ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു?

ഷാഹുൽ പാലക്കാട്‌

2023 ആഗസ്റ്റ് 12 , 1445 മുഹറം 25

ഭാഗം: 02

e10: സ്ഥായി സ്വഭാവം

പ്രപഞ്ചം ഒരു സങ്കീർണ സംവിധാനമായി പ്രവർത്തിക്കുന്നുവെന്ന് മാത്രമല്ല അതിന്റെ പ്രകൃതം സ്ഥായിയാണ്. ഗ്രാവിറ്റി ഇന്നലത്തെപോലെതന്നെ നൂറ് വർഷങ്ങൾക്ക് മുൻപും നാളെയും ആയിരം വർഷങ്ങൾക്ക് ശേഷവും പ്രവർത്തിക്കുന്നു. അമേരിക്കയിലും ഇന്ത്യയിലും ചൊവ്വയിലും ശനിയിലും ഒരുപോലെ പ്രവർത്തിക്കുന്നു. ഇതുതന്നെയാണ് മറ്റു നിയമങ്ങളുടെ കാര്യവും. ഗ്രഹചലനങ്ങളും രാവും പകലും ഉദയാസ്തമയങ്ങളും ഒരുപോലെ ആവർത്തിക്കുന്നത് ഈ സ്ഥായിസ്വഭാവത്തിൽനിന്നാണ്. മനുഷ്യനും ജന്തുക്കൾക്കും ഗാലക്‌സികൾക്കും സ്ഥിരമായി പ്രപഞ്ചത്തിൽ നിലനിൽക്കാൻ കഴിയുന്നതും ഇതിനാലാണ്.

ഒരേ ഉദ്ദേശ്യത്തിൽ സൃഷ്ടിക്കപ്പെട്ടതാണ് പ്രപഞ്ചമെന്ന theist വീക്ഷണത്തിൽ ഒരേ സ്വഭാവത്തിൽ പ്രപഞ്ചം നിലനിൽക്കേണ്ടത് പ്രതീക്ഷിതമാണ്. യാദൃച്ഛികമായി സ്ഥിരസ്വഭാവം കാണിക്കുന്ന സങ്കീർണമായ ഒരു സംവിധാനം ജന്തുജീവലോകത്തെ എന്തിന് നിലനിർത്തണമെന്നത് നിരീശ്വര വിശ്വാസത്തിൽ ഉത്തരമില്ലാത്ത ചോദ്യമാണ്.

e11: അരിസ്റ്റോട്ടിലിയൻ ആർഗുമെന്റ്

പ്രകൃതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നത് നാമെല്ലാം അനുഭവിക്കുന്നതാണ്. എന്നാൽ എന്താണ് മാറ്റം? അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ഒരു വസ്തുവിലടങ്ങിയ പൊട്ടെൻഷ്യാലിറ്റിയുടെ പ്രത്യക്ഷീകരണമാണ് (actualisation) മാറ്റം. ഉദാ: ചൂടുള്ള കാപ്പി തണുത്ത കാപ്പിയാകുന്നു. പാൽ തൈരാകുന്നു. പാൽ എന്തുകൊണ്ട് തൈര് തന്നെയാകുന്നു? എന്തുകൊണ്ട് അത് ചിക്കൻ സൂപ്പാകുന്നില്ല? പാലിന് തൈര് തന്നെയാകാനുള്ള പൊട്ടെൻഷ്യാലിറ്റി ഉള്ളതുകൊണ്ടാണത്. ചൂട് കോഫിയുടെജ Potentiality തണുക്കാൻ മാത്രമാണ്. ഒരു Potentiality പുറത്ത് വരണമെങ്കിൽ അതിന് മറ്റൊരു ബാഹ്യകാരണം പ്രവർത്തിക്കുകയും വേണം. ചൂടുകോഫി തണുക്കാൻ തണുത്ത അന്തരീക്ഷമാണ് കാരണം. പാല് തൈരാകാൻ ബാക്ടീരിയ പ്രവർത്തിക്കുന്നു. ഇതിൽനിന്നും ഇങ്ങനെ ഒരു വാദമുന്നയിക്കാം:

1. പ്രപഞ്ചത്തിൽ മാറ്റങ്ങൾ നിലനിൽക്കുന്നു.

