അദൃശ്യജ്ഞാനവും ഖലീഫമാരും ജിഫ്രി തങ്ങളുടെ ഹദീസ് ദുർവ്യാഖ്യാനവും

മൂസ സ്വലാഹി കാര

2023 ജനുവരി 28, 1444 റജബ് 5

ഇസ്‌ലാമിക ചരിത്രത്തിൽ നബി ﷺ യുടെ വഫാത്തിന് ശേഷം സത്യസന്ധമായി ഭരണം നിർവഹിച്ചവരാണ് നാല് ഖലീഫമാർ. ആദ്യമായി ഇസ്‌ലാമിലേക്ക് മുൻകടന്നവർ, ഉത്തമ തലമുറയിലെ പ്രധാനികൾ, സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരിൽ ആദിമർ... ഇതെല്ലാം ഇവരുടെ സവിശേഷതകളാണ്.

ഏൽപിക്കപ്പെട്ട അധികാരം മുതലെടുത്ത് മതകാര്യത്തിൽ മാറ്റം വരുത്താനോ, പ്രമാണങ്ങളെ അവഗണിക്കാനോ അവർ തുനിഞ്ഞിട്ടില്ല. കപടന്മാരും മതവിമുഖരും അക്കാലത്ത് പരസ്യമാക്കിയ വ്യതിയാന ചിന്തകളെ മുച്ചൂടും എതിർത്ത് തിളക്കമാർന്ന വിജയം കൈവരിച്ചവരായിരുന്നു അവർ.

മതവിഷയങ്ങളിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമ്പോൾ നാം സ്വീകരിക്കേണ്ട സമീപനത്തെ സംബന്ധിച്ച് നബി ﷺ പറഞ്ഞത് ‘നിങ്ങൾ എന്റെ സുന്നത്തും സച്ചരിതരായ ഖലീഫമാരുടെ ചര്യയും മുറുകെ പിടിക്കുക, അണപ്പല്ലുകൊണ്ട് അതിനെ കടിച്ച് പിടിക്കുക’ (അബൂദാവൂദ്) എന്നാണ്.

നബിചര്യയെപ്പറ്റി ഏറ്റവും അറിവുള്ളതിനാലും അതിനെ അനുധാവനം ചെയ്യുന്നതിൽ കണിശത കാണിച്ചതിനാലും എത്ര നിസ്സാരമായ അനാചാരവും ശ്രദ്ധയിൽ പെട്ടാൽ അതിനെ അടിവേരോടെ പിഴുതെറിയാൻ ശ്രമിച്ചതിനാലും അവർ ഈ ബഹുമതിക്ക് അർഹരാണ്.

ഖലീഫമാരിൽ ഓരോരുത്തർക്കുമുള്ള പ്രത്യേകതകൾ ഹദീസുകളിൽ വന്നിട്ടുണ്ട്. അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർ അവർക്കുള്ള മഹത്ത്വത്തെപ്പറ്റി വിശദീകരിച്ചിട്ടുമുണ്ട്. ഇതെല്ലാം അവഗണിച്ച് അവരുടെ പേരിൽ കളവ് പ്രചരിപ്പിക്കുക എന്നത് എത്ര വലിയ പാതകമാണ്!

ഖലീഫമാരിൽ ചിലരോട് കഠിന വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തി, മറ്റു ചിലരെ മുന്നിൽ നിർത്തി അനിസ്‌ലാമികത പ്രചരിപ്പിച്ച ശിയാക്കളോട് ആശയതലത്തിൽ ഇഴുകിച്ചേർന്നവരാണല്ലോ സമസ്തക്കാർ. എം. പി മുസ്തഫൽ ഫൈസിയുടെ മേൽനോട്ടത്തിലുണ്ടായിരുന്ന ‘അൽ മുബാറക്’ പത്രത്തിൽ എഴുതിയത് കാണുക: “അടിസ്ഥാന വിശ്വാസമായ തൗഹീദിൽ സുന്നികളും ശിയാക്കളും യോജിക്കുന്നു’’ (1989 ആഗസ്റ്റ് 16/ പേജ് 5).

