ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം ചില സമകാലിക ചിന്തകൾ

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

2023 ജനുവരി 28, 1444 റജബ് 5

(അഭിമുഖം 4)

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കാസർഗോഡ് പട്‌ലയിൽ സംഘടിപ്പിച്ച പതിനൊന്നാമത് ആദർശ സമ്മേളനം സമസ്തക്കുള്ള മറുപടി പ്രസംഗമായി മാറിയതായും ഇതിനു മുമ്പ് കഴിഞ്ഞ ആദർശ സമ്മേളനങ്ങളിലെല്ലാം വിഷയാവതരണങ്ങൾക്കായിരുന്നു ഊന്നൽ നൽകിയിരുന്നത് എന്നും ആളുകൾ വിലയിരുത്തുന്നുണ്ട്. ഈ മാറ്റം അനിവാര്യമായിരുന്നോ?

! കാസർഗോഡ് സമ്മേളനം സമസ്തക്കുള്ള മറുപടിയായി മാറിയതല്ല. അതിന്റെ പ്രധാന ഭാഗം അങ്ങനെയാകണമെന്ന് സംഘടന തീരുമാനിച്ചതാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് സമസ്തയുടെ സമ്മേളനത്തിലും മറ്റു പരിപാടികളിലും അവർ പറഞ്ഞുവെച്ചത്. അഹ്‌ലുസ്സുന്നയുടെ ആദർശത്തിനും മുജാഹിദ് പ്രസ്ഥാനത്തിന്റെ മുൻഗാമികൾക്കും നേരെ അവരുടെ പ്രസിഡന്റ് അടക്കമുള്ളവർ തീവ്രമായ ഭാഷയിൽ വിമർശനവുമായി രംഗത്ത് വരുമ്പോൾ അതിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ആദർശ വ്യക്തത വരുത്തുകയും ചെയ്യുക എന്നത് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ അതിന്റെ ബാധ്യതയായി കാണുകയാണ്. ബഹുമാന്യ പണ്ഡിതൻ ഹുസൈൻ സലഫിയും അബ്ദുൽ മാലിക് സലഫിയും സമസ്ത ഉയർത്തിയ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പറയുന്നതോടൊപ്പം, അവരുടെ പ്രഭാഷകർ പൊതുസമൂഹത്തിൽ യാതൊരു ജാള്യവുമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കറാമത്തു കഥകളെ പരസ്യ വിചാരണക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

മൃഗങ്ങളുടെ പേരിൽ വരെ ജാറങ്ങൾ ഉയരുന്നു. ശിയാക്കളുടേതിന് സമാനമായ ദിക്ർ ഹൽക്വകൾ കേരളത്തിൽ നട്ടുപിടിപ്പിക്കുന്നു. ഇതെല്ലാം ഏതൊരു സാധാരണക്കാരനും വീണ്ടുവിചാരത്തിന് പ്രേരണയാകും വിധം ഗുണകാംക്ഷയോടെ തുറന്നുകാട്ടിയിട്ടുണ്ട്. ഈ പറഞ്ഞ വിഷയങ്ങൾക്കൊന്നും അവർക്ക് മറുപടി ഉണ്ടാകില്ലെന്നറിയാം. മറുപടി പറയാനായി രംഗത്തു വരുന്നവരാകട്ടെ, മറ്റു ദുരാരോപണങ്ങൾ ഉയർത്തി പുകമറയുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയേ ഉള്ളൂ. അവർക്ക് നേരെ നാം ഉയർത്തിയ വിഷയങ്ങളെ തൊടാൻ പോലും സാധിക്കില്ല. ഈവിധം അവരെ പ്രതിരോധത്തിലാക്കുകയെന്നത് അനിവാര്യമാണ്. കേരളത്തിൽ എവിടെയും ഇത്തരം വാദങ്ങളുമായി ആര് കടന്നുവന്നാലും പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ അതിന് വ്യക്തമായ മറുപടികൾ നൽകുന്നത് വരും ദിവസങ്ങളിലും തുടരും. വ്യക്തികളോടല്ല നമുക്ക് വിരോധം; അവർ പറയുന്ന ഇസ്‌ലാം വിരുദ്ധആശയത്തോടാണ്.

? വിഷയങ്ങൾ ഇങ്ങനെയാണെങ്കിലും കാസർഗോഡ് സമ്മേളനത്തിൽ നവജാത ശിശുവിന്റെ ചെവിയിൽ ബാങ്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പ്രഭാഷകൻ നടത്തിയ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അതിനോടുള്ള പ്രതികരണം?