2. എല്ലാ മാറ്റവും ഒന്നിലടങ്ങിയ Potentialityയുടെ പ്രത്യക്ഷീകരണം (actualisation) ആണ്.

3. ഒന്നിലടങ്ങിയ Potentiality പ്രത്യക്ഷമാകാൻ മുന്നേ നിലനിൽപുള്ള ഒരു കാരണം പ്രവർത്തിക്കണം. പാല് തൈരാകാൻ ബാക്ടീരിയകൾ കാരണമാകുന്ന പോലെ.

4. സകല ലോകങ്ങളിലെ മാറ്റങ്ങൾക്കും പ്രവർത്തിക്കാൻ അവയെ actualise ചെയ്ത, സ്വയം actualise ആകാൻ കഴിവുള്ള ഉണ്മയുണ്ടാകണം.

5. മറ്റൊന്നിനെ ആശ്രയിക്കാതെ സ്വയംതന്നെ മാറ്റങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന അസ്തിത്വം ദൈവമാണ്.

6. ആയതിനാൽ ദൈവമുണ്ട്.

e12: ക്വാണ്ടം ഇൻഡിറ്റർമിനിസം

എന്താണ് ഭൗതികവാദം? സകലതിനും ഭൗതികമായ കാര്യകാരണങ്ങളുണ്ടെന്ന വീക്ഷണമാണ് അടിസ്ഥാനപരമായി അത്. കാറ്റിനെയും മഴയെയും ഇടിയെയും പ്രകൃതിനിയമങ്ങൾകൊണ്ടുതന്നെ വിശദീകരിക്കാൻ കഴിയും. ആയതിനാൽ ദൈവം വേണ്ടതില്ലെന്നും ഇവർ കരുതുന്നു. എന്നാൽ സകലതിനും ഭൗതികമായ കാര്യകാരണങ്ങൾ ഇല്ലെന്ന് ആധുനിക ശാസ്ത്രം തന്നെ പറയുന്നു. ക്വാണ്ടം മെക്കാനിക്‌സിലെ പദാർഥത്തിന്റെ സൂക്ഷ്മലോകത്തേക്ക് പോയാൽ ഭൗതികമായ കാരണങ്ങളില്ലാതെ തന്നെ കാര്യങ്ങൾ സംഭവിക്കുന്നതായി കാണുന്നു. അതിനർഥം പ്രപഞ്ചം കാരണപരമായി അടഞ്ഞതല്ല എന്നാണ് (not causally closed).

സൂക്ഷ്മലോകം ഭൗതിക ബാഹ്യകാരണങ്ങളെ ആശ്രയിക്കുന്നില്ലെങ്കിൽ ഒരു അസ്തിത്വത്തിന്റെ ഇടപെടലിനുള്ള സാധ്യത തുറന്നുവയ്ക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാനകണികകൾ ദൈവത്തെ അനുസരിക്കുകയും ആ കണികകളെ ആശ്രയിച്ച് ലോകം നിലനിൽക്കുകയും ചെയ്യുന്നു എന്നുവന്നാൽ അതിനർഥം പ്രപഞ്ചത്തിലെ ഓരോ നിമിഷത്തിലെ ഓരോ ചലനവും ദൈവത്തിന്റെ നിയന്ത്രണത്തിൽ സംഭവിക്കുന്നുവെന്നാണ്.

അഥവാ ലോകത്തിന് പ്രപഞ്ചബാഹ്യമായ ഒരു അസ്തിത്വത്തിന്റെ നിയന്ത്രണത്തിലാകാനുള്ള യുക്തിപരമായ എല്ലാ സാധ്യതകളുമുണ്ട്.

1. പ്രപഞ്ചം ഭൗതികമായ കാരണങ്ങളാൽ അടഞ്ഞതല്ല (not causally closed).

