മുത്ത്വലാക്വും ബഹുഭാര്യത്വവും ശിരോവസ്ത്രവും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 16

ഗോവധം ബക്രീദ് ദിവസങ്ങളിൽ നിർബന്ധമാണെന്ന് ധരിച്ചുവന്നിരുന്നുവെങ്കിലും അത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരോധിക്കപ്പെട്ടതിലൂടെ ‘എസെൻഷ്യൽ’ എന്ന് കരുതപ്പെടുന്ന കാര്യങ്ങളും നിരോധിക്കപ്പെടാവുന്നതാണ്, രാജ്യത്തെ പല മുസ്‌ലിം സ്ത്രീകളും ശിരോവസ്ത്രം ധരിക്കുന്നില്ല എന്നതിൽനിന്നും അത് ‘എസെൻഷ്യൽ’ അല്ല എന്നാണ് ബോധ്യപ്പെടുന്നത് തുടങ്ങിയ വാദങ്ങൾ നിരത്തിയശേഷം കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി 2017ലെ മുത്ത്വലാക്വുമായി ബന്ധപ്പെട്ട ശൈറാബാനു കേസാണ് രണ്ടംഗ ബെഞ്ചിന്റെ മുമ്പിൽ കൊണ്ടുവന്നത്.

ശൈറാബാനു കേസിൽ ജസ്റ്റിസ് കുര്യൻ ജോസഫ്, ആർ.എഫ്.നരിമാൻ എന്നിവർ നടത്തിയ പരാമർശങ്ങളാണ് പ്രധാനമായും എ.ജി കൊണ്ടുവന്നത്. ക്വുർആനിലെ എല്ലാ വചനങ്ങളും ഒരുപോലെ നിർബന്ധമാവുകയില്ല എന്ന ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പരാമർശവും ഹദീസ്, ഇജ്മാഅ് എന്നിവയുടെ അടിസ്ഥാനത്തിൽ മുത്ത്വലാക്വ് അനുവദനീയമാണ് എന്ന് സങ്കൽപിച്ചാൽ പോലും മതത്തിൽ അത് എസെൻഷ്യൽ ആണെന്ന് പറയാൻ സാധിക്കില്ല എന്ന ആർ.എഫ്.നരിമാന്റെ പരാമർശവും എ.ജി ഉദ്ധരിച്ചു.

എ.ജി മുന്നോട്ട് വെച്ച മറ്റൊരു സുപ്രധാനവിഷയം ഇസ്‌ലാമിലെ ബഹുഭാര്യത്വമാണ്. ഇസ്‌ലാമിൽ ബഹുഭാര്യത്വം അനുവദനീയമാണെങ്കിലും ബഹുഭാര്യമാരുള്ളവർക്ക് ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്കുണ്ട് എന്നും മതം അനുവദിച്ചിട്ടുള്ള ഒരു കാര്യത്തെ നിയന്ത്രണപൂർവം നിരോധിക്കാൻ ഭരണകൂടങ്ങൾക്ക് അവകാശമുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത് എന്നും അദ്ദേഹം വാദിച്ചു. ഇസ്‌ലാം മതത്തിൽ പ്രാർഥനക്ക് ആരാധനാലയങ്ങൾ എസെൻഷ്യൽ അല്ല എന്ന 1994ലെ ഇസ്മായിൽ ഫാറൂഖി കേസ് വിധിയും അദ്ദേഹം പരാമർശിച്ചു.

ശൈറാബാനു കേസും എസെൻഷ്യലും

ഉത്തർപ്രദേശുകാരനായ റി സ്‌വാൻ അഹ്‌മദ് 2002ലാണ് ശൈറാബാനുവിനെ വിവാഹം ചെയ്തത്. 2016ൽ റിസ്‌വാൻ ‘മൂന്നും ചൊല്ലി’ വിവാഹമോചനം ചെയ്തു. ഈ മുത്ത്വലാക്വിനെതിരെ ശൈറാബാനു കോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ ‘ബഹുമത’ അഞ്ചംഗ ബെഞ്ച് വാദം കേട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാർ (സിഖ്), ആർ.എഫ്.നരിമാൻ (പാർസി), യു.യു.ലളിത് (ഹിന്ദു), കുര്യൻ ജോസഫ് (ക്രിസ്ത്യൻ), എസ്. അബ്ദുൽനസീർ (മുസ്‌ലിം) എന്നിവരായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസും എസ്.അബ്ദുൽനസീറും മുത്ത്വലാക്വ് ഇസ്‌ലാം മതത്തിലെ ‘എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ്’ ആണെന്നും അതുകൊണ്ടുതന്നെ അതിന് ഭരണഘടനയുടെ സംരക്ഷണം ഉണ്ടെന്ന് വിധിച്ചു.

