‘പ്രവാചകനെ’പ്പറ്റി ശിഷ്യന്റെ പ്രവചനം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 38)

തദ്കിറയിലെ പ്രവചനങ്ങളിൽ ശ്രദ്ധേയമായ ഒന്ന്, മിർസയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ‘മുർതദ്ദായ’ അനുയായി ഡോക്ടർ അബ്ദുൽ ഹകീം ഖാൻ നടത്തിയ മരണപ്രവചനമാണ്. 1907 നവംബറിന്റെ തുടക്കത്തിൽ 11 സൂക്തങ്ങളുള്ള ഒരു ‘അറബി വഹ്‌യി’ന് ശേഷം 12ാമതായി ‘അല്ലാഹു’ ഉർദുവിൽ പറഞ്ഞതായി എഴുതുന്നു: “ഞാൻ നിന്റെ ആയുസ്സ് വർധിപ്പിക്കും. അതായത് 1907 ജൂലൈ മുതൽ 14 മാസങ്ങളാണ് നിന്റെ ആയുസ്സിൽ ബാക്കിയുള്ളത് എന്നാണ് ശത്രുവിന്റെ പ്രവചനം. ഇതേപോലുള്ള മറ്റു ശത്രുക്കളുടെയും പ്രവചനങ്ങൾ കളവാണെന്ന് ഞാൻ തെളിയിക്കും. ഞാൻ അല്ലാഹുവാണ്. എല്ലാ കാര്യങ്ങളും എന്റെ അധികാരത്തിലാണുള്ളത്’’ (പേജ് 624-625).

‘ഖുദാ സച്ചേ കാ ഹാമീ ഹോ’ (അല്ലാഹു സത്യവാന്റെ സംരക്ഷകനാവട്ടെ) എന്ന ശീർഷകത്തിൽ 1906 ആഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച ഒരു പരസ്യം ‘ഹഖീഖതുൽ വഹ്‌യി’ൽ എടുത്തുചേർത്തിട്ടുണ്ട്:

“ഇരുപത് വർഷത്തോളമായി ഡോ. അബ്ദുൽ ഹകീം ഖാൻ എന്റെ ശിഷ്യന്മാരിൽ പെട്ടവനായിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. എന്നാൽ ഈയിടെയായി അയാൾ എന്റെ കഠിനശത്രുവായി മാറിയിരിക്കുന്നു. കള്ളവാദി, കലാപകാരി, ഹറാംതീനി, ദുഷ്ടൻ, ദജ്ജാൽ, പിശാച്, തോന്ന്യാസി എന്നൊക്കെയാണ് മസീഹുദ്ദജ്ജാൽ എന്ന കൃതിയിൽ അവൻ എന്നെ വിശേഷിപ്പിച്ചത്. ഞാൻ ഉദരപൂരണത്തിനായി അല്ലാഹുവിെൻറ പേരിൽ കളവു പറയുകയാണത്രെ. ലോകാരംഭം മുതൽക്കുണ്ടായ എല്ലാ നാശത്തിനും കാരണക്കാരൻ ഞാനാണെന്നും എന്റെ നിലനിൽപ് ആപത്കരവും പൈശാചികവുമാണെന്നും അയാൾ പഞ്ചാബിലാകെ പ്രചരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു...’’

“മിർസ കള്ളവാദിയും അല്ലാഹുവിന്റെ പേരിൽ കറ്റുകെട്ടിപ്പറയുന്നവനുമായതുകൊണ്ട് ‘മൂന്നു വർഷങ്ങൾക്കകം നാശമടയും’ എന്ന് ആയിരങ്ങളുടെ മുമ്പിൽ വെച്ച് പ്രവചനം നടത്തിയതായും അറിയാൻ കഴിഞ്ഞു’’ (പേജ് 393).

തദ്കിറയിലെ അടിക്കുറിപ്പ് ആ കാര്യം വിശദീകരിക്കുന്നു: “ആദ്യം, 1906 ജൂലൈ 12ന് അയാൾ ഒരു പ്രവചനം പ്രസിദ്ധീകരിച്ചു: ‘മിർസ കറ്റുകെട്ടുന്നവനും നാണം കെട്ടവനും കള്ളവാദിയുമാണ്. സത്യവാന്റെ മുമ്പിൽ ദുഷ്ടൻ നശിക്കും, അവന്റെ കാലാവധി മൂന്ന് വർഷം മാത്രമാകുന്നു’’ (കാനാ ദജ്ജാൽ, പേജ് 50).

