ചരിത്രപരമായ തെളിവുകൾ

ഷാഹുൽ പാലക്കാട്

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

(ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു? 11)

E67. മുൻവേദങ്ങൾ

ഏകദൈവ സിദ്ധാന്തവുമായി മനുഷ്യരിലേക്ക് വ്യത്യസ്ത പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും വന്നുപോയി എന്ന ഭൂതകാല ചിത്രമാണ് ഇസ്‌ലാം നൽകുന്നത്. കാലക്രമേണ ആ ദർശനങ്ങളിൽ മനുഷ്യന്റെ കൈ കടത്തലുകളും ദുരുപയോഗങ്ങളും വന്നുചേരുകയാണ് ഉണ്ടായതെന്നും ഇസ്‌ലാം പ്രഖ്യാപിക്കുന്നു. ഇസ്‌ലാമിന്റെ ഈ ചരിത്ര വീക്ഷണം ശരിയാണെങ്കിൽ ഇസ്‌ലാം ദൈവത്തിങ്കൽനിന്നാണെന്ന് ഇതിൽനിന്നും മനസ്സിലാക്കാം. അതിനുള്ള തെളിവുകൾ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് നോക്കാം. ബഹുദൈവ വിശ്വാസമാണ് ആധുനിക ഹിന്ദു മതത്തിന്റെ പ്രധാന ആശയമെങ്കിലും ഏകദൈവ വീക്ഷണം സംബന്ധിച്ച സൂക്തങ്ങൾ വേദങ്ങളിൽ അവശേഷിക്കുന്നുണ്ട് എന്ന് കാണാം.

“ഏകനായ അവൻ ഏകനായിത്തന്നെ എന്നെന്നും നിലനിൽക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ’’ (അഥർവവേദം 13-5-20,21).

“ആ പരമാത്മാവ് കര, ചരണ രഹിതനാണെങ്കിലും സമസ്ത വസ്തുക്കളെയും ഗ്രഹിക്കുന്നവനും അതിവേഗം സർവത്ര ഗമിക്കുന്നവനും കണ്ണുകൾ കൂടാതെ കാണുന്നവനും കാതുകൾ കൂടാതെ കേൾക്കുന്നവനും ആകുന്നു. അവൻ അറിയേണ്ടതായിട്ടുള്ളത് എല്ലാം അറിയുന്നു. എന്നാൽ അവനെ അറിയുന്നവനായിട്ട് ആരുമില്ല, ജ്ഞാനികൾ അവനെ മഹാനെന്നും ആദിപുരുഷനെന്നും പറയുന്നു...’’ (ശ്വേതശതരോപനിഷത്ത് 3:19).

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ വേദങ്ങൾ വിഗ്രഹാരാധനയെയോ ബഹുദൈവത്വ സങ്കൽപത്തെയോ അംഗീകരിക്കുന്നില്ലെന്ന് ഹൈന്ദവ പണ്ഡിതനായ ദയാനന്ദ സരസ്വതി പ്രഖ്യാപിക്കുന്നുണ്ട്.

ത്രിയേകത്വ സങ്കൽപം മുന്നോട്ട് വെക്കുന്ന ക്രൈസ്തവതയിലും ഏകദൈവ വീക്ഷണം പ്രഖ്യാപിക്കുന്ന വചനങ്ങൾ കാണാം.

“എല്ലാറ്റിലും മുഖ്യകല്പനയോ: ‘യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം എന്നു ആകുന്നു’’ (മാർക്കോസ് 12: 19).

“യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ’’ (ആവർത്തനം 6:4).

ത്രിയേകത്വം ബൈബിളിൽ പിൽകാലത്ത് കൂട്ടിച്ചേർക്കപ്പെട്ടതാണെന്നും യഥാർഥ രേഖയിൽ അത് കാണുന്നില്ലെന്നും ബൈബിൾ പണ്ഡിതനായ ബാർട്ട് ഏർമൻ ‘തന്റെ ആരുടെ വാക്കുകളാണിത്’ (Whose Word is it?: The Story Behind Who Changed The New Testament and Why) എന്ന കൃതിയിൽ സമർഥിക്കുന്നുണ്ട്.

“എന്നാൽ സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കൽ  നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവർക്കാകുന്നു നാശം’’ (2:79).  “മനുഷ്യർ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവർ ഭിന്നിച്ചിരിക്കുകയാണ് (10:19).

