അല്ലാഹുവിന്റെ സ്വിഫതുകളും സമസ്തക്കാരുടെ ഇരട്ടത്താപ്പും

ജമാൽ ആറ്റിങ്ങൽ

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

ഭാഗം 2

ഇനി നമുക്ക് മുൻഗാമികളായ ചില ഇമാമുകളുടെ ഉദ്ധരണികൾ നോക്കാം:

1. ഹിജ്‌റ 224ൽ ജനിച്ചു 310ൽ വഫാതായ പ്രാമാണിക മുഫസ്സിർ ഇമാം ത്വബ്‌രി തന്റെ പ്രസിദ്ധ അക്വീദ ഗ്രന്ഥമായ ‘അത്തബ്‌സീർ ഫീ മആലിമുദ്ദീൻ’ എന്ന ഗ്രന്ഥത്തിൽ (പേജ് 140) പറയുന്നു: “റസൂലിന്റെ ഹദീസിലും അല്ലാഹുവിന്റെ ക്വുർആനിലും വന്നിട്ടുള്ള ഈ രൂപത്തിലുള്ള സ്വിഫതുകളുടെ അർഥം സംബന്ധിച്ച് ആരെങ്കിലും നമ്മോട് ചോദിച്ചാൽ; ഈ വിഷയത്തിൽ നമ്മുടെ അടുക്കലുള്ള ഏറ്റവും ശരിയായ ഉത്തരം ‘സാദൃശ്യപ്പെടുത്തൽ ഒഴിവാക്കിക്കൊണ്ട് ആ വാക്കുകളുടെ യഥാർഥ്യത്തെ സ്ഥിരപ്പെടുത്തണം’ (അഥവാ വാക്കുകളുടെ അർഥം സ്ഥിരപ്പെടുത്തണം, പക്ഷേ, മറ്റൊന്നിനോടും ഉപമിക്കാൻ പാടില്ല) എന്നതാണ്.

കുറച്ചുകൂടി വ്യക്തമായി അതേഗ്രന്ഥത്തിന്റെ 146ാമത്തെ പേജിൽ പറയുന്നു: “ഈ രൂപത്തിലുള്ള സ്വിഫതുകളുടെ അർഥം എന്താണെന്ന് നമ്മോടാരെങ്കിലും ചോദിച്ചാൽ, അവരോട് നമ്മൾ പറയും: ആ വാക്കിന്റെ പ്രത്യക്ഷാർഥം എന്താണോ അതിന്റെ മേൽ അതിനെ സ്ഥിരപ്പെടുത്തുക (വാക്കിന്റെ അർഥം പറയുക). ഹദീസിൽ വന്നത് അതേപോലെ വിശ്വസിക്കുക, സ്വീകരിക്കുക എന്നതിൽ കവിഞ്ഞ് നമുക്ക് വേറെ ഒരു മാർഗവും ഇല്ല. ആയതിനാൽ നമ്മൾ പറയും: അല്ലാഹു അന്ത്യനാളിൽ വരും, മലക്കുകൾ അണിയണിയായി നിൽക്കും, ഒന്നാം ആകാശത്തിലേക്ക് അല്ലാഹു ഇറങ്ങിവരും, ഇതല്ലാതെ അല്ലാഹു രാവിന്റെ മൂന്നിലൊന്നിൽ ഇറങ്ങിവരും എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ കൽപന ഇറങ്ങുമെന്ന് നാമൊരിക്കലും പറയില്ല, കൽപന എല്ലായ്‌പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.’’

