ആകസ്മിക മരണങ്ങൾ അധികരിക്കുന്നത് എന്തുകൊണ്ട്?

ഡോ. ടി. കെ യൂസുഫ്

2023 ഫെബ്രുവരി 04, 1444 റജബ് 12

ഹൃദയസ്തംഭനം കൊണ്ടും മസ്തിഷ്‌കാഘാതം കൊണ്ടും ആക്‌സമികമായി മരണം സംഭവിക്കുന്നവരുടെ എണ്ണം ഇപ്പോൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. നബി ﷺ യുടെ കാലത്ത് പെെട്ടന്നുള്ള മരണം അപൂർവ സംഭവമായിരുന്നു. രോഗലക്ഷണം പ്രകടമായി ഒരു മണിക്കൂറിനകം മരണപ്പെടുക എന്നതാണ് ആകസ്മിക മരണം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഹൃദയസ്തംഭനംകൊണ്ട് മരണപ്പെടുന്നവരിൽ അറുപത് ശതമാനം ആളുകളും മുമ്പ് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഒരുപക്ഷേ, രോഗത്തിന്റെ ആദ്യലക്ഷണംതന്നെ മരണമാകുന്ന ഏക രോഗവും ഹൃദയാഘാതമായിരിക്കും.

നബി ﷺ പറഞ്ഞു: “മരണം ആകസ്മികമായി സംഭവിക്കുന്നത് അന്ത്യദിനത്തിന്റെ അടയാളമാണ്’’ (ത്വബ്‌റാനി).

പലവിധ രോഗങ്ങൾകൊണ്ടും യുദ്ധം, അപകടം തുടങ്ങി മറ്റനേകം കാരണങ്ങൾ കൊണ്ടുമുള്ള മരണം പ്രവാചകന്റെ കാലത്തും ഉണ്ടായിരുന്നു. യുദ്ധത്തിൽ വെട്ടേറ്റ ഒരാൾ തൽസമയം മരിക്കാറുണ്ടെങ്കിലും അത് പെട്ടെന്നുള്ള മരണം എന്നതിന്റെ പട്ടികയിൽ പെടുകയില്ല. മറിച്ച,് കാഴ്ചയിൽ ആരോഗ്യമുള്ള ഒരു വ്യക്തി പെട്ടെന്ന് ഒരുദിവസം മരണപ്പെടുന്നതിനെയാണ് ആകസ്മിക മരണം എന്ന് പറയുന്നത്. എന്നാൽ ഇത്തരം ഒരു പ്രതിഭാസം പ്രവാചകന്റെ കാലത്ത് അസാധാരണമായിരുന്നു. ഒരു സ്വഹാബി പ്രവാചക സന്നിധിയിൽ വന്നിട്ട് പറഞ്ഞു: ‘എന്റെ മാതാവ് വസ്വിയ്യത്ത് ചെയ്യാതെയാണ് മരിച്ചത്. ഞാൻ അവർക്കുവേണ്ടി ദാനം ചെയ്യട്ടെ?’ അപ്പോൾ നബി ﷺ പറഞ്ഞു: ‘അതെ’ (നസാഈ).

പ്രസ്തുത സ്വഹാബിയുടെ മാതാവ് ഒരുപക്ഷേ, പെട്ടെന്ന് മരിച്ചതായിരിക്കാം. അതുകൊണ്ടായിരിക്കാം വസ്വിയ്യത്ത് ചെയ്യാതിരുന്നത് എന്ന് നമുക്ക് അനുമാനിക്കാം. ഇതല്ലാതെ നബിയുടെ കാലത്തെ ആകസ്മിക മരണത്തെക്കുറിച്ച് ഹദീസുകളിൽ കൂടുതൽ പരാമർശങ്ങളൊന്നുമില്ല.

