വഹ്‌യുകൾ തിരുത്തുന്ന അനുയായികൾ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 മെയ് 13 , 1444 ശവ്വാൽ 20

( ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 15 )

ജീവിതത്തിന്റെ മൂലരേഖ

അല്ലാഹു അറബി ഭാഷയിൽ അവതരിപ്പിച്ച വഹ്‌യുകളുടെ സമാഹാരം പതിനാല് നൂറ്റാണ്ടുകളായി നമ്മുടെ മുമ്പിലുണ്ട്. മുസ്‌ലിംകളും അല്ലാത്തവരുമായ, പൗരാണികരും ആധുനികരുമായ ഗവേഷകരും വിദ്വാന്മാരും ഭാഷാവിശാരദന്മാരുമൊക്കെ അതിനെ വിവിധതലങ്ങളിൽ പഠനവിധേയമാക്കിയിട്ടുണ്ട്. ചരിത്രാന്വേഷണങ്ങളും ശാസ്ത്രഗവേഷണങ്ങളും പര്യവേക്ഷണങ്ങളും വഴി കണ്ടെത്തുന്ന പല വസ്തുതകളുടെയും ആത്യന്തിക സ്രോതസ്സ് വിശുദ്ധ ക്വുർആനാണെന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അതുവഴി പലരും വിശ്വാസികളായി മാറിയതും ചരിത്രം തന്നെ.

സയ്യിദ് ഖുതുബ് തന്റെ ‘ക്വുർആനിന്റെ തണലിൽ’ എന്ന ക്വുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ സൂറതുദ്ദുഖാനിലെ ആദ്യ ആയത്തുകളുടെ വിശദീകരണത്തിൽ ക്വുർആനിന്റെ സവിശേഷതകൾ വിവരിക്കുന്നത് കാണുക:

‘മനുഷ്യ ജീവിതത്തിന് അതി ന്റെ വിജയത്തിലേക്കുള്ള വഴി തുറന്നുകിട്ടിയ ആ രാത്രി എത്രയും അനുഗൃഹീതമാണ് എന്നത് നിസ്തർക്കമാണ്. അതിലൂടെയാണ് മനുഷ്യൻ ഈ മഹാ പ്രാപഞ്ചികനിയമങ്ങളുമായി ബന്ധം പുലർത്താൻ തുടങ്ങിയത്. ക്വുർആൻ ഈ പ്രപഞ്ചത്തിന്റെ ഏറ്റവും ലളിതമായ വ്യാഖ്യാനമാണ്. മനുഷ്യപ്രകൃതത്തിന് അതിന്റെ വിളി കേൾക്കാൻ കഴിയും. അതിന്റെ അടിസ്ഥാനത്തിൽ സുസ്ഥിരമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയും. ഈ പ്രപഞ്ചവുമായി സഹകരിച്ചു കൊണ്ടും സമരസപ്പെട്ടുകൊണ്ടും ജീവിക്കാൻ കഴിയും; സംശുദ്ധവും സ്വസ്ഥവും മാന്യവുമായ ഒരു ജീവിതം. അത്യധ്വാനമോ പ്രയാസമോ ഇല്ലാത്ത ജീവിതം, സദാസമയവും ആകാശവുമായി ബന്ധം പുലർത്തിക്കൊണ്ടുള്ള ഭൂമിയിലെ ജീവിതം!’

‘ക്വുർആൻ ആദ്യമായി അവതരിച്ചു കിട്ടിയവർക്ക് അത്തരമൊരു അത്ഭുതജീവിതം നയിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്. അല്ലാഹുവുമായി നിരന്തര ബന്ധം കാത്തുസൂക്ഷിച്ചുകൊണ്ട് ദിവ്യരക്ഷയുടെ തണലിൽ അവർ ജീവിച്ചു. ഏറ്റവുമാദ്യം അല്ലാഹുവിന്റെ ദൃഷ്ടിക്കു മുന്നിലാണ് തങ്ങളെന്ന് വിചാരത്തോടെയാണ് അവർ ജീവിച്ചത്. അവന്റെ നിരീക്ഷണത്തിലാണ് തങ്ങൾ; തദടിസ്ഥാനത്തിലുള്ള സുരക്ഷയിലുമാണ്. ഓരോ ചലനത്തിലും എന്നല്ല ഓരോ ഹൃദയമന്ത്രണത്തിലും ആ ബോധം അവർക്കനുഭവപ്പെട്ടു. ആദ്യമായി അവർ അവനിൽ അഭയം തേടി; ഏറ്റവും അടുത്തുനിന്ന് അവൻ ഉത്തരം നൽകുന്നു എന്ന ദൃഢബോധ്യത്തോടെ.’