2. ഹിജ്‌റ 373ൽ ജനിച്ചു 449ൽ വഫാത്തായ മഹാപണ്ഡിതൻ ഇമാം സ്വാബൂനി(റഹ്) തന്റെ ‘അക്വീദതുസ്സലഫ് വ അസ്വ‌്ഹാബിൽ ഹദീസ്’എന്ന ഗ്രന്ഥത്തിന്റെ 165ാമത്തെ പേജിൽ സലഫുകളുടെ നിലപാട് വിശദീകരിക്കുന്നു:

“അതുപോലെ അവർ (സലഫുകൾ) അല്ലാഹുവിന്റെ ക്വുർആനിലും റസൂലിന്റെ ഹദീസിലും വന്നിട്ടുള്ള അല്ലാഹുവിന്റെ കാഴ്ച, കേൾവി, കണ്ണ്, മുഖം, അറിവ്, ശക്തി, കഴിവ്, പ്രതാപം, മഹത്ത്വം, ഉദ്ദേശ്യം, വാക്ക്, സംസാരം, തൃപ്തി, കോപം, സ്‌നേഹം, ദേഷ്യം, സന്തോഷം, ചിരി മുതലായവ ഒരു സൃഷ്ടിയോടും താരതമ്യപ്പെടുത്താതെ, ഒന്നും കൂട്ടിച്ചേർക്കാതെ അല്ലാഹുവും റസൂലും പറഞ്ഞതുപോലെ സത്യപ്പെടുത്തും. ഒന്നിലേക്കും ചേർക്കുകയോ, അതെങ്ങനെ എന്ന് പറയുകയോ, വിശദീകരിക്കുകയോ, സാദൃശ്യപ്പെടുത്തുകയോ, മാറ്റിമറിക്കുകയോ, പര്യായം പറയുകയോ ചെയ്യില്ല, അറബികൾക്കിടയിൽ അറിയപ്പെട്ട അർഥത്തിൽനിന്ന് പ്രമാണത്തിൽ വന്ന വാക്കിനെ തെറ്റിച്ച് മോശമായ വ്യാഖ്യാനത്തിലേക്കു പോകുകയുമില്ല, അവർ (സലഫുകൾ) അതിന്റെ പ്രത്യക്ഷമായ അർഥം സ്ഥിരപ്പെടുത്തിയവരും അതിന്റെ അറിവ് അല്ലാഹുവിലേക്ക് വിട്ടുകൊടുത്തവരുമാണ്.’’

3. ഹിജ്‌റ 436ൽ ജനിച്ചു 516ൽ വഫാതായ മഹാപണ്ഡിതൻ, മുഫസ്സിർ ഇമാം ബഗ്‌വി(റഹ്) തന്റെ പ്രസിദ്ധ ഗ്രന്ഥമായ ‘ശർഹുസ്സുന്ന’യിൽ പറയുന്നു: “ഈ രൂപത്തിൽ പ്രമാണങ്ങളിൽ വന്നിട്ടുള്ള അല്ലാഹുവിന്റെ സ്വിഫതുകൾ വ്യാഖ്യാനിക്കാതെ, അതിന്റെ പ്രത്യക്ഷമായ അർഥത്തിൽ വിശ്വസിക്കൽ നിർബന്ധമാണ്, അവകളെ സാദൃശ്യപ്പെടുത്തൽ ഒഴിവാക്കണം. അല്ലാഹുവിന്റെ സ്വിഫതുകൾ ഒരു സൃഷ്ടിയോടും സാദൃശ്യപ്പെടുകയില്ല എന്ന് ഉറച്ചുവിശ്വസിക്കണം, അല്ലാഹുവിന്റെ ദാത്ത് എന്നാൽ സൃഷ്ടികളുടെ ദാത്ത് അല്ലാത്തതുപോലെ, കാരണം അവനെ പോലെ ആരുമില്ല.’’

4. ഹിജ്‌റ 541ൽ ജനിച്ചു 620ൽ വഫാതായ പ്രസിദ്ധ ഹമ്പലി പണ്ഡിതൻ ഇബ്‌നു ഖുദാമ അൽ മക്ദിസി തന്റെ ‘ദമ്മുത്തഅ്’വീൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട സ്വിഫതുകളുടെ കാര്യത്തിൽ സലഫുകളുടെ മദ്ഹബ് എന്താണെന്ന് വെച്ചാൽ, സ്വിഫതുകളുടെ ബാഹ്യാർഥത്തിൽ സ്ഥിരപ്പെടുത്തി സ്ഥിരീകരിക്കുകയും രൂപപ്പെടുത്തലും സാദൃശ്യപ്പെടുത്തലും ഒഴിവാക്കലുമാകുന്നു.’’

