ഇസ്‌ലാമിക സമൂഹങ്ങളിൽ നിന്നും യഹൂദർക്കു ലഭിച്ച സഹിഷ്ണുത

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

(യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും 9)

തങ്ങൾ ജീവിക്കുന്ന സാഹചര്യം, സാമൂഹികാവസ്ഥ എന്നിവയിൽനിന്നും ഉരുത്തിരിയുന്ന വിശ്വാസങ്ങളും ആചാരങ്ങളും തത്ത്വങ്ങളുമായിരുന്നു യഹൂദരുടെ മുഖ്യപ്രമാണങ്ങൾ. മുസ്‌ലിം സമൂഹവുമായി വളരെയധികം അടുത്തിടപെട്ടുകൊണ്ട് ജീവിച്ചിരുന്ന ഇസ്‌ലാമിക കാലഘട്ടങ്ങളിൽ ഫാറാബി-ഇബ്‌നുസീന തുടങ്ങിയവരുടെ ചിന്താധാരകൾ തങ്ങളുടെ തത്ത്വശാസ്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനായി യഹൂദർ ധാരാളമായി കടമെടുത്തു. മുസ്‌ലിം സമൂഹം ഗ്രീക്കിൽനിന്നും മറ്റുമായി അറബിയിലേക്ക് ഭാഷാന്തരം ചെയ്തിരുന്ന ഗ്രീക്ക് ഫിലോസഫിയെ യഹൂദർ കാര്യമായി ഉപയോഗപ്പെടുത്തി. അറബിയിൽനിന്നും ഇവ ഹിബ്രുവിലേക്ക് അവർ ഭാഷാന്തരം ചെയ്തു (The Jewish Encyclopaedia Vol.1, P-16).

അബ്ബാസിയ്യ കാലഘട്ടത്തിൽ വിവിധ ഭാഷകളിലുള്ള വൈദ്യശാസ്ത്രം, വാസ്തുശിൽപം തുടങ്ങിയവയുമായി ബന്ധപ്പെട്ട ധാരാളം ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ഇവ അതേപടിതന്നെ പ്രയോജനപ്പെടുത്തുന്നതിൽ യഹൂദർ പ്രത്യേകം താൽപര്യം കാട്ടിയിരുന്നതായി മനസ്സിലാകുന്നു. (S.D.Gollein, Jews and Arabs, Newyork-1955). ചുരുക്കത്തിൽ സ്വന്തമായ പരിശ്രമത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വികസിപ്പിച്ചെടുത്ത പാരമ്പര്യമോ, വിയർപ്പൊഴുക്കി നേടിയെടുത്ത ഒരവകാശമോ യഹൂദർക്ക് അവകാശപ്പെടാനില്ല. മറ്റുള്ളവരെ ആശ്രയിച്ചും ചൂഷണം ചെയ്തുകൊണ്ടും മാത്രമായിരുന്നു അവർ എന്നും മുന്നോട്ടുഗമിച്ചിരുന്നത്.

ഇസ്‌ലാമിക സമൂഹങ്ങളിൽനിന്നും യഹൂദർക്ക് ലഭിച്ച സഹിഷ്ണുത

ഇസ്‌ലാമിക സമൂഹങ്ങളിൽനിന്നും യഹൂദർക്ക് ലഭിച്ച സഹിഷ്ണുതയുടെയും ആദരവിന്റെയും അംഗീകാരത്തിന്റെയും കണക്കിനു സമാനമായി യഹൂദരുടെ ചരിത്രത്തിലെവിടെയും അവർക്ക് ലഭിച്ചതായി പ്രാമാണികമായി തെളിയിക്കാൻ ആർക്കും സാധിക്കുകയില്ല. വ്യത്യസ്ത വിശ്വാസക്കാരായ ജനങ്ങളുടെ വിശ്വാസവും ആചാരങ്ങളും ആദരിക്കപ്പെടണമെന്നും അവരെ അകാരണമായി ആട്ടിയോടിക്കരുതെന്നും ഇസ്‌ലാമിക വിശ്വാസം ആധികാരികമായി മുസ്‌ലിം സമൂഹത്തിനോട് ആവശ്യപ്പെടുന്നതിനാൽ യഹൂദ സമൂഹത്തിനോട് കരുണയിലും കാരുണ്യത്തിലും വർത്തിക്കുകയെന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ ബാധ്യതയാണ്. വിശിഷ്യാ വേദഗ്രന്ഥത്തിന്റെ അനുയായികളെന്ന നിലയിൽ ചില പ്രത്യേക അവകാശങ്ങളും അനുഭാവപൂർണമായ പരിഗണനയും അവർ അർഹിക്കുന്നു.

