അദൃശ്യജ്ഞാനവും ഖലീഫമാരും ജിഫ്രി തങ്ങളുടെ ഹദീസ് ദുർവ്യാഖ്യാനവും - 3

മൂസ സ്വലാഹി കാര

2023 ഫെബ്രുവരി 04, 1444 റജബ് 12

മതത്തിന്റെ യഥാർഥ ആദർശത്തെ മറച്ചുവെച്ച് സ്വയംകൃത ആശയങ്ങളിൽ പ്രീതിപൂണ്ടവരായി കഴിയുകയാണ് സമസ്തയുടെ പുരോഹിതന്മാർ. പ്രമാണദുർവ്യാഖ്യാനങ്ങളിലൂടെയും കൃത്രിമ രേഖകൾ നിരത്തിയും അവരുടെ സങ്കൽപങ്ങളെ ജനങ്ങൾക്കിടയിൽ നട്ടുപിടിപ്പിക്കാൻ പരിശ്രമിക്കുകയാണ് ഇക്കൂട്ടർ. ശ്രേഷ്ഠരായ ഖലീഫമാരുടെ പേരിൽവരെ കളവു പറഞ്ഞ് അണികളെ കബളിപ്പിക്കുന്ന ഇവരുടെ കാപട്യം സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

മൂന്നാം ഖലീഫ ഉസ്മാൻ(റ) അദൃശ്യകാര്യം (ഗൈബ്) അറിഞ്ഞിരുന്നു എന്ന് തെളിയിക്കാൻ അദ്ദേഹം മറ്റു സ്വഹാബികളോട് ‘നിങ്ങളിലൊരാൾ എന്റെയടുക്കൽ പ്രവേശിക്കും, അയാളുടെ രണ്ട് കണ്ണുകളിലും വ്യഭിചാരത്തിന്റെ അടയാളം പ്രകടമാകും’ എന്ന് പറഞ്ഞതാണ് ജിഫ്രി തങ്ങൾ സമ്മേളനത്തിൽ വായിച്ചത്. ഇത് പല ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ബാക്കി ഭാഗം കൂടി ഇദ്ദേഹം വായിച്ചിരുന്നെങ്കിൽ ഇക്കൂട്ടരുടെ അനിസ്‌ലാമിക വാദങ്ങളെ ഉറപ്പിക്കാൻ ഉതകുന്ന വ്യക്തമായ ഒരു തെളിവ് പോലും എടുത്തുദ്ധരിക്കാനില്ലാത്തവിധം ഇവർ ഞെരുക്കത്തിലാണെന്ന് ആർക്കും മനസ്സിലാകും. ബാക്കി ഇപ്രകാരമാണുള്ളത്: സ്വഹാബിമാർക്കിടയിൽനിന്ന് ഒരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതന് ശേഷം വഹ്‌യ് അവതരിപ്പിക്കപ്പെടുകയോ?’ അദ്ദഹം പറഞ്ഞു: ‘അല്ല, ഇത് സത്യസന്ധമായ നിരീക്ഷണവും ബോധ്യവുമാണ്.’

ഇതിലെവിടെയാണ് അദ്ദേഹത്തിന് എല്ലാ അദൃശ്യങ്ങളും എപ്പോഴും അറിയാൻ കഴിയുമെന്നുള്ളത്? അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സ്വഹാബികളിൽ ആരെങ്കിലും ഇത് കേട്ടപ്പോൾ ഇങ്ങനെ വിശ്വസിച്ചുവോ? ഇതിനെ വിശദീകരിച്ച അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ഇത്തരമൊരു വാദം ഇതിൽനിന്ന് കണ്ടെത്തിയോ? സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ കാര്യങ്ങൾ പറഞ്ഞ ഒട്ടേറെ സംഭവങ്ങൾ നബി ﷺ യിലും മറ്റു സ്വഹാബികളിലും പൂർവകാല പണ്ഡിതന്മാരിലും ഉണ്ടായിട്ടുണ്ടല്ലോ! അതെല്ലാം എടുത്തു പറഞ്ഞ് ഗൈബറിയലാക്കി മാറ്റിയാൽ എന്തായിരിക്കും അവസ്ഥ! ലൂത്വ് നബി(അ) യുടെ ജനതക്ക് നൽകിയ ശിക്ഷയെ കുറിച്ച് പരാമർശിച്ചതിന് ശേഷം അല്ലാഹു പറയുന്നു: ‘നിരീക്ഷിച്ച് മനസ്സിലാക്കുന്നവർക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്’ (ക്വുർആൻ15:75). ഇതിനെ അദൃശ്യമറിയലായി വ്യാഖ്യാനിക്കാമോ?

