ഏക സിവിൽ കോഡ്; ഇതാണ് നമ്മുടെ നിലപാട്

ടി.കെ അശ്‌റഫ്

2023 ജൂലൈ 22 , 1444 മുഹറം 04

2023 ജൂലായ് 14ന് കോഴിക്കോടുവെച്ച് ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം നടത്തിയ സെമിനാറിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് ചെയ്ത പ്രഭാഷണത്തിന്റെ സംക്ഷിപ്ത വരമൊഴി.

ഈ ദേശീയ സെമിനാർ സംഘടിപ്പിക്കുന്ന സിപിഎം അടക്കമുള്ള എല്ലാ മതേതര പാർട്ടികളും യോജിക്കുന്ന ഒരു പോയിന്റുണ്ട്. പ്രധാനമന്ത്രി ഏക സിവിൽ കോഡ് സംബന്ധിച്ച് ഭോപ്പാലിൽ നടത്തിയ പ്രസംഗത്തിന്റെ ലക്ഷ്യം നേടിക്കൊടുക്കരുത് എന്നതാണ് എല്ലാവരും യോജിക്കുന്ന ആ പോയിന്റ്. ഭിന്നിപ്പിക്കലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. ചേർന്നുനിൽക്കലാണ് അതിനുള്ള മറുപടി. ആ ചേർന്നുനിൽപിന് ഈ സെമിനാർ കരുത്തുപകരട്ടെയെന്ന് ഞാൻ പ്രത്യാശിക്കുകയാണ്.

ഈ വിഷയത്തിൽ നമുക്കാർക്കും ആശയക്കുഴപ്പം ഉണ്ടാകരുത്. ഇതിൽ ആരോടൊപ്പമെല്ലാം നിൽക്കണം, ആരെയെല്ലാം ചേർത്തുപിടിക്കണം എന്ന കാര്യത്തിൽ അവ്യക്തത ഒരിക്കലും ഉണ്ടാവേണ്ടതില്ല. ഇതിനെ ഒരു ആക്‌സിഡന്റ് സംഭവിച്ചത് പോലെയാണ് നാം പരിഗണിക്കേണ്ടത്. മനോഹരമായ ഒരു ദേശീയ പാതയിലൂടെ ചെറുതും വലുതുമായ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത ദിശകളിലേക്കാണ് പോകുന്നത്. പ്രത്യേക ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് പോയിക്കൊണ്ടിരിക്കുന്നത്. സ്വഛമായി ഒഴുകുന്ന ആ വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചുകയറിയ ഒരു അപകടമാണ് ഈ യൂണിഫോം സിവിൽ കോഡ് പ്രശ്‌നം. ഒരു അപകടം സംഭവിക്കുമ്പോൾ ആളുകൾ ഒരുമിച്ചു കൂടും, പരിക്കേറ്റവരെ വാഹനത്തിൽ കയറ്റും, ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും. അങ്ങനെ പലരീതിയിലും സഹായിക്കും. അത്യാസന്ന നിലയിലുള്ളവരെ സഹായിക്കുവാൻ ഓടിവരുന്നവരുടെ പേരും മേൽവിലാസവും ആരും ചോദിക്കാറില്ല. അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാറില്ല. അപകടത്തിൽ പെട്ടവരെ വാഹനത്തിൽ കയറ്റിയവർ ഹോസ്പിറ്റലിലേക്ക് അനുഗമിച്ചുകൊള്ളണമെന്നില്ല. ഹോസ്പിറ്റലിൽ എത്തിച്ചവർ പരിചരിക്കാൻ ഉണ്ടായിക്കൊള്ളണമെന്നില്ല. പരിചരണത്തിന് കൂടെയുണ്ടായവർ പണം നൽകിക്കൊള്ളണമെന്നില്ല. അവസാനം ബാക്കിയാകുന്നത് അപകടത്തിൽ പെട്ടവരോട് ഏറ്റവും അടുത്ത ബന്ധമുള്ളവരും അവരുടെ കാര്യത്തിൽ ആത്മാർഥതയുള്ളവരും മാത്രമാണ്. ഏക സിവിൽ കോഡിനെതിരെ ലക്ഷ്യം കാണുന്നതുവരെ പോരാടുന്നവരുടെ കൂട്ടത്തിൽ സിപിഎം ഉണ്ടാകണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