ശിയാക്കളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് നിരന്തരം ഉദ്‌ഘോഷിക്കുന്നവരുടെ യഥാർഥ മുഖമാണിത്. ശിയാ ഇമാമുമാർക്ക് ആദൃശ്യ കാര്യങ്ങൾ അറിയാൻ സാധിക്കുമെന്ന അവരുടെ അടിസ്ഥാന വിശ്വാസത്തിന് സമാനമായി നാല് ഖലീഫമാർക്കും മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിയുമെന്നാണ് സമസ്ത പുരോഹിതന്മാരുടെ ജൽപനം. ഖലീഫമാരെ ആക്ഷേപിക്കുന്ന ശിയാക്കളോട് ഒത്തുപോകാൻ ഒരു മടിയുമില്ലാതെ അവരുടെ മേൽ ശുദ്ധ നുണ പറഞ്ഞ് പരത്തുകയാണ് ഇവർ.

കടപ്പുറത്ത് സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ ജിഫ്രി തങ്ങൾ നാല് ഖലീഫമാരുടെയും പേരിൽ ശിർക്ക് സ്ഥാപിക്കാൻ വേണ്ടി വായിച്ച തെളിവുകളുടെ അവസ്ഥ എന്തെന്ന് പരിശോധിക്കാം.

അബൂബക്ർ(റ) അദൃശ്യകാര്യങ്ങൾ അറിഞ്ഞിരുന്നു എന്നതിന് അദ്ദേഹം നിരത്തുന്ന തെളിവ് അബൂബക്ർ(റ) തന്റെ മരണ സന്ദർഭത്തിൽ സ്വത്തുമായി ബന്ധപ്പെട്ട് മകൾ ആഇശ(റ)യോട് നടത്തിയ സംസാരമാണ്. വ്യത്യസ്ത റിപ്പോർട്ടുകളിൽ വന്നിട്ടുള്ള ആ സംഭവത്തിലുള്ളതിന്റെ ചുരുക്കം ഇപ്രകാരമാണ്: ‘നിശ്ചയം, ഇന്നത് രണ്ട് സഹോദരങ്ങൾക്കും സഹോദരിമാർക്കും കൂടിയുള്ള സ്വത്താണ്. അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് നിങ്ങൾ അതിനെ വീതിക്കുക.’ ഒരു സഹോദരി അസ്മാഅ് ആണ്, മറ്റൊരു സഹോദരി ആരെന്ന് മഹതി ചോദിച്ചു. അബൂബക്ർ(റ) പറഞ്ഞു: ‘ഖാരിജയുടെ വയറ്റിലുള്ള കുട്ടിയാണത്. അത് പെൺകുട്ടിയാണെന്ന് ഞാൻ വിചാരിക്കുന്നു’ (മുവത്വ).

ഹബീബ ബിൻത് ഖാരിജതുൽ അൻസ്വാരി എന്ന ഭാര്യയിൽ തനിക്ക് ജനിക്കാൻ പോകുന്ന കുട്ടിയെപ്പറ്റി ‘അത് പെൺകുട്ടിയാണെന്ന് ഞാൻ കരുതുന്നു’ എന്ന് അദേഹം പറഞ്ഞതിലാണ് മുസ്‌ലിയാർ കടിച്ചുതൂങ്ങിയിട്ടുള്ളത്.

‘ഞാൻ കരുതുന്നു,’ ‘ഞാൻ കാണുന്നു,’ ‘ഞാൻ സംശയിക്കുന്നു’ എന്നിങ്ങനെ ഹദീസുകളിലുള്ള പദങ്ങളുടെ ശരിയായ അർഥവും ആശയവും ഗ്രഹിക്കാതെ അദൃശ്യമറിയലായി വ്യാഖ്യാനിക്കുന്നത് തങ്ങളുടെ വികലവിശ്വാസങ്ങൾക്ക് തെളിവുണ്ടാക്കുവാൻ മാത്രമാണ്.

അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ രണ്ട് നിലയ്ക്കാണ് ഇതിനെ വിശദീകരിച്ചിട്ടുള്ളത്. അബൂബക്‌റി(റ)ന് അല്ലാഹു നൽകിയ കറാമത്തെന്നോണം ഉണ്ടായ ദർശനമാണെന്നതാണ് ഒരഭിപ്രായം. കറാമത്തായതിനാൽ അദേഹത്തിന്റെ ഇഷ്ടപ്രകാരമോ, മരണ ശേഷമോ ഇതുണ്ടാകില്ല. എല്ലാ ഗൈബുകളും അറിയുക എന്നതും ഇതുകൊണ്ട് സാധ്യമല്ല. ഇതിന്റെ അടിസ്ഥാനത്തിൽ അബൂബക്ർ(റ) അദൃശ്യങ്ങൾ അറിയുന്ന വലിയ്യാണെന്ന വിശ്വാസം അഹ്‌ലുസ്സുന്ന വൽജമാഅക്കില്ല. അതോടൊപ്പം ശിയാക്കളും സൂഫികളും വിശ്വസിച്ച് പോരുന്ന നിരർഥക ‘കശ്ഫ്’ വാദവുമായും ഇതിന് ബന്ധമില്ല.

ഇമാം നവവി(റഹി) തന്റെ മജ്മൂഇൽ പറഞ്ഞതാണ് മറ്റൊരഭിപ്രായം: ‘ഇത് വെറും ഊഹമാണ് അല്ലാതെ ഉറപ്പിക്കലല്ല എന്ന് റിപ്പോർട്ടിൽതന്നെ പ്രസ്താവ്യമാണ്.’

ഊഹത്തെ അദൃശ്യജ്ഞാനമറിയലായി എണ്ണുന്ന ശിയാക്കളുടെ അതേ വീക്ഷണത്തെ ശക്തിപ്പെടുത്തുക എന്ന സ്ഥിരം പണി മുസ്‌ലിയാർ ഇവിടെയും ആവർത്തിച്ചു എന്നല്ലാതെ ഈ സംഭവത്തെ ആധാരമാക്കി ഇങ്ങനെ ഒരു വിശ്വാസം ഇതിൽ മറഞ്ഞ് കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കിത്തന്ന സ്വീകാര്യനായ ഒരു ഇമാമിന്റെ പേര് പറയാൻ കഴിഞ്ഞിട്ടില്ല. പിതാവിൽനിന്ന് ഇത് കേട്ട ആഇശ(റ) ഇവർ പറയും പോലുള്ള അറിവ് ഇതിൽനിന്ന് പകർന്ന് തന്നോ? ഇത് ഉദ്ധരിച്ച ഇമാം മാലിക്(റ) ഇങ്ങനെയൊരു വിശ്വാസം ഇതിൽനിന്ന് പഠിപ്പിച്ചോ?

അബൂബക്‌റി(റ)ന് ഇത്തരമൊരു കഴിവുണ്ടെങ്കിൽ, നബി ﷺ യുടെ ഇസ്‌റാഅ്-മിഅ്‌റാജ് യാത്രയെ കുറിച്ച് എന്തുകൊണ്ട് അദ്ദേഹം മുമ്പേ അറിഞ്ഞില്ല? നബി(സ) യോടൊപ്പമുള്ള ഹിജ്‌റയുടെ വേളയിൽ ശത്രുക്കളുടെ നീക്കങ്ങൾ അദ്ദേഹത്തിന് എന്തുകൊണ്ട് അറിയാൻ കഴിഞ്ഞില്ല? അദൃശ്യമറിയുമായിരുന്നെങ്കിൽ ശത്രുക്കൾ പിടികൂടുമോ എന്ന് അദ്ദേഹം ഭയപ്പെട്ടതെന്തിന്?

