മതത്തിെൻറ അനിവാര്യതയും അനിവാര്യമായ മതാചാരവും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 17)

മുത്ത്വലാക്വും ബഹുഭാര്യത്വവും ഇസ്‌ലാമിൽ എസെൻഷ്യൽ അല്ല എന്നതുപോലെ ഹിജാബും എസെൻഷ്യൽ അല്ല’ എന്ന് വാദിച്ച കർണാടക എജിക്ക് അത് തെളിയിക്കാൻ സാധിക്കാതെ വന്നപ്പോൾ പള്ളികൾ പോലും എസെൻഷ്യൽ അല്ല എന്ന, കോടതിയുടെ പിന്നീട് തിരുത്തിയ പരാമർശത്തെ കൂട്ടുപിടിക്കേണ്ട ഗതികേടാണുണ്ടായത്. തുടർന്ന് അദ്ദേഹം ‘എസെൻഷ്യൽ ടു റിലീജ്യൻ,’ ‘എസെൻഷ്യലി റിലീജിയസ്’ എന്നിങ്ങനെയുള്ള സംജ്ഞകളിൽ സമയം പാഴാക്കുകയായിരുന്നു. ‘എസെൻഷ്യൽ ടു റിലീജ്യൻ’ എന്നാൽ മതത്തിന്റെ അനിവാര്യത എന്നാണർഥം. അതായത് ആ കാര്യമില്ലെങ്കിൽ മതം തന്നെ നിലനിൽക്കില്ല. ശിരോവസ്ത്രം ധരിച്ചില്ലെങ്കിൽ ആ വ്യക്തിയുടെ ഇസ്‌ലാം ദുർബലമാവുമെങ്കിൽ ശിരോവസ്ത്രം എസെൻഷ്യൽ ടു റിലീജ്യൻ ആണ്. അതേസമയം ‘എസെൻഷ്യലി റിലീജിയസ്’ അഥവാ അനിവാര്യമായ മതാചാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മതപ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടുവന്നിട്ടുള്ള ആചാരങ്ങൾ എന്നാണ്. അടിസ്ഥാനപരമായി ഈ രണ്ടു സംജ്ഞകളും പരസ്പരപൂരകങ്ങളാണ്.

എജി കോടതിക്ക് മുമ്പാകെ വെച്ച പോയിന്റുകൾ ഇങ്ങനെ സംഗ്രഹിക്കാം: (1) ഒരു കാര്യം നിർബന്ധ മതാചാരമാവണമെങ്കിൽ അത് ‘എസെൻഷ്യൽ ടു റിലീജ്യൻ’ ആയിരിക്കുകയും അത് ആ മതത്തിന്റെ ഒന്നാം തീയതി തൊട്ട് ആരംഭിച്ചതാവുകയും വേണം. (2) പ്രസ്തുത ആചാരം പിന്തുടർന്നില്ലെങ്കിൽ ഒരാളുടെ മതപരമായ അവസ്ഥക്ക് മാറ്റം വരിക. തുർക്കി അടക്കമുള്ള രാജ്യങ്ങളിൽ ശിരോവസ്ത്രം ധരിക്കാത്തവരെയും മുസ്‌ലിംകളായി പരിഗണിക്കുന്നു. (3) ശിരോവസ്ത്രം ധരിച്ചില്ലെങ്കിൽ പരലോകത്ത് ശിക്ഷ ലഭിക്കുമെന്ന് ഇവിടെ വാദിക്കുകയുണ്ടായി. എന്നാൽ എന്ത് ശിക്ഷ എന്ന് ക്വുർആൻ വ്യക്തമാക്കിയിട്ടില്ല.

മതാചാരങ്ങൾ അനുവദിക്കേണ്ടത് സർക്കാറോ ഭരണഘടനയോ?

