ചീറ്റിപ്പോയ എക്‌സ്ട്രീം എക്‌സാമ്പിൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജനുവരി 28, 1444 റജബ് 5

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 12 )

ശിരൂർ മഠം കേസ് വിധിയുടെ അടിസ്ഥാനത്തിൽ എസെ ൻഷ്യൽ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം അതത് മതസമൂഹങ്ങൾക്കും അവയുടെ നേതാക്കൾക്കുമാണ് എന്നാണല്ലോ പരാതിക്കാർ പറയുന്നത് എന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞപ്പോൾ കൃത്യമായ മറുപടി നൽകാതെ ഉദാഹരണക്കസർത്തുക്കളിൽ അഭിരമിക്കുകയായിരുന്നു എസ്ജി. അദ്ദേഹം പറയുന്നു: ‘ഞാനൊരു ‘എക്‌സ്ട്രീം എക്‌സാമ്പിൾ’ പറയാം. ഒരാൾ ഒരു മതത്തിന്റെ അടിസ്ഥാനത്തിൽ പരസ്യമായി മദ്യപിക്കുകയും നഗ്‌നമായി നൃത്തം ചെയ്യുകയുമാണെന്ന് കരുതുക. അതിനെ ആരെങ്കിലും ധാർമികതക്ക് (moraltiy) എതിരാണ് എന്ന് പറയുമോ? കാരണം അത് മതത്തിന്റെ പേരിലാണ് നടക്കുന്നത്. അങ്ങനെ ചെയ്യുന്ന ഒരാളെ തടയാൻ പ്രാദേശിക അധികാരികൾക്ക് (പോലീസ് തുടങ്ങിയ) സാധിക്കുമോ? ആരാണ് ഇത് തീരുമാനിക്കേണ്ടത്?’

കോടതിയാണ് ഒരു കാര്യം എസെൻഷ്യൽ ആണോ അല്ലേ എന്ന് തീരുമാനിക്കേണ്ടത് എന്ന് സമർഥിക്കാനാണ് ഇങ്ങനെ പറഞ്ഞത്. എന്നാൽ ജസ്റ്റിസ് ഗുപ്ത ഇതിനു മറുപടിയായി പറഞ്ഞത് ഈ പറഞ്ഞ ‘എക്‌സ്ട്രീം എക്‌സാമ്പിൾ’ ഒരിക്കലും നിലവിലുള്ള വിഷയവുമായി യോജിക്കുന്നതല്ല എന്നായിരുന്നു.

വിശദീകരണം

ചില ആചാരവൈകൃതങ്ങളെ പൊലിപ്പിച്ചു കാണിച്ചുകൊണ്ട് എസ്ജി തന്റെ വാദം സമർഥിക്കാൻ ശ്രമിക്കുകയാണിവിടെ. മതത്തിന്റെ പേരിൽ നടക്കുന്ന ചില അന്ധവിശ്വാസങ്ങൾ, ആഭാസങ്ങൾ, അക്രമോത്സുകമായ ആഘോഷങ്ങൾ എന്നിവ എടുത്തുകാണിച്ച് എല്ലാ ആചാരങ്ങളെയും സാമാന്യവത്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് ആനന്ദമാർഗികളുടെ താണ്ഡവനൃത്തത്തെ ശിരോവസ്ത്ര വിഷയത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചത്.