രണ്ടാം ഖലീഫ ഉമറി(റ)ന് മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിഞ്ഞിരുന്നു എന്നതിന് മുസ്‌ല്യാക്കന്മാർ സ്ഥിരമായി കൊണ്ടുവരാറുള്ള ‘യാ സാരിയ്യ അൽ ജബൽ’ എന്നു വളിച്ച സംഭവമാണ് അദ്ദേഹം വായിച്ചത്. ഇമാം അഹ്‌മദ്(റഹി) അടക്കം മറ്റു പലരും ഉദ്ധരിച്ച ആ ചരിത്രത്തിന്റെ ചുരുക്കം ഇപ്രകാരമാണ്: ‘ഉമർ(റ) സാരിയ എന്നവരോടൊപ്പം ഒരു സൈന്യത്തെ നിയമിച്ചു. വെള്ളിയാഴ്ച ദിവസം അദ്ദേഹം ഖുത്വുബ നടത്തുമ്പോൾ യാ സാരിയ്യ അൽ ജബൽ എന്ന് വിളിച്ചു. ഇരുവർക്കുമിടയിൽ ഒരു മാസ യാത്രാ ദൈർഘ്യമുണ്ടായിരിക്കെ ആ വിളി സാരിയ കേട്ടു.’

ഉമറി(റ)ന്റെ കറാമത്തായി വിവരിക്കപ്പെട്ട, അദ്ദേഹത്തിന് അല്ലാഹു തോന്നിപ്പിച്ചതോ, ആ ശബ്ദം അവിടെ എത്തിച്ചതോ ആയ ഈ സംഭവത്തിൽനിന്ന് എപ്പോഴും അദ്ദേഹത്തിന് ഗൈബറിയുമെന്ന വിചിത്ര വാദമാണ് ഇവർ നടത്തുന്നത്. മുസ്‌ലിയാരുടെ സമർഥനം കേട്ടാൽ തോന്നുക ഈ വിളിക്ക് ശേഷം ഉമർ(റ) എനിക്ക് എല്ലായ്‌പോഴും എല്ലാ അദൃശ്യകാര്യങ്ങളുമറിയാൻ കഴിയുമെന്ന് അവകാശപ്പെട്ടത് പോലെയുണ്ട്. ഈ സംഭവം റിപ്പോർട്ട് ചെയ്ത അഹ്‌ലുസ്സുന്നയുടെ ഏതെങ്കിലുമൊരു ഇമാം ഈ അർഥത്തിൽ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ടോ?

അദൃശ്യകാര്യങ്ങൾ അറിയാൻ ഉമറി(റ)ന് കഴിയുമായിരുന്നെങ്കിൽ അദ്ദേഹത്തെ ഖലീഫയായി തെരഞ്ഞെടുക്കാൻ ഒരു കൂടിയാലോചനാസമിതിയുടെ ആവശ്യമില്ലായിരുന്നു. നമസ്‌കരിക്കുന്ന വേളയിൽ കുത്തേറ്റപ്പോൾ തന്നെ കുത്തിയത് ആരാണെന്നും അയാൾ ആരിൽപ്പെട്ടവനാണെന്നും അന്വേഷിക്കാൻ ഒരാളെ ഏൽപിച്ചത് എന്തിനായിരുന്നു? തന്നെ കുത്തിക്കൊല്ലാൻ തൊട്ടടുത്ത് ഒരാൾ പതുങ്ങി നിൽക്കുന്നതുപോലും അദ്ദേഹം അറിഞ്ഞുവോ? തന്റെ മകൾ ഹഫ്‌സ(റ)യെ നബി ﷺ വിവാഹം കഴിക്കുമെന്ന് മുമ്പേ അറിയാൻ അദ്ദേഹത്തിന് കഴിഞ്ഞുവോ?

ആത്മീയ ചൂഷണം നടക്കണമെങ്കിൽ സൃഷ്ടികൾക്ക് യഥേഷ്ടം ആദൃശ്യകാര്യങ്ങൾ അറിയാമെന്ന് സ്ഥാപിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പെടാപാടാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ അല്ലാഹുവിലേക്ക് വിളിക്കാനും അല്ലാഹുവിലേക്ക് അടുപ്പിക്കാനും ഇവർക്ക് മടിയാണ്. പരലോകം സത്യമാണ് എന്നത് ഓർക്കണം എന്നേ പറയാനുള്ളൂ.