മനുഷ്യൻ എന്ന സൃഷ്ടി

മുബാറക് ബിൻ ഉമർ

2023 സെപ്തംബർ 09 , 1445 സ്വഫർ 24

(മരണാനന്തര ജീവിതം സത്യമോ മിഥ്യയോ? 5)

അണ്ഡാശയങ്ങൾ എസ്ട്രജൻ ഉൽപാദിപ്പിക്കാൻ തുടങ്ങുന്നതുവരെ ഗർഭാശയം സുഷുപ്തിയിലായിരിക്കും. എസ്ട്രജൻ ഗർഭാശയത്തെ ഉണർത്തും. അതിന്റെ വലിപ്പം അൽപം വർധിക്കുകയും കൂടുതൽ മൃദുവായിത്തീരുകയും ചെയ്യും. ഗർഭാശയത്തിന്റെ ഉള്ളിലെ പാളിയായ എൻഡോമെട്രിയത്തിൽ പുതിയ രക്തവാഹിനികളുണ്ടായി അതിലേക്ക് രക്തപ്രവാഹം വർധിക്കും. ചില പുതിയ ഗ്രന്ഥികൾ ഉണ്ടാകുകയും വലുതാകുകയും ചെയ്യുന്നതിന്റെ ഫലമായി എൻഡോമെട്രിയത്തിന്റെ കട്ടി ഒരു മില്ലി മീറ്ററിൽനിന്ന് നാല് മില്ലി മീറ്ററായി വർധിക്കുന്നു. അപ്പോൾ അണ്ഡോത്സർജനം സംഭവിക്കുന്നു. സ്വയം പൊട്ടി അണ്ഡത്തെ സ്വന്തമാക്കിയ ഫോളിക്കിളിൽ പുതിയ ചില കോശങ്ങൾ വളർന്നുവരികയും മഞ്ഞക്കരു(CORPUS LUTEUM) എന്ന് വിളിക്കപ്പെടുന്ന ഒരു ഗ്രന്ഥിയായി മാറുകയും ചെയ്യുന്നു. അതിൽനിന്നുൽപാദിപ്പിക്കപ്പെടുന്ന പ്രോസ്റ്ററോൺ എന്ന പുതിയ ഹോർമോണിന്റെ സ്വാധീനംകൊണ്ട് എൻഡോമെട്രിയത്തിലെ ഗ്രന്ഥികൾ വലുതായി വീർക്കും. അതോടൊപ്പം എൻഡോമെട്രിയം ഒരുതരം ദ്രാവകം സ്രവിക്കാനാരംഭിക്കും. ഇതെല്ലാം ബീജസങ്കലിതമായ അണ്ഡത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ്. മൂന്നാഴ്ചയോളം പിറ്റിയൂട്ടറി ഗ്രന്ഥിയും അണ്ഡാശയങ്ങളും ഗർഭാശയവും കൂടി ഭ്രൂണത്തെ സ്വീകരിക്കാനും സംരക്ഷിക്കാനുമുള്ള തയ്യാറെടുപ്പിലാണ്. ഇനി ബീജസങ്കലനം നടക്കാതിരുന്നാൽ മഞ്ഞക്കരു ഹോർമോണുകളുടെ ഉദ്പാദനം നിർത്തും. എസ്ട്രജന്റെയും പ്രോജസ്റ്ററൊണിന്റെയും അളവ് പെട്ടെന്ന് കുറയും. അതോടെ എൻഡോമെട്രിയത്തിലെ പുതിയ വളർച്ച അടർന്നുപോകുകയും രക്തവാഹിനികൾ പൊട്ടി രക്തസ്രാവമുണ്ടാകുകയും ചെയ്യും. ഇതാണ് ആർത്തവം.

പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിച്ചാണ് ഭ്രൂണമുണ്ടാകുന്നതെന്ന് പറഞ്ഞല്ലോ, സൃഷ്ടിപ്പിൽതന്നെ ആൺ-പെൺ ആകർഷണം സ്രഷ്ടാവ് സന്നിവേശിപ്പിച്ചിരിക്കുന്നു. മണ്ണിലെ മൂലകങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യനിൽ വികാരം, വിചാരം, ബുദ്ധി, ബോധം, ഭാവന തുടങ്ങിയ അതിശയകരങ്ങളായ കഴിവുകൾ നിക്ഷേപിച്ചു. രണ്ട് വർഗങ്ങൾ; ആണും പെണ്ണും. അടിസ്ഥാന ഘടകങ്ങളും ഫോർമുലയും ഒന്നുതന്നെ. എങ്കിലും ശരീര ഘടനയും മാനസിക ഗുണങ്ങളും വികാരങ്ങളും പ്രവണതകളും ഭിന്നമാണ്. അവയ്ക്കിടയിൽ ഓരോന്നിനും മറ്റേതിനു ജോഡിയാവുക എന്ന യോജിപ്പുമുണ്ട്. ശാരീരികവും മാനസികവുമായ അഭിലാഷങ്ങളുടെയും താൽപര്യങ്ങളുടെയും ഉത്തരം ഇണയിൽ കണ്ടെത്തുന്നു. സ്ത്രീയുടെ പ്രകൃതിപരമായ ആവശ്യങ്ങളും താൽപര്യങ്ങളും പുരുഷനിലൂടെ നിവർത്തിക്കപ്പെടുന്നു. പുരുഷന്റെത് സ്ത്രീയിലൂടെ തിരിച്ചും. ഇരു കൂട്ടരും പരസ്പരം ബന്ധപ്പെട്ട് ശാന്തിനേടണം. ഒരു വർഗത്തിൽ മറ്റേ വർഗത്തോട് ചേരാനുള്ള ദാഹം നിക്ഷേപിക്കപ്പെട്ടു. ആകർഷണവും ദാഹവും പൂർത്തീകരിച്ചുകൊണ്ട് പരസ്പരം ഇണകളായി വർത്തിച്ചില്ലെങ്കിൽ ശാന്തിനേടുക അസാധ്യമായിരിക്കും. ഇതാണ് അടിസ്ഥാനം. അങ്ങനെ വീടുണ്ടായി. കുടുംബവും സമൂഹവുമായി. സംസ് കാരവും നാഗരികതയും അങ്ങനെയാണുടലെടുക്കുന്നത്.

ബീജവും അണ്ഡവും ഉൽപാദിപ്പിക്കപ്പെടുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. വൃഷണങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങൾ ശ്ലേഷ്മഗ്രന്ഥികളിലും പ്രോ സ്റ്റേറ്റ് ഗ്രന്ഥികളിലും ഉൽപാദിപ്പിക്കപ്പെടുന്ന സ്രവങ്ങളുമായി ചേർന്ന് ശുക്ലം പുറത്തുപോകുന്നത് മൂത്രനാളത്തിലൂടെയാണ്. മൂത്രാവയവവും പ്രത്യുൽപാദനാവയവുമായ പുരുഷലിംഗത്തിൽവച്ച് ശുക്ലവും മൂത്രവും ഒരിക്കലും കൂടിക്കലരുന്നില്ല. മൂത്രനാളത്തെ പൊതിഞ്ഞുകൊണ്ട് ഉദ്ധരണകല (ERECTILE TISSUE) കൊണ്ട് നിർമിക്കപ്പെട്ട നീണ്ട രണ്ട് മാംസദളങ്ങളുണ്ട് (COPORA CAVERNOSA). ഈ മാംസദളങ്ങൾക്കുള്ളിൽ അനേകം പഴുതുകളുണ്ട്. ലൈംഗികോത്തേജനം ഉണ്ടാകുമ്പോൾ ഈ പഴുതുകളിൽ രക്തംവന്നു നിറയുകയും മാംസദളങ്ങൾ വീർക്കുകയും ചെയ്യുന്നു. അങ്ങനെ ലിംഗം ഉദ്ധരിക്കും. ഉദ്ധരിക്കുന്നതോടുകൂടി മൂത്രനാളിയിൽനിന്നുള്ള കവാടങ്ങൾ അടയുന്നതുകൊണ്ട് ശുക്ലവും മൂത്രവും കൂടിക്കലരുന്നില്ല. അമ്ലഗുണമുള്ള മൂത്രം ബീജങ്ങളെ നശിപ്പിക്കും എന്ന സാധ്യത ഉണ്ടാകുന്നില്ല. ഇതിനുപുറമെ മറ്റൊരു സംവിധാനം കൂടിയുണ്ട്. ശുക്ലസ്രാവത്തിനു മുമ്പ് ലിംഗത്തിലൂടെ സ്രവിക്കപ്പെടുന്ന ക്ഷാരഗുണമുള്ള ദ്രാവകം മൂത്രനാളിയിൽ ഉണ്ടാകാനിടയുള്ള അമ്ലാംശങ്ങളെ നിർവീര്യമാക്കും.