ഈ വിഷയത്തിൽ കൃത്യമായ നിലപാടെടുക്കാൻ നമുക്ക് സാധിക്കണം. ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചവർക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. അതിന്റെ കരടുരൂപം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. എതിർക്കുന്നവരുടെ ഇടയിലും രണ്ടു തരത്തിൽ ഇതിനെ സമീപിക്കുന്നവരുണ്ട്. അതിലൊന്ന്, ‘ഇപ്പോൾ ഇത് നടപ്പാക്കേണ്ടതില്ല പിന്നീടാവാം. വ്യക്തിനിയമം അതത് സമുദായത്തിൽ ചർച്ച ചെയ്ത് പരിഷ്‌കരിക്കുകയാണ് വേണ്ടത്; ഗവൺമെന്റ് അടിച്ചേൽപിക്കരുത്’ എന്നതാണ്. മറ്റൊന്ന് ‘ഏകീകൃത സിവിൽ കോഡിന് വേണ്ടി ഇസ്‌ലാമിക വ്യക്തി നിയമത്തിൽ ഒരിക്കലും ഇടപെടരുത്്’ എന്ന നിലപാടാണ്. ഇവിടെ രണ്ടാമത്തെ നിലപാടിനൊപ്പമാണ് നാമുള്ളത് എന്ന് ഞാൻ പ്രത്യേകം സൂചിപ്പിക്കുകയാണ്. കാരണം, ഇത് ഭരണഘടനക്ക് എതിരാണ്. വീട് പൊളിച്ചുകൊണ്ട് ഒരിക്കലും നമ്മൾ പടിപ്പുര ഉണ്ടാക്കാറില്ല. ഭരണഘടനയിലെ മൗലികാവകാശം എന്ന ഭാഗം നമ്മുടെ വീടാണ്. അതിന്റെ മാർഗനിർദേശക തത്ത്വങ്ങൾ എന്നത് വീടിന്റെ പടിപ്പുരയാണ്. ആ പടിപ്പുര ഉണ്ടാക്കാൻ വേറെ കല്ലുകൾ കൊണ്ടു വരികയല്ലാതെ വീടു പൊളിച്ചുകൊണ്ട് അതിന്റെ കല്ലെടുക്കാറില്ല. അഥവാ മൗലികാവകാശങ്ങൾ തകർത്തുകൊണ്ട് നിർദേശകതത്ത്വങ്ങൾ നടപ്പിലാക്കാൻ ഭരണഘടനാ വിശാരദന്മാർ ആരുംതന്നെ ആവശ്യപ്പെട്ടിട്ടില്ല.

ഇസ്‌ലാമിക വ്യക്തിനിയമം എന്ന് പറയുന്നത് ദൈവികമാണ്. അതുകൊണ്ടുതന്നെ, അതിൽ കൈകടത്തുവാൻ സൃഷ്ടികൾക്കാർക്കും പാടില്ല. അതിന് ഇസ്‌ലാം അനുമതി നൽകുന്നില്ല എന്നതാണ് വസ്തുത. നമ്മുടെ ഭൂമിയിൽ മാത്രമെ നമുക്ക് ക്രയവിക്രയത്തിന് അധികാരമുള്ളൂ. അയൽവാസിയുടെ ഭൂമിയിൽ പോയി എന്തെങ്കിലും ചെയ്യാൻ അധികാരമില്ല. അതുപോലെ തന്നെ അല്ലാഹുവിന്റെ മതത്തിന്റെ നിയമങ്ങളിൽ കൈകടത്തുവാനും അവകാശമോ അനുമതിയോ ഇല്ല. അതുകൊണ്ടുതന്നെ മുസ്‌ലിം പണ്ഡിതൻമാർക്കോ സംഘടനകൾക്കോ ഇതിൽ കൈകടത്തുവാൻ സാധ്യമല്ല. ദിവ്യബോധനത്തിന്റെ (വഹ്‌യ്) അടിസ്ഥാനത്തിൽ പ്രപഞ്ച സ്രഷ്ടാവ് അവന്റെ അന്തിമ ദൂതനായ മുഹമ്മദ് നബി ﷺ യിലൂടെ അവതരിപ്പിച്ചതാണ് ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ എന്നാണ് ലോകത്തുള്ള കോടിക്കണക്കിന് മുസ്‌ലിംകൾ വിശ്വസിക്കുന്നത്.

