സർക്കാർ സർക്കുലർ ഭരണഘടനാ വിരുദ്ധം

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഏപ്രിൽ 15, 1444 റമദാൻ 24

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 22)

ദുഷ്യന്ത് ദവെയും സൽമാൻ ഖുർഷിദും തുടർവാദങ്ങൾ പൂർത്തിയാക്കിയപ്പോൾ പിന്നീട് കളത്തിലിറങ്ങിയത് ഹുസേഫ അഹ്‌മദി ആയിരുന്നു. പ്രാഥമിക ഘട്ടത്തിൽ ശബരിമല വിധി, ഭരണഘടന ഉദ്ഘോഷിക്കുന്ന ഫ്രറ്റേർണിറ്റി, സാമൂഹികസ്വത്വം (Group Identtiy), മതേതര വിദ്യാഭ്യാസം, സർക്കാർ സ്‌കൂളുകളിൽനിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ സുപ്രധാന പോയിന്റുകൾ കോടതിക്ക് മുമ്പിൽ കൊണ്ടുവന്നത് അഹ്‌മദി ആയിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിയിൽ കൊണ്ടുവന്ന് വിഷയത്തിന് മറ്റൊരു ചിത്രം നൽകാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം രണ്ടാംഘട്ട വാദം ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ടാണ് കുഴപ്പങ്ങൾക്ക് മുമ്പിൽ എന്ന പരാതി സർക്കാർ മുദ്ര വെച്ച കവറിൽ നൽകിയതിൽ നിന്ന് തന്നെ സർക്കാരിന്റെ ഇക്കാര്യത്തിലുള്ള ഒളിച്ചോട്ടം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. വാമൊഴിയായി കോടതിക്ക് മുമ്പാകെ നേരിട്ട് പ്രസ്തുത വിഷയം കൊണ്ടുവരാൻ ധൈര്യപ്പെടാത്ത സർക്കാരിന്റെ നിലപാടിൽ നിന്നുതന്നെ ശിരോവസ്ത്ര വിഷയത്തിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ല എന്ന കാര്യം വ്യക്തമാണെന്ന് അഹ്‌മദി പറഞ്ഞപ്പോൾ മുദ്രവെച്ച കവറിൽ സമർപ്പിക്കുന്നത് സ്വീകരിക്കേണ്ടതില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചതായി ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

വിഷയം വഴിമാറ്റാനുള്ള സർക്കാർ ശ്രമം

അഹ്‌മദി: “എനിക്ക് പി.എഫ്.ഐയുടെ ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. പ്രശ്‌നത്തിന് ഒരു പി.എഫ്.ഐ മുഖമുണ്ടാക്കി മുൻധാരണ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ രേഖകൾ ഉദ്ധരിച്ചുകൊണ്ട് തെളിയിക്കാൻ സർക്കാരിന് സാധിക്കില്ല. ആശയക്കുഴപ്പമുണ്ടാക്കുന്നതിന് വേണ്ടി മാത്രം കൊണ്ടുവന്ന വാദമാണത്. മുസ്‌ലിം പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ചതിനെ തുടർന്ന് മറ്റു ചില വിദ്യാർഥികൾ വേറെ ചില വസ്ത്രങ്ങളുമായി കടന്നുവന്നപ്പോളാണ് സർക്കുലർ ഇറക്കിയത് എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മുസ്‌ലിം പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ചത് മൂലം മറ്റു കുട്ടികളുടെ ഏത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടത് എന്ന് സർക്കാർ വ്യക്തമാക്കണം. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ മാത്രമാണ് സർക്കാരിന് ഇത്തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരമുള്ളത് എന്ന കാര്യം വിസ്മരിക്കരുത്.’’