ഏകദൈവത്വമായിരുന്നു വേദങ്ങളുടെയെല്ലാം പൊതുവായ ആദർശമെന്നും അതിൽ കൈകടത്തലുകൾ ഉണ്ടായി എന്നും ദൈവത്തിങ്കൽ നിന്നല്ലെങ്കിൽ എങ്ങനെ മുഹമ്മദ് നബിﷺ അറിയാനാണ്? ഇസ്‌ലാം ചൂണ്ടിക്കാണിക്കുന്ന രൂപത്തിലുള്ള ചരിത്രം വേദങ്ങൾക്ക് കാണുന്നു, അത് ഇസ്‌ലാമിനെ ശരിവെക്കുന്നു.

E68. ദി എക്‌സോഡസ്

ഫറോവയുടെ (ഫിർഔൻ) കീഴിൽ പീഡനങ്ങൾ അനുഭവിച്ചിരുന്ന ഇസ്‌റാഈല്യരെ ഈജിപ്തിൽനിന്നും പ്രവാചകൻ മൂസാ(അ) രക്ഷിക്കുകയും കനാൻ ദേശത്തേക്ക് അവരുമായി പലായനം ചെയ്യുകയും ചെയ്തതായി ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങൾ പറയുന്നുണ്ട്. ആധുനിക ചരിത്രകാരന്മാരും ഒരു യഥാർഥ സംഭവത്തിൽനിന്നുള്ള പ്രേരണ ഉൾക്കൊണ്ടാണ് ബൈബിളിലെ ഈ വിവരണങ്ങൾ എന്ന് സമ്മതിക്കുന്നു. എന്നാൽ ബൈബിളിന്റെ ചരിത്ര വിശദീകരണത്തിൽ ചില അതിവാദങ്ങൾ കടന്നുകൂടിയിട്ടുണ്ട് എന്ന നിലപാടാണ് ചരിത്രകാരന്മാർക്ക്. പ്രധാനമായും ബൈബിളിൽ പറയുന്ന അത്രയും ജനസംഖ്യ ഈജിപ്തിൽനിന്നും പലായനം ചെയ്തുവെന്നത് വിശ്വസിക്കാനാവില്ല. ബൈബിൾ പറയുന്നത് നോക്കുക:

“എന്നാൽ യിസ്രായേൽ മക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാർ കാൽനടയായി റമെസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു’’ (പുറപ്പാട് 12:37).

പുരുഷന്മാർ മാത്രം ആറുലക്ഷമെങ്കിൽ അവരുടെ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ രണ്ട് ദശലക്ഷത്തിലധികം ആളുകൾ ഇവർക്കിടയിൽ ഉണ്ടാകണം. അഥവാ ഇരുപത് ലക്ഷത്തിനു മുകളിൽ ആളുകളെ ഉൾക്കൊള്ളുന്ന ഒരു വലിയ ജനത്തിന്റെ പലായനമാണ് ബൈബിളിന്റെ ചിത്രത്തിൽ ദി എക്‌സോഡസ് (The Exodus: How It Happened and Why It Matters)എന്ന തന്റെ കൃതിയിൽ ബൈബിൾ പണ്ഡിതനായ റിച്ചാർഡ് എലിയട്ട് ഫ്രീഡ്മാൻ ‘എങ്ങനെ രണ്ടു ലക്ഷം പേർ അപ്രത്യക്ഷമായി’ എന്ന ഭാഗത്ത് എഴുതുന്നു:

“പുറപ്പാടിന്റെ ചരിത്രപരതയെ നിഷേധിക്കാനായി ഉപയോഗിക്കുന്ന വാദങ്ങൾ പലതും വാസ്തവത്തിൽ പങ്കെടുത്തവരുടെ എണ്ണത്തെ ബാധിക്കുന്നവ മാത്രമാണ്. രണ്ടു ദശലക്ഷം മനുഷ്യർ പാർത്തതിന്റെ ഒരു അവശിഷ്ടവും സീനായ് ഭാഗത്ത് കാണുന്നില്ല. ഈജിപ്ഷ്യൻ സംസ്‌കാരത്തിന്റെ ഒരു കൾച്ചറൽ സ്വാധീനവും ആദ്യകാല ഇസ്രയേലിൽ കാണുന്നില്ല. ഈജിപ്ഷ്യൻ ശൈലിയിലുള്ള പാത്ര നിർമാണമോ വാസ്തു ശൈലിയോ കാണുന്നില്ല. ഇത്രയധികം ഇസ്രയേൽ അടിമകളെ സംബന്ധിച്ച യാതൊരു രേഖയും ഈജിപ്തിൽനിന്നും കാണുന്നുമില്ല. ഇത്രവലിയ പലായനത്തെ സംബന്ധിച്ച തെളിവുകളും ലഭ്യമല്ല. ഇതെല്ലാം സത്യമാണ്. പക്ഷേ, പുറപ്പാട് (Exodus)സംഭവിച്ചോ ഇല്ലയോ എന്നതിന്റെ തെളിവല്ല ഇതൊന്നും. വലിയൊരു ജനസംഖ്യ ഇങ്ങനെ പലായനം ചെയ്‌തോ ഇല്ലയോ എന്ന് മാത്രമെ ഇത് സംശയിക്കാൻ ഇടം നൽകുന്നുള്ളൂ...ഈ പലായനം സംഭവിച്ചു എന്നാൽ അത് ചെറിയ ജനക്കൂട്ടം മാത്രമായിരുന്നു എന്ന് വാദിച്ചാൽ അബദ്ധമാകുമോ?’’  (the Exodus/a smaller exodus).

