വ്യക്തിത്വ വികസനം; ഇസ്‌ലാമിക മാർഗദർശനങ്ങൾ

ഡോ. ടി. കെ യൂസുഫ്

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

ആകർഷകമായ വ്യക്തിത്വത്തിലൂടെ ആളുകളുടെ മനം കവരാൻ ആഗ്രഹക്കാത്തവർ വിരളമാണ്. എങ്ങനെ നല്ല വ്യക്തിത്വം ആർജിച്ചെടുക്കാം എന്ന് പഠിപ്പിക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വ്യക്തിത്വ വികാസത്തെക്കാൾ സാമ്പത്തിക വികസനം ലക്ഷ്യംവെച്ച,് കച്ചവട താൽപര്യത്തോടെ വ്യക്തിത്വ വികസന കോഴ്‌സുകൾ നടത്തുന്നവരുമുണ്ട്. കപട വ്യക്തിത്വത്തിന്റെ മുഖം മൂടിയണിഞ്ഞ് ആളുകളെ പാട്ടിലാക്കാനുളള കൗശലങ്ങളാണ് ഇവരിൽ മിക്കവരും അഭ്യസിപ്പിക്കാറുളളത്. എന്നാൽ ജാടകളും അഭിനയവും കൂടാതെ ജനഹൃദയങ്ങളിൽ സ്ഥാനം നേടാനുളള മാർഗങ്ങളാണ് വ്യക്തിത്വവികസന രംഗത്ത് ഇസ്‌ലാം നൽകുന്നത്.

സന്തോഷകരമായ ജീവിതമാണ് നാമെല്ലാവരും ലക്ഷ്യം വെക്കുന്നത്. പണവും പ്രതാപവും നേടിയതു കൊണ്ട് മാത്രം അത് കൈവരികയില്ല. മറ്റുളളവർ നമ്മെ സ്‌നേഹിക്കുന്നുണ്ട് എന്നറിയുമ്പോഴാണ് യഥാർഥത്തിൽ നമുക്ക് സന്തോഷം അനുഭവപ്പെടുക. ആളുകൾ നമ്മെ സ്‌നേഹിക്കണമെങ്കിൽ നാം എന്താണു ചെയ്യേണ്ടത്? പണമുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, കാരണം പണക്കാരോട് പൊതുവെ ജനങ്ങൾക്ക് അസൂയയാണുണ്ടാകാറുളളത്. അതുപോലെ അധികാരത്തിലൂടെയും സ്ഥാനമാനങ്ങളിലൂടെയും അത് നേടാൻ സാധ്യമല്ല. കാരണം അധികാരിവർഗത്തോട് അരിശവും അമർഷവുമാണ് പലരും വെച്ചുപുലർത്താറുളളത്. പിന്നെ ജനപ്രീതി നേടാനുളള മാർഗമെന്താണ്? ഇവിടെയാണ് വ്യക്തിത്വ വികസനത്തിന്റെ പ്രസക്തി ഉയർന്നുവരുന്നത്.

മുഖപ്രസന്നത ആകർഷക വ്യക്തിത്വത്തിന്റെ മുഖമുദ്രയാണ്. പുഞ്ചിരിയോടുകൂടി മറ്റുളളവരെ അഭിമുഖീകരിക്കുന്നവർ മറ്റുള്ളവർക്ക് തങ്ങളുടെ സന്തോഷത്തിന്റെ ഒരു ഭാഗം നൽകുകയും അതിലൂടെ അവരുടെ ദുഃഖം ദൂരികരിക്കാൻ ഒരളവോളം അവരെ സഹായിക്കുകയുമാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ ദുഃഖവും ദുരിതവും അകറ്റി അവർക്ക് സന്തോഷം പ്രദാനം ചെയ്യുക എന്നത് ഇസ്‌ലാമിൽ ഒരു വലിയ പുണ്യകർമമാണ്. അതുകൊണ്ടാണ് നബിﷺ ഒരാൾ തന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നത് ധർമമാണ് എന്നു പഠിപ്പിച്ചത്.

നബിﷺ പറഞ്ഞു: “നന്മയിൽനിന്ന് യാതൊന്നിനെയും നീ നിസ്സാരമായി ഗണിക്കരുത്; നിന്റെ സഹോദരനെ പുഞ്ചിരിയോടുകൂടി കണ്ടുമുട്ടുന്നതു പോലും’’ (മുസ്‌ലിം).

