LGBTQ+സംവാദം തെളിയിക്കുന്നത് എന്ത്?

അനസ് കെ ആമയൂർ

2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06

കേരള ചരിത്രത്തിൽ ആദ്യമായി ഒരു പരസ്യസംവാദത്തിന് LGBTQ+ പ്രതിനിധി എത്തിയപ്പോൾ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമെന്നും നമ്മുടെ ഒരുപാട് വാദങ്ങൾക്ക് മറുവാദം കേൾക്കുമെന്നും കരുതിയിരുന്നു. പക്ഷേ, തന്റെ രണ്ടാമത്തെ അവസരത്തിൻ സംസാരിക്കാൻ എഴുന്നേറ്റ ശീതൾ ശ്യാം പറഞ്ഞത് ‘ഈ വാദങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടതുണ്ട് എന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്’ എന്നാണ്.

മറുഭാഗത്തുള്ള അബ്ദുല്ല ബാസിലിന്റെ ആദ്യത്തെ ചോദ്യമായ ‘ജെൻഡർ എന്നാൽ എന്ത്’ എന്നത് അവസാനം വരെയും ഉത്തരം നൽകപ്പെടാതെ അവശേഷിച്ചു. വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിച്ചത് കൊണ്ടാണോ എന്നറിയില്ല, അതിന് ഉത്തരം നൽകാൻ ഒരു ശ്രമം ശീതൾ ശ്യാം നടത്തുകയുണ്ടായി. 15 മിനുട്ടിന്റെയും 10 മിനുട്ടിന്റെയും രണ്ട് അവസരങ്ങൾക്ക് ശേഷം രണ്ട് അവസരങ്ങളിലായി പറഞ്ഞ രണ്ടു വാക്യങ്ങൾ! അവ രണ്ടും തന്നെ പരസ്പര വിരുദ്ധമാണ് എന്നത് സദസ്സിനെ ബോധ്യപ്പെടുത്താൻ സഹസംവാദകൻ ബാസിലിന് സാധിച്ചു. ‘ജെൻഡർ ഗർഭാവസ്ഥയിൽ തന്നെ തീരുമാനിക്കപ്പെടുന്നതാണ്,’ ‘ജെൻഡർ സാമൂഹിക സൃഷ്ടിയാണ്’ എന്നിവയാണ് ആ രണ്ട് മറുപടികൾ.

LGBTQ+ പ്രതിനിധി തന്റെ മുഴുസമയവും സാധാരണLGBTQ+ ചർച്ചകളിൽ സംഭവിക്കാറുള്ളത് പോലെ ചോദ്യം ചോദിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാനാണ് ഉപയോഗപ്പെടുത്തിയത്; ‘ജെൻഡർ ചോദിക്കാൻ നിങ്ങളാരാണ്,’‘നോർമലും അബ്‌നോർമലും പറയാൻ നിങ്ങളാരാണ്’ എന്നിങ്ങനെ!

ബാസിൽ തന്റെ വിഷയാവതരണ വേളയിൽ ജെൻഡർ എന്താണ് എന്ന ചോദ്യം സദസ്സിനു മുന്നിൽവച്ച്, തിരിച്ച് ഉണ്ടായേക്കാൻ ഇടയുള്ള മറുവാദം എടുത്തു പറഞ്ഞ് അതിന് തക്കതായ മറുപടിയും കൊടുക്കുകയുണ്ടായി. ജെൻഡറും സെക്‌സും ഒന്നാണെന്ന് പറയുന്നവർ കേവലം അവയവം നോക്കി ജെൻഡർ നിശ്ചയിക്കുന്നവരാണ് എന്നതാണ് ആ മറുവാദം. ബീജസങ്കലനവേളയിൽതന്നെ ലിംഗം നിർണയിക്കപ്പെടുമെന്നും, അത് ശരീരത്തിലെ ഓരോ കോശത്തിലും എഴുതപ്പെട്ട ഡിഎൻഎയിലുണ്ട് എന്നതുമായിരുന്നു അതിനു നൽകിയ മറുപടി.

രണ്ടാമതായി ബാസിൽ മുന്നോട്ടുവച്ച കാര്യം, യാതൊരു മുൻവിധിയുമില്ലാതെ ഈ വിഷയത്തിൽ ഗവേഷണം നടക്കണം എന്നതാണ്. LGBTQ+ ആക്ടിവിസ്റ്റുകൾ ഇതിനെ എതിർക്കുകയും ഗവേഷണങ്ങൾ തടയുകയും ചെയ്യുന്നതിന് ഒരുപാട് തെളിവുകളും അദ്ദേഹം മുന്നോട്ട് വയ്ക്കുകയുണ്ടായി. കെന്നറ്റ് എ സെക്കറിന്റെയും ജെയിംസ് കാസ്പിയന്റെയും ഡോക്ടർ ഡപ്രസോയുടെയും അനുഭവങ്ങൾ മുന്നോട്ട് വച്ചപ്പോൾ ആ പേരുകളും വിഷയവും ഒരുവട്ടം പോലും സ്പർശിക്കാൻ ശീതൾ ശ്യാം തയ്യാറായില്ല എന്നത് ഈ വിഷയത്തിൽ ഒരു ഉന്നതതല LGBTQ+ ആക്ടിവിസ്റ്റിന്റെ അറിവ് എത്രയാണ് എന്ന് മനസ്സിലാവാൻ ഉപകരിച്ചു.

