ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 8

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

ഭാഗം: 08

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 41)

മതസ്വാതന്ത്ര്യവും വിവിധ കേസുകളും

മതം, മനഃസാക്ഷി എന്നിവയുടെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പു നൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടി ശിരോവസ്ത്ര വിഷയത്തിൽ വിദ്യാർഥിനികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ സമർപ്പിച്ച സമർഥമായ വാദങ്ങളെ ഖണ്ഡിക്കാൻ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഉപയോഗിച്ച മറുവാദങ്ങൾ വളരെ ദുർബലമായിരുന്നു. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും അതിനെ നിയന്ത്രിക്കാൻ ഭരണകൂടങ്ങൾക്ക് അധികാരമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുവാദത്തിന്റെ കാതലായ വശം.

2002 ലെ ടി.എം.എ പൈ ഫൗണ്ടേഷൻ-സ്റ്റേറ്റ് ഓഫ് കർണാടക കേസിലെ സുപ്രീംകോടതി വിധിയാണ് ഹേമന്ദ് ഗുപ്ത മുന്നോട്ടുവെക്കുന്ന ഒരു നിരീക്ഷണം. വിധിന്യായത്തിൽ ഇങ്ങനെ പറയുന്നു:

‘വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി മാത്രമാണ് ഒരു വിദ്യാഭ്യാസ മന്ദിരം സ്ഥാപിക്കപ്പെടുന്നത്. അത്തരമൊരു സ്ഥാപനത്തിൽ, എല്ലാവരും അച്ചടക്കം പാലിക്കുകയും നിയമാനുസൃതമായി രൂപപ്പെടുത്തിയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.’

ജമ്മു കശ്മീർ സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ-ഫെയാസ് അഹ്‌മദ് മാലിക് കേസിന്റെ (2000) വിധിയിലെ നിരീക്ഷണങ്ങളാണ് മറ്റൊന്ന്. വിദ്യാലയങ്ങളിലെ കോപ്പിയടി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാലയ അധികാരികൾ ചില നിയമങ്ങൾ കൊണ്ടുവന്നു. എന്നാൽ ജമ്മു കാശ്മീർ ഹൈക്കോടതി കോപ്പിയടി കാര്യത്തിൽ സ്വന്തമായ ചില പദ്ധതികൾ പ്രഖ്യാപിച്ചു. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധി പറഞ്ഞു. അതിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: ‘പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ സ്വയം ഏറ്റെടുത്തുകൊണ്ടുള്ള ഹൈക്കോടതിയുടെ സമീപനം തെറ്റാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കവും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച കാര്യങ്ങളിൽ ചുമതല സ്ഥാപനങ്ങളുടെ അധികാരികളിൽ നിക്ഷിപ്തമാണ്. ഇത്തരം കാര്യങ്ങളിൽ സ്വന്തം വീക്ഷണങ്ങൾ അടിച്ചേൽപിക്കാൻ കോടതി ശ്രമിക്കരുത്.’

1974 ലെ അഹമ്മദാബാദ് സെന്റ് സേവിയേഴ്സ് കോളേജ്-സ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസിന്റെ വിധിയിൽ വന്ന പരാമർശവും ഹേമന്ദ് ഗുപ്ത ഉദ്ധരിച്ചിരിക്കുന്നു. അതിങ്ങനെയാണ്: ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യയുടെ ക്ഷേത്രങ്ങളാണ്. അധ്യാപകനും വിദ്യാർഥിയും തമ്മിൽ സമ്പൂർണ യോജിപ്പുണ്ടാവുക, അധ്യാപകൻ പകർന്നുനൽകുകയും വിദ്യാർഥി സ്വീകരിക്കുകയും ചെയ്യുക, അധ്യാപകനും വിദ്യാർഥിക്കും സമ്പൂർണ സമർപ്പണ ബോധം ഉണ്ടാവുക, അധ്യാപകനും