2. പ്രപഞ്ചത്തിന് ബാഹ്യമായ ഒന്നിനാൽ പ്രപഞ്ചം നിയന്ത്രിതമാണെന്ന യുക്തിക്ക് quantum mechanics ന്യായം നൽകുന്നുണ്ട്.

3. ഇത് theism അനുസരിച്ച് expected ആയ കാര്യമാണ്.

ആയതിനാൽprinciple of evidence അനുസരിച്ച് theismത്തിന് തെളിവാണ്.

e13:quantum wave function collapse

ക്വാണ്ടം ലോകം സ്ഥൂല ലോകത്തുനിന്നും വളരെ വിചിത്രമാണ്. ഹൈസെൻബർഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം അനുസരിച്ച് ഒരു ക്വാണ്ടം കണികകളെ കൃത്യതയിൽ അളക്കാൻ ആവില്ലെന്നാണ്. ഈ സിദ്ധാന്തപ്രകാരം കണങ്ങൾക്ക് നിരീക്ഷിക്കപ്പെടാൻ കഴിയാത്ത വിഭിന്നമായ കൃത്യതയുള്ള സ്ഥാനമോ വേഗതയോ ഉണ്ടായിരിക്കുകയില്ല. പകരം ഒരു ക്വാണ്ടം അവസ്ഥ ഉണ്ടായിരിക്കണം. ഇത് സ്ഥാനത്തിന്റെയും വേഗത്തിന്റെയും മിശ്രിതമായിരിക്കും. ക്വാണ്ടം ബലതന്ത്രം ഒരൊറ്റ നിരീക്ഷണത്തിന്റെ ഫലം പ്രവചിക്കുകയില്ല. പകരം വ്യത്യസ്തമായ സാധ്യതാഫലങ്ങളെക്കുറിച്ചും അവയോരോന്നും മിക്കവാറും എങ്ങനെയായിരിക്കുമെന്നും പ്രവചിക്കുകയാണ് ചെയ്യുന്നത്. അതായത് ഒരേ രീതിയിലുള്ള ഒരുകൂട്ടം വ്യൂഹങ്ങളിൽ ഒരേതരത്തിലുള്ള മാപനങ്ങൾ (measurment) നടത്തുകയാണെങ്കിൽ ചില മാപനങ്ങളുടെ ഫലം A, വേറേ ചില മാപനങ്ങളുടെത് B എന്നിങ്ങനെയാണെന്ന് കാണാൻ കഴിയും. മാപനഫലം ഏകദേശം ഇങ്ങനെയാണെന്ന് പ്രവചിക്കാൻ കഴിയുമെങ്കിലും ഒരൊറ്റ മാപനഫലത്തെ കൃത്യമായി പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ട് ക്വാണ്ടം ബലതന്ത്രം ഒഴിവാക്കാൻ പറ്റാത്ത അപ്രവചനാവസ്ഥയുടെ ഘടകം അല്ലെങ്കിൻ ആകസ്മികത (randomness) ശാസ്ത്രത്തിൽ കൊണ്ടുവന്നു എന്നു പറയാം. പ്രകാശം തരംഗനിർമിതമാണെങ്കിലും ഒരു തരത്തിൽ ഇത് കണനിർമിതവുമാണെന്നും, ഇവയെ ഉൽസർജിക്കുന്നത് പാക്കറ്റുകളായാണ് അല്ലെങ്കിൽ ക്വാണ്ടം രൂപത്തിലാണ് എന്നും പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തം പറയുന്നു. ഹൈസൻബർഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും സൂചിപ്പിക്കുന്നത് കണങ്ങൾ ചിലപ്പോൽ തരംഗരൂപത്തിൽ പെരുമാറുന്നു എന്നാണ്. എന്നാൽ ഇവയ്ക്ക് കൃത്യമായ സ്ഥാനമില്ലാതെ സഭവ്യതാ വിതരണത്തിൽ (Probability distribution) പരന്നുകിടക്കുന്നു.

