മനുഷ്യൻ എന്ന സൃഷ്ടി

മുബാറക് ബിൻ ഉമർ

2023 സെപ്തംബർ 02 , 1445 സ്വഫർ 17

(മരണാനന്തര ജീവിതം സത്യമോ മിഥ്യയോ? 4)

സൃഷ്ടിപ്പ് ആവർത്തിക്കുന്നു

ഇക്കാര്യം ക്വുർആൻ ചൂണ്ടിക്കാണിക്കുന്നത് കാണുക: “അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ, പിന്നെ അവൻ അത് ആവർത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമാക്കുന്നു’’(അർറൂം 27). സൃഷ്ടിപ്പ് ആവർത്തിക്കുന്നത് കൂടുതൽ എളുപ്പമാണ് എന്ന പ്രസ്താവന മനസ്സിലാക്കാൻ ഒട്ടും പ്രയാസമില്ല. ഒരിക്കൽ ഒരു സാധനം ഡിസൈൻ ചെയ്ത എഞ്ചിനീയർക്ക് രണ്ടാമത് ഡിസൈൻ ചെയ്യാൻ എന്താണ് പ്രയാസം?

“അവങ്കലേക്കാകുന്നു നിങ്ങളുടെയെല്ലാം മടക്കം. അല്ലാഹുവിന്റെ സത്യവാഗ്ദാനമത്രെ അത്, തീർച്ചയായും അവൻ സൃഷ്ടി ആരംഭിക്കുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നീതിപൂർവം പ്രതിഫലം നൽകുവാൻവേണ്ടി അവൻ സൃഷ്ടികർമം ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ നിഷേധിച്ചതാരോ അവർക്ക് ചുട്ടുതിളക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവർ നിഷേധിച്ചതിന്റെ ഫലമത്രെ അത്’’ (യൂനുസ് 4).

“അതിൽ(ഭൂമിയിൽ)നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കുതന്നെ നിങ്ങളെ നാം മടക്കുന്നു. അതിൽനിന്നുതന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്ത് കൊണ്ടുവരികയും ചെയ്യും’’(ത്വാഹാ 55).

മനുഷ്യനെ പടച്ചത് മണ്ണിൽനിന്നാണ്. മരണശേഷം മണ്ണിൽ മറമാടപ്പെടുന്നു. അതേ മണ്ണിൽനിന്ന് മനുഷ്യരെ വീണ്ടും പടക്കും എന്നാണ് ക്വുർആൻ വ്യക്തമാക്കുന്നത്.

സൃഷ്ടിപ്പ് ആവർത്തിക്കുന്നു എന്ന കാര്യം ക്വുർആൻ പലതവണ പ്രസ്താവിക്കുന്നുണ്ട്. അൻബിയാഅ് 104, ഇസ്‌റാഅ് 51, യൂനുസ് 34, നംല് 64, അൻകബൂത്ത് 19, അർറൂം 11, നൂഹ്17,18, ബുറൂജ് 13 എന്നീ വചനങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മഴ പെയ്ത് സസ്യലതാദികൾ മുളച്ച് വളർന്നുവരുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇപ്രകാരം മരിച്ചവരെ വീണ്ടും ജീവിപ്പിക്കും എന്ന് ക്വുർആൻ ചൂണ്ടിക്കാണിക്കുന്നു:

“അവനത്രെ അവന്റെ അനുഗ്രഹത്തിന് (മഴക്ക്) മുമ്പായി സന്തോഷവാർത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവൻ. അങ്ങനെ അവ (കാറ്റുകൾ) ഭാരിച്ചമേഘത്തെ വഹിച്ചുകഴിഞ്ഞാൽ നിർജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചു കൊണ്ടുപോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അതുമൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അതുപോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ടുവരുന്നതാണ്. നിങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം’’(അഅ്‌റാഫ് 57).