അഥവാ ആധുനിക ചരിത്ര പഠനങ്ങൾ രണ്ടു ദശലക്ഷം മനുഷ്യർ ഉൾക്കൊള്ളുന്ന ഒരു പലായനം സംഭവിച്ചു എന്ന വീക്ഷണത്തെ പിന്താങ്ങുന്നില്ല. എന്നാൽ ഒരു ചെറിയ സംഘത്തിന്റെ പലായനം സംഭവിച്ചിട്ടുണ്ട് എന്നു പറയാൻ ന്യായമുണ്ട് എന്നതാണ് നിലവിലെ ശാസ്ത്രീയമായ നിലപാട്. ബൈബിൾ പണ്ഡിതർക്കു പോലും ഈ നിലപാടിലേക്ക് എത്തേണ്ടി വരുന്നു എന്നതാണ് മുകളിലെ വരികളിൽ കണ്ടത്.

ഇസ്രയേല്യർ ദശലക്ഷങ്ങൾ ഇല്ലെന്നതിന് ബൈബിളിൽതന്നെ വേറെ ചില ഉദാഹരണങ്ങൾ കാണാം. ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിൽ അവരെ കൊല്ലാൻ രാജാവ് രണ്ടു സ്ത്രീകളോട് കൽപിച്ചു എന്ന് പുറപ്പാട് പുസ്തകത്തിലുണ്ട്. ചെറിയ ഒരു കൂട്ടം മനുഷ്യരിലേക്കാണെങ്കിൽ മാത്രമാണ് ഈ രണ്ട് പേർ മതിയാവുക. രണ്ടു ദശലക്ഷത്തിന് മുകളിൽ മനുഷ്യരുടെ കാര്യം നോക്കാൻ വെറും രണ്ടുപേർ തീർച്ചയായും ചേരില്ല. ഇതെല്ലാം തെളിയിക്കുന്നത് പലായനം ചെയ്ത ചെറിയ ഒരു കൂട്ടം ജനതയെ മാത്രമാണ്. രണ്ടു ദശലക്ഷം മനുഷ്യരുടെ പലായനം എന്ന ബൈബിൾ ചരിത്രം അബദ്ധമാണ്. ഈ അബദ്ധം പിണയാതെ യഥാർഥ ചരിത്രത്തെ അവതരിപ്പിക്കാൻ ക്വുർആനിന് കഴിയുന്നു എന്നത് അതിന്റെ ദൈവികതയെ തെളിയിക്കുന്നു. പലായനത്തിൽ മൂസാ നബി(അ)യെ പിൻപറ്റിയ ജനവിഭാഗത്തെ സംബന്ധിച്ച് ക്വുർആൻ പറയുന്നു:

“മൂസായ്ക്ക് നാം ബോധനം നൽകി: എന്റെ ദാസന്മാരെയുംകൊണ്ട് രാത്രിയിൽ നീ പുറപ്പെട്ടുകൊള്ളുക. തീർച്ചയായും (ശത്രുക്കൾ) നിങ്ങളെ പിന്തുടരാൻ പോകുകയാണ്. അപ്പോൾ ഫിർഔൻ ആളുകളെ വിളിച്ചുകൂട്ടാൻ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു. തീർച്ചയായും ഇവർ കുറച്ചു പേർ മാത്രമുള്ള ഒരു സംഘമാകുന്നു. തീർച്ചയായും അവർ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു. തീർച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിർഔൻ നിർദേശിച്ചത്)’’ (26:53-56).

രണ്ടു ദശലക്ഷം മനുഷ്യർ വരുന്ന ബൈബിളിന്റെ പലായന ചിത്രത്തിന് വിരുദ്ധമാണ് ക്വുർആന്റെ ഈ വിവരണം. എന്നിട്ടും ചരിത്ര പഠനങ്ങളും, ബൈബിൾ ഗവേഷണങ്ങളും ക്വുർആന്റെ വിവരണത്തെ ശരിവെക്കുന്നത് കേവലം യാദൃച്ഛികമെന്ന് എങ്ങനെ പറയും?