വാഗ്ദാനപ്പെരുമഴ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര-29)

വെട്ടും തടയും

1903 നവംബർ 23: ‘റമദാൻ 2ന് സുൽത്താൻ അഹ്‌മദിന്റെ ഉമ്മ ഹുർമത് ബീബി സിക്കുകാരുടെ ധർമശാലപോലെ തോന്നിച്ച ഒരു കെട്ടിടത്തിൽവച്ച് എന്റെ അടുത്തേക്ക് വന്നു. ഒരു യുദ്ധത്തിനുള്ള ഒരുക്കമാണ്. വലിയ കറുത്ത ഒരു ബാറ്റ് എന്റെ നേരെ എറിഞ്ഞു. ഞാൻ ഒരു വെളുത്ത ബാറ്റ് കൊണ്ട് അതിനെ തടഞ്ഞുകൊണ്ട് പറഞ്ഞു: ‘ഞാൻ ഒരു സാധാരണ മനുഷ്യനായിരുന്നെങ്കിൽ നിനക്ക് എന്നെ നശിപ്പിക്കാമായിരുന്നു. അല്ലാത്തപക്ഷം നിനക്കതിനു സാധിക്കുകയില്ല’’ (പേജ് 414).

ഇത് സ്വപ്‌നമോ ജാഗ്രദ് ദർശനമോ എന്ന് രേഖപ്പെടുത്തിയിട്ടില്ല. യഥാർഥ സംഭവമാകാൻ വഴിയില്ല. മിർസയുടെ മാനസികാവസ്ഥയിൽ ആ സ്ത്രീയുമായി ഏറ്റുമുട്ടലിന് പ്രസക്തിയുണ്ടെങ്കിലും, ആ സാധു സ്ത്രീ മിർസയുമായി ഒരു ഏറ്റുമുട്ടലിന് വരാൻ സാധ്യതയില്ല.

കല്യാണാലോചനയും ഇസ്തിഖാറയും

“1886ൽ യാദൃച്ഛികമായി പുതിയ രണ്ട് വിവാഹാന്വേഷണങ്ങൾ വന്നു. ഞാനപ്പോൾ അല്ലാഹുവിനോട് ‘ഇസ്തിഖാറ’ നടത്തി. അപ്പോൾ ലഭിച്ച മറുപടി, ‘അവരിലൊരാളുടെ വിഹിതത്തിൽ കാണുന്നത്, നിന്ദ്യതയും ദാരിദ്ര്യവും അമാന്യതയുമാണ്, അവൾ നിന്റെ ഭാര്യയാകാൻ യോഗ്യയല്ല’ എന്നായിരുന്നു. മറ്റേയാളെക്കുറിച്ചാകട്ടെ, ‘അവൾ വിരൂപയാണ്. നല്ല ആകാരവും സ്വഭാവസവിശേഷതകളുമുള്ള ഒരു ആൺകുട്ടിയുടെ ജനനത്തെപ്പറ്റി സുവാർത്ത ലഭിച്ച സ്ഥിതിക്ക് അവളിൽനിന്ന് അത് പ്രതീക്ഷിച്ചുകൂടാ’ എന്നുമായിരുന്നു. കൂടുതലായി അല്ലാഹുവിനറിയാം’’(പേജ് 113).

50 വയസ്സ് പിന്നിട്ട, രണ്ട് ഭാര്യമാരുള്ള സമയത്താണ് മൂന്നാം കെട്ടിനായുള്ള ഈ വെളിപാടുകൾ. രണ്ടുവർഷം മുമ്പ് മാത്രമാണ് ഡൽഹിയിൽനിന്ന് വിവാഹം ചെയ്തത്. പുത്രൻ അതിൽ ജനിച്ചാൽ മതി. പക്ഷേ, ഇവിടെ പുതിയൊരു വിവാഹത്തെക്കുറിച്ചാണ് പടച്ചവനോട് ആലോചന!

(രണ്ടു കാര്യങ്ങളിൽ ഏതു തിരഞ്ഞെടുത്താലാണ് തനിക്ക് ഗുണമെന്ന് അറിയാനായി നടത്തുന്ന പ്രാർഥന).