ഹിജാബ് അഥവാ ശിരോവസ്ത്രം മതത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ആചാരമല്ല എന്ന് തെളിയിക്കുന്നതിന് എജിയുടെ കുബുദ്ധിയിൽ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് ഒരാചാരം അയാൾ ഉപേക്ഷിച്ചാൽ മതത്തിൽനിന്ന് പുറത്തുപോകുമോ എന്നത്. എന്നാൽ ഒരാൾ മതത്തിൽനിന്ന് പുറത്തുപോകുമോ ഇല്ലയോ എന്നതല്ല ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്‌നം. ഭരണഘടന ഓരോ പൗരനും വകവെച്ചുകൊടുത്തിട്ടുള്ള അവകാശപ്രകാരം ഒരാൾ ഉപയോഗപ്പെടുത്തുന്ന മതപരമായ ഒരു കൃത്യത്തെ തടയാൻ സർക്കാറുകൾക്ക് അധികാരമുണ്ടോ ഇല്ലയോ എന്നതാണ്. ഇക്കാര്യം മുഖവിലക്കെടുക്കാതെ സർക്കാർ അനുവദിച്ചുതരുന്ന ആചാരങ്ങൾ മാത്രം അനുഷ്ഠിച്ചാൽ മതി എന്ന വിധത്തിലാണ് എജി സംസാരിക്കുന്നത്. വിദ്യാലയങ്ങളിൽ ഓരോ വിദ്യാർഥിയും ചെയ്യുന്ന മതപരമായ പ്രവർത്തനങ്ങളെ മുഴുവൻ ‘എസെൻഷ്യൽ ടു റിലീജ്യൻ’ എന്ന അരിപ്പകൊണ്ട് വേർതിരിക്കാൻ സാധിക്കുമോ?

ഉദാഹരണമായി, ഒരാൾ ഒരു ക്ലാസ്സ്മുറിയിൽ വെച്ച് ‘ഗുരുവായൂരപ്പാ രക്ഷിക്കണേ’ എന്ന് വിളിച്ചാൽ പ്രസ്തുത വിളി മതത്തിന്റെ അനിവാര്യതയിൽ (Essential to religion) പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കണമെന്ന് പറയുന്നത് അർഥശൂന്യമാണ് എന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ലല്ലോ. എജിയുടെ പുതിയ ‘എസെൻഷ്യൽ തിയറി’ പ്രകാരം ഈ വിളികളും കോടതികളിൽ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നല്ലേ വരിക? എന്നാൽ ഒരാൾ ‘ഗുരുവായൂരപ്പാ രക്ഷിക്കണേ’ എന്ന് വിളിക്കുന്നത് Public Order, Moraltiy, Health എന്നീ ഘടകങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കപ്പെടേണ്ടത് എന്നുമാത്രമാണ് ഭരണഘടന നിഷ്‌കർഷിച്ചിട്ടുളളത്. അത്തരം വിളികളിലോ ആരാധനാകർമങ്ങളിലോ ഈ പറഞ്ഞ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് സാമാന്യബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്നതേയുയുള്ളൂ. അതുപോലെതന്നെയാണ് ഒരു കുട്ടി ശിരോവസ്ത്രം ധരിക്കുമ്പോളും സംഭവിക്കുന്നത്. അത് ‘എസെൻഷ്യൽ ടു റിലീജിയൻ’ ആണോ എന്ന പരിശോധനക്ക് എന്ത് പ്രസക്തിയാണുള്ളത്? ഒരു കുട്ടി അത് ‘എസ്സെൻഷ്യലി റിലീജിയസ്’ (അനിവാര്യമായ മതാചാരം) ആണെന്ന് വിശ്വസിക്കുകയും മേൽപറഞ്ഞ ഘടകങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നില്ലെങ്കിൽ പിന്നെ സർക്കാറിന് അത് നിയന്ത്രിക്കാൻ യാതൊരു അവകാശവുമില്ല.

എജിയുടെ തുടരുന്ന വാദങ്ങൾ

മനുഷ്യർ എന്തു കഴിക്കണം, എന്തു ധരിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം മതം അഭിപ്രായം പറയുന്നുണ്ട്. എന്നാൽ അവയെല്ലാം മതത്തിന്റെ അനിവാര്യതകളിൽ പെടുകയില്ല എന്ന് 1996ലെ എഎസ്.നാരായണ ദീക്ഷിതിന്റെ സ്‌റ്റേറ്റ് ഓഫ് ആന്ധ്ര പ്രദേശ് കേസിന്റെ വിധിയിൽ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഒരു കാര്യം, അതില്ലാതെ ആ മതം നിലനിൽക്കുകയില്ലെങ്കിൽ മാത്രമെ അതിനെ ‘എസെൻഷ്യൽ ടു റിലീജ്യൻ’ എന്ന് പറയാൻ സാധിക്കുകയുള്ളൂ. അത്തരം കാര്യങ്ങൾ മാത്രമാണ് 25ാം അനുച്ഛേദ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളത്.