‘ആ തലമുറ കടന്നുപോയി. എന്നാൽ ക്വുർആൻ ഇപ്പോഴും തുറന്ന പുസ്തകമായി നമ്മുടെ മുമ്പിൽ തന്നെയുണ്ട്; അതിനായി ഹൃദയം തുറന്നാൽ പഴയ ആ ദിവ്യാത്ഭുതം കാണിച്ചുതരാനുള്ള കരുത്തോടെ. പലപ്പോഴും ഐതിഹാസികം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള പരിവർത്തനങ്ങൾ സൃഷ്ടിക്കാനുള്ള പ്രാപ്തിയോടെ.’

‘ഏതു സാഹചര്യത്തിലും ഏതുകാലത്തുമുള്ള മനുഷ്യജീവിതത്തെ മാതൃകാപരമാക്കാൻ പോന്ന സുവ്യക്തവും സുന്ദരവും സമ്പൂർണവുമായ ഒരു വ്യവസ്ഥിതിയുടെ മൂലരേഖയായി ക്വുർആൻ ഇപ്പോഴും അവശേഷിക്കുന്നു; അതിന്റെ എല്ലാ സവിശേഷതകളോടും കൂടി, യാതൊരു മാറ്റവുമില്ലാതെ. ഇത് ദൈവിക വ്യവസ്ഥയുടെ മാത്രം പ്രത്യേകതയാണ്...’

‘ഈ ക്വുർആനിലൂടെ എല്ലാ കാര്യങ്ങൾക്കും തീരുമാനമായി. സുസ്ഥിരമായ സത്യത്തെയും അസ്ഥിരമായ മിഥ്യയെയും അത് വേർതിരിച്ചു. എല്ലാത്തിനും പരിധികൾ നിർണയിച്ചു. സുഗമമായ മനുഷ്യജീവിതയാത്രക്ക് അന്ത്യനാൾവരെ ആവശ്യമായ വഴിയടയാളങ്ങൾ സ്ഥാപിച്ചു...!’

‘ഇതൊക്കെ അല്ലാഹുവിന്റെ ഹിതമായിരുന്നു. കാര്യങ്ങൾ തീരുമാനിക്കാൻ ദൈവദൂതരെ അയക്കുന്നതുൾപ്പെടെ അന്ത്യനാൾവരേക്കും മനുഷ്യന് ലഭിച്ച ദൈവകാരുണ്യമായിരുന്നു അവ. ഈ കാരുണ്യം അവതരണത്തിൽ മാത്രമല്ല മനുഷ്യഹൃദയത്തെ അതിവേഗം സ്പർശിക്കുന്ന അതിന്റെ ലാളിത്യത്തിലും തെളിഞ്ഞുനിൽക്കുന്നു. സിരകളിൽ രക്തം പ്രവഹിക്കുന്നതുപോലെ അത് മനുഷ്യരിലൂടെ പ്രസരിക്കുന്നു. അങ്ങനെ ആ സൃഷ്ടിയെ ഒരു ഉത്തമ മനുഷ്യനായി പരിവർത്തിപ്പിക്കുന്നു. മനുഷ്യസമൂഹത്തെ ആർക്കും കണ്ണുകൊണ്ട് കാണാവുന്ന ഒരു സ്വപ്നമാക്കി മാറ്റുന്നു’ (വാള്യം 10, പേജ് 779-781)

ക്വുർആനിന്റെ അജയ്യത

ക്വുർആനിലേതുപോലെ ഒരു അധ്യായം രചിക്കാനുള്ള അതിന്റെ വെല്ലുവിളി പതിനാല് നൂറ്റാണ്ടുകൾക്ക് ശേഷവും സ്വീകരിക്കപ്പെടാനാവാതെ നിലനിൽക്കുകയാണ്. പുനരുദ്ധാനദിനംവരെ അതിന്റെ സുരക്ഷ അല്ലാഹുവിന്റെ കൈകളിൽ ഭദ്രമാണ്.