വിവാഹാലോചന വീണ്ടും

രണ്ട് വർഷങ്ങൾ കഴിഞ്ഞു. 1888ൽ പ്രവാചകന് വീണ്ടും വിവാഹം സംബന്ധിച്ച വഹ്‌യുകൾ അവതരിച്ചു: ‘മിർസാ അഹ്‌മദ് ബേഗിന്റെ മകൾ മുഹമ്മദീ ബീഗത്തെ ഞാൻ നിനക്ക് ആകാശത്തുവച്ച് വിവാഹം ചെയ്തു തന്നിരിക്കുന്നു.’

നേരത്തെ പറഞ്ഞപോലെ ‘അതിനുള്ള എല്ലാ ഏർപ്പാടുകളും ഞാൻ ചെയ്തിട്ടുണ്ടെന്നും നീ അക്കാര്യത്തിൽ ടെൻഷനടിക്കേണ്ട’ എന്നും പറഞ്ഞില്ല. അതുകൊണ്ടുതന്നെ പ്രവാചകൻ തനിക്കറിയാവുന്ന പതിനെട്ടടവും പയറ്റിയെങ്കിലും ആ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടാതെ അങ്ങേയറ്റം നിരാശയും മനഃക്ലേശവും മാത്രമല്ല നിന്ദ്യതയിലും ചേപ്രയിലും അകപ്പെടുകയും ചെയ്തു.

ഈ വിവാഹ താല്പര്യത്തെ എതിർത്തു എന്ന കാരണത്താൽ അമ്മാവന്റെ മകളായ ആദ്യഭാര്യയെ വിവാഹമോചനം ചെയ്തുകൊണ്ട് ഖാദിയാനികൾക്ക് ഒരു സുന്നത്ത് കൂടി സമ്മാനിച്ചു പ്രവാചകൻ!

ഈ വിവാഹവുമായി ബന്ധപ്പെട്ട ഇൽഹാമുകളും സ്വപ്‌നങ്ങളും പലർക്കും എഴുതിയ കത്തുകളും തദ്കിറയിൽ വിവരിക്കുന്നുണ്ട്:

“ആ പെൺകുട്ടിയുടെ പിതാവിന്റെ ഒരു സഹോദരി എന്റെ പിതൃവ്യപുത്രൻ ഗുലാം ഹുസൈന്റെ ഭാര്യയായിരുന്നു. അയാൾ ഇരുപത്തഞ്ച് വർഷം മുമ്പ് നാടുവിട്ട് പോയിരുന്നു. അയാളുടെ സ്വത്ത് കിട്ടുന്നതിനായി സഹോദരി ഗുരുദാസ്പൂർ ജില്ലാ അധികാരികൾക്ക് പെറ്റീഷൻ സമർപ്പിച്ചു. നാലയ്യായിരം രൂപ വിലവരുന്ന സ്വത്ത് സഹോദരിയുടെ സമ്മതത്തോടെ സ്വന്തം മകന്റെ പേരിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമത്തിലായിരുന്നു അഹ്‌മദ് ബേഗ്. സഹോദരി ദാനപത്രത്തിൽ ഒപ്പിട്ടുവെങ്കിലും, ഞങ്ങൾക്കുകൂടി അവകാശമുണ്ടായിരുന്നതിനാൽ ഞങ്ങളുടെ സമ്മതവും ആവശ്യമായിരുന്നു. അതിനുവേണ്ടി അദ്ദേഹം വളരെ വിനയാന്വിതനായി എന്നെ സമീപിച്ചു. ഒപ്പിടാൻ ഒരുങ്ങവെ, വലിയ വലിയ കാര്യം ചെയ്യാനൊരുങ്ങുമ്പോൾ കുറച്ചുകാലമായി ചെയ്യാറുള്ളതുപോലെ അല്ലാഹുവിനോട് അന്വേഷിച്ചിട്ടാകാമെന്ന് കരുതി. അക്കാര്യം അയാളോട് പറയുകയും ചെയ്തു.