മുത്ത്വലാക്വ് പുരുഷന് തോന്നുമ്പോൾ വിവാഹബന്ധം വിച്ഛേദിക്കാൻ സാധിക്കുന്ന വിധത്തിൽ ഏകപക്ഷീയമായ നടപടിയായതുകൊണ്ടുതന്നെ അത് ഭരണഘടനാവിരുദ്ധമാണ് എന്നായിരുന്നു യു.യു.ലളിത്, ആർ.എഫ്.നരിമാൻ എന്നിവരുടെ വിധിയിലെ പരാമർശം. കുര്യൻ ജോസഫ് ആവട്ടെ മുത്ത്വലാക്വ് ക്വുർആനിന്റെ ആയത്തുകൾക്ക് എതിരായതുകൊണ്ട് അതിന് നിയമപരമായ അനുമതി ലഭിക്കില്ല എന്നാണ് പറഞ്ഞത്. ക്വുർആൻ മോശം എന്ന് പറഞ്ഞ ഏതൊരു കാര്യത്തെയും ശരീഅത്തിന്റെ മറ്റു അളവുകോലുകൾ ഉപയോഗിച്ച് നന്നാക്കിയെടുക്കാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മൂന്ന് പേർ (ലളിത്, നരിമാൻ, കുര്യൻ ജോസഫ്) എതിരായും രണ്ടുപേർ (ഖേഹാർ, അബ്ദുൽനസീർ) അനുകൂലമായും വിധി പറഞ്ഞു. അതോടെ മുത്ത്വലാക്വ് ഭരണഘടനാവിരുദ്ധമായി.

മുകളിൽ പറഞ്ഞ വിധികൾ പരിശോധിച്ചാൽ കാര്യങ്ങൾ വളരെ വ്യക്തമാണ്. മുത്ത്വലാക്വ് നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ച മൂന്ന് ജഡ്ജിമാരും അത് ‘എസെൻഷ്യൽ’ അല്ല എന്ന കാരണത്താലായിരുന്നില്ല നിരോധിച്ചത്. മറിച്ച് അത് ഒരു പുരുഷമേധാവിത്വ ഏകപക്ഷീയമായ നടപടി ആയതുകൊണ്ടും ക്വുർആൻ അതിനെ അംഗീകരിക്കുന്നില്ല എന്നതിനാലുമാണ്. അതേസമയം മുത്ത്വലാക്വിനെ ശരിവെച്ച ചീഫ് ജസ്റ്റിസും ജസ്റ്റിസ് അബ്ദുൽ നസീറും പറഞ്ഞത് അത് ഇസ്‌ലാം മതത്തിലെ ‘എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ്’ ആണെന്നായിരുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത വിധിന്യായത്തെ ഉദ്ധരിച്ചുകൊണ്ട് എസെൻഷ്യൽ അല്ലാത്ത കാര്യങ്ങൾ നിരോധിക്കാൻ വകുപ്പുണ്ട് എന്ന് പറയുന്നതിൽ യാതൊരു സാംഗത്യവുമില്ല. നിരോധിച്ച ഭൂരിപക്ഷം ജഡ്ജിമാരും എസെൻഷ്യൽ അല്ല എന്ന് പറഞ്ഞിട്ടില്ല. എസെൻഷ്യൽ അല്ലാത്ത മുത്ത്വലാക്വ് നിരോധിച്ചപോലെ എസെൻഷ്യൽ അല്ലാത്ത ഹിജാബും നിരോധിക്കുന്നതിൽ തെറ്റില്ല എന്ന കർണാടക എ.ജിയുടെ വാദം പ്രത്യക്ഷത്തിൽ തന്നെ സത്യവിരുദ്ധവും യുക്തിഹീനവുമാണ്.