അതേസമയം ഈസാ നബിയിലും മർയമിലും ഉസൈറിലും ഏറെ വികലമായ വിശ്വാസവും സങ്കൽപവും പുലർത്തുന്നവരാണ് യഹൂദരും ക്രിസ്ത്യാനികളും. പക്ഷേ, സാമൂഹ്യജീവിതത്തിൽ ഈ വൈകല്യങ്ങൾ നിലനിൽക്കെത്തന്നെ അവരെ സഹോദരങ്ങളായി പരിഗണിക്കുന്ന ഇസ്‌ലാമിന്റെ നിലപാട് സമാനതകളില്ലാത്ത കാരുണ്യത്തിന്റെയും അനുഭാവത്തിന്റെതുമാണ്.

നബിﷺയുടെ മദീന ജീവിതത്തിലാണ് യഹൂദ സമൂഹം ഏറ്റവുമധികം സ്വാതന്ത്ര്യവും ആനുകൂല്യങ്ങളും അനുഭവിച്ചത്. യഹൂദികളുമായി ഒരു വ്യക്തമായ കരാർതന്നെ നബിﷺ രൂപപ്പെടുത്തി. അവരുടെ വൈകല്യങ്ങൾ നിറഞ്ഞ പരമ്പരാഗത വിശ്വാസത്തിൽ അവർ നിലനിൽക്കെത്തന്നെ അവരുടെ സമ്പത്തിനും അഭിമാനത്തിനും വിശ്വാസത്തിനും ഈ കരാർ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. ലോകചരിത്രത്തിലെ തന്നെ ഏറെ അത്ഭുതങ്ങൾ നിറഞ്ഞ രേഖപ്പെടുത്തലുകളായിരുന്നു ഈ കരാറിലെ പ്രതിപാദ്യങ്ങൾ.

രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്ത് ഖലീഫതന്നെ ഏറെ ശ്രദ്ധേയമായ ചില നടപടികളിലൂടെ യഹൂദരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയതായി കാണാനാകും. ഇസ്‌ലാമിക സാമ്രാജ്യത്തിന് നികുതിപ്പണം നൽകി സാമാധാനകാംക്ഷികളായി ജീവിച്ചുവരുന്നവർക്ക് സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ ആവശ്യമായ സഹായങ്ങൾ പൊതുഖജനാവിൽനിന്നും നൽകാനും ഖലീഫ ഗവർണർക്ക് നിർദേശം നൽകി. സാമ്പത്തിക പ്രതിസന്ധി കാരണം അവിവാഹിതരായി തുടരുന്നവരെയും സഹായിക്കാൻ അദ്ദേഹത്തിന്റെ പ്രത്യേക കൽപനയുണ്ടായി.

കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ട വൃദ്ധനായ യഹൂദിയുടെ വിഷയത്തിൽ ഇസ്‌ലാമിന്റെ ഖലീഫ സ്വീകരിച്ച കാരുണ്യത്തിൽ അധിഷ്ഠിതമായ നിലപാട് ചരിത്രത്തിലെങ്ങും സുവ്യക്തമാണ്. വീടുകളുടെ വാതിലുകളിൽ യാചകനായി അലഞ്ഞുതിരിയുന്ന ആ മനുഷ്യനോട് അദ്ദേഹത്തിന്റെ പ്രതിബന്ധങ്ങൾ ഖലീഫ ഉമർ(റ) ചോദിച്ചറിഞ്ഞു. അയാളെ ഖലീഫ തന്റെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അത്യാവശ്യം സഹായങ്ങൾ ചെയ്തുകൊടുത്തു. ശേഷം തന്റെ ഉദ്യോഗസ്ഥന്മാരെ വിളിച്ച് ഇപ്രകാരം നിർദേശിച്ചു: “ഇതുപോലെയുള്ളവരുടെ യുവത്വം നാം ഉപയോഗപ്പെടുത്തുകയും വാർധക്യത്തിൽ അവരെ വഞ്ചിക്കുകയും ചെയ്യുന്ന നടപടി ശരിയല്ല.’’ പൊതുഖജനാവിൽനിന്നും ഇതുപോലെയുള്ളവരെ സഹായിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും ഖലീഫ ഖജനാവ് സൂക്ഷിപ്പുകാരനോട് ആവശ്യപ്പെട്ടു. ജോലി ചെയ്യാൻ കഴിവില്ലാത്ത വൃദ്ധന്മാർ, അന്ധർ തുടങ്ങിയവർക്കുണ്ടായിരുന്ന നികുതിപ്പണം ഖലീഫ റദ്ദുചെയ്ത് ഉത്തരവായി. അബൂയൂസുഫ് ‘കിതാബുൽ ഖറാജി’ലും അബൂഉബൈദ ‘അംവാലി’ലും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

