ലൈലതുൽ ക്വദ്ർ എന്ന പുണ്യരാവ്

അബൂമിസ്ഫർ

2023 ഏപ്രിൽ 08, 1444 റമദാൻ 17

മാനവരാശിയുടെ മോചനത്തിനായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ക്വുർആൻ റമദാൻ മാസത്തിലാണല്ലോ അവതരിപ്പിക്കപ്പെട്ടത്. സത്യത്തെയും അസത്യത്തെയും വിവേചിക്കുന്ന, മനുഷ്യകുലത്തെ ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന, ലോകത്തിനു മുന്നിൽ അത്ഭുതങ്ങളുടെ കലവറയായി ഇന്നും അവശേഷിക്കുന്ന ക്വുർആൻ, റമദാൻ മാസത്തിലാണ് മുഹമ്മദ് നബി(സ്വ)ക്ക് ജിബ്‌രീൽ എന്ന മലക്ക് മുഖേന അല്ലാഹു നൽകിയത്.അത് ക്വുർആൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:

“ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ’’(2:185).

മുഹമ്മദ് നബി(സ്വ)ക്ക് വ്യത്യസ്ത സന്ദർഭങ്ങളിലായി 23 വർഷം കൊണ്ടാണ് ക്വുർആനിന്റെ അവതരണം പൂർത്തിയായത്. എന്നാൽ ക്വുർആൻ നേരത്തെ തന്നെ അല്ലാഹുവിന്റെ പക്കൽ ലൗഹുൽ മഹ്ഫൂദിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് ഒരു പ്രത്യേക രാവിൽ ഒന്നാം ആകാശത്തേക്ക് അല്ലാഹു അതിനെ അവതരിപ്പിക്കുകയാണുണ്ടായത്. ആ രാവാണ് ലൈലതുൽ ക്വദ്ർ.

സൂറതുൽ ക്വദ്‌റിൽ നമുക്കിങ്ങനെ കാണാം: “തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) ലൈലതുൽ ക്വദ്‌റിൽ അഥവാ നിർണയത്തിന്റെ രാവിൽ അവതരിപ്പിച്ചിരിക്കുന്നു. ലൈലതുൽ ക്വദ്ർ എന്നാൽ എന്താണെന്ന് നിനക്കറിയാമോ?ലൈലത്തുൽ ക്വദ്ർ ആയിരം മാസത്തെക്കാൾ ഉത്തമമാണ്. മലക്കുകളും ജിബ്‌രീലും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങിവരും.പ്രഭാതോദയം വരെ അത് സമാധാനമത്രെ’’ (97:1-5).

ക്വുർആനിലെ മറ്റൊരു അധ്യായമായ ദുഖാനിൽ ഇപ്രകാരം കാണാം:

“ഹാമീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ് സത്യം.തീർച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും നാം മുന്നറിയിപ്പ് നൽകുന്നവനാകുന്നു.ആ രാത്രിയിൽ യുക്തിപൂർണമായ ഓരോ കാര്യവും വേർത്തിരിച്ചു വിവരിക്കപ്പെടുന്നു’’ (44:1-4).

മേൽസൂക്തങ്ങളിൽ പറയപ്പെട്ട രാവുകളെക്കുറിച്ച് പ്രാമാണിക ക്വുർആൻ വ്യാഖ്യാനങ്ങളിൽ വിശദീകരിക്കുന്നത് എപ്രകാരമാണെന്ന് നോക്കാം:

ഇബ്നുഅബ്ബാസ്(റ)വും മറ്റും പറയുന്നു: “അല്ലാഹു ക്വുർആനിനെ മുഴുവനായും ലൗഹുൽ മഹ്ഫൂദിൽ നിന്നും ഒന്നാം ആകാശത്തെ ബൈതുൽ ഇസ്സത്തിലേക്ക് അവതരിപ്പിച്ചു. പിന്നീട് ഓരോ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ 23 വർഷങ്ങളിലായി റസൂൽ(സ്വ)ക്ക് അതിനെ അവതരിപ്പിക്കുകയാണുണ്ടായത്. (തഫ്‌സീർ ഇബ്‌നുക്ഥീർ 97:1-5 ന്റെ വ്യാഖ്യാനത്തിൽ നിന്ന്).

