ഭ്രൂണ വളർച്ച

ഡോ. ഷാനവാസ് യു.എസ്.എ

2023 നവംബർ 18 , 1445 ജു.ഊലാ 04

(സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും 5)

ബീജസങ്കലനം വഴി ഉണ്ടാകുന്ന സിക്താണ്ഡം വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും കടന്നുപോകുന്നു. ഈ കാലയളവിനെ പ്രധാനമായും രണ്ടായി തിരിക്കാം. ആദ്യത്തെ 10 ആഴ്ചവരെയുള്ള വളർച്ചാകാലഘട്ടത്തെ ഭ്രൂണഘട്ടം (embryonic stage) എന്നും തുടർന്നുള്ള കാലയളവിനെ ഗർഭപിണ്ഡഘട്ടം (fetal stage) എന്നും പറയാം.

“നിങ്ങളെ അവൻ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ’’ (ക്വുർആൻ 71:14).

“നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു. മൂന്നുതരം അന്ധകാരങ്ങൾക്കുള്ളിൽ, സൃഷ്ടിയുടെ ഒരു ഘട്ടത്തിനുശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്’’ (39:6).

“...തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽനിന്നും പിന്നീട് ബീജത്തിൽനിന്നും പിന്നീട് ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപംനൽകപ്പെട്ടതും രൂപംനൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽനിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു...’’ (22:5).

ഭ്രൂണഘട്ടത്തെ നമുക്ക് അൽപംകൂടി വിശദമാക്കാം. അതിനുവേണ്ടി ഭ്രൂണവളർച്ചയെ വീണ്ടും ഘട്ടങ്ങളായി തിരിക്കാം.

എ) ബീജസങ്കലനം

പുരുഷബീജവും സ്ത്രീയുടെ അണ്ഡവും കൂടിച്ചേർന്ന് സിക്താണ്ഡം ഉണ്ടാകുന്നതിനെയാണ് ബീജസങ്കലനം എന്ന് പറയുന്നത്. ഇത് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ബി) പിളർപ്പും ബ്ലാസ്റ്റുലയും

ബീജസങ്കലനം വഴി ഉണ്ടാകുന്ന സിക്താണ്ഡം പ്രത്യേകമായ രീതിയിൽ വിഭജിക്കപ്പെടുന്നു. ഇതിനെയാണ് പിളർപ്പ് (cleavage) എന്ന് പറയുന്നത്. ഇതിന്റെ ഫലമായി കോശങ്ങളുടെ എണ്ണം വർധിക്കുന്നു. കോശങ്ങളുടെ എണ്ണം ഇരട്ടിയാവുന്നെങ്കിലും അവയുടെ വലിപ്പം മാതൃകോശത്തിന്റെ പകുതിയാവുകയും ജനിതകസംഖ്യ മാതൃകോശത്തിന് തുല്യമായിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ രൂപപ്പെടുന്ന കോശങ്ങളുടെ കൂട്ടത്തെയാണ് ബ്ലാസ്റ്റുല (blastula)) എന്ന് പറയുന്നത്. ബ്ലാസ്റ്റുലയിൽ ദ്രാവകം നിറഞ്ഞ ഒരു ദ്വാരം രൂപപ്പെടുന്നു. ഇതിനെ ബ്ലാസ്‌റ്റോസിസ്റ്റ് (blastocyst)) എന്ന് വിളിക്കുന്നു.

സി) ഗാസ്ട്രുലേഷൻ (Gastrulation)

ബ്ലാസ്റ്റുലയിലെ കോശങ്ങൾ പിന്നീട് വ്യത്യസ്തമായ മൂന്ന് അടുക്കുകളായി മാറുന്നു. ഇവയെ ജർമിനൽ ലയർ (germinal layer) എന്ന് വിളിക്കുന്നു. ഈ അടുക്കുകളിൽനിന്നുമാണ് പിന്നീട് ത്വക്ക് മുതൽ അതിസങ്കീർണമായ തലച്ചോറുവരെ രൂപപ്പെടുന്നത്. ഇവയിൽ ഓരോ അടുക്കിൽനിന്നും വ്യത്യസ്ത അവയവങ്ങൾ രൂപപ്പെടുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയെ ഗാസ്ട്രുലേഷൻ (Gastrulation) എന്ന് വിളിക്കുന്നു.