ഈ തരംഗ സ്വഭാവത്തിൽനിന്നും കണികാസ്വഭാവത്തിന്റെ കൃത്യതയിലേക്ക് ക്വാണ്ടം അവസ്ഥക്ക് പരിണാമമുണ്ടാക്കാൻ ഒരു നിരീക്ഷകനെക്കൊണ്ട് കഴിയുന്നുണ്ട് എന്നാണ് ഡബിൾ സ്ലിറ്റ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഈ അവസ്ഥയെwave function collapse എന്നും അതിന് നിരീക്ഷണം കാരണമാകുന്നതിനെ observer effect എന്നും വിളിക്കുന്നു. ഈ പരീക്ഷണത്തിൽ നിരീക്ഷിക്കപ്പെടുന്നതു കൊണ്ട് തരംഗ സാധ്യതാ സ്വഭാവത്തിൽ നിലനിലനിൽക്കുന്ന ക്വാണ്ടം അവസ്ഥ കണികാസ്വഭാവത്തിന്റെ കൃത്യതയിലേക്ക് മാറുന്നതായി കണ്ടെത്തി.

1. സൂക്ഷ്മലോകം അനവധി സാധ്യതകളുടെ മിശ്രിതമായ തരംഗരൂപത്തിലാണ്. കൃത്യമായ സ്ഥാനമോ സ്വഭാവമോ അവയിലില്ല.

2. ബാഹ്യ നിരീക്ഷണ കാരണമാകുന്ന ഒന്നിനാൽ അടിസ്ഥാനകണികകൾ ഒരു പ്രത്യേക സ്വഭാവത്തി ലേക്ക് മാറുന്നു (observer effect).

3. പ്രപഞ്ചം ഒരു കൃത്യമായ സ്വഭാവത്തിൽ പ്രവർത്തിക്കുന്നു. അതിനു ബാഹ്യമായ ഒരു നിരീക്ഷകന്റെ കാരണമുണ്ടാകാം.

ദൈവസങ്കൽപം ഒരു തരത്തിലും പ്രപഞ്ചത്തിന്റെ ഭൗതിക ശാസ്ത്ര മോഡലുമായി യോജിക്കുന്നില്ല എന്നതാണ് നാസ്തിക പക്ഷം. എന്നാൽ പ്രപഞ്ചം ദൈവസൃഷ്ടി ആകാമെന്ന് മാത്രമല്ല, ഓരോ കണികയും ദൈവനിയന്ത്രണ വിധേയമാണ് എന്ന് വിശ്വസിക്കാനുള്ള ന്യായംവരെ ഭൗതികശാസ്ത്രം നൽകുന്നുണ്ട്. Theism അനുസരിച്ച് expected ആണ് ഈ പൊരുത്തം. ദൈവമുള്ള ലോകവീക്ഷണത്തിന് ഇത് ന്യായം നൽകുന്നു.