എന്താണ് ലൈലത്തുൽ ക്വദ്ർ?

ലൈലതുൽ ക്വദ്‌റിന് എന്ത് അർഥമാണ് നൽകേണ്ടത് എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ‘ക്വദ്ർ’ എന്ന പദത്തിന് അറബി ഭാഷയിൽ ഇടുക്കം, ബഹുമാനം, മതിപ്പ്, വിധി തുടങ്ങിയ അർഥങ്ങളുണ്ട്. ഇവയിൽ ഏത് അർഥവും യോജിച്ചുവരാവുന്നതുമാണ്. ഹാഫിദ് ഇബ്‌നുഹജറുൽ അസ്‌ക്വലാനി ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽബാരിയിൽ ‘കിതാബു ഫദ്‌ലു ലൈലതിൽ ക്വദ്‌റി’ന്റെ പ്രാരംഭത്തിൽ ഇതു സംബന്ധമായി വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:

“ഈ രാവിലേക്ക് ചേർത്തു പറയുന്ന ക്വദ്ർ എന്ന പദത്തിന്റെ ഉദ്ദേശം എന്താണ് എന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. അവർ അല്ലാഹുവിനെ ബഹുമാനിക്കേണ്ടതു പ്രകാരം ബഹുമാനിച്ചില്ല (ക്വുർആൻ 6:91) എന്ന ആയത്തിൽ സൂചിപ്പിച്ച പോലെ തഅ്ദീം അഥവാ ബഹുമാനം എന്നാണ് ഒരു അർഥമെന്ന്പറയപ്പെട്ടിട്ടുണ്ട്. അതു പ്രകാരം ആ രാവ് ക്വുർആൻ അവതരിപ്പിക്കപ്പെടുക വഴി ആദരിക്കപ്പെട്ടുവെന്നോ അല്ലെങ്കിൽ മലക്കുകളുടെ സാന്നിധ്യംകൊണ്ടോ അനുഗ്രഹം, കാരുണ്യം, പാപമോചനം എന്നിവകൊണ്ടോ ബഹുമാനിക്കപ്പെട്ടു എന്നോ അർഥം കൽപിക്കാം.

സൂറതുത്ത്വലാക്വിലെ ഏഴാം വചനത്തിലെ ‘വമൻ ക്വദറ അലയ്ഹി രിസ്‌ക്വുഹു’ (ആരുടെയെങ്കിലും ഉപജീവനം ഇടുങ്ങിയ നിലയിലായെങ്കിൽ) എന്നതിലെ ‘ക്വദറ’യുടെ അർഥപ്രകാരം ‘ഇടുങ്ങിയത്’ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നും പറയപ്പെട്ടിട്ടുണ്ട്.ഈ രാവ് ഏതാണെന്ന് ഗോപ്യമാക്കപ്പെട്ടതുകൊണ്ടോ അല്ലെങ്കിൽ മലക്കുകളുടെ ആധിക്യം കൊണ്ട് ഭൂമി ഇടുങ്ങിയതായിത്തീരുന്നതുകൊണ്ടോ ആവാം ഈ അർഥം ഉദ്ദേശിക്കപ്പെടുന്നത്.

മറ്റൊരു അഭിപ്രായം ‘ക്വദ്ർ’ എന്ന പദത്തിലെ ദാലിന് സുകൂനിനു പകരം ഫത്ഹ് ആണ് എന്നുള്ളതാണ്. ഇതു പ്രകാരം ‘ക്വദാഅ്’ അഥവാ വിധി എന്ന അർഥമായിരിക്കും ലഭിക്കുക.നേരത്തെ ഉദ്ധരിച്ച സൂറതു ദുഃഖാനിലെ നാലാം വചനത്തിൽ പറയപ്പെട്ട പോലെ ‘ആ രാത്രിയിൽ യുക്തിപൂർണമായ ഓരോ കാര്യവും വേർത്തിരിച്ചു വിവരിക്കപ്പെടുന്നു’ എന്നതിൽനിന്നും ഇതേ ആശയമാണല്ലോ ലഭിക്കുന്നത്. ഇമാം നവവി ഈ അഭിപ്രായം കൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരം തുടങ്ങുന്നതു തന്നെ. അദ്ദേഹം പറയുന്നത് മേൽ വിവരിച്ച ആയത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പറയുന്നത് മലക്കുകൾ തീരുമാനങ്ങൾ എഴുതി വെക്കുന്നതിനാലാണ് ആ രാവിന് ലൈലതുൽ ക്വദ്ർ എന്ന് നാമകരണം ചെയ്തിരിക്കുന്നത് എന്നാണ്.അബ്ദുറസാഖ് മുതലായ ക്വുർആൻ വ്യാഖ്യതാക്കൾ മുജാഹിദ്, ഇക്‌രിമ, ഖത്താദ തുടങ്ങിയവരിൽനിന്ന് സ്വീകാര്യമായ നിലക്ക് ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്’’ (ഫത്ഹുൽ ബാരി).

