ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

ഭാഗം: 06

അബ്ദുൽ ഗ്വനിയ്യുൽ മഖ്ദസിയുടെ അക്വീദ വിഷയത്തിൽ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നാണ് ‘അൽഇക്തിസ്വാദു ഫിൽഇഅ്തിക്വാദ്.’ അതിന്റെ 94ാം പേജിൽ പറയുന്നു: “ആയത്തുകളും ഹദീസുകളും വന്നതിനുശേഷം അല്ലാഹു ശരിക്കും ഉപരിലോകത്താണെന്നതിനെ നിഷേധിച്ചാൽ അവൻ ക്വുർആനിനെതിരായവനും ഹദീസിനെ നിഷേധിച്ചവനുമാകുന്നു.’’

ബറേൽവികളും അശ്അരികളും, ഏഴാകാശങ്ങൾക്കും മുകളിലാണ് അല്ലാഹു എന്ന അല്ലാഹുവിന്റെ വിശേഷണത്തെ നിഷേധിക്കുന്നവരും അത് അംഗീകരിക്കുന്നവരെ അവയവവാദിയായി (മുജസ്സിം) മുദ്രകുത്തുന്നവരുമാണ്. ഇത്തരക്കാർക്കുള്ള ഖണ്ഡനമായിട്ടാണ് ശൈഖ് ജീലാനിയുടെ അവസാനകാലത്തെ ശിഷ്യൻ കൂടിയായ മഖ്ദസി കിതാബുൽ ഗുൻയതിലെ സമാന പ്രയോഗം ഉപയോഗിച്ച് അശ്അരി-ബറേൽവി സുഹൃത്തുക്കളെ ക്വുർആനിന്റെ എതിരാളികളെന്നും ഹദീസ് നിഷേധിച്ചവരെന്നും പറയാതെ പറയുന്നത്.

അല്ലാഹുവിന്റെ ഇറക്കത്തെ സ്ഥിരപ്പെടുത്തുന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് മഖ്ദസി പറയുന്നത് നോക്കുക: “അവന്റെ അധികാരം ഇറങ്ങുമെന്നോ അനുഗ്രഹം ഇറങ്ങുമെന്നോ കഴിവ് ഇറങ്ങുമെന്നോ പ്രയോഗിക്കാൻ പാടില്ല’’ (അൽഇക്തിസ്വാദു ഫിൽഇഅ്തിക്വാദ് 1/101).

എല്ലാറ്റിനും കഴിവുള്ള അല്ലാഹുവിന് ഇറക്കത്തിനു കഴിവില്ല എന്നാണ് അശ്അരികൾ പറയുന്നത്. അല്ലാഹു പറയുന്നു; അവൻ ഉദ്ദേശിച്ച പോലെ ഇറങ്ങും. ബറേൽവി-സമസ്തക്കാർ പറയുന്നു; അല്ലാഹുവിന് ഇറങ്ങാൻ കഴിയില്ല. എല്ലാറ്റിനും കഴിവുള്ള അല്ലാഹുവിന്, അവൻ ഉദ്ദേശിച്ചാൽ പോലും അവന്റെ ഇറക്കത്തിനു പറ്റില്ലെന്നു പറയുന്നതിനാൽ അല്ലാഹുവിന്റെ ക്വുദ്‌റത്ത് (കഴിവ്) എന്ന വിശേഷണത്തെ അവർക്ക് ചോദ്യം ചെയ്യേണ്ടിയും വരുന്നു. അല്ലാഹുവിന് ഇറങ്ങണമെങ്കിൽ സ്ഥലം ആവശ്യമായിവരുമെന്ന് ദുർന്യായം പറയുന്നവരും ആ ഇറക്കമെങ്ങനെയെന്ന കുരുട്ടുചോദ്യം ചോദിക്കുന്നവരും ചെയ്യേണ്ടത് അല്ലാഹു സൃഷ്ടികളെപ്പോലെയാണെന്ന തോന്നൽ മനസ്സിൽനിന്നും മാറ്റിവെക്കുക എന്നതാണ്. അപ്പോൾ ഈ ചോദ്യമെല്ലാം പൊള്ളയാണെന്നു ബോധ്യമാകും.