e14: മസ്തിഷ്‌കം

പ്രപഞ്ചത്തിൽ ഏറ്റവുംproductive ആയതെന്താണ്? ഇന്നുവരെയുള്ള അറിവനുസരിച്ച് മനുഷ്യ മസ്തിഷ്‌കത്തെക്കാൾ സങ്കീർണമായതോ, ആസൂത്രിതമായതോ, productive ആയതോ പ്രകൃതിയിലില്ല. കോടി മനുഷ്യരുടെ അറിവുകൾ ഒരുമിച്ച് ചേർത്തിട്ടും അതുപോലെ ഒന്ന് നിർമിക്കുന്നതിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലും മനുഷ്യനാകുന്നില്ല. വാസ്തവത്തിൽ എന്താണ് ബോധമെന്ന് തന്നെ മനസ്സിലാക്കാൻ സയൻസിന് കഴിഞ്ഞിട്ടില്ല. ഇതെവിടെനിന്ന് വന്നു? പരിണാമവാദമനുസരിച്ച് ഇത്ര സങ്കീർണമായ അവയവം പരിണമിച്ചുണ്ടായി എന്ന് വാദിച്ചാലും ദൈവത്തിനു തെളിവാകുന്നു അത്. എന്താണ് പരിണാമം? മാറ്റത്തെയാണ് പരിണാമമെന്ന് വിളിക്കുന്നത്. എന്നാൽ ഒരു വസ്തുവിൽ അന്തർലീനമായ സ്വഭാവം മാത്രമെ മാറ്റത്തിലൂടെ പുറത്ത് വരൂ. പാൽ തൈരാകുന്ന പോലെ. പാലിന് തൈരാകാനുള്ള potentiality ഉള്ളതുകൊണ്ടാണ് അത് പായസമാകാതെ തൈര് തന്നെയാകുന്നത്. അപ്പോൾ മനുഷ്യമസ്തിഷ്‌കം പോലെയൊന്ന് മാറ്റത്തിലൂടെ ഉണ്ടായി എങ്കിൽ അതുണ്ടാവാനുള്ള potentiality പ്രപഞ്ചത്തിന് ഉണ്ടാകണം. ഇന്റലിജന്റ് ആയ മസ്തിഷ്‌കത്തെ നിർണിക്കാനുള്ള potentiality പ്രപഞ്ചത്തിനുണ്ടെന്നാൽ അതിനർഥം പ്രപഞ്ചം അത്രയും intelligence അടങ്ങിയതാണെന്നാണ്. അപ്പോൾ പ്രപഞ്ചത്തിന് കാരണമായ ആദിഹേതു അതിനെക്കാൾ ഇന്റലിജൻസ് അടങ്ങിയതും അതുപയോഗിക്കാൻ കഴിയുന്നതും ആകണം. പ്രപഞ്ചത്തെ സൃഷ്ടിച്ച ബുദ്ധിപരമായ കാരണമെന്നാൽ അത് ദൈവം മാത്രമാണ്.

e15: ദൈവം, പ്രവാചകന്മാർ

ചരിത്രത്തിൽ ഏതൊരു മനുഷ്യ നാഗരികതയെടുത്താലും ഏതെങ്കിലും തരത്തിലൊരു ദൈവ വിശ്വാസം അവരെ ഒരുമിപ്പിച്ചിരുന്നുവെന്ന് കാണാം. അതിൽ പല ദൈവങ്ങളിൽ വിശ്വസിച്ചിരുന്നവർ പോലും ആ ദൈവങ്ങൾക്ക് മുകളിൽ ഏകമായ ഒരു ശക്തിയുണ്ടെന്നും മറ്റെല്ലാം അതിന് വിധേയമാണെന്നും കരുതിയിരുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു ഗവേഷണ ഫലവും വ്യത്യസ്ത ഭൂമിശാസ്ത്ര ചുറ്റുപാടിൽ ജീവിക്കുന്ന മനുഷ്യരിൽ ഒരുപോലെ ദൈവത്തിലുള്ള വിശ്വാസം കാണപ്പെടുന്നുവെന്ന തീർപ്പിലെത്തിയിരുന്നു. ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയായ ഡോ.ജസ്റ്റിൻ ബാരറ്റ് ‘ദി ബോൺ ബിലീവേഴ്‌സ്’ എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. കൃതിയിൽ മനുഷ്യനിലെ ജന്മനാബോധമാണ് ദൈവമെന്നു തെളിവുകൾ സഹിതം സ്ഥാപിക്കുകയാണ് ബാരറ്റ് ചെയ്യുന്നത്. വേറെയും അനവധി പഠനങ്ങൾ ഇതുതന്നെ തെളിയിക്കുന്നുണ്ട്. theism അനുസരിച്ചാണ് എങ്കിൽ ഇത് പ്രതീക്ഷിക്കാവുന്ന ഡാറ്റയാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവം ദൈവത്തെ സംബന്ധിച്ച ബോധ്യവും മനുഷ്യന് നൽകിയിരിക്കുന്നു. എന്നാൽ നാസ്തികതയനുസരിച്ച് ഇങ്ങനെയൊന്ന് സംഭവിക്കേണ്ടതില്ല. അപ്പോൾ theism അനുസരിച്ച് സംഭവിക്കേണ്ട കാര്യം പ്രകൃതിയിൽ കാണുന്നു എന്നത് theism ത്തിനുള്ള evidence ആകുന്നു. സമൂഹത്തിന്റെ ധാർമികമായ പുനഃസൃഷ്ടിക്കും അനീതിയോട് സമരം ചെയ്യാനും ദൈവനിയുക്തരായ ദൂതന്മാർ സമൂഹങ്ങളിലേക്കിറങ്ങി വരുന്നുവെന്ന വീക്ഷണവും മനുഷ്യനാഗരികതകൾ പൊതുവായി പ്രകടിപ്പിക്കുന്നു. മിക്ക ദർശനങ്ങളിലും ദേശവ്യത്യാസമില്ലാതെ ഈ വീക്ഷണം പ്രകടമാണ്.