5. ഹിജ്‌റ 260ൽ ജനിച്ചു 360ൽ വഫാതായ ഇമാം അബുൽ ഹസൻ അൽഅശ്അരി തന്റെ മുൻകാല വാദങ്ങൾ ഉപേക്ഷിച്ചു തൗബ ചെയ്ത് അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിലേക്ക് മടങ്ങിയതിനു ശേഷം എഴുതിയ ‘അൽഇബാന’ എന്ന ഗ്രന്ഥത്തിൽ പറയുന്നു:

(അശ്അരി ഇമാമിന് ആദ്യമുണ്ടായിരുന്ന വാദമാണ് അശ്അരി മദ്ഹബ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇമാം മടങ്ങിയെങ്കിലും അനുയായികൾ മടങ്ങിയില്ല).

“ക്വുർആനിൽ വന്നിട്ടുള്ള, അല്ലാഹു കൈ കൊണ്ടു സൃഷ്ടിച്ചു, നമ്മുടെ കരങ്ങൾ കൊണ്ടു പ്രവർത്തിച്ചു എന്നിങ്ങനെയുള്ളിടത്ത് കൈ എന്നതിന് ആലങ്കാരിക അർഥം നൽകുന്നതിനെ താങ്കൾ എന്തിന് എതിർക്കുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ നാം അവരോട് പറയും; ക്വുർആനിന്റെ നിയമം എന്നത് അതിന്റെ യഥാർഥ്യത്തിലും ബാഹ്യാർഥത്തിലും സ്ഥിരപ്പെടുത്തുക എന്നതാണ്. അതിന്റെ വാക്കുകളിൽ ഒന്നിനെയും തെളിവില്ലാതെ മജാസിയായ അർഥത്തിലേക്ക് (ആലങ്കാരിക അർഥം) മാറ്റാൻ പാടില്ല.’’

മേൽ ഉദ്ധരിച്ച ഗ്രന്ഥങ്ങളിൽനിന്ന് അല്ലാഹുവിന്റെ ദാത്തിയായ സ്വിഫതുകൾക്ക് പ്രത്യക്ഷമായ അർഥം നൽകാമെന്നും അത് സലഫുകളുടെ രീതിയാണെന്നും നാം മനസ്സിലാക്കി. ഇത് മാത്രമാണ് കേരളത്തിലെ സലഫികളും ചെയ്യുന്നത്, ക്വുർആൻ ആയത്തുകളുടെയും ഹദീസുകളുടെ അർഥം എഴുതുമ്പോൾ ഈ രൂപത്തിലുള്ള വാക്കുകൾക്ക് അതിന്റെ പ്രകടമായ അർഥം എഴുതും; യദ് എന്നാൽ കൈ, ഐൻ എന്നാൽ കണ്ണ്, വജ്ഹ് എന്നാൽ മുഖം, നുസൂൽ എന്നാൽ ഇറക്കം പോലെ.

ഇതിനെയാണ് സമസ്തക്കാർ, സലഫികൾ അല്ലാഹുവിനു കൈയുണ്ടെന്ന് പറഞ്ഞു, മുഖം ഉണ്ടെന്ന് പറഞ്ഞു, അല്ലാഹുവിനു ശരീരം ഉണ്ടെന്ന് എഴുതി എന്നെല്ലാം ആരോപിക്കുന്നത്.

സമസ്തക്കാരുടെ ഇരട്ടത്താപ്പ്

സലഫികൾ സ്വിഫതുകൾക്ക് അർഥം നൽകുന്ന പോലെ സമസ്തക്കാരും അർഥം നൽകിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം:

1. നബി ﷺ പറയുന്നു: “ഈ രാത്രി അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങിവരും. എന്നിട്ട് കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തെക്കാൾ കൂടുതൽ പേർക്ക് പാപമോചനം നൽകുന്നതാണ് (തിർമിദി, അഹ്‌മദ്)’’ (രിസാല, ജനുവരി 5, 1996, ലക്കം 63).

