മൗലികാവകാശങ്ങളും നിയന്ത്രണങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 മാർച്ച് 25, 1444 റമദാൻ 2

ട്രാൻസ്‌ജെൻഡർ (നൽസ), വധശിക്ഷ (ബച്ചൻസിംഗ്) തുടങ്ങിയ കേസുകളെ തനിക്കനുകൂലമായി സമർഥിക്കാൻ ശ്രമിച്ച കർണാടക അറ്റോർണി ജനറലിന് രണ്ടംഗ ബെഞ്ചിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടുകയായിരുന്നു. ഭരണഘടനക്ക് പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിലപ്പോയില്ല. അഭിപ്രായ, ഭാവപ്രകടന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന പത്തൊമ്പതാം അനുച്ഛേദം ഒരാൾക്ക് മതപരമായ അടയാളങ്ങൾ പ്രകടിപ്പിക്കാനും അവകാശം നൽകുന്നുണ്ട് എന്ന കാര്യം നിഷേധിക്കാൻ പലവിധത്തിൽ ശ്രമിച്ച എ.ജിയുടെ വാദങ്ങൾ ജഡ്ജിമാരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഭസ്മമായിത്തീരുകയാ യിരുന്നു.

ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന എ.ജി.

ശിരോവസ്ത്രം സ്‌കൂളുകൾക്ക് പുറത്തോ, സ്‌കൂൾ വാഹനങ്ങളിലോ ഒന്നും നിരോധിച്ചിട്ടില്ലെന്നും ക്ലാസ്സ്മുറികളിൽ മാത്രമാണ് നിരോധിച്ചതെന്നും അത് മൗലികാവകാശ നിഷേധമാവില്ലെന്നുമാണ് എ.ജിയുടെ വാദം. എന്നാൽ സ്‌കൂൾ പരിസരങ്ങളിൽ പോലും മുസ്‌ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്നും സ്‌കൂൾ അധികൃതർ വിലക്കിയ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അവർക്കെതിരെ സംഘടിതമായ അക്രമങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതിനെല്ലാം കാരണം കർണാടക സർക്കാറിന്റെ വികലമായ നിരോധന സർക്കുലറായിരുന്നു. ബലപ്രയോഗത്തിലൂടെ ഒരു വിഭാഗം ഹിജാബ് ധരിച്ചെത്തിയപ്പോൾ മറുവിഭാഗം പ്രകോപിതരായി എന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു ‘Public Order’ പ്രശ്‌നമുണ്ട് എന്നുമാണ് എ.ജി തുടർന്നു വാദിച്ചത്. ക്ലാസ്സ്മുറികൾക്ക് പുറത്ത് ശിരോവസ്ത്രം ധരിക്കാൻ അനുമതിയുണ്ടെങ്കിൽ മറുവിഭാഗം എന്തിനാണ് പ്രകോപിതരായത് എന്ന് എ.ജി വിശദീകരിച്ചുകണ്ടില്ല. ‘Public Order’ പ്രശ്‌നം ഉണ്ടാക്കിയത് ശിരോവസ്ത്രം ധരിച്ചവരല്ല, മറിച്ച് അതിനെതിരെ പ്രതിഷേധിച്ചവരാണ് എന്ന യാഥാർഥ്യം മൂടിവയ്ക്കുകയാണ് എ.ജി ചെയ്തത്.

എ.ജി തുടരുന്നു: ‘ഒരു കുട്ടിയുടെ പ്രതിഷേധമല്ല, മറിച്ച് വിദ്യാലയ കവാടങ്ങളിൽ കുറെ പെൺകുട്ടികൾ കൂട്ടംകൂടി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. മതം അടിച്ചേൽപിക്കുന്ന വിധത്തിലായിരുന്നു അവരുടെ പ്രകടനങ്ങൾ.’ ഏതെങ്കിലും സംഘടനകൾ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഒരു വിദ്യാർഥിയുടെ മൗലികാവകാശം ധ്വംസിക്കാൻ പാടില്ല എന്ന യാഥാർഥ്യത്തിന് നേരെ കണ്ണടക്കുകയാണ് എ.ജി ചെയ്തത്.