ഇത് പറയുമ്പോൾ ചിലരെങ്കിലും വിചാരിക്കുന്നുണ്ടാകാം; ശരീഅത്ത് ദൈവികമാണെന്നെല്ലാം പറഞ്ഞ് എന്ത് അനീതിയും അതിന്റെ പേരിൽ ആകാം എന്നാണോ നിങ്ങൾ പറയുന്നത് എന്ന്. എന്നാൽ ഇവിടെ നമുക്ക് സൂചിപ്പിക്കാനുള്ളത് ഇസ്‌ലാമിക വ്യക്തിനിയമം അത് പാലിക്കുന്നവർക്കോ മറ്റു മതക്കാർക്കോ ഒരു ദോഷവും ഉണ്ടാക്കുന്നില്ല എന്നതാണ.് ഇതാണ് ഒന്നാമതായി നമ്മൾ തിരിച്ചറിയേണ്ടത്. മുസ്‌ലിം സമുദായത്തിലുള്ള ആർക്കെങ്കിലും അതിനോട് വിയോജിപ്പോ വെറുപ്പോ അത് പാലിച്ചു ജീവിക്കാൻ വൈമനസ്യമോ ഉണ്ടെങ്കിൽ അവർക്ക് അവരുടെ ഇഷ്ടം പോലെ പ്രവർത്തിക്കാം; ഞങ്ങൾ ഈ ചെയ്യുന്നതാണ് ഇസ്‌ലാം എന്ന് പറയുകയും വാദിക്കുകയും ചെയ്യരുത് എന്നേ പറയാനുള്ളൂ.

ഈ വിഷയത്തിൽ ഇടപെടുന്നവരോട് നമുക്ക് പറയാനുള്ളത് ഇതാണ്: ഇസ്‌ലാമിക ശരീഅത്ത് പലപ്പോഴും ഇവിടെ ചർച്ചക്ക് വിധേയമാകാറുണ്ട്, വിമർശിക്കപ്പെടാറുണ്ട്. അത്തരം ഘട്ടങ്ങളിൽ ശരീഅത്തിന്റെ എല്ലാ ഭാഗവും പഠിച്ച് ഇടപെടണം. ഒരു ചായക്കടയിൽ രണ്ടുപേർ തമ്മിൽ തർക്കം നടക്കുന്നു.തൊട്ടടുത്ത വീട്ടിലെ ഹാജിയാർ നമസ്‌കരിക്കുന്നതിനെ കുറിച്ചാണ് തർക്കം. ഒരാൾ പറയുന്നു, ഹാജിയാർ നമസ്‌കരിക്കുന്നത് നിന്ന് കൈകെട്ടിക്കൊണ്ടാണ് എന്ന്. മറ്റെയാൾ പറയുന്നു, അങ്ങനെയല്ല; അയാൾ നിലത്ത് സാഷ്ടാംഗ പ്രണാമം (സുജൂദ്) ചെയ്തുകൊണ്ടാണ് നമസ്‌കരിക്കുന്നത്. ഇത് കണ്ടു നിൽക്കുന്ന മൂന്നാമതൊരു കക്ഷിയുണ്ട്. അയാൾ പറഞ്ഞു: ഒരു കാര്യം ചെയ്യാം. ഏതാനും സമയം കഴിഞ്ഞാൽ പള്ളിയിൽനിന്ന് ബാങ്ക് വിളിക്കും. അവിടെയൊന്ന് പോയി നോക്കാം, ഹാജിയാർ എന്താണ് ചെയ്യുന്നത് എന്ന്. അങ്ങനെ പള്ളിക്കു സമീപം ചെന്ന് ഹാജിയാരുടെ നമസ്‌കാരം മുഴുവനായും കണ്ടു. കൈ കെട്ടി നിൽക്കുന്ന രംഗം മാത്രമെ ആദ്യത്തെയാൾ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. മറ്റെയാൾ, സുജൂദിൽ കിടക്കുന്ന രംഗം മാത്രമെ കണ്ടിരിന്നുള്ളൂ. എല്ലാം കണ്ടപ്പോൾ അവരുടെ തർക്കം തീർന്നു. ഇതുപോലെയാണ് ഇസ്‌ലാമിക ശരീഅത്തിനെ വിമർശിക്കുന്നവരുടെ അവസ്ഥ. ശരീഅത്ത് എന്ന് കേട്ടാൽ ഉടനെ നാലു കെട്ടലും കെട്ടിക്കലും മൊഴി ചൊല്ലലും മാത്രമാണ് പലരുടെയും മനസ്സിൽ ഓടിയെത്തുന്നത്. ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാത്ത മിക്കയാളുകളുടെയും ധാരണ ഇതാണ്. അങ്ങനെയല്ല കാര്യം. ഇസ്‌ലാമിക നിയമങ്ങൾ മനുഷ്യ ജീവിതത്തിന്റെ സർവതല സ്പർശിയാണ്, സമഗ്രമാണ്. അതുകൊണ്ട് പഠിച്ച് ഇടപെടാൻ തയ്യാറാകേണ്ടതുണ്ട്.