ആനന്ദമാർഗി; ഒരു ലഘുചിത്രം

1955ലാണ് ശ്രീശ്രീ ആനന്ദമൂർത്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊൽക്കത്തക്കാരനായ പി.ആർ.സർക്കാർ ‘ആനന്ദ മാർഗ’ (Path of bliss) സ്ഥാപിച്ചത്. ധ്യാനം, യോഗ എന്നീ പരിപാടികൾ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ അവർ നടത്തിയിരുന്നത്. എന്നാൽ 11 വർഷത്തിന് ശേഷം 1966ൽ തലയോട്ടികളും ത്രിശൂലങ്ങളും വാളുകളും കഠാരകളും ഉപയോഗിച്ചുകൊണ്ട് പൊതുസ്ഥലങ്ങളിൽ അവർ നൃത്തം ചവിട്ടാൻ തുടങ്ങി. ഇതിനെതിരെ ക്രമസമാധാന പ്രശ്‌നങ്ങൾ ഉയർത്തി കൊൽക്കത്ത പോലീസ് നടപടിയെടുത്തു. നിരവധി നിയമനടപടികൾക്ക് ശേഷം 2004ൽ ആണ് ഇതുസംബന്ധമായ സുപ്രീംകോടതിയുടെ അന്തിമവിധിയുണ്ടായത്. രണ്ടു കാര്യങ്ങളാണ് സുപ്രീംകോടതി പറഞ്ഞത്. ഒന്നാമത്തേത് ആനന്ദമാർഗികളുടെ താണ്ഡവനൃത്തം മതത്തിന്റെ അവിഭാജ്യഘടകം (Essential religious practice) ആയിരുന്നുവെങ്കിൽ എന്തുകൊണ്ട് അത് അവരുടെ സ്ഥാപകവർഷമായ 1955ൽ ആരംഭിച്ചില്ല? രണ്ടാമത്തെ കാര്യം; പൊതുസ്ഥലങ്ങളിൽ ജനങ്ങളിൽ മുഴുവൻ ഭീതിയുണ്ടാക്കുന്ന വിധത്തിലും പൊതുജനത്തിന് പരിക്കേൽക്കപ്പെടുകയോ അവർ കൊല്ലപ്പെടുകയോ ചെയ്യുന്ന വിധത്തിലുള്ള ഏതൊരു ആചാരവും ഭരണഘടനയുടെ അനുച്ഛേദം 19ൽ പറഞ്ഞ നിയന്ത്രണങ്ങൾക്ക് വിരുദ്ധമാണ്. Public order, Moraltiy, Health എന്നീ മൂന്നു നിയന്ത്രണങ്ങളെയും അതിലംഘിക്കുന്ന വിധത്തിലാണ് താണ്ഡവനൃത്തം.

ശിരോവസ്ത്രം ആരെയും പരിക്കേൽപിക്കുന്നില്ല

ശിരോവസ്ത്രം ഇസ്‌ലാം പൂർത്തിയാക്കപ്പെട്ട അതിന്റെ ആദ്യനാളുകളിൽ തന്നെ മതത്തിന്റെ അവിഭാജ്യഘടകമായി സ്ഥിരപ്പെട്ട കാര്യമാണ്. പിന്നീട് എത്രയോ കാലങ്ങൾ പിന്നിട്ടശേഷം മുസ്‌ലിംകളിൽ ചിലർ കൊണ്ടുവന്ന ആചാരമല്ല. നൂറ്റാണ്ടുകളായി ഒരു മുസ്‌ലിം സ്ത്രീയെ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന വേഷം കൂടിയാണ് ശിരോവസ്ത്രം. ഒരാൾ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് അയാളുടെയോ മറ്റൊരാളുടെയോ Public order, Moraltiy, Health എന്നിവയെ ബാധിക്കുന്നുമില്ല. ആയുധമേന്തുകയോ ജനങ്ങളുടെ ജീവന് ഭീഷണിയാവുകയോ ചെയ്യുന്നില്ല. അത് സ്ത്രീക്ക് മാന്യതയും സുരക്ഷയും നൽകുന്നതല്ലാതെ അവരുടെ ആരോഗ്യത്തിനോ ജീവിതത്തിനോ ഭീഷണിയാവുന്നുമില്ല. അതുകൊണ്ടുതന്നെ സോളിസിറ്റർ ജനറൽ കൊണ്ടുവന്ന ആനന്ദമാർഗി പ്രശ്‌നം ഒരിക്കലും ഈ വിഷയത്തോട് യോജിച്ചുവരുന്നില്ല എന്ന കാര്യം നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും.

എസെൻഷ്യൽ ആരാണ് തീരുമാനിക്കേണ്ടത്?

എസ്ജി വീണ്ടും ഉദാഹരണത്തിലേക്ക് പ്രവേശിക്കുന്നു: ‘കോവിഡ് കാലത്ത് ഒരുവിഭാഗം രഥയാത്ര സംഘടിപ്പിക്കുന്നു എന്ന് സങ്കൽപിക്കുക. പോലീസ് അവരെ തടയുന്നു. എന്നാൽ ഇത് മതത്തിന്റെ എസെൻഷ്യൽ ആണെന്ന വാദം ഉയരുമ്പോൾ അതിൽ ഇടപെടേണ്ടത് ആരാണ്? അത് കോടതിയാണ്. കോടതിയാണ് അത് തീരുമാനിക്കേണ്ടത്. ശിരൂർ മഠം കേസ് വിധി അതിന് തടസ്സമാവുന്നില്ല.’