സ്വകാര്യത അവകാശവും എ.ജിയുടെ വാദങ്ങളും

19ാം അനുഛേദത്തെ കുറിച്ചുള്ള വാദങ്ങൾ പൂർത്തിയാക്കിയ ശേഷം എ.ജി 21ാം അനുച്ഛേദത്തിലേക്കാണ് കടന്നത്. അദ്ദേഹം പറയുന്നു: ‘സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടസ്വാമി കേസാണ് ഇവിടെ അഭിഭാഷകർ കൊണ്ടുവന്നത്. സ്വകാര്യത ഇല്ലെങ്കിൽ അന്തസ്സില്ല, അന്തസ്സില്ലെങ്കിൽ സ്വാതന്ത്ര്യമില്ല എന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങളാണ് ഇവിടെ ഉദ്ധരിക്കപ്പെട്ടത്. വസ്ത്രം ധരിക്കുന്നത് എങ്ങനെയാണ് അന്തസ്സിന്റെ ഭാഗമാകുന്നത്? അങ്ങനെയൊരു വിശദീകരണം ഇക്കാലംവരെ കോടതികൾ നൽകിയതായി എനിക്കറിയില്ല. ഇങ്ങനെ എല്ലാ കാര്യത്തിലും ഓപ്പൺ ചെക്ക് (Carte Blanche) കൊടുക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. വസ്ത്രം ധരിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. എന്നാൽ അത് എല്ലായിടങ്ങളിലും ഒരുപോലെയാണ് എന്ന വാദത്തോട് യോജിക്കാൻ കഴിയില്ല. സ്വകാര്യതയ്ക്കുള്ള അവകാശം ചില വ്യവസ്ഥകളിലൂടെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട് എന്ന് പുട്ടസ്വാമി വിധിയിൽ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. കപിൽ സിബൽ ഉന്നയിച്ച ചോദ്യത്തിന് ഈ ഉത്തരം തന്നെ മതിയാകും.’

ഇത്രയും കേട്ട ജസ്റ്റിസ് ധൂലിയ ഈ ഉത്തരം മതിയാവില്ലെന്ന് അസന്ദിഗ്ധമായി പറഞ്ഞു. പുട്ടസ്വാമി വിധിയിൽ പറഞ്ഞ വ്യവസ്ഥകൾക്ക് സ്വയം ‘സമാന്തരങ്ങൾ’ സൃഷ്ടിക്കരുതെന്ന് കോടതി എ.ജിയെ താക്കീത് ചെയ്തു.