ഫാത്വിർ 9ലും സുഖ്‌റുഫ് 11ലും ഫുസ്സ്വിലത്ത് 39ലും ഹജ്ജ് 5,6ലും ക്വുർആൻ ഇക്കാര്യത്തെപ്പറ്റി ചിന്തിക്കാനാവശ്യപ്പെടുന്നുണ്ട്.

ഉണങ്ങിവരണ്ട മണ്ണിൽ മഴപെയ്താൽ സസ്യലതാദികൾ മുളച്ചുപൊങ്ങുന്നത് സർവസാധാരണമായ ഒരു വസ്തുതയാണ്. തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണത്. ഈ വിത്തുകളൊക്കെ എവിടെയായിരുന്നു? എങ്ങനെയാണവ മുളക്കുന്നത്?

പുനരുദ്ധാനത്തെ നിഷേധിക്കുന്നവരോട് ക്വുർആൻ പറയുന്നത് ആദ്യ സൃഷ്ടിപ്പിനെ പറ്റി ചിന്തിക്കാനാണ്. സൃഷ്ടി ഇവിടെ സംഭവിച്ചിട്ടുണ്ടല്ലോ. കൃത്യവും സൂക്ഷ്മവും സങ്കീർണവുമായ നിലയിൽ ഒരു ആസൂത്രണവും സംവിധാനവും നടത്തുന്നതു കൊണ്ടാണല്ലോ ജീവജാലങ്ങളുടെ സൃഷ്ടിപ്പുണ്ടായത്. അങ്ങനെ ഒരിക്കൽ സൃഷ്ടിച്ചവന് രണ്ടാമതൊരിക്കൽ കൂടി സൃഷ്ടിക്കാൻ ഒരു പ്രയാസവുമില്ല.

സംശയിക്കുന്നവരോട്

മനുഷ്യരെ മുഴുവൻ മരണശേഷം വീണ്ടും ഉയിർത്തെഴുന്നേൽപിക്കാൻ സാധിക്കുമോ എന്ന് സംശയിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് ക്വുർആൻ പറയുന്നത് കാണുക:

“മനുഷ്യരേ, ഉയിർത്തെഴുന്നെൽപിനെപ്പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ചു നോക്കുക) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽനിന്നും പിന്നീട് ബീജത്തിൽനിന്നും പിന്നീട് ഭ്രൂണത്തിൽ നിന്നും അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്തു കൊണ്ടുവരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണശക്തി പ്രാപിക്കുന്നതുവരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിനുശേഷം യാതൊന്നും അറിയാതാകുംവിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാ തരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടാണെന്നുവച്ചാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ. അവൻ മരിച്ചവരെ ജീവിപ്പിക്കും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അന്ത്യസമയം വരികതന്നെ ചെയ്യും. അതിൽ യാതൊരു സംശയവുമില്ല, ക്വബ്‌റിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും’’ (ഹജ്ജ് 5-7)

മണ്ണിൽനിന്നാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ആലുഇംറാൻ 59ലും പ്രസ്താവിക്കുന്നു. സ്വാദ് 71ൽ കളിമണ്ണിൽനിന്നാണ് എന്ന് പറയുന്നുണ്ട്. അൻആം 2, അഅ്‌റാഫ് 12, സജദ-7, സ്വാദ് 76, ഇസ്‌റാഅ് 61 തുടങ്ങിയ സൂക്തങ്ങളിലും കളിമണ്ണ് കൊണ്ടാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതെന്നു പറയുന്നുണ്ട്. മുഅ്മിനൂൻ 12ൽ കളിമണ്ണിന്റെ സത്തിൽ നിന്നാണെന്ന് വ്യക്തമാക്കുന്നതായി കാണാം. പശിമയുള്ള കളിമണ്ണിൽനിന്നാണെന്നു സ്വാഫ്ഫാത്ത് 12ൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാകപ്പെട്ട ചളി ഉണങ്ങിയുറഞ്ഞുണ്ടായ, മുട്ടിയാൽ മുഴങ്ങുന്ന കളിമണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു എന്ന് ഹിജ്ർ 26ൽ പറയുന്നു. കലം പോലെ മുട്ടിയാൽ മുഴക്കമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണിൽനിന്ന് സൃഷ്ടിച്ചു എന്ന് റഹ്‌മാൻ 14ൽ വ്യക്തമാക്കിയിട്ടുണ്ട്.

