വാഗ്ദത്ത പുത്രനു പകരം പൗത്രൻ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 37)

ഒന്നല്ല, രണ്ടു കുട്ടികൾ

“1886 ഫെബ്രുവരി 20ലെ പ്രവചനത്തിൽ യഥാർഥത്തിൽ രണ്ട് ഭാഗ്യസന്താനങ്ങളുടെ ജനനസുവിശേഷമുണ്ടെന്നും ‘ആകാശത്തുനിന്ന് ഇറങ്ങുന്നവൻ, അനുഗ്രഹിക്കപ്പെട്ടവൻ, ആത്മീയമായ കാരുണ്യാവരോഹണത്തിന് നിമിത്തമായവൻ’ എന്ന വാചകം ഒന്നാം ബശീറിനെ സംബന്ധിച്ച പ്രവചനമാണെന്നും  അതിന് ശേഷമുള്ള വാചകം മറ്റൊരു ബശീറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സർവശക്തനായ അല്ലാഹു എനിക്ക് വെളിപ്പെടുത്തി’’ (പേജ് 132).

“1888 ജൂലൈ 10നും ഡിസംബർ 1നും പ്രസിദ്ധം ചെയ്ത പരസ്യത്തിൽ ബശീർ ഒന്നാമന്റെ ശേഷം മഹ്‌മൂദെന്നു കൂടി പേരുള്ള മറ്റൊരു ബശീറിനെപ്പറ്റി വാഗ്ദത്തം ചെയ്തിരുന്നു. ‘അവൻ ദൃഢചിത്തതയിലും ഗുണങ്ങളിലും ശ്രേഷ്ഠതയിലും നിന്റെ തുല്യനായിരിക്കും, താൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ ശക്തനായിരിക്കും’ എന്ന് അല്ലാഹു പറഞ്ഞു. ഇന്ന് 1889 ജനുവരി 12, ശനിയാഴ്ച എന്റെ വീട്ടിൽ ഒരു ആൺകുട്ടി ജനിച്ചിരിക്കുന്നു. അവന് മഹ്‌മൂദെന്നും ബശീറെന്നും പേർ വിളിച്ചു. വാഗ്ദത്ത പുത്രൻ ഇവനാണെന്നോ ഏറെക്കാലം ജീവിച്ചിരിക്കുമെന്നോ അല്ലാഹു ഇതേവരെ അറിയിച്ചിട്ടില്ല. പൂർണമായി വെളിപ്പെട്ട ശേഷം വിവരം അറിയിക്കുന്നതാണ്. അവൻ വാക്ക് പാലിക്കുമെന്ന് എനിക്കുറപ്പുണ്ട്. വാഗ്ദത്തപുത്രൻ ജനിക്കാൻ കാലമായിട്ടില്ലെങ്കിൽ മറ്റൊരിക്കൽ അവൻ ജനിക്കുകതന്നെ ചെയ്യും. കാലം ഒരുദിവസം ബാക്കിയുണ്ടെങ്കിൽ ദിവ്യവാഗ്ദാനം പുലരുക തന്നെ ചെയ്യും’’ (പേജ് 132, ഹാശിയ).

വീണ്ടും: “പ്രസ്താവിച്ച പ്രവചനം വാഗ്ദത്ത പരിഷ്‌കർത്താവിനെ സംബന്ധിച്ചാണെന്ന് കരുതി വഞ്ചിതരാകരുത്, കാരണം ഈ വാക്യങ്ങളെല്ലാം മരണപ്പെട്ട മകനെ സംബന്ധിച്ചാകുന്നു. ‘അവനോടൊപ്പം വരുന്ന ശ്രേഷ്ഠതകൾ’ എന്നു തുടങ്ങുന്നവയാണ് വാഗ്ദത്ത പരിഷ്‌കർത്താവിന് അനുകൂലമായ വചനങ്ങൾ എന്ന് ഇൽഹാമിൽ വ്യക്തമാക്കിയിരിക്കുന്നു. വാഗ്ദത്ത പരിഷ്‌കർത്താവിന്റെ പേര് ദൈവിക വെളിപാടിൽ ഫസൽ എന്നും മറ്റൊരു പേര് മഹമൂദ് എന്നും, മൂന്നാമത്തെ ബശീർ രണ്ടാമൻ എന്നുമാണ്. ഒരു ഇൽഹാമിൽ, അവന്റെ പേര് ഫസലെ ഉമർ എന്നായതിനാൽ അവന്റെ വരവ് ഉറപ്പായിരുന്നു. മരിച്ച ബശീർ വീണ്ടും ഉയിർത്തെഴുന്നേൽക്കും. കാരണം എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഹിക്മത്തിന്റെ കാൽക്കീഴിലാണ്’’ (പേജ് 132).