ക്വുർആൻ സൂക്തങ്ങളുടെതുപോലെയുള്ള അറബി വചനങ്ങൾ നിർമിക്കാനുള്ള ശ്രമം പ്രവാചകന്റെ ജീവിതകാലത്ത് തുടങ്ങി ഏറ്റവുമൊടുവിൽ കൊറോണാ സൂക്തങ്ങളിൽ എത്തിനിൽക്കുന്നു. ഇടക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ മിർസാഗുലാം അഹ്‌മദ് ഖാദിയാനിയും ഒരു ശ്രമം നടത്തുകയുണ്ടായി. അതിനെക്കുറിച്ചാണ് നാം പറഞ്ഞു വരുന്നത്.

‘തദ്കിറ’യിൽ ഒരു വചനം മാത്രം ഉള്ളതും നിരവധി വചനങ്ങൾ ഉള്ളതുമായ കുറെ അധ്യായങ്ങൾ കാണാം. അവയിൽ 103 സൂക്തങ്ങളുള്ള ഒരു അധ്യായത്തിന്റെ ആദ്യ ഭാഗമാണ് നാം പരിശോധിക്കുന്നത്. ഇത് അവതരിച്ചത് 1883ലാണ്. അന്ന് അയാൾ പ്രവാചകത്വമോ മസീഹ് വാദമോ ഉന്നയിച്ചിരുന്നില്ല. എത്രത്തോളമെന്നാൽ മുജദ്ദിദോ കാലത്തിന്റെ ഇമാമോ ആണെന്ന് പോലും പറഞ്ഞിരുന്നില്ല. അഹ്‌മദിയ്യ ജമാഅത്ത് സ്ഥാപിച്ചിരുന്നുമില്ല. തന്റെ രചനയായ ബറാഹീനെ അഹ്‌മദിയ്യയിലൂടെ തനിക്ക് കുറെ വെളിപാടുകൾ ലഭിക്കുന്നു എന്നതായിരുന്നു അക്കാലത്ത് മിർസയുടെ വാദം.

താൻ പ്രവാചകനായി നിയോഗിക്കാത്ത ഒരാൾക്ക് അല്ലാഹു വഹ്‌യ് നൽകുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. എന്നാൽ ഖാദിയാനി വിഭാഗത്തിന്റെ നേതാക്കൾ യോഗം ചേർന്ന് ഭൂരിപക്ഷാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ഖലീഫമാർക്ക് അല്ലാഹു വഹ്‌യ് നൽകുന്നുവെന്ന് വിശ്വസിക്കുന്നവരെ ഈ ചോദ്യം അലോസരപ്പെടുത്തുകയില്ല. തന്റെ അനുയായി ചിറാഗുദ്ദീന് ലഭിച്ച വഹ്‌യുകളെപ്പറ്റി മിർസാ ഖാദിയാനി പറഞ്ഞതും ശ്രദ്ധേയമാണ്. ‘നായ്ക്കൾക്ക് എല്ലിൻകഷണം ഇട്ട് കൊടുക്കുന്ന പോലെ ചില വഹ്‌യുകൾ അല്ലാഹു ചിറാഗുദ്ദീന്് നൽകിയിട്ടുണ്ട്’ എന്നായിരുന്നു ആ കമന്റ്! അത്തരം എല്ലിൻ കഷ്ണങ്ങളായിരിക്കാം ഈ ആദ്യകാല വചനങ്ങൾ.