ഇക്കൂട്ടർ അല്ലാഹുവിനെ മനസ്സിലാക്കേണ്ട രീതിയിൽ പ്രമാണങ്ങളിൽനിന്നും മനസ്സിലാക്കാത്തതിനാൽ സൃഷ്ടികളെപ്പോലെയാണ് അവൻ എന്ന് തെറ്റിദ്ധരിച്ച് അവന്റെ ഇറക്കം എന്ന വിശേഷണത്തെ വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനമാകട്ടെ പ്രമാണ പിൽബലമില്ലാത്തതും മുഅ്തസിലികൾ നൽകിയതുമാണ്. അല്ലാഹുവിന്റെ ഇറക്കം എന്ന വിശേഷണത്തിന് അധികാരം ഇറങ്ങൽ, കഴിവ് ഇറങ്ങൽ, അനുഗ്രഹം ഇറങ്ങൽ മുതലായ മുഅ്തസിലീ ദുർവ്യാഖ്യാനങ്ങൾ ഇവർ നൽകുന്നു. അങ്ങനെയവർ അല്ലാഹുവിന്റെ വിശേഷണത്തെ നിഷേധിച്ചവരായും മാറുന്നു. അശ്അരികളുടെ ഈ ദുർവ്യാഖ്യാനത്തെയാണ് ശൈഖ് ജീലാനിയുടെ ശിഷ്യൻ മഖ്ദസി ഹറാമാണെന്ന് പറയുന്നതും അല്ലാഹുവിന്റെ യഥാർഥ ഇറക്കത്തെ സ്ഥിരപ്പെടുത്തുന്നതും.

അല്ലാഹുവിന് ഇരുകരങ്ങളുണ്ടെന്ന വിശേഷണം പറയുന്നതാണല്ലോ, ബറേൽവി-സമസ്തക്കാരുടെ വീക്ഷണത്തിലെ മറ്റൊരു വൻപാപം! അതിനെയും മഖ്ദസി കിതാബുൽ ഗുൻയതിലുള്ളതുപോലെ സ്ഥിരപ്പെടുത്തുന്നത് കാണുക:

“അല്ലാഹുവിന്റെ ഇരുകരങ്ങൾ മറ്റുള്ളവരെപ്പോലെയുള്ള കൈകളാണെന്നു നാം പറയില്ല. അതെങ്ങനെയെന്ന് വിവരിക്കാതെയും അതിനെ തുല്യപ്പെടുത്താതെയും നാം ആ വിശേഷണത്തെ സ്ഥിരപ്പെടുത്തുന്നു. വ്യാഖ്യാനിക്കുന്നവരും നിഷേധിക്കുന്നവരുമായ (അശ്അരികൾ, മുഅ്തസിലികൾ) വിഭാഗങ്ങളെപ്പോലെ രണ്ടു ക്വുദ്‌റത്ത് എന്ന് നാം അല്ലാഹുവിന്റെ ഇരുകരങ്ങളെ വ്യാഖ്യാനിക്കുകയില്ല. എന്നാൽ നാം, (പ്രമാണങ്ങളിൽ) വന്നതുപോലെ വിശ്വസിക്കുകയും പരിധി നിശ്ചയിക്കാതെയും തുലനപ്പെടുത്താതെയും അവന്റെ വിശേഷണങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ഇരുകരങ്ങൾക്ക് രണ്ടു ക്വുദ്‌റത്ത് എന്നു പറയലോ രണ്ട് അനുഗ്രഹമെന്നു പറയലോ സ്വീകാര്യമല്ല. അവന്റെ ക്വുദ്‌റത്ത് ഏകവും അവന്റെ അനുഗ്രഹം കണക്കില്ലാത്തതുമാണ്’’ (അൽഇക്തിസ്വാദു ഫിൽഇഅ്തിക്വാദ് 1/101).