“ഇതിന് മറുപടിയായി ഈ പ്രാർഥന ഹസ്രത്ത് സാഹിബിന് ഇൽഹാമായി വെളിപ്പെട്ടു: ‘നാഥാ, സത്യവാനും കള്ളവാദിയും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തേണമേ’’ (പേജ് 624).

കള്ളവാദി സത്യവാദിക്കു മുമ്പ് മരിക്കുമെന്നാണ് കൃത്യമായ കാലാവധി നിശ്ചയിച്ചുകൊണ്ട് അബ്ദുൽ ഹകീം ഖാൻ പറഞ്ഞത്. കള്ളവാദിയും സത്യവാദിയും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തണമെന്നാണ് മിർസക്ക് ‘ഇൽഹാമായി’ വെളിപ്പെട്ടതും.

കാലാവധി ചുരുക്കുന്നു

തുടർന്ന് 1907 ജൂലൈ 1ന് ഹകീം ഖാൻ എഴുതി: “മിർസയുടെ പരിഹാസത്തിനും അനുസരണക്കേടിനുമുള്ള ശിക്ഷയായി 1909 ജൂലായ് 11ന് പൂർത്തിയാക്കാനിരുന്ന മൂന്ന് വർഷത്തെ കാലാവധിയിൽനിന്ന് പത്ത് മാസവും പതിനൊന്ന് ദിവസവും അല്ലാഹു കുറച്ചിരിക്കുന്നു. ഇന്ന്, 1907 ജൂലൈ 1 മുതൽ പതിനാല് മാസത്തിനകം മിർസ മരിച്ച് ഹാവിയയിലേക്ക് വലിച്ചെറിയപ്പെടും.’’

1907 നവംബർ 5ന് ‘ഞാൻ നിന്റെ ആയുസ്സ് വർധിപ്പിക്കും’ എന്ന വെളിപാടുണ്ടായതായി മിർസ പ്രസിദ്ധീകരിച്ചു,

“തുടർന്ന് ഫെബ്രുവരി 16 ന് വിശ്വാസത്യാഗി പ്രഖ്യാപിച്ചു: ‘മിർസ 1965 ശ്രാവണ മാസം 21ന് (1907 ആഗസ്റ്റ് 4ന്) മുമ്പ് മിർസ മരിക്കും.’ അപ്പോൾ വാഗ്ദത്ത മസീഹ് പറഞ്ഞു: ‘അവൻ സ്വയം ആപത്തിൽ അകപ്പെടും, അല്ലാഹു അവനെ നശിപ്പിക്കും. അവന്റെ തിന്മയിൽനിന്ന് ഞാൻ സുരക്ഷിതനായിരിക്കും എന്ന് അവന്റെ പ്രവചനത്തെക്കുറിച്ച് അല്ലാഹു എന്നെ അറിയിച്ചു’’(പേജ് 624-625).

പ്രവചനങ്ങൾ ഏറ്റുമുട്ടുന്നു!

ഖാദിയാനി പ്രവാചകന്റെയും മുർതദ്ദായ അനുയായിയുടെയും പ്രവചനങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നു. ‘അല്ലാഹു’ തന്റെ ആയുസ്സ് വർധിപ്പിക്കുമെന്ന് പറഞ്ഞതായി അറിയാവുന്ന ഭാഷയിലൊക്കെ മിർസ പറഞ്ഞുകഴിഞ്ഞു. പതിനാല് മാസങ്ങൾക്കകം മിർസ മരിച്ച് നരകത്തിൽ പതിക്കുമെന്ന് അനുയായിക്കും വെളിപാട് ഉണ്ടായത്രെ!

