പകുതി വെന്ത വ്യാഖ്യാനം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 45)

കരിമ്പൂച്ചകൾ

“1903 സെപ്റ്റംബർ 2: മസീഹ് പറഞ്ഞു: ‘അതിസാരം പിടിപെട്ടതിനാൽ ക്ഷീണാധിക്യം മൂലം ശരീരം വല്ലാതെ ദുർബലമായി. ചെറിയൊരു മയക്കത്തിൽ എന്റെ രണ്ടു വശങ്ങളിലും പിസ്റ്റളുമായി രണ്ടുപേർ നിൽക്കുന്നത് ഞാൻ കണ്ടു. ഈ അവസരത്തിലാണ് ‘അല്ലാഹുവിന്റെ സുരക്ഷാവലയത്തിൽ’ എന്ന് ഇൽഹാം അവതരിച്ചത്’’ (പേജ് 403).

ഗുരുതരമായ മൂത്രവാർച്ചയും അതിസാരവും അലട്ടിക്കൊണ്ടിരിക്കുമ്പോൾതന്നെ അല്ലാഹുവിന്റെ സുരക്ഷാ വാഗ്ദാനവും തോക്കുധാരികളായ കരിമ്പൂച്ചകളുടെ അകമ്പടിയും ഉണ്ടെങ്കിലും ഒടുവിൽ ഇതേ രോഗങ്ങൾമൂലം തന്നെയാണ് മിർസ മരണപ്പെട്ടത് എന്ന കാര്യം ഓർക്കുക.

വഹ്‌യ് രോഗിക്ക്!

“1905ൽ ഭൂകമ്പ സമയത്ത് ഞങ്ങൾ തോട്ടത്തിൽ താമസിക്കവെ, ജമാഅത്തിൽ പെട്ട ആരെയോ സംബന്ധിച്ച് ഒരു വഹ്‌യ് വന്നു: ‘അല്ലാഹു രോഗം മാറ്റാൻ ഉദ്ദേശിച്ചിരുന്നില്ല; എന്നാൽ തന്റെ ഔദാര്യത്താൽ തീരുമാനം മാറ്റുകയാണ്.’ ഞങ്ങളുടെ കൂടെ തോട്ടത്തിൽ താമസിച്ചിരുന്ന സയ്യിദ് മഹ്ദി ഹുസൈന്റെ ഭാര്യ കടുത്ത പനിയും ജ്വരവും ബാധിച്ച് കിടപ്പിലായിരുന്നു. അങ്ങനെ ദുർബലയും ഒപ്പം ഗർഭിണിയുമായി അങ്ങേയറ്റം നിരാശയിൽ ജീവിക്കുകയായിരുന്നു അവർ. ഞാൻ അവർക്കു വേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവർക്ക് ജീവിതം തിരിച്ചുകിട്ടി. പിറ്റേദിവസം അവരുടെ നാവിലൂടെ അല്ലാഹു ഒരു ഇൽഹാം അവതരിപ്പിച്ചു: ‘നീ സുഖപ്പെടുമായിരുന്നില്ല. പക്ഷേ, ഹസ്രത്ത് സാഹിബിന്റെ

പ്രാർഥനയുടെ ഫലമായി ഇനി നിന്റെ രോഗം സുഖപ്പെടും’’ (പേജ് 459).

പതിവിന് വിപരീതമായി ഇവിടെ ‘വഹ്‌യ്’ ലഭിക്കുന്നത് പ്രവാചകനല്ല; അദ്ദേഹത്തിന്റെ അനുചരയായ സ്ത്രീക്കാണ്! എല്ലാം ആധുനിക യുഗത്തിലേക്ക് പ്രവാചകനെ നിയോഗിച്ച ‘യലാശു’വിന്റെ ലീലാവിലാസങ്ങൾ, അല്ലാതെ എന്തു പറയാൻ!

മുഹമ്മദീ ബീഗത്തിന്റെ രോഗശാന്തി

1908 ഏപ്രിൽ മാസം അഥവാ മരിക്കുന്നതിന് ഒരു മാസം മുമ്പ് ഒരാളുടെ രോഗചികിത്സയുമായി ബന്ധപ്പെട്ട് അവതരിച്ച വഹ്‌യുകളെപ്പറ്റിയാണ് ഇനി പറയുന്നത്:

“മിയാൻ മൻസൂർ മുഹമ്മദിന്റെ ഭാര്യ മുഹമ്മദീ ബീഗം മസീഹിന്റെ വീട്ടിലായിരുന്നു താമസം. അവർ ക്ഷയരോഗബാധിതയായിരുന്നു. രോഗം മൂർച്ഛിച്ചപ്പോൾ വഹ്‌യ് അവതരിച്ചു’’ (ഒന്നല്ല, ഒരു ഡസനോളം വഹ്‌യുകൾ!).