ഇമാമുൽ ഹറമൈനി, അബ്ദുൽ കാഹിറുൽ ബാഗ്ദാദി തുടങ്ങിയ അറിയപ്പെട്ട ചില അശ്അരീ പണ്ഡിതന്മാരും മുഅ്തസിലികളും അല്ലാഹുവിന്റെ കരം എന്ന വിശേഷണത്തെ പൂർണമായി നിഷേധിച്ചവരാണ്. എന്നാൽ മറ്റുള്ള അശ്അരീ പണ്ഡിതന്മാർ അത് അല്ലാഹുവിന്റെ വിശേഷണം എന്നത് അംഗീകരിച്ചുകൊണ്ടുതന്നെ വ്യാഖ്യാച്ചു നിഷേധിക്കുന്നു. ഈ രണ്ട് വിഭാഗക്കാരെയും കിതാബുൽ ഗുൻയതിൽ ജീലാനി ശക്തമായി വിമർശിച്ചതുപോലെയാണ് അദ്ദേഹത്തിന്റെ ശിഷ്യൻ മഖ്ദസിയും ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ എന്ന വിശേഷണത്തെ സ്ഥിരപ്പെടുത്തുന്ന മഖ്ദസിയും ജീലാനിയും സമസ്ത-ബറേൽവികളെ സംബന്ധിച്ചിടത്തോളം അവയവവാദികളാണ്.

ഇബ്‌നു തൈമിയ്യയെ മുജസ്സിമാക്കാൻ കാണിച്ച ആവേശം മഖ്ദസിയെയും മിസ്സിയെയും മുജസ്സിമുകളാക്കാൻ കാണിച്ചാൽ സമസ്തക്കാരുടെ ഹദീസ് പഠനവും വഴിമുട്ടും. കാരണം ഹദീസ് നിലകൊള്ളുന്നത് സനദുകളുടെ (നിവേദക പരമ്പര) അടിസ്ഥാനത്തിലാണ്. സനദുകളുടെ ചരിത്രം പഠിക്കാൻ സലഫി പണ്ഡിതനായ ഹാഫിദ്വുൽ മിസ്സിയെ അവലംബിക്കേണ്ടതായിട്ടുണ്ട്. എട്ടാം നൂറ്റാണ്ടിൽ അശ്അരി-സൂഫി വ്യത്യാസമില്ലാതെ എല്ലാവരും ഹദീസുകളുടെ പരമ്പര പഠിച്ചത് മിസ്സിയിൽനിന്നും മിസ്സിയുടെ ശിഷ്യന്മാരിൽനിന്നുമാണ്.

സമസ്തയുടെ സംഘടനാ പക്ഷപാദിത്തമോ ബറേൽവി സ്പിരിറ്റോ ഇല്ലാത്ത മിസ്സിയിൽനിന്നും അറിവ് കരസ്ഥമാക്കിയ തങ്ങളുടെ ഗുരുക്കൻമാരെയും ഇവർക്കു തള്ളേണ്ടി വരും. ഇത് കിതാബുൽ ഗുൻയതിൽ കടത്തിക്കൂട്ടൽ സംഭവിച്ചുവെന്നു വ്യാജം പറഞ്ഞ ഹൈത്തമിക്കും ബാധകം തന്നെ. അദ്ദേഹത്തിന്റെ കടുത്ത പക്ഷപാദിത്തം സ്വന്തം ശിഷ്യനായ മുല്ല അലിയ്യുൽ ക്വാരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി അദ്ദേഹത്തിന്റെ കിതാബുൽ ഗുൻയതിൽ അശ്അരികളെ അങ്ങേയറ്റം വിമർശിച്ച വിഷയമാണല്ലോ ക്വുർആനിന് അക്ഷരങ്ങളും ശബ്ദവും ഇല്ല എന്ന അശ്അരികളുടെ വാദം. അതേക്കുറിച്ച് മഖ്ദസിയുടെ വിശദീകരണം നോക്കാം:

“എഴുതപ്പെട്ട അക്ഷരങ്ങളും കേൾക്കപ്പെടുന്ന വാക്കുകളും അല്ലാഹുവിന്റെ വചനം തന്നെയാണെന്നാണ് നാം വിശ്വസിക്കുന്നത്; എടുത്തുദ്ധരിക്കലോ പര്യായപദങ്ങളോ അല്ല’’ (അൽഇക്തിസ്വാദ് 1/140).

അല്ലാഹുവിന്റെ ക്വുർആനിന് അക്ഷരവും ശബ്ദവും ഇല്ല എന്ന് പറയുന്ന അശ്അരികൾക്കുള്ള ശക്തമായ മറുപടിയാണ് മഖ്ദസിയുടെ ഈ വാക്കുകൾ. അശ്അരികളുടെ വിശ്വാസപ്രകാരം യഥാർഥ ക്വുർആനിന് അക്ഷരവും ശബ്ദവുമില്ല. അത് ജിബ്‌രീലിന് അല്ലാഹു തോന്നിപ്പിച്ചതാണ്. ജിബ്‌രീൽ അറബിയിൽ സംസാരിച്ചതുകൊണ്ട് ക്വുർആൻ ആയെന്നും, ഹിബ്രു ഭാഷയിൽ സംസാരിച്ചതുകൊണ്ട് തൗറാത്ത് ആയെന്നും സുറിയാനി ഭാഷയിൽ സംസാരിച്ചതുകൊണ്ട് ഇഞ്ചീൽ ആയെന്നുമാണ് അശ്അരികൾ വാദിക്കുന്നത്.

ക്വുർആനിന്റെ അക്ഷരങ്ങളും പദങ്ങളുമെല്ലാം സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ വുദൂഅ് ചെയ്‌തേ സ്പർശിക്കാവൂ എന്ന് അവർ തന്നെ പറയുന്നതിന് എന്തു പ്രസക്തി? അല്ലാഹു ജിബ്‌രീൽ മുഖാന്തരം റസൂലിന് ഇറക്കിക്കൊടുത്ത ക്വുർആൻ ജിബ്‌രീലിന്റെ ഭാഷയായി എടുത്ത് ഉദ്ധരിക്കപ്പെട്ടതോ ജിബ്‌രീലിന്റെ പദ പ്രയോഗമോ ആണെന്ന അശ്അരീ വാദം അഹ്‌ലുസ്സുന്നയുടെ വിശ്വാസമല്ലെന്നും മഖ്ദസി പറയുന്നു. നാം പാരായണം ചെയ്യുന്ന ക്വുർആൻ യഥാർഥത്തിൽ ഉള്ളതാണെന്നും അത് ജിബ്‌രീലിന്റെ വാക്കുകളല്ലെന്നും തെളിവുകൾ സഹിതമാണ് കിതാബുൽ ഗുൻയതിൽ ശൈഖ് ജീലാനി പറയുന്നത്. പ്രസ്തുത കിതാബിൽ കടത്തിക്കൂട്ടൽ നടന്നു എന്ന ഹൈത്തമിയുടെ വാദം കെട്ടുകഥയാണെന്നു വ്യക്തം. സൂഫി പക്ഷപാദിത്തവും ഹദീസ് വിഷയത്തിലെ അജ്ഞതയും മൂലം ഇബ്‌നു ഹജറുൽ അസ്‌ക്വലാനിക്കു വേണ്ടവിധത്തിൽ പരിഗണന കൊടുക്കാത്ത ഹൈത്തമിയുടെ കൂട്ടിച്ചേർക്കൽ കഥ ശൈഖ് ജീലാനിയുടെ ശിഷ്യന്മാരിലൂടെ അല്ലാഹു തകർത്തിരിക്കുന്നു.

(തുടരും)