ധൂലിയയുടെ കുറിക്ക് കൊള്ളുന്ന ചോദ്യം

കർണാടക ഹൈക്കോടതിക്ക് മുമ്പാകെ ശിരോവസ്ത്രം മതത്തിന്റെ അനിവാര്യമായ ആചാരമാണ് എന്ന് വാദിക്കുന്ന പ്രധാനപ്പെട്ട യാതൊരു പോയിന്റും എതിർകക്ഷി ഉന്നയിച്ചിട്ടില്ല എന്ന് എജി പറഞ്ഞപ്പോൾ പിന്നെ എന്തിനാണ് സർക്കാർ ശിരോവസ്ത്രം ഒരു എസെൻഷ്യൽ പ്രാക്റ്റിസ് അല്ല എന്ന് കോടതിയിൽ വാദിച്ചതെന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചു. അന്നേരം എജി പരുങ്ങലിലായി. കർണാടക ഹൈക്കോടതിയിൽ ഹർജിക്കാർ ശിരോവസ്ത്രം അനിവാര്യമായ മതാചാരമാണ് എന്ന ഒരു വാദവും ഉന്നയിച്ചിട്ടില്ല എന്നാണ് എജി പറഞ്ഞത്. എന്നാൽ സർക്കാർ കോടതിയിൽ നൽകിയ മറുപടിയിൽ ശിരോവസ്ത്രം അനിവാര്യമായ മതാചാരമല്ല എന്ന് പറഞ്ഞിട്ടുണ്ട്. ചോദ്യമില്ലെങ്കിൽ പിന്നെ എങ്ങനെ ഉത്തരം വന്നു എന്നാണ് ജസ്റ്റിസ് ധൂലിയ ചിരിച്ചുകൊണ്ട് ചോദിച്ചത്. എസെൻഷ്യൽ വിഷയത്തെ കുറിച്ച് ഹൈക്കോടതിയിൽ പറയേണ്ടതില്ലെന്നും വിശുദ്ധ ക്വുർആൻ കോടതിയിൽ കൊണ്ടുവരേണ്ടതില്ലെന്നും തന്റെ സഹ അഭിഭാഷകർക്ക് നിർദേശം നൽകിയിരുന്നുവെന്നായിരുന്നു എജിയുടെ വിശദീകരണം.

എജി തഫ്‌സീർ യൂസുഫലിയെ കുറിച്ച്

എതിർകക്ഷികൾ വെബ്‌സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത ക്വുർആൻ തഫ്‌സീറുകളാണ് ഉദ്ധരിച്ചത്. ആ സന്ദർഭത്തിൽ ഏത് തഫ്‌സീറാണ് ആധികാരികം എന്ന് കോടതി ചോദിച്ചപ്പോൾ 1985ലെ ശാബാനു ബീഗം കേസിലും മുത്ത്വലാക്വ് കേസായ 2018ലെ ശൈറാബാനു കേസിലും കോടതി അംഗീകരിച്ച തഫ്‌സീർ എന്ന നിലയ്ക്ക് മാത്രമാണ് താൻ അല്ലാമാ യൂസുഫലിയുടെ തഫ്‌സീർ ഉദ്ധരിച്ചത്. ശൈറാ ബാനു കേസിൽ എല്ലാ കക്ഷികളുടെയും സമ്മതപ്രകാരമാണ് യൂസുഫലിയുടെ തഫ്‌സീർ ഉദ്ധരിച്ചതെന്ന് പ്രസ്തുത കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ജെഎസ് ഖേഹാർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

19ാം അനുച്ഛേദവും എജിയുടെ ദുർവ്യാഖ്യാനവും

എജി തുടരുന്നു: 19ാം അനുച്ഛേദമാണ് തങ്ങളുടെ അവകാശത്തിനുവേണ്ടി ഹർജിക്കാർ കോടതിയിൽ പ്രധാനമായും ഉദ്ധരിച്ചത്. 19, 25 എന്നീ അനുച്ഛേദങ്ങൾ ഇവിടെ കൊണ്ടുവരേണ്ട യാതൊരു കാര്യവുമില്ല. കാരണം സർക്കാർ അതിന്റെ വിദ്യാഭ്യാസ ചട്ടത്തിലെ 11ാം ചട്ടം ഉപയോഗിച്ചാണ് ശിരോവസ്ത്രത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അത് ഒരിക്കലും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന 19ാം അനുച്ഛേദവുമായി യാതൊരുനിലയ്ക്കും ബന്ധപ്പെടുന്നില്ല.

എങ്കിൽ വധശിക്ഷ മൗലികാവകാശത്തിന് എതിരല്ലേ?