സ്വഹീഹ് മുസ്‌ലിമിന്റെ വ്യാഖ്യാന ഗ്രന്ഥമായ അൽമിൻഹാജ് ഫീ ശറഹി സ്വഹീഹി മുസ്‌ലിമിൽ ഇമാം നവവി ഇപ്രകാരമാണ് വിശദീകരിച്ചു തുടങ്ങുന്നത്:

“ആ വർഷത്തിലെ ഭക്ഷണം, ആയുസ്സ്, തീരുമാനങ്ങൾ മുതലായവ മലക്കുകൾക്ക് കാണിക്കപ്പെടുന്ന ദിനമായതുകൊണ്ടാണ് ലൈലതുൽ ക്വദ്ർ എന്ന് നാമകരണം ചെയ്യപ്പെട്ടതെന്ന് പണ്ഡിതർ പറയുന്നു. ‘ആ രാത്രിയിൽ യുക്തിപൂർണമായ ഓരോ കാര്യവും വേർതിരിച്ചു വിവരിക്കപ്പെടുന്നു’ എന്നും’മലക്കുകളും ജിബ്‌രീലും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങിവരും’ എന്നും ക്വുർആൻ പറഞ്ഞു. അതിനർഥം ആ വർഷത്തിലെ കാര്യങ്ങൾ മലക്കുകൾക്ക് കാണിക്കപ്പെടുമെന്നും അവരുടെ ചുമതലകൾ ഇന്നവയാണെന്ന് നിർണയിക്കപ്പെടുമെന്നും ആയിത്തീരുന്നു. ഇതെല്ലാം അല്ലാഹുവിന്റെ മുൻ നിശ്ചയവും അറിവും വെച്ചുകൊണ്ടുതന്നെയാണ് സംഭവിക്കപ്പെടുന്നത്.ആ രാവ് ലോകാവസാനം വരെ നിലനിൽക്കുമെന്നും സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു’’(ശറഹു മുസ്‌ലിം).

ചുരുക്കത്തിൽ കാര്യങ്ങൾ നിർണയിക്കപ്പെടുന്ന രാവ്, അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും പാപമോചനവും അനുഗ്രഹങ്ങളുംകൊണ്ടും വിശുദ്ധ ക്വുർആനിന്റെ അവതരണംകൊണ്ടും ആദരിക്കപ്പെട്ട രാവ്, മലക്കുകളുടെ ആധിക്യംകൊണ്ട് ഭൂതലം ഇടുങ്ങുന്ന രാവ് തുടങ്ങിയ വിശേഷണങ്ങളെല്ലാം ലൈലതുൽ ക്വദ്‌റിന് അനുയോജ്യമായി വരുന്നു.

എന്നാണ് ലൈലതുൽ ക്വദ്ർ?

കൃത്യമായി ഇന്ന ദിവസമായിരിക്കും ഓരോ വർഷവും ലൈലതുൽ ക്വദ്ർ എന്ന് നിശ്ചയിക്കാൻ ഒരുമാർഗവുമില്ല. അക്കാര്യം വിശദമാക്കുന്ന ക്വുർആൻ വചനമോ സ്വീകാര്യമായ പ്രവാചക വചനമോ ഇല്ല എന്നതാണ് അതിനുകാരണം. എന്നാൽ അതേസമയം അതിനെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളുടെ സൂചനകൾ പ്രവാചകക് (സ്വ) നൽകിയിട്ടുണ്ട്. റമദാനിലെ അവസാനത്തെ പത്തിൽ ഒറ്റയായി വരുന്ന രാവുകളിൽ അതിനെ അന്വേഷിക്കുവാനാണ് പ്രവാചകൻ(സ്വ) നമ്മോട് നിർദേശിച്ചിട്ടുള്ളത്.