ഒരു പുത്രനെ സംബന്ധിച്ച പ്രവചനം തന്നെ പാഴായിരിക്കെ, ഇപ്പോൾ പല പേരുകളുള്ള രണ്ടാമത്തെ കുട്ടിയെ സംബന്ധിച്ചാണ് ദൈവിക വചനമെന്ന മിർസായുടെ തള്ളൽ!

1889ൽ  ജനിച്ച ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് ആണ് വാഗ്ദത്ത പുത്രൻ എങ്കിൽ ആ കുട്ടി ജനിച്ച ശേഷവും ജനിക്കാൻ പോകുന്ന വാഗ്ദത്ത പുത്രനെ കുറിച്ചും പത്തുവർഷം കഴിഞ്ഞ്, 1899ൽ ജനിച്ച മുബാറക് അഹ്‌മദിനെക്കുറിച്ചും ‘നിരവധി വഹ്‌യുകൾ’ അവതരിച്ചത് നാം കണ്ടുവല്ലോ. ഖാദിയാനി പ്രവാചകന്റെ കാപട്യം തുറന്നു കാണിക്കണമെന്ന അല്ലാഹുവിന്റെ ഉദ്ദേശ്യമാണ് ഇവിടെ വ്യക്തമാകുന്നത്.

നാലിനെ അഞ്ചാക്കുന്നവൻ

മരിച്ചവരെപ്പോലും പുനർജീവിപ്പിക്കാൻ പ്രാപ്തനായ വാഗ്ദത്ത പുത്രനെപ്പറ്റിയുള്ള പ്രവചനത്തിനുശേഷം 1903 ജനുവരിയിൽ മിർസാ ഖാദിയാനി മറ്റൊരു പ്രവചനം നടത്തി.

“ഈ വാർധക്യത്തിൽ എനിക്ക് നാല് ആൺമക്കളെ നൽകി തന്റെ വാഗ്ദാനം പാലിച്ച അല്ലാഹുവിനാണ് സർവസ്തുതിയും. അവൻ ഇപ്പോൾ എനിക്ക് അഞ്ചാമത്തെ ആൺ സന്തതിയെക്കുറിച്ച് സന്തോഷവാർത്ത നൽകി. അക്രമികളേ, ഇതെല്ലാം എന്റെ നാഥനിൽനിന്നുള്ള അടയാളങ്ങളാണ്. നിങ്ങൾ വിചാരിക്കുന്നതിലും മഹത്ത്വമുടയവനായ അവൻ കോപത്തോടെ ഇറങ്ങുന്നത് ഭയപ്പെടുക’’ (മവാഹിബുർറഹ്‌മാൻ പേജ് 139, തദ്കിറ 378).

പ്രസ്തുത ‘വഹ്‌യ്’ അവതരിച്ചപ്പോൾ മിർസായുടെ പത്‌നി ഗർഭിണിയായിരുന്നു. മിർസായുടെ പ്രവചനങ്ങൾ ശരിയായിക്കൂടെന്ന് നിർബന്ധമുള്ള അല്ലാഹു ആ ഗർഭത്തിൽ ഒരു പെൺകുട്ടിയെയാണ് നൽകിയത്. 1903 ജനുവരി 28ന് അമതുന്നസീർ ജനിച്ചപ്പോൾ മിർസാ പറഞ്ഞു: “ആൺകുട്ടി ഈ ഗർഭത്തിൽ തന്നെ ജനിക്കണമെന്നില്ല.’’

അഞ്ചാമത്തെ ആൺകുട്ടിയെ കാത്തിരുന്ന മിർസായുടെ ഭാര്യ 1904ൽ വീണ്ടും പ്രസവിച്ചു; അമതുൽ ഹഫീസ് എന്ന പെൺകുട്ടിയെ. ആ പ്രസവത്തിലും ആൺകുട്ടി ഉണ്ടായിക്കൊള്ളണമെന്നില്ല എന്നാശ്വസിക്കാമായിരുന്നു. പക്ഷേ, പിന്നീട് മിർസായുടെ ഭാര്യ പ്രസവിച്ചതേയില്ല.

