ദിക്റിെൻറ വ്യത്യസ്ത രൂപങ്ങള്‍ 2

ശമീർ മദീനി

2023 ഫെബ്രുവരി 04, 1444 റജബ് 12

ദിക്‌റ്‘ എന്നത് കേവലം നാവുകൊണ്ട് ഉച്ചരിക്കുന്ന മന്ത്രങ്ങളും കീര്‍ത്തനങ്ങളും മാത്രമല്ല. ഇബ്നുല്‍ ക്വയ്യിം(റഹി) പറയുന്നു: “അല്ലാഹുവിെൻറ മഹത്ത്വപൂര്‍ണമായ നാമങ്ങളും അത്യുന്നതങ്ങളായ വിശേഷണങ്ങളും ഓര്‍ക്കുകയും അവ‌െൻറ ഔന്നത്യത്തിനും വിശുദ്ധിക്കും ചേരാത്ത കാര്യങ്ങളില്‍നിന്ന് അവനെ പരിശുദ്ധപ്പെടുത്തലും അവ‌െൻറ വിശുദ്ധിയെ വാഴ്ത്തലുമാണ് ദിക്റിെൻറ ഒരു ഇനം.

‘സുബ്ഹാനല്ലാഹ്!’ (അല്ലാഹു എത്രയോ പരിശുദ്ധന്‍!), ‘അല്‍ഹംദുലില്ലാഹ്!’ (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും!), ‘ലാ ഇലാഹ ഇല്ലല്ലാഹു!’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), ‘അല്ലാഹു അക്ബര്‍!’ (അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍!), ‘സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹില്‍ അദ്വീം’, ‘ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ക്വദീര്‍‘ മുതലായ കീര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ഈ ഇനത്തില്‍ ഏറ്റവും ശ്രേഷ്ഠവും അല്ലാഹുവിനെ വാഴ്ത്തുവാന്‍ ഏറ്റവും ആശയസമ്പുഷ്ടവും കൂടുതല്‍ അര്‍ഥവ്യാപ്തിയുള്ളതും താഴെ പറയുന്നതുപോലുള്ള ദിക്റുകളാണ്: ‘അല്ലാഹുവിെൻറ സൃഷ്ടികളുടെ എണ്ണത്തിെൻറയത്ര ഞാന്‍ അവ‌െൻറ പരിശുദ്ധിയെ വാഴ്ത്തുന്നു’ എന്ന ദിക്‌റ് കേവലം ‘സുബ്ഹാനല്ലാഹ്’ എന്ന് പറയുന്നതിനെക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്.

‘അല്ലാഹു വാനലോകത്ത് സൃഷ്ടിച്ചിട്ടുള്ള സൃഷ്ടികളുടെ എണ്ണത്തിെൻറയത്ര ഞാന്‍ അവനെ സ്തുതിക്കുന്നു, ഭൂമിയില്‍ അവന്‍ സൃഷ്ടിച്ച എണ്ണത്തിെൻറ അത്രയും ആകാശഭൂമികള്‍ക്കിടയില്‍ അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ എണ്ണത്തിെൻറ അത്രയും അതിനു പുറമെയുള്ള അവ‌െൻറ സൃഷ്ടികളുടെ എണ്ണത്തിെൻറ അത്രയും ഞാന്‍ അവനെ സ്തുതിക്കുന്നു’ എന്ന് പറയുന്നത് കേവലം ‘അല്‍ഹംദുലില്ലാഹ്’എന്നു പറഞ്ഞ് അവനെ സ്തുതിക്കുന്നതിനെക്കാള്‍ വളരെയേറെ മഹത്തരമാണ്” (അല്‍വാബിലുസ്സ്വയ്യിബ്).

ഇത്രയും വിശാലമായ ഒരു എണ്ണവും ആശയതലവും മനുഷ്യ‌െൻറ പരിമിതമായ ചിന്തയിലും ബുദ്ധിയിലും വരികയില്ല. ശേഷം ഇബ്നുല്‍ ക്വയ്യിം(റഹി) തുടരുന്നു:

“രണ്ടാമത്തെ ഒരു ഇനം അല്ലാഹുവിെൻറ മഹത്ത്വപൂര്‍ണമായ നാമങ്ങളുടെയും വിശേഷണങ്ങളുടെയും തേട്ടമനുസരിച്ച് അവനെ പരിചയപ്പെടുത്തലാണ്. ഉദാഹരണത്തിന്, അല്ലാഹു ത‌െൻറ സര്‍വ സൃഷ്ടികളുടെയും ചെറുതും വലുതുമായ എല്ലാ ശബ്ദങ്ങളും കേള്‍ക്കും. അവയുടെ എല്ലാവിധ ചലനങ്ങളും അവന്‍ കാണുന്നുണ്ട്. അവരുടെ യാതൊന്നും അവന് ഗോപ്യമല്ല. ഓരോ സൃഷ്ടിയുടെയും മാതാപിതാക്കള്‍ക്ക് അവയുടെ കുഞ്ഞുങ്ങളോടുള്ളതിനേക്കാള്‍ കൂടുതല്‍ സ്നേഹവും കാരുണ്യവും അല്ലാഹുവിനുണ്ട്. ഒരു അടിമയുടെ നിഷ്കളങ്കമായ പശ്ചാത്താപം കാരണം അല്ലാഹു ഏറെ സന്തോഷിക്കും. മരുഭൂമിയില്‍ ത‌െൻറ യാത്രാമൃഗം നഷ്ടപ്പെട്ട ശേഷം തിരിച്ചുകിട്ടിയ വ്യക്തിയുടെ സന്തോഷത്തെക്കാള്‍ കൂടുതല്‍. ഇതുപോലുള്ള വിവരണങ്ങളും വിശേഷണങ്ങളും മുഖേന അല്ലാഹുവിനെ പരിചയപ്പെടുത്തുക എന്നതാണ് ദിക്റി‌െൻറ മേല്‍സൂചിപ്പിച്ച ഇനം.

അല്ലാഹുവും റസൂലും ﷺ അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്ത വാക്യങ്ങള്‍ കൊണ്ടുതന്നെ അവനെ വാഴ്ത്തലാണ് ശ്രേഷ്ഠം. അവയിലൊന്നുപോലും നിഷേധിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ സമന്മാരെ സങ്കല്‍പിക്കുകയോ ചെയ്യാതെ, അല്ലാഹുവിെൻറ മഹത്ത്വത്തിനും ഔന്നത്യത്തിനും യോജിച്ച വിധത്തിലായിരിക്കണം അവയെല്ലാം നാം മനസ്സിലാക്കേണ്ടത്. ഇതുതന്നെ മൂന്ന് വിധമുണ്ട് 1) ഹംദ് (സ്തുതി കീര്‍ത്തനങ്ങള്‍). 2) സനാഅ് (വാഴ്ത്തല്‍). 3) മജ്ദ് (മഹത്ത്വപ്പെടുത്തല്‍).

അല്ലാഹുവിനെ സ്തുതിക്കുക എന്ന് പറഞ്ഞാല്‍ അവ‌െൻറ മഹത്ത്വപൂര്‍ണമായ വിശേഷണങ്ങളിലൂടെ അവനെക്കുറിച്ച് പറയുകയും അവനോടുള്ള സ്നേഹവും തൃപ്തിയും പ്രകടിപ്പിക്കുകയും ചെയ്യലാണ്. അതായത്, സ്നേഹമുള്ള മൗനിയായ ഒരു മനുഷ്യന്‍ അല്ലാഹുവിനെ സ്തുതിച്ചവനാവുകയില്ല. അപ്രകാരം തന്നെ സ്നേഹമില്ലാതെയുള്ള പ്രശംസയും വാഴ്ത്തലും സ്തുതിക്കലല്ല. പ്രത്യുത സ്നേഹവും വാഴ്ത്തലും ഒരുപോലെ ഒത്തുചേരുമ്പോള്‍ മാത്രമാണ് ഹംദ് (അഥവാ സ്തുതികീര്‍ത്തനം) സാര്‍ഥകമാകുന്നത്. സ്തുതിക്കുവാനുള്ള കാരണങ്ങള്‍ ഒന്നിന് പുറകെ മറ്റൊന്നായി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കില്‍ അത് ‘സനാഅ്’ അഥവാ പുകഴ്ത്തലാണ്. എന്നാല്‍ അല്ലാഹുവിന്‍റെ മഹത്ത്വവും ഔന്നത്യവും ഗാംഭീര്യവും ആധിപത്യവും അറിയിക്കുന്ന വിശേഷണങ്ങളിലൂടെയാണ് അവനെ പ്രകീര്‍ത്തിക്കുന്നതെങ്കില്‍ അത് ‘മജ്ദ്’ അഥവാ മഹത്ത്വപ്പെടുത്തലാണ്. ഈ മൂന്ന് ഇനവും അല്ലാഹു സൂറതുല്‍ഫാതിഹയുടെ ആദ്യത്തില്‍ തന്നെ ഒരുമിച്ചു പറഞ്ഞിട്ടുണ്ട്.

