പൗരോഹിത്യത്തിന്റെ വേരുകൾ

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 നവംബർ 18 , 1445 ജു.ഊലാ 04

(യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും 5)

പുരോഹിതന്മാരുടെ കൈകടത്തലുകൾക്ക് വിധേയമായ യഹൂദ മതാധ്യാപനങ്ങൾ മൂഢവിശ്വാസങ്ങളുടെ കേദാരം തന്നെയാണ്. മതനേതാക്കളുടെ കർമശാസ്ത്ര വിധികളും ഇതേവിധത്തിലായിരുന്നു. കടത്തിന്റെയും പലിശയുടെയും വിധികളിൽ ഇസ്രയേല്യരും അനിസ്രയേല്യരും തമ്മിൽ വ്യക്തമായ വിവേചനം നിലനിന്നിരുന്നതായി ബൈബിളിൽ കാണാം. തൽമൂദിൽ ഇപ്രകാരം കാണാവുന്നതാണ്: “അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളതു നീ ഇളെച്ചു കൊടുക്കേണം’’ (ആവർത്തനം 15:03). ഇവിടെ അന്യജാതിക്കാരൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹൂദർ അല്ലാത്തവരെയാണ്.

ശവശരീരം യഹൂദർ ഭക്ഷിക്കരുതെന്നും, യഹൂദർ അല്ലാത്തവർക്ക് അത് ഭക്ഷിക്കാൻ കൊടുക്കാമെന്നും തൗറാത്തിൽ കൂട്ടിച്ചേർത്ത് ഇവർ വ്യക്തമായ വർണവിവേചനം സ്ഥാപിക്കാനും ശ്രമിക്കുന്നതായി കാണാം. “താനേ ചത്ത ഒന്നിനെയും തിന്നരുത്; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വിൽക്കാം; നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ’’ (ആവർത്തനം 14:21).

പരദേശിക്കും സ്വദേശിക്കും ഒരേ പ്രമാണങ്ങൾ തന്നെയാണെന്ന് ഇടക്കിടെ തൗറാത്തിൽ കാണാമെങ്കിലും സിവിൽ-ക്രിമിനൽ നിയമങ്ങളുടെ പ്രായോഗികതയിൽ ഇതിൽനിന്നും തികച്ചും വിരുദ്ധമായ തത്ത്വങ്ങളാണ് ബൈബിളിൽ പഴയനിയമത്തിൽ വ്യാപകമായി കാണാനാകുന്നത്. പലിശയുടെ വിഷയത്തിൽപോലും ഇത്തരം വിവേചനം വ്യക്തമാണ്. “അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുത്’’ (ആവർത്തനം 23:20).

കളഞ്ഞുകിട്ടിയ സാധനത്തിന്റെ വിഷയത്തിൽപോലും യഹൂദരും അല്ലാത്തവരും തമ്മിലുള്ള പരസ്യമായ വിവേചനം തൽമൂദിൽ വ്യക്തമായി എഴുതിച്ചേർത്തിട്ടുണ്ട്: “ഇസ്രയേല്യന്റെ കാള അനിസ്രയേല്യന്റെ കാളയെ പരിക്കേൽപിക്കുന്നപക്ഷം അതിന് പിഴയില്ല. ഒരാൾക്ക് വല്ല സ്ഥാനത്തുനിന്നും ഒരു സാധനം വീണുകിട്ടിയാൽ പരിസരവാസികൾ ആരാണെന്ന് നോക്കേണ്ടതാണ്. ഇസ്രയേല്യരാണെങ്കിൽ വീണുകിട്ടിയത് വിളംബരപ്പെടുത്തേണ്ടതുണ്ട്. ഇസ്രയേല്യരല്ലെങ്കിൽ വിളംബരം ചെയ്യാതെ സാധനം എടുത്തുവക്കേണ്ടതാണ്...’’