നൂറിലേറെ വചനങ്ങളുള്ള ചില അധ്യായങ്ങൾ പോലും മിർസാ ഖാദിയാനിക്ക് ആ കാലത്ത് അവതരിച്ചുവത്രെ! അവയിലൊന്ന് ഇങ്ങനെയാണ് തുടങ്ങുന്നത്:

‘ക്ഷമയും നമസ്‌കാരവും കൊണ്ട് സഹായം തേടുക. ഇബ്‌റാഹീമിന്റെ സ്ഥാനത്തെ നമസ്‌കാര സ്ഥലം ആക്കുക. അല്ലാഹു തന്റെ അനുഗ്രഹം കൊണ്ട് നിനക്ക് തണലേകും. നിന്റെ വിലാപം കേൾക്കും. നിന്നിൽ കരുണ കാണിക്കും. നിന്നെ രക്ഷിക്കാൻ ആരുമില്ലെങ്കിലും അല്ലാഹു നിന്നെ രക്ഷിക്കും. അവൻ തന്റെ സഹായത്താൽ നിന്നെ സംരക്ഷിക്കും.’

‘നിഷേധി നിനക്കെതിരെ കുതന്ത്രം പ്രയോഗിച്ചപ്പോൾ; ഹാമാനേ, എനിക്ക് നിർമിച്ചു താ, ഞാൻ മൂസയുടെ ദൈവത്തെ ഒന്ന് എത്തിനോക്കട്ടെ. അവൻ കളവു പറയുന്നവരിൽ പെട്ടവനാണെന്ന് ഞാൻ കരുതുന്നു.’

‘അബൂലഹബിന്റെ രണ്ടുകൈകളും നശിച്ചു. അവനും നാശമടഞ്ഞു. ഭയപ്പെടാതെ അവന് അതിലേക്ക് പ്രവേശിക്കാൻ ആവുമായിരുന്നില്ല. അല്ലാഹുവിങ്കൽനിന്നല്ലാതെ നിന്നിലേക്ക് ഒന്നും ചെല്ലുകയില്ല.’

‘ഈ ഇടം പരീക്ഷണമാണ്. ദൃഢചിത്തരായവർ ക്ഷമിച്ചതുപോലെ നീയും ക്ഷമ കൈക്കൊള്ളുക. ഈ പരീക്ഷണം അല്ലാഹുവിൽനിന്നാണ്. അവനെ സർവത്ര സ്‌നേഹിക്കാൻ വേണ്ടി അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാണിത്. മാന്യനും മഹാനുമായ അല്ലാഹുവിൽനിന്നുള്ള അനശ്വരമായ സമ്മാനമാണിത്.’

‘രണ്ട് ആടുകൾ അറുക്കപ്പെടും. എല്ലാവർക്കും മരണം നിശ്ചിതമാകുന്നു.’

‘നിങ്ങൾ ഖേദിക്കരുത്, ദുഃഖിക്കരുത്. തന്റെ ദാസനെ അല്ലാഹു മതിയാവില്ലേ? നിശ്ചയമായും അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് നിനക്കറിയില്ലേ? അവർക്കെതിരെ സാക്ഷിയായി നാം നിന്നെ കൊണ്ടുവരും.’

‘അല്ലാഹു പൂർണമായി നിന്റെ പ്രതിഫലം നൽകി. നിന്നെ തൃപ്തിപ്പെട്ടു നിന്റെ പേര് പൂർണമാക്കി. നീ ഏതൊന്നിനെ ഇഷ്ടപ്പെടുന്നുവോ അത് നിനക്ക് തിന്മയിയേക്കാം. നീ വെറുക്കുന്ന ഒരു കാര്യം നിനക്ക് ഗുണകരവുമാവാം. അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല.’

‘ഞാൻ മറക്കപ്പെട്ട നിധിയായിരുന്നു. അറിയപ്പെടണം എന്ന് ഞാൻ ഉദ്ദേശിച്ചു. ആകാശഭൂമികൾ എല്ലാം ഒട്ടിച്ചേർന്ന പിണ്ഡമായിരുന്നു. നാം അതിനെ വേർപ്പെടുത്തി. അവർ നിന്നെ പരിഹസിക്കുകയാണ് ഇവനെയാണോ അല്ലാഹു നിയോഗിച്ചത്? പറയുക, നിശ്ചയം നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാണ്. തീർച്ചയായും നിങ്ങളുടെ ഇലാഹ് ഏകനാണെന്ന് എനിക്ക് വഹ്‌യ് ലഭിക്കുന്നു’ (പേജ് 89-92).