സ്രവിക്കപ്പെടുന്ന ശുക്ലത്തിലെ ബീജങ്ങളെല്ലാം ഗർഭാശയത്തിലേക്ക് നീങ്ങുമെങ്കിലും ബഹുഭൂരിഭാഗവും അണ്ഡത്തിനടുത്തെത്തും മുമ്പ് നശിക്കും. ആർത്തവചക്രത്തിന്റെ മധ്യത്തിൽ ഒരണ്ഡം അണ്ഡാശയത്തിൽനിന്ന് വേർപ്പെട്ട് അണ്ഡവാഹിനിക്കുഴലിലേക്ക് സഞ്ചരിക്കുന്നു. ഗർഭാശയ മുഖത്തുനിന്നും ബീജം അണ്ഡവാഹിനിക്കുഴലിലെത്താൻ ഒരു മണിക്കൂറെങ്കിലും സമയമെടുക്കും. അണ്ഡോൽസർജനത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ ബീജം അണ്ഡവാഹിനിക്കുഴലിലെത്തിയാൽ മാത്രമെ ബീജസങ്കലനം നടക്കൂ. അണ്ഡവാഹിനിക്കുഴലിലെത്തുന്ന നൂറുകണക്കിന് ബീജങ്ങളിൽ ലക്ഷണമൊത്ത ഒന്ന് മാത്രമാണ് അണ്ഡവുമായി സംയോജിക്കുക. അണ്ഡവാഹിനിക്കുഴലിന്റെ ആദ്യഭാഗത്തുവച്ചാണ് സാധാരണയായി ബീജസങ്കലനം നടക്കുക. ബീജസങ്കലനം നടന്നാൽ അത് സിക്താണ്ഡം (ZYGOTE) എന്നറിയപ്പെടുന്നു. അതാണ് ഭ്രൂണമായിത്തീരുന്നത്. അണ്ഡത്തിനുള്ളിൽ കടക്കുന്നതോടെ ബീജത്തിന്റെ വാൽ നഷ്ടപ്പെടും. അണ്ഡത്തിന്റെ ഭിത്തിക്ക് കട്ടികൂടും. ഒന്നിലധികം ബീജങ്ങൾ അണ്ഡത്തിലേക്ക് കടക്കാതിരിക്കാനാണ് ഇത്. അങ്ങനെ സംഭവിച്ചാൽ ഭ്രൂണം നശിച്ചേക്കാനിടയുണ്ട്.