രിബ്ബി ഇശ്മായേൽ പറയുന്നു: “ഇസ്രയേല്യനും അനിസ്രയേല്യനും തമ്മിലുള്ള കേസ് ന്യായാധിപന്റെ മുമ്പിൽ വന്നാൽ ന്യായാധിപന് ഇസ്രയേലി നിയമപ്രകാരം തന്റെ മതസഹോദരനെ ജയിപ്പിക്കുവാൻ സാധിക്കുകയാണെങ്കിൽ അങ്ങനെ ജയിപ്പിക്കേണ്ടതും ഞങ്ങളുടെ നിയമം ഇതാണെന്ന് പറയേണ്ടതുമാകുന്നു. അനിസ്രയേല്യരുടെ നിയമപ്രകാരമാണ് ജയിപ്പിക്കാവുന്നതെങ്കിൽ അപ്രകാരം ജയിപ്പിക്കേണ്ടതും ഇത് നിങ്ങളുടെ നിയമമാണെന്ന് പറയേണ്ടതുമാണ്. ഇനി രണ്ടുനിയമവും അനുകൂലമല്ലെങ്കിൽ എന്തു തന്ത്രം പ്രയോഗിച്ചാണോ ഇസ്രയേല്യനെ ജയിപ്പിക്കാൻ സാധിക്കുക അത് പ്രയോഗിക്കേണ്ടതാണ്. അനിസ്രയേല്യന്റെ എല്ലാ പിശകും അബദ്ധവും പ്രയോജനപ്പെടുത്തേണ്ടതാണ്...’’ (Talmudic Miscellany Paul Isa’ac Hershon, London 1880, Page 37, 210, 221).

യഹൂദസമൂഹം പുലർത്തിവന്നിരുന്ന വ്യക്തമായ നീതിനിഷേധത്തിനും ശക്തമായ വംശീയതക്കും ഈ ഉദ്ധരണികൾ തെളിവാണ്. ഇത് സംബന്ധമായി ക്വുർആനിൽ ഇങ്ങനെ കാണാം: “ഒരു സ്വർണക്കൂമ്പാരം തന്നെ വിശ്വസിച്ചേൽപിച്ചാലും അത് നിനക്ക് തിരിച്ചുനൽകുന്ന ചിലർ വേദക്കാരിലുണ്ട്. അവരിൽ തന്നെ മറ്റൊരു തരക്കാരുമുണ്ട്. അവരെ ഒരു ദീനാർ നീ വിശ്വസിച്ചേൽപിച്ചാൽ പോലും നിരന്തരം (ചോദിച്ചുകൊണ്ട്) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തിൽ (അവരെ വഞ്ചിക്കുന്നതിൽ) ഞങ്ങൾക്ക് കുറ്റമുണ്ടാകാൻ വഴിയില്ലെന്ന് അവർ പറഞ്ഞതിനാലത്രെ അത്. അവർ അല്ലാഹുവിന്റെ പേരിൽ അറിഞ്ഞു കൊണ്ട് കള്ളം പറയുകയാകുന്നു’’ (ആലു ഇംറാൻ 75).

തങ്ങളുടെ ആമാശയ പൂരണത്തിനുതകുന്ന രീതിയിൽ ദൈവിക ഗ്രന്ഥത്തിന്റെ അർഥം മാറ്റിമറിക്കുക, വാക്കുകൾ വളച്ചൊടിച്ച് ദുരർഥം കണ്ടുപിടിക്കുക, ദുർവ്യാഖ്യാനങ്ങൾ നൽകുക തുടങ്ങിയ ദുസ്സ്വഭാവങ്ങൾ പ്രസ്തുത യഹൂദ സമുദായക്കാർ പിന്തുടർന്നുവന്നിരുന്നു. ഗ്രന്ഥം പാരായണം ചെയ്യുന്ന സമയങ്ങളിൽ തങ്ങളുടെ താൽപര്യങ്ങൾക്കും സ്വയംകൃത വിശ്വാസാദർശങ്ങൾക്കും വിരുദ്ധമായി വരുന്ന വചനങ്ങളെ വികൃതമായി ഉച്ചരിക്കുന്ന സ്വഭാവക്കാരായിരുന്നു അവർ.

അല്ലാഹു ഇപ്രകാരം ഓർമ്മപ്പെടുത്തുന്നു: “വേദഗ്രന്ഥത്തിലെ വാചകശൈലികൾ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന് നിങ്ങൾ ധരിക്കുവാൻ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവർ പറയും; അത് അല്ലാഹുവിന്റെ പക്കൽനിന്നുള്ളതാണെന്ന്. എന്നാൽ അത് അല്ലാഹുവിങ്കൽനിന്നുള്ളതല്ല. അവർ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരിൽ കള്ളം പറയുകയാണ്’’ (ആലു ഇംറാൻ 78).

