ദൈവവിധിക്ക് അപ്പീൽ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 44)

1905 മാർച്ച് 17: സ്വപ്‌നത്തിൽ ആരോ എന്നോടു പറയുന്നത് കേട്ടു: ‘മരണശിക്ഷ.’ അതായത് നാൽപതു ദിവസത്തിനകം മരിക്കുമെന്നാണ് വിധി.’’ 1956ലെ പതിപ്പിൽ ‘മരണം’ എന്നു മാത്രമാണുള്ളത്. ‘വഹ്‌യി’ൽ കൂട്ടലും കുറക്കലും അതതുകാലത്തെ ഖലീഫമാരുടെ ഇഷ്ടമനുസരിച്ചാണല്ലോ!

“ഞാൻ മൗലവി മുഹമ്മദലിയോട് ചോദിച്ചു: ‘ഈ വിധിക്ക് അപ്പീൽ അനുവദിക്കുമോ?’’

“തീർച്ചയായും! അപ്പീൽ മാത്രമല്ല, അതിന്റെ മേൽക്കോടതിയും അപ്പീൽ അനുവദിക്കും.’ അദ്ദേഹം പറഞ്ഞു.’’

“പിന്നെ മാർച്ച് 18ന് എനിക്ക് പനി ബാധിച്ചു. നല്ല വേദനയോടെയാണ് മൂത്രം പോകുന്നത്. പിന്നെ മൂത്രിക്കുന്നത് രക്തമാണ്. ഒരുപാട് രക്തം പോയി. രാത്രി വഹ്‌യ് വന്നു: ‘കേൾക്കുന്നുണ്ട്, കാണുന്നുമുണ്ട്.’ തുടർന്ന് അറബിയിൽ; ‘അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിരാശരാകരുത്.’ തുടർന്നുവന്ന വാക്യം വ്യക്തമല്ല. അർഥമിതാണ്: ‘കളവാക്കുന്നവർക്ക് അടയാളങ്ങൾ കാണിക്കപ്പെടും.’’

“പിന്നെ രോഗം ശമിച്ചു. അല്ല, സുഖമായി. അൽപം നീറ്റൽ മാത്രം ബാക്കിയുണ്ട്’’ (പേജ് 445-446). ആദ്യം മരണശിക്ഷ വിധിച്ചത് ദൈവിക കോടതിയായിരിക്കുമല്ലോ. പിന്നെ അപ്പീൽ അനുവദിച്ചത് ഏതു കോടതിയാണെന്ന് ആരോട് ചോദിക്കാൻ!

രോഗമുക്തി പിടിച്ചുവാങ്ങുന്നു!

“1903 ഒക്ടോബർ 25: മുഹമ്മദ് അലി ഖാന്റെ ചെറിയ മകൻ അബ്ദുറഹീമിന് കടുത്ത പനി ബാധിച്ചു. ബോധം നശിച്ചു. മരണത്തിന്റെ കാലൊച്ച കേൾക്കയായി. അവന്റെ കാര്യം വളരെ വഷളാണെന്നും പ്രാർഥിക്കണമെന്നും ഹകീം നൂറുദ്ദീൻ വന്ന് പറഞ്ഞു. ദീർഘനേരം തഹജ്ജുദിന്റെ സുജൂദിൽ ദുആ ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ വഹ്‌യ് വന്നു: ‘വിധി മാറ്റപ്പെടില്ല, മരണം വിധിക്കപ്പെട്ടതാണ്.’

ഈ കോപത്തിന്റെ വഹ്‌യ് വന്നതോടെ എന്റെ ദുഃഖം പരിധിവിട്ടു. ഞാൻ നിയന്ത്രണം വിട്ടപോലെ പറഞ്ഞു: ‘അല്ലാഹുവേ, ഇത് പ്രാർഥനയുടെ സമയമല്ലെങ്കിൽ ഞാനിതാ ശിപാർശ ചെയ്യുന്നു. അതിന്റെ സന്ദർഭമാണല്ലോ.’ ഉടനെ വഹ്‌യ് വന്നു: ‘ആകാശത്തും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടിജാലങ്ങളും അവനെ വാഴ്ത്തുന്നു. ആരാണ് അവന്റെ സമ്മതം കൂടാതെ അവനോട് ശിപാർശ ചെയ്യുക?’ രണ്ടു മിനുട്ട് കഴിഞ്ഞില്ല; വന്നു മറ്റൊരു വഹ്‌യ്: ‘നിശ്ചയമായും നിനക്ക് അനുവാദം നൽകിയിരിക്കുന്നു.’ അനുനിമിഷം അബ്ദുറഹീമിന്റെ രോഗം ഭേദമാകാൻ തുടങ്ങി. നോക്കിനിൽക്കെ അവൻ എഴുന്നേറ്റിരുന്നു. സമ്മതിച്ചേ പറ്റൂ, മരിച്ചയാൾ ജീവിച്ചതുതന്നെ, സംശയമില്ല’’ (പേജ് 412-413).

ഇത് പ്രാർഥനയല്ല, ശുപാർശയുമല്ല. പിടിച്ചുവാങ്ങിയതാണ്. മരണം വിധിക്കപ്പെട്ടതായിരുന്നു. അതാണ് തട്ടിമാറ്റിയത്. അതുകൊണ്ടുതന്നെ മരിച്ചവരെ പുനരുജ്ജീവിപ്പിച്ചു എന്നു പറയാം! മരിച്ചവരെ ജീവിപ്പിക്കുന്നതിൽ താൻ കേമനാണെന്ന് വരുത്തിത്തീർക്കാൻ മിർസ ഇതിനു മുമ്പും ശ്രമിച്ചതിനുള്ള തെളിവുകൾ നൽകിയത് വായനക്കാർ ഓർക്കുന്നുണ്ടാകുമല്ലോ. ഇതെല്ലാം അപ്പടി വിശ്വസിക്കുന്നവരാണ് അനുയായികൾ എന്നതാണ് ആശ്ചര്യകരം!