എജി ഇത് സ്ഥാപിക്കുന്നതിനായി ഉദ്ധരിച്ചത് 1980ലെ ബച്ചൻ സിംഗിന്റെ സ്‌റ്റേറ്റ് ഓഫ് പഞ്ചാബ് കേസാണ്. മൂന്നുപേരെ വധിച്ച ബച്ചൻസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോൾ വധശിക്ഷ മനുഷ്യാവകാശ ലംഘനമാണെന്നും അത് 19ാം അനുച്ഛേദത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടി അയാൾ സുപ്രീംകോടതിയെ സമീപിച്ചു. ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. 19ാം അനുച്ഛേദം നൽകുന്ന അവകാശത്തിന് എതിരായിരുന്നിട്ടും കോടതി വധശിക്ഷ ഒഴിവാക്കിയില്ല. മനുഷ്യനന്മ ഉദ്ദേശിച്ച് വധശിക്ഷ നടപ്പാക്കുന്നത് തെറ്റല്ല എന്നായിരുന്നു സുപ്രീംകോടതി വിധി. ഈ വിധിയെ അസ്ഥാനത്ത് കൊണ്ടുവരികയാണ് എജി. മൂന്നുപേരെ കൊന്ന ഒരു കൊടുംപാതകിക്ക് നൽകുന്ന ശിക്ഷപോലെ ഒരു കുറ്റവും ചെയ്യാത്ത കുട്ടികൾക്ക് 19ാം അനുച്ഛേദം നൽകുന്ന അവകാശങ്ങളെ എങ്ങനെ ഹനിക്കാൻ സാധിക്കും? പമ്പര വിഡ്ഢിത്തമാണ് എജി പറഞ്ഞത്. ഒരു പ്രത്യേക വിഷയത്തിനെതിരായി നിയമനിർമാണം നടത്തുമ്പോൾ അത് ആകസ്മികമായി മറ്റൊരു അവകാശത്തെ ബാധിക്കുന്നു എന്ന കാരണത്താൽ പ്രസ്തുത നിയമനിർമാണത്തെ അസാധുവാക്കാൻ കഴിയില്ല എന്ന ദുർബലമായ വാദങ്ങളാണ് എജി കൊണ്ടുവന്നത്.

‘യൂണിഫോം ധരിക്കാത്തവർക്കും സംരക്ഷണം നൽകേണ്ടി വരില്ലേ?’

എജി തുടരുന്നു: കർണാടക വിദ്യാഭ്യാസ ചട്ടത്തിലെ 11ാം ചട്ടംകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് അച്ചടക്കം കൊണ്ടുവരിക എന്നതാണ്. ഒരു ക്ലാസ്സ് റൂമിൽ യൂണിഫോം ധരിക്കാതെ ഒരു കുട്ടി വന്നാൽ ആ കുട്ടിയെ ക്ലാസ്സ് റൂമിൽനിന്ന് പുറത്താക്കുകയാണെങ്കിൽ അതിന് എങ്ങനെയാണ് ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരം സംരക്ഷണം നൽകാൻ സാധിക്കുക? 19ാം അനുച്ഛേദം ഏതെങ്കിലും മൗലികാവകാശത്തെ ഹനിക്കുന്നുവെങ്കിൽ മാത്രമെ 19(1)ൽ ഉറപ്പുനൽകുന്ന അവകാശങ്ങൾ ബാധകമാവൂ എന്ന് എകെ ഗോപാലൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എജിയുടെ ഈ വാദങ്ങൾ കേട്ട ജസ്റ്റിസ് ധൂലിയ എകെ ഗോപാലൻ കേസിലെ ഈ വിധി ന്യൂനപക്ഷ വിധിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എജി എക്സ്‌പ്രസ് ന്യുസ്‌പേപ്പർ കേസിലേക്ക് കടന്നു. എജിയുടെ വാദങ്ങൾ അവിടെ കൂടിയ അഭിഭാഷകർക്കോ ജഡ്ജുമാർക്കോ മനസ്സിലാകുന്നുണ്ടായിരുന്നില്ല. ജസ്റ്റിസ് ധൂലിയ അക്കാര്യം തുറന്നു പറഞ്ഞു: ‘താങ്കൾ പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.’