എ.ജിയുടെ ഉപസംഹാരം

“മൗലികാവകാശങ്ങൾ ചില വ്യവസ്ഥകളിലൂടെ ക്ലിപ്തപ്പെടുത്തപ്പെട്ടിട്ടുണ്ട്. പുട്ടസ്വാമി കേസിൽ ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞത് ‘സാഹചര്യങ്ങൾക്ക് അനുസരിച്ച് അവകാശങ്ങൾക്ക് നിയന്ത്രണമാവാം’ എന്നാണ്. ‘പൊതുതാൽപര്യത്തെ മുൻനിർത്തി സ്വകാര്യതക്കുള്ള അവകാശത്തെ നിയന്ത്രിക്കാം’ എന്നും വിധിയിൽ പറയുന്നുണ്ട്. സർക്കാർ സർക്കുലറിന്റെ ശൈലി പരിശോധിച്ചാൽതന്നെ ഇത് മൗലികാവകാശത്തെ നിയന്ത്രിക്കാൻ വേണ്ടിയല്ല, മറിച്ച് വിദ്യാഭ്യാസ ചട്ടങ്ങളിലെ റൂൾ 11 നടപ്പാക്കാൻ വേണ്ടി മാത്രമാണ് എന്ന് മനസ്സിലാവും. ഇത് വിദ്യാർഥികളും സ്‌കൂളുകളും തമ്മിലുള്ള പ്രശ്‌നമാണ്. സർക്കാറുമായിട്ടല്ല പ്രശ്‌നം. ശിരോവസ്ത്രം ഒരു മൗലികാവകാശമാണ് എന്ന് തെളിയിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചിട്ടുമില്ല. അത് 19ാം അനുച്ഛേദപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന് തെളിയിക്കാനും അവർക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യതക്കുള്ള അവകാശം ഇപ്പോഴും അതിന്റെ വികസന ഘട്ടത്തിൽ മാത്രമാണ്. അത് എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ കഴിയില്ല. മറുഭാഗം അനാവശ്യമായ കുറെ വാദങ്ങൾ ഇവിടെ കൊണ്ടുവന്നു. ഒരു പ്രത്യേക വിഭാഗത്തിന് നേരെയുള്ള അതിക്രമമാണ് സർക്കാർ നടത്തുന്നത് എന്നാണ് അവർ പറയുന്നത്. എന്നാൽ പ്രസ്തുത വിഭാഗങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് വേണ്ടി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട് എന്ന കാര്യം അവർ വിസ്മരിക്കുകയും ചെയ്യുന്നു.’’

സ്വകാര്യത നിയമവും അൽപം ചില കാര്യങ്ങളും

പുട്ടസ്വാമി വിധി എന്നറിയപ്പെടുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലം ഒരു പൗരന്റെ അടിസ്ഥാന വിവരങ്ങൾ വാട്‌സാപ്പ്, ഫെയ്‌സ്ബുക് പോലെയുള്ള സമൂഹ മാധ്യമങ്ങൾക്ക് നൽകുന്നതുമായി ബന്ധപ്പെട്ടതാണ്. ആധാർ വിവരങ്ങൾ മൂന്നാംകക്ഷിക്ക് കൈമാറാൻ നിർബന്ധിക്കുന്നത് ഒരു പൗരന്റെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണ് എന്നതാണ് വിധിയുടെ അന്തഃസത്ത. സുപ്രീംകോടതി ഇതിനായി ആധാരമാക്കിയത് 21ാം അനുച്ഛേദമാണ്. ‘നിയമംവഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ, യാതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കാൻ പാടുള്ളതല്ല’ എന്നാണ് പ്രസ്തുത അനുച്ഛേദം വ്യക്തമാക്കുന്നത്. സ്വകാര്യത വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായതുകൊണ്ട് അതിന് ഭരണഘടനാപരമായ സംരക്ഷണമുണ്ട് എന്നും അതുകൊണ്ട് വ്യക്തിവിവരങ്ങൾ അടങ്ങുന്ന ആധാർ രേഖകൾ മൂന്നാം കക്ഷിക്ക് നൽകുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ (Personal Libetry) ബാധിക്കും എന്നുമാണ് വിധി വ്യക്തമാക്കുന്നത്.

സ്വകാര്യതയ്ക്ക് സംരക്ഷണം നൽകിയത് അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായത;കൊണ്ടാണ്. വസ്ത്രം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നു. അതിന് നിയന്ത്രണം കൊണ്ടുവരണമെങ്കിൽ നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമങ്ങൾ അനിവാര്യമാണ്. എന്നാൽ കർണാടക സർക്കാർ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ കേവലം ഒരു സർക്കുലറിലൂടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായ വസ്ത്രരീതികളെയും വേഷവിധാനങ്ങളെയും നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്. ക്രമാസമാധാന പ്രശ്‌നങ്ങളോ ആരോഗ്യ-ധാർമിക വിഷയങ്ങളോ ഒന്നുംതന്നെ ചൂണ്ടിക്കാണിക്കാൻ കർണാടക ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ ഇതെല്ലം മൗലികാവകാശമാണെങ്കിലും ചില വ്യവസ്ഥകളിലൂടെ (Regulations)അവയെ നിയന്ത്രിക്കാൻ സർക്കാറിന് അവകാശമുണ്ട് എന്ന ധിക്കാരപരമായ നിലപാടാണ് കർണാടകക്ക് വേണ്ടി എ.ജി മുന്നോട്ട് വെക്കുന്നത്.

