ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 34)

കർണാടക സർക്കാറിന്റെ ശിരോവസ്ത്ര നിരോധന ഉത്തരവിനെതിരെയും അതിനെ ശരിവച്ച കർണാടക ഹൈക്കോടതിയുടെയുടെ വിധിക്കെതിരെയും ജസ്റ്റിസ് സുധാംശു ധൂലിയ നടത്തിയ വിധിപ്രസ്താവവും പരാമർശങ്ങളുമാണ് ഇതുവരെ ചർച്ച ചെയ്തത്. സംഘ്പരിവാറും ഹിജാബ് വിരോധികളും ഉന്നയിക്കുന്ന വിതണ്ഡവാദങ്ങളെ നിയമത്തിന്റെ സൂക്ഷ്മാംശങ്ങളിലൂടെ കടന്നുചെന്ന് പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ധൂലിയ. ഫാസിസം നിറഞ്ഞാടുന്ന മോദിയുടെ കാലത്ത്, ജുഡീഷ്യറിയെപ്പോലും പേടിപ്പിച്ച് അടക്കിഭരിക്കാൻ ശ്രമിക്കുന്ന വളരെ ഭീതിതമായ സാഹചര്യത്തിലും തന്റെ നിരീക്ഷണങ്ങൾ തുറന്നു പറയാൻ ധൂലിയക്ക് സാധിച്ചത് ശുഭസൂചകമാണ്. രാഷ്ട്രീയത്തിനും ഭരണമേധാവിത്തത്തിനും പാർലമെന്ററി ഭൂരിപക്ഷത്തിനുമപ്പുറം ഭരണഘടന തന്നെയാണ് ഇന്ത്യയുടെ ശക്തി എന്ന് വിളിച്ചോതുന്ന വിധിയായിരുന്നു അദ്ദേഹം നടത്തിയത്. ഭരണഘടനയുടെ അനുച്ഛേദങ്ങളായ 14,15,19,21,25,29,30 തുടങ്ങിയ നിരവധി വകുപ്പുകൾ ശിരോവസ്ത്ര നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് തെളിയിക്കുന്നതായി ധൂലിയ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം വിദ്യാലയങ്ങളിൽ വിവിധ മതവിഭാഗങ്ങളുടെ സാംസ്‌കാരികരീതികൾ പ്രകടിപ്പിക്കാനും അവയെ പരസ്പരം ബഹുമാനിക്കാൻ സാധിക്കുന്ന വിധത്തിൽ വിദ്യാർഥികളിൽ സാംസ്‌കാരികബോധം വളർത്തുവാനും ശ്രമിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടംഗ ബെഞ്ചിൽ ജസ്റ്റിസ് ധൂലിയ ശിരോവസ്ത്ര നിരോധനത്തെ എതിർത്തുകൊണ്ട് വിധി പ്രസ്താവിച്ചുവെങ്കിലും സഹജഡ്ജിയായ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത സർക്കാറിന് ഉത്തരവിറക്കാനുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ടാണ് വിധി പ്രസ്താവിച്ചത്. ശിരോവസ്ത്രം നിരോധിക്കപ്പെടണം എന്ന അഭിപ്രായം ഹേമന്ദ് ഗുപ്ത തുറന്നുപറയുന്നില്ലെങ്കിലും നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാറിന് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യത്തെക്കാൾ രാഷ്ട്രത്തിന്റെ താൽപര്യത്തിന് അദ്ദേഹം മുൻഗണന നൽകുകയാണ് ചെയ്യുന്നത്. മതേതര പ്രവർത്തനങ്ങളിൽ മത അടയാളങ്ങളെ നിയന്ത്രിക്കുന്നതിന് വിരോധമില്ലെന്നും സർക്കാർ പണം മുടക്കുന്ന വിദ്യാഭ്യാസമേഖല മതേതരപ്രവർത്തന മേഖലയായതിനാൽ അവിടെ മതങ്ങളുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കാവുന്നതാണെന്നുമാണ് അദ്ദേഹം വാദിക്കുന്നതും വിധിക്കുന്നതും.