ഗർഭാശയത്തിലെക്ക് അണ്ഡവാഹിനിക്കുഴലിലൂടെ ഭ്രൂണം നീങ്ങിത്തുടങ്ങുന്നു. കുഴലിന്റെ നിരന്തരമായ സങ്കോചങ്ങളാണ് ഭ്രൂണത്തെ മുന്നോട്ട് നീക്കുന്നത്. നാലാം ദിവസമാണ് ഗർഭാശയത്തിലെത്തുക. ഈ സഞ്ചാരത്തിനിടയിൽ ഭ്രൂണത്തിൽ കോശവിഭജനം നടക്കാനാരംഭിക്കും. ഓരോ 12 മണിക്കൂറിലും വിഭജനം ആവർത്തിക്കും. എന്നിട്ട് ഒരു പന്തിന്റെ ആകൃതിയാകും ഗർഭപാത്രത്തിലെത്തുമ്പോൾ. ഉള്ളുപൊള്ളയായ ഈ പന്തിനെ ഉള്ളിൽനിന്ന് പൊതിഞ്ഞുകൊണ്ട് പാളീകോശങ്ങളും ഒരുഭാഗത്ത് കോശങ്ങളുടെ ഒരു കൂമ്പാരവും ഉള്ളിൽ കുറച്ച് ദ്രാവകമാണുണ്ടാവുക. ഏഴാം ദിവസം ഭ്രൂണം ഗർഭപാത്രത്തിന്റെ ആന്തരിക പാളിയായ എൻഡോമെട്രിയത്തിന്റെ കോശങ്ങളെ ദ്രവീകരിച്ചു തുളച്ച് ഉള്ളിൽ കടക്കാൻ തുടങ്ങും. ഒമ്പതാം ദിവസം ഭ്രൂണം പൂർണമായും എൻഡോമെട്രിയത്തിന്റെ ഉള്ളിൽ ചൂഴ്ന്നിറങ്ങിയിട്ടുണ്ടാകും. ഗർഭാശയത്തിൽ ഭ്രൂണം പറ്റിപ്പിടിച്ചു കിടക്കുന്നതിനാണ് പ്രതിഷ്ഠാപനം (IMPLANTATION) എന്ന് പറയുന്നത്. ‘അലക്വ്’ എന്നും ‘അലക്വത്ത്’ എന്നും ക്വുർആൻ പ്രയോഗിച്ചിരിക്കുന്നത് ഇതിനെ കുറിച്ചാണ്. ‘എന്തിലെങ്കിലും ഒട്ടിപ്പിടിക്കുകയോ പറ്റിപ്പിടിക്കുകയോ ചെയ്യുന്ന വസ്തു’ എന്നാണ് ഈ പദത്തിന്റെ ഭാഷാർഥം. ഗർഭാശയഭിത്തിയിൽ പട്ടിപ്പിടിച്ചാണ് ഭ്രൂണം വളരുന്നത്. പുതിയ കോശങ്ങളും കലകളുമുണ്ടാകുന്നത് പ്രതിഷ്ഠാപനത്തിനു ശേഷമാണ്.

എൻഡോമെട്രിയത്തിന്റെ ഭി ത്തിയിൽ പറ്റിപ്പിടിച്ച് ഭ്രൂണം വളരാനരംഭിക്കുന്നു. ഗർഭസ്ഥശിശുവിനെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും വേണ്ടിയുള്ള സംവിധാനമാണ് ഗർഭാശയം. 8 സെ.മീ.നീളവും 6 സെ.മീ.വീതിയും 4 സെ.മീ. കനവുമാണ് സാധാരണ അവസ്ഥയിൽ ഗർഭാശയത്തിനുണ്ടാകുക. ഗർഭത്തിനു മുമ്പ് മൂത്രാശയത്തിന് പിന്നിലുണ്ടായിരുന്ന ഗർഭാശയം ഗർഭിണിയാകുന്നതോടെ സജീവമാകുന്നു. ഉറപ്പേറിയ അവയവമായിരുന്ന ഗർഭപാത്രം ഭ്രൂണം വളരാനാരംഭിക്കുന്നതോടെ മൃദുവായിത്തീരും. ഭ്രൂണത്തിന്റെ വളർച്ചക്കനുസരിച്ച് ഗർഭാശയവും വളരും. 8 സെ.മീ. വലിപ്പമുണ്ടായിരുന്ന ഇത് പ്രസവിക്കുമ്പോൾ 30 സെ.മീ. ആയിത്തീരും. ഒരു സ്പൂൺ കൊള്ളുന്ന ഗർഭപാത്രത്തിന്റെ ഉൾവ്യാപ്തം അഞ്ഞൂറു മടങ്ങ് വർധിച്ച് അഞ്ചു ലിറ്ററോളമാകും. ഭാരം ഒരു കിലോഗ്രാമിലധികമായിത്തീരും.