ശരീഅത്ത് സ്ത്രീകൾക്ക് തുല്യത നൽകുന്നില്ല എന്ന വിമർശനം ഇവിടെ നിലനിൽക്കുന്നുണ്ട്. അനന്തരാവകാശത്തിലെ ഏറ്റക്കുറച്ചിലാണ് അതിന് തെളിവായി ചൂണ്ടിക്കാണിക്കാറുള്ളത്. വാസ്തവത്തിൽ സ്ത്രീകളോട് യാതൊരു അനീതിയും ഇസ്‌ലാം ചെയ്തിട്ടില്ല. സ്ത്രീകൾക്ക് സ്വത്തവകാശം നിഷേധിക്കപ്പെട്ട കാലത്ത് അത് ഉറപ്പുവരുത്തുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളെല്ലാം പുരുഷന്റെ മേലാണ് ഇസ്‌ലാം ബാധ്യതയാക്കിയിട്ടുള്ളത്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങൾ കൃത്യമായി പഠിച്ചു മനസ്സിലാക്കിയവർക്ക് യാതൊരനീതിയും ചൂണ്ടിക്കാണിക്കാനാവില്ല.

ഒരു ഉദാഹരണം പറഞ്ഞ് അവസാനിപ്പിക്കാം: ഒരാൾക്ക് നാല് മക്കളുണ്ട്. മൂന്ന് ആൺമക്കളും ഒരു പെൺകുട്ടിയും. ഒരു വാഹനം കൊടുത്ത് നാലു പേരോടും ടൂർ പോകാൻ പറഞ്ഞു. മൂന്ന് ആൺമക്കൾക്കും 300 രൂപ വീതം കൊടുത്തു. പെൺകുട്ടിയ്ക്ക് 200 രൂപയും നൽകി. എന്നിട്ട് ആൺമക്കളോട് പറഞ്ഞു: തിരിച്ചുവരുന്നതുവരെയുള്ള പെട്രോളും ഭക്ഷണവുമടക്കമുള്ള എല്ലാ ചെലവും എടുക്കേണ്ടത് നിങ്ങൾ മൂന്നുപേരാണ്. ഇവളുടെ കൈയിൽനിന്ന് ഒരു പൈസപോലും വാങ്ങരുത്.

തിരിച്ചുവന്നപ്പോൾ മൂന്നു പേരുടെ കാശും തീർന്നിട്ടുണ്ട്. പെൺകുട്ടിക്ക് നൽകിയ കാശ് ഭദ്രമായി അവളുടെ കൈയിൽ തന്നെയുണ്ട്. ആ പിതാവ് പെൺകുട്ടിയെ അവഗണിച്ചു എന്ന് ആർക്കാണ് പറയാനാവുക?