മണ്ണ്, കളിമണ്ണ്, കളിമണ്ണിന്റെ സത്ത, പശിമയുള്ള കളിമണ്ണ്, പാകപ്പെടുത്തിയ ചളി, ഉണങ്ങി ഉറച്ചുണ്ടായ, മുട്ടിയാൽ മുഴങ്ങുന്ന കളിമണ്ണ്, കലംപോലെ മുട്ടിയാൽ മുഴങ്ങുന്ന ഉണങ്ങിയ കളിമണ്ണ് എന്നൊക്കെ വിവിധ രൂപങ്ങളിൽ പറഞ്ഞു. കളിമണ്ണിന്റെ വിവിധ രൂപങ്ങളിലാണ് ഈ പറഞ്ഞതൊക്കെ. മനുഷ്യസൃഷ്ടിപ്പ് നടത്തിയ ധാതുവിന്റെ വ്യത്യസ്ത സ്വഭാവങ്ങളെ സൂചിപ്പിക്കുന്ന പരാമർശങ്ങളാണിവ എന്ന് മനസ്സിലാക്കാം. കളിമണ്ണിന്റെ സത്ത് എന്നത് ഈ പരാമർശങ്ങളുടെയെല്ലാം ആകെത്തുകയാണ്. മണ്ണിലെ ധാതുലവണങ്ങളിൽ ഏതെല്ലാം മനുഷ്യശരീരത്തിന് ആവശ്യമുണ്ടോ അവയെല്ലാം കൃത്യമായ അനുപാതത്തിൽ വേർതിരിച്ചാണ് സൃഷ്ടി നടത്തിയതെന്ന് ഗ്രഹിക്കാം.

സാധാരണ മണ്ണിൽ 45% ധാതുലവണങ്ങളും 25% വായുവും 5% ജൈവാവശിഷ്ടങ്ങളുമാണ്. മനുഷ്യശരീരത്തിലുള്ള മൂലകങ്ങലെല്ലാം കളിമണ്ണിലുള്ളവയാണ്.

65% ഓക്‌സിജൻ, 18.5% കാർബൺ, 9.5% ഹൈഡ്രജൻ, 3.2% നൈട്രജൻ, 1.5% കാത്സ്യം, 1% ഫോസ്ഫറസ്, 0.4% പൊട്ടാസ്യം, 0.3% സൾഫർ, 0.2% സോഡിയം, 0.2% ക്ലോറിൻ, 0.1% മഗ്‌നീഷ്യം എന്നിവയാണ് മനുഷ്യശരീരത്തിലെ പ്രധാന മൂലകങ്ങൾ. ബോറോൺ, ക്രോമിയം, കൊബാൾട്ട്, കോപ്പർ, ഫ്‌ളൂറിൻ, അയഡിൻ, അയേൺ, മാംഗനീസ്, സിലിക്കോൺ, മോളിബ്ഡനം, സെലിനിയം, ടിൻ, വനേഡിയം, സിങ്ക് എന്നീ മൂലകങ്ങളും നേരിയ അളവിൽ ഉണ്ട്.