ഭ്രൂണത്തിന്റെ ഘട്ടംഘട്ടമായുള്ള വളർച്ചക്കാവശ്യമായ സംവിധാനങ്ങൾ സ്രഷ്ടാവ് ഒരുക്കിയിട്ടുണ്ട്. കട്ടിയുള്ള മൂന്നു പേശികൾകൊണ്ടാണ് ഗർഭപാത്രം നിർമിക്കപെട്ടിരിക്കുന്നത്. ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തിന് അടിവയറിന്റെ ഭിത്തിയും ശിശുവിനെ പൊതിഞ്ഞ് കിടക്കുന്ന കോറിയോൺ -ആംനിയോൺ പാടകളും അതുൾകൊള്ളുന്ന പ്ലാസന്റയുമുണ്ട്. ഇപ്രകാരം മൂന്നു ഭിത്തികളുടെ സംരക്ഷണയിലാണ് ശിശുവിന്റെ വളർച്ച. ശിശുവിന്റെ ദേഹത്ത് വെളിച്ചം തട്ടുന്നത് വളർച്ചയെ തടയും. ഈ ഭിത്തികൾ വെളിച്ചത്തെ തടയുന്നു. ഈ മൂന്നു സംരക്ഷണ ഭിത്തികളെ സൂചിപ്പിച്ചുകൊണ്ട് ക്വുർആനിൽ ഇങ്ങനെ കാണാം:

“നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ മൂന്നുതരം ഇരുട്ടുകൾക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടത്തിന് ശേഷം മറ്റൊരുഘട്ടമായിക്കൊണ്ട് നിങ്ങളെ അവൻ സൃഷ്ടിക്കുന്നു’’ (സുമർ 6).

സിക്താണ്ഡമാകുന്നതോടെ ലിംഗനിർണയം നടക്കുന്നു. മനുഷ്യകോശത്തിൽ 23 ജോഡികളായി 46 ക്രോമസോമുകളാണുള്ളത്. ഇതിൽ ഒരു ജോഡി ലിംഗനിർണയ ക്രോമസോമുകളാണ്. X സ്ത്രീ ക്രോമാസോമും Y പുരുഷക്രോമസോമുകളുമാണ്. പുരുഷകോശത്തിലെ ലിംഗനിർണയ ക്രോമസോം XY ആയിരിക്കും. ഇതിലെ പ്രഭാവിയായ Y ക്രോമസോം അപ്രഭാവിയായ X ക്രോമസോമിനെ നിഷ്‌ക്രിയമാക്കുകയും കോശം പുരുഷസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകോശത്തിലെ ലിംഗനിർണയ ക്രോമസോം ജോഡി XX ആണ്. രണ്ടും തുല്യ പ്രഭാവമുള്ള സ്ത്രീ ക്രോമസോമുകളായതിനാൽ പ്രസ്തുത കോശം സ്‌ത്രൈണ സ്വഭാവം പ്രകടിപ്പിക്കുന്നു.