2. “സിംഹാസനത്തിൽ ഉപവിഷ്ടനാവുകയെന്നാൽ അറിയാം. പക്ഷേ, അല്ലാഹുവിനെ സംബന്ധിച്ച് ആ രൂപം അറിയില്ല’’ (സുന്നി വോയ്‌സ്, 2000 ഏപ്രിൽ 1-15, ലക്കം 22/20).

3. “സത്യവിശ്വാസിയുടെ ഹൃദയം പരമകാരുണികനായ അല്ലാഹുവിന്റെ വിരലുകളിൽ രണ്ട് വിരലുകളുടെ ഇടയിലാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്’’ (ഇഹ്‌യാ ഉലൂമുദ്ദീൻ പരിഭാഷ, പേജ് 49, എം.വി കുഞ്ഞി അഹമ്മദ് മൗലവി, മുദരിസ് പാടൂർ).

‘അല്ലാഹുവിന്റെ മുഖം’ (പേജ് 48), ‘അല്ലാഹുവിന്റെ പാദം,’ ‘അല്ലാഹുവിന്റെ കൈ,’ ‘അല്ലാഹു സിംഹാസനസ്ഥനായി’ (അതേ പുസ്തകം, പേജ് 137).

4. “ഉപരി ലോകത്തെ നിങ്ങൾക്ക് കാണാവുന്ന താങ്ങുകളൊന്നുമില്ലാതെ ഉയർത്തിനിർത്തിയിട്ടുള്ളത് അല്ലാഹുവാകുന്നു, പിന്നെ അവൻ സിംഹാസനത്തിൽ (പ്രപഞ്ച ഭരണ കേന്ദ്രത്തിൽ) ആസനസ്ഥനായി. (ജൗഹറതു തൗഹീദ് പരിഭാഷയും വ്യാഖ്യാനവും, വി. പി അബൂബക്കർ മൗലവി, സുന്നി പബ്ലിക്കേഷൻ ചെമ്മാട്).

5. ‘അല്ലാഹു ആകാശത്ത്’ (രിസാല ക്വുർആൻ പതിപ്പ്, സെപ്തമ്പർ 2007).

6. ‘അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും’ (രിസാല, 1996 ജനുവരി 5, ലക്കം 63, ഇ.കെ മാഹിൻ സഖാഫി).

7. ‘അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും’ (സത്യധാര, 2006 സെപ്റ്റംബർ 1-15).

ഇതാണ് സമസ്തക്കാരുടെ ഇരട്ടത്താപ്പ്, അവരിങ്ങനെയൊക്കെ അർഥം നൽകും, എന്നിട്ട് ഇതേ പോലെ ഹദീസിനും ആയത്തിനും അർഥം കൊടുത്ത സലഫികളെ വേറെ ദൈവത്തെ ആരാധിക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്യും!

‘അല്ലാഹുവിന്റെ ഇടതുകൈ,’ ‘അല്ലാഹുവിന്റെ രണ്ട് കൈയും വലത്ത് ‘ തുടങ്ങിയ പരാമർശങ്ങളിൽ വൈരുധ്യമുണ്ടോ?

സമസ്തക്കാർ സലഫികളെ ആക്ഷേപിക്കാനായി എല്ലാ കാലത്തും ഉപയോഗിക്കുന്ന മറ്റൊരു കളവാണ്, മുമ്പ് സലഫികൾ അല്ലാഹുവിന് ഇടതുകൈയും വലതുകൈയും ഉണ്ടെന്നെഴുതി കുറെ കഴിഞ്ഞപ്പോൾ അവർ അല്ലാഹുവിന്റെ രണ്ട് കൈയും വലതാണെന്ന് എഴുതി. അങ്ങനെ അല്ലാഹുവിന്റെ ഇടതു കൈയിനെ മാറ്റിക്കളഞ്ഞു എന്നെല്ലാം പരിഹാസ്യ രൂപേണ പല സ്‌റ്റേജുകളിലും മുസ്‌ലിയാക്കന്മാർ ആളുകളെ കബളിപ്പിക്കാറുണ്ട്.