മണ്ണിൽനിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് പറഞ്ഞു. പിന്നീട് പുരുഷബീജവും സ്ത്രീഅണ്ഡവും സംയോജിച്ച് ഗർഭപാത്രത്തിൽവച്ച് പല ഘട്ടങ്ങളിലൂടെ വളർന്നു കുഞ്ഞായിത്തീരുന്നു. ഇതിന്റെ വിശദാംശങ്ങൾ നോക്കാം:

പുരുഷബീജം ഉണ്ടാകുന്നത് പുരുഷന്റെ വൃഷണങ്ങളിലാണ്. പ്രായപൂർത്തിയെത്തുന്നതോടെ ബീജോൽപാദനം തുടങ്ങും. ശരാശരി 4 സെന്റി മീറ്റർ നീളവും രണ്ടേമുക്കാൽ സെന്റി മീറ്റർ വീതിയും പയർ മണിയുടെ ആകൃതിയുമുള്ള രണ്ട് ഗ്രന്ഥികളാണ് വൃഷണങ്ങൾ. പുരുഷ ഹോർമോണുകൾ ഉണ്ടാക്കുകയാണ് പ്രായപൂർത്തിയെത്തുംവരെ അവയുടെ ധർമം. വൃഷണസഞ്ചി എന്ന് വിളിക്കപ്പെടുന്ന തുകൽസഞ്ചിയിലാണ് ഹോർമോണും ബീജവും ഉൽപാദിപ്പിക്കുക. വൃഷണത്തിലെ അതിസൂക്ഷ്മമായ സ്‌പെർമാറ്റഗോനിയ എന്ന കോശനിരയിൽനിന്ന് പുരുഷബീജങ്ങളുണ്ടാകുന്നു. സ്‌പെർമാറ്റഗോനിയ വിഭജിക്കപ്പെട്ട് പ്രൈമറി സ്‌പെർമാറ്റോസെറ്റുകൾ എന്ന കോശങ്ങളുണ്ടാകും. ഇവ അതിവേഗം പൂർണവളർച്ചയെത്തി കോശവിഭജനത്തിനു വിധേയമാകുന്നു. ഊനഭംഗം (MEIOSIS) എന്ന് പറയപ്പെടുന്ന ഈ കോശവിഭജനത്തി ലൂടെ 46 ക്രോമസോമുകളുള്ള ഈ സ്‌പെർമാറ്റോസെറ്റ് 23 ക്രോമസോമുകൾ മാത്രമുള്ള കോശങ്ങളായി മാറുന്നു. നാനൂറോളം അറകളായി വിഭജിക്കപ്പെട്ടിരിക്കുന്ന വൃഷണങ്ങളിലെ വളഞ്ഞുപിരിഞ്ഞു കിടക്കുന്ന നീണ്ട നളികകളിൽ (സൂക്ഷ്മ കുഴൽ) ബീജോൽപാദനം നടക്കുന്നു. ഈ നളികകളുടെ വളവുകൾ തീർത്ത് കൂട്ടിച്ചേർത്താൽ 800 അടിയോളം നീളമുണ്ടാകും. ഈ നളികകളിൽവച്ച് ഉൽപാദിപ്പിക്കപ്പെടുന്ന ബീജങ്ങൾ വൃഷണത്തോട് അടുത്ത് കിടക്കുന്ന അധിവൃഷണിക(EPIDIDYMIS)യിൽ ശേഖരിക്കപ്പെടുകയും അവിടെവച്ച് അവ പ്രായപൂർത്തിയാവുകയും ചലനശേഷിയാർജിക്കുകയും ചെയ്യുന്നു. അധിവൃഷണികയോട് ബന്ധപ്പെട്ടു കിടക്കുന്ന നീണ്ട കുഴലായ ബീജനാളിയിലൂടെയാണ് ബീജങ്ങൾ മൂത്രനാളത്തിൽ എത്തുന്നത്. അവിടെനിന്നാണ് അവ പുറത്തുപോകുന്നത്. ശുക്ലമെന്ന ദ്രവപദാർഥത്തിൽ മുങ്ങിക്കിടന്ന് ഇടകലർന്നു ബീജങ്ങൾ സഞ്ചരിക്കുന്നു. വഴുവഴുപ്പും കൊഴുപ്പുമുള്ള വെളുത്ത ഈ പദാർഥത്തിന്റെ അധികഭാഗവും മൂത്രാശയത്തിനടിയിലുള്ള രണ്ട് ശുക്ലസഞ്ചി(SEMINAL VESICLES)കളിൽ നിന്നാണ്. ഒരു തവണ വിസർജിക്കുന്ന ശുക്ലത്തിന് മൂന്നുമുതൽ അഞ്ചുവരെ മില്ലി ലിറ്റർ വ്യാപ്തമുണ്ടാകും. രണ്ട് മില്ലി ലിറ്റർ ശുക്ലമെങ്കിലും ഉൽപാദനക്ഷമതയ്ക്കാവശ്യമാണ്.