ഇന്ന് നമ്മുടെ സമുദായത്തിനിടയിലുള്ള പുരോഹിതന്മാർ പയറ്റുന്ന തന്ത്രങ്ങളും അന്നത്തെ യഹൂദ തന്ത്രമന്ത്രങ്ങളും തമ്മിലുള്ള അന്തരം തുലോം കുറവാണെന്ന് നിരീക്ഷകർക്ക് വ്യക്തമാകും.

മതപരവും ആത്മീയവുമായ മേധാവിത്വം പതിച്ചെടുക്കാനും അധികാരകേന്ദ്രം തങ്ങളിലേക്ക് തിരിച്ചുകൊണ്ട് ജനശ്രദ്ധ ആകർഷിക്കാനുമുള്ള വികലശ്രമങ്ങൾ എന്നും യഹൂദസമൂഹം നടത്തിയിട്ടുണ്ട്. മതപരവും ആത്മീയവുമായ മാർഗദർശനം എന്നും തങ്ങളുടെ മാത്രം ജന്മാവകാശമാണെന്നാണ് അവർ കരുതിയിരുന്നത്. തങ്ങൾക്കെന്തോ പവിത്രതയും വിശുദ്ധിയുമുള്ളതുകൊണ്ട് സർവരാലും ആദരിക്കപ്പെടണമെന്ന ആഗ്രഹം അവരിൽ അടിയുറച്ചിരുന്നു. തങ്ങൾക്കുണ്ടെന്ന് കരുതപ്പെടുന്ന ആത്മീയ വിശുദ്ധി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണെന്ന വിശ്വാസം ജനങ്ങളിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു. ദുർബലഹൃദയരായ ജനങ്ങളെ തങ്ങളുടെ സാമ്പത്തിക നേട്ടത്തിനും മാനസികവും വൈകാരികവുമായ അഭിലാഷങ്ങളുടെ പൂർത്തീകരണത്തിനും അവർ ഉപയോഗപ്പെടുത്തി. അങ്ങനെ സൃഷ്ടിക്കും സ്രഷ്ടാവിനുമിടയിൽ മധ്യവർത്തി ചമഞ്ഞുകൊണ്ട് അനാശാസ്യമായതിനെ ആശാസ്യമാക്കിയും ആശാസ്യമായതിനെ അനാശാസ്യമാക്കിയും സ്വാഭീഷ്ട പ്രകാരം മതനിയമങ്ങൾ ആവിഷ്‌കരിച്ചെടുക്കുകയും ചെയ്തു. പുരോഹിതന്മാർ എന്നാണ് ഇവർ അറിയപ്പെടുന്നത്.

ബുതുറുസ് ബുസ്താനിയുടെ നിഗമനം

ക്രിസ്ത്യൻ ബുദ്ധിജീവിയും ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ലബനോനി പണ്ഡിതൻ ബുതുറുസ് ബുസ്താനി (1819-1883) എഴുതുന്നു: “ക്രിസ്ത്യാനികൾക്കിടയിൽ മതസേവകർക്കാണ് പുരോഹിതർ എന്ന പേര് പൊതുവെ ഉപയോഗിക്കുന്നത്. അവരുടെ ഈ അപരനാമം അവർ ദൈവത്തിന്റെ ഭാഗമോ അവന്റെ അനന്തരാവകാശികളോ ആണെന്ന ആശയത്തെ ധ്വനിപ്പിക്കുന്നുണ്ട്. മൂസയുടെ ദിവ്യവെളിപാടിൽ സബ്ദ്‌ലാദിയെ ‘റബ്ബിന്റെ പൊതുസ്വത്ത്’ എന്ന് പറയപ്പെട്ടതുപോലെ പൗരാണിക ഈജിപ്തിലും എബ്രായേരിലും ഒരു വിഭാഗം ആരാധനാനുഷ്ഠാനങ്ങൾ ചെയ്യാനായി നിശ്ചയിക്കപ്പെട്ടിരുന്നു. ചർച്ചുകളിൽ തുടക്കത്തിലേ ചില മേൽനോട്ടക്കാരുണ്ടായിരുന്നു. ചർച്ചിനു ലഭിച്ചിരുന്ന സമ്പത്തുകൾ ഈ പാതിരിമാരുടെ കൈകളിലേക്കാണ് പോയിരുന്നത്. ഈ ആളുകൾ കേവലം മതസേവകരോ ആത്മീയനേതാക്കളോ മാത്രമായിരുന്നില്ല. അക്കാലത്തെ സകല വിജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അച്ചുതണ്ടായിട്ടാണ് അവർ മനസ്സിലാക്കപ്പെട്ടിരുന്നത്. റോമാ സാമ്രാജ്യത്തിൽ ഈ പുരോഹിതവർഗം നികുതിബാധ്യതകളിൽനിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ജനക്ഷേമകരമായ വല്ലതും ചെയ്യാൻ അവരോട് ആവശ്യപ്പെട്ടാൽ അവർ ഒഴിഞ്ഞുമാറും. തങ്ങളുടെ വൃത്തത്തിനകത്തും പുറത്തും സാധാരണക്കാരനുമേൽ ഒരുതരം അവകാശം അവർക്ക് ലഭ്യമായിരുന്നു...’’