വിദ്യാർഥിക്കും അച്ചടക്കബോധം ഉണ്ടാവുക എന്നീ ഗുണങ്ങൾ ഉണ്ടാകുന്നിടത്ത് ഇരുവരും ഏറെ ആദരിക്കപ്പെടുന്നവരാണ്. അവിടെ അഭിപ്രായവ്യത്യാസമോ വെല്ലുവിളിയോ ഉണ്ടാകില്ല. അധ്യാപകനും വിദ്യാർഥിയും അറിവ് തേടുക എന്ന പൊതു ആദർശത്തിൽ ഏർപ്പെടുമ്പോൾ മാത്രമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം സുഗമമായി പ്രവർത്തിക്കുക. ഇങ്ങനെയുള്ള സുഗമമായ ഭരണം സാധ്യമാവുന്നതിന് നിയമനിഷ്ഠ നടപടികൾ അനിവാര്യമാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ നല്ല ഭരണത്തിന് പരമപ്രധാനമാണ്.’

1989 ലെ ബീഹാർ സ്റ്റേറ്റ് മദ്‌റസ എഡ്യൂക്കേഷൻ ബോർഡ്-ഹൻഫിയ അറബിക്കോളേജ് കേസിലെ വിധിയിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണമാണ് പിന്നീട് ഹേമന്ദ് ഗുപ്ത ഉദ്ധരിക്കുന്നത്. അത് ഇങ്ങനെയാണ്: ‘ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ടെങ്കിലും ദുരുപയോഗം ചെയ്യാൻ അവർക്ക് അവകാശമില്ല. അത്തരം സ്ഥാപനങ്ങളുടെ അച്ചടക്കത്തിനാവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഭരണകൂടത്തിന് അധികാരമുണ്ട്. അത്തരം നിയന്ത്രണങ്ങൾ ന്യൂനപക്ഷാവകാശങ്ങളെ പരോക്ഷമായി സ്വാധീനിച്ചേക്കാം എങ്കിലും അത് ഭരണഘടനയുടെ ആർട്ടിക്കിൾ 30 (1) ലംഘിക്കുന്നില്ല. കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാര്യക്ഷമത ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അതേസമയം ഒരു ന്യൂനപക്ഷ സ്ഥാപനത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാൻ ഭരണകൂടത്തിന് അധികാരമില്ല.’

2016 ലെ മോഡേൺ ഡെന്റൽ കോളേജ്-സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലെ വിധികളിൽനിന്നും ഗുപ്ത ചിലതെല്ലാം വായിച്ചു.