ശരീരത്തിന്റെ താപനിലയെക്കാൾ വൃഷണസഞ്ചിയിൽ 3-4 ഡിഗ്രി ഫാരൻഹീറ്റ് ചൂട് കുറവാണ്. ഈ താപനിലയിലേ പുരുഷബീജങ്ങളുടെ ഉൽപാദനം നടക്കൂ. ഈ താപനില മാറ്റം കൂടാതെ നിലനിൽക്കുന്നതിന് കാരണം വൃഷണസഞ്ചിയുടെ ബാഹ്യഭാഗത്തുള്ള ചുളിവുകളാണ്. ഇതിനകത്തുള്ള ബീജധമനി (SPERMATIC ARTERY) ചൂട് ക്രമീകരിക്കുന്നു. തണുപ്പ് കൂടുമ്പോൾ വൃഷണങ്ങൾ ഉയർന്ന് ചുരുളുകളായി കിടക്കുന്ന ഈ രക്തക്കുഴലിന്റെ നീളം കുറക്കുകയും വൃഷ്ണസഞ്ചി സങ്കോചിക്കുകയും ചെയ്യുന്നു. അപ്പോൾ കൂടുതൽ ചൂടുള്ള ഉദരപേശികളുമായി സമ്പർക്കത്തിലായി വൃഷണങ്ങൾ തണുപ്പ് കാലത്ത് താപനില ക്രമീകരിക്കുകയും ചെയ്യും. ചൂടുകാലമാകുമ്പോൾ വൃഷണസഞ്ചിയിലെ ചുളിവുകൾ നിവരുകയും വൃഷണങ്ങൾ താഴോട്ടിറങ്ങുകയും അങ്ങനെ താപനില കുറയ്ക്കുവാൻ കഴിയുകയും ചെയ്യുന്നു. ‘പിന്നീട് ബീജമായിക്കൊണ്ട് ഭദ്രമായ ഒരു സ്ഥാനത്ത് അവനെ നാം വച്ചു’ എന്ന് ക്വുർആൻ 23:13ൽ പ്രസ്താവിച്ചതായി കാണാം.

സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ രണ്ടുമുതൽ അഞ്ചു ശതമാനംവരെയാണ് ബീജങ്ങളുണ്ടാകുക. ബാക്കി മറ്റു സ്രവങ്ങളാണ്. അമിനോ ആസിഡുകൾ, സിട്രെറ്റ്, എൻസൈമുകൾ, ഫ്‌ളാവിനുകൾ, ഫ്രക്‌റ്റോസ്, ഫോസ്‌ഫോറിൻ കോളിൻ, പ്രോസ്റ്റാ ഗ്ലാൻഡിനുകൾ, പ്രോട്ടീനുകൾ, വിറ്റാമിൻ സി തുടങ്ങിയവയാണ് ഈ സ്രവങ്ങളിൽ. ശുക്ലാണുക്കൾക്ക് നിലനിൽക്കാനും സഞ്ചരിക്കാനുമുള്ള ഊർജവും മറ്റു വസ്തുക്കളിൽ നിന്നുള്ള പ്രതിരോധവും നൽകുന്നത് ഈ സ്രവങ്ങളാണ്. പ്രോസ്റ്റെറ്റി (PROSTATE)ൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ് ഫോസ്ഫറേറ്റ്, സിട്രിക് ആസിഡ്, ഫൈബ്രിനോലിസിൻ, പ്രോസ്റ്റെറ്റ് സ്‌പെസിഫിക് ആന്റിജൻ, പ്രോട്ടിയോലിറ്റിക്ക് എൻസൈമുകൾ, സിങ്ക് തുടങ്ങിയവയാണ് ശുക്ലത്തിൽ സ്രവങ്ങൾക്ക് പുറമെ ഉണ്ടാകുക. ബൾബോയുറിത്ത്‌റൽ അഥവാ കൗപേഴ്‌സ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ഗാലട്രോസ്, സിയാലിക് ആസിഡ് എന്നിവ കൂടിച്ചേർന്നാലാണ് ശുക്ലമാകുക. വൃഷണത്തിൽ ഏകദേശം 64 ദിവസങ്ങളെടുത്താണ് ഓരോ ബീജാണുവും വളർന്ന് പൂർണമാകുന്നത്. സ്‌പെർമേറ്റോഗോണിയം (SPERMETOGONIYAM) എന്ന് വിളിക്കപ്പെടുന്ന കോശം വൃഷണത്തിൽവച്ച് ഊനഭംഗത്തിലൂടെ വിഭജിക്കപ്പെട്ട് സ്‌പെർമേറ്റോസൈറ്റുകളായും (SPERMETO CYTES) അവ വളർന്ന് സ്‌പേർമാറ്റിഡുകളായും (SPERMATIDS) അവയ്ക്ക് വാല് കിളിർത്തുവരികയും ചലനശേഷി കൈവരിക്കുകയും ചെയ്ത് ബീജാണുക്കളായി മാറുകയും ചെയ്യുന്നു. ഒരുതവണ സ്ഖലിക്കുമ്പോൾ ചുരുങ്ങിയത് നാല് കോടി ബീജാണുക്കളെങ്കിലും ഉണ്ടെങ്കിൽ മാത്രമെ അതിനെ സ്വാഭാവിക ബീജസംഖ്യ (NORMAL SPERM COUNT) ആയി കണക്കാക്കാൻ കഴിയുകയുള്ളൂ. ആരോഗ്യവാനായ ഒരു പുരുഷന്റെ ഒരു തവണത്തെ സ്ഖലനത്തിൽ ഇരുപത് കോടിയെങ്കിലും ബീജങ്ങളുണ്ടായിരിക്കും. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷമുള്ള സ്ഖലനമാണെങ്കിൽ അമ്പത് കോടിവരെയാകാം. ഇങ്ങനെ സ്ഖലിക്കപ്പെടുന്ന ബീജങ്ങളിലൊന്ന് അണ്ഡവുമായി ചേർന്ന് സിക്താണ്ഡമായിത്തീരുകയും അത് കുഞ്ഞായി വളരുകയും ചെയ്യും (ഒരു മി.ലിറ്ററിൽ രണ്ട് കോടിയിൽ കുറവാണെങ്കിൽ ബീജസങ്കലനം നടക്കില്ല, കാരണം അറിയില്ല!).

മനുഷ്യരിലും സസ്യങ്ങളിലും മൃഗങ്ങളിലുമെല്ലാമുള്ള സ്ത്രീവർഗങ്ങളിലെ പ്രത്യുല്പാദന കോശങ്ങൾക്ക് പൊതുവായുള്ള പേരാണ് അണ്ഡം (OVUM). മനുഷ്യശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ കോശമായ അണ്ഡത്തിന് ഒരു ഇഞ്ചിന്റെ ഇരുന്നൂറിലൊന്ന് വലിപ്പമുണ്ട്. ഗോളാകൃതിയുള്ള അണ്ഡത്തിന് ജനിതക വസ്തുക്കൾ ഉൾകൊള്ളുന്ന ഒരു കേന്ദ്ര(ന്യൂക്ലിയസ്)മുണ്ട്. ബീജസങ്കലനത്തിന് ശേഷം ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിലേക്കാവശ്യമായ ഭക്ഷണം അണ്ഡത്തിൽ സംഭരിച്ചിട്ടുണ്ട്.