അതിവേഗത്തിലാണ് ഭ്രൂണവളർച്ച. ശരീരത്തിലെ മറ്റൊരു കലയും ഇത്ര വേഗത്തിൽ വളരുന്നില്ല. ഒമ്പത് മാസംകൊണ്ട് ഒരു കോശം രണ്ടായിരം കോടി കോശങ്ങളായിതീരുന്നു. ഏതാനും മില്ലിഗ്രാം മൂന്ന് കിലോ ഗ്രാമായിതീരും. ഗർഭാശയഭിത്തിയിൽ പറ്റിപിടിച്ചുകൊണ്ടുള്ള ഭ്രൂണത്തിന്റെ വളർച്ച ആദ്യ ഘട്ടത്തിൽ സാവധാനത്തിലായിരിക്കും. ഇരുപത്തിനാലാം ദിവസമാകുമ്പോഴെക്ക് ഭ്രൂണം കാഴ്ചയിൽ ഗർഭാശയഭിത്തിയിൽ അള്ളിപ്പിടിച്ച് കിടക്കുന്ന അട്ടയെ പോലെയിരിക്കും. ഇരുപത്തിയേഴുദിവസം കഴിഞ്ഞ ഭ്രൂണം ചവച്ചുതുപ്പിയ മാംസക്കഷ്ണം പോലെയായിരിക്കും. ക്രമരഹിതമായ പ്രതലങ്ങളുള്ള, മൃദുലമായ ഒരു മാംസപിണ്ഡം. ചവച്ചുതുപ്പിയതുപോലെ തോന്നിക്കുന്ന പല്ലയാടങ്ങൾ. ഈ അവസ്ഥയെ കുറിച്ചാണ് ‘മുദ്ഗ’ എന്ന് ക്വുർആൻ പറയുന്നത്. ‘ചവച്ചരക്കപ്പെട്ടത്’ എന്നാണ് പദത്തിന്റെ അർഥം.

ചവച്ചരച്ച മാംസപിണ്ഡം പോലെയിരുന്ന ഭ്രൂണത്തിൽനിന്ന് അഞ്ചാഴ്ചയായാൽ അസ്ഥികൾ ഉണ്ടാകാൻ തുടങ്ങും. കൈവിരലുകളിലെ അസ്ഥി പ്രത്യക്ഷപ്പെടാനാരംഭിക്കും. പിന്നീട് പതുക്കെ പതുക്കെ അസ്ഥികൂടത്തിന്റെ പ്രാഥമികരൂപം ഉടലെടുക്കും. അസ്ഥികളിൽ മാംസപേശികൾ പൊതിയുമ്പോൾ രൂപം പൂണ്ട മനുഷ്യശിശുവുണ്ടാകുന്നു.

ഈ കാര്യം വ്യക്തമായി ക്വുർആൻ ചൂണ്ടിക്കാട്ടുന്നു: “തീർച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തിൽനിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമാക്കി രൂപപ്പെടുത്തി. തുടർന്ന് ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. എന്നിട്ട് അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു’’ (മുഅമിനൂൻ 12-14).