! ഞാൻ നേരത്തെ പറഞ്ഞല്ലോ, അതിശക്തമായ ആഘാതമാണ് സമസ്തക്ക് കാസർകോഡ് പരിപാടിയിലൂടെ സംഭവിച്ചിരിക്കുന്നത്. സമ്മേളനം ഉയർത്തിയ ഓരോ വിഷയവും അവർക്കിടയിൽ ചർച്ചയായാൽ സമസ്തയുടെ അടിത്തറതന്നെ ഇളകുമെന്ന് അവർക്ക് നന്നായറിയാം. അവർക്കിടയിൽ ഇപ്പോൾ മൂർച്ചിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര ശൈഥില്യം മറനീക്കി പുറത്ത് വരുന്നതും അവർ നേരിടുന്ന മറ്റൊരു ഭീഷണിയാണ്. അതിന് തടയിടാൻ എന്തെങ്കിലും ഒരു പുൽക്കൊടി കിട്ടുമോ എന്ന ഗവേഷണത്തിനിടയിലാണ് നിങ്ങൾ പറഞ്ഞ പ്രഭാഷകന്റെ പരാമർശം എടുത്തുപയോഗിച്ച് നോക്കിയത്. ആ പ്രഭാഷണശകലമാകട്ടെ, പൊതുസമ്മേളനത്തിലേതല്ല; ഉച്ചക്ക് ശേഷം നടന്ന കുടുംബ സമ്മേളനത്തിലേതാണ്. സമ്മേളനത്തിലെ മുഖ്യ പ്രഭാഷണങ്ങളിൽ തങ്ങൾക്കെതിരിൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയാൻ സാധ്യമാകാത്ത വിധം അവർ പ്രതിരോധത്തിലായിരിക്കുന്ന വേളയിൽ അത് മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ക്ലിപ്പുമായി നടക്കൽ.

നവജാത ശിശുവിന്റെ ചെവിയിൽ ബാങ്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ വിഷയത്തിൽ ഉദ്ധരിക്കപ്പെട്ട ഹദീസുകൾ ദുർബലമായതിനാൽ അത് സുന്നത്തായി പരിഗണിക്കാറില്ല. അതോടൊപ്പം തന്നെ, പൂർവികരായ പല പണ്ഡിതന്മാരും ഈ വിഷയത്തെ മറ്റു ബിദ്അത്തുകളുടെ പട്ടികയിൽ എണ്ണി അടച്ചാക്ഷേപിച്ചതായും കാണാനാവില്ല. അവർ ഹദീസ് നിദാന ശാസ്ത്രത്തിലെ ചില തത്ത്വങ്ങൾ മുന്നിൽ വെച്ചാണ് ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ഇത്തരം വിഷയങ്ങളിൽ വിശാല സമീപനമാണ് സ്വീകരിക്കേണ്ടത് എന്നുതന്നെയാണ് സംഘടനയുടെ നിലപാട്.

ഇസ്‌ലാമിക പ്രമാണങ്ങൾ മുന്നിൽവെച്ച് സലഫുകൾ നിരാക്ഷേപം സ്വീകരിച്ചുവരുന്ന കാര്യങ്ങളെ തള്ളിക്കളയുകയോ പ്രമാണത്തിൽ യാതൊരു വിധത്തിലും സ്ഥിരപ്പെടാത്തതുമായ ബിദ്അത്തുകളെ ഇസ്‌ലാമികാചാരങ്ങളായി സ്വീകരിക്കുകയോ ചെയ്യുന്നതിനെ കണിശമായി എതിർക്കുകതന്നെ ചെയ്യും. എന്നാൽ സ്ഥിരപ്പെട്ട പ്രമാണങ്ങളിൽ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർക്കിടയിൽ വ്യാഖ്യാന വേളയിൽ ഉണ്ടാകുന്ന വീക്ഷണ വ്യത്യാസങ്ങളിൽ ഏതെങ്കിലും ഒന്നിനെ ഉയർത്തിപ്പിടിച്ച് പരസ്പരം തർക്കിക്കുകയെന്നത് നമ്മുടെ നിലപാടല്ല. അഭിപ്രായ വ്യത്യാസത്തിന് യാതൊരു സാധ്യതയുമില്ലാത്തതിൽ ഓരോരുത്തരുടെ ഇഛകൾക്ക് വഴങ്ങുന്നില്ലെന്ന് കരുതി അതിനെ പണ്ഡിതന്മാർക്കിടയിലെ വീക്ഷണ വ്യത്യാസത്തിന്റെ പട്ടികയിൽ ചേർക്കുന്നതും അംഗീകരിക്കാനാവില്ല. സത്യം മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവർ വിഷയങ്ങൾക്ക് കാത് കൊടുക്കും. അല്ലാത്തവർ വിവാദങ്ങൾക്ക് പിറകെ പോകും.

? ഇനി മുതൽ വിദ്യാലയങ്ങളിൽ ‘സർ’ എന്ന വിളി വേണ്ട, അധ്യാപകരെയും അധ്യാപികമാരെയുമെല്ലാം ‘ടീച്ചർ’ എന്നു വളിച്ചാൽ മതി എന്ന, ബാലാവകാശ കമ്മീഷന്റെ നിർദേശം ചർച്ചാവിഷയമാണല്ലോ. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? കുട്ടികൾക്ക് അതിൽ എന്താണ് ഉപകാരമുള്ളത്? സർ എന്ന വളിയിൽ കുട്ടികൾക്ക് എന്ത് പ്രയാസമാണ് ഒളിഞ്ഞിരിക്കുന്നത്?