കൃഷിയുമായി ബന്ധപ്പെട്ട മേഖലയിലാണ് യഹൂദർ കൂടുതലായി ശ്രദ്ധപുലർത്തിയത്. അവരിൽ നല്ലൊരുഭാഗവും കർഷകരായിരുന്നു. അവരിൽനിന്നും നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് തരിശുഭൂമി പാട്ടത്തിനു നൽകുന്ന സംവിധാനം ഖലീഫ ഉമറിന്റെ കാലത്ത് തുടക്കമിട്ടു. കച്ചവടത്തിലും സാങ്കേതികതയിലും വൈദ്യശാസ്ത്രത്തിലും പ്രാഗത്ഭ്യം തെളിയിച്ച് നിരവധി യഹൂദ പ്രമുഖർ ഇക്കാലത്ത് പുരോഗതിയിലെത്തി. പ്രമുഖനായ സേനാനായകൻ ഹജ്ജാജ് ബിൻ യൂസുഫ് അസ്സഖഫിക്ക് പ്രഗത്ഭന്മാരായ രണ്ട് യഹൂദ വൈദ്യന്മാരുടെ സേവനം നിരന്തരം ലഭിച്ചിരുന്നതായി ചരിത്രത്തിൽ കാണാനാകും.

ഇറാക്ക,് സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് മുസ്‌ലിം സമൂഹം കടന്നു ചെന്നപ്പോൾ ഹാർദമായി സ്വാഗതം ചെയ്യുകയും ഏറെ ആഹ്ലാദിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തത് ആ നാടുകളിലെ യഹൂദരും ക്രിസ്ത്യാനികളുമായിരുന്നുവെന്ന് ഇന്നത്തെ ക്രിസംഘി സമൂഹം ഒഴികെയുള്ളവർക്കെല്ലാം ബോധ്യമുണ്ട്.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ഇവരെ നിരന്തരമായ പീഡനങ്ങൾക്കിരയാക്കിക്കൊണ്ടിരുന്ന റോമാസമ്രാജ്യത്തിന്റെ കിരാതവാഴ്ചയിൽനിന്നും രക്ഷനേടാൻ സമാധാനത്തിന്റെയും സത്യസന്ധതയുടെയും പ്രവാചകനായ മുഹമ്മദ്ﷺയുടെ അനുയായികളുടെ സാന്നിധ്യം ഏറെ ഉപകരിക്കുമെന്നായിരുന്നു മർദിതരും പീഡിതരുമായ ആ ജനതയുടെ പ്രതീക്ഷ. അതുലുപരിയായി, ഇസ്‌ലാം സ്വീകരിക്കുന്നവർക്ക് പ്രഖ്യാപിക്കപ്പെട്ട വർധിത ആനുകൂല്യങ്ങളും അവകാശങ്ങളും വേദഗ്രന്ഥത്തിന്റെ അനുയായികളായ യഹൂദ-ക്രിസ്ത്യാനികളെ ഏറെ ആകർഷിച്ചിരുന്നു. ഈ അനുഭവങ്ങൾ കൂട്ടംകൂട്ടമായി സമാധാനത്തിന്റെ ഗേഹമായ ഇസ്‌ലാമിലേക്ക് കടന്നുവരാനും അവരെ പ്രേരിപ്പിച്ചതായി ബലാദുരി ‘ഫുതൂഹുൽ ബുൽദാനി’ൽ രേഖപ്പെടുത്തുന്നു.