ഈ സന്ദർഭത്തിൽ ജസ്റ്റിസ് ഗുപ്ത ആ വിഷയത്തിലേക്ക് പ്രവേശിക്കാതെ ക്വുർആൻ വചനങ്ങളിലേക്ക് വരികയും ഖിമാർ, ഹിജാബ് തുടങ്ങിയ പദങ്ങളെ കുറിച്ച് പരാമർശിക്കുകയും ചെയ്തപ്പോൾ അങ്ങനെയെല്ലാം ക്വുർആൻ പറഞ്ഞുകാണുമെന്നും താനത് വായിച്ചിട്ടില്ലെങ്കിലും അതിനെ അംഗീകരിക്കുന്നുവെന്നും എന്നാൽ ക്വുർആനിൽ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മതാചാരമാവാമെങ്കിലും അത് എസെൻഷ്യൽ ആവണമെന്നില്ല എന്നെല്ലാമായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മതത്തിൽനിന്നും പുറത്താക്കപ്പെടാത്ത എത്രയോ ആളുകളുടെ എണ്ണം തങ്ങളുടെ കൈയിലുണ്ടെന്നും അതെല്ലാം തെളിയിക്കുന്നത് അതൊരു അനുവദനീയമായ കാര്യം എന്നതിനപ്പുറം നിർബന്ധമായ ഒരു ആചാരമാണ് എന്ന് തെളിയുന്നില്ല എല്ലാമായിരുന്നു അദ്ദേഹത്തിന്റെ വാദം.

വിശദീകരണം

മതപരമായ ആചാരങ്ങളുടെ നിർബന്ധസ്വഭാവം, ഐച്ഛിക സ്വഭാവം തുടങ്ങിയവയുടെ തീർപ്പ് അതത് മതങ്ങളുടെ പ്രമാണങ്ങളാണ് തീരുമാനിക്കേണ്ടത് എന്നും മതങ്ങൾക്കിടയിൽതന്നെ അവാന്തര വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളിൽ ഓരോ വിഭാഗവും അവരുടെ പ്രമാണമായി സ്വീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നതുമാണ് പൊതുവിൽ നിയമജ്ഞർ സ്വീകരിച്ചുവരുന്ന നിലപാട്. എന്നാൽ ഏതൊരു ആചാരവും രാജ്യത്തിന്റെ കെട്ടുറപ്പിനെയും രാജ്യം സ്വീകരിച്ചുവരുന്ന ധാർമിക, ആരോഗ്യ കാഴ്ചപ്പാടുകളെയും ലംഘിക്കാത്തവിധവുമായിരിക്കണം.

ആചാരങ്ങളുടെ സംരക്ഷണത്തിന് ഭരണഘടന ഈ ഉപാധിയാണ് വെച്ചിട്ടുള്ളത്. കോടതിക്കോ ജഡ്ജിമാർക്കോ അഭിഭാഷകർക്കോ അവരുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മതാചാരത്തിന്റെ എസെൻഷ്യൽ മെരിറ്റിനെ തീരുമാനിക്കാൻ അവകാശമില്ല.

മതനിരപേക്ഷമായ ബോധ്യത്തിൽ നിന്നല്ല, മറിച്ച് മതപ്രമാണങ്ങളുടെ തീരുമാനങ്ങൾക്കനുസരിച്ച് ഭരണഘടന നിശ്ചയിച്ച ഉപാധികളുടെ അടിസ്ഥാനത്തിൽ മാത്രമെ ഏതൊരു കോടതിക്കും ഇത്തരം വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താൻ കഴിയൂ. മതപ്രമാണങ്ങൾ വ്യാഖ്യാനിക്കേണ്ടത് കോടതികളല്ല എന്നും അതാത് മതങ്ങളുടെ ആധികാരിക പണ്ഡിതരാണ് അത് പറയേണ്ടതെന്നും കോടതികൾ മതപ്രമാണങ്ങൾ വ്യാഖ്യാനിക്കാൻ പാടില്ലെന്നും ബാബരി വിധിയിൽ സുപ്രീം കോടതി പ്രത്യേകം പരാമർശിച്ച കാര്യം കേസിന്റെ പ്രാരംഭഘട്ടത്തിൽ അഭിഭാഷകർ ചൂണ്ടിക്കാണിച്ച കാര്യം ഓർക്കേണ്ടതുണ്ട്.

അടുത്ത ലക്കത്തിൽ:

പൊതുപരിസരങ്ങളിലെ മതവേഷങ്ങളും യൂണിഫോമും