എ.ജിക്ക് ശേഷം എ.എസ്.ജി

അഡ്വക്കേറ്റ് ജനറലിന് ശേഷം അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് വാദം തുടർന്നു. നേരത്തെ എസ്.ജി തുഷാർ മേത്തയും ശേഷം എ.ജി പ്രഭുലിംഗ് നവാദ്ഗിയും പറഞ്ഞതിലപ്പുറം കാര്യമായി ഒന്നും എ.എസ്.ജിയുടെ പക്കൽ ഉണ്ടായിരുന്നില്ല. സർക്കാർ ശിരോവസ്ത്രം നിരോധിച്ചിട്ടില്ല, യൂണിഫോം നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്ന പതിവ് പല്ലവിയിലൂടെ ഇരുട്ടുകൊണ്ട് ഓട്ടയടക്കുക മാത്രമായിരുന്നു ചെയ്തത്. അദ്ദേഹത്തിന്റെ വാദം ഇങ്ങനെ: “മതത്തിന്റെ അടിസ്ഥാനത്തിലുള്ള വർഗീകരണം വിദ്യാലയങ്ങളിൽ കൊണ്ടുവരുന്നത് ശരിയല്ല എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. മതസ്വാതന്ത്ര്യം അനുവദിക്കുന്ന അനുച്ഛേദം 25, പാർട്ട് മൂന്നിലെ മറ്റു അനുച്ഛേദങ്ങളിലൂടെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. പാർട്ട് മൂന്നിലെ അനുച്ഛേദം 14 സമത്വത്തെയാണ് ഉയർത്തിക്കാട്ടുന്നത്. സമത്വമാണ് ഞങ്ങൾ ഉയർത്തിക്കാണിക്കു ന്നത്. വിദ്യാർഥികളെ ഒരു ഗണം മാത്രമായി കാണണം. അവരെ വേർതിരിക്കുന്ന മതത്തെ വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരുന്നത് സമത്വം എന്ന ആശയത്തെ ദോഷകരമായി ബാധിക്കും. വിദ്യാലയങ്ങൾ മതേതരസ്ഥാപ നങ്ങളാണ്. അവിടെ മതത്തിന്റെ പേരിലുള്ള വിഭജനം പാടില്ല. ഒരുകൂട്ടർ ശിരോവസ്ത്രവുമായി വന്നാൽ മറ്റൊരു കൂട്ടർ ഷോളുമായി കടന്നുവരും. Public Order, Health, Moraltiy എന്നീ ഉപാധികൾ പാലിച്ചാൽ മാത്രം പോരാ, അവ സമത്വം ഉൽഘോഷിക്കുന്ന അനുച്ഛേദം 14നു വിരുദ്ധമാവാൻ പാടില്ല. എല്ലാ മൗലികാവകാശങ്ങളും നിയന്ത്രണങ്ങൾക്ക് വിധേയമാണ്. മതന്യൂനപക്ഷങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ അവകാശം നൽകുന്ന അനുച്ഛേദം 30 പോലും നിയന്ത്രണങ്ങൾക്ക് വിധേയമാണ്. വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവവും അച്ചടക്കവും വളർത്തുന്നതിന് വേണ്ടി സർക്കാർ തയ്യാറാക്കിയ ചട്ടങ്ങൾ കുറ്റമറ്റതാണ്.’’