ആദ്യത്തെ 24 വചനങ്ങളാണിവ. എട്ടു വർഷങ്ങൾക്ക് ശേഷം വാഗ്ദത്ത മസീഹും പിന്നെയും പത്ത് വർഷങ്ങൾ കഴിഞ്ഞു പ്രവാചകനുമായി ‘നിയമിക്കപ്പെടാൻ പോകുന്ന’ ഒരു വ്യക്തിക്ക് മുൻകൂറായി അവതരിപ്പിച്ചു കൊടുത്ത നൂറുകണക്കിന് വചനങ്ങളിൽ ചില മാതൃകകൾ! ഈ നമ്പറിൽ താഴെ കൊടുത്ത അറബി മൂലം പരിശോധിക്കുക. ഇടക്ക് വിശുദ്ധ ക്വുർആനിൽ നാം വായിച്ചിട്ടുള്ള വചനങ്ങൾ അതേപോലെ എടുത്തു ചേർത്തതും ചിലത് ചെത്തിമിനുക്കി തന്റെതാക്കിയതും കാണാം. ക്വുർആൻ സൂക്തങ്ങളും മിർസാ ഖാദിയാനിക്ക് സ്വന്തമായി അവതരിച്ചതും താരതമ്യം ചെയ്തു നോക്കുക (നഊദു ബില്ലാഹ്), ഒരേ സ്രോതസ്സിൽ നിന്നാണോ അല്ലേ എന്ന് എളുപ്പം കണ്ടെത്താനാവും.

ഇയാളെ അല്ലാഹു നിയോഗിച്ചിട്ടുണ്ടോ? തന്നെ നിയോഗിച്ചതായി അദ്ദേഹം ആരോടും പറഞ്ഞിട്ടുമില്ല. ‘ബറാഹീനെ അഹ്‌മദിയ്യ’യിലാണ് ആദ്യമായി ഈ വചനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിലൂടെ അദ്ദേഹം പിൽക്കാലത്ത് പ്രവാചകത്വം വാദിക്കാൻ മനഃവൂർയം കളമൊരുക്കുകയായിരുന്നു എന്നാണ് ആർക്കും മനസ്സിലാക്കാനാവുക.

ആധുനിക കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യസമൂഹത്തിന് ഈ സൂക്തങ്ങളിലൂടെ എന്ത് സന്ദേശമാണ് നൽകാൻ ഉദ്ദേശിച്ചിട്ടുള്ളത്? ലോകാവസാനം വരെയുള്ള വിശ്വാസികൾക്ക് എന്ത് പാഠമാണ് ഇതിൽനിന്ന് ലഭിക്കുക? ഇത് വായിച്ചു മനസ്സിലാക്കി ആശയം ഗ്രഹിച്ച് സ്വീകരിച്ചവനും സ്വീകരിക്കാതെ പുല്ലുവില കൽപിച്ചവനും തമ്മിൽ എന്ത് വ്യത്യാസമാണുണ്ടാവുക? നേരത്തെ വിശദീകരിച്ച പോലെ വിശുദ്ധ ക്വുർആൻ സ്വീകരിച്ചവനും തിരസ്‌കരിച്ചവനും തമ്മിലുള്ളത് പോലെ വ്യത്യാസം ഇവിടെ കാണാനാകുമോ?

പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അവതീർണമായ വിശുദ്ധ ക്വുർആനിലെ ചെറുതും വലുതുമായ 114 അധ്യായങ്ങളിൽ ആറായിരത്തിലധികമുള്ള സൂക്തങ്ങളിൽ ഒന്നെങ്കിലും ആശയസമ്പന്നമല്ലാത്തതായി നമുക്ക് കാണാൻ പറ്റുമോ? അവയുടെ ആശയഗരിമയുടെ ആഴം കണ്ടെത്താൻ മനുഷ്യർ ശ്രമിച്ചു കൊണ്ടിരിക്കുന്നു, അന്നും ഇന്നും.