അദ്ദേഹം പലതവണ നിർബന്ധിച്ചപ്പോൾ ഞാൻ അല്ലാഹുവിനോടന്വേഷിച്ചു. നീതിമാനും സർവശക്തനുമായ അല്ലാഹു എന്നോട് പറഞ്ഞു: ‘അയാളുടെ മൂത്ത മകളുമായി വിവാഹത്തിനുവേണ്ടി നിർബന്ധം പിടിക്കുക. ഇനിയുള്ള എല്ലാ പെരുമാറ്റവും സമീപനവും ഈ ഉപാധിയനുസരിച്ചായിരിക്കുമെന്ന് പറയുക. ഈ വിവാഹം നിങ്ങൾക്ക് അനുഗ്രഹത്തിനും കാരുണ്യത്തിനും നിമിത്തമായിത്തീരും. ഇതിന് എതിരു നിൽക്കുന്നപക്ഷം നിങ്ങളുടെ മകളുടെ പരിണതി വളരെ ചീത്തയായിരിക്കും. മറ്റാർക്കെങ്കിലും വിവാഹം ചെയ്തുകൊടുക്കുന്നപക്ഷം, അയാൾ വിവാഹദിനം മുതൽ രണ്ടരവർഷത്തിനുള്ളിലും പിതാവ് മൂന്നു വർഷത്തിനുള്ളിലും മരണപ്പെടും. കുടുംബത്തിൽ ഛിദ്രതയും ശത്രുതയും ബുദ്ധിമുട്ടും വളരും. വളരെയേറെ ദുഃഖവും വേദനയും അവളെ ബാധിക്കുകയും ചെയ്യും.’

കൂടുതൽ വിശദീകരണത്തിനും വ്യക്തതക്കും വേണ്ടി പിന്നെയും അല്ലാഹുവിന്റെയടുത്ത് ശ്രദ്ധ ചെലുത്തിയപ്പോൾ അവൻ അറിയിച്ചു: എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റിക്കൊണ്ട് ഒടുവിൽ അവൾ ഈ വിനീതന്റെ ഭാര്യയായിത്തീരും. അതോടെ മാർഗഭംശർ സന്മാർഗത്തിലേക്ക് വരും. നിർമതർ വിശ്വാസികളായിത്തീരും. അത് സംബന്ധമായി അറബിയിൽ അവതരിച്ച ഇൽഹാം ഇപ്രകാരമായിരുന്നു:

“അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കി. നേരത്തെത്തന്നെ അവർ പരിഹസിച്ചിരുന്നു. നിന്നെ തടയുന്നവർക്കെതിരിൽ അല്ലാഹു നിന്നെ സഹായിക്കും. അല്ലാഹു അവളെ നിന്നിലേക്ക് തിരിച്ചുകൊണ്ടുവരും. തനിക്കിഷ്ടമുള്ളത് ചെയ്യാൻ കഴിവുള്ളവനാണ് നിന്റെ നാഥൻ. നീ എന്റെ കൂടെയും ഞാൻ നിന്റെകൂടെയുമാകുന്നു. പ്രശംസിക്കപ്പെടുന്ന ഒരു സ്ഥാനത്ത് നിന്റെ നാഥൻ നിന്നെ പ്രതിഷ്ഠിക്കും. അതായത് ആദ്യമാദ്യം ദുഷിച്ച വിചാരത്തോടെ അസഭ്യം പുലമ്പിയിരുന്ന വിഡ്ഢികൾ അല്ലാഹുവിന്റെ സഹായം കിട്ടുന്നതുകാണുമ്പോൾ ലജ്ജകൊണ്ട് ശിരസ്സ് താഴ്ത്തിപ്പിടിക്കും. സത്യം പ്രകടമാവുമ്പോൾ നാനാഭാഗത്തുനിന്നും സ്തുതിഗീതങ്ങൾ പാടുന്നത് നീ കേൾക്കും’’ (പേജ് 124-127).

കത്തുകളും മറുപടിയും

മിർസാ ഖാദിയാനി നയത്തിലും മയത്തിലും പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചുംകൊണ്ട് ബന്ധപ്പെട്ടവർക്ക് കത്തുകളെഴുതി. പരസ്യങ്ങളുടെ ലാഹോരീ സമാഹാരമായ തബ്‌ലീഗെ രിസാലാത്തിൽ നിന്ന്:

“വന്ദ്യസഹോദരൻ മിർസാ അഹ് മദ്‌ബേഗ്, അസ്സലാമു അലൈക്കും.