എല്ലാ കാര്യങ്ങളെയും മുൻകൂട്ടി അറിയാൻ ഉസ്മാൻ(റ)വിന് കഴിയുമായിരുന്നെങ്കിൽ അദ്ദേഹത്തെ ഖലീഫയായി തെരഞ്ഞെടുക്കുന്നതിൽ പ്രശ്‌നം ഉടലെടുക്കുമായിരുന്നില്ല. ശപിക്കപ്പെട്ട അബ്ദുല്ലാഹിബ്‌നു സബഅ് മൂലം വരാനുള്ള പരീക്ഷണത്തെ അദ്ദേഹത്തിന് മുമ്പേ വെളിവാക്കാമായിരുന്നല്ലോ! ബദ്ർ യുദ്ധത്തിലും ബൈഅത്തു രിദ്‌വാനിലും ന്യായമായ കാരണങ്ങൾ ഉള്ളതിനാൽ ഞാൻ പങ്കെടുക്കില്ലെന്ന് ആദ്യമെ പ്രഖ്യാപിക്കാമായിരുന്നു.

അലി(റ)വിന് അദൃശ്യമറിയാൻ കഴിയുമെന്നതിന് മുസ്‌ലിയാർ പറഞ്ഞുവെച്ചത് ശിയാ ഗ്രന്ഥങ്ങളിൽ കാര്യമായ ഇരിപ്പിടം നൽകപ്പെട്ട തെളിവാണെന്ന് കാണാം. ‘അലി(റ) ഹുസൈൻ(റ)വിന്റെ ക്വബ്‌റിടത്തിനരികിലൂടെ നടന്നപ്പോൾ ‘ഇതാണ് അവരുടെ വാഹനങ്ങളുടെ ഭാഗം, ഇതാണ് അവരുടെ യാത്രയുടെ സ്ഥലം, ഇവിടെയാണ് അവരുടെ രക്തം ചൊരിയുക, ഈ യുദ്ധക്കളത്തിൽ വെച്ച് മുഹമ്മദിന്റെ കുടുംബത്തിലെ യുവാക്കൾ കൊല്ലപ്പെടുമെന്ന് പറഞ്ഞു.’ ഇതാണ് ആ തെളിവ്!

ശിയാ നേതാക്കളായ മുഹമ്മദ് അലി അത്തുറൈഹിയുടെ ജവാഹിറുൽ മത്വാലിബ്, ആമിലിയുടെ അൽഫുസൂലുൽ മുഹിമ്മ, ജഅ്ഫർ ഇബ്‌നു മുഹമ്മദിന്റെ കാമിലുൽ സിയാറാത്ത്, മുഹമ്മദ് ബാഖിറിന്റ ബിഹാറുൽ അൻവാർ, ശരീഫ് രിദയുടെ ക്വസായിസുൽ അഇമ്മ തുടങ്ങിയ കിതാബുകളിൽ അലി(റ) വിനെ പ്രതിയാക്കി അവരുടെ ആശയ പ്രചാരണം കൊഴുപ്പിക്കാൻ വേണ്ടി എഴുതിപ്പിടിപ്പിച്ചിട്ടുള്ളതാണിത്. ഇതുതന്നെയാണ് സമസ്തക്കാരുടെ തെളിവും! ഇനി, ആരാണ് ശിയാക്കൾ എന്ന് മുസ്‌ലിയാരുടെ വിഭാഗത്തിന്റെ ആധികാരിക പുസ്തകത്തിൽനിന്നുതന്നെ നമുക്ക് വായിക്കാം: “ശീഅത്തു അലി അഥവാ അലി(റ)വിന്റെ കക്ഷി എന്നാണ് ഇവർ അറിയപ്പെടുന്നത്. അബൂബക്കർ(റ), ഉമർ(റ) എന്നിവരടങ്ങുന്ന ബഹുഭൂരിഭാഗം സ്വഹാബത്തിനെയും ആക്ഷേപിക്കുകയും ശാപപ്രാർഥന നടത്തുകയും ചെയ്യുന്നവരാണിവർ. അലി (റ)വിന് ദിവ്യത്വം കൽപിച്ചുകൊണ്ടാണ് ഇവരുടെ രംഗപ്രവേശനം’’ (നമ്മുടെ പൈതൃകം/പേജ് 41).