അച്ചടക്കനിയമങ്ങളെ ദുർവ്യാഖ്യാനിക്കുന്നു

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്ക സംബന്ധമായ നിയമങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം അനുസരിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണ് എന്ന കാര്യമാണ് മുകളിൽ നൽകിയ കോടതി വിധികൾ വ്യക്തമാക്കുന്നത്. അച്ചടക്ക നിയമങ്ങൾ ഉണ്ടാക്കാൻ സ്‌കൂൾ അധികൃതർക്ക് അധികാരമുണ്ടെന്നും അവയെല്ലാം അനുസരിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണ് എന്നും അതിൽനിന്ന് വ്യക്തമാണ്. അതെല്ലാം പൊതുസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പൊതുസമാധാനം തകരാറിലാവുന്ന കാര്യങ്ങളിൽ അച്ചടക്ക നിയമങ്ങൾ ഉണ്ടാക്കാൻ സ്‌കൂൾ അധികൃതർക്ക് അധികാരമുണ്ട്. ഈ കാര്യത്തിൽ ആരും ഒരു തർക്കവും ഉന്നയിച്ചിട്ടില്ല. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഒരു വ്യക്തിയുടെ മൗലികാവകാശത്തെ ലംഘിക്കുന്ന തരത്തിലുള്ള നിയമങ്ങൾ ഉണ്ടാക്കാൻ പാടുണ്ടോ എന്നതാണ്. ഉദാഹരണമായി, രാവിലെ സ്‌കൂളിൽ പ്രവേശിച്ചതുമുതൽ വൈകീട്ട് സ്‌കൂൾ വിടുന്നവരെ ഒരു വിദ്യാർഥിയും ഭക്ഷണം കഴിക്കരുത് എന്ന് ഏതെങ്കിലും ഒരു സ്‌കൂൾ നിയമം കൊണ്ടുവന്നാൽ അത് മൗലികാവകാശ ലംഘനമാണ്. അപ്പോൾ വിദ്യാലയ അധികൃതർക്ക് യഥേഷ്ടം നിയമങ്ങൾ ഉണ്ടാക്കാം എന്ന ജസ്റ്റിസ് ഗുപ്തയുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഏതൊരു പൗരന്റെയും മൗലികാവകാശങ്ങളെ ധ്വംസിച്ചുകൊണ്ടുള്ള നിയമങ്ങൾ ഉണ്ടാക്കാൻ രാജ്യത്തെ ഒരു ബോഡിക്കും അധികാരമില്ല. ഭരണഘടന ഉപാധികളായി എണ്ണിയ പൊതുസമാധാനം, ആരോഗ്യം, സാന്മാർഗികത എന്നിവ ലംഘിക്കപ്പെടുന്നു എന്ന് കണ്ടെങ്കിൽ മാത്രമെ നിയന്ത്രണങ്ങൾ കൊണ്ടുവരാവൂ. ശിരോവസ്ത്ര വിഷയത്തിൽ ഈ ഉപാധികളിൽ ഏതാണ് ലംഘിക്കപ്പെട്ടത് എന്ന് ജസ്റ്റിസ് ഗുപ്ത പറയുന്നുമില്ല.

അഭിഭാഷകർ ഉയർത്തിപ്പിടിച്ച സുപ്രധാന ആശയങ്ങൾ താഴെ പറയുന്നവയാണ്:

മതവും മനഃസാക്ഷിയും

ശിരോവസ്ത്രം ധരിക്കുന്ന ഒരു വിദ്യാർഥിനി അവളുടെ മതവിശ്വാസം കൊണ്ടാണ് അത് ധരിക്കുന്നതെങ്കിലും അന്തിമമായി അത് അവളുടെ മനഃസാക്ഷിയുടെ തീരുമാനമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാണിച്ചിരുന്നു. 25-ാം അനുച്ഛേദത്തിൽ പറയുന്നത് മനഃസാക്ഷിയും മതവും പരസ്പര പൂരകമാണെന്നാണ് അവർ കോടതിയിൽ വാദിച്ചിരുന്നത്. Conscience (മനഃസാക്ഷി), Profess (വിശ്വസിക്കൽ), Practice (ആചരിക്കൽ) എന്നീ പ്രയോഗങ്ങൾ പരസ്പരബന്ധിതമാണെന്നും ‘ആചരിക്കൽ’ ഉണ്ടാവണമെങ്കിൽ അതിന് മനഃസാക്ഷിയുടെ പിന്തുണ അനിവാര്യമാണെന്നും അതുകൊണ്ടുതന്നെ ശിരോവസ്ത്രം പോലുള്ള മതവിശ്വാസത്തിന്റെ പേരിൽ അറിയപ്പെടുന്ന ആചാരങ്ങൾ ആത്യന്തികമായി മനഃസാക്ഷിയുടെ പ്രതിഫലനമാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

ആശയപ്രകടന, സ്വത്വ അടയാള അവകാശങ്ങൾ

സംസാരം, ആശയപ്രകടനം, സ്വത്വം വെളിപ്പെടുത്തൽ, അന്തസ്സ് തുടങ്ങി ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പു നൽകുന്ന അവകാശങ്ങളിൽ തന്നെയാണ് ഒരു വ്യക്തിയുടെ വസ്ത്രധാരണത്തിനുള്ള അവകാശമെന്നും അഭിഭാഷകർ വ്യക്തമാക്കിയിരുന്നു. 21-ാം അനുച്ഛേദം ഇങ്ങനെയാണ്: Protection of life and personal liberty: No person shall be deprived of his life or personal liberty except according to procedure established by law. (ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം: നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമല്ലാതെ ഒരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കാൻ പാടില്ല).