ആധുനിക വൈദ്യശാസ്ത്രം ഒരാളെ മരണത്തിലേക്ക് അടുപ്പിക്കുന്ന ഒട്ടേറെ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്യാൻസർ മരണത്തിന് കാരണമാകുന്നുണ്ടെങ്കിലും ദീർഘനാളത്തെ പീഡനങ്ങൾക്കൊടുവിലാണ് അത് ജീവൻ കവരുന്നത്. മുന്നറിയിപ്പില്ലാതെ പെെട്ടന്ന് സംഭവിക്കുന്ന മരണം ഒരുപക്ഷേ, ഹൃദയാഘാത്തിന്റെ മാത്രം സവിശേഷതയായിരിക്കും. ഹൃദയാഘാതം കാരണം പ്രതിവർഷം മൂന്ന് ലക്ഷം പേർ അമേരിക്കയിൽ മാത്രം മരണപ്പെടുന്നുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകളെ അപേക്ഷിച്ച് മുന്നിരട്ടിയിലധികം പുരുഷന്മാരുടെ ജീവൻ കവർന്നെടുക്കുന്ന ഈ രോഗത്തിന്റെ പിടിയിലകപ്പെടുന്നവരുടെ എണ്ണം ഇന്ന് ലോകവ്യാപകമായിത്തന്നെ വർധിച്ചുവരികയാണ്. ഹൃദ്രോഗ മരണനിരക്ക് കുറക്കുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങൾക്കായി അമേരിക്കയിലും മറ്റും മില്യൺ കണക്കിന് ഡോളറുകളാണ് ചെലവിടുന്നത്. എന്നിട്ടും ആകസ്മിക മരണത്തിന്റെ നിരക്ക് അധികമൊന്നും കുറക്കാൻ കഴിഞ്ഞിട്ടില്ല. പുകവലികാരണം ഹൃദ്രോഗസാധ്യത മൂന്നിരട്ടിവരെ വർധിക്കാനിടയുെണ്ടന്ന് വ്യാപകമായ ബോധവൽക്കരണമുണ്ടായിട്ടും ഈ ദുശ്ശീലം നിർമാർജനം ചെയ്യുന്നതിനോ അതുമൂലമുള്ള മരണനിരക്ക് കുറക്കാനോ കഴിഞ്ഞിട്ടില്ല. മാനസിക സമ്മർദവും പ്രമേഹവുമെല്ലാം പെട്ടെന്നുള്ള മരണത്തിന് നിമിത്തമാകുന്ന കാരണങ്ങൾ തന്നെയാണ്. അവയ്‌ക്കെല്ലാം ചികിത്സയുണ്ടെങ്കിലും അവമൂലം മരണപ്പെടുന്നവരുടെ എണ്ണവും വർധിച്ചുവരികതന്നെയാണ്.

ഒരാൾക്ക് ഒരിക്കൽ ഹൃദയാഘാതം സംഭവിച്ചതിനു ശേഷമായിരിക്കും ഡോക്ടർമാർ അയാൾക്ക് മുൻകരുതൽ മാർഗനിർദേശങ്ങൾ നൽകുക. ഹൃദ്രോഗിയോട് ഷുഗറും കൊളസ്‌ട്രോളും കുറക്കാൻ ആവശ്യപ്പെടാറുണ്ടെങ്കിലും പലർക്കും വീണ്ടും ആഘാതമുണ്ടാകുകയും അവർ അധികം താമസിയാതെ മരണപ്പെടുകയും ചെയ്യും. മുന്നറിയിപ്പില്ലാതെ വരുന്ന മരണത്തെ തടയാൻ വൈദ്യശാസ്ത്രത്തിൽ പ്രായോഗികമായ പ്രതിരോധമാർഗങ്ങളൊന്നുമില്ല. കഴിഞ്ഞ അമ്പതു വർഷത്തിനിടയിലാണ് ആകസ്മിക മരണത്തിന്റെ തോതിൽ ഗണ്യമായ വർധനവുണ്ടായത്. വൈദ്യശാസ്ത്രരംഗത്ത് അത്ഭുതകരമായ പുരോഗതി കൈവരിച്ച കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ പഠനഗവേഷണങ്ങൾ കൊണ്ടും കണ്ടുപിടുത്തങ്ങൾ കൊണ്ടും ഒട്ടേറെ രോഗങ്ങൾക്ക് തടയിയാനും പലതിനെയും പടിയിറക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും ആകസ്മിക മരണനിരക്ക് കുറക്കാൻ കഴിഞ്ഞിട്ടില്ല. വരും കാലത്ത് ഇത് ഇനിയും അധികരിക്കാനാണ് സാധ്യത. പ്രവാചകന്റെ ഇതര പ്രവചനങ്ങൾ പോലെ ആകസ്മികമരണം അന്ത്യദിനത്തന്റെ അടയാളം എന്ന പ്രവചനവും സത്യമായി പുലർന്നുകൊണ്ടിരിക്കുകതന്നെയാണ്.

ആകസ്മിക മരണം ഖേദകരമാണ് എന്ന് സൂചിപ്പിക്കുന്ന ധാരാളം ഹദീസുകളുണ്ട്. ഒരിക്കൽ ആഇശ(റ) നബി ﷺ യോട് ആകസ്മിക മരണത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: ‘അത് വിശ്വാസിക്ക് വിശ്രമമാണ്. പാപിക്ക് സങ്കടകരവും’ (അഹ്‌മദ്).