മതവിരുദ്ധതയുടെ തനിസ്വരൂപമായ ശിയാക്കൾ ഇത്തരം പൊള്ളയായ വാക്കുകൾകൊണ്ട് പടച്ചുണ്ടാക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂടെ കൊണ്ടുനടക്കുന്ന ഇവർ ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്? ഇവരുടെ കൈയിലുള്ളത് ഇസ്‌ലാമല്ലെന്നു ബോധ്യപ്പെടാൻ ഇതിൽ കൂടുതൽ തെളിവെന്തിന്? സ്വീകാര്യയോഗ്യമായ ഒരു പരമ്പരയിലൂടെയെങ്കിലും ഈ സംഭവം റിപ്പോർട്ടുചെയ്യപ്പെട്ടത് സമസ്തക്കാർക്ക് കാണിക്കാമോ? അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതരിൽ ആരെങ്കിലുമൊരാൾ ഇതിന്റെ സ്വഹീഹായ റിപ്പോർട്ട് അവരുടെ ഗ്രന്ഥങ്ങളിൽ ചേർത്ത് ഇത്തരമൊരു വാദം സ്ഥാപിച്ചത് വായിക്കാമോ? അലി(റ)വിന് ഗൈബിയായ കാര്യങ്ങൾ അറിയാമായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ആ പ്രത്യേകത നബി ﷺ എന്തേ മുൻകൂട്ടി അറിഞ്ഞില്ല? വഴിയിൽ പതുങ്ങിയിരുന്ന തന്റെ ഘാതകനെ എന്തുകൊണ്ട് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല? കപടന്മാർ തന്റെ ഭരണകാലത്ത് സ്വഹാബികൾക്കിടയിൽ വലിയ കുഴപ്പമുണ്ടാക്കുമെന്ന് ആദ്യമേ മനസ്സിലാക്കാൻ എന്തുകൊണ്ടായില്ല? കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഇങ്ങനെയൊന്നും ചിന്തിക്കാൻ കഴിയില്ല.

അല്ലാഹു പറയുന്നു: “അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക’’ (ക്വുർആൻ 39:66).

നബി ﷺ യോടുള്ള ഈ കൽപനയുടെ വിവക്ഷ ‘നിങ്ങളും നിങ്ങളോടൊപ്പമുള്ളവരും നിങ്ങളെ സത്യപ്പെടുത്തിയവരും പിന്തുടർന്നവരും ആരാധനയെ അല്ലാഹുവിന് നിഷ്‌കളങ്കമാക്കുക, അവൻ ഏകനാണ്, അവന് പങ്കുകാരില്ല’ എന്നാണെന്ന് ഇബ്‌നു കസീർ(റഹി) വിശദീകരിച്ചിട്ടുണ്ട്.

ഹിജ്‌റ ഇരുനൂറിൽ ജീവിച്ച അബൂറബീഅ് അൽസഹ്‌റാനി റാഫിദിയാക്കളെ സംബന്ധിച്ച് പറഞ്ഞ വാക്ക് ഏറെ ശ്രദ്ധേയമാണ്: ‘റാഫിദുകൾ മൃഗങ്ങളുടെ കൂട്ടത്തിലാണെങ്കിൽ കഴുതകളും പക്ഷികളുടെ കൂട്ടത്തിലാണെങ്കിൽ കഴുകന്മാരുമായിരിക്കും.’

(തുടരും)