‘ചശ്മയെ മഅ്‌രിഫത്തി’ൽ മിർസാഗുലാം വിവരിക്കുന്നു: “അബ്ദുൽ ഹകീം ഖാനെന്നു പേരുള്ള പട്യാല നിവാസിയായ ഒരു ഡോക്ടർ എന്റെ ‘ഒടുക്കത്തെ ശത്രുവായി’ രംഗത്ത് വന്നിരിക്കുന്നു.’’

“ഇരുപത് വർഷത്തോളം അവനെന്റെ ശിഷ്യനായിരുന്നു. എന്റെ ഒരു ഉപദേശം ധിക്കരിച്ചു മുർതദ്ദാവുകയായിരുന്നു അവൻ. മുഹമ്മദ്ﷺയെ വിശ്വസിക്കാതെയും മുസ്‌ലിമാവാതെയും മോക്ഷം നേടാമെന്ന് വാദിച്ചതിനാൽ ഞാനവനെ ജമാഅത്തിൽനിന്ന് പുറത്താക്കി.’’

“ഇപ്പോൾ 1908 ആഗസ്റ്റ് 4ന് മുമ്പായി, അവൻ ജീവിച്ചിരിക്കെ ഞാൻ മരിക്കുമെന്ന് പ്രവചിച്ചിരിക്കയാണവൻ. എന്നാൽ അവൻ സ്വയം ശിക്ഷാർഹനാകും. അവനെ നശിപ്പിച്ചുകൊണ്ട് അല്ലാഹു എന്നെ രക്ഷിക്കും. അല്ലാഹുവിന്റെ ദൃഷ്ടിയിൽ ആരാണോ സത്യവാൻ, അവനെ അല്ലാഹു സഹായിക്കും. അല്ലാഹു ഇക്കാര്യം എന്നെ അറിയിച്ചിരിക്കുന്നു’’ (പേജ് 321, 322).

അദ്ദേഹം പരസ്യപ്പെടുത്തി: “എനിക്ക് വിജയവും മാന്യതയും വളർച്ചയും നൽകുന്നതും ശത്രുവിന് നിന്ദ്യതയും ദൈവകോപവും പരാജയവും ലഭിക്കുന്നതുമായ മഹത്തായ പ്രവചനമാണിത്. എന്റെ പേര് ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തും. എന്റെ മര

ണം കാംക്ഷിക്കുന്ന ശത്രുവാകട്ടെ എന്റെ കൺമുമ്പിൽ വെച്ചുതന്നെ അസ്ഹാബുൽ ഫീൽ പോലെ നശിപ്പിക്കപ്പെടും’’ (മജ്മൂഏ ഇശ്തിഹാറാത്, വാല്യം 3, പേജ് 59).

കഅ്ബ പൊളിക്കാൻ ആനപ്പടയുമായി വന്ന അബ്‌റഹത്തിനെ നശിപ്പിച്ചപോലെ അദൃശ്യകരങ്ങൾ തന്റെ ശത്രുക്കളെ നിഗ്രഹിക്കുമെന്ന് കരുതിയിരുന്ന മിർസാ ഖാദിയാനി, ഡോ. അബ്ദുൽ ഹകീം ഖാൻ പ്രവചിച്ച പോലെ 14 മാസത്തെ കാലാവധിക്ക് മൂന്ന് മാസം ബാക്കിനിൽക്കെ 1908 മെയ് 26ന് മരിച്ചു. അബ്ദുൽ ഹകീം ഖാൻ അവകാശപ്പെട്ടപോലെ ഇൽഹാമുകൾ അവതരിച്ചുവെന്നത് വിശ്വസിക്കാൻ പറ്റില്ലെങ്കിലും, മിർസാക്കെതിരെ പറഞ്ഞത് സംഭവിച്ചിരിക്കുന്നു. സത്യവിശ്വാസികളെ വഴികേടിൽനിന്ന് സംരക്ഷിക്കാൻ അല്ലാഹു സ്വീകരിച്ച മാർഗമായിരിക്കാം ഇതും.