സർക്കുലറിന്റെ പിന്നിലെ ഗൂഢലക്ഷ്യം വ്യക്തം

അഹ്‌മദി: “ഒരു കുട്ടി ശിരോവസ്ത്രം ധരിക്കുമ്പോൾ മറ്റുള്ളവർ എന്തിന് പ്രകോപിതരായി എന്നത് സർക്കുലർ വ്യക്തമാക്കുന്നില്ല. അവിടെ ഒരു പൊതു ക്രമസമാധാന പ്രശ്‌നം ഉണ്ടായി എന്ന് പറയുന്നത് തീർത്തും പരിഹാസ്യമാണ്. സമ്മർദ ഗ്രൂപ്പുകളുടെ ഭീഷണിപ്പെടുത്തലിന് വഴങ്ങുന്നത് നല്ലഭരണത്തിന്റെ ലക്ഷണമല്ല. ശിരോവസ്ത്രം ധരിക്കുക എന്നത് മൗലികാവകാശമാണ് എന്നിരിക്കെ മറ്റുള്ളവരുടെ എതിർപ്പിന് എന്ത് പ്രസക്തിയാണുള്ളത്? സർക്കുലർ പ്രത്യക്ഷത്തിൽ മതേതരമാണെന്ന് തോന്നിക്കാൻ ‘സെക്കുലറിസം’ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കൃത്യമായി നിരീക്ഷിച്ചാൽ അത് മുസ്‌ലിം വിദ്യാർഥിനികളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.’’

പ്രത്യക്ഷത്തിൽ നിഷ്പക്ഷം; പ്രയോഗത്തിൽ വിവേചനപരം

അഹ്‌മദി: “സ്‌കൂൾ തുറക്കുമ്പോൾ മതപരമായ ചടങ്ങുകൾ ഉണ്ടാകില്ലെന്ന് സർക്കുലറിൽ പറഞ്ഞാൽ അത് പൊതുവാണെന്ന് മനസ്സിലാക്കാം. എന്നാൽ സർക്കുലർ ശിരോവസ്ത്രത്തെ കുറിച്ച് മാത്രം പറയുന്നത് എന്തുകൊണ്ടാണ്? ഒരു സമുദായം മാത്രമാണ് അത് ധരിക്കുന്നത് എന്ന് ആർക്കാണ് മനസ്സിലാവാത്തത്? എന്തുകൊണ്ട് കുരിശോ രുദ്രാക്ഷമോ ധരിക്കാൻ പാടില്ലെന്ന് സർക്കുലർ പറയുന്നില്ല? തലപ്പാവ് ധരിക്കരുതെന്നാണ് സർക്കുലർ പറയുന്നതെങ്കിൽ അത് സിഖുകാരെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കാൻ സാധിക്കും. പ്രത്യക്ഷത്തിൽ നിഷ്പക്ഷമാണെന്ന് തോന്നുമെങ്കിലും പ്രായോഗികമായി അത് വിവേചനപരമാണ്. സർക്കുലറിന്റെ ഓരോ അക്ഷരങ്ങൾ പെറുക്കിയെടുത്ത് വായിക്കുന്നതിന് പകരം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമാകുന്ന അതിന്റെ ആശയങ്ങളെ മനസ്സിലാക്കിയാണ് വായിക്കേണ്ടത്. സർക്കുലറിന്റെ പശ്ചാത്തലമെന്താണ് എന്ന് നോക്കേണ്ടതില്ലെന്നും സർക്കുലർ നേരെ വായിച്ചാൽ മതിയെന്നുമാണ് എ.ജി. ഇവിടെ പറഞ്ഞത്.’’

പിത്ത് & സബ്സ്റ്റൻസ്

അഹ്‌മദി: “ഉദ്ദേശ്യമാണ് പ്രധാനമെന്ന് പഠിപ്പിക്കുന്ന നിയമപഠനങ്ങളിലെ സുപ്രധാന ആശയമായ പിത്ത് ആൻഡ് സബ്സ്റ്റൻസ് (pith and substance) ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഉദ്ദേശ്യങ്ങൾ എത്ര മഹത്തരമായിരുന്നാലും മൗലികാവകാശങ്ങളെ ലംഘിച്ചുകൊണ്ട് അത് നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനനകൾ മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന പ്രശ്‌നങ്ങളിൽ സാധ്യമാവില്ല.’’

