ദിക്ർ: പ്രാധാന്യവും മഹത്ത്വവും

ശമീർ മദീനി

2023 ജനുവരി 28, 1444 റജബ് 5

നാം നമ്മുടെ നിത്യജീവിതത്തിൽ പലരെക്കുറിച്ചും പലതിനെക്കുറിച്ചും ധാരാളമായി ഓർക്കാറുണ്ട്. ചിലർ മക്കളെയായിരിക്കും ഓർക്കുക. മറ്റു ചിലർ മാതാപിതാക്കളെ അല്ലെങ്കിൽ ഭാര്യയെ അഥവാ ഭർത്താവിനെ; അതുമല്ലെങ്കിൽ കൂട്ടുകാരെ... ഇങ്ങനെ പലരെയും ഓർക്കുകയും അവരെക്കുറിച്ചു വാചാലമായി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.

ചിലപ്പോൾ വീട്, വാഹനം, വസ്ത്രം, പ്രിയപ്പെട്ട മറ്റു വല്ല വസ്തുക്കൾ, അതല്ലെങ്കിൽ തന്റെ ജോലി അഥവാ ബിസിനസ് തുടങ്ങിയ പലതിനെയുമായിരിക്കും സദാ സ്മരിച്ചുകൊണ്ടിരിക്കുക

ചിലപ്പോൾ ശത്രുവിനെയോ തന്റെ രോഗത്തെയോ ബാധ്യതകളെയോ കടത്തെയോ കുറിച്ചായിരിക്കും ഏതു സമയവും ഓർത്തുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇവയെക്കുറിച്ചെല്ലാം ധാരാളമായി ഓർത്തുകൊണ്ടിരിക്കുന്നത്? ഒന്നുകിൽ കൂടുതൽ സ്‌നേഹിക്കുന്നതുകൊണ്ട്, അല്ലെങ്കിൽ കൂടുതൽ ആവശ്യമുള്ളതുകൊണ്ട്, അതുമല്ലെങ്കിൽ കൂടുതൽ ഭയക്കുന്നതുകൊണ്ട്!

എന്നാൽ ഏതു നിലയ്ക്ക് നോക്കിയാലും ഒരു സത്യവശ്വാസി ഏറ്റവുമധികം ഓർക്കേണ്ടതും സദാ സ്മരിക്കേണ്ടതും തന്റെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെയാണ്. ഏതു കാര്യത്തിനും ഏതു സമയത്തും നമുക്കവനെ ആവശ്യമാണ്. അല്ലാഹു പറയുന്നു:

“മനുഷ്യരേ, നിങ്ങൾ അല്ലാഹുവിന്റെ ആശ്രിതൻമാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു’’ (ക്വുർആൻ 35:15).

ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും തുടങ്ങി, സർവ കാര്യങ്ങൾക്കും പടച്ചവന്റെ കരുണയും സഹായവും സദാസമയവും നമുക്ക് വേണം. അന്നപാനീയങ്ങൾ തടസ്സമില്ലാതെ സ്വച്ഛമായി ഇറങ്ങിപ്പോകുവാനും പ്രയാസമില്ലാതെ വിസർജ്യങ്ങൾ പുറന്തള്ളുവാനും അവന്റെ കനിവില്ലെങ്കിൽ എങ്ങനെയാണ് സാധിക്കുക? ഈ സന്ദർഭങ്ങളിൽ പ്രാവർത്തികമാക്കുവാനായി നബി ﷺ പഠിപ്പിച്ച ഒരു പ്രാർഥന ഏറെ പ്രസക്തമാണ്. നബി ﷺ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്താൽ ഇപ്രകാരം പറയുമായിരുന്നു: “തീറ്റുകയും കുടിപ്പിക്കുകയും അവ സ്വച്ഛമായി ഇറങ്ങിപ്പോകുവാനും സുഗമമായി പുറന്തള്ളുവാനും സംവിധാനമൊരുക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവസ്തുതിയും’’ (അബൂദാവൂദ്, നസാഈ, ഇബ്‌നുഹിബ്ബാൻ).

ശ്വാസം നേരാംവണ്ണം എടുക്കാനും പുറന്തള്ളാനും പോലും പടച്ച റബ്ബിന്റെ കാരുണ്യമില്ലെങ്കിൽ നമുക്ക് സാധ്യമല്ല. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രഭാതത്തിലും പ്രദോഷത്തിലും നബി ﷺ ഇപ്രകാരം പ്രാർഥിക്കുകയും നമ്മോട് അതിന് നിർദേശിക്കുകയും ചെയ്തത്:

“അല്ലാഹുവേ, കണ്ണ് ഇമവെട്ടുന്ന നേരത്തേക്ക് പോലും നീ എന്റെ കാര്യങ്ങൾ എന്നിലേക്ക് തന്നെ എൽപിച്ചേക്കരുതേ’’ (നസാഈ, സിൽസിലതുസ്സ്വഹീഹ).