ദിവസേന നൂറു തവണ...!

“പ്രമേഹത്തിന്റെ മൂർധന്യത്തിൽ ചിലപ്പോൾ ദിനേന നൂറുതവണ മൂത്രമൊഴിക്കേണ്ടിവന്നിരുന്നു. രണ്ടു കക്ഷങ്ങളിലും കഴപ്പ് വന്നു. പ്രമേഹക്കുരു ഉണ്ടാകുമോ എന്ന് ഞാൻ ഭയപ്പെട്ടു. പ്രാർഥിച്ചുകൊണ്ടിരിക്കെ വഹ്‌യ് വന്നു: ‘മരണമാണെ സത്യം, അത് വിടപറയുമ്പോൾ.’ അന്നുമുതൽ നമ്മുടെ ജീവിതത്തിലെ ഓരോ സെക്കന്റും ഓരോ അടയാളമാകുന്നു’’(പേജ് 313).

മരണം വിടപറയുകയും ജീവിതത്തിലെ ഓരോ സെക്കന്റും അടയാളമാവുകയും ചെയ്തു എന്നതു കൊണ്ട് എന്തായിരിക്കും ഉദ്ദേശിച്ചത്? ജീവൻ വിടവാങ്ങുക എന്നാൽ മരിക്കുക എന്നാണല്ലോ. അതിന്റെ വിപരീതമാകുമോ ഇത്? അതെങ്ങനെയാണ് ഭംഗിയായി പുലർന്നത്? ആർക്കറിയാം!

“ഒരിക്കൽ നന്നായി പനിച്ചു. ഇൽഹാം വന്നപ്പോൾ സുഖപ്പെട്ടു. ‘അസ്സലാമു അലൈക്കും’ എന്നായിരുന്നു ഇൽഹാം’’ (പേജ് 332).

ചിലപ്പോൾ ഇൽഹാം വരുന്നു, രോഗം സുഖമാകുന്നു. മറ്റു ചിലപ്പോൾ സുഖമാകുമ്പോൾ ഇൽഹാം വരുന്നു. വല്ലാത്തൊരു കളി തന്നെ!

വിനീതനായ കർപ്പൂരത്തുളസി!

“1905ലാണ് അടുത്ത സംഭവം? അസുഖം ബാധിച്ചു കിടപ്പിലായ ഒരു നാൾ, കശ്ഫിൽ ഒരു കുപ്പി കണ്ടു. അതിന്മേൽ ‘വിനീതനായ കർപ്പൂരത്തുളസി’ എന്ന് എഴുതിയിരിക്കുന്നു’’ (പേജ് 443).

ജാഗ്രദ് ദർശനത്തിൽ കണ്ട വളരെ ‘വിനീതനായ കർപ്പൂരത്തുളസി’ കഴിച്ചു രോഗം ഭേദമായോ? ഏതാണീ വിനീതനായ കർപ്പൂരത്തുളസി? എല്ലാ തുളസിയും അതിൽ പെടുമോ? ആരോടു ചോദിക്കാൻ!

പാതി മരണം, പാതി രോഗശാന്തിയും

“കഠിനമായ രോഗം ബാധിച്ച, നമ്മുടെ ജമാഅത്തിലെ നാലുപേരിൽ ഒരാളെക്കുറിച്ച് ഇൽഹാം വന്നു: ‘അല്ലാഹു അവനെ സുഖപ്പെടുത്തുമായിരുന്നില്ല. നിസ്വാർഥമായ പ്രവൃത്തി. മസീഹിന്റെ അമാനുഷികത!’ അവന്റെ മരണം വിധിച്ചതായിരുന്നു. എന്നാൽ മസീഹിന്റെ മൂഅ്ജിസത്ത് എന്ന നിലയിൽ അവനു സുഖമായി’’ (പേജ് 469).

ഈ ‘അവൻ’ നാസർ നവാബിന്റെ മകൻ മുഹമ്മദ് ഇസ്ഹാക്വ്് (മിർസയുടെ അളിയൻ) ആണെന്ന് അടിക്കുറിപ്പിൽ പറയുന്നു. എന്നാൽ മൗലവി അബ്ദുൽ കരീമിന്റെ രോഗശാന്തിയുമായി ബന്ധപ്പെട്ടാണ് ഈ വഹ്‌യിന്റെ ആദ്യഭാഗം അവതരിപ്പിച്ചതെന്ന് ഖാദിയാനി പ്രവാചകൻ പലവുരു എഴുതിയിട്ടുണ്ട്. വഹ്‌യിന്റെ ആദ്യഭാഗത്തെ ‘സുഖപ്പെടില്ല’ എന്നത് മരിച്ച ആളെപ്പറ്റിയും തുടർന്നുള്ള രണ്ടു വാക്യങ്ങൾ സുഖമായവനെപ്പറ്റിയും ആണെന്നാണ് വിശദീകരണം. അത് അങ്ങനെത്തന്നെ വിശ്വസിച്ചാൽ മതി. അതാണ് ഖാദിയാനി ആകാനുള്ള യോഗ്യത!

(തുടരും)