസിന്റെ ലേഖകൻ ഇലിക്‌സ് ഐ.സ്മീതിന്റെ പ്രതികരണം

കേവലം കല്ലുകൾ മാത്രമുപയോഗിച്ച് തങ്ങളുടെ ശത്രുവിനെതിരിൽ പ്രതികരിക്കുന്ന നിസ്സഹായരായ ഫലസ്തീൻ പൈതങ്ങളെ മാരകമായ ആയുധങ്ങളുപയോഗിച്ച് നേരിടുന്ന ഇസ്രയേലികളുടെ ക്രൂരമായ മനസ്സിനെ ചോദ്യം ചെയ്യുന്ന, പ്രമുഖ അമേരിക്കൻ ദിനപ്പത്രമായ ‘ടൈംസ്’ന്റെ ലേഖകൻ ഇലിക്‌സ് ഐ.സ്മീതിന്റെ പ്രതികരണം 19/11/1989ൽ പുറത്തുവന്നത് യഹൂദരുടെ ക്രൂരമായ മനസ്സും പെരുമാറ്റവും ലോകസമൂഹത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു.

ബോംബും ഡൈനാമെറ്റുമുപയോഗിച്ച് ഫലസ്തീനികളുടെ കിടപ്പാടവും സാമഗ്രികളും തകർത്തെറിയാനാണോ നമ്മൾ അമേരിക്കൻ സമൂഹത്തിന്റെ നികുതിപ്പണത്തിൽനിന്നും മിച്ചംപിടിച്ച് ഇസ്രയേലികളെ സഹായിക്കുന്നതെന്ന ലേഖകന്റെ ചോദ്യം അക്ഷരാർഥത്തിൽ മാനവസമൂഹത്തിന്റെ കണ്ണുകൾ ഈ ക്രൂരതക്കെതിരിൽ തുറപ്പിക്കാൻ പര്യാപ്തമാണ്. ലോകത്തിന്റെ വിവിധകോണുകളിൽനിന്നും ഒഴുകിയെത്തുന്ന പരിധിയില്ലാത്ത ‘ജീവകാരുണ്യ’ത്തിന്റെ ഓഹരികളും സഹായങ്ങളും സ്വീകരിച്ച് തികച്ചും അന്ധതയിലും ബധിരതയിലുമാണ് ഇന്നത്തെ ഇസ്രയേൽ തലമുറ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നത്.