“ഒരു അടിമ ‘അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍‘ (സര്‍വ സ്തുതിയും സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു) എന്ന് പറഞ്ഞാല്‍ അല്ലാഹു ഇപ്രകാരം പറയും: ‘എെൻ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു.’ ഇനി ‘അര്‍റ്വഹ്മാനിര്‍റ്വഹീം’ (പരമകാരുണികനും കരുണാനിധിയുമായവന്‍) എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: ‘എെൻറ ദാസന്‍ എന്നെ പുകഴ്ത്തി(സനാഅ്)യിരിക്കുന്നു. ശേഷം ‘മാലികിയൗമിദ്ദീന്‍ (പ്രതിഫലദിവസത്തിെൻറ ഉടമസ്ഥന്‍) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എെൻറ അടിമ എന്നെ മഹത്ത്വ(മജ്ദ്)പ്പെടുത്തിയിരിക്കുന്നു എന്ന് പറയും” എന്നാണ് ഒരു ക്വുദ്സിയായ ഹദീസിലൂടെ നബി ﷺ നമ്മെ പഠിപ്പിച്ചത്. (മുസ്‌ലിം, അബൂദാവൂദ്, തിര്‍മുദി, നസാഈ മുതലായവര്‍ ഉദ്ധരിച്ചത്).

ദിക്റിെൻറ മറ്റൊരു ഇനം അല്ലാഹുവിെൻറ കല്‍പനകളും വിലക്കുകളും നിയമങ്ങളും ഓര്‍ക്കലാണ്. ഇത് രണ്ടുവിധത്തിലുണ്ട്. ഒന്ന്, അല്ലാഹു ഇന്നതൊക്കെ കല്‍പിച്ചിരിക്കുന്നു, ഇന്നതെല്ലാം വിലക്കിയിരിക്കുന്നു, ഇന്നാലിന്ന കാര്യങ്ങളൊക്കെ അവന് ഇഷ്ടമാണ്, ഇന്നതൊക്കെ അവന് ഇഷ്ടമില്ല; വെറുപ്പാണ് എന്നിങ്ങനെ അല്ലാഹുവില്‍നിന്നുള്ള അറിയിപ്പുകള്‍ പറയലാണ്.

രണ്ടാമത്തേത്, അവന്‍ കല്‍പിച്ച കാര്യങ്ങള്‍ അതിെൻറ സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കുകയും അത് പ്രയോഗവത്കരിക്കാന്‍ ധൃതിപ്പെടലുമാണ്. അവന്‍ വിലക്കിയ കാര്യങ്ങള്‍ ഓര്‍ക്കുകയും അവയില്‍നിന്ന് വിട്ടകന്ന് നില്‍ക്കലുമാണ്. അതായത്, അല്ലാഹുവിെൻറ വിധിവിലക്കുകള്‍ ഓര്‍ക്കല്‍ ഒന്നാണെങ്കില്‍ അവയുടെ ഓരോ സന്ദര്‍ഭങ്ങളിലും അവനെ ഓര്‍ക്കല്‍ മറ്റൊന്നാണ്. ഒരാളുടെ മനസ്സില്‍ ഇവയൊക്കെ സംഗമിക്കുകയാണെങ്കില്‍ നിശ്ചയം അയാളുടെ ഈ ‘ദിക്‌റ്‘ ഏറ്റവും ശ്രേഷ്ഠവും മഹത്ത്വപൂർണവുമായിരിക്കും.

പ്രസ്തുത ദിക്ർ ഏറ്റവും വലിയ ജ്ഞാനത്തില്‍ (ഫിക്വ‌്ഹുല്‍ അക്ബര്‍) പെട്ടതാണ്. മറ്റുള്ളതെല്ലാം നിയ്യത്ത് നല്ലതാണെങ്കില്‍ ശ്രേഷ്ഠകരമായ കീര്‍ത്തനങ്ങള്‍ (അഫ്ദലുല്‍ ദിക്‌റ്) ആണ് താനും.