കെ.എം.നടരാജ് ഇത്രയും പറഞ്ഞപ്പോൾ ജസ്റ്റിസ് ധൂലിയ ഇടപെട്ടു. അനുച്ഛേദം 14നു എ.എസ്.ജി പറഞ്ഞ വ്യാഖ്യാനം ശരിയല്ല എന്നദ്ദേഹം പറഞ്ഞു. നിയമം മൂലമുള്ള സംരക്ഷണം എല്ലാവർക്കും ഒരുപോലെയാവണം എന്നുമാത്രമാണ് അനുച്ഛേദം 14ന്റെ താൽപര്യം. എല്ലാവരും ഒരുപോലെ ജീവിക്കണം എന്ന് അതിന് അർഥമില്ല. അങ്ങനെയെങ്കിൽ അനുച്ഛേദം 14 പ്രകാരം സ്‌കൂളുകളിൽ മാത്രമല്ല, പൊതുയിടങ്ങളിലും ശിരോവസ്ത്രം നിരോധിക്കാൻ ഈ വകുപ്പ് ഉപയോഗപ്പെടുത്തപ്പെടും. ദേശീയ ഐക്യം ഉദ്ദേശിച്ചുകൊണ്ടാണോ സർക്കാർ ശിരോവസ്ത്രം നിരോധിച്ചത് എന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചപ്പോൾ ‘ശിരോവസ്ത്രം നിരോധിച്ചിട്ടില്ല, യൂണിഫോം നടപ്പാക്കുകയാണ് ചെയ്തത്’ എന്ന റെഡിമെയ്ഡ് ഉത്തരം നടരാജ് വീണ്ടും ആവർത്തിച്ചു. പക്ഷേ, അന്തിമഫലം ശിരോവസ്ത്ര നിരോധനമല്ലേ, എനിക്ക് ഒരു യെസ് ഓർ നോ ഉത്തരമാണ് ലഭിക്കേണ്ടതെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു. വീണ്ടും പതിവു പല്ലവി മാത്രമായിരുന്നു മറുപടി.

‘ഇന്ന് ശിരോവസ്ത്രം അനുവദിച്ചാൽ നാളെ ബുർഖ മൗലികാവകാശമാണെന്ന് ചിലർ വാദിച്ചു വരും. മറ്റുചിലർ ഹോമം വിദ്യാലയങ്ങളിൽ നടത്തൽ മൗലികാവകാശമാണെന്ന് പറയും. ഇന്ത്യാഗേറ്റിലോ കോടതിയിലോ ഇതെല്ലാം അനുവദിക്കാൻ നമുക്ക് കഴിയുമോ? ഈ കേസിന് വേണ്ടി ഒരു ഭരണഘടന ബെഞ്ച് രൂപീകരിക്കണമെന്ന വാദം തെറ്റാണ്. ഇതൊരു കേവല അച്ചടക്കവുമായി ബന്ധപ്പെട്ട കേസാണ്’ എ.എസ്.ജി ഉപസംഹരിച്ചു.

സമത്വവും 14ാം അനുച്ഛേദവും

എല്ലാ മൗലികാവകാശങ്ങളും നിയന്ത്രണവിധേയമാണ് എന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ വാദം ഭാഗികമായി മാത്രം ശരിയാണ്. അവ നിയന്ത്രണവിധേയമാകുന്ന മൂന്ന് ഘടകങ്ങൾ മാത്രമാണ് ഭരണഘടന വ്യക്തമാക്കിയിട്ടുള്ളത്. അവ പലവുരു ആവർത്തിക്കപ്പെട്ട Public Order, Health, Moraltiy എന്നിവയാണ്. എന്നാൽ എ.എസ്.ജി ഇതിനെ അനുച്ഛേദം 14മായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നു. ‘സമത്വം’ എന്ന പദത്തിൽ കടിച്ചുതൂങ്ങിയാണ് എ.എസ്.ജി ഈ കസർത്ത് നടത്തുന്നത്. അതിനെ ജസ്റ്റിസ് ധൂലിയ ഖണ്ഡിക്കുകയും ചെയ്തു.