ആ ദിവ്യഗ്രന്ഥത്തോട് ഇതിനെ താരതമ്യം ചെയ്യുകയല്ല; അത് അവിവേകമാണെന്ന് അറിയാം. ഈ ക്ഷുദ്രകൃതി ‘നിഴൽക്വുർആൻ’ ആണെന്നും വിശുദ്ധ ക്വുർആനിന്റെ രണ്ടാം വാള്യമാണെന്നും അവകാശപ്പെടുന്നവരുടെ തൊലിക്കട്ടിയെപ്പറ്റിയാണ് നാം അത്ഭുതപ്പെടുന്നത്.

ഒടിയൻ!

ഇനി ചരിത്രവസ്തുതകളുമായി ഏറ്റുമുട്ടുന്ന ചില ഖാദിയാനി വഹ്‌യുകളും ദർശനങ്ങളും കാണുക:

‘1903 ജനുവരി 22. ഒരു ദർശനത്തിൽ റഷ്യയിലെ സാർ ചക്രവർത്തിയുടെ ചെങ്കോലും അവിസന്ന (ബൂ അലി സീന)യുടെ സമകാലികനും രാജനീതിയിൽ സുപ്രസിദ്ധനുമായ ഖുവാരിസ്മി രാജാവിന്റെ അമ്പും വില്ലും തന്റെ കൈയിൽ കിട്ടിയെന്നും ചെങ്കോൽ തോക്ക് പോലെ തോന്നിച്ചെന്നും സിംഹത്തെ വേട്ടയാടി എന്നുമൊക്കെ പിച്ചും പേയും പറയുന്നത് കാണാം’ (പേജ് 470).

1956ലെ പതിപ്പിൽ നിന്നാണ് ഇത് എടുത്തെഴുതിയത്. അവിസന്നയും ഖുവാരിസ്മി രാജാവും ഒന്നിച്ചാണ് കശ്ഫിൽ പ്രത്യക്ഷപ്പെടുന്നത്!

ക്രി: 1152 മുതൽ 1231 വരെ ഭരണം നടത്തിയ ഖുവാരിസ്മി രാജവംശത്തിലെ നീതിമാനായ രാജാവും 980ൽ ഉസ്ബകിസ്ഥാനിൽ ജനിച്ച് 1037ൽ ഇറാനിലെ ഹമദാനിൽ നിര്യാതനായ അബൂ അലി സീനയും സമകാലികരായിരുന്നുവെന്ന് ബോധനം ലഭിച്ചത് അല്ലാഹുവിൽനിന്നല്ലെന്ന് സുതരാം വ്യക്തമാണല്ലോ!

2004ലെ പുതിയ പതിപ്പിൽ ഖുവാരിസ്മി എന്ന പേര് ഒഴിവാക്കി ഒരു രാജാവ് എന്നാണ് പറയുന്നത്. തങ്ങളുടെ പ്രവാചകന്റെ വിവരക്കേട് പുതിയ തലമുറയെ അറിയിക്കേണ്ട എന്ന് കരുതിയാവാം ഖാദിയാനി ഖലീഫമാർ വഹ്‌യിലെ ആ ഭാഗം എഡിറ്റ് ചെയ്തത്.

പുതിയ പതിപ്പിൽ ഈ ‘ദിവ്യബോധന’ത്തിന്റെ തീയതിയിലും വ്യത്യാസമുണ്ട്. അതിൽ 1903 ജനുവരി 30നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വഹ്‌യുകളിലും ഇൽഹാമുകളിലും കടന്നുകൂടിയ തെറ്റുകൾ ഖലീഫമാർ തിരുത്തുകയാണ്. ഗുരുതരമായ തെറ്റുകൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്തേണ്ടത് തന്നെ. പക്ഷേ, തിരുത്തപ്പെടുന്നത് അല്ലാഹുവിന്റെ വഹ്‌യാണെന്നതാണ് രസകരം!