വിജയം വിളിപ്പാടകലെ

1900ൽ അവതരിച്ച 161ഉം 208ഉം സൂക്തങ്ങളുള്ള രണ്ട് ‘വഹ്‌യു’കളിൽ മിർസായോട് തന്റെ ദൗത്യം എത്രയും വേഗം പൂർണ വിജയത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നുവത്രെ. ചില സൂക്തങ്ങൾ കാണുക:

“അല്ലയോ അഹ്‌മദ്, അല്ലാഹു നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. അവൻ അർശിൽനിന്ന് നിന്നെ സ്തുതിക്കുന്നു, നിനക്ക് സ്വലാത്ത് ചൊല്ലുന്നു. ദൈവത്തിന്റെ പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താൻ അവർ ആഗ്രഹിക്കുന്നു. നിഷേധികൾ എത്ര വെറുത്താലും ശരി അല്ലാഹുവിന്റെ പ്രകാശം പൂർത്തിയാക്കുകതന്നെ ചെയ്യും. സഹായവും വിജയവും വരുമ്പോൾ കാലം നമ്മിലേക്ക് തിരിയും...’’

‘അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശനാകാതെ! നിശ്ചയം, അത് നിന്നോട് അടുത്താണുള്ളത്. അവന്റെ സഹായം എല്ലാ വഴിയിലൂടെയും നിന്റെ അടുത്ത് വരും.വിദൂരസ്ഥലങ്ങളിൽനിന്നും നിനക്ക് സഹായികളെത്തും.’’

“നാം നിന്നെ കടാക്ഷിച്ചു. അല്ലയോ അഗ്‌നീ, നീ ഇബ്‌റാഹീമിന് തണുപ്പും രക്ഷയും ആവുക. അല്ലയോ അഹ്‌മദ്, നിന്റെ നാമം പൂർണമാവും. എന്നാൽ എന്റെ നാമം പൂർണമാവില്ല. നീ ആരെ വിചാരിച്ചാലും നിന്നിലേക്ക് വലിച്ചടുപ്പിക്കും, നിന്റെ അടിയാറുകളിൽ ചേർക്കും.’’

“അല്ലാഹുവാണ് ഏറ്റവും വലിയ രക്ഷകനും കരുണാവാരിധിയും. കുഫ്‌റിന്റെ നേതാക്കൾ നിന്നെ പേടിപ്പിക്കും. ഭയപ്പെടേണ്ട, നീയാണ് വിജയിക്കുക. നീ എന്നോടൊപ്പമാണ്; ഞാൻ നിന്നോടൊപ്പവും. നിനക്കുവേണ്ടിയാണ് ഞാൻ രാപ്പകലുകൾ സൃഷ്ടിച്ചിട്ടുള്ളത്. അല്ലാഹു ഏതു രംഗത്തും നിന്നെ സഹായിക്കും. ഞാനും എന്റെ ദൂതനും വിജയിക്കും. എന്റെ വചനങ്ങൾ ആർക്കും മാറ്റാനാവില്ല. നിനക്കു ഞാൻഎല്ലാം പൊറുത്തുതന്നിരിക്കുന്നു. ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക’’ (പേജ് 294-297). ആവർത്തിച്ച വാക്കുകൾ ഒഴിവാക്കിയാണ് ഇവിടെ ഉദ്ധരിച്ചത്.

‘നിന്റെ നാമം പൂർത്തിയാകും, എന്നാൽ എന്റെ നാമം പൂർണമാകില്ല’ എന്ന് അല്ലാഹു മിർസയെ വിളിച്ചു പറഞ്ഞത്രെ! അതേ പോലെ, ഇയാൾക്ക് വേണ്ടിയാണത്രെ രാപകലുകൾ സൃഷ്ടിച്ചിട്ടുള്ളത്! ഖാദിയാനികളുടെ പ്രവാചകന് വഹ്‌യ് നൽകുന്നത് അല്ലാഹു അല്ലെന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? സത്തയിലും സ്വിഫാത്തിലും സമ്പൂർണമായ വിശിഷ്ടനാമങ്ങളുടെ ഉടമയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു. ജീവിച്ചിരുന്നപ്പോഴും ശേഷവും തന്റെ അനുയായി വൃന്ദത്തിലേക്ക് വളരെ കുറഞ്ഞ ആളുകളെയാണ് അദ്ദേഹത്തിന് ആകർഷിക്കാനായത്.

ഗുലാം അഹ്‌മദ് കീ...!