ഗർഭാശയത്തിനകത്ത് ഓരോ ദിവസവും പിന്നിടുമ്പോൾ ഓരോ ശരീരഭാഗങ്ങളായി രൂപപ്പെട്ടു വരികയും, അവ ക്രമേണ വളർന്ന് മനുഷ്യ ശരീരഭാഗങ്ങളുടെ രൂപത്തിലേക്ക് മാറിവരികയും ചെയ്യുന്നു. ആയതിനാൽ ഗർഭസ്ഥശിശു അതിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ പ്രത്യേകിച്ച് ഒരു രൂപമാറ്റം ഇല്ലാത്ത വെറുമൊരു മാംസപിണ്ഡമായിരിക്കും. പിന്നീട് അതിനു മനുഷ്യക്കുഞ്ഞിന്റെ രൂപം കൈവരികയാണ് ചെയ്യുന്നത്.

ഭ്രൂണത്തിന്റെ വളർച്ച (Embryonic stage)

ഇരട്ടകൾ

ഒരേസമയം ഒരു ഗർഭാശയത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്ന പ്രതിഭാസത്തെയാണ് ഇരട്ടകൾ (twins) എന്ന് പറയുന്നത്. രണ്ടുതരത്തിലുള്ള ഇരട്ടകൾ ഉണ്ട്. അവയിൽ ഒന്ന് സമാന ഇരട്ടകളും (Identical twins) മറ്റേത് സാഹോദര്യ ഇരട്ടകളും(fraternity twins) ആണ്.

ഗർഭാശയത്തിൽ രൂപപ്പെട്ട ഭ്രൂണം വിഭജിക്കുമ്പോൾ (cleavage) അവയിലെ കോശങ്ങളുടെ എണ്ണം വർധിക്കുകയല്ലാതെ സാധാരണ നിലയിൽ വിഭജിക്കാറില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ ഇവ വിഭജിക്കുകയും രണ്ടു വ്യത്യസ്ത ഭ്രൂണങ്ങൾ ആയി മാറുകയും ചെയ്യുന്നു. ഇവയെയാണ് സമാന ഇരട്ടകൾ (identical twins) എന്ന് വിളിക്കുന്നത്. ഒരേ ഭ്രൂണത്തിൽ നിന്നും രൂപപ്പെടുന്നതിനാൽ ഇവയുടെ ജനിതക ഘടനയും (chromosome) ഒന്ന് തന്നെയായിരിക്കും. ഒരു ജീവിയുടെ ശരീരഘടനയും ആന്തരിക ഘടനയും നിർണയിക്കുന്നത് അവയുടെ ജനിതക ഘടനയാണല്ലോ. ആയതിനാൽ ഇങ്ങനെ രൂപപ്പെടുന്ന ഇരട്ടകൾക്ക് ഒരേ രൂപവും ഒരേ ലിംഗവുമായിരിക്കും. അതായത് പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ ഈ ഇരട്ടകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാവില്ല.

എന്നാൽ സാഹോദര്യ ഇരട്ടകളുടെ രൂപീകരണം വ്യത്യസ്തമാണ്. സാധാരണ ഒരു ഗർഭാശയത്തിൽ ഒരു പുരുഷബീജം ഒരു അണ്ഡവുമായി മാത്രമെ ഒരു സമയത്ത് കൂടിച്ചേരുകയുള്ളൂ (fertilization). അതായത് ഒരു സമയത്ത് ഒരു കൂടിച്ചേരൽ മാത്രം. എന്നാൽ ചില സന്ദർഭങ്ങളിൽ രണ്ടു വ്യത്യസ്ത ബീജങ്ങൾ രണ്ടു വ്യത്യസ്ത അണ്ഡങ്ങളുമായി കൂടിച്ചേർന്ന് രണ്ടു വ്യത്യസ്ത ഭ്രൂണങ്ങൾ രൂപപ്പെട്ടേക്കാം.