പുത്രനു പകരം പൗത്രൻ!

മിർസാ ഖാദിയാനി അഞ്ചാമത്തെ പുത്രനെ സംബന്ധിച്ച പ്രവചനം ഭംഗിയായി പുലർന്നു എന്നു പറയുമ്പോൾ നാം ആകാംക്ഷയോടെ കാതോർക്കുന്നു. ഒരു പക്ഷേ, മുഹമ്മദി ബീഗത്തെ വിവാഹം കഴിച്ചതുപോലെ ആകാശത്തെവിടെയെങ്കിലും ആ സന്തതി ജനിച്ചോ? അതോ വല്ല ആലങ്കാരിക ജനനവും സംഭവിച്ചോ? ‘പ്രവാചകൻ’ തന്നെ പറയട്ടെ: ഹഖീഖതുൽ വഹ്‌യിൽ നിന്ന്:

“42ാമത്തെ അടയാളം: അല്ലാഹു നാഫിലയെന്ന നിലയ്ക്ക് അഞ്ചാമത്തെ കുട്ടിയെ വാഗ്ദാനം ചെയ്തിരുന്നു. മവാഹിബുർറഹ്‌മാൻ 139ാം പേജിൽ അല്ലാഹു സുവാർത്തയറിയിച്ചിരുന്നു. അതായത് മകന്റെ മകൻ. മൂന്ന് മാസത്തോളമായി എന്റെ മകൻ മഹ്‌മൂദ് അഹ്‌മദിന്റെ വീട്ടിൽ ഒരാൺകുട്ടി പിറന്നിരിക്കുന്നു. അവന്ന് നസീർ അഹ്‌മദ് എന്ന് പേർ വെച്ചിരിക്കുന്നു. അങ്ങനെ നാലര വർഷങ്ങൾക്കുശേഷം ആ പ്രവചനവും പുലർന്നു’’ (പേജ് 218).  

മവാഹിബുർറഹ്‌മാനിൽ പറഞ്ഞത് അഞ്ചാമത്തെ മകനെപ്പറ്റിയായിരുന്നു. ഇപ്പോൾ അതേ വചനങ്ങൾ എടുത്തെഴുതി ‘നാഫില’യെന്ന നിലയിൽ മകന്റെ മകൻ എന്ന് വിശദീകരിക്കുകയാണ് മിർസാ ഖാദിയാനി. അപ്രകാരം പ്രവചനം പുലർന്നുവെന്നും അത് തന്റെ അടയാളമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.  പ്രവചിച്ചശേഷം മിർസാക്ക് ജനിച്ചത് രണ്ടും പെൺകുട്ടികളായപ്പോൾ മകന്റെ മകനെ പ്രവചന സാക്ഷാത്കാരമായി സമർപ്പിക്കാൻ, നേരത്തെ എഴുതിയത് ദുർവ്യാഖ്യാനിക്കുകയാണയാൾ. ഇതൊന്നും പക്ഷേ, അനുയായികളെ അലോസരപ്പെടുത്തുന്നില്ല എന്നതാണ് അത്ഭുതകരം! പ്രവചന സാക്ഷാത്കാരം തലമുറകൾക്കു ശേഷം സംഭവിച്ചാലും മതിയെന്നാണ് ഹകീം നൂറുദ്ദീന്റെ അഭിപ്രായം. എങ്കിൽ ആൺമക്കളെയും പെൺമക്കളെയും സംബന്ധിച്ച് ആർക്കും പ്രവചിക്കാം; സത്യാസത്യവിവേചനത്തിനായി പ്രവചനം സമർപ്പിക്കുന്ന പ്രവാചകൻ ആകണമെന്നില്ല.

വാഗ്ദത്ത പുത്രൻ ഞാനല്ല

തന്റെ പ്രവചന സാക്ഷാത്കാരമായി ജനിച്ച വാഗ്ദത്ത പുത്രനാണെന്ന് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത മുബാറക് അഹ്‌മദ് 1907 സെപ്റ്റംബർ 16ന് മരിച്ചു. എട്ടു മാസങ്ങൾക്ക് ശേഷം, 1908 മെയ് 26ന് മിർസാ ഗുലാം അഹ്‌മദ് ഖാദിയാനിയും ഈ ലോകത്തോട് വിടപറഞ്ഞു.