ശിരോവസ്ത്രം ധരിക്കുക എന്നത് മൗലികാവകാശമായ Personal Liberty യുടെ ഭാഗമായതുകൊണ്ടുതന്നെ അതിനെ ഇല്ലായ്മ ചെയ്യാൻ ഭരണകൂടങ്ങൾക്ക് അധികാരമില്ല എന്നായിരുന്നു അഭിഭാഷകർ വ്യക്തമാക്കിയ സുപ്രധാന വാദം. യൂണിഫോമിന്റെ പശ്ചാത്തലത്തിലാണെങ്കിൽ പോലും വസ്ത്രസ്വാതന്ത്ര്യം നിയന്ത്രിക്കണമെങ്കിൽ അതിന് യുക്തിപരമായ ന്യായങ്ങൾ വേണം. ഒരു മുസ്‌ലിം സ്ത്രീ ശിരോവസ്ത്രം ധരിക്കുന്നത് അവൾ ഇസ്‌ലാം മതം പിന്തുടരുന്ന വ്യക്തിയാണെന്ന് സ്വയം വെളിപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ്. അത് Right to Identity (സ്വത്വത്തിന് വേണ്ടിയുള്ള അവകാശം), Right to dignity (അന്തസ്സിനുള്ള അവകാശം) എന്നീ വകുപ്പുകളിൽ പെടുന്ന കാര്യം കൂടിയാണ്. മാത്രവുമല്ല അത് Right to Freedom of Expression (ആശയപ്രകടന സ്വാതന്ത്ര്യത്തിനുള്ള അവകാശം) എന്ന 19-ാം അനുച്ഛേദത്തിന്റെ ഭാഗം കൂടിയാണ്.

യൂണിഫോമിന്റെ അർഥം ഏകജാതീയം എന്നല്ല

യൂണിഫോമിന്റെ ലക്ഷ്യം ഒരിക്കലും ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളങ്ങളെ ഇല്ലാതാക്കലല്ല. ഒരു നിർദിഷ്ട ഡ്രസ്സ് കോഡ് ധരിച്ചാൽ അതുവഴി വിദ്യാർഥികൾക്കിടയിൽ നിലനിൽക്കുന്ന സാംസ്‌കാരിക വൈവിധ്യം ബാഷ്പീകരിക്കപ്പെടണമെന്ന വാദം ഭരണഘടനാപരമല്ല. ഇന്ത്യയെ പോലെയുള്ള ബഹുസാംസ്‌കാരിക സമൂഹങ്ങളിൽ, സാമൂഹിക വൈവിധ്യങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ കർണാടക സർക്കാരിന്റെ യൂണിഫോം ഉത്തരവ് ക്ലാസ് മുറിയിലെ സഹിഷ്ണുതയെയും വൈവിധ്യത്തെയും നശിപ്പിക്കുകയും വിനാശകരമായ സ്ഥിതിവിശേഷം സംജാതമാക്കുകയും ചെയ്തിരിക്കുകയാണ്. ക്ലാസ് റൂം ഏകതാനമായിരിക്കണം (Uniform) എന്ന നല്ല ഉദ്ദേശ്യത്തിന്റെ സാരം അത് ഏകജാതീയം (Homogenous) ആവണമെന്നല്ല.