സെക്കുലറിസം: ഹേമന്ദ് ഗുപ്തയുടെ നിരീക്ഷണം

‘സെക്കുലർ’ എന്ന പദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രൂപത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ പശ്ചാത്തലത്തിൽ അതിന് പ്രത്യകമായ അർഥവും ആശയവുമുണ്ട്. 3.1.1977ലെ 42-ാം ഭേദഗതിയിലൂടെയാണ് ‘സെക്കുലർ’ ഭരണഘടനയിൽ സ്ഥാനം പിടിച്ചത്. ‘മതപരമായ’ (Religious) എന്ന പദത്തിന് നേർ വിപരീതമായിട്ടാണ് അത് ഉപയോഗിക്കപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഭരണഘടനയിൽനിന്ന് കടമെടുത്ത പദമാണെങ്കിലും പാശ്ചാത്യ രാജ്യങ്ങൾ ഉപയോഗിച്ച അർഥത്തിലല്ല ഇന്ത്യൻ ഭരണഘടന അത് ഉപയോഗിച്ചിട്ടുള്ളത്. സെക്കുലർ എന്ന പദത്തിന് സമാനമായ ഹിന്ദി പദം ‘പന്ത്-നിരപേക്ഷ്’ എന്നാണ്. ഭരണകൂടത്തിന് മതം പാടില്ല എന്ന ആശയമാണ് പ്രസ്തുത പദം പ്രതിനിധാനം ചെയ്യുന്നത്.

‘പന്ത്-നിരപേക്ഷ്’ എന്ന വാക്ക് ഉപയോഗിച്ചതിൽനിന്നുതന്നെ ‘ധർമ-നിരപേക്ഷ്’ അല്ല ഇന്ത്യൻ ഭരണഘടന ഉദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തമാണ്.  ‘പന്ത്’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം ഏതെങ്കിലും പ്രത്യേക വിശ്വാസത്തിലോ ആരാധനാരീതിയിലോ രൂപത്തിലോ ഉള്ള ഭക്തിയെ പ്രതീകപ്പെടുത്തുന്ന ‘വിഭാഗം’ എന്നാണ്. എന്നാൽ പ്രകൃതിനിയമങ്ങൾ പോലെ ഒരിക്കലും മാറ്റാൻ കഴിയാത്ത കേവലവും ശാശ്വതവുമായ മൂല്യങ്ങളെ പ്രതീകപ്പെടുത്തുന്ന പദമാണ് ‘ധർമ.’ അത് പൗരന്മാരുടെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള ക്ഷേമവും ഉന്നമനവും ഉയർത്തിപ്പിടിക്കുന്ന പദമാണ്.

ധർമം, ധർമരാജ്യം, മതനിരപേക്ഷത

1996ലെ  നാരായണ ദീക്ഷിതുലു-സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിൽ ‘ധർമ’ എന്ന പദത്തെ കുറിച്ച് ഈ കോടതി നടത്തിയ നിരീക്ഷണം ഏറെ പ്രസക്തമാണ്: ‘ധർമ’ത്തെ നിർവചിക്കുക ഏറെ പ്രയാസമാണ്. ജീവജാലങ്ങളുടെ ഉന്നമനത്തിന് സഹായിക്കുന്ന ഒന്ന് എന്ന നിലയ്ക്കാണ് അതിനെ കാണേണ്ടത്. അതിനാൽ, ജീവജാലങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നത് തീർച്ചയായും ധർമമാണ്. രാജ്യങ്ങളുടെയോ അധികാരങ്ങളുടെയോ ചുമതലകളുടെ പശ്ചാത്തലത്തിൽ ധർമം ഉപയോഗിക്കുമ്പോൾ അതിന് രാജധർമം അഥവാ ഭരണഘടനാ നിയമം എന്നാണ് അർഥമാക്കുക.’

‘അതുപോലെ, ജനങ്ങളുടെ സമാധാനത്തിനും ഐശ്വര്യത്തിനും, സമത്വ സമൂഹം സ്ഥാപിക്കുന്നതിനും ‘ധർമരാജ്യം’ ആവശ്യമാണെന്ന് പറയുമ്പോൾ, ‘രാജ്യം’ എന്ന പദത്തിന്റെ പശ്ചാത്തലത്തിൽ ‘ധർമ’ത്തിന് ‘നിയമം’ എന്ന് മാത്രമാണ് അർഥം വരിക. ധർമരാജ്യം എന്നാൽ മതത്തിന്റെ ഭരണമെന്നോ ദൈവാധിപത്യ രാഷ്ട്രമെന്നോ അർഥമില്ല. മറിച്ച് നിയമവാഴ്ച എന്നുമാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. സ്വാർഥതയില്ലാത്ത, ചെറുതോ വലുതോ ആയ ഏതൊരു പ്രവൃത്തിയും ധർമമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, എല്ലാ മനുഷ്യരോടും സ്‌നേഹം പുലർത്തുന്നത് ധർമമാണ്.’