ഖലീഫമാരുടെ ഭരണകാലത്ത് യഹൂദ-ക്രൈസ്തവ സമൂഹങ്ങളിൽനിന്നും ജിസ്‌യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രത്യേക നികുതി പിരിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി പ്രമുഖ ചരിത്രപണ്ഡിതനായ ബലാദുരിയുടെ രേഖപ്പെടുത്തലുകൾ ഏറെ കൃത്യമാണ്. അദ്ദേഹം എഴുതുന്നു: “സാമ്പത്തിക ശേഷിയുള്ളവരിൽനിന്നും 48 ദിർഹം, ഇടത്തരക്കാരിൽനിന്നും 24 ദിർഹം, സാധുക്കളിൽനിന്നും 12 ദിർഹം എന്ന കണക്കിലായിരുന്നു നികുതി ഈടാക്കിയിരുന്നത്. സ്ത്രീകൾ, കുട്ടികൾ, വികലാംഗർ, പുരോഹിതന്മാർ തുടങ്ങിയവരെ വിവിധ നികുതിയിൽനിന്നും ഒഴിവാക്കിയിരുന്നു. ഈ നികുതിക്രമം അവർക്ക് ഒരിക്കലും ഒരു ഭാരമായിരുന്നില്ല. പകരം നിർബന്ധ സൈനിക സേവനത്തിൽനിന്നും ഇവർ ഒഴിവാക്കപ്പെട്ടിരുന്നു. ഇസ്‌ലാമിക സൈന്യത്തിന്റെ പ്രത്യേക സംരക്ഷണത്തിന് അവർ തികച്ചും അർഹരും ആയിരുന്നു.’’

പ്രഖ്യാപിത കരാറുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്വഭാവം ഇവരിൽനിന്നും പതിവായിരുന്നു. എന്നിട്ടും അതിന്റെ പേരിൽ മുസ്‌ലിംകൾ അവരെ അക്രമിക്കുകയോ അവരുടെ സമ്പത്തിന് ഹാനികരമാകുന്ന നിലയിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്നും ചരിത്രപണ്ഡിതനായ ബലാദുരി രേഖപ്പെടുത്തുന്നു. രാജ്യത്തിന് നികുതി നൽകി കഴിയുന്ന യഹൂദ-ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഇസ്‌ലാമിക ഖലീഫയുടെ പ്രത്യേക ഉത്തരവാദിത്തത്തിൽ പെട്ടതായിരുന്നു. യഹൂദരുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയന്ത്രിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനും ‘റഅ്‌സുൽ ജാലൂത്ത്’ എന്ന പേരിൽ പ്രത്യേക മതകാര്യ ഉദ്യോഗസ്ഥനെത്തന്നെ ഖലീഫ നിയമിച്ചിരുന്നുവെന്ന് ഇമാം മാവർദി തന്റെ ‘അഹ്കാമുസ്സുൽത്വാനിയ്യ’യിൽ രേഖപ്പെടുത്തുന്നു.

‘ദാനിയേൽ ഇബ്‌നു ഹസ്ദായ്’ എന്ന യഹൂദ പുരോഹിതൻ യഹൂദികളുടെ പ്രശ്‌നങ്ങളിൽ വിധികർത്താവായും മതകാര്യവകുപ്പിന്റെ മേധാവിയായും വർത്തിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. ഭരണകാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ പത്തോളം യഹൂദരായ ഉദ്യോഗസ്ഥന്മാരെയും ഭരണകൂടം നിയമിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ യഹൂദരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഖലീഫയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ചരിത്ര രേഖപ്പെടുത്തലുകൾ.

ഇസ്‌ലാമിക ഖിലാഫത്തിൽ യഹൂദരുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചുമതലനൽകപ്പെട്ട ‘ദാനിയേൽ ഹസ്ദായി’യുടെ അധികാരപദവി അദ്ദേഹത്തിന്റെ കാലശേഷവും പരമ്പരാഗതമായി നിലനിന്നുപോന്നു. അധികാരം പരമ്പരാഗതമായി അടുത്തയാളിലേക്ക് കൈമാറിക്കൊണ്ട് നല്ലൊരു കാലത്തോളം ഈ പദവി നിലനിന്നിരുന്നതായി ചരിത്രത്തിൽ കാണാം. ഖലീഫ ഉമറുബ്‌നുൽഖത്ത്വാബി(റ)ന്റെ പ്രത്യേക പ്രശംസക്കും അംഗീകാരത്തിനും അർഹനായ വ്യക്തികൂടിയാണ് യഹൂദരുടെ ചുമതലക്കാരനായിരുന്ന ബുസ്താനിയെന്ന പുരോഹിതൻ. യഹൂദരോട് നല്ലനിലയിൽ വർത്തിക്കാൻ ഉമർ(റ) പ്രത്യേക നിർദ്ദേശവും നൽകിയിരുന്നു. അതിന്റെ രേഖകൾ നാം നേരത്തെ മുകളിൽ സൂചിപ്പിച്ചതാണ്.