സത്യവിശ്വാസികൾ ഏറ്റവും കൂടുതൽ സ്‌നേഹിക്കേണ്ടത് അല്ലാഹുവിനെയാണ്. കാരണം ഭൗതികവും ആത്മീയവുമായ എല്ലാ അനുഗ്രഹങ്ങളും നൽകിയ അളവറ്റ ദയാപരനും കാരുണ്യവാനുമാണ് അവൻ. അല്ലാഹു പറയുന്നു:

“നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽനിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങൾക്കൊരു കഷ്ടത ബാധിച്ചാൽ അവങ്കലേക്ക് തന്നെയാണ് നിങ്ങൾ മുറവിളികൂട്ടിച്ചെല്ലുന്നത്’’ (16:53).

അവനെയും അവന്റെ ദൂതനെയും കഴിഞ്ഞിട്ടേ മറ്റാരോടും സത്യവിശ്വാസിക്ക് സ്‌നേഹമുണ്ടാകാൻ പാടുള്ളൂ. അല്ലാഹു പറയുന്നു: “അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമൻമാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകൾ അവരെയും സ്‌നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ...’’ (2:165).

അപ്രകാരം തന്നെ യഥാർഥ വിശ്വാസികളും ഭക്തന്മാരും ഏറ്റവും കൂടുതൽ ഭയപ്പെടുന്നതും അല്ലാഹുവിനെയായിരിക്കും. അല്ലാഹു പറയുന്നു:

“അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും, അദ്ദേഹത്തിന് (മകൻ) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗർഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. തീർച്ചയായും അവർ (പ്രവാചകൻമാർ) ഉത്തമകാര്യങ്ങൾക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാർഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോട് താഴ്‌മ കാണിക്കുന്നവരുമായിരുന്നു’’ (21:90).

തങ്ങളുടെ രക്ഷിതാവിനെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ അവരുടെ അറിവുകൊണ്ടാണവർക്ക് അതിന് സാധിക്കുന്നത്. നമുക്കതിന് പറ്റുന്നുണ്ടോ എന്ന് നാം ആലോചിക്കുക. നബി ﷺ പറയുന്നു:

“തന്റെ രക്ഷിതാവിനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉപമ ജീവനുള്ളവനും ജീവനില്ലാത്തവനും പോലെയാണ്’’ (ബുഖാരി).

ധാരാളമായി, നിരന്തരമായി രക്ഷിതാവിനെ ഓർക്കുവാനും വാഴ്ത്തുവാനും പ്രകീർത്തിക്കുവാനും നമുക്കാവണം.

“നിങ്ങൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുക’’ (33:41). “അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയാണ് ഏറ്റവും വലുത്’’(29:45). “നിങ്ങൾ അല്ലാഹുവിനെ കൂടുതലായി ഓർക്കുക, നിങ്ങൾ വിജയിച്ചേക്കും’’ (62:10).

ജീവിതവിജയത്തിനും റബ്ബിന്റെ സഹായത്തിനും സ്വർഗപ്രവേശനത്തിനും ശത്രുവിനെതിരിൽ നിർഭയത്വത്തോടെ മുന്നേറുവാനും സ്ഥൈര്യത്തിനും സമാധാനത്തിനുമൊക്കെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും കീർത്തനങ്ങളും അനിവാര്യമാണ്. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാൽ ഉറച്ചുനിൽക്കുകയും അല്ലാഹുവെ അധികമായി ഓർമിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (8:45).

സ്വർഗാവകാശികളെക്കുറിച്ച് പറഞ്ഞപ്പോൾ ഇക്കാര്യം പ്രത്യേകം പരാമർശിച്ചത് ശ്രദ്ധേയമാണ്: “( അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷൻമാർ, സ്ത്രീകൾ; വിശ്വാസികളായ പുരുഷൻമാർ, സ്ത്രീകൾ; ഭക്തിയുള്ളവരായ പുരുഷൻമാർ, സ്ത്രീകൾ; സത്യസന്ധരായ പുരുഷൻമാർ, സ്ത്രീകൾ; ക്ഷമാശീലരായ പുരുഷൻമാർ, സ്ത്രീകൾ; വിനീതരായ പുരുഷൻമാർ, സ്ത്രീകൾ; ദാനം ചെയ്യുന്നവരായ പുരുഷൻമാർ, സ്ത്രീകൾ; വ്രതമനുഷ്ഠിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ; തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ; ധാരാളമായി അല്ലാഹുവെ ഓർമിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ-ഇവർക്ക് തീർച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു’’ (33:35).

അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ ദിക്‌റുകൾ ശീലമാക്കിയവർക്ക് കണക്കുകൂട്ടലുകൾക്കതീതമായ നന്മകളും നേട്ടങ്ങളും പ്രത്യേക അനുഗ്രഹങ്ങളും അവൻ നൽകുന്നതാണ്.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ (റഹി)യെക്കുറിച്ച് ശിഷ്യൻ ഇബ്‌നുൽ ക്വയ്യിം(റഹി) പറയുന്നത് കാണുക: “മഹാനവർകൾ ഒരുദിവസംകൊണ്ട് എഴുതിത്തീർക്കുന്നത് പകർത്തിയെഴുതുന്നവർക്ക് ഒരാഴ്ചകൊണ്ടും പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നില്ല’’ (അൽവാബിലുസ്സ്വയ്യിബ്).

റബ്ബിനെ സ്മരിക്കുകയും അവന് സ്‌തോത്ര കീർത്തനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രത്യേകമായ ആസ്വാദനവും അനുഭൂതിയും ലഭിക്കുകയെന്നത് വലിയ കാര്യമാണ്. ഹസനുൽ ബസ്വ‌്രി (റഹി) പറയുന്നു:

“നിങ്ങൾ മൂന്ന് കാര്യങ്ങളിൽ ഈമാനിന്റെ മാധുര്യ ആസ്വാദനം കണ്ടെത്തുക: ‘നമസ്‌കാരത്തിലും ദി‌ക്‌റിലും ക്വുർആൻ പാരായണത്തിലും. നിങ്ങൾക്കത് കണ്ടെത്താനായാൽ വലിയ കാര്യമാണ്. ഇല്ലെങ്കിലോ (റബ്ബുമായുള്ള ബന്ധത്തിന്റെ) വാതിൽ അടഞ്ഞുകിടക്കുകയാണെന്ന് തിരിച്ചറിയുക! (അബൂനുഐം,’ഹിൽയ’യിൽ ഉദ്ധരിച്ചത്. ഇബ്‌നുൽ ക്വയ്യിമിന്റെ മദാരിജുസ്സാലികീനിലും ഇബ്‌നു റജബിന്റെ നുസ്ഹ ത്തുൽ അസ്മാഇലും കാണാം).

പിശാചിനെ പരാജയപ്പെടുത്താനും ആട്ടിയകറ്റാനും റബ്ബിനെ പ്രീതിപ്പെടുത്താനും സങ്കടങ്ങളും പ്രയാസങ്ങളും നീങ്ങാനും സന്തോഷവും സമാധാനവും കൈവരിക്കാനും മനസ്സിനും ശരീരത്തിനും പ്രത്യേകമായ ഉന്മേഷവും ഉർജസ്വലതയും സ്ഥൈര്യവും സ്വായത്തമാക്കാനുമൊക്കെ ദിക്ർ പതിവാക്കുന്നതിലൂടെ സാധിക്കുന്നതാണ്. ഇബ്‌നുൽ ക്വയ്യിം(റഹി) തന്റെ ‘അൽവാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ ദിക്‌റിലൂടെ കിട്ടുന്ന എഴുപതിലധികം നേട്ടങ്ങൾ എണ്ണിപ്പറയുന്നുണ്ട്.

സദാസമയത്തും സത്യവിശ്വാസികൾ അല്ലാഹുവിനെ ഓർക്കുന്നവരായിരിക്കും. അതിന് വിവിധ രൂപങ്ങളും തലങ്ങളുമുണ്ട്.

അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും ഗ്രഹിക്കലും അവനെ സ്തുതിക്കലും വാഴ്ത്തലും ജീവിതത്തിൽ നാം ഇടപെടുന്ന ഓരോ രംഗത്തുമുള്ള അവന്റെ വിധിവിലക്കുകൾ ഇന്നതൊക്കെയാണെന്ന് അറിയലും അവിടങ്ങളിലെല്ലാം അവ കർശനമായി പാലിക്കലും അല്ലാഹുവിനെ നാം കൃത്യമായി അറിയലും മറ്റുള്ളവർക്ക് ശരിയായ വിധത്തിൽ അവനെ പരിചയപ്പെടുത്തിക്കൊടുക്കലും നമുക്ക് ചെയ്തു തന്നിട്ടുള്ള അവന്റെ എണ്ണമറ്റ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓർമയും ശ്രദ്ധയുമെല്ലാം ദിക്‌റിന്റെ വിശാലമായ മേഖലയിൽ വരുന്നതാണ്. അല്ലാഹുവിന്റെ സൃഷ്ടികളെക്കുറിച്ചും ദൃഷ്ടാന്തങ്ങളെക്കുറിച്ചുമുള്ള ചിന്തയും അതിലൂടെ റബ്ബിനെ വാഴ്ത്തലും ദിക്‌റിന്റെ പ്രധാന തലങ്ങളാണ്.

അല്ലാഹു പറയുന്നു: “നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ’’ (3:191).

(അവസാനിച്ചില്ല)