ഇപ്പോൾ ഒരു മയക്കത്തിൽനിന്നുണർന്ന എന്നോട് അല്ലാഹു പറഞ്ഞു: ‘അഹമദ് ബേഗിനോട് ഈ ബന്ധത്തിന് സമ്മതം നൽ കാൻ പറയുക. അയാൾ അംഗീകരിക്കുകയാണെങ്കിൽ മഴ വർഷിക്കുംപോലെ അനുഗ്രഹങ്ങൾ ചൊരിയപ്പെടുമെന്നും നിഷേധിക്കുകയാണെങ്കിൽ ദൈവകോപത്തിൽ നിന്ന്‌രക്ഷപ്പെടാൻ പറ്റില്ലെന്നും അറിയിക്കുക. അപ്രകാരം ഞാൻ താങ്കളെ അറിയിക്കുന്നു. കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും അമൂല്യശേഖരം താങ്കളുടെ മുമ്പിൽ തുറന്നുവച്ചിരിക്കുന്നു. താങ്കളോട് ഞാനെന്നും സ്‌നേഹത്തിലും മാന്യതയിലും വർത്തിക്കും. താങ്കളെ വിശ്വാസിയും മതതൽപരനുമായി കണക്കാക്കും. താങ്കളുടെ ആജ്ഞകൾ അഭിമാനപൂർവം നിറവേറ്റും. എപ്പോൾ വേണമെങ്കിലും താങ്കളെഴുതുന്ന ദാനപത്രത്തിൽ ഒപ്പുവച്ചു തരാൻ ഞാൻ തയ്യാറാണ്. എന്റെ സ്വത്തുക്കൾ താങ്കളുടേതുകൂടിയായിരിക്കും. അസീസ് മുഹമ്മദ് ബേഗിന് പോലീസ് വകുപ്പിൽ ജോലി ലഭിക്കാൻ വേണ്ട ശിപാർശകൾ ഞാൻ ചെയ്തിട്ടുണ്ട്. ഉടനെ അത് ശരിയാകും. അവന്റെ വിവാഹം എന്റെ സ്‌നേഹിതനായ ഒരു ധനികന്റെ മകളുമായി നടത്താനും ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്തിനായി പ്രാർഥിച്ചുകൊണ്ട്,

വിനീതൻ,

ഗുലാം അഹ്‌മദ്, ലുധിയാന’’ (വാല്യം1, പേജ് 92).

വാഗ്ദാനപ്പെരുമഴ

‘ആയീനയെ കമാലാതെ ഇസ്‌ലാം’ എന്ന കൃതിയിൽ ഇങ്ങനെ വായിക്കാം: “കേൾക്കുക, അല്ലാഹു വഹ്‌യ് അവതരിച്ചിരിക്കുന്നു: ‘ആ വ്യക്തിയോട് വിവാഹാഭ്യർഥന നടത്തുക. നിന്നെ ജാമാതാവായി സ്വീകരിച്ചുകൊണ്ട് നിന്റെ പ്രകാശത്തിന്റെ അംശം സ്വീകരിക്കാൻ അവനോട് പറയുക. നീ ഇച്ഛിക്കുന്നത്ര ഭൂമി ദാനമായി നൽകാൻ അല്ലാഹു അനുവദിച്ചിരിക്കുന്നു. വേണമെങ്കിൽ അതിൽ കൂടുതലായി നൽകാനും ഞാൻ തയ്യാറാണ്. മറ്റു അനുഗ്രഹങ്ങളും വർഷിക്കപ്പെടും. ഒരു ഉപാധി മാത്രം; താങ്കളുടെ മകളെ എനിക്ക് വിവാഹം ചെയ്തുതരണം. ഇതംഗീകരിച്ചാൽ ഞാൻ കൃതാർഥനായി. അല്ലാത്തപക്ഷം മറ്റാർക്കെങ്കിലും അവളെ വിവാഹംചെയ്തുകൊടുത്താൽ താങ്കൾക്കും അവൾക്കും അത് നല്ലതിനായിരിക്കില്ല എന്ന് അല്ലാഹു അറിയിച്ചിരിക്കുന്നു. ആപത്തുകൾ ഉറങ്ങും. മൂന്നുവർഷങ്ങൾക്കകം നീ മരിക്കും, രണ്ടര വർഷത്തിനകം അവളുടെ ഭർത്താവും മരിക്കും. ഇഷ്ടമുള്ളത് ചെയ്യുക, ഞാൻ അല്ലാഹുവിന്റെ കൽപന താങ്കളെ അറിയിച്ചു എന്ന് മാത്രം.’