ആഇശ(റ)യിൽ നിന്നും ഉദ്ധരിക്കുന്നു. റസൂൽ(സ്വ) പറഞ്ഞു: “നിങ്ങൾ റമദാൻ അവസാനത്തെ പത്തിൽ ഒറ്റയായ രാവുകളിൽ ലൈലതുൽ ക്വദ്‌റിനെ അന്വേഷിക്കുക’’ (ബുഖാരി).

ഇബ്‌നു അബ്ബാസി(റ)ൽനിന്നും ഉദ്ധരിക്കുന്നു: “തീർച്ചയായും നബി(സ്വ) ഇപ്രകാരം പറഞ്ഞു: ‘നിങ്ങളതിനെ (ലൈലതുൽ ക്വദ്‌റിനെ) റമദാൻ അവസാനത്തെ പത്തിൽ തിരയുക.അതായത് ഒമ്പത് ബാക്കിയുള്ളപ്പോൾ, ഏഴു ബാക്കിയുള്ളപ്പോൾ, അഞ്ചു ബാക്കിയുള്ളപ്പോൾ’’ (ബുഖാരി).

ഒരിക്കൽ നബി(സ്വ) എന്നാണ് ലൈലതുൽ ക്വദ്‌റെന്ന് സ്വഹാബത്തിനെ പഠിപ്പിക്കാൻ തുനിഞ്ഞതായിരുന്നു.പക്ഷേ, പിന്നീട് അറിവ് മറക്കപ്പെടുകയും ഉയർത്തപ്പെടുകയു മാണുണ്ടായത്. ഇമാം ബുഖാരി ആ സംഭവം ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:

ഉബാദതുബ്‌നു സ്വാമിതി(റ)വിൽനിന്ന് ഉദ്ധരിക്കുന്നു: “ലൈലതുൽ ക്വദ്‌റിനെക്കുറിച്ച് ഞങ്ങളെ അറിയിക്കുവാൻ നബി (സ്വ) ഒരിക്കൽ പുറപ്പെട്ടു.അപ്പോൾ മുസ്‌ലിംകളിൽപെട്ട രണ്ടുപേർ തമ്മിൽ ശണ്ഠ കൂടുകയുണ്ടായി. നബി(സ്വ) പറഞ്ഞു: ‘ലൈലതുൽ ക്വദ്‌റിനെക്കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടി ഞാൻ പുറപ്പെട്ടു. അപ്പോൾ ഇന്നവനും ഇന്നവനും തമ്മിൽ ശണ്ഠ കൂടുകയുണ്ടായി. അങ്ങനെ ആ വിജ്ഞാനം ഉയർത്തപ്പെട്ടു. ഒരുപക്ഷേ, അതു നിങ്ങൾക്ക് ഗുണകരമായിരിക്കാം.അതുകൊണ്ട് നിങ്ങൾ അതിനെ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കുക’’ (ബുഖാരി).