യഥാർഥത്തിൽ എജി ഇവിടെ പറയാൻ ശ്രമിക്കുന്നതിനെ ഇങ്ങനെ സംഗ്രഹിക്കാം. ഒരു കുട്ടി യൂണിഫോം ധരിക്കാതെ മറ്റൊരു കളറിൽ അല്ലെങ്കിൽ ഡിസൈനിൽ ക്ലാസ്സിൽ വരുന്നു. സ്‌കൂൾ അധികൃതർ കുട്ടിയോട് ക്ലാസ്സിൽ കയറരുത് എന്ന് പറയുന്നു. സ്‌കൂൾ അധികൃതർ ഇത് പറയുന്നത് വിദ്യാഭ്യാസ ചട്ടപ്രകാരമാണ്. കുട്ടി അനുച്ഛേദം 19(2) ഉദ്ധരിച്ചുകൊണ്ട് ഇത് മൗലികാവകാശമാണെന്ന് പറയുന്നു. ഇങ്ങനെ ഓരോരുത്തരും 19(2) ഉന്നയിച്ചുകൊണ്ട് കടന്നുവന്നാൽ എങ്ങനെ നിയമം നടപ്പിലാക്കും? ഒരിക്കലും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കണമെന്ന് സ്‌കൂളുകൾക്ക് അഭിപ്രായമില്ല. അച്ചടക്കം സ്ഥാപിക്കണം എന്ന് മാത്രമാണ് സ്‌കൂൾ പറയുന്നത്. ഇതാണ് എജിയുടെ വാദത്തിന്റെ ചുരുക്കം.

ഭരണഘടനയെ മറികടക്കാൻ സർക്കാർ ചട്ടം പോരാ!

എന്നാൽ ജസ്റ്റിസ് ധൂലിയ ഇതിനോട് യോജിച്ചില്ല. അദ്ദേഹം എജിയോട് ചോദിച്ചു: ‘അനുച്ഛേദം 19 ൽ പറയുന്നത് നിയമം (Law) ആണ്. ഒരു നിയമത്തെ മറികടക്കാൻ ചട്ടം മതിയാവില്ല. അതിന് നിയമം തന്നെവേണം. സർക്കാർ സർക്കുലറിനെ ഒരു നിയമമായി കാണാൻ സാധിക്കില്ല. ഇതിന് നേരിട്ട് മറുപടിപറയാതെ സ്‌കൂളുകൾക്ക് സർക്കാർ നൽകിയ ചട്ടപ്രകാരം യൂണിഫോം നടപ്പാക്കാൻ സാധിക്കും എന്ന് മാത്രം പറഞ്ഞു എജി രക്ഷപ്പെടുകയായിരുന്നു. വിദ്യാഭ്യാസ ചട്ടം ഉദ്ദേശിക്കുന്നത് ഐക്യവും തുല്യതയുമാണ് എന്നുപറഞ്ഞ എജിയോട് ജസ്റ്റിസ് ധൂലിയ ചോദിച്ചു: ‘ശിരോവസ്ത്രം ധരിക്കുന്നത് ഐക്യത്തിനും തുല്യതക്കും തടസ്സമാകുന്നത് എങ്ങനെയാണ്?’

ജസ്റ്റിസ് ധൂലിയയുടെ ചോദ്യത്തിനുള്ള എജിയുടെ മറുപടി വിചിത്രമായിരുന്നു: ‘15 മുതൽ 17 വരെയുള്ള പിയുസി കാലഘട്ടം വളരെയധികം അച്ചടക്കം വേണ്ട കാലമാണ്. പിയുസി കഴിഞ്ഞ് കോളേജിലെത്തിയാൽ അവിടെ യൂണിഫോം ഇല്ലല്ലോ. അവിടെ ശിരോവസ്ത്രം ധരിക്കാമല്ലോ. യൂണിഫോം എന്ന ആശയം എല്ലാ വിദ്യാർഥികളെയും സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ ഒരേ രൂപത്തിൽ വളർത്തിക്കൊണ്ടുവരാനുള്ളതാണ്. മാത്രവുമല്ല അനുച്ഛേദം 51 A(j) വ്യക്തമാക്കുന്നതുപോലെ മത അടയാളങ്ങളൊന്നും കാണിക്കാതെ ഒരു ഗ്രൂപ്പായി അവരെ അവതരിപ്പിക്കാനും സാധിക്കുന്നു’. ഇതുകേട്ടപ്പോൾ അനുച്ഛേദം 51 A(j)യെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാണിച്ചു. കാരണം പ്രസ്തുത അനുച്ഛേദത്തിൽ മത അടയാളങ്ങളെ സംബന്ധിച്ചുള്ള യാതൊരു സൂചനയുമില്ല. എല്ലാവരും രാജ്യത്തിന;വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം എന്നുമാത്രമേയുള്ളൂ. എജി 51 A(j) യെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.

(തുടരും)

അടുത്ത ലക്കത്തിൽ:

അഭിപ്രായ സ്വാതന്ത്ര്യം; കർണാടകയുടെ വ്യാഖ്യാനം