ദൈവദത്തമായ അധികാരം കയ്യാളാനായി മാത്രം സൃഷ്ടിക്കപ്പെട്ട ഈ പുരോഹിതർ ഭൂമിയിൽ ദൈവത്തിന്റെ നിഴലുകളായി മനസ്സിലാക്കപ്പെട്ടു. ദാരിദ്ര്യവും പട്ടിണിയും കാരണം സാധാരണക്കാർ കണ്ണുകളെ ഈറനണിയിക്കുന്ന ദുരന്തത്തിൽ ജീവിക്കുമ്പോഴും പുരോഹിതന്മാർ തങ്ങളുടെ സുഖഭോഗങ്ങൾ സംരക്ഷിക്കുന്നതിന് പുതിയ നികുതികളും ചട്ടങ്ങളും അവരിൽ അടിച്ചേൽപിക്കുകയായിരുന്നു. ദൈവത്തിലും പരലോകത്തിലും വിശ്വാസമുണ്ടെന്ന് ഗീർവാണം മുഴക്കിയിരുന്ന യഹൂദർ യഥാർഥത്തിൽ ദൈവികതയെ നിഷേധിച്ചമാതിരിയായിരുന്നു. ദൈവവിശ്വാസികൾ എന്ന് ഒരിക്കലും വിശേഷിപ്പിക്കാനാവാത്ത പ്രവർത്തനങ്ങളുടെ അപ്പോസ്തലന്മാരായിരുന്നു അവർ. ഈ അവസ്ഥ കേവലം യഹൂദ സമൂഹത്തിന്റെ മാത്രം ദുർഗതിയാണെന്ന് ധരിക്കേണ്ടതില്ല. പൗരോഹിത്യത്തിനാൽ നയിക്കപ്പെടുന്ന ജാതി, വർഗ, വർണ ഭേദമന്യെ എല്ലാ സമൂഹത്തിലും ഇന്ന് ഇത്തരം ദുരന്തങ്ങൾ വ്യാപകമാണ്.

തൗറാത്ത് ക്രോഡീകരിച്ച ഉസൈർ

യഹൂദന്മാർ മതപരിഷ്‌കർത്താവായി ഗണിക്കുന്ന യെസ്രാ (Ezra) ആണ് ഉസൈർ. ക്രിസ്തുവിനു മുമ്പ് ഏകദേശം 450ാം ആണ്ടോടടുത്താണ് അദ്ദേഹത്തിന്റെ കാലഘട്ടമെന്ന് കരുതപ്പെടുന്നു. ഇസ്രയേലി നിവേദനങ്ങൾ പ്രകാരം സുലൈമാൻ നബി(അ)ക്കുശേഷം അവർ നേരിട്ട പരീക്ഷണത്തിൽ തൗറാത്ത് ലോകത്തുനിന്നും തിരോധാനം ചെയ്യപ്പെട്ടുവെന്ന് മാത്രമല്ല, ബാബിലോണിയൺ ബന്ധം ഇസ്രയേൽ വംശത്തെ അവരുടെ നിയമസംഹിതകളിൽനിന്നും പാരമ്പര്യങ്ങളിൽനിന്നും സാമുദായിക ഭാഷയായ ഹിബ്രുവിൽനിന്നുപോലും വേർപെടുത്തിക്കളഞ്ഞു. അവസാനം ബൈബിൾ പഴയനിയമം ക്രോഡീകരിച്ചതും സമൂഹത്തെ പുനരുദ്ധരിച്ചതും ഉസൈർ അഥവാ യെസ്രാ ആണ്. അക്കാരണത്താൽ അദ്ദേഹത്തെ അത്യധികം ബഹുമാനിക്കുക മാത്രമല്ല, ബഹുമാനാദരം അതിരുകവിഞ്ഞ് ചില യഹൂദവിഭാഗങ്ങൾ അദ്ദേഹത്തെ ദൈവപുത്രനാക്കുകയും ചെയ്തു. ദൈവത്തെ സംബന്ധിച്ച യഹൂദസങ്കൽപം ദുഷിച്ച് ദുഷിച്ച് ഒടുവിൽ ഉസൈറിനെ ദൈവപുത്രനാക്കിയ ഒരുവിഭാഗം അവരിലുണ്ടെന്ന് ക്വുർആൻ വ്യക്തമാക്കുന്നു: “ഉസൈർ (എസ്രാ പ്രവാചകൻ) ദൈവപുത്രനാണെന്ന് യഹൂദൻമാർ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു...’’(അത്തൗബ 30).