എന്താണ് അനുച്ഛേദം 14 പറയുന്നത്? “The State shall not deny to any person equaltiy before the law or the equal protection of the laws within the territory of India.” (ഇന്ത്യയുടെ ഭൂപ്രദേശത്തിനകത്ത് യാതൊരാൾക്കും നിയമത്തിന്റെ മുമ്പിലുള്ള സമത്വമോ നിയമങ്ങളുടെ സംരക്ഷണമോ നിഷേധിക്കാൻ പാടുള്ളതല്ല). നിയമം ഒരാൾക്കും അപ്രാപ്യമാകാൻ പാടില്ല എന്നും എല്ലാവർക്കും നിയമപരമായ അവകാശമുണ്ടെന്നുമാണ് ഈ അനുച്ഛേദം പറയുന്നത്. ഇവിടെ ഉപയോഗിക്കപ്പെട്ട സമത്വം, നിയമം വഴി ലഭിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിലുള്ള സമത്വമാണ്. ഉദാഹരണമായി സ്ത്രീകൾക്ക് ചില അവകാശങ്ങളുണ്ട്. എന്നാൽ അനുച്ഛേദം 14 സമത്വം പറയുന്നു എന്നതിന്റെ പേരിൽ സ്ത്രീകൾക്ക് പ്രത്യേക അവകാശം നൽകാൻ പാടില്ല എന്നാരും പറയില്ല. സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേകം സംവരണാനുകൂല്യങ്ങൾ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്. ‘സമത്വം’ പറഞ്ഞുകൊണ്ട് പ്രസ്തുത അവകാശങ്ങളെ ഹനിക്കാൻ സാധിക്കില്ല. ഒരു വിഭാഗത്തിനുള്ളിൽ തന്നെ നിയമം മൂലം ലഭിക്കേണ്ട സമത്വം നിഷേധിക്കാൻ പാടില്ല എന്നുമാത്രമെ അതിനർഥമുള്ളൂ. എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെയാണ് അവകാശങ്ങൾ എന്ന് അതിനർഥമില്ല.

എന്താണ് 30ാം അനുച്ഛേദം?

അനുച്ഛേദം 30നു മേൽ എ.എസ്.ജി നടത്തിയിരിക്കുന്നത് കടന്നാക്രമണമാണ്. ഒരുനിലയ്ക്കും അംഗീ കരിക്കാൻ സാധിക്കാത്ത വാദങ്ങളാണ് അദ്ദേഹം നിരത്തിയത്. “All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice.’ എന്നാണ് അനുച്ഛേദം 30 പറയുന്നത്. മത, ഭാഷ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം നിലയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കാനും അതിനെ ഭരിക്കുവാനും അവകാശമുണ്ട് എന്നർഥം. സമത്വം കാരണമാക്കി ഈ മൗലികാവകാശത്തെ എങ്ങനെ നിയന്ത്രിക്കുമെന്നാണ് എ.എസ്.ജി പറയുന്നത്? കാലാകാലങ്ങളായി മത, ഭാഷ ന്യൂനപക്ഷങ്ങൾ അനുഭവിച്ചുവന്ന അസമത്വങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഭരണഘടനയിൽ ഇത് എഴുതിച്ചേർത്തത്. ശിരോവസ്ത്രത്തിൽ മാത്രം ഒതുങ്ങില്ല, മതന്യൂനപക്ഷങ്ങളുടെ എല്ലാ അവകാശങ്ങൾക്കുമേലും കൈ വെക്കുമെന്നാണ് എ.എസ്.ജിയുടെ ഈ പ്രസ്താവന വ്യക്തമാക്കുന്നത്.

(അടുത്തലക്കത്തിൽ: വിദ്യാലയങ്ങളും മതചിഹ്നങ്ങളും)