എന്നാൽ വിഷാദഭാവത്തോടുകൂടി മറ്റുളളവരെ കണ്ടുമുട്ടുന്നവൻ തന്റെ ദുഃഖത്തിന്റെ ഒരു പങ്ക് മറ്റുള്ളവർക്ക് സമ്മാനിക്കുകയാണ് ചെയ്യുന്നത്. പുഞ്ചിരിയും പ്രസന്നഭാവവും വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്ന പുണ്യകർമമാണെങ്കിലും പൊട്ടിച്ചിരി പലർക്കും അലോസരമുണ്ടാക്കുന്നതും വ്യക്തിത്വത്തിന് പോറലേൽപിക്കുന്നതുമാണ്. പ്രവാചകൻ ﷺ പൊട്ടിച്ചിരിക്കുകയോ അട്ടഹസിക്കുകയോ ചെയ്തിരുന്നില്ല എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. തിരുമേനിയുടെ ചിരിയിൽ അധികവും മന്ദസ്മിതത്തിൽ ഒതുങ്ങുന്നതായിരുന്നുവെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.

ഒരാളുടെ മനസ്സും ശരീരവും വസ്ത്രവും വെടിപ്പുളളതായിരിക്കുക എന്നതാണ് ആകർഷക വ്യക്തിത്വത്തിന്റെ മറ്റൊരു ഘടകം. ഇസ്‌ലാമിന്റെ അന്തസ്സത്ത തന്നെ മനസ്സിന്റെ വിശുദ്ധിയാണ്. അല്ലാഹു പറയുന്നു:

“തീർച്ചയായും മനസ്സിനെ പരിശുദ്ധമാക്കിയവൻ വിജയം വരിച്ചു. അതിനെ കളങ്കപ്പെടുത്തിയവൻ തീർച്ചയായും നിർഭാഗ്യമടയുകയും ചെയ്തു’’ (ക്വുർആൻ 91: 9,10).

സമ്പത്തും സന്താനങ്ങളും പ്രയോജനം ചെയ്യാത്ത അന്ത്യദിനത്തിൽ ശുദ്ധമായ മനസ്സുമായി വരുന്നവനു മാത്രമെ രക്ഷയുള്ളൂ എന്നും ക്വുർആൻ പ്രഖ്യാപിക്കുന്നുണ്ട്: “അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം, കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർക്കൊഴികെ’’ (ക്വുർആൻ 26: 88,89).

മാനസിക വിശുദ്ധിക്ക് മാത്രമല്ല, ശാരീരിക ശുദ്ധിക്കും ഇസ്‌ലാം വളരെ പ്രാധാന്യം നൽകുന്നുണ്ട്. പല ആരാധനാകർമങ്ങൾക്കും അത് ഒഴിച്ചുകൂടാനാവാത്തതാണ്. വസ്ത്രധാരണമാണ് വ്യക്തിത്വം വ്യക്തമാക്കുന്ന മറ്റൊരു ഘടകം. വസ്ത്രം മനുഷ്യന്റെ മാന്യത വെളിപ്പെടുത്തുന്നതുകൊണ്ടു തന്നെ മുന്തിയതും ഭംഗിയുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് ഇസ്‌ലാമിൽ വിലക്കുകളില്ല. മുന്തിയ ചെരിപ്പും കുപ്പായവും ധരിക്കുന്നത് അഹങ്കാരമാണോ എന്ന അനുചരന്മാരുടെ ചോദ്യത്തിന് അല്ലാഹു ഭംഗിയുളളവനാണ്, അവൻ ഭംഗി ഇഷ്ടപ്പെടുന്നു’ (മുസ്‌ലിം) എന്നാണ് പ്രവാചകൻﷺ പ്രതിവചിച്ചത്. അതേസമയം അമിതവ്യയം പാടില്ല എന്നും ഇസ്‌ലാം അനുശാസിക്കുന്നു.