സത്യത്തിൽ ഈ രണ്ട് പരാമർശങ്ങളും ഹദീസുകളിൽ വന്നതാണ്. അത് അർഥസഹിതം പുസ്തകങ്ങളിൽ കൊടുത്തു എന്ന് മാത്രം, എന്നാൽ ഇത് ഹദീസിൽ വന്നതാണെന്ന് മറച്ചുവച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സലഫികളെ പരിഹസിക്കുകയുമാണ് സമസ്തക്കാർ ചെയ്യാറുള്ളത്. സത്യത്തിൽ ഇവരുടെ പരിഹാസം ചെന്ന് കൊള്ളുന്നത് റസൂലിലേക്ക് തന്നെയാണെന്നും അതിന്റെ ഗൗരവം എത്രയാണെന്നും ഈ സാധുക്കൾ മനസ്സിലാക്കുന്നില്ല.

രണ്ട് ഹദീസുകളും താഴെ കൊടുക്കുന്നു:

അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: “ക്വിയാമത്ത് നാളിൽ അല്ലാഹു ആകാശങ്ങളെ ചുരുട്ടും. പിന്നെ അവയെ തന്റെ വലതുകൈയിൽ പിടിച്ചുകൊണ്ട് പറയും: ‘ഞാനാണ് രാജാവ്. അഹങ്കാരികളും ഏകാധിപതികളും എവിടെ?’ പിന്നീട് ഭൂമിയെ ഇടതു കൈയിൽ ചുരുട്ടിപ്പിടിക്കും. എന്നിട്ട് പറയും: ‘ഞാനാണ് രാജാവ്, എവിടെ അഹങ്കാരികൾ? എവിടെ സ്വേച്ഛാധിപതികൾ?’’ (സ്വഹീഹ് മുസ്‌ലിം).

റസൂൽ ﷺ പറഞ്ഞു: “തീർച്ചയായും നീതി പാലിക്കുന്നവർ റഹ്‌മാനായ അല്ലാഹുവിന്റെ വലതു കൈക്കരികിൽ പ്രകാശത്താലുള്ള ഒരു മിമ്പറിൽ ആയിരിക്കും. അല്ലാഹുവിന്റെ ഇരു കരങ്ങളും വലത്താണ്, തന്റെ കുടുംബത്തിലുള്ളവരോടും ത ന്റെ അധീനതയിലുള്ളവരോടും നീതിയോടെ പെരുമാറുന്നവരാണ വർ’’ (സ്വഹീഹ് മുസ്‌ലിം).

നോക്കൂ! ഈ രണ്ട് ഹദീസുകളും എടുത്ത് കൊടുത്തു എന്ന കാരണംകൊണ്ട്, സലഫികൾ അല്ലാഹുവിനെ ഒരിടത്ത് അവയവമുള്ളവനാക്കി, പിന്നീട് അല്ലാഹുവിന്റെ കൈ വെട്ടി മാറ്റി എന്നൊക്കെ ആരോപിക്കുന്നത് എന്തുമാത്രം മ്ലേഛമാണ്!

ആദ്യം കൊടുത്ത ഹദീസിൽ അല്ലാഹുവിന്റെ ‘വലതുകൈ’ എന്നും ‘ഇടതുകൈ’ എന്നും വന്നിരിക്കുന്നു. ഇടത് എന്നത് ഒരു ന്യൂനത സൂചിപ്പിക്കുന്ന വാക്കാണെന്നും അതിനാൽ അഭിപ്രായ വിത്യാസമുണ്ടെന്നും ഇമാം ബൈഹഖി തന്റെ ‘അസ്മാഉ വസ്സ്വിഫാത്’ എന്ന ഗ്രന്ഥത്തിൽ അഭിപ്രായപ്പെടുമ്പോൾ, ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാം ബഗവി അഭിപ്രായപ്പെടുന്നു.