ഖണ്ഡിക്കാൻ കഴിയാതെ ഗുപ്ത

അഭിഭാഷകർ ഉന്നയിച്ച പ്രധാന വാദങ്ങളാണ് മുകളിൽ സംഗ്രഹിച്ചത്. എന്നാൽ അഭിഭാഷകരുടെ വാദങ്ങൾക്ക് കൃത്യമായ ഖണ്ഡനം നൽകാതെ ഏതാനും ചില സുപ്രീംകോടതി വിധികളിലെ ചില വരികൾ ഉദ്ധരിക്കുക മാത്രമാണ് ഹേമന്ദ് ഗുപ്ത ചെയ്തത്. 1982 ലെ എസ്.പി.മിത്തൽ-യൂണിയൻ ഓഫ് ഇന്ത്യ, 1996 ലെ നാരായണ ദീക്ഷിതുലു-സ്റ്റേറ്റ് ഓഫ് ആന്ധ്ര പ്രദേശ്, 1997 ലെ ശ്രീ ആദി വിശേശ്വര ഓഫ് കാശി വിശ്വനാഥ് ക്ഷേത്രം-സ്റ്റേറ്റ് ഓഫ് യു.പി, എന്നീ കേസുകളിലെ വിധികളിൽനിന്നാണ് അദ്ദേഹം ഉദ്ധരിച്ചത്. ആരാധനകൾ, ആചാരങ്ങൾ, ചടങ്ങുകൾ എന്നിവയിൽ മാത്രം മതം പരിമിതമാണെന്നും മതവും മനഃസാക്ഷിയും തമ്മിൽ വലിയ അന്തരമുണ്ടെന്നും അതുകൊണ്ടുതന്നെ അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണത്തിന്റെ പരിധി മതത്തിനപ്പുറമാണെന്നും സ്ഥാപിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ അദ്ദേഹം ഉദ്ധരിച്ച വരികൾ അഭിഭാഷകർ ഉന്നയിച്ച വാദങ്ങളെ ഖണ്ഡിക്കാൻ ഒരു തരിമ്പു പോലും പര്യാപ്തമല്ല.

ഉപാധികൾക്ക് മറ്റൊരു വ്യാഖ്യാനം

തുടർന്നുകൊണ്ട് ഹേമന്ദ് ഗുപ്ത മത, മനഃസാക്ഷി സ്വാതന്ത്ര്യത്തിന് ഭരണഘടന വെച്ച ഉപാധികൾക്ക് മറ്റൊരു വ്യാഖ്യാനം ചമയ്ക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം പറയുന്നത് ഭരണഘടനയിൽ വ്യക്തമാക്കിയ പൊതുസമാധാനം (Public Order), ആരോഗ്യം (Health), സാന്മാർഗികത (Morality) എന്നിവ മാത്രമല്ല ഉപാധികൾ എന്നാണ്. അതിന് അദ്ദേഹം കൂട്ടുപിടിക്കുന്നത് ഭരണഘടനയിലെ അനുച്ഛേദം 25 ലെ ഒരു വാചകത്തെയാണ്. അത് ഇപ്രകാരം വായിക്കാം: ‘Subject to public order, morality and health and to the other provisions of this Part.’ മേൽ പറയപ്പെട്ട ഉപാധികൾക്ക് പുറമെ ഈ ഭാഗത്തിലെ, അഥവാ, ഭാഗം 3ലെ (12 മുതൽ 35 വരെയുള്ള) അനുച്ഛേദങ്ങൾക്ക് കൂടി വിധേയമാണ് മത, മനഃസാക്ഷി സ്വാതന്ത്ര്യം എന്നർഥം. എന്നാൽ 12 മുതൽ 35 വരെയുള്ള ഏതൊരു അനുച്ഛേദം വായിച്ചുനോക്കിയാലും ഒരു വ്യക്തിയുടെ മതപരമോ സാംസ്‌കാരികമോ ആയ അവകാശങ്ങളെ നിയന്ത്രിക്കാവുന്ന ഒരു ഘടകമോ ഉപാധിയോ അവിടെ കാണാൻ സാധിക്കില്ല. ഇവിടെ ഒരു കാര്യം വ്യക്തമായി; പൊതുസമാധാനം, സാന്മാർഗികത, ആരോഗ്യം എന്നീ ഉപാധികൾക്ക് വിധേയമായി ശിരോവസ്ത്രത്തെ നിയന്ത്രിക്കാൻ സാധിക്കില്ല എന്ന് ഹേമന്ദ് ഗുപ്തക്കും സമ്മതിക്കേണ്ടി വന്നു.

(അടുത്ത ലക്കത്തിൽ: 25-ാം അനുച്ഛേദപ്രകാരം അനിവാര്യമായ മതാചാരങ്ങളുടെ പരിധി)