ഗർഭാശയത്തിന്റെ താഴ്ഭാഗത്ത് ഇരുവശങ്ങളിലായുള്ള അണ്ഡാശയങ്ങളാണ് (OVARY) അണ്ഡം ഉൽപാദിപ്പിക്കുന്നത്. രണ്ട് അണ്ഡാശയങ്ങളുണ്ട്. 3.5 സെ.മീ. നീളവും 2 സെ.മീ. കനവും 48 ഗ്രാം തൂക്കവുമുള്ള ഇതിന് ബദാംപരിപ്പിന്റെ രൂപമാണുള്ളത്. പെൺകുഞ്ഞിന്റെ ഭ്രൂണദശയിൽതന്നെ അണ്ഡാശയങ്ങളിൽ എഴുപത് ലക്ഷം അണ്ഡങ്ങളുണ്ടായിരിക്കും. കുഞ്ഞ് ജനിക്കുന്നതോടെ അവയിൽ ഭൂരിഭാഗവും നശിച്ചിരിക്കും. ഏകദേശം 20 ലക്ഷം അണ്ഡങ്ങളോടുകൂടിയാണ് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. പ്രായപൂർത്തിയാകുന്നതോടെ വീണ്ടും കുറെ അണ്ഡകോശങ്ങൾ നശിക്കുകയും ഏകദേശം 3 ലക്ഷം കോശങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്യും.

പെൺകുഞ്ഞിന് 8 വയസ്സാകുമ്പോൾ മസ്തിഷ്‌കത്തിലെ ഹൈപ്പോത്തലാമസിൽ നിന്നും നാഡിയ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുകയും അത് താഴെയുള്ള പിറ്റിയുട്ടറി ഗ്രന്ധിക്ക് അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കാനുള്ള ആജ്ഞ നൽകുകയും ചെയ്യുന്നു. ഉത്തെജിതമാകുന്ന അണ്ഡാശയങ്ങൾ പ്രധാനപ്പെട്ട സ്‌ത്രൈണ ഹോർമോണായ എസ്ട്രജൻ ഉൽപാദിപ്പിക്കാനാരംഭിക്കുന്നു. ഇതിന്റെ പ്രവർത്തന ഫലമായി സാവകാശം അവൾ കുമാരിയായിത്തീരുകയും ചെയ്യുന്നു. പിറ്റിയൂട്ടറിയുടെ ഉത്തേജനഫലമായി അണ്ഡാശായങ്ങളിലെ അതിസൂക്ഷ്മങ്ങളായ അണ്ഡകോശങ്ങൾ വികസിച്ച് ഫോളിക്കിൾ (FOLLICLE) എന്ന പേരിലറിയപ്പെടുന്ന ചെറിയ കുമിളകൾ പോലെയുള്ള വസ്തുവായിത്തീരുന്നു. ഏകദേശം ഇരുപത് ഫോളിക്കിളുകൾ വളരാൻ തുടങ്ങുന്നുവെങ്കിലും അഞ്ചെട്ടു ദിവസം കഴിയുമ്പോൾ ഒന്നുമാത്രം പെട്ടെന്ന് വളരുകയും മറ്റുള്ളവയെല്ലാം വളർച്ച മുരടിച്ച് നാമാവശേഷമാവുകയും ചെയ്യുന്നു. ബാക്കിയായ ഒരു ഫോളിക്കിൾ വളർച്ച തുടരുകയും പിന്നീട് പൊട്ടിപ്പിളരുകയും അതിൽനിന്ന് അണ്ഡം പുറത്തുവരികയും ചെയ്യും. ഇതിനെ അണ്ഡോത്സർജനം (OVULATION) എന്ന് പറയുന്നു.

(തുടരും)