ഭ്രൂണത്തിനാവശ്യമായ ജലം, ഓക്‌സിജൻ, ഭക്ഷണം തുടങ്ങിയവയെല്ലാം മാതാവിന്റെ ശരീരത്തിൽ നിന്ന് വലിച്ചെടുക്കുന്നു. ഇതിനു ഭ്രൂണത്തെ സഹായിക്കാൻ മറുപിള്ള (placenta) എന്ന അവയവമുണ്ടാകും. ഇരുപത് സെ.മീ. വ്യാസവും ഒരിഞ്ചു കട്ടിയുമുള്ള വൃത്താകൃതിയിലുമുള്ള, പരന്ന ഒന്നാണ് മറുപിള്ള. ഗർഭപാത്രത്തിന്റെ ഭിത്തിയോട് ഒട്ടിപ്പിടിച്ചു കിടക്കുന്ന മറുപിള്ളയിൽനിന്നാണ് പൊക്കിൾകൊടിയുണ്ടാകുന്നത്. ഒരു പിരിയൻ കയറുപോലിരിക്കുന്ന പൊക്കിൾകൊടിയിൽ രണ്ടുധമനികളും ഒരു സിരയുമുണ്ടാകും. മാതൃശരീരത്തിൽനിന്ന് ഭക്ഷണവും ഓക്‌സിജനും വഹിച്ചുകൊണ്ടുള്ള രക്തം സിരയിലൂടെ ഭ്രൂണശരീരത്തിലേക്കെത്തും. വിസർജ്യ വസ്തുക്കളടങ്ങിയ രക്തം ധമനികളിലൂടെ ഭ്രൂണത്തിൽനിന്ന് മറുപിള്ളയിലേക്കും ഒഴുകുന്നു. ഭ്രൂണത്തിന്റെ വയറിന്റെ മധ്യത്തിലുള്ള പൊക്കിൾകൊടി ജനനശേഷം അനാവശ്യമായതിനാൽ പറിഞ്ഞുപോകുകയും അവിടെ പൊക്കിൾ അവശേഷിക്കുകയും ചെയ്യും.

മാതാവിന്റെ രക്തത്തിലെ സകലവസ്തുക്കളെയും ഭ്രൂണത്തിലേക്ക് കടക്കാൻ മറുപിള്ള അനുവദിക്കില്ല. ഭ്രൂണത്തിനാവശ്യമുള്ളവമാത്രം കടത്തിവിടുന്ന അരിപ്പയാണ് മറുപിള്ള. ബാക്ടീരിയ, വൈറസ് എന്നിവയിൽ മിക്കതിനെയും തടയും. എന്നാൽ സിഫിലിസ് ബാക്ടീരിയയും എയിഡ്‌സ് വൈറസും മറുപിള്ളയിലൂടെ കടന്ന് ഭ്രൂണത്തിൽ പ്രവേശിക്കും. ഈ രോഗമുള്ള മാതാക്കളുടെ കുഞ്ഞുങ്ങൾക്ക് രോഗമുണ്ടാകാൻ അതാണ് കാരണം.

കടിച്ച മാംസക്കഷ്ണം പോലെ തോന്നിയിരുന്ന ഭ്രൂണം ജീവിയുടെ രൂപത്തിലാകാനാരംഭിക്കുന്നത് ആറാഴ്ച കഴിയുന്നതോടെയാണ്. അസ്ഥിയാണ് ആദ്യം രൂപംകൊള്ളുന്നത്. അതോടൊപ്പം പേശികളും ത്വക്കും ഉണ്ടാകാനാരംഭിക്കുന്നു. ഒപ്പം ബാഹ്യാവയവങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. നാഡീ വ്യൂഹമായിത്തീരേണ്ട ന്യൂറിൽ ട്യൂബിെൻറയും നോട്ടാകോർഡിന്റെയും വശങ്ങളിലായി രൂപപ്പെടുന്ന പല്ലടയാളം പോലെയുള്ള സോമൈറ്റുകൾ പൂർണമാകുന്നു. ആറാമത്തെ ആഴ്ചമുതൽ ഭ്രൂണം ഗർഭസ്ഥ ശിശുവായിത്തീരുന്ന എട്ടാമത്തെ ആഴ്ചവരെയുള്ള സമയത്താണ് അസ്ഥികളും പേശികളും ചർമവും ബാഹ്യാവയവങ്ങളുമൊക്കെ ഉണ്ടാകുന്നത്. സോമൈറ്റുകളുടെ കേന്ദ്രഭാഗത്തുനിന്ന് പേശീകോശങ്ങൾ, പള്ളഭാഗത്തുനിന്ന് അസ്ഥി കോശങ്ങൾ, അടിഭാഗത്തുനിന്ന് ത്വക്ക് കോശങ്ങൾ എന്നിവ വളരാൻ തുടങ്ങും.