1. ‘ഹാമീം. ഇത് തെളിഞ്ഞ ഗ്രന്ഥത്തിലെ ദൃഷ്ടാന്തമാകുന്നു.’ (തർജമ: രോഗിയുടെ പേര് ചുരുക്കിപ്പറഞ്ഞതാണ് ‘ഹാമീം.’(1)

ഇതിൽ അല്ലാഹുവിന്റെ പുസ്തകത്തിൽ നിശ്ചയിച്ച നിരവധി അടയാളങ്ങളുണ്ട് എന്നാണ് തുടർവാചകത്തിന്റെ അർഥം).

2. രോഗി വല്ലാതെ ആർത്ത് കരയുന്നു.

3. ദുഃഖത്തിന്റെ ആലയം.

4. ‘നിശ്ചയം, നാം ഈ വീട്ടിലുള്ളവരെയെല്ലാം ഈ പകർച്ചവ്യാധിയിൽനിന്ന് രക്ഷിക്കും.’ പിന്നീട് കുറെ മരുന്നുകൾ കാണിച്ചുതന്നു. വീണ്ടും വഹ്‌യ് വന്നു:

5. വമ്പിച്ച ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

6. രണ്ടാമതും ജീവിതം.

7. ദുർബലപ്പെടുത്തിയ ജീവിതം.

8. ഞാൻ അതിൽനിന്ന് പിൻവാങ്ങുന്നു.

9. അല്ലാഹു അവനിൽ കാരുണ്യം നിശ്ചയിച്ചിരിക്കുന്നു.

10. വിശ്വാസികളെ സഹായിക്കൽ നമ്മുടെ കർത്തവ്യമാകുന്നു.

11. കാരുണ്യത്തിന്റെ മാതൃകകളാണ് ആദ്യം പറഞ്ഞതിലും അവസാനം പറഞ്ഞതിലും. (അതായത് രണ്ടു രോഗികൾ ഉണ്ടായിരുന്നു. അവർക്കായി പ്രാർഥിച്ചപ്പോൾ അല്ലാഹു കരുണ ചൊരിഞ്ഞു).

12. കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും വചനം, നന്ദി വാക്കുകൾ’’(പേജ് 637-638).

അറബിയിലും ഉർദുവിലുമായി പന്ത്രണ്ട് വഹ്‌യുകളാണ് മുഹമ്മദീ ബീഗത്തിന്റെ രോഗവുമായി ബന്ധപ്പെട്ട് അവതരിച്ചത്. നിങ്ങൾക്ക് എന്താണ് മനസ്സിലായത്? ആ രോഗി രക്ഷപ്പെട്ടിരിക്കുമോ അതോ മരിച്ചു പോയോ? അക്കാര്യം പക്ഷേ മിർസക്ക് പറയാൻ പറ്റിയില്ല. കാരണം അദ്ദേഹം മെയ് മാസം 26ന് മരിച്ചുപോയി.

(1)മുഹമ്മദീ ബീഗം എന്ന പേരിന്റെ ചുരുക്കമാണ് ഹാമീം എന്നത് ഏതെങ്കിലും ഒരു ഖാദിയാനി വിശ്വാസിക്ക് വിശദീകരിക്കാനാകുമോ?

പകുതി വെന്ത വ്യാഖ്യാനം

എന്നാൽ നേരത്തെ ഈ ‘വഹ്‌യുകൾ’ പ്രസിദ്ധീകരിച്ച ‘ബദർ’ പത്രാധിപർ അടിക്കുറിപ്പിൽ വിശദീകരിച്ചത് ഇങ്ങനെയാണ്:

“മുഹമ്മദീ ബീഗം 1908 ഒക്ടോബർ 9ന് മരിച്ചു. അവസാനകാലം വളരെ മോശമായ സ്ഥിതിയായിരുന്നു എന്നാണ് കേട്ടത്. അതാണല്ലോ എന്റെ മഹാനായ നേതാവ്, മസീഹ് മൗഊദ് ‘ദുഃഖത്തിന്റെ ആലയം’ എന്നു പറഞ്ഞത്. ക്ഷയരോഗം വല്ലാതെ പകരുന്നതാണല്ലോ. അതിനാലാണ് ‘ഈ വീട്ടിലുള്ളവരെല്ലാം പകർച്ചവ്യാധിയിൽനിന്ന് രക്ഷിക്കും’ എന്ന സന്തോഷ വാർത്ത അറിയിക്കപ്പെട്ടത്. ഇതാകട്ടെ അവശിഷ്ട ദിനങ്ങളിൽ രോഗിക്കും ആശ്വാസം ലഭിക്കുന്നതായിരുന്നു. അവർക്ക് ‘രണ്ടാമതും ജീവിതം’ ലഭിച്ചു. എന്നാൽ ‘ദുർബലപ്പെടുത്തിയ ജീവിത’മായിരുന്നു അത്’’ (അടിക്കുറിപ്പ്).

എങ്ങനെയുണ്ട് വിശദീകരണം? ഖാദിയാനിയാവാൻ ഇദ്ദേഹം പരമയോഗ്യൻ തന്നെ! പത്രാധിപരാക്കിയത് വെറുതെയല്ല. എന്നാൽ ഇനിയുമുണ്ടല്ലോ വഹ്‌യുകൾ അഞ്ചാറെണ്ണം കൂടി. അവയെപ്പറ്റി വിശദീകരിക്കേണ്ടതില്ലേ? ‘വിശ്വാസികളെ സഹായിക്കൽ നമ്മുടെ കർത്തവ്യമാണെന്നും കാരുണ്യം വർഷിക്കു’മെന്നും മറ്റും!

പിന്നെ കുറെ മരുന്നുകൾ കാണിച്ചുകൊണ്ട് പറഞ്ഞല്ലോ ‘വമ്പിച്ച ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന്. ആ മരുന്നുകൾ കൊടുത്തില്ലായിരുന്നോ? പത്രാധിപർ വിശദീകരിച്ച് ക്ഷീണിച്ചു പോയി അല്ലേ? ആരായാലും പ്രയാസപ്പെടും. തനിക്ക് വ്യാഖ്യാനിച്ച് ഒപ്പിക്കാൻ കഴിയുന്നവ മാത്രം തിരഞ്ഞെടുത്തു വിശദീകരിക്കുന്നു, മറ്റുള്ളവ സൗകര്യംപോലെ മറന്നുകളയുന്നു. ആരെയാണ് ഇവർ പറ്റിക്കാൻ ഉദ്ദേശിക്കുന്നത്? സ്വന്തം അനുയായികൾ ഏതായാലും അണ്ണാക്കുതൊടാതെ വിഴുങ്ങിക്കോളും. മറ്റുള്ളവർ അൽപം ശ്രദ്ധ ചെലുത്തിയാൽ കാര്യം ഗ്രഹിക്കുകയും ചെയ്യും. അഥവാ രക്ഷപ്പെട്ടാൽ പ്രവചനം പുലർന്നു എന്ന് വിളിച്ചുകൂവാൻ എന്തെങ്കിലുമൊക്കെ എഴുതിവച്ചിട്ടുണ്ടാകും. അല്ലെങ്കിലും ഏതോ ഒരു പെണ്ണിന് വേണ്ടി, അവൾ കാമുകിയുടെ പേരുകാരിയാണെങ്കിലും, ഇത്രയേറെ വഹ്‌യുകൾ നൽകേണ്ടിയിരുന്നോ? ഒരു പാകത്തിനായിരുന്നെങ്കിൽ അനുയായികൾക്ക് പിടിച്ചുനിൽക്കാമായിരുന്നു.

വീട്ടിലുള്ളവർക്കൊക്കെ രക്ഷ വാഗ്ദാനം ചെയ്തത് പ്ലേഗുമായി ബന്ധപ്പെട്ട വഹ്‌യ് ആണെന്നാണ് മിർസതന്നെ പലയിടത്തും എഴുതിവച്ചിട്ടുള്ളത്. അതേ വചനത്തെ തന്നെയാണ് ഇവിടെ മുഹമ്മദീ ബീഗത്തിന്റെ ക്ഷയരോഗവുമായി ബന്ധപ്പെടുത്തിയിട്ടുള്ളത് എന്നു കൂടി കൂട്ടിവായിക്കുക.