മുത്ത്വലാക്വും ശരീഅത്ത് ആക്റ്റും

ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട വിവാഹമോചനം (ത്വലാക്വ്) എപ്പോൾ, എങ്ങനെ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ത്വലാക്വിനെ ദുരുപയോഗം ചെയ്തുകൊണ്ട് ഒറ്റയടിക്ക് മൂന്നും ചൊല്ലി വിവാഹമോചനം ചെയ്യുന്നത് തെറ്റാണെന്ന് ഇസ്‌ലാമികപണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. എന്നാൽ ചില മദ്ഹബുകളിലും കക്ഷികളിലും അത് അനുവദിക്കപ്പെട്ട ഒരു സമ്പ്രദായമായി തുടരുന്നുണ്ട്. ത്വലാക്വിന്റെ പേരിൽ ഇസ്‌ലാമിനെ വിമർശിക്കുന്നവർ ഒന്നിച്ച് ചൊല്ലുന്ന മുത്ത്വലാക്വിനെ മാത്രമല്ല, ഘട്ടം ഘട്ടമായി എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് നിർവഹിക്കപ്പെടുന്ന ത്വലാക്വിനെയും എതിർക്കുന്നുണ്ട് എന്ന കാര്യവും ഓർക്കേണ്ടതുണ്ട്.

ത്വലാക്വിനെ കുറിച്ച് വിവിധ മുസ്‌ലിം വിഭാഗങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളിൽ അതാത് വിഭാഗങ്ങൾ സ്വീകരിച്ചുപോരുന്ന വീക്ഷാഗതികൾക്ക് അനുസൃതമായിട്ടാണ് കോടതികൾ വിധി പ്രസ്താവിച്ചുവന്നിരുന്നത്. വിവിധ വിഭാഗങ്ങളുടെ ആചാര രീതികൾക്കും ഭരണഘടന സംരക്ഷണം നൽകുന്നുണ്ട് എന്ന് ശബരിമല വിധിയിലൂടെ ബോധ്യപ്പെടുന്ന കാര്യമാണ്. മറ്റെല്ലാ ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം സാധ്യമാവുമ്പോൾ ശബരിമലയിൽ അത് സാധ്യമല്ലാത്തത് പ്രസ്തുത ആചാരം അനുഷ്ഠിക്കുന്ന വിഭാഗത്തിന്റെ പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ മുത്ത്വലാക്വിനെ അംഗീകരിച്ചുവരുന്ന വിഭാഗങ്ങൾക്ക് അവരുടെ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിധി നൽകുന്നത് ഭരണഘടനാപരമായി തെറ്റാവുന്നില്ല. ഇപ്പോഴും മുത്ത്വലാക്വിനെ മാത്രമെ നിരോധിച്ചിട്ടുള്ളൂ, ത്വലാക്വിനെ നിരോധിച്ചിട്ടില്ല എന്നതിൽനിന്നും എസെൻഷ്യൽ ആയ ഒരു കാര്യത്തെ നിരോധിച്ചു എന്നതിന് തെളിവാകുന്നില്ല. കാരണം എസെൻഷ്യൽ ആയിവരുന്നത് ത്വലാക്വ് മാത്രമാണ്. അതിന്റെ രീതിയെ മാത്രമാണ് ഇപ്പോൾ നിരോധിച്ചിട്ടുള്ളത്.