മേൽ ഉദ്ധരിച്ച ഹദീസുകളിൽ നിന്നും റമദാനിന്റെ അവസാനത്തെ പത്തിലെ 25, 27, 29 രാവുകളിലാണ് അതുണ്ടാവുക എന്നാണ് വ്യക്തമാകുന്നത്. എന്നാൽ 21, 23 രാവുകളെ സൂചിപ്പിച്ചുകൊണ്ടുള്ള ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം മുസ്‌ലിം അദ്ദേഹത്തിന്റെ സ്വഹീഹിൽ ഇപ്രകാരം ഉദ്ധരിക്കുന്നു: അബൂസഈദിൽ ഖുദ്‌രി(റ)ൽനിന്ന് നിവേദനം: ‘അദ്ദേഹം പറഞ്ഞു: റമദാനിലെ ആദ്യത്തെ പത്തിൽ നബി(സ്വ) ഇഅ്തികാഫ് ഇരിക്കുകയുണ്ടായി. തുടർന്ന് നടുവിലെ പത്തിലും ഇഅ്തികാഫിരുന്നു. ഒരു(ചെറിയ) തുർക്കി ഖുബ്ബയിലായിരുന്നു അദ്ദേഹം.അതിന്റെ കവാടത്തിൽ ഒരു പായ ഉണ്ടായിരുന്നു.’അദ്ദേഹം (അബൂസഈദ്) പറഞ്ഞു: ‘അദ്ദേഹം (നബി) പായ കൈയിലെടുത്ത് ഖുബ്ബയുടെ ഒരു ഭാഗത്ത് കൊണ്ടുപോയി വെച്ചു.എന്നിട്ട് തല പുറത്തിട്ടുകൊണ്ട് ജനങ്ങളോട് സംസാരിച്ചു.ആളുകൾ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു.അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഈ രാവിനെ (ലൈലതുൽ ക്വദ്‌റിനെ) തേടിക്കൊണ്ടാണ് ഞാൻ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നത്. പിന്നീട് നടുവിലെ പത്തിലും ഇരുന്നു. പിന്നീട് അത് അവസാനത്തെ പത്തിലാണെന്ന് ഞാൻ അറിയിക്കപ്പെട്ടു. അതുകൊണ്ട് ആരെങ്കിലും എന്റെ കൂടെ ഇഅ്തികാഫ് ഇഷ്ടപ്പെടുന്നുവെങ്കിൽ അവർ ഇഅ്തികാഫ് ഇരുന്നുകൊള്ളട്ടെ.’ അങ്ങനെ ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ ഇഅ്തികാഫ് ഇരുന്നു. അദ്ദേഹം (നബി) പറഞ്ഞു: ‘എനിക്കത് ഒറ്റയായി വരുന്ന രാവായും അതിന്റെ പ്രഭാതത്തിൽ മഴ പെയ്തു വെള്ളത്തിലും ചെളിയിലും സുജൂദ് ചെയ്യു ന്നതുമായിട്ടാണ് കാണിക്കപ്പെട്ടത്.’ അങ്ങനെ ഇരുപത്തിയൊന്നാം രാവായി.

നബി(സ്വ) സ്വുബ്ഹി നമസ്‌കാരം നിർവഹിക്കാൻ ആരംഭിച്ചു.അപ്പോൾ മഴ പെയ്യുകയും പള്ളി ചോർന്നൊലിക്കുകയും ചെയ്തു. വെള്ളവും കളിമണ്ണും ഞാൻ കണ്ടു. സ്വുബ്ഹി നമസ്‌കാരത്തിൽനിന്നും അദ്ദേഹം വിരമിച്ചതിനു ശേഷം അദ്ദേഹം പുറത്തു വന്നു. അദ്ദേഹത്തിന്റെ നെറ്റിത്തടത്തിലും മൂക്കിന്മേലും മണ്ണും വെള്ളവും പറ്റിയിരുന്നു. ആ സംഭവം അവസാനത്തെ പത്തിലെ ഇരുപത്തിയൊന്നാം രാവിലായിരുന്നു’’(മുസ്‌ലിം).

ഇമാം മുസ്‌ലിം തന്നെ ഇതേ സംഭവം അബ്ദുല്ലാഹിബ്‌നു ഉനൈസി(റ)വിൽനിന്ന് ഉദ്ധരിക്കുന്നുണ്ട്. (ഹദീസ് നമ്പർ 1168).പ്രസ്തുത ഹദീസിൽ ഇരുപത്തിയൊന്നാം രാവ് എന്നതിനു പകരം ഇരുപത്തി മൂന്നാം രാവ് എന്നാണ് വന്നിട്ടുള്ളത്.

ചുരുക്കത്തിൽ ലൈലതുൽ ക്വദ്ർ എന്നാണെന്ന് നിർണയിക്കുവാൻ നമുക്ക് സാധ്യമല്ല.അവസാനത്തെ പത്തിലെ ഒറ്റയായി വരുന്ന രാവുകളിൽ അതിനെ പ്രതീക്ഷിക്കുക എന്ന പ്രാവചക നിർദേശത്തെ ഉൾക്കൊള്ളുകയല്ലാതെ മറ്റൊരു നിർവാഹവും നമ്മെ സംബന്ധിച്ചിടത്തോളം ഇല്ല.