ഇത്രയും പറഞ്ഞ ഹേമന്ദ് ഗുപ്ത, ശേഷം ദീക്ഷിതുലു കേസിൽ സുപ്രീംകോടതി നടത്തിയ താഴെകാണുന്ന നിരീക്ഷണം ഉദ്ധരിച്ചു:

‘സങ്കുചിത ചിന്തക്കും വിഭാഗീയതക്കും അന്ധവിശ്വാസത്തിനും പിടിവാശിക്കും ഇടമില്ല എന്നതാണ് ധർമം എന്ന ആശയത്തിന്റെ അടയാളങ്ങളും ലക്ഷണങ്ങളും. അതിനാൽ, ധർമത്തിന്റെ വിശുദ്ധി വിഭാഗീയതയുമായി ഒരിക്കലും പൊരുത്തപ്പെട്ടുപോവില്ല. ഒരു വിഭാഗീയമതം (Sectarian Religion) പരിമിതമായ ഒരു കൂട്ടം ആളുകൾക്ക് മാത്രമാണ് അതിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നത്. എന്നാൽ ധർമം ഒരു വിഭാഗത്തെയും ഒഴിവാക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതാകുന്നു. ഇതാണ് നാം ഉയർത്തിപ്പിടിക്കുന്ന ധർമത്തിന്റെ കാതലും മനസ്സും. മതവും ധർമവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഇനി കൂടുതലൊന്നും ആവശ്യമില്ല. അതിനാൽ നമ്മുടെ അനുച്ഛേദം 25, 26 എന്നിവയിലെ ‘മതം’ (Religion) എന്ന വാക്ക് സങ്കുചിത വിഭാഗീയ അർഥത്തിലല്ല, മറിച്ച് ‘എല്ലാവർക്കും സുഖം ഭവിക്കട്ടെ’ അഥവാ ‘സർവേ ഭവന്തു സുഖിനഃ’ എന്ന ആശയത്തെയാണ് ഉൾക്കൊള്ളുന്നത്. ഇത് നേടിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം; നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 25ഉം 26ഉം ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് നമുക്ക് നമ്മുടെ ധർമത്തിന്റെ സന്ദേശം പ്രചരിപ്പിക്കാം.’

ഗുപ്തയുടെ സെക്കുലറിസം: ഇരുളും പൊരുളും

പ്രത്യക്ഷത്തിൽ വലിയ കുഴപ്പമില്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഹേമന്ദ് ഗുപ്ത സെക്കുലറിസം എന്ന ആശയത്തെ വിശദീകരിക്കുന്നത്. രാജ്യത്തിന് പ്രത്യേകിച്ച് മതമില്ലെന്നും എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കണമെന്നുമെല്ലാമുള്ള ആ

ശയങ്ങൾ പങ്കുവയ്ക്കുമ്പോൾ രാഷ്ട്രശിൽപികൾ ഉദ്ദേശിച്ച അതേ ആശയമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത് എന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ അദ്ദേഹത്തിന്റെ വാദങ്ങളെ വരികൾക്കിടയിലൂടെ വായിച്ചാൽ അതിലടങ്ങിയിരിക്കുന്ന അപകടവും സെക്കുലറിസത്തിന് ആർഎസ്എസ് നൽകുന്ന വിശദീകരണങ്ങളോടുള്ള സാദൃശ്യവും ബോധ്യപ്പെടും.

പന്ത്-നിരപേക്ഷും ധർമ-നിരപേക്ഷും

ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതക്ക് ‘പന്ത്-നിരപേക്ഷ്’ എന്നാണ് ഭരണഘടനയുടെ ഹിന്ദി പതിപ്പിൽ പറഞ്ഞിട്ടുള്ളത് എന്നും ‘പന്ത്’ എന്ന വാക്ക് മതവിശ്വാസത്തെയല്ല, വിവിധ സമൂഹങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നുമാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. അതിന് ‘ധർമ-നിരപേക്ഷ്’ എന്ന വ്യാഖ്യാനം നൽകിയാൽ തന്നെയും രാജ്യം അംഗീകരിച്ച നിയമത്തിന്റെ വാഴ്ച എന്നേ പറയാൻ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു. വിവിധ മതവിശ്വാസങ്ങളുടെ ഭാഗമായി കടന്നുവരുന്ന ധർമ വീക്ഷണങ്ങൾക്ക് നമ്മുടെ ഭരണഘടനയിൽ സ്ഥാനമില്ല എന്നതാണ് അദ്ദേഹം കണ്ടെത്തുന്ന കാരണം. അത്തരം ധർമ വീക്ഷണങ്ങൾ പാലിച്ച് ജീവിക്കുന്ന വിഭാഗങ്ങൾക്ക് സ്വകാര്യ ഇടങ്ങളിൽ വിശ്വാസത്തെയും ആചാരങ്ങളെയും പ്രകടിപ്പിക്കാം എന്നല്ലാതെ എല്ലാ പൊതുയിടങ്ങളിലും യഥേഷ്ടം തങ്ങളുടെ വിശ്വാസ അടയാളങ്ങളെ പ്രകടിപ്പിക്കാൻ അനുവാദമില്ല എന്നും രാഷ്ട്രത്തിന് അവയ്ക്കു മേൽ നിയന്ത്രണാധികാരമുണ്ട് എന്നുമാണ് അദ്ദേഹം സമർഥിക്കാൻ ശ്രമിക്കുന്നത്. ഹൈന്ദവതയെ ധർമമായും മറ്റുള്ള മതങ്ങളെ സങ്കുചിത-വിഭാഗീയ മതങ്ങളായും അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്.