ദിവ്യബോധനത്തെ സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് തന്നെ മഹാനായ ചിന്തകൻ സോക്രട്ടീസിന്റെ വർത്തമാനത്തിലും കാണാം. മനുഷ്യരൂപത്തിലുള്ള ഏതൻസുകാരുടെ ദൈവ വീക്ഷണത്തെ നിഷേധിച്ച അദ്ദേഹം, ഒരു ദൈവത്തിൽ വിശ്വസിക്കുകയും മനുഷ്യന് ദൈവികമായ ഉൾവിളിയുണ്ടാകുമെന്നും വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തിന്റെ തീവ്രതയാൽ അദ്ദേഹം വധശിക്ഷക്ക് പോലും വിധിക്കപ്പെട്ടു. മനുഷ്യനാഗരികതകൾ രൂപപ്പെട്ട് ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഇന്നുവരെ സദാചാരമോ, ധാർമികബോധമോ ഉൾക്കൊള്ളാത്ത സമൂഹം ഉണ്ടാകാത്തത്? സ്വാർഥ സുഖഭോഗങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആരോടും ഉത്തരവാദിത്തമോ കടമകളോ പാലിക്കാത്ത individualistic ജീവിതരീതി ലിബറലിസത്തിന്റെ ഭാഗമായി നിലവിൽ ഉരുത്തിരിഞിട്ടുണ്ട്. ഇതുപോലെ ജീവിക്കാനുള്ള സ്വാർഥതാൽപര്യങ്ങൾ എല്ലാ മനുഷ്യനിലും എല്ലാ കാലത്തുമുണ്ടായിട്ടും കുടുംബബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും സദാചാരവും ധാർമിക മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും കടമകളും പാലിക്കാൻ പ്രാകൃത മനുഷ്യനെ വഴിനടത്തിച്ചത് എന്താകും? അവരെ മൂല്യങ്ങളിലേക്കുതന്നെ തിരിച്ച് വിളിച്ചുകൊണ്ടിരുന്നത് ആരാകും? എല്ലാ സമുദായങ്ങളിലേക്കും നിയോഗിത ദൂതന്മാരുണ്ടെന്ന ഇസ്‌ലാമിക അധ്യാപനം ഈ സമസ്യയെ കൃത്യമായും വിശദീകരിക്കുന്നു. ചരിത്രത്തിലെ പ്രവാചകന്മാരുടെ കൈരേഖപോലെ ഈ സാമൂഹ്യമൂല്യങ്ങൾ നിലനിൽക്കുന്നു.

Principle of evidence എന്ന, ആരംഭത്തിൽ സൂചിപ്പിച്ച തിയറിയനുസരിച്ച് ഒരു വീക്ഷണത്തിന് ലഭിക്കുന്ന വിവരങ്ങൾ ആ വീക്ഷണത്തിനുള്ള evidences ആണ്. മനുഷ്യനിലെ ദൈവബോധവും ചരിത്രത്തിലെ പ്രവാചകന്മാരും theism അനുസരിച്ചും കൃത്യമായി ഇസ്‌ലാം അനുസരിച്ചും പ്രതീക്ഷിക്കേണ്ട വിവരങ്ങളാണ്. ഇസ്‌ലാം അനുസരിച്ച് കാണേണ്ട വിവരങ്ങൾ ലഭിക്കുന്നത് ഇസ്‌ലാമിനുള്ള തെളിവാണ്.

(തുടരും)