ഇന്ത്യയുടെ ശരീഅത്ത് ആക്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രത്യേക വിഷയമാണ് ത്വലാക്വ്. ത്വലാക്വ് അടക്കമുള്ള വ്യക്തിപരമായ വിഷയങ്ങൾ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചാണ് തീരുമാനിക്കേണ്ടത് എന്നാണ് ഇന്ത്യൻ ശരീഅത്ത് ആക്റ്റ് പറയുന്നത്. 1937ലെ THE MUSLIM PERSONAL LAW (SHARIAT) APPLICATION ACT ആണ് ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ശരീഅത്ത് ആക്റ്റ്. ഒസ്യത്ത് എഴുതിവെക്കാത്ത പിന്തുടർച്ചാവകാശം, സ്ത്രീകളുടെ പ്രത്യേക സ്വത്തവകാശങ്ങൾ (കരാർ പ്രകാരമോ ദാനമോ ആയി ലഭിച്ചതോ വ്യക്തിനിയമപ്രകാരമുള്ള ഏതെങ്കിലും വ്യവസ്ഥപ്രകാരം ലഭിച്ചതോ ആയ എല്ലാ സ്വത്തുക്കളും), വിവാഹം, വിവാഹമോചനം (ഈലാഅ്, ദ്വിഹാർ, ലിആൻ, ഖുൽഅ്, മുബാറാത് തുടങ്ങിയ എല്ലാ ഇനങ്ങളും ഉൾപ്പെടെ), ജീവനാംശം, ഇഷ്ടദാനം, രക്ഷാകർതൃത്വം, ദാനം, ട്രസ്റ്റ് സ്വത്തുക്കൾ, വക്വ‌്ഫ് തുടങ്ങിയ കേസുകളിൽ കക്ഷികൾ മുസ്‌ലിംകൾ ആണെങ്കിൽ നാട്ടുനിയമങ്ങൾ എന്തെല്ലാമായിരുന്നാലും ശരി, അന്തിമതീരുമാനം എടുക്കേണ്ട നിയമം ഇസ്‌ലാമിക ശരീഅത്ത് ആയിരിക്കണം എന്നാണ് ആക്റ്റ് പറയുന്നത്. ഭരണഘടനയുടെ അനുച്ഛേദം 13 പ്രകാരം ഈ നിയമങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ശരീഅത്ത് അനുസരിച്ച് മാത്രം വിധി പറയേണ്ട ത്വലാക്വ് പോലുള്ള വിഷയത്തെ ശിരോവസ്ത്ര നിരോധനവുമായി കൂട്ടിക്കെട്ടി പിടിവള്ളിയുണ്ടാക്കിയാൽ വളരെ പെട്ടെന്ന് തന്നെ അത് പൊട്ടിപ്പോകും.

ബഹുഭാര്യത്വം ശിരോവസ്ത്രം പോലെയല്ല

മതം അനുവദിച്ച കാര്യങ്ങളെ നിയന്ത്രണപൂർവം നിരോധിക്കാൻ തെളിവുണ്ട് എന്ന ന്യായമാണ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ബഹുഭാര്യത്വത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ജി പറഞ്ഞത്. ആർമിയിലും മറ്റും താടിക്ക് നിരോധനമേർപ്പെടുത്തിയതുപോലുള്ള ഒരു കാര്യം തന്നെയാണിതും. എന്നാൽ ബഹുഭാര്യത്വം എവിടെയും ഇസ്‌ലാം അനുഷ്ഠിക്കപ്പെടേണ്ട ഒരു നിയമമായി പറഞ്ഞിട്ടില്ല. എല്ലാ മുസ്‌ലിംകളും ഒന്നിലധികം വിവാഹം കഴിക്കണമെന്ന് എവിടെയും പറയുന്നില്ല. ബഹുഭാര്യത്വം നിർബന്ധമാണെന്ന് ഒരു മുസ്‌ലിമും വിശ്വസിക്കുന്നില്ല. അതേസമയം മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷം സ്ത്രീകളും ശിരോവസ്ത്രം നിർബന്ധമാണ് എന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ശിരോവസ്ത്രം അണിയുന്നതിനെ ബഹുഭാര്യത്വവുമായി തുലനം ചെയ്യുന്നതിൽ ഒരു യുക്തിയുമില്ല. ബാഹുഭാര്യാത്വത്തിലൂടെ സംഭവിക്കാവുന്ന ചെലവുകളോ സാമൂഹികമായ മറ്റു പ്രശ്‌നങ്ങളോ കേസുകളോ ശിരോവസ്ത്രം അണിയന്നതുമൂലം ഉണ്ടാവുന്നുമില്ല.

നമസ്‌കാരത്തിന് പള്ളികൾ എസെൻഷ്യൽ അല്ല?