അഹ്‌മദി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കർണാടക എ.ജി Pith and Substance ബച്ചൻ സിംഗ് കേസിൽ പരിഗണിച്ചിട്ടുണ്ടെന്ന് പറഞ്ഞുനോക്കിയെങ്കിലും ഹുസേഫ അഹ്‌മദി അത് ഖണ്ഡിച്ചു. വധശിക്ഷയുമായി ബന്ധപ്പെട്ട ബച്ചൻ സിംഗ് കേസിൽ ഏത് മൗലികാവകാശത്തെ ലംഘിച്ചുകൊണ്ടാണ് വിധി പറഞ്ഞതെന്ന് വ്യക്തമാക്കാൻ അദ്ദേഹം എ.ജിയെ വെല്ലുവിളിച്ചു. കൊലപാതകം ചെയ്തതുകൊണ്ടാണ് ബച്ചൻസിംഗിനെ വധശിക്ഷക്ക് വിധിച്ചത്. കൊലപാതകം ഒരാളുടെയും മൗലികാവകാശമല്ലല്ലോ.

യൂണിഫോം മൗലികധർമമല്ല

അഹ്‌മദി: “ഇവിടെ സർക്കാർ അഭിഭാഷകർ പറഞ്ഞത് അനുച്ഛേദം 25 അനുച്ഛേദം 14 നു വിധേയമാണ് എന്നാണ്. അതാണ് നിങ്ങളുടെ വാദമെങ്കിൽ ശിരോവസ്ത്രം അണിഞ്ഞ പെൺകുട്ടികൾ ആരുടെ മൗലികാവകാശത്തെയാണ് ലംഘിച്ചതെന്ന് നിങ്ങൾ വ്യക്തമാക്കണം. ഏകവസ്ത്രരൂപം (Uniformtiy) ഒരു മൗലികധർമം (Fundamental Dtuy) ആയി ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ കോടതി നിരവധി തവണ വൈവിധ്യത്തെ ചൂണ്ടിക്കാണിച്ചാണ് വിധികൾ പറഞ്ഞിട്ടുള്ളത്. ശിരോവസ്ത്രം എന്ന തുണി വിദ്യാഭ്യാസത്തെയോ അച്ചടക്കത്തെയോ ഇല്ലാതാക്കുന്നില്ല. ആരാധനക്ക് വേണ്ടി ക്ലാസ് നിർത്തിവെക്കണം എന്നാണ് ആവശ്യമെങ്കിൽ അത് വിദ്യാഭ്യാസത്തെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാം. എന്നാൽ ശിരോവസ്ത്രം ധരിക്കുക എന്ന കർമം അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല.’’

വിദ്യാഭ്യാസമാണ് പ്രധാനം; യൂണിഫോമല്ല

അഹ്‌മദി: “വിദ്യാർഥിനികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ട സർക്കാർ എന്തുകൊണ്ടാണ് കേവലം ഏകവസ്ത്രരൂപത്തിന്റെ പേരിൽ അവരുടെ വിദ്യാഭ്യാസത്തിന് ഒരു പരിഗണനയും നൽകാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ (പെണ്മക്കളെ പഠിപ്പിക്കൂ, പെണ്മക്കളെ രക്ഷിക്കൂ) എന്ന മുദ്രാവാക്യം നാം മുഴക്കിക്കൊണ്ടിരിക്കുന്നു. സ്‌കൂളുകളുടെ സ്വയംഭരണാവകാശത്തെ ഉയർത്തിപ്പിടിച്ച് ഒടുവിൽ വിദ്യാഭ്യാസ നിഷേധത്തിൽ കലാശിക്കുന്ന ഏകവസ്ത്രരൂപം എന്നതിന് തെറ്റായ മുൻഗണന നൽകുന്നതിനെക്കാൾ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതിനല്ലേ ഉത്തരവാദപ്പെട്ട ഒരു സംസ്ഥാന സർക്കാർ മുൻഗണന നൽകേണ്ടത്? ഈ വിദ്യാർഥിനികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽനിന്നും അവരെ മോചിപ്പിക്കുന്നതിന് എന്ത് തടസ്സമാണ് സർക്കാറിനുള്ളത്? ഈ പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാൽ നാളെ അവർക്ക് എങ്ങനെ വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാൻ സാധിക്കും? വിദ്യാഭ്യാസം അവരെ ശാക്തീകരിക്കും. എന്നാൽ അവർ മതേതരമല്ലാത്ത മറ്റു വിദ്യാഭ്യാസങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായാൽ അവർ കൂടുതൽ ദുർബലരായിത്തീരുക മാത്രമാണ് ചെയ്യുക.’’