അല്ലാഹുവിനുള്ള ദിക്റിെൻറ ഭാഗമാണ് അവന്‍ നമുക്ക് ചെയ്ത അനുഗ്രഹങ്ങളെയും നന്മകളെയും സഹായങ്ങളെയും കുറിച്ചുള്ള ഓര്‍മകള്‍. അവ‌െൻറ അനുഗ്രഹങ്ങളും ഔദാര്യങ്ങളും നന്മകളും എത്രയെത്രയാണ് നമുക്ക് ചൊരിഞ്ഞുതന്നിട്ടുള്ളത്! ഈ സ്മരണയും മനോഹരമായ ദിക്‌റുകളില്‍പെട്ടതാണ്.

ദിക്റി‌െൻറ അഞ്ച് ഇനങ്ങളാണ് മേല്‍പറഞ്ഞത്. അവ ചിലപ്പോള്‍ ഹൃദയംകൊണ്ടും നാവുകൊണ്ടും ഉണ്ടാകും. അതാണ് ശ്രേഷ്ഠമായ ദിക്‌റ്. മറ്റു ചിലപ്പോള്‍ ഹൃദയംകൊണ്ടു മാത്രമായിരിക്കും അതുണ്ടാവുക. അതിന് രണ്ടാം സ്ഥാനമാണുള്ളത്. മറ്റു ചിലപ്പോള്‍ നാവുകൊണ്ട് മാത്രമായിരിക്കും; അതിനാകട്ടെ മൂന്നാം സ്ഥാനമാണുള്ളത്. അഥവാ ഏറ്റവും ശ്രേഷ്ഠമായ ദിക്‌റ് നാവും ഹൃദയവും ഒരുമിച്ച് വരുന്ന കീര്‍ത്തനങ്ങളും സ്മരണകളുമാണ്” (അല്‍വാബിലുസ്സ്വയ്യിബ്).

ഈ സ്ഥാന വ്യത്യാസങ്ങള്‍ക്കുള്ള കാരണവും ശേഷം ഇബ്നുല്‍ ക്വയ്യിം (റഹി) വിശദീകരിക്കുന്നുണ്ട്. “കാരണം ഹൃദയത്തിെൻറ ദിക്‌റ് അറിവ് പ്രദാനം ചെയ്യുന്നുണ്ട്. അത് സ്നേഹത്തെ ഉത്തേജിപ്പിക്കുകയും ലജ്ജയെ പ്രചോദിപ്പിക്കുകയും ചെയ്യും. പടച്ചവനെക്കുറിച്ചുള്ള ഭയവും അ‌വ‌െൻറ നിരീക്ഷണത്തെക്കുറിച്ചുള്ള ജാഗ്രതയും വന്നുപോയ വീഴ്ചകളെക്കുറിച്ചുള്ള കുറ്റബോധവുമൊക്കെ ഉണ്ടാകും. എന്നാല്‍ കേവലം നാവുകൊണ്ടു മാത്രമുള്ള ദിക്റുകളില്‍ ഇവയൊന്നും ഉണ്ടാകുന്നില്ല. അഥവാ അതിെൻറ ഫലങ്ങള്‍ ദുര്‍ബലമാണ്” (അല്‍വാബിലുസ്സ്വയ്യിബ്).

നാം അനുഷ്ഠിക്കുന്ന ഏത് നന്മയിലും ദിക്റി‌െൻറ ഒരു വിഹിതമുണ്ട്. നമ്മുടെ ഓരോ അവയവത്തിനും അതില്‍ പങ്കുണ്ട് താനും. വിശ്വാസികള്‍ സദാസമയത്തും ദിക്റില്‍ ആയിരിക്കുമെന്നാണ് ക്വുര്‍ആന്‍ ഉണര്‍ത്തിയത്:

“നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ” (3:191).

ദിക്‌റ് എന്നത് കേവലം നാവുകൊണ്ട് ഉരുവിടുന്നത് മാത്രമല്ല എന്നാണ് അല്ലാമാ ഇബ്നുല്‍ ക്വയ്യിം (റഹി) വിശദീകരിച്ചത്. ഹാഫിദ് ഇബ്നു ഹജറില്‍ അസ്ക്വലാനി(റഹി)യും ഇതേ ആശയം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: “മതം നിര്‍ബന്ധമോ ഐച്ഛികമോ ആക്കിയ പുണ്യകര്‍മങ്ങള്‍ വിട്ടുപോകാതെ പിന്തുടരുന്നതിനും ‘ദിക്റുല്ലാഹ്’ എന്ന് പറയാറുണ്ട്. അതായത് ക്വുര്‍ആന്‍ പാരായണം, ഹദീസ് വായന, അറിവ് അഭ്യസിക്കല്‍, ഐച്ഛിക നമസ്കാരങ്ങള്‍ നിര്‍വഹിക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് ‘ദിക്‌റ്’ എന്ന് പറയും.