അതുപോലെ LGBTQ+ ഈ വിഷയത്തിൽ മുന്നോട്ടുവയ്ക്കുന്ന SRS (sex reassign surgery) എന്ന ‘ഹിമാലയൻ’ പരിഹാരം എത്രത്തോളം അപകടകരമാണ് എന്ന് തുടക്കത്തിൽ സൂചിപ്പിച്ച ബാസിലിന്റെ വാദത്തിലേക്ക് അറിയാതെയെങ്കിലും വന്നുപോയ ശീതൾ ശ്യാം പിന്നീട് തിരുത്താൻ ശ്രമിക്കുന്നതും കണ്ടു.

ഇന്റർസെക്‌സ് വിഭാഗത്തിൽപെട്ട ആളുകളെ ജനിച്ച ഉടനെയുള്ള സർജറിയിലൂടെ രക്ഷിക്കാൻ ശ്രമിക്കുന്നതിനെ ജെൻഡർ പൊളിറ്റിക്‌സിന്റെ ആളുകൾ തടയുന്നു എന്ന ബാസിലിന്റെ വാദത്തെ മാത്രമാണ് ശീതൾ കുറച്ചെങ്കിലും പ്രതിരോധിക്കാൻ നോക്കിയത്. അതുമായി LGBTQ+ആരും കോടതിയിൽ പോയിട്ടില്ല എന്ന് ആദ്യം പറയുകയും, ബാസിൽ അതിന് തെളിവ് ഉയർത്തിക്കാണിച്ച് വിഷയം ആവർത്തിച്ചപ്പോൾ ആ വിഷയം അവഗണിക്കുന്ന അവസ്ഥയിലും എത്തി. പതിനെട്ടു വയസ്സ് തികഞ്ഞതിനു ശേഷമെ സർജറി പറ്റൂ എന്ന് ഇന്റർ സെക്‌സിന്റെ വിഷയത്തിൽ മർക്കടമുഷ്ടി പിടിക്കുന്ന ഇവർ എന്തുകൊണ്ട് പ്രായപൂർത്തിയാകുന്നതിനെ തടയുന്ന മരുന്നും ഹോർമോൺ ചികിത്സയും SRSന്റെ വിഷയത്തിൽ കുട്ടികളിൽ നടത്തുന്നു? ജെൻഡർ എന്നതിന് ഇവരുടെ വാദമായ ജെൻഡർ സാമൂഹിക സൃഷ്ടിയാണ് എന്ന വാദമെടുക്കുകയാണ് എങ്കിൽ ഇന്റർ സെക്‌സ് വിഭാഗത്തിൽ പെടുന്നവരെ നോർമലാക്കി മാറ്റാം എന്നിരിക്കെയാണ് ഈ ഓപ്പറേഷനെ അവർ നഖശിഖാന്തം എതിർക്കുന്നത്. അഥവാ ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ എന്ന് സമൂഹത്തിൽനിന്ന് ഇല്ലാതാകുന്നുവോ അന്ന് തങ്ങളുടെ അസ്തിത്വം നഷ്ടപ്പെടും എന്ന പൂർണബോധ്യം ഉള്ളതായും ഈ പ്രശ്‌നങ്ങൾ ഇവിടെ നിലനിൽക്കാനുള്ള എല്ലാ കാര്യങ്ങളും അവർ ചെയ്തുകൊണ്ടേയിരിക്കും എന്നും പറയാതെ പറഞ്ഞതായി കേൾവിക്കാർക്ക് അനുഭവപ്പെട്ടു.

ജെൻഡർ പൊളിറ്റിക്‌സ് ചെറിയ കുട്ടികളിൽവരെ കുത്തിവച്ച് അവരെ ജെൻഡർ സംശയങ്ങളിലേക്ക് കൊണ്ടുപോകുന്ന അവസ്ഥയെ പറ്റിയുള്ള വാദത്തെ ശീതൾ ശ്യാം തൊട്ടതായി കണ്ടില്ല. മഴവിൽ വർണങ്ങളെ എന്തിനാണ് ഭയക്കുന്നത് എന്ന ശീതളിന്റെ ചോദ്യത്തിന്, ഞങ്ങൾ ശക്തമായ സംഘടനയാണ് എന്ന അവരുടെ തന്നെ വാക്കുകൾവച്ച് ബാസിൽ പറഞ്ഞ മറുപടി വളരെ കൃത്യമായിരുന്നു.