“ഒരു ജാഗ്രദ് ദർശനത്തിൽ എന്നോട് മത്സരിച്ചുകൊണ്ട് ഒരാളോ ചില ആളുകളോ പട്ടം പറത്തുന്നത് ഞാൻ കണ്ടു. അവരുടെ പട്ടം പൊട്ടി താഴെ വീണു. ആരോ വിളിച്ചു പറഞ്ഞു: ‘ഗുലാം അഹ്‌മദ് കീ ജയ്’ (പേജ് 613).

ഇത്രമാത്രമെ മിർസാ ഗുലാം പറഞ്ഞിട്ടുള്ളൂ. എന്നാൽ മിർസയുടെ മകനും അവരുടെ രണ്ടാം ഖലീഫയുമായ മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് 14.6.1935 ന് ഒരു ഖുതുബയിൽ ഈ ‘ഇൽഹാം’ വിശദീകരിക്കുന്നത് കാണുക:

“ഈ ഇൽഹാമിന് ശേഷം ഹുസൂറിന്റെ ജീവിതത്തിൽ പ്രത്യേക വിഷമതകൾ ഒന്നും ഉണ്ടായിട്ടില്ല. അതിനാൽതന്നെ അദ്ദേഹത്തിന്റെ അനുയായികൾ അനുഭവിക്കേണ്ടിവരുന്ന നരകം പിൽക്കാലത്താണ് ഉണ്ടാവുക എന്ന് വിശ്വസിക്കേണ്ടിവരും. എന്നാൽ അല്ലാഹു അവരെ രക്ഷിക്കും. മസീഹിനെ ചീത്ത പറയുന്നവർക്ക് അല്ലാഹു മറുപടി കൊടുക്കും. അഹ്‌മദിയ്യത്ത് ജയിക്കുംവരെ ഈ സഹായം തുടരും. ‘ജയ്’ എന്നത് ശത്രുക്കളിൽ മുസ്‌ലിംകൾ മാത്രമല്ല ഹിന്ദുക്കളും ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. എന്നാൽ എല്ലാവരും ജയ് വിളിക്കാൻ നിർബന്ധിതരാകും എന്നാണ് അല്ലാഹുവിന്റെ വചനത്തിലെ മുന്നറിയിപ്പ്. മസീഹിന്റെ മരണശേഷം ആപത്തുകൾ വരും’’ (അടിക്കുറിപ്പ്).

മുസ്‌ലിംകളും ഹിന്ദുക്കളും മിർസാ ഖാദിയാനിക്ക് ജയ് വിളിക്കുമെന്ന, ഒരിക്കലും പുലരാത്ത സ്വപ്‌നമാണ് ‘ഖലീഫ’യുടെത്. മിർസായുടെ കാലത്തും ശേഷവും ഇപ്പോഴും കോടിക്കണക്കായ ഹിന്ദുക്കളിൽ വിരലിലെണ്ണാവുന്നത്ര പോലും ഖാദിയാനി മതം സ്വീകരിച്ചതായി കാണാനാവില്ല.

മൂന്നു നൂറ്റാണ്ട് കാത്തിരിക്കുക

ആഗോള വിജയത്തിന് ഇനിയും മൂന്നു നൂറ്റാണ്ടുകൾ കഴിയണമത്രെ!

“ജനങ്ങളേ, എല്ലാവരും കേൾക്കുവിൻ. ഇത് ആകാശവും ഭൂമിയും സൃഷ്ടിച്ചവന്റെ പ്രവചനമാണ്. അവൻ തന്റെ ജമാഅത്തിനെ എല്ലാ രാജ്യങ്ങളിലും വ്യാപിപ്പിക്കുകയും അടയാളങ്ങളും തെളിവുകളുമായി എല്ലാവരിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ആ ദിവസങ്ങൾ വരുന്നു, അല്ല വളരെ അടുത്തെത്തിയിരിക്കുന്നു. എല്ലാവരും ബഹുമാനത്തോടെ സ്മരിക്കുന്ന, ലോകത്തിലെ ഒരേയൊരു മതം ഇതായിരിക്കും എന്ന് ഉറപ്പാണ്. അല്ലാഹു ഈ മതത്തെയും ഈ ജമാഅത്തിനെയും വളരെ ഉന്നതവും അസാധാരണവുമായ രീതിയിൽ അനുഗ്രഹിക്കും. അതിന്റെ നാശം ആഗ്രഹിക്കുന്നവർ ഒരിക്കലും ഫലം കാണില്ല.’’