ഇങ്ങനെ രൂപപ്പെടുന്ന ഭ്രൂണങ്ങൾക്ക് വ്യത്യസ്ത ജനിതക ഘടനയായതിനാൽ അവയ്ക്ക് വ്യത്യസ്ത രൂപവുമായിരിക്കും. Y ക്രോമസോമിന്റെ സാന്നിധ്യവും അസാന്നിധ്യവും അനുസരിച്ച് അവയുടെ ലിംഗം സമാനമോ വ്യത്യസ്തമോ ആവാം.

പേശിവ്യൂഹത്തിന്റെ വളർച്ച

അസ്ഥികളും (bones) തരുണാസ്ഥികളും (cartilages) മാംസപേശികളും (muscles) ഉൾപ്പെടുന്നതാണ് പേശിവ്യൂഹം (musculoskeletal system). പേശിവ്യൂഹത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും രൂപപ്പെടുന്നത് മീസോഡേം (mesoderm) എന്ന ജർമിനൽ പാളിയിൽ(germinal layer)നിന്നാണ്.

ഭ്രൂണവളർച്ചയിലെ ജർമിനൽ പാളികളുടെ പ്രാധാന്യവും ഗ്യാസ്ട്യുലേഷനും മുമ്പ് വിവരിച്ചിട്ടുണ്ട്. ഭ്രൂണവളർച്ചയുടെ ഭാഗമായി മീസോഡേം മൂന്നായി വിഭജിക്കപ്പെടുന്നു. ഇതിൽ നടുവിലത്തെ ഭാഗത്തെ പാരാക്‌സിയൽ മീസോഡേം (paraxial mesoderm) എന്ന് വിളിക്കുന്നു. ഇവ വളർന്ന് ഉരുണ്ട സോമൈറ്റുകളായി (somites)മാറുന്നു. ഭ്രൂണം വളരുന്നതിനനുസരിച്ച് സോമൈറ്റുകളുടെ എണ്ണവും കൂടുന്നു. ഇവ വീണ്ടും വിഭജിക്കപ്പെടുകയും അവയിൽനിന്നും മാംസപേശികളും നട്ടെല്ലും (vertebra) രൂപപ്പെടുകയും ചെയ്യുന്നു.

“...ആ എല്ലുകൾ നാം എങ്ങനെ കൂട്ടിയിണക്കുകയും, എന്നിട്ട് അവയെ മാംസത്തിൽ പൊതിയുകയും ചെയ്യുന്നു എന്നും നീ നോക്കുക...’’ (2:259).

നേരത്തെ സൂചിപ്പിച്ച പോലെ മീസോഡേമിൽനിന്ന് എല്ലുകളുടെ രൂപപ്പെടലാണ് ആദ്യം നടക്കുന്നത്. ആദ്യം തരുണാസ്ഥികളാണ് രൂപപ്പെടുക. ശേഷം ഇവയിൽനിന്നും ഓസ്റ്റിയോജെനിസിസ് (osteogenesis) എന്ന പ്രക്രിയയുടെ ഫലമായി എല്ലുകൾ രൂപപ്പെടുന്നു. ശേഷം എല്ലുകളുടെ നീളവും വലിപ്പവും വർധിക്കുകയും കൈകാലുകളും സന്ധികളും രൂപപ്പെടുകയും ചെയ്യുന്നു.

എന്നാൽ പേശികൾ (muscles) രൂപപ്പെടുന്നത് മയോബ്ലാസ്റ്റുകൾ (myoblasts) എന്ന കോശങ്ങൾ കൂടിച്ചേർന്നാണ്. എല്ലുകൾ രൂപപ്പെട്ടശേഷം മാംസപേശീ കോശങ്ങൾ എല്ലുകളിലേക്ക് പലായനം (migration) ചെയ്യുകയും എല്ലിന് ചുറ്റും ആവരണം ചെയ്യുകയും ചെയ്യുന്നു.