ഇതുകേട്ട് അഹ്‌മദ് ബേഗ് മുഖം ചുളിച്ച് ഇറങ്ങിപ്പോയി. അപ്പോൾ തന്നെ അല്ലാഹുവിന്റെ നിർദേശപ്രകാരം ഞാൻ അദ്ദേഹത്തിന് എഴുതി:

‘സഹോദരാ, താങ്കൾക്കെന്തുപറ്റി? എന്റെ വാക്കുകൾ കളവാണെന്നു കരുതിയോ? താങ്കളെ ബുദ്ധിമുട്ടിക്കണമെന്ന് എനിക്കൊട്ടും വിചാരമില്ല. ഉപകാരികളുടെ കൂട്ടത്തിൽ താങ്കൾക്കെന്നെ കാണാം. കുടുംബക്കാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് താങ്കൾ ഈ വിവാഹത്തിന് തയ്യാറായാൽ എന്റെ പറമ്പിന്റെയും തോട്ടത്തിന്റെയും വലിയൊരു ഭാഗത്തിന് താങ്കൾ അവകാശിയായിത്തീരും. നമുക്കിടയിലുള്ള അനൈക്യവും അനിഷ്ടവും അവസാനിക്കുകയും ചെയ്യും. താങ്കളുടെ അംഗീകാരം എന്നോട് ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യവും ഔദാര്യവുമായിരിക്കും. ഞാൻ മരിക്കുവോളം തമ്പുരാന്റെ മുമ്പിൽ താങ്കൾക്കായി പ്രാർഥിക്കും. എന്റെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം താങ്കളുടെ മകളുടെ പേരിൽ ഞാൻ എഴുതിവയ്ക്കാം. നിങ്ങൾക്കും ഇഷ്ടമുള്ളത് എടുക്കാവുന്നതാണ്. ഇത്രത്തോളം സ്‌നേഹവും കുടുംബബന്ധത്തിൽ താൽപര്യവുമുള്ള മറ്റൊരാളെ താങ്കൾക്ക് ലഭിക്കുമെന്ന് തോന്നുന്നുണ്ടോ? അനാവശ്യ ശങ്കകൾക്കടിപ്പെടാതെ എത്രയുംവേഗം താങ്കളുടെ സമ്മതം പ്രതീക്ഷിക്കുന്നു.

ഈ കത്ത് എന്റെ വ്യക്തിപരമായ അഭിപ്രായപ്രകാരമല്ല, രക്ഷിതാവിന്റെ കൽപനപ്രകാരം എഴുതുകയാണ്. എന്റെ വാഗ്ദാനങ്ങൾ അല്ലാഹുവിന്റെതാണ്. സത്യസന്ധനും വിശ്വസ്തനുമായ ഒരാളുടെതെന്ന നിലയ്ക്ക് ഈ കത്തുകൾ പെട്ടിയിൽ സൂക്ഷിച്ചുവയ്ക്കുക. ഇതിലുള്ളത് എന്റെ വാക്കുകളല്ല, ദിവ്യ വെളിപാടുകളും അല്ലാഹുവിന്റെ വസ്വിയ്യത്തുമാണ്. എനിക്ക് താങ്കളുടെ മകളെ കെട്ടിക്കൊള്ളണമെന്ന് നിർബന്ധമില്ല. സ്ത്രീകൾക്ക് ഇവിടെ ക്ഷാമം ഇല്ലല്ലോ.

കാലാവധി കഴിഞ്ഞ് എന്റെ പ്രവചനങ്ങൾ ഫലിക്കാതെ വന്നാൽ എന്റെ കഴുത്തിൽ കയറിട്ടു കെട്ടിത്തൂക്കുക. കാലുകൾ ചങ്ങലയിൽ ബന്ധിക്കുക. ലോകത്തിന്നേവരെ ആർക്കും നൽകിയിട്ടില്ലാത്ത ശിക്ഷ എനിക്ക് നൽകിക്കൊള്ളുക’’ (പേജ് 572-574).

(തുടരും)