“ഇത് ന്യായവിധിനാൾവരെ എന്നെന്നും നിലനിൽക്കും....ആരും ആകാശത്തുനിന്ന് ഇറങ്ങുകയില്ലെന്ന് ഓർക്കുക. ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ എതിരാളികളും മരിക്കും. തുടർന്ന് അവരുടെ മക്കളും മക്കളുടെ മക്കളും മരിക്കും. മറിയമിന്റെ പുത്രൻ ആകാശത്തുനിന്ന് ഇറങ്ങുന്നത് അവർ കാണുകയില്ല. അപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളിൽ പരിഭ്രാന്തി നിറക്കും. ‘കുരിശാധിപത്യത്തിന്റെ കാലം കടന്നുപോയി, ലോകം മറ്റൊരു വർണം സ്വീകരിച്ചു. പക്ഷേ, മറിയമിന്റെ പുത്രൻ യേശു ആകാശത്തുനിന്ന് ഇറങ്ങിവന്നില്ല.’ അതോടെ ജ്ഞാനികൾക്ക് ഈ വിശ്വാസം മടുത്തു. മുസ്‌ലിംകളും ക്രിസ്ത്യാനികളും നിരാശയും തെറ്റിദ്ധാരണയും മൂലം ഈ വിശ്വാസം ഉപേക്ഷിക്കും. ഇന്ന് മുതൽ മൂന്ന് നൂറ്റാണ്ട് തികയുകയില്ല, ഈസയെ കാത്തിരിക്കുന്ന ലോകത്ത് ഒരു മതമേ ഉണ്ടാകൂ; ഒരു നേതാവും.’’

“ഞാൻ ഒരു വിത്ത് നടാൻ വന്നതാണ്, അങ്ങനെ ആ വിത്ത് എന്റെ കൈകൊണ്ട് വിതച്ചു. അത് വളരുകയും പൂക്കുകയും ചെയ്യും. ആർക്കും അത് തടയാൻ സാധ്യമല്ല’’ (പേജ് 410-411).

ഈസാ നബി(അ)യുടെ പുനരാഗമനത്തെക്കുറിച്ചു പറഞ്ഞുതന്നത് മുഹമ്മദ് നബിﷺയാണ്. അതിനെയാണ് മിർസ നിഷേധിക്കുന്നത്. കോടിക്കണക്കായ ഹിന്ദുക്കൾ ജീവിച്ചിരിക്കെത്തന്നെ അവരുടെ മതം നാമാവശേഷമാകുന്നത് അവർക്ക് കാണാൻ പറ്റുമെന്നും പ്രവചിക്കുന്നു ഖാദിയാനി പ്രവാചകൻ! ഖാദിയാനി മതവും ഒരേയൊരു നേതാവും മാത്രമുള്ള നല്ലകാലത്തെ കുറിച്ചുള്ള സുന്ദരമായ ദിവാസ്വപ്‌നമാണ് പ്രവചനമായി അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, അതിന് മൂന്നു നൂറ്റാണ്ടുകൾ അഥവാ അഞ്ചാറു തലമുറകൾ കഴിയണമെന്നാണത്രെ മിർസക്ക് കിട്ടിയ വഹ്‌യ്! അന്ന് ലോകം മുഴുവൻ ‘ഗുലാം അഹ്‌മദ് കീ ജയ്’ വിളിക്കുമത്രെ! തൽക്കാലം ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാം, ബുദ്ധി പണയംവെച്ച അനുയായികൾ വിശ്വസിക്കുകയും ചെയ്യും. മുന്നൂറ് കൊല്ലം കഴിഞ്ഞാൽ ഇന്നതൊക്കെ സംഭവിക്കും എന്ന് ധൈര്യത്തോടെ വിളിച്ചു പറയാൻ ഏത് മിർസക്കും കഴിയുമല്ലോ.