ഈജിപ്റ്റിലെ യഹൂദസമൂഹം അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെപ്പറ്റിയും ചരിത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തലുകൾ കാണാനാകും. ഈജിപ്തിലെ ഒരു പ്രബല ജനവിഭാഗം തന്നെയായിരുന്നു അക്കാലത്ത് യഹൂദർ. അബുൽഹസൻ മുവഫ്ഫിഖ് ശാമുവേൽ(ഹി:684) ആയിരുന്നു ഇവരുടെ മുഖ്യകാര്യദർശി. ഏകദേശം നാൽപതിനായിരത്തിനും എഴുപതിനായിരത്തിനും മധ്യേആയിരുന്നു ഇവരുടെ അക്കാലത്തെ ജനസംഖ്യ. അലക്‌സാൻഡ്രിയ ഉൾപ്പെടെയുള്ള പ്രമുഖ പട്ടണ സിരാകേന്ദ്രങ്ങളിൽ യഹൂദർ കൂട്ടത്തോടെ കുടിയേറിയതും അവിടങ്ങളിൽ അവരുടെ പ്രമുഖ ആരാധനാലയങ്ങൾ നിർമിച്ചതും ഇക്കാലത്തായിരുന്നു.

യഹൂദ-ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാപരമായ കാര്യങ്ങളിലോ വ്യക്തിസ്വാതന്ത്ര്യത്തിലോ മുസ്‌ലിം സമൂഹം കൈകടത്തലുകൾ നടത്താതെ സർവസ്വാതന്ത്ര്യത്തോടെ അവരെ വിഹരിക്കാൻ അനുവദിച്ചതും ഇസ്‌ലാമിക ഖിലാഫത്തിന്റെ മഹിമയായി എടുത്തുപറയേണ്ടതാണ്.

അഹ്‌മദ് ബിൻ ത്വൂലൂൻ ചക്രവർത്തി ക്രി:868-905 കാലഘട്ടത്തിൽ ഈജിപ്തിൽ സ്ഥാപിച്ച പ്രശസ്തമായ ഡോളമെക് (Tulunids)രാജവംശത്തിന്റെ ഭരണകാലത്ത് യഹൂദ സമുദായത്തിൽനിന്നും ഇസ്‌ലാമിലേക്ക് വ്യാപകമായ നിലയിൽ മതപരിവർത്തനമുണ്ടായി. ഇസ്‌ലാമിനെയും പ്രവാചകരെയും സംബന്ധിച്ച് നേരത്തെതന്നെ വേദഗ്രന്ഥങ്ങളിലൂടെയും മതപുരോഹിതന്മാർ വഴിയും വ്യക്തമായ ധാരണകളുണ്ടായിരുന്ന യഹൂദർക്ക് ഇസ്‌ലാമിലേക്കുള്ള കടന്നുവരവ് അതിനാൽ ഒരുപ്രതിബന്ധമായിരുന്നില്ല.

നേരത്തെ അവർക്ക് ചുമത്തപ്പെട്ടിരുന്ന നികുതിപ്പണത്തിൽനിന്നും ഇളവും ലഭിച്ചു. അഹ്‌മദ് ബിൻ ത്വൂലൂൻ എന്ന ഭരണാധികാരിയുടെ കൊട്ടാരത്തിൽ നിരവധി യഹൂദപ്രമുഖന്മാരായ വൈദ്യശാസ്ത്ര വിദഗ്ധർ സേവനമനുഷ്ഠിച്ചിരുന്നു. ബാങ്കിങ്ങ്-ബിസിനസ് മേഖലകളിൽ പേരും പെരുമയും നേടിയെടുക്കാൻ ഇവർക്ക് ഇതിലൂടെ കഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത.

ക്രൈസ്തവ-യഹൂദ സമുദായങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് അവരുടെ പുരോഹിതന്മാരാൽ നിയന്ത്രിക്കപ്പെട്ടിരുന്ന മതകോടതികൾക്ക് അനുമതി ലഭിച്ചത് ഈ സമൂഹങ്ങളുടെ സുരക്ഷക്ക് കൂടുതൽ കാരണമായി.