നബി ﷺ ആകസ്മിക മരണത്തിൽനിന്ന് രക്ഷതേടുകയും മരണത്തിനു മുമ്പ് രോഗം ബാധിക്കുന്നത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു എന്ന ഒരു ഹദീസുണ്ടെങ്കിലും അത് ദുർബലവും അടിസ്ഥാനരഹിതവുമാണ്. ആകസ്മിക മരണം അന്ത്യദിനത്തിന്റെ അടയാളമാണ് എന്ന് നിരവധി സ്വഹീഹായ ഹദീസുകളിൽ പ്രസ്താവിക്കുന്നുണ്ട്. അവയിൽ പരമ്പര അൽപം ദുർബലമായ ഒരു ഹദീസിൽ ആകസ്മിക മരണം സംഭവിക്കുന്നത് അന്ത്യദിനത്തിന്റെ അടയാളമാണ് എന്ന് പറയുന്നതിന് അനുബന്ധമായി പക്ഷാഘാതം വ്യാപകമായുണ്ടാകുന്നതും അന്ത്യദിനത്തിന്റെ അടയാളമാണ് എന്ന് പറയുന്നുണ്ട്. ആകസ്മികമരണം പോലെ മസ്തിഷ്‌ക്കാഘാതം ബാധിച്ച് ശരീരം കുഴയുന്ന അവസ്ഥയും ആധുനിക കാലത്ത് വർധികച്ചുവരികയാണ്. ആധുനിക വൈദ്യശാസത്രം ഒട്ടേറെ രോഗങ്ങൾക്ക് പ്രതിരോധമാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും താരതമ്യേന ഭയാനകവും അപ്രതിരോധ്യവുമായിട്ടുള്ളത് ഹാർട്ട് അറ്റാക്ക്, ബ്രെയിൻ സ്‌ട്രോക്ക് എന്നീ രണ്ടു രോഗങ്ങൾ തന്നെയാണ്. ഈ രണ്ട് പ്രതിഭാസങ്ങളും അന്ത്യദിനത്തിന്റെ അടയാളമായി പ്രവാചകൻ എണ്ണിയ കാര്യവും ശ്രദ്ധേയമാണ്.

മനുഷ്യരിൽ ചിലർ അൽപ കാലമോ അല്ലെങ്കിൽ അധികകാലമോ അസുഖമായി കിടന്നതിന് ശേഷം സ്വാഭാവികമരണം വരിക്കുന്നു. മറ്റു ചിലർ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ഒരുദിവസം പൊടുന്നനെ മരണമടയുന്നു. വേറെ ചിലരുടെ അന്ത്യം സംഭവിക്കുന്നത് അവിചാരിത അപകടങ്ങളിലൂടെയായിരിക്കും. എന്നാൽ സ്വാഭാവികമല്ലാത്ത മരണങ്ങളെ ഒരു വല്ലാത്ത സംഭവമായോ അല്ലെങ്കിൽ ദുർമരണമായിട്ടോ ആണ് പലരും വിലയിരുത്താറുളളത്.

ഒരാളുടെ മരണം എവിടെവെച്ച് സംഭവിക്കും എന്ന് അവന് അറിയില്ല എന്ന് ക്വുർആൻ പറയുന്നുണ്ട്. ഏതെല്ലാം ആളുകളെ ഏതുരൂപത്തിലുള്ള മരണമാണ് പിടികൂടുക ഏന്നതിനെക്കുറിച്ച് വ്യക്തമായ പ്രതിപാദനമൊന്നുമില്ല. പാപികൾക്ക് സ്വാഭാവിക മരണവും പുണ്യവാന്മാർക്ക് അപകടമരണവും പ്രവാചകന്റെ കാലത്ത്‌പോലും സംഭവിച്ചിട്ടുണ്ട്. അൽപം സൂക്ഷ്മമായി വിലയിരുത്തുകയാണെങ്കിൽ സ്വാഭാവികമരണത്തെ അപേക്ഷിച്ച് ആകസ്മിക മരണത്തിനോ അല്ലെങ്കിൽ അപകടമരണത്തിനോ ആണ് കൂടുതൽ ശ്രേഷ്ഠത എന്ന്കാണാനാവും. നബി ﷺ പറഞ്ഞു: “ഒരു വിശ്വാസി നെറ്റിത്തടം വിയർത്തുകൊണ്ടല്ലാതെ മരിക്കുകയില്ല’’(തുർമുദി).

ഈ ഹദീസിനെ പല രൂപത്തിൽ പണ്ഡിതന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്. ഒരു വിശ്വാസി മരണംവരെ കർമനിരതനായിരിക്കും എന്നതാണ് അതിലൊന്ന്. നെറ്റിയിലെ വിയർപ്പിനെ അധ്വാനത്തിന്റെ ഒരു ചിഹ്നമായിട്ടാണല്ലോ കാണുന്നത്. മരണത്തിന്റെ കാഠിന്യം കാരണം അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിയും എന്നതാണ് മറ്റൊരു വ്യഖ്യാനം. രണ്ടാണെങ്കിലും ആകസ്മിക മരണത്തിനാണ് ഇത് ഊന്നൽ നൽകുന്നത്.