ഈ ഹദീസ് സ്വഹീഹാണെന്ന അഭിപ്രായം നമ്മൾ സ്വീകരിച്ചാൽതന്നെ വൈരുധ്യമില്ല, അല്ലാഹുവിനു രണ്ട് കൈകൾ ഉണ്ടെന്നും ഒന്ന് ഇടതും ഒന്ന് വലതുമാണെന്നും അതിന്റെ രൂപം നമുക്കറിയില്ലെന്നും ഹദീസിൽ വന്നതുപ്രകാരം നമ്മൾ വിശ്വസിക്കുന്നു, മാത്രമല്ല അല്ലാഹുവിന്റെ സ്വിഫതാകയാൽ സൃഷ്ടികൾക്കുള്ള യാതൊരു സാദൃശ്യവും ഇവകൾക്കില്ല. സൃഷ്ടികൾക്കുള്ള ഇടത് എന്ന ഒരു ന്യൂനതയും അല്ലാഹുവിലേക്ക് ചേർക്കുമ്പോൾ ഉദ്ദേശിക്കാവതുമല്ല.

രണ്ടാമത്തെ ഹദീസും ആദ്യത്തെ ഹദീസിന് എതിരാകുന്നില്ല. അല്ലാഹുവിന്റെ ഇരുകൈകളും വലത്താണ് എന്ന് ഹദീസിൽ വന്നത് വായിക്കുമ്പോൾ അല്ലാഹുവിനെ കൈകളുള്ള ഒരു മനുഷ്യനായി സങ്കൽപിക്കുകയും എന്നിട്ട് വലതു ഭാഗത്ത് രണ്ട് കൈകളുള്ള, ഇടതുഭാഗം ശൂന്യമായ ഒരു വ്യക്തിയെ മനസ്സിൽ സങ്കൽപിക്കുകയും ചെയ്യുന്ന മുസ്‌ലിയാർക്കാണ് സത്യത്തിൽ പ്രശ്‌നം. അല്ലാഹുവിന്റെ റസൂൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്, അതെങ്ങനെ എന്ന് നമുക്കറിയില്ല, ഞാൻ അത് വിശ്വസിക്കുന്നു എന്ന് തീരുമാനിച്ചാൽ പ്രശ്‌നം തീർന്നു.

അല്ലാഹുവിന് ഇടതുകൈയുണ്ട് എന്ന് പറഞ്ഞ റസൂൽ ﷺ തന്നെയാണ് അല്ലാഹുവിന്റെ രണ്ട് കൈകളും വലതാണെന്ന് പറഞ്ഞത്. സൃഷ്ടികൾക്കുള്ള ഇടതിന്റെ യാതൊരു ന്യൂനതകളും ഇല്ലാത്ത, കൈകൾ രണ്ടും കുറവുകളിൽനിന്ന് മുക്തമാണ് എന്നാണ് ഈ ഹദീസിന്റെ ഉദ്ദേശ്യം.

ഈ ഹദീസിനെ പണ്ഡിതന്മാർ എങ്ങനെ വിശദീകരിച്ചു എന്ന് കൂടി നമുക്ക് നോക്കാം:

1. ഹിജ്‌റ 213ൽ ജനിച്ചു 276ൽ വാഫാത്തായ മഹാ പണ്ഡിതൻ ഇബ്‌നു കുത്തയ്ബ അൽ ദീനവരി തന്റെ ‘തഅ്‌വീൽ മുഖ്തലഫൽ ഹദീസ്’ എന്ന് ഗ്രന്ഥത്തിന്റെ 304ാമത്തെ പേജിൽ പറയുന്നു:

“തീർച്ചയായും ഈ ഹദീസ് സ്വഹീഹാണ്. മാത്രമല്ല അത് അസാധ്യവുമല്ല. അത് കൊണ്ടുള്ള ഉദ്ദേശ്യം പരിപൂർണതയാണ്. കാരണം എല്ലാ വസ്തുക്കളിലും ഇടത് എന്നാൽ വലതിനെ അപേക്ഷിച്ചു പൂർണതയിലും ശക്തിയിലും കുറവുള്ളതാണ്. അറബികൾ വലതിനെ ഇഷ്ടപ്പെടുകയും ഇടതിനെ വെറുക്കുകയും ചെയ്തിരുന്നു. കാരണം വലത് പൂർണതയും ഇടത് കുറവുമാണ്.’’

ശേഷം അദ്ദേഹം ഒരു കവിതാശകലം കൊടുക്കുന്നു. ഉദാരനായ ഒരു വ്യക്തിയെ സൂചിപ്പിക്കാൻ അയാളുടെ രണ്ട് കൈയും വലത്താണെന്ന് അറബികൾ കവിതയിൽ പറഞ്ഞിരുന്നു. അതിനർഥം അയാൾക്ക് ഇടതുകൈ ഇല്ല എന്നല്ല. അയാളുടെ വലതുഭാഗത്ത് രണ്ടു കൈകൾ ഉണ്ട് എന്നുമല്ല. അയാളുടെ നല്ല ഗുണത്തെ സൂചിപ്പിക്കാനുള്ള ഒരു പ്രയോഗം മാത്രമാണത്.

2. ഹിജ്‌റ 200ൽ ജനിച്ചു 280ൽ വഫാതത്തായ ഇമാം അബുസഈദ് ദാരിമി തന്റെ ‘അർറദ്ദു അലാ ബിശ്‌രിൽ മരീസി’ എന്ന കിതാബിൽ 155ാമത്തെ പേജിൽ പറയുന്നു:

“അല്ലാഹുവിന്റെ ഇരു കരങ്ങളും വലതാണ്, അഥവാ ന്യൂനതയെ തൊട്ടും ബലഹീനതയെ തൊട്ടും പരിശുദ്ധമായ രണ്ട് കൈകൾ അവനുണ്ട്. നമ്മുടെ കൈകളിൽ ന്യൂനതയും ശക്തിക്കുറവുമുള്ള ഇടത് അവനില്ല. അതുകൊണ്ടാണ് റസൂൽ ﷺ പറഞ്ഞത്; ‘പരമകാരുണികനായ റബ്ബിന്റെ രണ്ട് കൈയും വലതാണ്.’ ന്യൂനതയുടെ അടയാളമായ ഇടത് എന്ന വിശേഷണം അല്ലാഹുവിനില്ല എന്നറിയിക്കാനും അല്ലാഹുവിനെ മഹത്ത്വപ്പെടുത്താനുമാണ് റസൂൽ അങ്ങനെ പറഞ്ഞത്. എന്നാൽ അല്ലാഹുവിന്റെ ഇടതു കൈ എന്ന് റസൂലിൽനിന്ന് വന്നിട്ടുണ്ട്. ഇടത് എന്ന് പറയാൻ പാടില്ലായിരുന്നെങ്കിൽ റസൂലിൽനിന്ന് അങ്ങനെ ഒരിക്കലും വരുമായിരുന്നില്ല.’’