ഖാദിയാനി പുത്രൻ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് രണ്ടാം ഖലീഫയായപ്പോൾ ‘വാഗ്ദത്ത പുത്രനെപ്പറ്റിയുള്ള പ്രവചനം കൊണ്ട് ഉദ്ദേശിച്ചത് താങ്കളെയാണോ, താങ്കൾ അങ്ങനെ വാദിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:

“മസീഹ്(അ) പലപ്പോഴും ഒരു പ്രത്യേക സന്താനത്തെപ്പറ്റി പ്രവചിച്ചിരുന്നു. എന്റെ ജനനത്തിന് മുമ്പ് ‘വാഗ്ദത്ത പരിഷ്‌കർത്താവ്’ എന്ന പദമുപയോഗിച്ചുതന്നെ പ്രവചനം നടത്തിയിരുന്നു. ആദ്യത്തെ പരസ്യങ്ങളിൽ വാഗ്ദത്തപുത്രന് അല്ലാഹു വഹ്‌യ് നൽകുമെന്ന് പറയുന്നില്ല. എന്നാൽ അൽവസ്വിയ്യത്തിൽ വാഗ്ദത്തപുത്രന് വഹ്‌യുണ്ടാകുമെന്ന് പറയുന്നു. രണ്ടും ഒരാളെപ്പറ്റിയാണെങ്കിൽ വഹ്‌യുണ്ടെന്ന് വാദിക്കൽ നിർബന്ധമാണ്. എന്നാൽ രണ്ടും രണ്ടാളെപ്പറ്റിയോ ഒരാളുടെ രണ്ടവസ്ഥയോ ആണെങ്കിൽ വഹ്‌യുണ്ടെന്നു വാദിക്കുകയോ വാദിക്കാതിരിക്കുകയോ ചെയ്യാം.’’

“തന്റെ സമുദായത്തിലെ പ്രമുഖരെപ്പറ്റി നബിﷺയുടെ ചില പ്രവചനങ്ങൾ പലരും തങ്ങളെപ്പറ്റിയെന്ന് കരുതിയിരുന്നു. കോൺസ്റ്റാന്റിനോപ്ൾ ജയിച്ചടക്കിയ മുഹമ്മദ് മഹ്ദിയെപ്പറ്റി നബി ﷺ പ്രവചിച്ചു. പക്ഷേ, അദ്ദേഹം അങ്ങനെ വാദിച്ചതായി തെളിവില്ല. ചുരുക്കത്തിൽ, ഞാൻ വാഗ്ദത്ത പരിഷ്‌കർത്താവാണെന്ന് വാദിക്കുന്നില്ല. അത് ഞാനാണെങ്കിൽ അല്ലാഹുവിന് സ്തുതി. ചിലരെന്നെ വാഗ്ദത്തപുത്രനെന്ന് പറയുന്നു. ഓരോരുത്തരും മനസ്സിലാക്കുന്നതുപോലെ വിശ്വസിക്കട്ടെ. അതിന് ശറഇൽ വിരോധമില്ല’’ (അൽഫസൽ, 02. 02. 1916).

മഹ്‌മൂദ് അഹ്‌മദ് അപ്പോൾ അങ്ങനെ  പറഞ്ഞെങ്കിലും, 28 വർഷങ്ങൾക്ക് ശേഷം താൻ മസീഹ് പ്രവചിച്ച വാഗ്ദത്തപുത്രനും  വാഗ്ദത്ത പരിഷ്‌കർത്താവും ആണെന്ന് വാദിക്കുകയും തനിക്ക് അല്ലാഹുവിൽനിന്ന് വഹ്‌യ് ലഭിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. ഖാദിയാനി വിഭാഗത്തിലെ നേതാക്കൾ ഒന്നിച്ചിരുന്ന് തെരഞ്ഞെടുക്കുന്ന ഖലീഫമാർക്ക് അല്ലാഹു നിരന്തരം വഹ്‌യ് നൽകിക്കൊണ്ടിരിക്കുമെന്ന് ഖാദിയാനികൾ വിശ്വസിക്കുന്നു.

വാഗ്ദത്ത പുത്രൻ ഞാൻ തന്നെ!

ഖാദിയാനി വഹ്‌യുകൾ ക്രോഡീകരിച്ച് തദ്കിറ പ്രസിദ്ധീകരിച്ചപ്പോൾ അതിലെ കുറെ പേജുകൾ നിറയെ തനിക്ക് അനുകൂലമായ വഹ്‌യുകളും വ്യാഖ്യാനങ്ങളും നൽകി വാഗ്ദത്ത പരിഷ്‌കർത്താവ് ആകാനുള്ള വഴികൾ ഒരുക്കുകയും അനുകൂലമായ സന്ദർഭം ലഭിച്ചപ്പോൾ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു മഹ്‌മൂദ് അഹ്‌മദ്.