ദിക്‌റ് ചിലപ്പോള്‍ നാവുകൊണ്ട് ഉണ്ടാകും. അത് ഉരുവിടുന്ന ആള്‍ക്ക് പ്രതിഫലവുമുണ്ട്. അതിെൻറ ആശയം ഗ്രഹിക്കലും ഓര്‍ക്കലും അതിന് നിബന്ധനയല്ല. എന്നാല്‍ അതിെൻതല്ലാത്ത തെറ്റായ അര്‍ഥവും ആശയവും അതിലൂടെ ഉദ്ദേശിക്കപ്പെടാന്‍ പാടില്ലായെന്നത് അടിസ്ഥാനകാര്യമാണ് താനും. നാവുകൊണ്ട് ദിക്‌റ് ഉരുവിടുമ്പോള്‍ ഹൃദയത്തി‌െൻറ ദിക്റും കൂടി ചേര്‍ന്നുവന്നാല്‍ അത് ഏറ്റവും പൂര്‍ണതയുള്ളതാകും. അതോടൊപ്പം അതിെൻറ അര്‍ഥവും ആശയവും ഓര്‍ത്തുകൊണ്ടും അതിലടങ്ങിയിട്ടുള്ള, റബ്ബിനെ മഹത്ത്വപ്പെടുത്തലും ന്യൂനതകള്‍ നിരാകരിക്കലും എല്ലാം ചേര്‍ന്നുവന്നാല്‍ പൂര്‍ണത ഒന്നുകൂടി അധികരിക്കും” (ഫത്ഹുല്‍ബാരി വാ:11, പേ: 209).

ശേഷം അദ്ദേഹം ഫഖ്റുദ്ദീനു റാസി(റഹി)യെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു: “നാവുകൊണ്ടുള്ള ദിക്‌റ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്, തസ്ബീഹിെൻറയും (പരിശുദ്ധിയെ വാഴ്ത്തല്‍) തഹ്മീദിെൻറയും (സ്തുതി കീര്‍ത്തനങ്ങള്‍) തംജീദിെൻറയും (മഹത്ത്വത്തെ പ്രകീര്‍ത്തിക്കല്‍) പദങ്ങള്‍ പറയലാണ്.

ഹൃദയം കൊണ്ടുള്ള ദിക്‌റ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അല്ലാഹുവിെൻറ അസ്തിത്വത്തെയും വിശേഷണങ്ങളെയും കുറിക്കുന്ന തെളിവുകളെ കുറിച്ചുള്ള ചിന്തയും വിധിവിലക്കുകളെ അറിയിക്കുന്ന തെളിവുകളെ പറ്റിയുള്ള ചിന്തയും ആലോചനയും അതുവഴി മതനിയമങ്ങളുടെ വിധികളും ന്യായങ്ങളും യുക്തിരഹസ്യങ്ങളും അല്ലാഹുവിന്‍റെ സൃഷ്ടികളിലെ രഹസ്യങ്ങളുമൊക്കെ കണ്ടെത്തലുമാണ്.

അവയവങ്ങൾ കൊണ്ടുള്ള ദിക്‌റ് എന്ന് പറഞ്ഞാല്‍ അര്‍ഥമാക്കുന്നത് അല്ലാഹുവിനുള്ള അനുസരണങ്ങളിലും ആരാധനകളിലും മുഴുകലാണ്. അതിനാലാണ് അല്ലാഹു നമസ്കാരത്തെക്കുറിച്ച് ദിക്‌റ് എന്ന് പറഞ്ഞത്:

“സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് (ദിക്ർ ) നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍” (62:9).

ചില പണ്ഡിതന്മാരില്‍നിന്നും ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്: ‘ദിക്‌റ് ഏഴ് തലങ്ങളിലാണുള്ളത്. കണ്ണുകളുടെ ദിക്‌റ് കരച്ചിലും കാതുകളുടെത് ശ്രദ്ധിച്ച് കേള്‍ക്കലും നാവിെൻറത് പ്രകീര്‍ത്തനങ്ങളും കൈകളുടെത് ദാനവും ശരീരത്തിെൻറത് കരാര്‍പാലനവും ഹൃദയത്തിെൻറത് ഭയവും പ്രതീക്ഷയും ആത്മാവിെൻറത് സമര്‍പ്പണവും സംതൃപ്തിയുമാണ്’ (ഫത്ഹുല്‍ ബാരി 11/209).