ഭരണഘടനക്ക് ഹിന്ദുത്വ വ്യാഖ്യാനം

‘പന്ത്-നിരപേക്ഷ്’ എന്ന ആശയമാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും ‘ധർമ-നിരപേക്ഷ്’ അല്ല എന്നും പറയുന്നതിന് പിന്നിലുള്ള ലക്ഷ്യം വ്യക്തമാണ്. മതനിരപേക്ഷതയാവാം. എന്നാൽ ധാർമിക നിയമങ്ങൾ നിരപേക്ഷമല്ല, അത് കാലങ്ങളായി ‘ഭാരതീയർ’ സ്വീകരിച്ചുവരുന്ന ഏകമായ ഭാരതീയ സാംസ്‌കാരിക രീതികളിൽ അധിഷ്ഠിതമായ നിയമങ്ങളാണ് എന്ന് സ്ഥാപിക്കാനാണ് ഗുപ്ത ശ്രമിക്കുന്നത്. ഭാരതീയ ധർമം ഭരണഘടനയുടെ ഭാഗമാണെന്നും മറ്റു മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭാഗമായി വരുന്ന ധാർമിക, സാംസ്‌കാരിക രീതികൾ പൊതുയിടങ്ങളിൽ കൊണ്ടുവരുന്നത് ഭരണഘടനാ നിയമങ്ങൾക്ക് എതിരാണെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഹിന്ദുത്വയുടെ ഭാഗമായി അറിയപ്പെടുന്ന സനാതന ധർമത്തെയാണ് ഹേമന്ദ് ഗുപ്ത ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് വിദ്യാലയങ്ങൾ അടക്കമുള്ള പൊതുയിടങ്ങളിൽ സനാതന ധർമമനുസരിച്ചുള്ള ഹോമം ആവാം; എന്നാൽ സനാതന ധർമത്തിന്റെ ഭാഗമല്ലാത്ത, മറ്റൊരു വിശ്വാസത്തിന്റെ ഭാഗമായ ‘ഹിജാബ്’ അനുവദിക്കാൻ സാധിക്കില്ല എന്നർഥം.

ആർഎസ്എസ് പണ്ടുമുതലേ സെക്കുലറിസത്തിന് നൽകുന്ന വ്യാഖ്യാനമാണ് ഹേമന്ദ് ഗുപ്തയുടെ വിധിന്യായത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിൽ ജീവിക്കുന്ന വിവിധ മതവിഭാഗങ്ങളെ മതവിഭാഗങ്ങളായി അംഗീകരിക്കാൻ സാധിക്കില്ലെന്നും അവയെല്ലാം ഇന്ത്യയുടെ തന്നെ ഭാഗമായ ഹൈന്ദവ സംസ്‌കാരത്തിന്റെ ഉപവിഭാഗങ്ങൾ മാത്രമാണെന്നുമാണ് ആർഎസ്എസിന്റെ സൈദ്ധാന്തിക വീക്ഷണം. 2047ൽ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോഴേക്ക് ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമായി പരിവർത്തിപ്പിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങൾക്ക് ശക്തി പകരുന്ന പരാമർശങ്ങളാണ് ഗുപ്തയുടേതെന്ന് നിയമവൃത്തങ്ങളിൽ പലരും നിരീക്ഷിച്ചിട്ടുണ്ട്. ഭരണഘടനയെ അട്ടിമറിക്കുകയോ പൂർണമായും നിരാകരിക്കുകയോ ചെയ്യുക എന്നത് ക്ഷിപ്രസാധ്യമല്ല എന്നതിനാൽ എളുപ്പമുള്ള മാർഗം ഭരണഘടനക്ക് ദുർവ്യാഖ്യാനം ചമക്കലാണ്. ഭരണഘടനയെ ഒരു ഹിന്ദുത്വരേഖയാക്കി അവതരിപ്പിച്ചുകൊണ്ടുള്ള ദുർവ്യാഖ്യാനങ്ങളിലൂടെ അത് സാധ്യമാക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

(അടുത്ത ലക്കത്തിൽ: സുപ്രീംകോടതി വിധികൾക്ക് പുതിയ വ്യാഖ്യാനം?!)