സദസ്സിൽനിന്നു വന്ന പല ചോദ്യങ്ങൾക്കും സംവാദത്തിൽ ഉടനീളം കണ്ട ശൈലിയിൽ തന്നെയാണ് ശീതൾ മറുപടി പറഞ്ഞത്. പെണ്ണുങ്ങളുടെ നീന്തൽമത്സരത്തിൽ പെണ്ണായി പരിചയപ്പെടുത്തി സ്വർണം നേടിയ ആണിന്റെ കഥയും, പെണ്ണായി പരിചയപ്പെടുത്തി പെണ്ണിടങ്ങളിലേക്ക് ആണുങ്ങൾക്ക് കയറി വരാനുള്ള വഴികളല്ലേ ഇത് തുറന്നുകൊടുക്കുന്നത് എന്ന, പെൺകുട്ടികളുടെ ഭാഗത്തുനിന്നു വന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയുന്നതിന് പകരം ട്രെയിനിൽ എങ്ങനെയാണ്, വിമാനത്തിൽ എങ്ങനെയാണ്, നിങ്ങൾ മൂത്രമൊഴിക്കുന്നിടത്തേക്ക് ഒരു ട്രാൻസ്(ആണ്) കയറി വന്നാൽ നിങ്ങൾക്കെന്താണ്, നിങ്ങളെ വല്ലതും ചെയ്താൽ നിങ്ങൾ കേസ് കൊടുത്താൽ പോരേ... എന്നിങ്ങനെയുള്ള അങ്ങാടിനിലവാരത്തിലുള്ള മറുപടിയാണ് LGBTQ+പ്രതിനിധി നൽകിയത്. ഏതൊരു ആണിനും പെണ്ണെന്ന് പരിചയപ്പെടുത്തി എവിടെയും കയറാൻ പറ്റുന്ന പുതിയ ഒരു ലോകം തന്നെയാണ് ഞങ്ങൾ തുറക്കാൻ പോകുന്നത് എന്ന് ശീതൾ ശ്യാം പറയാതെ പറഞ്ഞു. അതുപോലെ കേരളത്തിലെ എത്രയോ സർക്കാർ ലേഡീസ് ഹോസ്റ്റലുകളിൽ ആൺശരീരത്തോടുകൂടിയ എത്രയോ ട്രാൻസ് ഉണ്ട് എന്ന അപകടകരമായ അറിവും ശീതൽ ശ്യാം പങ്കുവച്ചു. പുരുഷന് സ്ത്രീകളെക്കാൾ ശാരീരികക്ഷമത കൂടുതലുണ്ട് എന്ന സാമാന്യബോധത്തെ പോലും ശീതൾ ശ്യാം എതിർക്കുന്നതിന് സദസ്സ് സാക്ഷിയായി. അതിന് തെളിവായി കായികയിനങ്ങളിൽ ഇന്ത്യയിലെ സ്ത്രീകളാണ് പുരുഷന്മാരെക്കാൾ കൂടുതൽ സ്വർണം വാങ്ങിയിട്ടുള്ളത് എന്ന് തെളിവ് പറയുകയും ചെയ്തു. സ്ത്രീകൾ സ്ത്രീകളോടുതന്നെ മത്സരിച്ചിട്ടല്ലേ ആ നേട്ടം നേടിയത് എന്ന ബാസിലിന്റെ ചോദ്യം ശീതളിന്റെ വായടപ്പിച്ചു.

രഹസ്യത്തിൽ ചെയ്യുന്ന സ്വവർഗരതിയെ എന്തിന് എതിർക്കുന്നു എന്ന ചോദ്യത്തിന് ഹാം പ്രിൻസിപ്പൽ (മറ്റൊരാൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ തെറ്റല്ല എന്ന വാദം) വച്ചുതന്നെ മറുപടി പറയുകയും ലൈംഗികരോഗങ്ങൾ സ്വവർഗരതിക്കാർക്ക് വരുന്നതിന്റെ കൂടിയ ശതമാനക്കണക്കും സ്വവർഗരതിക്കാരിൽ മാത്രമുള്ള രോഗങ്ങളും എടുത്തുപറഞ്ഞ് ബാസിൽ കൃത്യമായ മറുപടി നൽകി. ഇതിന്, രോഗികളുടെ എണ്ണം എടുത്തുപറഞ്ഞ് വിചിത്രമായ പ്രതികരണമാണ് ശീതൾ ശ്യാം നടത്തിയത്. ശതമാനവും എണ്ണവും തമ്മിലുള്ള വ്യത്യാസമറിയാത്ത വ്യക്തിയാണ് ജെൻഡർ സാമൂഹിക നിർമിതിയാണ് എന്ന തലതിരിഞ്ഞ ആശയം കരിക്കുലത്തിൽ കുത്തിക്കയറ്റാൻ ഇറങ്ങിയിട്ടുള്ളത് എന്നത് തിരിച്ചറിയാൻ ഇത് ഉപകരിച്ചു. മറ്റു ലൈംഗികരോഗങ്ങളെയെല്ലാം മാറ്റിവച്ച്, സ്വവർഗരതിക്കാർക്കിടയിൽ മാത്രമുള്ള രോഗങ്ങൾ എടുത്താൽ നിങ്ങൾ എന്തു മറുപടി പറയും എന്ന ബാസിലിന്റെ ചോദ്യം ശീതൾ ശ്യാം കേട്ടതായിത്തന്നെ ഭാവിച്ചില്ല.