! ഈയിടെയായി ബാലാവകാശ കമ്മീഷനിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന നിർദേശങ്ങൾ പരിശോധിക്കുമ്പോൾ ജെൻഡർ സാമൂഹിക നിർമിതിയാണെന്ന വീക്ഷണത്തിൽ സാമൂഹ്യഘടനയെ അട്ടിമറിക്കാൻ നടക്കുന്ന അജണ്ടക്ക് കുഴലൂതുകയാണോ എന്ന് സംശയിക്കേണ്ടിവരുന്നു. ലിംഗനീതി ഉറപ്പാക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ആൺ-പെൺ സ്വത്വങ്ങൾ തമ്മിലുള്ള പ്രകൃതിപരമായ വ്യത്യാസം തന്നെ ഇല്ലായ്മ ചെയ്യുന്ന ജെൻഡർ ന്യൂട്രൽ ആശയമാണ് കമ്മീഷന്റെ നിരീക്ഷണങ്ങളിൽ തെളിയുന്നത്.

ഇനി ജനിക്കുന്ന കുട്ടികളെ ആൺ-പെൺ വ്യത്യാസം തോന്നാതെ വളർത്തണം. വ്യത്യസ്ത കളിപ്പാട്ടങ്ങൾ നൽകരുത്. വസ്ത്രത്തിൽ വ്യത്യാസമുണ്ടാകരുത്. കുട്ടികൾ വളർന്നശേഷം അവരുടെ ജെൻഡർ അവർ സ്വയം തീരുമാനിക്കട്ടെ എന്നൊക്കെയാണ് പുതിയ ജെൻഡർ തിയറി. അച്ഛൻ, അമ്മ എന്ന് പ്രയോഗിക്കരുത് birthing people എന്ന് വിളിക്കണം. ‘അവൻ,’ ‘അവൾ’ എന്ന് പറയരുത്. അവർ എന്നേ പറയാവൂ... ഇതെല്ലാം ജെൻഡർ തിയറി മുന്നോട്ട് വെക്കുന്ന ആശയങ്ങളാണ്. ജെൻഡർ കൺഫ്യൂഷൻ ഉള്ള ഒരു തലമുറയുടെ സൃഷ്ടിയായിരിക്കും ഇതിന്റെ ബാക്കിപത്രമെന്ന് പാശ്ചാത്യൻ നാടുകൾ വിളിച്ച് പറയുന്നുണ്ട്.

സർ, മേഡം എന്നൊന്നും വിളിക്കരുത്, ടീച്ചർ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞ ബാലാവകാശ കമ്മീഷൻ ‘സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ’ എന്നു ചോദിച്ചതിന്റെ ചൂടാറും മുമ്പാണ് ഈ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. കുട്ടികളുടെ ശത്രുവാണ് അധ്യാപകർ എന്ന പ്രതീതി ഉണ്ടാക്കുന്ന തരത്തിലാണ് നിരീക്ഷണം. കുട്ടികളിൽ നിഷേധാത്മകമായ അവകാശബോധം സൃഷ്ടിച്ച് സാമൂഹിക ക്രമത്തെ കുത്തഴിഞ്ഞ അവസ്ഥയിലേക്ക് തള്ളിവിടാൻ പാകത്തിൽ നൽകുന്ന ഇത്തരം നിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് തള്ളിക്കളയണമെന്നാണ് പറയാനുള്ളത്.

‘ടീച്ചർ’ എന്നത് പൊതുവായി, ലിംഗ വ്യത്യാസമില്ലാതെ നിലവിൽ പ്രയോഗിച്ചുവരുന്നുണ്ട്. അതിനെ ആരും പ്രശ്‌നവത്കരിച്ചിട്ടുമില്ല. ഇവിടെ സർ, മാഡം എന്ന് ഉപയോഗിച്ചു വരുന്നതിനെ വിലക്കുന്നതിലൂടെ ആൺ-പെൺ വ്യത്യാസം എവിടെയും പ്രകടമാകരുത് എന്ന ജെൻഡർ തിയറി ഒളിച്ച് കടത്തുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർ, മാഡം എന്നീ പ്രയോഗങ്ങളിൽ വിവേചനമുണ്ടെങ്കിൽ അതിന് പകരമുള്ള പദങ്ങൾ കണ്ടെത്തുന്നതിന് ആരും എതിരല്ല. രണ്ടിനും ഒന്ന് മതിയെന്നത് അംഗീകരിക്കാനാവില്ല. പുതിയ നിർദേശംകൊണ്ട് കുട്ടികൾക്കോ അവരെ പഠിപ്പിക്കുന്നവർക്കോ എന്തെങ്കിലും നേട്ടമുള്ളതായി മനസ്സിലാകുന്നില്ല.