നമ്മുടെ ശരീരത്തിൽനിന്നും മറ്റുളളവർക്ക് അനിഷ്ടകരമായ വല്ല ദുർഗന്ധവും വമിക്കുന്നത് നമ്മുടെ വ്യക്തിത്വത്തിന് കോട്ടം വരുത്തുന്നതാണ്. പള്ളിയിൽ പോകുമ്പോൾ സുഗന്ധം പൂശുന്നത് സുന്നത്താണ് എന്നു പഠിപ്പിച്ച പ്രവാചകൻ വെളുത്തുള്ളി തിന്ന് പളളിയിൽ പോകുന്നത് വിലക്കിയിട്ടുമുണ്ട്. വേവിക്കാത്ത വെളുത്തുള്ളിയുടെ രൂക്ഷഗന്ധം ശ്വാസകോശം ആഗിരണം ചെയ്യുന്നതുമൂലം കൈയും വായും കഴുകിയാലും അതിന്റെ ഗന്ധത്തിൽനിന്നും മോചനം നേടാനാവില്ല. ഉഛ്വാസത്തിലൂടെ അത് പുറത്തു വരാനിടയുണ്ട്. അതുകൊണ്ടാണ് നബിﷺ അത് തിന്നവർ ‘നമ്മുടെ നമസ്‌കാര സ്ഥലത്തേക്ക് അടുക്കുക പോലും ചെയ്യരുത്’ എന്നു വിലക്കിയത്. നബിﷺ സുഗന്ധം വളരെ ഇഷ്ടപ്പെടുകയും അത് ധാരാളമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. തന്നിൽനിന്ന് ആളുകൾക്ക് അനിഷ്ടകരമായ ഒന്നും ഉണ്ടാകരുതെന്ന് നബിﷺക്ക് നിർബന്ധവുമുണ്ടായിരുന്നു. തിരുമേനിയുടെ ജീവിതത്തിലെ ഒരു സംഭവം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

നബിﷺ തന്റെ പത്‌നി സൈനബ(റ)യുടെ വീട്ടിൽനിന്ന് തേൻ കഴിക്കാറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് മറ്റു ഭാര്യമാരായ ഹഫ്‌സ(റ)യും ആഇശ(റ)യും ഒരു സൂത്രം പ്രയോഗിച്ചു. നബിﷺ അവരുടെ അടുക്കൽ വരുന്ന സമയത്ത് താങ്കളെ മഗാഫീർ മണക്കുന്നു എന്ന് പറയാൻ അവർ തീരുമാനിച്ചു. അങ്ങനെ നബിﷺ വന്നപ്പോൾ അവർ അപ്രകാരം പറഞ്ഞു. ഇതു കേട്ട നബിﷺ തേൻ കുടിക്കുന്നത് പോലും വേണ്ടെന്ന് തീരുമാനിക്കാൻ തയ്യാറായി. അത്ര രൂക്ഷമല്ലാത്ത മഗാഫീർ എന്ന ഒരു മരക്കറയുടെ ഗന്ധം പോലും തന്നിൽനിന്നും വമിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ‘എന്റെ സമുദായത്തിന് പ്രയാസകരമാകുമായിരുന്നില്ലെങ്കിൽ ഓരോ നമസ്‌കാരത്തിനു വേണ്ടി വുദൂഅ് ചെയ്യുമ്പോഴും ഞാൻ അവരോട് ദന്തശുദ്ധി വരുത്താൻ കൽപിക്കുമായിരുന്നു എന്ന തിരുവചനം ഇവിടെ ശ്രദ്ധേയമാണ്. നബിﷺ പട്ടിണയിലും പരിവട്ടത്തിലുമാണ് ജീവിച്ചിരുന്നതെങ്കിലും വൃത്തിയുളള വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും അതിന് പ്രേരണ നൽകുകയും ചെയ്തിരുന്നു. നബിﷺയുടെ കാലത്ത് കസ്തൂരിപോലുളള പ്രകൃതിദത്തമായ പരിമളങ്ങളാണ് പ്രചാരത്തിലുണ്ടായി രുന്നത്. എന്നാൽ ഇന്ന് പ്രചാരത്തിലുള്ളത് കൃത്രിമ സുഗന്ധ ദ്രവ്യങ്ങളാണ്. അവ ഉപയോഗിക്കുന്നവർ ആളുകൾക്ക് തലവേദനയുണ്ടാക്കുന്ന രൂക്ഷഗന്ധങ്ങൾ വർജിക്കേണ്ടതാണ്.