സദസ്സിൽനിന്നും ശീതൾ ശ്യാമിനോടുള്ള BIID (body integrity identity disorder-ശരീരം മുറിച്ചു മാറ്റാൻ തോന്നുന്ന അവസ്ഥ) പോലുള്ള വ്യക്തിത്വ രോഗങ്ങൾക്ക് ചികിത്സ മനസ്സിനും ജെൻഡർ വിഷയത്തിൽ ചികിത്സ ശരീരത്തിനും എന്നത് കാപട്യമല്ലേ എന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ പോലും അയാൾക്കായില്ല എന്നത് LGBTQ+ന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായിരുന്നു.

ആൺ-പെൺ വേർതിരിവ് എടുത്തുമാറ്റിയാൽ ഒന്നും സംഭവിക്കില്ല എന്ന വാദം തെറ്റല്ലേ എന്ന ചോദ്യത്തിന്, പുരുഷ മസ്തിഷ്‌കം കാഴ്ചയിൽ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചപ്പോൾ, സ്ത്രീശരീരം പുരുഷനിൽ ഒന്നും തോന്നിക്കില്ല എന്നായിരുന്നു മറുപടി! അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കുന്നത് ആണുങ്ങളാണ്, അവർക്ക് ഒന്നും തോന്നില്ല എന്നതാണ് തെളിവായി പറഞ്ഞത്! ലൈംഗിക പരിജ്ഞാനവും ആൺ-പെൺ സവിശേഷതകളെക്കുറിച്ചുള്ള അറിവും ഒരു തരിപോലും ഇവർക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവായി ഇതിൽപരം എന്തുവേണം? നാട്ടുകാരുടെ മക്കൾക്ക് ലൈംഗിക വിജ്ഞാനവും ജെൻഡർ ഐഡന്റിറ്റിയും പറഞ്ഞുകൊടുക്കുന്ന ആളുകൾക്ക് സാമാന്യ ബോധവും സാമാന്യ ലൈംഗിക അറിവും ഇല്ല എന്നത് നമ്മെ ഈ വിഷയത്തിൽ കൂടുതൽ ഗൗരവത്തോടുകൂടി ചിന്തിപ്പിക്കേണ്ടതുണ്ട്. അശ്ലീല ചിത്രം കാണുന്നത് പ്രകൃതിഭംഗി ആസ്വദിക്കാൻ ആയിരിക്കുമല്ലേ എന്ന ബാസിലിന്റെ മറുചോദ്യം കുറിക്കുകൊള്ളുന്നതായിരുന്നു.

വരുംതലമുറക്ക് ജെൻഡറും ജെൻഡർ ഐഡിയോളജികളും പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സർക്കാറിന് ഇതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ല എന്നതിനും ഇതിനെതിരെ പ്രവർത്തിക്കാൻ പൂർവാധികം ശക്തിയോടുകൂടി നമ്മൾ ഇറങ്ങണം എന്നതിനും ഒരു ഉത്തമ തെളിവാണ് ഈ സംവാദം. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മാത്രമല്ല, പൊതുവെ കുട്ടികൾ കാണുന്ന കാർട്ടൂണുകളിലൂടെ വരെ ഇത് വരുംതലമുറകളിലേക്കെത്തിക്കുക എന്ന ദൗത്യവുമായിട്ടാണ് LGBTQ+ഇറങ്ങിയിട്ടുള്ളത്. അതുകൊണ്ട്, മൊബൈലും ലാപ്‌ടോപ്പും കണ്ണുമടച്ച് മക്കൾക്ക് എടുത്തുകൊടുക്കുന്ന മാതാപിതാക്കൾ ജാഗ്രത പാലിക്കണം എന്ന് സാന്ദർഭികമായി ഓർമിപ്പിക്കുന്നു.