“അല്ലാഹുവിന് സ്തുതി! ഹസ്രത്ത് അമീറുൽ മുഅ്മിനീൻ മഹമൂദ് അഹ്‌മദ് 1944 ജനുവരി 28ന് വെള്ളിയാഴ്ച അല്ലാഹുവിൽനിന്ന് വിവരം കിട്ടിയതനുസരിച്ച് വാഗ്ദത്ത പരിഷ്‌കർത്താവാണെന്ന വാദം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അടിയാന്മാരായ നമ്മൾ എത്ര അനുഗൃഹീതരാണ്’’ (അൽഫസൽ, 11. 02. 1946).

അല്ലാഹുവിന്റെ അടിയാറുകളായ മുസ്‌ലിംകളിൽനിന്ന് വ്യത്യസ്തമായി ഖാദിയാനീ ഖലീഫയുടെ അടിയാറുകളാണ് ഖാദിയാനി മതവിശ്വാസികൾ! 1908നും 1946നും ഇടയ്ക്ക് മരിച്ചുപോയ ഖാദിയാനി അടിയാന്മാരുടെ കാര്യമോ? തങ്ങളുടെ പ്രവാചകന്റെ മറ്റു പല പ്രവചനങ്ങളെയും പോലെ വാഗ്ദത്ത പുത്രനെ സംബന്ധിച്ച പ്രവചനവും പുലർന്നില്ലെന്നല്ലേ അവർ വിശ്വസിച്ചിരിക്കുക!

അഹ്‌മദിയ്യത്തിന്റെ ലോകം

പാശ്ചാത്യരും പൗരസ്ത്യരുമായ രാജാക്കന്മാർ പ്രജകളോടൊപ്പം ഖാദിയാനീ മതത്തിൽ വിശ്വസിക്കുന്ന സ്വപ്‌നദർശനങ്ങളും അറബിയിലും ഉർദുവിലും ഇംഗ്ലീഷിലുമൊക്കെ വിജയവും ആൾക്കൂട്ടവും വാഗ്ദാനം ചെയ്‌തെങ്കിലും എല്ലാം പാഴ്‌വാക്കുകളായിരുന്നു; സ്‌നേഹപ്രകടനം കാപട്യവും. ഒന്നേകാൽ നൂറ്റാണ്ടിനിപ്പുറം മിർസ ഖാദിയാനിയുടെ അനുയായികൾക്ക് മനസ്സിലാവുക അല്ലാഹു തന്റെ വാക്ക് പാലിച്ചില്ല എന്നാണ്. ഈസാ നബി(അ)യുടെയും പിന്നീട് വന്ന മുഹമ്മദ് നബി ﷺയുടെയും അനുയായികളാണ് ലോകം നിറയെ. കേവലം 13 വർഷം പിന്നിട്ടപ്പോഴേക്കും മുഹമ്മദ് നബിﷺ സ്വന്തമായി രാഷ്ട്രം സ്ഥാപിച്ചു. രണ്ടു പതിറ്റാണ്ട് കൂടി കഴിഞ്ഞപ്പോൾ ലോകത്തിന്റെ ഒട്ടേറെ ഭാഗങ്ങൾ ഇസ്‌ലാമിന്റെ പതാകക്ക് കീഴിൽ വന്നു. ഇന്ന് ലോകം ഒരു ഗ്ലോബൽ വില്ലേജ് ആയി ചുരുങ്ങിയിട്ടും ഖാദിയാനി പ്രവാചകന്റെ പേര് കേൾക്കാത്തവരാണ് 99.9 ശതമാനം മനുഷ്യരും.

ഖാദിയാനികളുടെ മുഖപത്രമായ ‘ബദർ’ മലയാളം വാരികയുടെ 23ാം ലക്കത്തിലെ ഒരു ലേഖനത്തിൽ പറയുന്നു: “മിർസാ മസ്‌റൂർ അഹ്‌മദ് ആഗോളാടിസ്ഥാനത്തിൽ സന്ദർശനം നടത്തി വരുന്നു. വലിയ വലിയ ലോകനേതാക്കളുമായി അഭിമുഖം നടത്തുന്നു. അദ്ദേഹം 10 മില്യണിലധികം ആളുകളുടെ നേതാവാണ്’’(23.5.2019).