സ്വപ്നം കാണുന്നത് കുറ്റകരമല്ല

‘ഖുസ്രുവിന്റെ കാലത്തിന് തുടക്കമായി. മുസ്‌ലിംകളെ വീണ്ടും മുസ്‌ലിംകളാക്കുന്ന പ്രവർത്തിയും തുടങ്ങി.’ 1906 മാർച്ച് 11ന് അവതരിച്ച ഒരു പേർഷ്യൻ കവിതാ വഹ്‌യാണിത്. തുടർന്നു പറയുന്നു:

‘ഖുസ്രുവിന്റെ കാലം എന്നതിന്റെ വിവക്ഷ എന്റെ പ്രബോധനകാലമാകുന്നു. ഇതിൽ ലൗകികമായ ഭരണം ഉദ്ദേശ്യമല്ല. മറിച്ച്, ദൈവികമായ ഭരണമാണ് എനിക്ക് നൽകപ്പെട്ടത്. വഹ്‌യിന്റെ അർഥമിതാണ്. ഖുസ്രൂ കാലഘട്ടം അഥവാ അല്ലാഹുവിന്റെയടുത്ത് ആത്മീയഭരണം എന്ന് പറയുന്ന മസീഹിന്റെ ഭരണകാലം ആറായിരാമാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ചു. അതാണ് അല്ലാഹുവിന്റെ വിശുദ്ധരായ ദൂതൻമാർ പ്രവചിച്ചത്. പ്രത്യക്ഷത്തിൽ മുസ്‌ലിംകൾ എന്ന് വാദിക്കുന്നവരെ യഥാർഥ മുസ്‌ലിംകളാക്കുന്ന പ്രക്രിയ ആരംഭിച്ചു. ഇപ്പോൾ നാല് ലക്ഷത്തിനടുത്തായി അവരുടെ ജനസംഖ്യ’ (പേജ് 514).

ലോകത്ത് ഇസ്‌ലാമിക ഖിലാഫത്ത് അഥവാ ദൈവികഭരണം സ്ഥാപിക്കുന്നതിനു കൂടിയാണ് ഈസാനബി(അ)യെ അല്ലാഹു വീണ്ടും നിയോഗിക്കുക എന്നാണ് സ്വഹീഹായ ഹദീസുകളുടെ പാഠം. പകരം വന്ന ആൾക്ക് അ സ്വപ്നത്തിൽ മാത്രം സാധിക്കുന്ന കാര്യമായിരുന്നു അത്. തന്റെ പിതാമഹന്മാർക്കുണ്ടായിരുന്ന ‘നാട്ടുരാജാവ്’ പദവി പോലും നഷ്ടപ്പെട്ടതോടെ ഒരു ‘വത്തിക്കാൻ’ പോലും ഭരിക്കാൻ ഇല്ലാത്ത ദുരവസ്ഥയിൽ അദ്ദേഹത്തിന് മരിക്കേണ്ടിവന്നു! അപ്പോൾ കണ്ടെത്തിയ വ്യാഖ്യാനമാണ് ഖിലാഫത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് ആത്മീയഭരണമാണെന്നത്! അതിലെ പ്രജകളുടെ എണ്ണമാണ് ഈ പറയുന്ന ‘നാല് ലക്ഷം.’ പിൽക്കാലത്ത് ഇത് പച്ചനുണയാണെന്ന് തെളിയുകയും ചെയ്തു. ളില്ലി (നിഴൽ) പ്രവാചകനും സദൃശമസീഹിനും ‘നിഴൽ ഭരണം’ മതിയാകുമല്ലോ. കുറച്ചുകാലമായി ഖലീഫമാരുടെ ലോകഭരണം ലണ്ടനിലെ രണ്ടേക്കറിലെ ‘ഇസ്‌ലാമാബാദ്’ തലസ്ഥാനമാക്കിയാണ്!

വെളിപാടുകളിലും ദർശനങ്ങളിലും കിസ്രായും ഖുസ്രുവും സാർ ചക്രവർത്തിയും മുഗൾ ഷഹിൻഷായും ഒക്കെയായി ഒടിമറിയുന്നതിന് പ്രയാസമൊന്നുമില്ല. ഇപ്പോഴത്തെ ഖലീഫക്ക് അമേരിക്കൻ പ്രസിഡന്റോ സൗദി രാജാവോ ആണെന്നൊക്കെ സ്വപ്നം കാണുന്നത് ശിക്ഷാർഹമായ കുറ്റവുമല്ല. ‘നബി’യുടെയും ‘ഖലീഫ’മാരുടെയും കിരീടം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അനുയായികളിൽനിന്ന് ‘ചന്ദ’ പിരിച്ചാണ് ജീവിക്കുന്നത് എന്നത് വേറെ കാര്യം.