സർക്കുലർ ബാലാവകാശത്തിനെതിര്

വിദ്യാർഥിനികൾ സ്‌കൂളുകളിൽനിന്നും കൊഴിഞ്ഞുപോയതിന്റെ തെളിവുകളെ കുറിച്ച് കോടതി ചോദിക്കുകയുണ്ടായി. സർക്കാരിന്റെ പുതിയ തീരുമാനം വിദ്യാർഥിനികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്ന് 2022 മാർച്ച് 15ന് കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സർക്കാറിന് കത്തെഴുതിയതിനെ സൂചിപ്പിക്കുന്ന ചില രേഖകൾ വിവരാവകാശം വഴി ലഭിച്ചിട്ടുണ്ട്. പരീക്ഷ എഴുതാൻ പോലും സമ്മതിക്കുന്നില്ലെന്ന് പരാതിപ്പെട്ടുകൊണ്ടുള്ള നിരവധി വിദ്യാർഥികളുടെ കത്തുകൾ ലഭിച്ചിട്ടുണ്ട്. കർണാടക സംസ്ഥാനം പുറപ്പെടുവിച്ച സംസ്ഥാന ബാലാവകാശ നിയമങ്ങൾ അഹ്‌മദി ഉച്ചത്തിൽ വായിച്ചുതുടങ്ങിയപ്പോൾ പുതിയ കാര്യങ്ങൾ ഈ ഘട്ടത്തിൽ അവതരിപ്പിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് ഗുപ്ത ഇടപെട്ടു. ഗുപ്തയുടെ ഇടപെടലിന് വിശദീകരണവുമായി വന്നത് അഡ്വ.ശുഐബ് ആലമായിരുന്നു.

സർക്കാർ നിർമിച്ചിട്ടുള്ള പുതിയ നിയമത്തിന് അനുച്ഛേദം 19(2)ന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിയുട്ടറി പദവി ലഭിക്കുമോ എന്ന് പരിശോധിക്കണമെന്നാണ് ഹുസേഫ അഹ്‌മദി ബാലാവകാശകമ്മീഷന്റെ നിയമങ്ങൾ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് ശുഐബ് ആലം വ്യക്തമാക്കി. അനുച്ഛേദം 13ന്റെ അടിസ്ഥാനത്തിൽ ‘നിയമം’ എന്ന ആശയം വളരെ വിശാലമാണെങ്കിലും 19(2)ന്റെ അടിസ്ഥാനത്തിൽ ‘നിയമം’ എന്ന ആശയം വളരെ നേർത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതായത് നിയമങ്ങളുണ്ടാക്കാൻ ഒട്ടേറെ വകുപ്പുകളുണ്ടെങ്കിലും പൗരന്റെ മൗലികാവകാശത്തിന്റെ പരിധിയിലേക്കെത്തുമ്പോൾ നിയമങ്ങളുണ്ടാക്കാനും പരിധികളുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞുവെച്ചത്.

സർക്കാർ കൊണ്ടുവന്നിട്ടുള്ള സർക്കുലർ ഏതുവിധത്തിൽ പരിശോധിച്ചാലും അത് നിയമപരമായി നിലനിൽക്കില്ലെന്നും അത് ഭരണഘടനയുടെ നിരവധി അനുച്ഛേദങ്ങൾക്ക് എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹുസേഫ അഹ്‌മദിയുടെ പ്രൗഢമായ വിശദീകരണം.

അടുത്ത ലക്കത്തിൽ:

ശിരോവസ്ത്ര വാദങ്ങൾ പരിസമാപ്തിയിലേക്ക്