എന്നുവെച്ചാൽ അവരുടെ അംഗബലം ലോകജനസംഖ്യയുടെ 0.0013 ശതമാനമാണെന്ന് മുഖപത്രം സമ്മതിക്കുന്നു. അതിൽനിന്ന് പതിവുപോലെ ചേർത്ത വെള്ളം കുറക്കുകയും വേണം. 730 കോടിയിലേറെ വരുന്ന ലോക ജനസംഖ്യയിൽ ഏതാനും ലക്ഷങ്ങളെക്കുറിച്ചാണ് ‘നിന്റെ കക്ഷിയെ ഞാൻ ലോകമാകെ വ്യാപിപ്പിക്കു’മെന്നു പറഞ്ഞതും ആ കക്ഷി സ്വന്തം ‘ലോക’ത്ത് മറ്റുള്ള കക്ഷികളെ അതിജയിച്ചതും നാം കാണുന്നത്!

‘യലാശു’വിന്റെ വാക്കുകൾക്ക് ഒട്ടും വിലയില്ല എന്നുതന്നെയാണ് മറ്റൊരു വചനത്തിലൂടെ നമുക്കു മനസ്സിലാക്കാനാവുക:  

“ഒരു ജാഗ്രദ് ദർശനത്തിൽ രണ്ടുപേർ മനുഷ്യരൂപത്തിൽ വീട്ടിൽ ഇരിക്കുന്നത് ഈ വിനീതൻ കണ്ടു. ഒരാൾ തറയിലും മറ്റെയാൾ മേൽപ്പുരക്കടുത്തുമാണ്. നിലത്തിരിക്കുന്നവനോട് ഞാൻ പറഞ്ഞു: ‘എനിക്ക് ഒരു ലക്ഷം ഭടന്മാരുടെ സൈന്യത്തെ തരണം.’ അവൻ മിണ്ടാതെയിരുന്നു. മറുപടി പറയാതിരിക്കുന്നത് കണ്ടപ്പോൾ തട്ടിൻപുറത്തിനടുത്ത് ആകാശത്ത് നിൽക്കുന്നവനോട് ഞാൻ പറഞ്ഞു: ‘എനിക്ക് ലക്ഷംപേരുടെ സൈന്യം വേണം.’ അവൻ പറഞ്ഞു: ‘ഒരുലക്ഷം തരാനാവില്ല, 5000 ഭടന്മാരെ തരാം.’ 5000 വളരെ കുറവാണല്ലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. എന്നാലും അല്ലാഹു വിചാരിച്ചാൽ വളരെ കൂടുതൽ പേരെ അതിജയിക്കാനാവും ഒരു കൊച്ചു സൈന്യത്തിന്. അപ്പോൾ ഞാൻ ഈ സൂക്തം ഓതുകയും ചെയ്തു: ‘എത്രമാത്രം ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെ സമ്മതത്തോടെ വലിയ സംഘങ്ങളെ അതിജയിച്ചത്’’ (പേജ് 143).

നടേ പറഞ്ഞപോലെ ഈ ‘ദൈവിക വചനങ്ങൾ’ ഒക്കെയും അനുയായികൾ ഉറപ്പുള്ള പെട്ടികളിൽ ഭദ്രമായി സൂക്ഷിച്ചുവെക്കട്ടെ. ഇതിലെ പ്രവചനങ്ങൾ ഏതെങ്കിലും കാലത്ത് പുലരുമോ എന്ന് നോക്കാമല്ലോ. ഒടുവിൽ, ആചാര്യന് അവതരിച്ച ‘മറ്റൊരു വഹ്‌യ്’ പോലെ ആകുമോ ആവോ! അതിങ്ങനെ: ‘ഈ ഉലമാക്കൾ എന്റെ വീടാകെ മാറ്റി മറിച്ചുകളഞ്ഞു. എന്റെ ആരാധനാ മുറിയിൽ അവർ അടുപ്പുകൂട്ടി. ഞാൻ പ്രാർഥിക്കുന്ന സ്ഥലത്ത് അവരുടെ ചട്ടികളും പിഞ്ഞാണങ്ങളും നിരത്തിവച്ചു. ഇപ്പോൾ എലികളെപ്പോലെ അവർ എന്റെ നബിയുടെ വചനങ്ങൾ കരണ്ടുതീർക്കുകയാണ്’’ (പേജ് 143).