യഹൂദ പുരോഹിതവർശം അന്യായമായ വഴിക്ക് ജനങ്ങളുടെ സമ്പത്ത് ഭുജിക്കുകയും സ്രഷ്ടാവിന്റെമാർഗത്തിൽനിന്നും ജനങ്ങളെ തട്ടിത്തിരിക്കുകയും ചെയ്തുവരുന്നതായി ക്വുർആൻ പറയുന്നുണ്ട്. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാതെ കെട്ടിപ്പൂട്ടിവെക്കുന്ന ഈ ധനംതന്നെ നരകത്തിലവർക്ക് ശിക്ഷയായി ഭവിക്കുമെന്നും ക്വുർആൻ ബോധിപ്പിക്കുന്നു. വേദക്കാരിലെ ഈ മ്ലേച്ഛ സ്വഭാവം വിശ്വാസികൾക്ക് ഉണ്ടായിക്കൂടായെന്നും ഉണ്ടാകുന്നപക്ഷം ഇതേ ശിക്ഷകൾക്ക് അവരും പാത്രീഭൂതരാകുമെന്ന താക്കീതാണിത്. ജനഹിതമനുസരിച്ച് മതവിധി(ഫത്‌വ) നൽകുക, ഇഷ്ടാനുസരണം നീക്കുപോക്കുകൾ സ്വീകരിച്ച് ജനങ്ങളിൽനിന്ന് കൈക്കൂലിയും കോഴയും കിഴിയും സമ്പാദിക്കുക, സൂത്രമാർഗങ്ങളിലൂടെ പലിശവാങ്ങുക, ക്വബ്ർ/പുണ്യവാളന്മാരുടെ പേരിൽ നേർച്ചയും വഴിപാടും സ്വീകരിക്കുക തുടങ്ങിയവയെല്ലാം ഈ ചൂഷണത്തിന്റെ വിവിധ വശങ്ങളാണ്.

ഒന്നുകൂടി വ്യക്തമാക്കിയാൽ, മതപണ്ഡിതൻ തന്റെ പാണ്ഡിത്യത്തിന്റെയും മതപുരോഹിതൻ തന്റെ പൗരോഹിത്യത്തിന്റെയും മറപിടിച്ചുകൊണ്ട് ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ തന്ത്രങ്ങളും ഈ ഗണത്തിൽ പെടുന്നു. ജനങ്ങളെ സത്യം ഗ്രഹിക്കുന്നതിൽനിന്നും വിദൂരത്താക്കി നേർമാർഗത്തിൽനിന്നും അകറ്റിനിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സുഖദുഃഖ സന്ദർഭങ്ങളെ ഉദരപൂരണത്തിനുള്ള അവസരമായി കരുതുന്നവരും ജനങ്ങളുടെ ഭാഗ്യനിർഭാഗ്യങ്ങൾ തീരുമാനിക്കുന്നവരും ജനങ്ങളെ ദുർമാർഗത്തിൽ തളച്ചിടാൻ ശ്രമിക്കുന്നവരും യഥാർഥ യഹൂദികളുടെ അനുയായികളാണെന്ന് ഈ സൂക്തത്തിൽനിന്നും ഗ്രഹിക്കാം.

ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, പണ്ഡിതൻമാരിലും പുരോഹിതൻമാരിലുംപെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാർഗത്തിൽനിന്ന്

(അവരെ) തടയുകയും ചെയ്യുന്നു. സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക’’ (അത്തൗബ 34).