സ്ത്രീ എന്നും മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടേണ്ട ദുർബലയാണോ, അവൾക്കും പുരുഷനെപ്പോലെ ബാധ്യതയേൽപിച്ചാൽ എന്താണ് കുഴപ്പം, അപ്പോഴല്ലേ തുല്യതയാകൂ എന്ന് ചിലർ ചോദിച്ചേക്കാം;

വാസ്തവത്തിൽ പുരുഷാധിപത്യത്തിന്റെ മറ്റൊരു മുഖമാണ് സ്ത്രീക്ക് കൂടുതൽ ബാധ്യതകൾ ഏൽപിച്ചു കൊടുക്കുക എന്നത്. സ്ത്രീക്ക് ചില പരിമിതികളുണ്ട്. അത് തിരിച്ചറിയാത്ത ബാധ്യതകൾ അവളുടെ ചുമലിൽ ചാർത്തുന്നത് അവളെ പ്രയാസപ്പെടുത്തലാണ്. പുരുഷൻ അവന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉപയോഗിക്കുന്ന കെണിയിൽ സ്ത്രീകൾ പെട്ടുപോവുകയാണ് ചെയ്യുന്നത്. ഇനി സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നത് അവരെ തരംതാഴ്ത്തലാണന്നാണ് വാദമെങ്കിൽ നമ്മുടെ നാട്ടിലുള്ള സ്ത്രീ സുരക്ഷാ നിയമങ്ങളും സംവരണവും അനീതിയാണെന്ന് പറയേണ്ടിവരും.

നമ്മൾ അറിയുക; പ്രധാനമന്ത്രിക്ക് ഏകസിവിൽകോഡ് നടപ്പായിക്കൊള്ളണമെന്നില്ല; 2024ലെ ഇലക്ഷനിൽ ഭരണം നിലനിർത്തിയാൽ മതി. ഏകസിവിൽകോഡ് നടപ്പാക്കാനല്ല കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്; ഭരണപരാജയം മറച്ചുപിടിക്കാൻ മാത്രമാണ്. ബിജെപിക്ക് ഏക സിവിൽ കോഡ് നടപ്പായി കൊള്ളണമെന്നില്ല; ഇതിലൂടെ പ്രതിപക്ഷത്തിന്റെ വിശാല ഐക്യത്തിൽ ഭിന്നത ഉണ്ടായാൽ മാത്രം മതി.

വർഗീയവാദികൾ ഉദ്ദേശിക്കുന്നത് വെറുപ്പും വിഭാഗീയതയും വിതക്കലാണ്. കേരളത്തിലേക്ക് വരുമ്പോൾ യു.ഡി.എഫിലും എൽ.ഡി.എഫിലും ക്രിസ്ത്യൻ- മുസ്‌ലിം മതവിഭാഗങ്ങൾക്കിടയിലും മതസംഘടനകളിലും ഭിന്നിപ്പിന്റെ വിത്ത് പാകലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ ഭിന്നതക്ക് വളം വെക്കുന്ന യാതൊരു നിലപാടും നമ്മിൽനിന്ന് ഉണ്ടായിക്കൂടാ.

അവസാനമായി ഒരു വാക്ക് കൂടി; ബിജെപി വേട്ടക്കാരും മുസ്‌ലിംകൾ മാത്രം ഇരകളും എന്ന ധാരണ നമ്മൾ തിരുത്തണം. ഇവിടെ രണ്ട് കക്ഷികളേയുള്ളൂ. ഒന്ന് ഹിന്ദുത്വരാഷ്ട്രവാദികളും മറ്റൊന്ന് മതനിരപേക്ഷ വാദികളും. ഹിന്ദുത്വവാദികൾ വേട്ടക്കാരാണങ്കിൽ എല്ലാമതക്കാരും ഉൾക്കൊള്ളുന്ന മതനിരപേക്ഷ വാദികളാണ് അതിന്റെ ഇരകൾ. നമുക്ക് ചേർന്ന് നിന്ന് മുന്നോട്ടുപോകാം.

വിഭാഗീയതയുടെ വക്താക്കൾ അറിയുക; മാനവ സൗഹാർദത്തിന്റെയും ബഹുസ്വരതയുടെയും പുഷ്പങ്ങളെ നിങ്ങൾക്ക് ഒരുപക്ഷേ, തല്ലിക്കൊഴിക്കാൻ സാധിച്ചെന്ന് വന്നേക്കാം. എന്നാൽ, ഇന്ത്യയിലെ ബഹുസ്വരത പൂത്തുലഞ്ഞ പൂന്തോട്ടത്തിന്റെ വസന്തത്തെ നിങ്ങൾക്കൊരിക്കലും ഇല്ലാതാക്കാൻ കഴിയില്ല. ഇത്രമാത്രം സൂചിപ്പിച്ച്, എല്ലാവിധ ആശംസകളും അർപ്പിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.