ഈ വിഷയം ആധുനിക സലഫി പണ്ഡിതൻ ശൈഖ് സ്വലിഹ് ഉസൈമീൻ(റഹ്) വിശദീകരിക്കുന്നു: ‘പിന്നെ അല്ലാഹു ഭൂമിയെ ഇടത് കൈ കൊണ്ട് പിടിക്കും’-ഈ ഹദീസിലെ ഇടത് എന്ന വാക്ക് ചില പണ്ഡിതന്മാർ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ചിലർ നിരാകരിച്ചിട്ടുമുണ്ട്. സ്ഥിരപ്പെടുത്തിയവർതന്നെ അത് ഇബ്‌നു ഉമറി(റ)ൽനിന്ന് വന്ന റിപ്പോർട്ടിന് എതിരാണെന്നതുകൊണ്ട് അത് ശാദ്ദാണെന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇടത് എന്ന വാക്ക് സ്ഥിരപ്പെട്ടതാകയാൽ തന്നെ അല്ലാഹുവിന്റെ രണ്ട് കൈയും വലതാണെന്ന ഹദീസിന് വിരുദ്ധമാകുന്നില്ല. കാരണം അതിന്റെ അർഥം സൃഷ്ടികൾക്കുള്ള പോലെ വലതിനെക്കാൾ ന്യൂനതയുള്ള ഇടതുകൈ പോലെയല്ല അല്ലാഹുവിന്റെ കൈ എന്നു മാത്രമാണ്. റസൂൽ ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ രണ്ട് കൈകളും വലതാണ് എന്നുവച്ചാൽ അല്ലാഹുവിന്റെ കൈകൾക്ക് ഒരു ന്യൂനതയുമില്ല എന്നർഥം. ഈ വാക്കിനെ ബലപ്പെടുത്തുന്നതാണ് ആദം നബി(അ)യുമായി ബന്ധപ്പെട്ടു വന്ന ഹദീസ്. ‘(ആദം നബി പറഞ്ഞു:) അല്ലാഹുവിന്റെ വലതുകൈ ഞാൻ തിരഞ്ഞെടുത്തു അല്ലാഹുവിന്റെ ഇരു കൈകളും വലതാണ്. ബറകത്തുടയവയാണ്.’

ഈ വിശദീകരണങ്ങളിൽനിന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാവുന്ന ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു:

1. അല്ലാഹുവിന്റെ ദാത്തിയായ സ്വിഫാതുകളെ എങ്ങനെ എന്ന് പറയാനോ, നിഷേധിക്കാനോ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്താനോ, ഉദാഹരണം പറയാനോ, അർഥം മാറ്റാനോ, വിശദീകരിക്കാനോ നിൽക്കാതെ അതിന്റെ ബാഹ്യമായ അർഥത്തിൽ സ്ഥിരപ്പെടുത്തി വിശ്വസിക്കുക, ഇതാണ് സ്വഹാബികളും താബിഉകളും അടങ്ങുന്ന സലഫുകളുടെ മാർഗം. സലഫികൾ അതേ മാർഗത്തിലാണ്. അല്ലാഹുവിന്റെ സ്വിഫതുകളെ അർഥം മാറ്റി വ്യാഖ്യാനിച്ചത് പിൽക്കാലത്ത് വന്ന അശ്അരി വിഭാഗമാണ്. അഥവാ അവരാണ് പുത്തൻ വാദക്കാർ. സമസ്തക്കാർ ഈ വാദക്കാരാണ്.

3. സലഫികൾ അല്ലാഹുവിന്റെ ദാത്തിയായ സ്വിഫതുകൾക്ക് അർഥം എഴുതിയപോലെ സമസ്തക്കാരും എഴുതിയിട്ടുണ്ട്.

4. അല്ലാഹുവിന്റെ കൈകൾ എന്നതും അല്ലാഹുവിന്റെ വലതുകൈ, ഇടതുകൈ എന്നതുമൊക്കെ ക്വുർആനിലും ഹദീസിലും സ്ഥിരപ്പെട്ട കാര്യമാണ്.

5. അല്ലാഹുവിന്റെ രണ്ട് കൈ കളും വലത്താണ് എന്ന ഹദീസിൽ വന്ന പ്രയോഗത്തിന്റെ ആശയം അല്ലാഹുവിന്റെ രണ്ട് കൈകളും എല്ലാ ന്യൂനതയിൽനിന്നും കുറവുകളിൽനിന്നും മുക്തവും പൂർണ പരിശുദ്ധവും ആണെന്ന് മഹാന്മാരായ ഇമാമുകൾ വിശദീകരിച്ചിരിക്കുന്നു.