അപകടമരണത്തെ അപമൃത്യുവായി കാണുന്നവരും കുറവല്ല. ഹദീസുകൾ പരിശോധിക്കുകയാണെങ്കിൽ സ്വാഭാവിക മരണത്തെ അപേക്ഷിച്ച് അപകടമരണമാണ് കൂടുതൽ പുണ്യകരം എന്ന് കാണാനാവും. നബി ﷺ ചോദിച്ചു: ‘നിങ്ങളിൽ ആരെയാണ് നിങ്ങൾ ശഹീദായി (രക്തസാക്ഷി) എണ്ണുന്നത്?’അവർ പറഞ്ഞു: ‘ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടാൽ അവൻ രക്തസാക്ഷിയാണ്. അപ്പോൾ നബി ﷺ പറഞ്ഞു: ‘എങ്കിൽ എന്റെ സമുദായത്തിൽ രക്തസാക്ഷികൾ കുറവായിരിക്കും.’ അപ്പോൾ അവർ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അവർ ആരാണ്?’ നബി ﷺ പറഞ്ഞു: ‘ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടാൽ അവൻ രക്തസാക്ഷിയാണ്. ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ മരിച്ചാൽ അവൻ രക്തസാക്ഷിയാണ്. ആരെങ്കിലും ഉദരരോഗം കൊണ്ട് മരിച്ചാൽ അവൻ രക്തസാക്ഷിയാണ്. ആരെങ്കിലും മുങ്ങിമരിച്ചാൽ അവൻ രക്തസാക്ഷിയാണ്’ (മുസ്‌ലിം).

മറ്റൊരു ഹദീസിൽ നബി ﷺ പറഞ്ഞു: ‘...രക്തസാക്ഷികൾ അംഞ്ചാണ്: പ്ലേഗ് ബാധിച്ച് മരിച്ചവൻ, ഉദരരോഗംകൊണ്ട് മരിച്ചവൻ, മുങ്ങിമരിച്ചവൻ, കെട്ടിടം തകർന്ന് മരിച്ചവൻ, അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവൻ’ (ബുഖാരി).

പ്രവാചകന്റെ കാലത്ത് സംഭവിക്കാനിടയുണ്ടായിരുന്ന അപകടമരണങ്ങളെല്ലാം രക്തസാക്ഷിത്വത്തിന്റെ പട്ടികയിൽ ഉൾപെട്ടതായാണ് ഹദീസുകൾ വ്യക്തമാക്കുന്നത്. കെട്ടിടം തകർന്നതിനടിയിൽപെട്ട് മരണമടഞ്ഞവനെയും വെള്ളത്തിൽ മുങ്ങിമരിച്ചവനെയും രക്തസാക്ഷിയുടെ കൂട്ടത്തിൽ പ്രവാചകൻ ഉൾപെടുത്തിയ സ്ഥിതിക്ക് ആധുനികകാലത്ത് വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടമരണം അതിൽ ഉൾപെട്ടേക്കാം- അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. ഇനി ഇത്തരം അപകട മരണങ്ങൾക്ക് രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം ലഭിച്ചില്ലെങ്കിലും, അപകട മരണങ്ങൾ ദുർമരണമാണ് എന്ന ധാരണക്ക് യാതൊരു അടിസ്ഥാനവുമില്ല. നല്ല ആളുകളുടെയും ചീത്ത ആളുകളുടെയും ആത്മാവുകളെ മലക്കുകൾ പിടിക്കുന്ന രൂപം ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. മരണപ്പെടുന്നവൻ അനുഭവിക്കുന്ന ആത്മനിർവൃതിയും ആത്മവേദനയും അവയിൽ വിവരിക്കുന്നതായി കാണാം. സജ്ജനങ്ങൾക്ക് മരണസമയത്ത് അല്ലാഹുവിന്റെ മലക്കുകളുടെ ആശീർവാദമുണ്ടാകുമെന്ന് ക്വുർആനും പറയുന്നുണ്ട്. സ്വാഭാവിക മരണത്തിലും ആകസ്മിക മരണത്തിലും അപകട മരണത്തിലുമെല്ലാം ഇവ ലഭ്യമാകും. അതുപോലെ ദുർജനങ്ങൾക്ക് മലക്കുകളുടെ ദണ്ഡനവും സഹിക്കേണ്ടിവരും. ഇതെല്ലാം മരണപ്പെടുന്നവർക്ക് മാത്രം അനുവഭപ്പെടുന്നതായിരിക്കും.