27ാം രാവും ലൈലതുൽ ക്വദ്‌റും

ലൈലതുൽ ക്വദ്ർ റമദാനിലെ ഇരുപത്തിയേഴാം രാവിൽ തന്നെയാണ് എന്ന് വിശ്വസിച്ച് വരുന്ന അനേകം പേരുണ്ട്. യഥാർഥത്തിൽ പ്രവാചകനിൽനിന്നും അത്തരമൊരു അഭിപ്രായം സ്വീകാര്യയോഗ്യമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതേസമയം ഇമാം മുസ്‌ലിം അബൂഹുറയ്‌റ(റ)യിൽ നിന്നും ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:

“ഞങ്ങൾ പ്രവാചക സന്നിധിയിൽ ലൈലതുൽ ക്വദ്‌റിനെ അനുസ്മരിച്ചുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ചന്ദ്രൻ ഉദിക്കുമ്പോൾ അത് ഒരു കിണ്ണത്തിന്റെ പകുതി പോലെയാവുന്നത് നിങ്ങളിൽ ആരെങ്കിലും സ്മരിക്കുണ്ടോ?’’ (മുസ്‌ലിം).

ഈ ഹദീസിൽ പരാമർശിച്ച ചന്ദ്രന്റെ സവിശേഷതകൾ ഇരുപത്തി ഏഴാം രാവിനാണെന്ന് അബുൽ ഹസൻ അൽഫാരിസി അഭിപ്രായപ്പെട്ടതായി അസ്‌ക്വലാനി ഫത്ഹുൽ ബാരിയിൽ പറയുന്നുണ്ട്.അതേ സമയം ഈ സവിശേഷതകൾ 27നു മാത്രമല്ല, അവസാനത്തെ പത്തിലെ എല്ലാ രാവുകൾക്കും ഉണ്ടെന്നതാണ് വാസ്തവം.

അതുപോലെ സ്വഹീഹ് മുസ്‌ലിമിൽ തന്നെ മറ്റൊരു സംഭവം ഉദ്ധരിക്കുണ്ട്. ഉബയ്യിബ്‌നുകഅ്ബ്(റ) ലൈലതുൽ ക്വദ്ർ റമദാനിലെ അവസാനത്തെ പത്തിലെ ഇരുപത്തിയേഴാം രാവിലാണെന്ന് ആ ഹദീസിൽ പ്രസ്താവിക്കുന്നതായി കാണാം. എന്നാൽ ഏതടിസ്ഥാനത്തിലാണ് താങ്കൾ അങ്ങനെ പറയുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇപ്രകാരമാണ്: ‘പ്രവാചകൻ(സ്വ) പറഞ്ഞ അടയാളങ്ങൾ കൊണ്ട്. അഥവാ കൂടുതൽ പ്രകാശിതമല്ലാത്ത ചന്ദ്രൻ എന്ന അടയാളം.’ ഇവിടെ ലൈലതുൽ ക്വദ്ർ ഇരുപത്തിയേഴാം രാവിലാണ് എന്ന് പ്രവാചകൻ (സ്വ) പറഞ്ഞു എന്ന് ഉബയ്യ്(റ) പറയുന്നില്ല.മറിച്ച് അദ്ദേഹം പ്രസ്താവിച്ച അടയാളങ്ങൽ ആപേക്ഷികമാണ് താനും. അത് മറ്റു രാവുകൾക്കും ഉണ്ടാവാം. അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക എന്ന മഹത്തായ കാര്യമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ദിനങ്ങളിൽ നിർവഹിക്കാനുള്ളത്. ഈ രാവിന്റെ ക്ലിപ്തത ലഭ്യമാവാത്തത് മൂലം വിശ്വാസികൾക്ക് ദോഷങ്ങളെക്കാളും ഗുണങ്ങളാണുണ്ടാവുക എന്ന് പ്രവാചകൻ (സ്വ) വ്യക്തമാക്കിയത് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഒരു ദിവസം മാത്രം കൂടുതൽ സൽകർമങ്ങൾ ചെയ്യുന്നതിനു പകരം കൂടുതൽ സൽകർമങ്ങൾ കൂടുതൽ ദിനരാത്രങ്ങളിൽ നിർവഹിക്കുവാൻ അതു മൂലം സാധിക്കും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.