ലാളിത്യമാണ് വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്ന മറ്റൊരു സ്വഭാവഗുണം. പൊങ്ങച്ചവും താൻപോരിമയും കാണിക്കുന്നവരെ ആരും ഇഷ്ടപ്പെടാറില്ല. നബിﷺയോട് ഒരിക്കൽ ഒരു അനുചരൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവും ആളുകളും എന്നെ ഇഷ്ടപ്പെടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?’ നബിﷺ പറഞ്ഞു: ‘നീ ഇഹലോകത്തിൽ വിരക്തി കാണിക്കുക, എങ്കിൽ അല്ലാഹു നിന്നെ ഇഷ്ടപ്പെടും. ജനങ്ങളുടെ അടുക്കലുള്ളത് കൊതിക്കാതിരിക്കുക, എങ്കിൽ ജനങ്ങളും നിന്നെ ഇഷ്ടപ്പെടും’ (ഇബ്‌നു മാജ).

സമ്പത്തും സ്ഥാനമാനങ്ങളും നേടിക്കഴിഞ്ഞാൽ ആളുകൾ തന്റെ ചൊൽപടിയിൽ വരും, തന്നെ ഇഷ്ടപ്പെടും എന്ന അബദ്ധധാരണയാണ് പലർക്കുമുള്ളത്. എന്നാൽ ലാളിത്യത്തിലൂടെയും വിനയത്തിലൂടെയും മാത്രമെ അല്ലാഹുവും മനുഷ്യരും നമ്മെ സ്‌നേഹിക്കുകയുളളൂ എന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത്.

ഒരാൾ സ്വയം പുകഴ്ത്തുന്നത് അവന്റെ വ്യക്തിത്വത്തിന് വിഘ്‌നം വരുത്തുന്നുമെന്ന കാര്യത്തിൽ തർക്കമില്ല. ജനങ്ങൾ അത് ഇഷ്ടപ്പെടില്ല എന്നതിലുപരി അല്ലാഹു വിലക്കിയ ഒരു ദുർഗുണവുമാണത്. ‘സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു’ എന്ന ക്വുർആൻ വചനം (4:49) അതാണ് സൂചിപ്പിക്കുന്നത്. മറ്റുളളവർ തന്നെ പുകഴ്ത്തണം എന്ന് ആഗ്രഹിക്കുന്നതുപോലും ഇസ്‌ലാമിക വീക്ഷണത്തിൽ അഭിലഷണീയമല്ല. മറ്റുളളവരുടെ പ്രശംസക്കു വേണ്ടി ചെയ്യുന്ന സൽകർമങ്ങൾ-അത് ധർമസമരമോ, ദാനധർമമോ, മതപ്രബോധനമോ എന്തുതന്നെയാണെങ്കിലും- നിഷ്ഫലമാണെന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.

വിനയം, ലാളിത്യം, പരോപകാരം തുടങ്ങിയ സൽഗുണങ്ങളാണ് ഒരാളുടെ വ്യക്തിത്വത്തെ ആകർഷമാക്കുന്ന മറ്റു ഘടകങ്ങൾ. പ്രവാചകന്റെ ജീവിതം പരിശോധിക്കുകയാണെങ്കിൽ ഇത്തരത്തിലുളള മുഴുവൻ സ്വഭാവഗുണങ്ങളുടെ ഭൂമികയായിരുന്നു അതെന്നു കാണാം. ആ സ്വഭാവഗുണങ്ങൾകൊണ്ടു മാത്രം തിരുമേനിയിലേക്ക് ആകർഷിക്കപ്പെടുകയും ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തവർ അനവധിയാണ്. ‘താങ്കൾ ഉത്തമ സ്വഭാവത്തിന്റെ ഉടമയാണ്’ എന്ന് ക്വുർആൻ വിശേഷിപ്പിച്ച (68:4) മുഹമ്മദ് നബിﷺയുടെ ജീവിതത്തിൽ വ്യക്തിത്വവികസനം ആഗ്രഹിക്കുന്നവർക്ക് അതുല്യമായ മാതൃകകൾ കാണാനാവും.