മുസ്‌ലിംകൾക്ക് നമസ്‌കരിക്കാൻ പള്ളികൾ പോലും എസെൻഷ്യൽ അല്ല എന്ന് 1994ലെ ഇസ്മായിൽ ഫാറൂഖി കേസിൽ സുപ്രീംകോടതി പരാമർശിച്ചിട്ടുണ്ടെന്നും അത്രയും വരുമോ ശിരോവസ്ത്രം എന്നുമാണ് എ.ജി ചോദിക്കുന്നത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസാണ് ഇസ്മായിൽ ഫാറൂഖി കേസ്. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് ബാബരി മസ്ജിദിന് സമീപത്തെ 67.703 ഏക്കർ ഭൂമി സർക്കാർ ഒരു ആക്റ്റിലൂടെ ഏറ്റെടുക്കുകയുണ്ടായി. Acquisition Of Certain Area At Ayodhya Act 1993 എന്ന പേരിലാണ് ഈ ആക്റ്റ് അറിയപ്പെടുന്നത്. ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കം രാജ്യത്തെ വിവിധ മത വിഭാഗങ്ങൾക്കിടയിലുള്ള സൗഹാർദത്തെ ഉലച്ചിട്ടുണ്ടെന്നും അതുകൊണ്ട് ക്രമസമാധാനം നിലനിർത്താനും മതസൗഹാർദം പ്രോ ത്സാഹിപ്പിക്കാനും രാജ്യത്തെ ജനങ്ങൾക്കിടയിൽ സാഹോദര്യം വളർത്താനും തർക്കസ്ഥലം ഏറ്റെടുക്കൽ അനിവാര്യമായിരിക്കുന്നുവെന്നുമാണ് 1993 ഏപ്രിൽ 3നു പുറപ്പെടുവിച്ച ഈ ആക്റ്റിൽ പറയുന്നത്. എന്നാൽ നൂറ്റാണ്ടുകളായി ആരാധന നിർവഹിച്ചുപോന്ന ഒരു മസ്ജിദിനെ ഒരു തർക്കഭൂമിയാക്കി കാണിച്ച് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്ത് ഡോ. ഇസ്മാഈൽ ഫാറൂഖി സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചിനെ സമീപിക്കുകയുണ്ടായി. ഈ കേസിന്റെ വിധിയിൽ ‘ഇസ്‌ലാം മതത്തിന്റെ നിർവഹണത്തിന് പള്ളികൾ അനിവാര്യ ഘടകങ്ങളല്ല, മുസ്‌ലിംകൾക്ക് നമസ്‌കാരം എവിടെവെച്ചും; തുറന്ന സ്ഥലത്തുപോലും നിർവഹിക്കാം’ എന്ന പരാമർശമുണ്ട്. ഒട്ടും ആലോചനയില്ലാത്ത, അനവധാനതയോടെയുള്ള ഒരു പ്രസ്താവനയാണിത്. ഈ പ്രസ്താവനയെയാണ് ഇപ്പോൾ എ.ജി. കൂട്ടുപിടിച്ചിരിക്കുന്നത്. പള്ളികൾ പോലും എസെൻഷ്യലല്ലെങ്കിൽ പിന്നെ എങ്ങനെ ശിരോവസ്ത്രം എസെൻഷ്യൽ ആകും എന്നാണ് ചോദ്യം.

ഈ പരാമർശത്തെ കോടതിയുടെ വിധിയിൽനിന്നും ഒഴിവാക്കിക്കിട്ടാൻ വേണ്ടി 2018ൽ സുന്നി വക്വ‌്ഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കാരണം ഈ പരാമർശം ചൂണ്ടിക്കാട്ടി രാജ്യത്തെ മറ്റെല്ലാ പള്ളികളും അനിവാര്യമല്ലെന്ന പ്രചാരണം സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുതുടങ്ങിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുകയും പ്രസ്തുത പരാമർശം ബാബരി മസ്ജിദ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണെന്നും മറ്റൊരു പള്ളിയെയും അത് ബാധിക്കില്ലെന്നും പറയുകയുണ്ടായി. അതുകൊണ്ടുതന്നെ പ്രസ്തുത പരാമർശം ഇപ്പോൾ നിയമപരമായി നിലനിൽക്കുന്നതല്ല. ദുർബലമാക്കപ്പെട്ട ഒരു പരാമർശത്തെയാണ് ശിരോവസ്ത്ര നിരോധനത്തിലേക്ക് എ.ജി വലിച്ചിഴക്കാൻ ശ്രമിച്ചത്.

അടുത്ത ലക്കത്തിൽ:

മതത്തിന്റെ അനിവാര്യതയും അനിവാര്യമായ മതാചാരവും