തീവ്ര ശിയാ പാരമ്പര്യത്തിൽ തുടർന്നുവന്ന ഫാത്വിമികളുടെ ഭരണകാലമായിരുന്നു യഹൂദരെ സംബന്ധിച്ചിടത്തോളം സുവർണകാലമെന്ന് പറയാവുന്നത്. യഹൂദർക്ക് ഭരണത്തിലും സമൂഹത്തിലും ഏറ്റവുമധികം ആനുകൂല്യങ്ങളും അവകാശങ്ങളും അവസരങ്ങളും വ്യാപകമായി ലഭിച്ചത് ശിയാ വിശ്വാസക്കാരായ ഫാത്വിമികളുടെ ഭരണകാലത്താണ്. ഫാത്വിമി ഭരണകാലത്ത് ലഭിച്ച എല്ലാ അവസരങ്ങളുമുപയോഗപ്പെടുത്തി ഒരുപ്രമുഖ സമുദായ കക്ഷിയായി വളരാനും ശക്തമായ വേരോട്ടമുണ്ടാക്കാനും യഹൂദർക്ക് സാധിച്ചു. ഫാത്വിമി ഖലീഫയായ അസീസിന്റെ ഭരണകാലത്ത് ഏറ്റവും സമുന്നതമായ അധികാര പദവികളാണ് യഹൂദർക്ക് ലഭ്യമാക്കിയത്. ഭരണ സിരാകേന്ദ്രങ്ങളിലും മറ്റ് ഉയർന്ന പദവികളിലും യഹൂദർക്ക് ഉന്നതമായ സ്ഥാനമാനങ്ങൾ നിശ്ചയിക്കപ്പെട്ടു.

ഖലീഫ മുസ്തൻസ്വിറിന്റെ കാലത്തും ഈ അവസ്ഥ തുടർന്നുപോന്നു. അദ്ദേഹത്തിന്റെ കാലശേഷക്കാരായ ഭരണാധികാരികളും ഇതിൽനിന്നും ഒട്ടുംകുറവല്ലാത്ത നയങ്ങളും നിലപാടുകളുമാണ് യഹൂദരുടെ വിഷയത്തിൽ സ്വീകരിച്ചത്. യഹൂദരോട് ഫാത്വിമികൾക്കുണ്ടായിരുന്ന മൃദുലമായ നിലപാടുകൾക്കും അനുകൂല നയങ്ങൾക്കും പിന്നിലെ മുഖ്യകാരണവും ഏറെക്കുറെ വ്യക്തമാണ്. ശിയാ വിശ്വാസത്തിന്റെ അടിത്തറ യഹൂദപ്രമുഖനായ അബ്ദുല്ലാഹി ബിൻ സബഅ് എന്ന പ്രമുഖനുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഇതിന്റെ മുഖ്യകാരണം. യഹൂദർക്ക് വ്യാപകമായ നിലയിൽ ആരാധനാലയങ്ങളും മഠങ്ങളും നിർമിക്കാൻ ഫാത്വിമി ഭരണാധികാരികൾ നൽകിയ അനുമതി ചരിത്രത്തിൽ ഏറെ വ്യക്തമായിത്തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

യഹൂദർ ഇക്കാലത്ത് കൈവരിച്ച നേട്ടങ്ങളും പുരോഗതിയും ഏറെ അസൂയാവഹമായിരുന്നുവെന്ന് നിരീക്ഷിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല. ഇക്കാലത്ത് യഹൂദർ നേടിയെടുത്ത പുരോഗതിയെപ്പറ്റി പ്രമുഖനായ ഒരു അറബിക്കവി ഇപ്രകാരം എഴുതുന്നു:

“ഇക്കാലത്തെ യഹൂദർ അവരുടെ പ്രതീക്ഷകൾക്കപ്പുറവും കൈവശപ്പെടുത്തിയിരിക്കുന്നു, ആഭിജാത്യവും സമ്പത്തും അവർക്കൊപ്പമാണ്, രാജാവും ഉപദേശിയും എല്ലാം അവരിൽനിന്നു തന്നെ. ഈജിപ്ഷ്യൻ സമൂഹമേ, ഞാൻ നിങ്ങളെ ഉപദേശിക്കുന്നു: നിങ്ങൾ യഹൂദിയാകൂ- നിങ്ങൾക്കും പെട്ടകം ഉറപ്പിക്കാം...’’

(തുടരും)