ഭ്രൂണാവസ്ഥയിലുള്ള പേശികളുടെ നിർമാണമാണ് പേശീരൂപീകരണം അഥവാ മയോജനസിസ് (MAYOGENESIS) എന്നറിയപ്പെടുന്നത്. മയോസൈറ്റുകൾ (MYOCYTES) എന്ന് വിളിക്കപ്പെടുന്ന പേശീകോശങ്ങൾ ഒന്നിച്ചു ചേർന്ന് പേശീ കലകളുണ്ടാകുന്നു. പേശീകോശങ്ങളായിത്തീരേണ്ട പ്രത്യേക കോശങ്ങളാണ് മയോബ്ലാസ്റ്റുകൾ (MYOBLASTS). ഒന്നിലധികം മയോബ്ലാസ്റ്റുകൾ കൂടിച്ചേർന്നാണ് മയോസൈറ്റുകൾ ഉണ്ടാകുന്നത്. അവയിൽ ഒന്നിലധികം കോശകേന്ദ്രങ്ങൾ ഉണ്ടാകും. ഹൃദയപെശികളായിത്തീരുന്നവ (CARDIAC MYOCYTES), അസ്ഥിപേശികളായിത്തീരുന്നവ (SKELTED MYOCYTES), മൃദുപേശികളായിത്തീരുന്നവ (SMOOTH MYOCYTES) ഇങ്ങനെ മൂന്നുതരം മയോസൈറ്റുകളാണുള്ളത്. ഹൃദയ മയോസൈറ്റുകളും മൃദുല മയോസൈറ്റുകളും സ്വതന്ത്രമായി വളർന്നു ഹൃദയപേശികളും വ്യത്യസ്ത ആന്തരാവയവങ്ങളിലെ പേശികളുമായിത്തീർന്ന് മനുഷ്യർക്ക് ഇഷ്ടാനുസരണം ചലിപ്പിക്കാനാവാത്ത വിധം നിലനിൽക്കും. എന്നാൽ അസ്ഥിമയോസൈറ്റുകൾ എല്ലുകളോടോപ്പം രൂപീകരിക്കപ്പെട്ട് അവയെ പൊതിഞ്ഞ് ഐഛിക ചലനത്തിന് സാധ്യമാകുന്ന വിധത്തിൽ വിന്യസിക്കും. പേശികൾ അസ്ഥികളെ പൊതിയുമ്പോഴാണ് ചലനവ്യവസ്ഥ (LOCOMOTOR SYSTEM) രൂപം കൊള്ളുന്നത്. അസ്ഥികളും തണ്ടാസ്ഥികളും പേശികളും സ്‌നായുക്കളും (TENDONS) സന്ധിബന്ധങ്ങളും (LIGAMENTS) സന്ധികളും (JOINTS) ചേരുന്നതാണ് ചലനവ്യവസ്ഥ. ഇതിനെ പേശീയ അസ്ഥിവ്യവസ്ഥ (MUSCULOSKELETAL SYSTEM) എന്ന് വിളിക്കുന്നു.

അസ്ഥിരൂപീകരണത്തോടൊപ്പം തന്നെയാണ് പേശീരൂപീകരണവും നടക്കുന്നത്. അസ്ഥികളിൽ പേശികൾ പൊതിയുന്നതോടെ ബാഹ്യാവയവങ്ങളുണ്ടാകുന്നു. കൈകാലുകളും നെഞ്ചുമെല്ലാം രൂപപ്പെടുമ്പോൾ ഹൃദയപേശികളും മൃദുലപേശികളും ആന്തരാവയവങ്ങൾക്ക് രൂപംനൽകുന്നു. ബാഹ്യാവയവങ്ങൾ ഉണ്ടാകുമ്പോൾ ആന്തരാവയവങ്ങളുമുണ്ടായിവരുന്നു.

(തുടരും)